ഖുര്ആന് ഒരു സമഗ്രജീവിത ദര്‍ശനമാണ് അവതരിപ്പിക്കുന്നത്. സാമ്പത്തിക-സാമൂഹിക-സാംസാകാരിക-ധാര്‍മിക നിയമങ്ങള്‍ക്ക് പുറമെ മനുഷ്യന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട രാഷ്ട്രനിയമങ്ങളും ക്രിമിനല്‍ നിയമങ്ങളും അത് നല്‍കിയിരിക്കുന്നു. അതോടൊപ്പം മനസ്സിലാക്കേണ്ട സംഗതി ലോകവസാനം വരെ ഉണ്ടാകാനിടയുള്ള മുഴുവന്‍ കാര്യങ്ങള്‍ക്കും നേരത്തെത്തന്നെ വിശദാംശങ്ങളോടെ നിയമം നിര്‍മിക്കപ്പെട്ടിട്ടില്ല എന്നതാണ്. വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ സച്ചരിതരായ പ്രവാചക ശിഷ്യരുടെയും മാതൃകയുള്‍കൊണ്ട് പണ്ഡിതന്‍മാര്‍ക്ക് നിയമം ആവിഷ്‌കരിക്കാവുന്നതാണ്. ഇത് കേവലം യുക്തിയുടെ പിന്‍ബലത്തിലല്ലാത്തതിനാല്‍ എങ്കില്‍ പിന്നെ എന്തിന് കാലഹരണപ്പെട്ട ഖുര്‍ആന്‍ എന്ന് ചോദിക്കുന്നത് അജ്ഞത മാത്രമാണ് സൂചിപ്പിക്കുന്നത്. ഖുര്‍ആന്‍ നല്‍കിയ നിയമങ്ങളില്‍ ദീക്ഷിച്ച അടിസ്ഥാന മൂല്യങ്ങളും നടപടിക്രമങ്ങളും പണ്ഡിതന്‍മാര്‍ ക്രോഡീകരിച്ചിട്ടുണ്ട്. അതനുസരിച്ചായിരിക്കും പുതിയ നിയമങ്ങള്‍ നിര്‍മിക്കുക. ഖുര്‍ആന്‍ നല്‍കിയ ക്രിമിനല്‍ നിയമങ്ങളില്‍ ഏറ്റവും യുക്തിഭദ്രമായ നിയമമത്രേ പ്രതിക്രിയാനിയമം. യുക്തിവാദികള്‍ അതില്‍ തന്നെ പിടികൂടി ഇസ്്‌ലാമിനെ അവഹേളിക്കുന്നതിന്റെ സാമ്പിള്‍ ഈ പോസ്റ്റിന്റെ അവസാനത്തില്‍ ചേര്‍ത്തത് വായിക്കുക. അതിന് മുമ്പ് ആ വിഷയം സൂചിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തവും അതിന് ആധുനിക ഇസ്ലാം ചിന്തകനും ലോകപണ്ഡിതനുമായ മൗലാനാ മൗദൂദി നല്‍കിയ വ്യാഖ്യാനവും നല്‍കുന്നു. മൗദൂദി ഈ ആയത്തിന് വിശദീകരണം നല്‍കാതെ രക്ഷപ്പെട്ടിരിക്കുന്നു എന്ന ആരോപണമുന്നയിച്ചത് കൊണ്ടാണ് അത് ഇവിടെ മുഴുവനായി ചേര്‍ക്കേണ്ടിവന്നത്. നമ്പറിട്ട് നല്‍കിയിരിക്കുന്നത് മൗദൂദിയുടെ വ്യാഖ്യാനക്കുറിപ്പുകള്‍.
