Saturday, December 26, 2009

കൊടുങ്കാറ്റില്‍പെട്ട ചാരം

സൂറത്തു ഇബ് റാഹീമിലെ ഏതാനും സൂക്തങ്ങള്‍ ഇവിടെ വിശദീകരണമില്ലാതെ നല്‍കുകയാണ്. ദൈവത്തെ നിഷേധിക്കുന്നവര്‍ക്ക് വേണ്ടിയല്ല. അവരുടെ പ്രവര്‍ത്തനങ്ങളെ ഖുര്‍ആന്‍ എങ്ങനെ വിലയിരുത്തുന്നു എന്ന് ദൈവവിശ്വാസികള്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടി മാത്രം. വായിക്കുക:

(18-20) തങ്ങളുടെ റബ്ബിനെ നിഷേധിച്ചവരുടെ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണം: അവര്‍ ഒരു പ്രളയനാളിലെ കൊടുങ്കാറ്റില്‍പെട്ട ചാരം പോലെയാകുന്നു. അവരുടെ കര്‍മങ്ങള്‍ അവര്‍ക്ക് ഒട്ടും ഉപകാരപ്പെടുകയില്ല. ഇതുതന്നെയാകുന്നു വിദൂരമായ വഴിതെറ്റല്‍. അല്ലാഹു ആകാശഭൂമികളുടെ സൃഷ്ടി യാഥാര്‍ഥ്യമായി നിലനിര്‍ത്തിയത് നിങ്ങള്‍ കാണുന്നില്ലേ? അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളെ പോക്കിക്കളയുകയും തല്‍സ്ഥാനത്ത് പുതിയൊരു സൃഷ്ടിയെ കൊണടുവരികയും ചെയ്യുന്നതാകുന്നു. അവ്വിധം പ്രവര്‍ത്തിക്കുക അവന് പ്രയാസകരമല്ല.

(21) ഈ ജനങ്ങള്‍ ഒന്നായി അല്ലാഹുവിന്റെ മുന്നില്‍ മറയില്ലാതെ വെളിപ്പെടുന്നു. അന്നേരം ഈ ലോകത്ത് ദുര്‍ബലരായിരുന്നവര്‍ വമ്പന്മാരായി ചമഞ്ഞവരോട് പറയും: 'ഇഹലോകത്ത് ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നുവല്ലോ. ഇപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് ഞങ്ങളെ രക്ഷിക്കാനെങ്കിലും നിങ്ങള്‍ക്ക് വല്ലതും ചെയ്യാനാകുമോ?' അവര്‍ പ്രതിവചിക്കും: 'അല്ലാഹു വല്ല രക്ഷാമാര്‍ഗവും ഞങ്ങള്‍ക്ക് കാണിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങളത് നിങ്ങള്‍ക്കു കാണിച്ചുതരുമായിരുന്നു. ഇപ്പോഴാകട്ടെ നാം വെപ്രാളംകൊണട് വിലപിച്ചാലും ക്ഷമിച്ചാലും തുല്യമാകുന്നു. ഏതു നിലക്കും നമുക്ക് രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗവുമില്ല.'

(22)വിധിപ്രസ്താവന കഴിയുമ്പോള്‍ ചെകുത്താന്‍ പറയും: 'യാഥാര്‍ഥ്യമിതാകുന്നു: അല്ലാഹു നല്‍കിയ വാഗ്ദാനങ്ങളൊക്കെയും സത്യമായി. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഞാനതു ലംഘിച്ചു. നിങ്ങളില്‍ എനിക്ക് യാതൊരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ വഴിയിലേക്ക് ക്ഷണിച്ചു. നിങ്ങള്‍ എന്റെ ക്ഷണം സ്വീകരിച്ചു. അതിനാല്‍ ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊളളുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. ഇതിനുമുമ്പ് നിങ്ങള്‍ എന്നെ ദിവ്യത്വത്തില്‍ പങ്കാളിയാക്കിയിരുന്നുവല്ലോ. എനിക്കതില്‍ യാതൊരുത്തരവാദിത്വവുമില്ല.' ഇത്തരം ധിക്കാരികള്‍ക്ക് നോവേറിയ ശിക്ഷ സുനിശ്ചിതമാകുന്നു.

(23-27) നേരെമറിച്ച് ഈ ലോകത്ത് സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവരോ, അവര്‍ കീഴ്വശങ്ങളിലൂടെ ആറുകളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുന്നതാകുന്നു. അവിടെ റബ്ബിന്റെ അനുമതിയോടെ അവര്‍ ശാശ്വതമായി വസിക്കും. അവരവിടെ സ്വാഗതം ചെയ്യപ്പെടുന്നത് സമാധാനാശംസകളോടെയായിരിക്കും. അല്ലാഹു പരിശുദ്ധവചനത്തെ എങ്ങനെ ഉദാഹരിച്ചിരിക്കുന്നുവെന്ന് നീ കണടിട്ടില്ലേ? പരിശുദ്ധ വചനം ഒരു വിശിഷ്ട വൃക്ഷം പോലെയാകുന്നു. അതിന്റെ മൂലം മണ്ണില്‍ ആഴത്തില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകളോ അംബരചുംബികളും. എല്ലാ കാലത്തും അത് റബ്ബിന്റെ കല്‍പനപ്രകാരം ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു ഈ ഉദാഹരണങ്ങള്‍ നല്‍കുന്നത് ജനം അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളേണ്ടതിനാകുന്നു. നീചവചനത്തിന്റെ ഉദാഹരണം, ഭൂമിയുടെ ഉപരിതലത്തില്‍നിന്നു പിഴുതെറിയപ്പെടുന്ന ക്ഷുദ്രവൃക്ഷത്തിന്റേതാകുന്നു. അതിന് യാതൊരു അടിയുറപ്പുമില്ല. സത്യവിശ്വാസം കൈക്കൊള്ളുന്നവര്‍ക്ക്, അല്ലാഹു സുസ്ഥിരമായ വചനത്തിന്റെ അടിസ്ഥാനത്തില്‍ ഇഹത്തിലും പരത്തിലും സ്ഥൈര്യം പ്രദാനം ചെയ്യുന്നു. അക്രമികളെയാണ് അവന്‍ വഴി തെറ്റിക്കുന്നത്. ഇച്ഛിക്കുന്നത് ചെയ്യുവാന്‍ അല്ലാഹുവിന് അധികാരമുണ്ട്.

3 comments:

  1. 'അല്ലാഹു ഈ ഉദാഹരണങ്ങള്‍ നല്‍കുന്നത് ജനം അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളേണടതിനാകുന്നു. നീചവചനത്തിന്റെ ഉദാഹരണം, ഭൂമിയുടെ ഉപരിതലത്തില്‍നിന്നു പിഴുതെറിയപ്പെടുന്ന ക്ഷുദ്രവൃക്ഷത്തിന്റേതാകുന്നു. അതിന് യാതൊരു അടിയുറപ്പുമില്ല. സത്യവിശ്വാസം കൈക്കൊള്ളുന്നവര്‍ക്ക്, അല്ലാഹു സുസ്ഥിരമായ വചനത്തിന്റെ അടിസ്ഥാനത്തില്‍ ഇഹത്തിലും പരത്തിലും സ്ഥൈര്യം പ്രദാനം ചെയ്യുന്നു.'

    ReplyDelete
  2. പരിശുദ്ധ വചനം ഒരു വിശിഷ്ട വൃക്ഷം പോലെയാകുന്നു. അതിന്റെ മൂലം മണ്ണില്‍ ആഴത്തില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകളോ അംബരചുംബികളും. എല്ലാ കാലത്തും അത് റബ്ബിന്റെ കല്‍പനപ്രകാരം ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു.

    അതായത്, ആ വചനം അങ്ങേയറ്റം ഉപകാരപ്രദവും ഫലപ്രദവുമാണ്. ഒരു വ്യക്തിയോ ഒരു ജനതയോ അതിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ ജീവിതവ്യവസ്ഥ കെട്ടിപ്പടുക്കുകയാണെങ്കില്‍ ഓരോ നിമിഷവും അതിന്റെ സദ്ഫലം ലഭിച്ചുകൊണ്ടിരിക്കും. അത് ചിന്തയില്‍ സ്ഫുടതയും പ്രകൃതിയില്‍ അവക്രതയും സ്വഭാവത്തില്‍ മിതത്വവും ധാര്‍മിക പരിശുദ്ധിയും ആത്മാവില്‍ സ്വഛതയും ശരീരത്തില്‍ വൃത്തിയും പെരുമാറ്റത്തില്‍ ആകര്‍ഷകത്വവും ഇടപാടുകളില്‍ വിശ്വസ്തതയും സംസാരത്തില്‍ സത്യസന്ധതയും തീരുമാനങ്ങളില്‍ സ്ഥൈര്യവും സംസര്‍ഗത്തില്‍ ലാളിത്യവും നാഗരികതയില്‍ സന്തുലിതത്വവും ജീവിത കാര്യങ്ങളില്‍ നീതിയും സമത്വവും രാഷ്ട്രീയത്തില്‍ മൂല്യബോധവും യുദ്ധത്തില്‍ മാന്യതയും സന്ധികളില്‍ ആത്മാര്‍ഥതയും ഉറപ്പും ഉണ്ടാക്കിത്തീര്‍ക്കുന്നു. അതൊരു രത്‌നമാണ്. അതിന്റെ സ്വാധീനം ശരിയാംവണ്ണം ഉള്‍ക്കൊള്ളുകയാണെങ്കില്‍ വെട്ടിത്തിളങ്ങും. (Thafheem)

