Saturday, May 22, 2010

ബൈബിളില്‍ തെറ്റ് സംഭവിച്ചിട്ടില്ല ?.

 കഴിഞ്ഞ രണ്ട് പോസ്റ്റുകളില്‍ എങ്ങനെയാണ് ബൈബിളില്‍ തെറ്റ് കടന്നുകൂടിയത് എന്ന് വസ്തുനിഷ്ഠമായി വിശദീകരിച്ചു. സത്യത്തില്‍ ബൈബിളില്‍ തെറ്റ് സംഭവിച്ചതായി ക്രിസ്ത്യാനികള്‍ കരുതുന്നുവോ. അപ്രകാരം തെറ്റുണ്ടെന്ന് കരുതുന്ന ഒരു വേദഗ്രന്ഥത്തില്‍ തന്നെയാണോ അവര്‍ വിശ്വസിക്കുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം ഇനി ആതെറ്റ് തിരുത്തുക അസാധ്യമാണന്നതിനാല്‍ അതുമായി സമരസപ്പെടുക എന്ന കാഴ്ചപ്പാടിന് പ്രസക്തിയുണ്ട്. കഴിഞ്ഞ പോസ്റ്റില്‍ ക്ഷമ എന്ന ബ്ലോഗര്‍ അപ്രകാരം ഒരഭിപ്രായം നല്‍കുകയും ചെയ്തു. അതിന്റെ വ്യാപ്തിയെക്കുറിച്ച് എനിക്ക് നല്ല ഉറപ്പില്ല. എന്നുവെച്ചാല്‍ എത്ര ശതമാനം ക്രൈസ്തവരാണ് അപ്രകാരം കരുതുന്നതെന്ന്.

ക്ഷമ പറയുന്നു:
ബൈബിള്‍ "തെറ്റുകള്‍" ഉണ്ട് എന്ന് അംഗീകരിച്ചു കൊണ്ടുതന്നെയാണ് ക്രിസ്ത്യാനികള്‍ അതിനെ "സത്യവേദപുസ്തകം" എന്ന് വിശ്വസ്സിക്കുന്നത് എങ്കില്‍ നിങ്ങളുടെ "തെറ്റില്ലാത്ത ഒരു ദൈവിക ഗ്രന്ഥത്തിന്റെയും ദൈവസങ്കല്‍പത്തിന്റെയും കാലികമായ ഒരു നിയമ നിര്‍ദ്ദേശത്തിന്റെയും പ്രസക്തി" അവര്‍ക്ക് ആവശ്യമില്ല എന്ന് അവര്‍ പ്രഖ്യാപിക്കുകയല്ലേ?
എന്നാല്‍ സന്തോഷ് തന്റെ ബ്ലോഗില്‍ ആവര്‍ത്തിച്ച് പറയുന്നത് മറ്റൊന്നാണ്. ഇത് വരെ  നമ്മുക്ക് ബുദ്ധിപരമായും പ്രായോഗികതലത്തിലും ബോധ്യപ്പെട്ട വസ്തുതകളെ കയ്യൊഴിഞ്ഞ്, ബൈബിളില്‍ തെറ്റുസംഭവിക്കുക അസംഭവ്യമാണെന്നും തെറ്റിദ്ധാരണയോടെ വായിക്കുന്നത് കൊണ്ടാണ് തെറ്റുകള്‍ കണ്ടെത്തുന്നതെന്നും നാം തിരുത്തിമനസ്സിലാക്കണം. ഏതായാലും നമ്മുക്ക് ഈ ലേഖനങ്ങളെ പിന്തുടരാം. തുടര്‍ന്ന് വായിക്കുക: ( [[[...]]] ഈ ചിഹ്നങ്ങള്‍ക്കിടയിലുള്ളതാണ് ലേഖനം)   

[[[ പ്രഭാതം പൊട്ടിവിടരുകയും പ്രഭാതനക്‌ഷത്രം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദിക്കുകയും ചെയ്യുന്നതുവരെ, ഇരുളില്‍ പ്രകാശിക്കുന്ന ദീപത്തെ എന്നപോലെ പ്രവാചകവചനത്തെ നിങ്ങള്‍ ശ്രദ്‌ധിക്കേണ്ടതാണ്‌. ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്‌ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷികചോദനയാല്‍ രൂപം കൊണ്ടതല്ല; പരിശുദ്‌ധാത്‌മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്‍െറ മനുഷ്യര്‍ സംസാരിച്ചവയാണ്‌. (2 പത്രോസ് 1:19-21)