'വിശ്വാസികളേ, നിങ്ങള്‍ക്കായി കൊലപാതകങ്ങളില്‍ പ്രതിക്രിയാനിയമം176 രേഖപ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്രനായ മനുഷ്യന്‍ കൊലക്കുറ്റം ചെയ്താല്‍ ആ സ്വതന്ത്രനോടുതന്നെ പ്രതിക്രിയ ചെയ്യേണ്ടതാകുന്നു. അടിമയാണ് കൊലയാളിയെങ്കില്‍ ആ അടിമതന്നെ കൊല്ലപ്പെടേണ്ടതാകുന്നു. സ്ത്രീയാണ് കുറ്റം ചെയ്യുന്നതെങ്കില്‍ ആ സ്ത്രീയോടുതന്നെ പ്രതിക്രിയ ചെയ്യണം.177 എന്നാല്‍ ഒരു കൊലയാളിയോട് അയാളുടെ സഹോദരന്‍ ദയ കാണിക്കാന്‍ തയാറായാല്‍,178 അപ്പോള്‍ ന്യായമായ നഷ്ടപരിഹാരത്തിന്മേല്‍ ഒത്തുതീരേണ്ടതാകുന്നു. കൊലയാളി നല്ല നിലയില്‍ ആ നഷ്ടപരിഹാരം നല്‍കേണ്ടതുമാകുന്നു.179 നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ഒരു ഇളവും അനുഗ്രഹവുമാണിത്. എന്നിട്ടും വല്ലവനും അതിക്രമം കാണിക്കുകയാണെങ്കില്‍180 അവനു നോവുന്ന ശിക്ഷയുണ്ട്. ബുദ്ധിയും ബോധവുമുള്ളവരേ, പ്രതിക്രിയാനിയമത്തില്‍ നിങ്ങള്‍ക്ക് ജീവിതമാണുള്ളത്.181 ഈ നിയമത്തിന്റെ ലംഘനം നിങ്ങള്‍ സൂക്ഷിക്കുമെന്നു പ്രതീക്ഷിക്കട്ടെ.' (2:178,179)176. ഖിസാസ്: വധത്തിനുള്ള പ്രതിക്രിയ. അതായത്, ഒരുവന്‍ അപരനോട് ചെയ്തത് അവനോടും ചെയ്യുക എന്നാല്‍ ഘാതകന്‍ ഏതുവിധത്തില്‍ മറ്റൊരുവനെ കൊന്നുവോ അതേവിധത്തില്‍ ഘാതകനെയും കൊല്ലണമെന്ന് അതിനര്‍ഥമില്ല. പ്രത്യുത, ഒരാളുടെ ജീവന്‍ നഷ്ടപ്പെടുത്തിയതിന് പകരം ഘാതകന്റെ ജീവനും നഷ്ടപ്പെടുത്തണമെന്നേ അതുകൊണ്ടുദ്ദേശിക്കുന്നുള്ളൂ.
177. ഒരു സമുദായത്തിലെയോ ഗോത്രത്തിലെയോ ആളുകള്‍ തങ്ങളില്‍ നിന്ന് വധിക്കപ്പെട്ട ആളുടെ ജീവന് എത്ര വിലമതിച്ചിരുന്നുവോ അതേ വിലയ്ക്കുള്ള ജീവന്‍ ഘാതകന്റെ സമുദായത്തില്‍നിന്നോ ഗോത്രത്തില്‍നിന്നോ ഹനിക്കുക എന്ന സമ്പ്രദായമാണ് അനിസ്‌ലാമിക കാലത്ത് നടപ്പുണ്ടായിരുന്നത്. വധിക്കപ്പെട്ടവന് പകരം ഘാതകനെ മാത്രം കൊല്ലുന്നതുകൊണ്ട് അവരുടെ രോഷം അടങ്ങിയിരുന്നില്ല. ഒരാള്‍ക്ക് പകരം പത്തോ നൂറോ ആളുകളോട് പ്രതികാരം ചെയ്യുവാന്‍ അവര്‍ മുതിര്‍ന്നിരുന്നു. തങ്ങളുടെ കക്ഷിയിലെ ഒരുന്നത വ്യക്തി മറുവിഭാഗത്തിലെ ഒരു സാധാരണക്കാരന്റെ കൈയാല്‍ വധിക്കപ്പെടുന്നപക്ഷം ഘാതകനെ വധിക്കുന്നതുകൊണ്ട് അവര്‍ തൃപ്തിയടഞ്ഞിരുന്നില്ല. പ്രത്യുത, വധിക്കപ്പെട്ടവന്ന് പകരമായി ഘാതകന്റെ ഗോത്രത്തിലെ അതുപോലുള്ളൊരു ഉന്നത വ്യക്തി വധിക്കപ്പെടണമെന്നോ അല്ലെങ്കില്‍ കുറെ വ്യക്തികള്‍ വധിക്കപ്പെടണമെന്നോ ആയിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്. ഇനി, വധിക്കപ്പെട്ടവന്‍ അവരുടെ ദൃഷ്ടിയില്‍ നിസ്സാരനും ഘാതകന്‍ വലിയ സ്ഥാനമാനങ്ങളുള്ളവനുമാണെങ്കില്‍ വധിക്കപ്പെട്ടവന്ന് പകരം ആ ഘാതകനെ കൊല്ലുന്നതവര്‍ക്ക് അസഹ്യമായിരുന്നു. ഇത് പഴയ 'ജാഹിലിയ്യാ' കാലത്ത് മാത്രം നടപ്പുണ്ടായിരുന്ന അവസ്ഥയല്ല. ഇക്കാലത്ത് ഏറ്റവും പരിഷ്‌കൃതരെന്ന് ഗണിക്കപ്പെടുന്ന ചില രാഷ്ട്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളില്‍പോലും ചിലപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്; 'ഞങ്ങളില്‍ ഒരു വ്യക്തി വധിക്കപ്പെടുന്നപക്ഷം ഘാതകന്റെ സമുദായത്തിലെ അമ്പതു വ്യക്തികളെ ഞങ്ങള്‍ കൊല്ലു'മെന്ന്. ഒരു വ്യക്തിയെ കൊന്നതിന് ഘാതകന്റെ സമുദായത്തിലെ ഇത്ര തടവുകാരെ വെടിവെച്ചു കൊന്നുവെന്ന് പലപ്പോഴും കേള്‍ക്കാം. ഒരു 'പരിഷ്‌കൃത' ജനത ഈ ഇരുപതാം നൂറ്റാണ്ടില്‍ തങ്ങളുടെ ഒരു വ്യക്തിയെ
(സര്‍, ലീസ്‌റ്റേക്ക്) വധിച്ചതിന് പകരം ഈജിപ്ഷ്യന്‍ ജനതയോടാകമാനം പ്രതികാരം ചെയ്യുകയുണ്ടായി. മറുവശത്ത് ഘാതകന്‍, ഭരണകര്‍ത്താക്കളുടെയും വധിക്കപ്പെട്ടവന്‍, ഭരണീയരുടെയും സമുദായത്തില്‍ പെട്ടവരാണെങ്കില്‍ വധശിക്ഷ വിധിക്കാതെ ഒഴിഞ്ഞുമാറുകയെന്ന നയം ഇന്നത്തെ നാമമാത്ര പരിഷ്‌കൃത രാഷ്ട്രങ്ങളിലെ കോടതികള്‍ പോലും അനുവര്‍ത്തിച്ചുവരാറുണ്ട്. ഈ തകരാറുകളുടെ പഴുതടച്ചുകളയാനുള്ള വിധിയാണ് ഈ വാക്യത്തില്‍ അല്ലാഹു നല്‍കിയിരിക്കുന്നത്. അവന്‍ അരുള്‍ ചെയ്യുന്നു: 'കൊന്നവനാര്, കൊല്ലപ്പെട്ടവനാര് എന്ന് പരിഗണിക്കാതെ കൊല്ലപ്പെട്ടവന് പകരം കൊന്നവനെ മാത്രം വധിക്കേണ്ടതാണ്.'