    ReplyDelete
  3. സത്യവിശ്വാസം കൈക്കൊള്ളുന്നവര്‍ക്ക്, അല്ലാഹു സുസ്ഥിരമായ വചനത്തിന്റെ അടിസ്ഥാനത്തില്‍ ഇഹത്തിലും പരത്തിലും സ്ഥൈര്യം പ്രദാനം ചെയ്യുന്നു.

    അതായത്, ഈ വചനം മുഖേന അവന് ശക്തമായ ഒരു വീക്ഷണവും ഭദ്രമായ ഒരു ചിന്താരീതിയും സമഗ്രമായ ഒരു സിദ്ധാന്തവും ലഭിക്കുന്നു. എല്ലാ കുരുക്കുകളും അഴിക്കുവാനും എല്ലാ ബന്ധനങ്ങളും തുറക്കുവാനും സാധ്യമാവുന്ന ഒരു 'മാസ്റ്റര്‍ കീ' യുടെ നിലപാടാണിതിനുള്ളത്. അതുമുഖേന കാലവിപത്തുകള്‍ക്ക് ചഞ്ചലമാക്കാന്‍ കഴിയാത്ത വിധം ചര്യവ്യവസ്ഥാപിതവും സ്വഭാവം സുശക്തവുമായിത്തീരുന്നു. അത് ഒരു ഭാഗത്ത് മനസ്സമാധാനവും പക്വബുദ്ധിയും പ്രദാനം ചെയ്യുന്നു. മറുഭാഗത്ത് കര്‍മമാര്‍ഗത്തില്‍ നിന്നുള്ള വ്യതിചലനം, ആപത്തില്‍ അകപ്പെടല്‍, മനശ്ചാഞ്ചല്യം എന്നിവയില്‍നിന്ന് രക്ഷപ്പെടാന്‍ ഉപയുക്തമായ ഒരടിസ്ഥാനവും ജീവിതത്തിന് നല്‍കുന്നു. പിന്നീട് മരണത്തിന്റെ അതിര്‍ത്തി കടന്ന് പരലോകത്തില്‍ കാലെടുത്തുവെക്കുകയാണെങ്കില്‍ അവിടെ പരിഭ്രമമോ ദുഃഖമോ വിഭ്രാന്തിയോ നേരിടേണ്ടി വരികയില്ല. കാരണം, അവിടെ എല്ലാം അവന്റെ പ്രതീക്ഷകള്‍ക്ക് തികച്ചും അനുരൂപമായിരിക്കും. മുമ്പേ തന്നെ അതിലെ ചിട്ടകളും ചട്ടങ്ങളും പരിചയമുള്ളവനെപ്പോലെയാണവന്‍ അതില്‍ പ്രവേശിക്കുക. നേരത്തെ അറിഞ്ഞിട്ടില്ലാത്തതോ തയ്യാറെടുത്തു കഴിഞ്ഞിട്ടില്ലാത്തതോ ആയ ഒരു ഘട്ടത്തെയും അവന് അഭിമുഖീകരിക്കേണ്ടിവരികയില്ല. അതിനാല്‍ അവിടെ ഓരോ മേഖലകളും ഉറച്ച കാല്‍വെപ്പുകളോടെ കടന്നുപോവുന്നു. മരണത്തോടുകൂടി തന്റെ പ്രതീക്ഷകള്‍ക്ക് തികച്ചും വിരുദ്ധമായ ഒരു ചിത്രം പൊടുന്നനെ കാണേണ്ടി വരുന്ന സത്യനിഷേധിയുടെ അവസ്ഥക്ക് നേരെ വിപരീതമാണിത്. (Thafheem)

    ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...