ബൈബിള്‍ മതഗ്രന്ഥവും വിശുദ്ധഗ്രന്ഥവുമാണ്; അതിനാല്‍ തെറ്റുകള്‍ ഉണ്ടാവുക സ്വാഭാവികമല്ല. എന്നാല്‍ തെറ്റിദ്ധാരണയോടെ വായിക്കുമ്പോള്‍ തെറ്റുകള്‍ കണ്ടെത്തുന്നു. സംശയാസ്പദങ്ങളായ വാക്യങ്ങളെയും  മനസ്സിലാക്കാനാവാത്ത വചനങ്ങളെയും പെട്ടെന്ന് വായിച്ചുവിടുന്നതുകൊണ്ട് ബൈബിളിന്റെ  മുഴുവന്‍ അര്‍ത്ഥവും ഗ്രഹിക്കാത്തവരാണു  അധികവും. സൂക്ഷ്നവായനയില്‍ കണ്ടെത്തുന്ന തെറ്റുകള്‍ക്ക് കാരണമായി നില്‍ക്കുന്ന ഘടകങ്ങളെ പരിശോധിക്കുന്ന ലേഖനത്തിന്റെ മൂന്നാം ഭാഗം.

യേശുവിന്റെ വചനങ്ങള്‍ കാലഘട്ടത്തിനപ്പുറത്ത് വളരുന്നു. അത് വിതയ്ക്കപ്പെട്ട വിളപോലെയാണ്.  വളരുന്ന വചനമാണ്. വചനങ്ങള്‍ കാലത്തിനും ദേശത്തിനും വിധേയമായി പക്വതയിലേക്ക് വളരുന്നവയാണ്. നിത്യമായി എഴുതപ്പെട്ടതാണെങ്കിലും നിത്യതയിലേക്ക് വളരുന്നവയാണ്. മരിച്ച ശരീരമല്ല ഉയിര്‍ക്കുന്നത്‌ എന്നുപറയുന്നത് പോലെ എഴുതപ്പെട്ട വചനമല്ല വായിക്കപ്പെടുന്ന വചനത്തിലെ സന്ദേശം.

ഒരു നൂറ്റാണ്ട് കഴിയുമ്പോള്‍ ഇന്നത്തെ വ്യാഖ്യാനങ്ങള്‍ അന്ന് പ്രസക്തമല്ലാത്തതായിതോന്നും. പുതിയ പുതിയ മുകുളങ്ങള്‍ വചന വൃക്ഷത്തില്‍ തളിരിടുന്നു. വചനം, വചനത്തിലെ അക്ഷരത്തില്‍ മാത്രം ഒതുങ്ങുന്നതല്ല; കാലഘട്ടത്തിനനുസ്സരിച്ചു അവയെ മനസ്സിലാക്കണം. ആധുനിക യുഗത്തിലെ ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രം ബൈബിളില്‍ ഇല്ല എന്നുപറഞ്ഞു ആ ചിന്തയെ ഒഴിവാക്കാന്‍ ആവില്ല.  "വനിതാ പൌരോഹിത്യം" കാലഘട്ടത്തിന്റെ ഒരു ചിന്തയാണ്. ബൈബിളില്‍ വനിതകള്‍ക്ക് പൌരോഹിത്യം കൊടുക്കുന്നതിനെപറ്റി പരാമര്‍ശങ്ങള്‍ ഇല്ല എന്നാ കാരണത്താല്‍ അത് നിഷേധിക്കാന്‍ ആവില്ല. സഭയ്ക്ക് ഒരു തീരുമാനം ഇക്കാര്യത്തില്‍ എടുക്കുവാന്‍ അവകാശം ഉണ്ട്. യേശുവിന്റെ അപ്പോസ്തലന്മാര്‍ എല്ലാം പുരുഷന്മാര്‍ ആയിരുന്നു എന്ന കാരണത്താല്‍ സ്ത്രീകള്‍ക്ക് പൌരോഹിത്യം സാധിക്കില്ല എന്നു ബൈബിള്‍ അടിസ്ഥാനമാക്കി പറയുന്നതില്‍ യുക്തി ഇല്ല.

