Tuesday, December 29, 2009

ഖുര്‍ആന്‍ മനുഷ്യരാശിയുടെ മാര്‍ഗദര്‍ശി

ഖുര്‍ആന്‍ അഖില മനുഷ്യരാശിയുടെ മാര്‍ഗദര്‍ശനത്തിനായി വന്നതാണെന്ന അതിന്റെ അവകാശവാദം സുവിദിതമാണ്. എന്നാല്‍, അവതരണകാലഘട്ടത്തിലെ അറബികളോടാണ് ഏറിയകൂറും അതിന്റെ സംബോധനയെന്നത്രേ ഖുര്‍ആന്‍ വായിച്ചുനോക്കുന്ന ഒരാള്‍ക്ക് കാണാന്‍കഴിയുന്നത്. ചിലപ്പോഴൊക്കെ അത് മാനവകുലത്തെ പൊതുവായി ആഹ്വാനം ചെയ്യുന്നുവെങ്കിലും അറബികളുടെ അഭിരുചികളും ആചാരവിചാരങ്ങളുമായി, അറേബ്യയുടെ അന്തരീക്ഷവും ചരിത്രപശ്ചാത്തലവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ഖുര്‍ആന്റെ പ്രതിപാദനങ്ങളധികവും. ഇതൊക്കെ കാണുമ്പോള്‍ മനുഷ്യവര്‍ഗത്തിന് മാര്‍ഗദര്‍ശകമായി വന്ന ഒരു ഗ്രന്ഥത്തില്‍ ഇത്രയേറെ ആനുകാലികതയും ദേശീയ-സാമുദായികച്ചുവയും എന്തുകൊണ്ടാണെന്ന് വായനക്കാരന്‍ ചിന്തിച്ചുപോവുന്നു. പ്രശ്‌നത്തിന്റെ ശരിയായ സ്വഭാവം മനസ്സിലാകാത്തതിന്റെ ഫലമായി, ഖുര്‍ആന്‍ സമകാലികരായ അറബികളുടെ ഉദ്ധാരണാര്‍ഥം അവതരിപ്പിച്ചതാണെന്നും പിന്നീടതിനെ വലിച്ചുനീട്ടി മാനുഷ്യകത്തിന്റെ ശാശ്വത മാര്‍ഗദര്‍ശകഗ്രന്ഥമായി പ്രതിഷ്ഠിച്ചതായിരിക്കണമെന്നും അയാള്‍ സംശയിക്കാനിടവരുന്നു.

കേവലം വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്നവരുടെ കാര്യം ഇരിക്കട്ടെ; പ്രശ്‌നം യഥാര്‍ഥമായും മനസ്സിലാക്കാന്‍ ഉദ്ദേശിക്കുന്നവരോട് എനിക്ക് ഉപദേശിക്കാനുള്ളത്, ആദ്യമായി ഖുര്‍ആന്‍ ഒന്നുകൂടി വായിച്ചുനോക്കണമെന്നാണ്. അറബികള്‍ക്ക് പ്രത്യേകമെന്നോ സ്ഥലകാലപരിതഃസ്ഥിതികള്‍കൊണ്ട് പരിമിതമെന്നോ സത്യത്തില്‍ തോന്നാവുന്ന വല്ല ആദര്‍ശസിദ്ധാന്തവും ഖുര്‍ആന്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍, അങ്ങനെ വല്ല സദാചാരതത്ത്വമോ നിയമചട്ടമോ വിവരിച്ചിട്ടുണ്ടെങ്കില്‍ അതത് സ്ഥാനങ്ങളില്‍ അതെല്ലാം ഒന്ന് അടയാളപ്പെടുത്തട്ടെ.