178. 'സഹോദരന്‍' എന്ന പദം പ്രയോഗിച്ചതില്‍ വിട്ടുവീഴ്ച ചെയ്യുന്നതിനുള്ള പരോക്ഷമായ ഒരു ശുപാര്‍ശയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതായത്, ഘാതകനോട് നിങ്ങള്‍ക്ക് പിതാവിനെ കൊന്നവനോടെന്നപോലുള്ള അമര്‍ഷവും വെറുപ്പും ഉണ്ടായിരുന്നാലും മനുഷ്യരെന്ന നിലക്ക് നിങ്ങള്‍ സഹോദരങ്ങളാണ്. അതിനാല്‍, അപരാധിയായ സഹോദരന്റെ നേര്‍ക്കുള്ള പ്രതികാര വികാരം അടക്കിവെക്കുകയാണ് മനുഷ്യത്വത്തിന് കൂടുതല്‍ അനുയോജ്യം. ഈ വാക്യത്തില്‍നിന്ന് മറ്റൊരു സംഗതികൂടി മനസ്സിലാകുന്നുണ്ട്: ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങളില്‍ കൊലപാതകക്കേസുപോലും ഒത്തുതീരാവുന്നതാണ്. ഘാതകന് മാപ്പുനല്‍കാന്‍ വധിക്കപ്പെട്ടവന്റെ പിന്‍ഗാമികള്‍ക്ക് അവകാശമുണ്ട്. അവര്‍ മാപ്പു ചെയ്താല്‍ ഘാതകനെ വധിക്കണമെന്ന് ശഠിക്കാന്‍ കോടതിക്കനുവാദമില്ല. എന്നാല്‍ താഴെ വാക്യത്തില്‍ വിവരിക്കുന്നതുപോലെ വധിക്കപ്പെട്ടവന്റെ അവകാശികള്‍ മാപ്പു ചെയ്യുന്നപക്ഷം ഘാതകന്‍ അവര്‍ക്ക് പ്രായശ്ചിത്തം നല്‍കേണ്ടതുണ്ട്.
179. ന്യായം എന്നര്‍ഥം കൊടുത്ത മഅ്‌റൂഫ് എന്ന വാക്ക് ഖുര്‍ആനില്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യന് പൊതുവെ പരിചയമുള്ള ശരിയായ കര്‍മനയമാണ് അതുെകാണ്ടുള്ള വിവക്ഷ. തന്റെ വ്യക്തിപരമായ താല്‍പര്യം ഏതെങ്കിലും പ്രത്യേക വശത്തിലൂടെ അതുമായി ബന്ധപ്പെട്ടിട്ടില്ലാത്ത ഏതൊരാളും അതാണ് സത്യമെന്നും നീതിയെന്നും ഉചിതമായ കര്‍മനയമെന്നും സമ്മതിച്ചു പറയുന്നതാണ്. പൊതു സമ്പ്രദായ(Common Law)ത്തിനും ഇസ്‌ലാമിന്റെ സാങ്കേതികഭാഷയില്‍ ഉര്‍ഫ്, മഅ്‌റൂഫ് എന്നിങ്ങനെ പറയാറുണ്ട്. ശരീഅത്ത് പ്രത്യേക വ്യവസ്ഥ നിശ്ചയിച്ചിട്ടില്ലാത്ത എല്ലാ വിഷയങ്ങളിലും അത് പരിഗണനീയവുമാണ്.
180. ഉദാഹരണമായി, വധിക്കപ്പെട്ടവന്റെ അവകാശികള്‍ പിഴ വസൂലാക്കിയതിന് ശേഷം വീണ്ടും പ്രതികാരത്തിന് ശ്രമിക്കുക; അല്ലെങ്കില്‍ ഘാതകന്‍ പിഴ അടക്കുന്നതില്‍ വൈമനസ്യം കാണിക്കുകയും വധിക്കപ്പെട്ടവന്റെ അവകാശികള്‍ തന്നോട് കാണിച്ച ഔദാര്യത്തിന് നന്ദികേട് കാണിക്കുകയും ചെയ്യുക.