യേശുവിന്റെ പഠനങ്ങളുടെ പ്രഥമ പാഠങ്ങളില്‍മാത്രം അല്ല ബൈബിള്‍ ഒതുങ്ങേണ്ടത്. ബൈബിള്‍ ചൈതന്യത്തിനു തടസ്സം ആകാത്തവ ഒക്കെയും അനുവദനീയമാകണം. മാറ്റുവാന്‍ ആകാത്ത ചില വിഷയങ്ങള്‍ ബൈബിളില്‍ ഉണ്ട്.

     ഏകദൈവത്തിലുള്ള വിശ്വാസം
     ജ്ഞാനസ്നാനത്തെ സംബന്ധിച്ച പ്രബോധനങ്ങള്‍
     കൈവയ്പ്പ്‌ ശുശ്രൂഷ
     ദൈവികവും മാനുഷികവുമായ നന്മകളിലുള്ള വളര്‍ച്ച
     പരസ്നേഹവും പരസ്നേഹ പ്രവൃത്തികളും
     ദൈവ പരിപാലന
     മരിച്ചവരുടെ ഉയിര്‍പ്പ്
     നിത്യവിധി
     തിന്മയില്‍ നിന്നുള്ള തിരിച്ചുവരവ്‌

ഇവയില്‍ മാറ്റമുണ്ടാക്കുവാന്‍ ആവില്ല. ബാക്കി വിഷയങ്ങളില്‍ ക്രിസ്തുവിന്റെ പഠനങ്ങളുടെ പക്വതയിലേക്ക് വളര്‍ന്നു വേണം ചിന്തിക്കുവാന്‍. ബൈബിള്‍ സത്യങ്ങള്‍ വിശ്വാസ്സിക്ക് വിശ്വാസത്തിലൂടെ മാത്രം അല്ല ലഭിക്കുക. വിശ്വാസി വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുന്നതും യുക്തി ഉപയോഗിക്കുന്നതും പ്രോത്സാഹനജനകമാണ്. ബൈബിള്‍ പഠിക്കുന്നവന്‍ ബൈബിളിനെ ഒരു വിശ്വാസ ഗ്രന്ഥം മാത്രമായി കാണരുത്. വിശ്വാസം വളരുന്നത്‌ വാദപ്രതിവാദത്തിലൂടെയും യുക്തിചിന്തയിലൂടെയും കൂടിയാണ്. ദൈവമാണ് വിശ്വാസം തരുന്നത് എങ്കിലും വളര്‍ത്താനും ആഴപ്പെടുത്താനും ഉള്ള കടമ മനുഷ്യന്റെതാണ്. വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുള്ളവയാണ് വിശ്വസിക്കുവാന്‍ എളുപ്പമുള്ളവയെക്കാള്‍ ബൈബിളില്‍ കൂടുതല്‍ ഉള്ളത്. ഓരോ ഗ്രന്ഥങ്ങളിലും ഓരോ അധ്യായങ്ങളിലും വൈരുദ്ധ്യമായവ കാണാന്‍ ആവുന്നു

വായനക്കാരന്‍ ഉദ്ദേശിക്കുന്നതും മനസ്സിലാക്കുന്നതും ഭാവനകാണുന്നതും അല്ല ബൈബിളില്‍ പലതും. മനുഷ്യബുദ്ധിക്കു നിരക്കാത്തവ ദൈവനിയോഗത്തിന് ചേരുന്നവയാണ് എന്നുകൂടി ബൈബിള്‍ പഠിപ്പിക്കുന്നു. പഠിച്ചുവച്ചതും മനസ്സിലാക്കിയതുമായ പല സത്യങ്ങള്‍ക്കും വിരുദ്ധമായതും വ്യത്യസ്തമായതുമായ അര്‍ത്ഥമാനങ്ങള്‍ കണ്ടെത്തുമ്പോള്‍, ബൈബിളിന്റെ ദൈവനിവേശിതത്വിനോ വിശ്വസനീയതയ്ക്കോ തടസം ഉണ്ടാകുന്നു എന്നു ചിന്തിക്കുവാന്‍ കാരണം ആകുന്നു. ബൈബിളിലെ ചില ഭാഗങ്ങള്‍ ബൈബിളില്‍തന്നെ ഉള്‍പ്പെടുത്താന്‍ ആകുമോ എന്നും ചിന്തിക്കുവാന്‍ തോന്നും. ]]]