ഒരു പ്രത്യേക ഭൂഭാഗത്തിലെയും കാലഘട്ടത്തിലെയും ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അവരുടെ ബഹുദൈവത്വപരമായ വിശ്വാസാചാരങ്ങളെ ഖണ്ഡിക്കുന്നുവെന്നതും, ന്യായസമര്‍ഥനത്തിന് അവര്‍ക്കു ചുറ്റിലുമുള്ള വസ്തുതകളവലംബിച്ചുകൊണ്ട് ഏകദൈവത്വത്തെ സ്ഥാപിക്കുന്നുവെന്നതും ഖുര്‍ആന്റെ സന്ദേശം കാലികമോ പ്രാദേശികമോ ആണെന്ന് വിധികല്പിക്കാന്‍ മതിയായ കാരണങ്ങളല്ല. പരിഗണനീയമായ വസ്തുത ഇതാണ്: ബഹുദൈവത്വഖണ്ഡനമായി ഖുര്‍ആന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അറേബ്യന്‍ മുശ്‌രിക്കുകളുടെയെന്നപോലെ ലോകത്തിലെ മറ്റേതു ബഹുദൈവത്വവിശ്വാസത്തിനും തുല്യനിലയില്‍ ബാധകമാകുന്നില്ലേ? അപ്രകാരംതന്നെ, ഏകദൈവത്വ സ്ഥാപനത്തിന് ഖുര്‍ആന്‍ സമര്‍പ്പിച്ച ന്യായങ്ങള്‍ സ്ഥലകാലപരമായ ചില്ലറ നീക്കുപോക്കുകളോടെ എല്ലാ കാലദേശങ്ങളിലും പ്രയോജനപ്രദമല്ലേ. 'അതെ' എന്നാണ് മറുപടിയെങ്കില്‍, ഒരു പ്രത്യേക കാലഘട്ടത്തില്‍ ഒരു പ്രത്യേക സമുദായെത്ത അഭിമുഖീകരിച്ച് ഉന്നീതമായി എന്നതുകൊണ്ടുമാത്രം ഒരു സാര്‍വലൗകികസന്ദേശത്തെ കാലികവും പ്രാദേശികവുമായി മുദ്രകുത്താന്‍ യാതൊരു ന്യായീകരണവുമില്ല. ആദ്യന്തം നിരപേക്ഷമായി (Abstract) ഉന്നയിക്കപ്പെട്ടതും ഏതെങ്കിലുമൊരു പരിതഃസ്ഥിതിയുമായി സംയോജിപ്പിക്കാതെ വിശദീകരിക്കപ്പെട്ടതുമായ യാതൊരു പ്രത്യയശാസ്ത്രവും ജീവിതവ്യവസ്ഥയും ചിന്താപ്രസ്ഥാനവും ഇന്നോളം ലോകത്തുണ്ടായിട്ടില്ലെന്നതാണ് പരമാര്‍ഥം. ഒന്നാമത്: അത്രമേല്‍ സമ്പൂര്‍ണമായ നിരപേക്ഷത സാധ്യമല്ല. സാധ്യമെങ്കില്‍തന്നെ, ആ രീതിയില്‍ ഉന്നീതമായ ആദര്‍ശസിദ്ധാന്തങ്ങള്‍ ഗ്രന്ഥത്താളുകളില്‍ അവശേഷിക്കുകയല്ലാതെ തലമുറകളുടെ ജീവിതത്തില്‍ അലിഞ്ഞുചേര്‍ന്ന് ഒരു പ്രായോഗിക ജീവിതവ്യവസ്ഥയായി രൂപംകൊള്ളുക തീരെ അസംഭവ്യവുമാണ്.