181. ഇത് മറ്റൊരു ജാഹിലിയ്യാ സമ്പ്രദായത്തിന്റെ ഖണ്ഡനമാണ്. മുമ്പെന്നപോലെ ഇന്നും എത്രയോ മസ്തിഷ്‌കങ്ങളില്‍ അത് സ്ഥലംപിടിച്ചതായി കാണപ്പെടുന്നുണ്ട്. 'ജാഹിലിയ്യാ'ക്കളില്‍ ഒരു വിഭാഗം പ്രതികാര നടപടിയില്‍ അതിര്‍കവിഞ്ഞിരുന്നതുപോലെ മറ്റൊരു വിഭാഗം വിട്ടുവീഴ്ചയുടെ വശത്തിലും അതിര്‍കവിഞ്ഞിരുന്നു. അവര്‍ വധശിക്ഷക്കെതിരായി നടത്തിയ പ്രചാരവേലയുടെ ഫലമായി വെറുക്കപ്പെടേണ്ട ഒരു ദുഷ്‌കൃത്യമാണതെന്ന് വളരെ പേര്‍ ധരിച്ചു തുടങ്ങി; ലോകത്ത് എത്രയോ രാഷ്ട്രങ്ങള്‍ വധശിക്ഷാ നിയമം റദ്ദ് ചെയ്തു. അതിെനക്കുറിച്ചാണ് ബുദ്ധിയും വിവേകവുമുള്ളവരെ അഭിസംബോധനചെയ്തുകൊണ്ട് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നത്, പ്രതിക്രിയാ നിയമത്തില്‍ സമൂഹത്തിന്റെ ജീവിതമാണ് നിലകൊള്ളുന്നതെന്ന് മനുഷ്യജീവനെ മാനിക്കാത്തവരുടെ ജീവനെ മാനിക്കുന്ന സമൂഹം തങ്ങളുടെ മടിത്തട്ടില്‍ സര്‍പ്പത്തെ വളര്‍ത്തുകയാണ്. ഒരു ഘാതകന്റെ ജീവനെ രക്ഷിച്ചുകൊണ്ട് എത്രയോ നിരപരാധികളുടെ ജീവന്‍ അപകടത്തിലാക്കുകയാണവര്‍.'
ഇതോടൊപ്പം ഒരു യുക്തിവാദി നേതാവിന്റെ ആരോപണങ്ങള്‍കൂടി വായിക്കുക.
“എന്നാല്‍ ഒരടിമയെ ഒരു സ്വതന്ത്രനോ, അല്ലെങ്കില്‍ മറിച്ചോ ഒരു സ്ത്രീയെ ഒരു പുരുഷനോ, അല്ലെങ്കില്‍ മറിച്ചോവധിച്ചുവെങ്കിലോ? ഇതിനെപ്പറ്റിയൊന്നും ഇവിടെ വിവരിക്കുന്നില്ല. അതുകൊണ്ട് പണ്ഡിതന്മാര്‍ക്കിടയില്‍ ഇതിന്റ്റെ വിശദീകരണത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണാം. ആ അഭിപ്രായങ്ങളുംന്‍ തെളിവികളും ന്യായങ്ങളും ഉദ്ധരിക്കുന്ന പക്ഷം അതു കുറേ ദീര്‍ഘിച്ചു പോക്മെന്നതിനാല്‍ ഇവിടെ അതിലേക്കു പ്രവേശിക്കുന്നില്ല.” (ഖുര്‍ ആന്‍ വിവരണം) ഈ ഖുര്‍ ആന്‍വാക്യത്തിന്റെ യഥാര്‍ത്ഥ വിവക്ഷയെന്തെന്നോ ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ എന്തെല്ലാമെന്നോ വിവരിക്കാതെ മുജാഹിദ് പണ്ഡിതന്‍ ഒഴിഞ്ഞു മാറുന്നത് ശ്രദ്ധേയമാണ്. ജമാ അത്ത് ഗുരു മൌദൂദിയാകട്ടെ തന്റെ’തഫ്ഹീം’ല്‍ ഈ വാക്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ചാടിക്കടന്നു പോവുകയാണു ചെയ്തിട്ടുള്ളത്. ഇക്കാലത്തു മനുഷ്യരോടു പറയാന്‍ കൊള്ളാത്ത കാര്യമാണ് ഇവിടെ’അല്ലാഹു’വെളിപ്പെടുത്തിയിട്ടുള്ളതെന്ന തിരിച്ചറിവു തന്നെയായിരിക്കാം ഇവരുടെ ഉരുണ്ടുകളിക്കു കാരണം! എല്ലാ മനുഷ്യജീവനും തുല്യ വിലയാണുള്ളതെന്ന ആധുനിക മനുഷ്യാവകാശ തത്വം ഇസ്ലാമിനു സ്വീകാര്യമല്ല എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ഒരു കുറ്റവും ചെയ്യാത്ത നിരപരാധികളായ മനുഷ്യരെ വെറും പ്രതികാരക്രിയയിലെ ‘സമത്വപാലന’ത്തിന്റെ പേരില്‍ കൊല ചെയ്യണമെന്ന പ്രാകൃത ഗോത്രനീതിയാണിവിടെ ദൈവത്തിന്റെ വെളിപാടെന്ന പേരില്‍ ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. കുറ്റം ചെയ്തവരും അതിനു കൂട്ടു നിന്നവരും പ്രേരിപ്പിച്ചവരും ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്കു ഉചിതമായ ശിക്ഷ നല്‍കുകയും അവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുക എന്നതാണു ആധുനിക സമൂഹം അംഗീകരിച്ചിട്ടുള്ള നീതിനിര്‍വ്വഹണരീതി. കുറ്റം ചെയ്തവര്‍ക്കു ‘തുല്യ നഷ്ടം’ വരുത്തുന്നതിനായി അയാളുടെ കുടുംബാംഗങ്ങളെ വധിക്കുക, സ്വത്തുക്കള്‍ നശിപ്പിക്കുക മുതലായ സമ്പ്രദായങ്ങള്‍ അപരിഷ്കൃത സമൂഹങ്ങളില്‍ മുന്‍പു കാലത്തുണ്ടായിരുന്നു.അത്തരം മനുഷ്യത്വരഹിതവും അയുക്തികവുമായ ഗോത്രാചാരങ്ങളെ ശരിവെക്കാന്‍ മാത്രം ബുദ്ധിശൂന്യതയും നെറികേടും, നീതിമാനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തില്‍നിന്നു പ്രതീക്ഷിക്കാവതല്ല! ഖുര്‍ ആന്റെ ഈ ഉപദേശം ഇക്കാലത്തു നടപ്പിലാക്കിയാല്‍ എങ്ങനെയിരിക്കുമെന്നതിന് ഒരു ഉദാഹരണം നോക്കാം. ഒരു കൊള്ളക്കാരന്‍ ഒരു വീട്ടില്‍ കയറി കൊള്ള നടത്തുന്നതിനിടെ വീട്ടമ്മയായ സ്ത്രീയെയും അവരുടെ രണ്ടു വയസ്സായ കുഞ്ഞിനെയും കൊലപ്പെടുത്തിയെന്നു സങ്കല്‍പ്പിക്കുക. അല്ലാഹു ഉപദേശിച്ചതനുസരിച്ച് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ ചെയ്യേണ്ടത് ആ കൊലയാളിയുടെ കുടുംബത്തില്‍ ചെന്ന് അയാളുടെ ഭാര്യയെയും തുല്യ പ്രായത്തിലുള്ള കുഞ്ഞിനേയും തെരഞ്ഞു പിടിച്ച് കൊല്ലുകയാണ്! കൊല്ലപ്പെട്ടത് ഒരു സ്ത്രീയും കുഞ്ഞു മായതുകൊണ്ട് പകരം കൊലയാളിയായ പുരുഷനെ കൊല്ലുന്നത് നീതിയല്ല. എന്തുകൊണ്ടെന്നാല്‍ പുരുഷന്റെ മൂല്യവും സ്ത്രീയുടെ മൂല്യവും തുല്യമല്ലല്ലോ!! ഖുര്‍ ആന്റെ കര്‍ത്താവു നീതിമാനായ ഒരു ദൈവമായിരുന്നെങ്കില്‍ ഈ വാക്യം ഇപ്രകാരമായിരുന്നേനെ: “ഹേ വിശ്വാസികളേ, കുറ്റം ചെയ്യാത്തവരെ പ്രതികാരത്തിന്റെ പേരില്‍ ഇനി മേല്‍ നിങ്ങള്‍ ഹിംസിക്കരുത്. എല്ലാ മനുഷ്യരും തുല്യരാണ്. അതിനാല്‍ കുറ്റവാളികളെ മാത്രം ശിക്ഷിക്കുക.”