ബൈബിളില്‍ ഒരു കാര്യം ഇല്ല എന്നകാരണത്താല്‍ സ്ത്രീകള്‍ക്ക പൗരോഹിത്യം പാടില്ല എന്ന നിലപാടില്‍ നില്‍ക്കേണ്ടതില്ല എന്ന കാഴ്ചപ്പാടാണ് ലേഖകനുള്ളത്. മാറ്റാന്‍ പാടില്ലാത്ത ചിലവിഷയങ്ങള്‍ നമ്മുടെ ശ്രദ്ധയാകര്‍ശിക്കേണ്ടതാണ്. ഏകദൈവത്തിലുള്ള വിശ്വാസം അതില്‍ ഒന്നാമതായി വരുന്നു.  അതില്‍ കൈവെയ്പ്പ് ശുശ്രൂഷ എന്ന ഇനം ഒഴികെ ബാക്കി എനിക്ക് പെട്ടെന്ന് മനസ്സിലാകുന്നതും മനുഷ്യസമൂഹം എക്കാലത്തും പുലര്‍ത്തേണ്ടതുമാണെന്ന കാര്യത്തില്‍ സംശയമില്ല.

Friday, May 21, 2010

ബൈബിളില്‍ തെറ്റായി കരുതപ്പെടുന്നത്.

ബൈബിളില്‍ തെറ്റുസംഭവിച്ചതെങ്ങനെ എന്ന പോസ്റ്റിന്റെ തുടര്‍ചയാണിത്. ബൈബിള്‍ സത്യങ്ങളും രഹസ്യങ്ങളും എന്ന ലേഖനത്തെ അവലംബിച്ച് പകര്‍ത്തിയെഴുത്ത് എന്ന ബ്ലോഗില്‍ നല്‍കിയ ഈ ലേഖനത്തില്‍ പ്രധാനമായും പലതലക്കെട്ടുകളും ബൈബിളിലെ തെറ്റുകളെക്കുറിച്ചല്ല, മറിച്ച് ബൈബിളിലെ ചില പരാമര്‍ശങ്ങള്‍ ജനങ്ങള്‍ തെറ്റിദ്ധരിച്ചതെങ്ങനെയെന്നും. ചില അബദ്ധങ്ങള്‍ ലേഖകര്‍തന്നെ തെറ്റായി മനസ്സിലാക്കിയതിന്റെ ഫലമാണെന്നും വളരെ വ്യക്തമായി ഉപന്യസിച്ചിരിക്കുന്നു. ഏതൊരു മുസ്‌ലിമും ഇത്രമാത്രമേ പറയുന്നുള്ളൂ. എന്നാല്‍ ഇത്ര കൃത്യമായ വിലയിരുത്തല്‍ ഈ വിഷയത്തില്‍ മുസ്‌ലിംകള്‍ നടത്തിയതായി ശ്രദ്ധയില്‍ പെടാത്തതുകൊണ്ടാണ് ഇതിവിടെ എടുത്ത് ചേര്‍ക്കുന്നത്. മുസ്‌ലിം പണ്ഡിതര്‍ വിലയിരുത്തുന്ന കാര്യവും ഇതിനെ സാധൂകരിക്കുന്നു. പക്ഷെ ഇതേ കാര്യങ്ങള്‍ അവര്‍ പറയുമ്പോള്‍ ആപൂര്‍വം ചില ക്രിസ്ത്യാനികളെങ്കിലും അതിനുള്ള അവകാശത്തെ ചോദ്യം ചെയ്യുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. അതിന് യുക്തിവാദികളെന്ന് പറയുന്ന ഇസ്‌ലാം വിമര്‍ശകര്‍ പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യുന്നു. ഖുര്‍ആന്‍ വിശകലന വിധേയമാക്കാന്‍ മറ്റുള്ളവര്‍ക്കുള്ള അവകാശവും സ്വാതന്ത്ര്യവും ബൈബിളിനെ അപ്രാകരം ചെയ്യാന്‍ മുസ്‌ലിംകള്‍ക്കുമുണ്ട് എന്നത് മനുഷ്യബുദ്ധിയോട് കാണിക്കുന്ന സ്വാഭാവിക നീതിമാത്രം. തുടര്‍ന്ന് വായിക്കുക :
[[[ ദൈവത്തിന്‍െറ വചനം സജീവവും ഊര്‍ജസ്വലവുമാണ്‌; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്‍െറ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌ (ഹെബ്ര 4:12)