ചിന്താപരവും ധാര്‍മികവും നാഗരികവുമായ ഒരു പ്രസ്ഥാനത്തെ രാഷ്ട്രാന്തരീയ തലത്തില്‍ പ്രചരിപ്പിക്കുക ലക്ഷ്യമാണെങ്കില്‍ തുടക്കത്തില്‍തന്നെ അതിനെ തികച്ചും രാഷ്ട്രാന്തരീകരിക്കാന്‍ ശ്രമിച്ചുകൊള്ളണമെന്നില്ല. അത് ഫലപ്രദവുമല്ല എന്നതാണ് പരമാര്‍ഥം. മാനവജീവിത വ്യവസ്ഥിതിക്കടിസ്ഥാനമായി ആ പ്രസ്ഥാനം ഉന്നയിക്കുന്ന ആദര്‍ശസിദ്ധാന്തങ്ങളെയും മൗലികതത്ത്വങ്ങളെയും പ്രസ്ഥാനത്തിന്റെ ജന്മഭൂമിയില്‍തന്നെ പൂര്‍ണശക്തിയോടെ സമര്‍പ്പിക്കുകയാണ് യഥാര്‍ഥത്തിലേറ്റവും ശരിയായ മാര്‍ഗം. ആരുടെ ഭാഷയും ആചാര-വിചാരങ്ങളും സ്വഭാവചര്യകളുമായി പ്രസ്ഥാനനായകന്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നുവോ ആ ജനതയുടെ മനസ്സില്‍ അതിനെ കരുപ്പിടിപ്പിക്കുകയെന്നതാവണം അയാളുടെ പ്രഥമപ്രവര്‍ത്തനം. അങ്ങനെ തന്റെ സിദ്ധാന്തങ്ങള്‍ സ്വന്തം നാട്ടില്‍ പ്രാവര്‍ത്തികമാക്കുകയും തദടിസ്ഥാനത്തില്‍ ഒരു ജീവിതവ്യവസ്ഥ വിജയകരമായി കെട്ടിപ്പടുക്കുകയും ചെയ്യുകവഴി ലോകത്തിന്റെ മുമ്പില്‍ ഒരു മാതൃക സമര്‍പ്പിക്കുകയാണ് കരണീയമായിട്ടുള്ളത്. അപ്പോള്‍, അന്യരാജ്യങ്ങളും ജനങ്ങളും അങ്ങോട്ട് ശ്രദ്ധതിരിക്കുന്നതും ചിന്താശീലരായ ആളുകള്‍ മുന്നോട്ടുവന്ന് പ്രസ്ഥാനത്തെ മനസ്സിലാക്കാനും അവരവരുടെ നാടുകളില്‍ അതിനെ നടപ്പില്‍വരുത്താനും ശ്രമിക്കുന്നതുമാണ്.

ചുരുക്കത്തില്‍, ഒരു ചിന്താ-കര്‍മപദ്ധതി ആരംഭത്തില്‍ ഒരു പ്രത്യേകജനതയില്‍ സമര്‍പ്പിക്കപ്പെട്ടതും ന്യായസമര്‍ഥനശേഷി മുഴുക്കെ ആ ജനതയെ ബോധവാന്മാരാക്കാന്‍ നിയോഗിക്കപ്പെട്ടതും പ്രസ്തുത പദ്ധതി കേവലം സാമുദായികമോ ദേശീയമോ ആയിരുന്നുവെന്നതിന് തെളിവാകുന്നില്ല. ഒരു ദേശീയ-സാമുദായിക വ്യവസ്ഥയെ സാര്‍വദേശീയവും സാര്‍വജനീനവുമായ വ്യവസ്ഥയില്‍നിന്നും സാമയികമായ ഒരു വ്യവസ്ഥയെ ശാശ്വതസ്വഭാവമുള്ള ഒരു വ്യവസ്ഥയില്‍നിന്നും വേര്‍തിരിക്കുന്ന സവിശേഷതകള്‍ യഥാര്‍ഥത്തില്‍ ഇവയാണ്: ദേശീയ-സാമുദായികവ്യവസ്ഥ ഒരു ദേശത്തിന്റെയും സമുദായത്തിന്റെയും അഭ്യുന്നതിക്കുവേണ്ടി അവരുടെ പ്രത്യേക അവകാശതാല്‍പര്യങ്ങള്‍ക്കുവേണ്ടിയും ബാധിക്കുന്നു. ഇതര ജനസമുദായങ്ങളില്‍ പ്രാവര്‍ത്തികമാക്കാനരുതാത്ത ആദര്‍ശ-സിദ്ധാന്തങ്ങളെയായിരിക്കും അതു പ്രതിനിധാനം ചെയ്യുന്നത്. ഇതിന് വിപരീതമായി, സാര്‍വദേശീയ വ്യവസ്ഥ എല്ലാ മനുഷ്യര്‍ക്കും തുല്യപദവിയും തുല്യാവകാശങ്ങളും വാഗ്ദാനം ചെയ്യുകയും അതിന്റെ ആദര്‍ശ-സിദ്ധാന്തങ്ങളില്‍ സാര്‍വലൗകികത ഉള്‍കൊളളുകയും ചെയ്യുന്നു. അപ്രകാരംതന്നെ, കാലികമായ ഒരു വ്യവസ്ഥ അനിവാര്യമായും കാലത്തിന്റെ ചില തകിടംമറിച്ചിലുകള്‍ക്കും ശേഷം തികച്ചും അപ്രായോഗികമായിത്തീരുന്ന ആദര്‍ശ-സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമായിരിക്കും. എന്നാല്‍, മാറിക്കൊണ്ടിരിക്കുന്ന എല്ലാ പരിതോവസ്ഥകള്‍ക്കും അനുയോജ്യമായിരിക്കും, ഒരു ശാശ്വതിക വ്യവസ്ഥയുടെ സിദ്ധാന്തങ്ങള്‍. ഈ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഖുര്‍ആന്‍ ഒരാവൃത്തി വായിച്ചുനോക്കുക; എന്നിട്ട് അതുന്നയിച്ച ജീവിതവ്യവസ്ഥ കാലികമോ ദേശീയമോ സാമുദായികമോ ആണെന്ന സങ്കല്പത്തിന് വാസ്തവികമായ വല്ല അടിസ്ഥാനവും കണ്ടെത്താന്‍ കഴിയുമോ എന്ന് ശ്രദ്ധാപൂര്‍വം ഒന്ന് ശ്രമിച്ചുനോക്കുക! (മൗലാനാ മൗദൂദിയുടെ ഖുര്‍ആന്‍ പഠനത്തിനൊരു മുഖവുരയില്‍നിന്ന്)