ബൈബിള്‍ മതഗ്രന്ഥവും വിശുദ്ധഗ്രന്ഥവുമാണ്; അതിനാല്‍ തെറ്റുകള്‍ ഉണ്ടാവുക സ്വാഭാവികമല്ല. എന്നാല്‍ തെറ്റിദ്ധാരണയോടെ വായിക്കുമ്പോള്‍ തെറ്റുകള്‍ കണ്ടെത്തുന്നു. സംശയാസ്പദങ്ങളായ വാക്യങ്ങളെയും  മനസ്സിലാക്കാനാവാത്ത വചനങ്ങളെയും പെട്ടെന്ന് വായിച്ചുവിടുന്നതുകൊണ്ട് ബൈബിളിന്റെ  മുഴുവന്‍ അര്‍ത്ഥവും ഗ്രഹിക്കാത്തവരാണു  അധികവും. സൂക്ഷ്നവായനയില്‍ കണ്ടെത്തുന്ന തെറ്റുകള്‍ക്ക് കാരണമായി നില്‍ക്കുന്ന ചില ഘടകങ്ങളെ പരിശോധിക്കുന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം (ആദ്യ ഭാഗം വായിക്കുവാന്‍ ഇവിടെ നോക്കുക)

വ്യാഖ്യാനങ്ങള്‍

മനസ്സിലാക്കാനാവാത്ത സ്വപ്നങ്ങള്‍ക്കും, ദര്‍ശനങ്ങള്‍ക്കും, വൈയക്തികദര്‍ശനങ്ങള്‍ക്കും അമിത പ്രാധാന്യം നല്കിയതും, ബൈബിളില്‍ വൈരുദ്ധ്യങ്ങളും സംശയങ്ങളും ഉണ്ടാക്കി. എസക്കിയെലും ദാനിയേലും യോഹന്നാനും മറ്റും കണ്ട ദര്‍ശനങ്ങള്‍ അതുപോലെ രേഖപ്പെടുത്തിയതും അവയെ വ്യാഖ്യാനിക്കാന്‍ സാധിക്കാതെ വന്നതും ബൈബിളില്‍ തെറ്റുകള്‍ഉണ്ടെന്നു പറയുവാന്‍ കാരണമായി.

മനുഷ്യപ്രകൃതിയോടുള്ള ആദരവ്

ബൈബിള്‍ ഇതിഹാസ്സങ്ങളോ ഭാവനാ ചരിത്രങ്ങളോ അല്ല. പച്ചയായ മനുഷ്യന്റെ വികാരങ്ങളും സംഘട്ടനങ്ങളും ചരിത്രത്തിന്റെ ഗതിവിഗതികളും ആണ് ബൈബിളിന്റെ മൂലഭാഷ. അതുകൊണ്ടുതന്നെ മനുഷ്യന്റെ പാപപ്രകൃതി, പ്രലോഭന ചായ്'വുകള്‍ എന്നിവയെല്ലാം ബൈബിളിന്റെ ഭാഗങ്ങള്‍ ആയി. മനുഷ്യന്‍ തന്റെ ദുഃഖം മറക്കുവാന്‍ മദ്യത്തിലേക്കു തിരിഞ്ഞപ്പോള്‍ ബൈബിളില്‍ എഴുതപ്പെട്ടു : "മദ്യം കഴിച്ചാല്‍ ദുഃഖം മറക്കും" എന്ന്. എന്നാല്‍ ഇത് മദ്യം കഴിച്ചു ദുഃഖം മറക്കുവാനുള്ള ഉപദേശമല്ല, മദ്യം കഴിച്ചു ദുഃഖം മറക്കാനാവും എന്ന ഒരു സത്യം എഴുതിയെന്നെയുള്ളൂ. എല്ലാ സമ്പത്തുകളും മനുഷ്യന്‍ ഉപേക്ഷിക്കേണ്ടി വരും എന്നും, മനുഷ്യന്‍ മരണത്തിനു കീഴടങ്ങേണ്ടി വരും എന്നും ഉള്ള പഠനമാണ് "സകലവും മിഥ്യ" എന്ന ബൈബിള്‍ വാക്യത്തില്‍ അടങ്ങിയിരിക്കുന്നത്. ഈ വാക്യങ്ങളൊക്കെ ബൈബിള്‍ വാക്യങ്ങള്‍ ആയപ്പോള്‍ ബൈബിളില്‍ തെറ്റുകള്‍ ഉണ്ടായി