8 comments:

 1. 'ഈ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഖുര്‍ആന്‍ ഒരാവൃത്തി വായിച്ചുനോക്കുക; എന്നിട്ട് അതുന്നയിച്ച ജീവിതവ്യവസ്ഥ കാലികമോ ദേശീയമോ സാമുദായികമോ ആണെന്ന സങ്കല്പത്തിന് വാസ്തവികമായ വല്ല അടിസ്ഥാനവും കണ്ടെത്താന്‍ കഴിയുമോ എന്ന് ശ്രദ്ധാപൂര്‍വം ഒന്ന് ശ്രമിച്ചുനോക്കുക!'

  ബ്ലോഗിലൊക്കെ ഒന്നോടിച്ച് നോക്കി വലിയ ഖുര്‍ആന്‍ വിമര്‍ശകരാരെങ്കിലും അപ്രകാരം കണ്ടെത്തിയിട്ടുണ്ടോ എന്നറിയാന്‍. ഫലം നാസ്തി. ഉണ്ടെങ്കില്‍ ചര്‍ചതുടരാം.

  ReplyDelete
 2. 'ഈ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഖുര്‍ആന്‍ ഒരാവൃത്തി വായിച്ചുനോക്കുക; എന്നിട്ട് അതുന്നയിച്ച ജീവിതവ്യവസ്ഥ കാലികമോ ദേശീയമോ സാമുദായികമോ ആണെന്ന സങ്കല്പത്തിന് വാസ്തവികമായ വല്ല അടിസ്ഥാനവും കണ്ടെത്താന്‍ കഴിയുമോ എന്ന് ശ്രദ്ധാപൂര്‍വം ഒന്ന് ശ്രമിച്ചുനോക്കുക!'

  എല്ലാവരും ഇതു തന്നെയല്ലെ പറയുന്നത്?
  ഭാഷാ പ്രയോഗങ്ങളില്‍ മാത്രം വ്യത്യാസം ഉണ്ടാവാം എന്നു മാത്രം.

  ഒരു പ്രത്യേക വിഭാഗം ജനതയെ അഡ്രസ്സ് ചെയ്ത് രചിക്കപ്പെട്ട വരികളാണെന്ന് ഒരുപാടൊന്നു വായിക്കാതെ തന്നെ മനസ്സിലാക്കാവുന്നതേ ഉള്ളൂ. അതാവട്ടെ ഒരു ട്രൂ സാമ്പിള്‍ പോപ്പുലേഷന്‍ അല്ല എന്നതിലാണ് പരാജയപ്പെടുന്നത്.

  ReplyDelete
 3. തനിയെ തുഞ്ചത്തെഴുത്തച്ഛന്‍ എഴുതിയ അദ്ധ്യാത്മരാമായണത്തോളം വരുമോ ഒരു സമൂഹം വായ്മൊഴിയായി കുറെകാലം പാടിനടന്ന് പിന്നെ അല്ലാഹുവിന്റെ കിളിച്ചൊല്ലൊകളായി എഴുതിവെച്ച് മാലോകരെ മരമാക്കുന്ന ഈ അത്ഭുത ഗ്രന്ഥം. :)


  ഖുര്‍ആന്‍ സമര്‍പ്പിച്ച ന്യായങ്ങള്‍ സ്ഥലകാലപരമായചില്ലറ നീക്കുപോക്കുകളോടെ എല്ലാ കാലദേശങ്ങളിലും പ്രയോജനപ്രദമല്ലേ.

  അങ്ങ്, മൊത്തമായിട്ട് തന്നെ നീക്കുപോക്കായിക്കൂടെ. നാണമില്ലാടേ,,, പിന്നെയെന്തോന്നാടേ ഈ ദൈവം എന്ന് പറയുന്ന സാധനം.

  ReplyDelete
 4. അതേ.
  ജനങ്ങളേ... എന്ന് അഭിസംബോധന ചെയ്ത ഈ ഗ്രന്ഥം എല്ലാ കാലത്തേകുമുള്ളത് തന്നെ.

  ReplyDelete
 5. നേരന്റെ മാന്യതയില്ലാത്ത കമന്റിന് ഞാന്‍ മറുപടി പറയുന്നില്ല. നേരന്റെ നേര് കാണണമെങ്കില്‍ ഇവിടെ ക്ലിക് ചെയ്താല്‍ മതി.

  ReplyDelete
 6. 'എല്ലാവരും ഇതു തന്നെയല്ലെ പറയുന്നത്?
  ഭാഷാ പ്രയോഗങ്ങളില്‍ മാത്രം വ്യത്യാസം ഉണ്ടാവാം എന്നു മാത്രം.'

  പ്രയ അനില്‍@ബ്ലോഗ്

  എല്ലാവരും ഇതുപറയുന്നുണ്ടോ ഇല്ലേ എന്നത് വസ്തുതയെ വസ്തുതയല്ലാതാക്കുന്നില്ല. താങ്കള്‍ ഖുര്‍ആന്‍ വായിച്ചിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഉണ്ടെങ്കില്‍ തന്നെ അവിടുന്നും ഇവിടുന്നുമായി ചിലപ്രത്യേക ഉദ്ദേശ്യം വെച്ച് വായിച്ചിരിക്കും. അധികമൊന്നും വായിക്കണമെന്നില്ല ഖുര്‍ആന്‍ ആദ്യമായി മനുഷ്യരേ എന്നാണ് അഭിസംബോധന ചെയ്യുന്നതെന്ന് മനസ്സിലാക്കാന്‍. രണ്ടാം അധ്യായം 21 ാം സൂക്തം വരെ വായിച്ചാല്‍ മതി. അതില്‍ താങ്കളും ഞാനും പെടുമോ എന്നാണ് ചിന്തിക്കേണ്ടത്. പ്രിയ അനില്‍ കണ്ണുതുറന്നുപിടിക്കുക. ഖുര്‍ആനിന്റെ സാധിച്ച വിപ്ലവത്തിന് തുല്യതയില്ല. ആ ശൈലിയോ അതിന്റെ സമീപനമോ പരാജയമായിരുന്നു എന്ന് പറയണമെങ്കില്‍ ഇസ്്‌ലാമിക ചരിത്രത്തെക്കുറിച്ചുള്ള സഹതാര്‍പമായ അജ്ഞതയാവശ്യമാണ്. ഇങ്ങനെ മറ്റേതെങ്കിലും ഒരു ഗ്രന്ഥം മുന്നില്‍ വെച്ച് പറയാനാവും എന്ന് കരുതുന്നില്ല.

  ReplyDelete
 7. 'ജനങ്ങളേ... എന്ന് അഭിസംബോധന ചെയ്ത ഈ ഗ്രന്ഥം എല്ലാ കാലത്തേകുമുള്ളത് തന്നെ.'

  പ്രിയ അരീകോടന്‍ മാഷ്

  അതെ താങ്കള്‍ പറഞ്ഞത് സത്യം, കാലം തെളിയിച്ച സത്യം. കണ്ണുള്ളവരെല്ലാം കണ്ട സത്യം.

  ReplyDelete
 8. ഖുര്‍ആന്‍ പരിഭാഷ മലയാളം Visit http://www.hudainfo.com/Translation.asp

  വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ ഓഡിയോ സൌജന്യ ഡൌണ്‍ലോഡ് - http://www.hudainfo.com/QuranMP3.htm

  ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...