പാപം ചെയ്‌താല്‍ ‍, തിന്മ പ്രവൃത്തിച്ചാല്‍ ‍, ദൈവത്തെ നിഷേധിച്ചാല്‍ ‍, മനുഷ്യന്‍ നശിക്കും എന്ന ചിന്ത നിത്യനരകത്തിലേക്കുള്ള ചിന്തയെ കൊണ്ടുവന്നു. ഇത് ഒരു ദൈവിക വെളിപാട് ആണ്. അങ്ങനെ നരകം ബൈബിള്‍ ഭാഗമായി. നരകത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് നരക ചിന്തയില്‍ നിന്നുമുള്ള വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് ഉദ്ധരിച്ചപ്പോള്‍ ദൈവ കാരുണ്യത്തിന്റെ പ്രസ്താവനകളും ബൈബിളില്‍ രൂപപ്പെട്ടു. ദൈവ കാരുണ്യത്തെ ചിത്രീകരിക്കുന്ന അനേകം വാക്യങ്ങള്‍ ഉണ്ടായപ്പോള്‍ മനുഷ്യനില്‍ ആശയസംഘട്ടനങ്ങളും ഉണ്ടായി. അതിനാല്‍ വ്യക്തമായ ഒരു കാഴ്ചപ്പാട് ബൈബിളില്‍ നിന്നും കണ്ടെത്തുക ബുദ്ധിമുട്ടായി തീര്‍ന്നു. ഈ ബുദ്ധിമുട്ടുകള്‍ തെറ്റുകള്‍ ഉണ്ടെന്നു സംശയിക്കാന്‍ കാരണമായിത്തീര്‍ന്നു.

ബൈബിളില്‍ കാണുന്ന പല ആപ്തവാക്യങ്ങളും സമഗ്രപഠനത്തിനു വിധേയമാക്കിയാല്‍ മാത്രമേ അവ കൂടുതല്‍ വ്യക്തമാവുകയുള്ളൂ. ഓരോ വാക്യങ്ങളും പെറുക്കി, അറുത്തെടുത്താല്‍ ബൈബിളില്‍ തെറ്റുകള്‍ ഉണ്ട് എന്ന് തോന്നും. ഉദാഹരണമായി "അടുത്തുള്ള അയല്‍ക്കാരനാണ് അകലെയുള്ള സഹോദരനെക്കാള്‍ മെച്ചം" എന്ന ബൈബിള്‍ വാക്യം എപ്പോഴും ശരിയാകണം എന്നില്ല; ചില അവസ്സരങ്ങളില്‍ ശരിയാണ് താനും. ബൈബിളിലെ വാക്യങ്ങള്‍ സത്യമാകുന്നതു ദൈവത്തിന്റെ കാലദൈര്‍ഘ്യത്തിലും ദൈവത്തിന്റെ മനസ്സിലും എല്ലാത്തിനെയും കാണുമ്പോള്‍ മാത്രമാണ്. "പ്രഭാതത്തില്‍ ഉണര്‍ന്നു അവനെ അന്വേഷിക്കുന്നവര്‍ക്ക് കൃപ ലഭിക്കും", എന്നാല്‍ കൃപ ലഭിക്കുവാനുള്ള ഏക മാര്‍ഗ്ഗം അല്ല ഇത്. അതിനാല്‍ കൃപ ലഭിക്കുവാനുള്ള ഏക മാര്‍ഗ്ഗം പ്രഭാതത്തില്‍ ദൈവത്തെ അന്വേഷിക്കലാണ് എന്ന് നമുക്ക് പറയുവാന്‍ സാധിക്കില്ല.

ബൈബിളില്‍ "വാള്‍ ഏറ്റു മരിച്ചവര്‍ വിശപ്പുകൊണ്ട് മരിക്കുന്നവരെക്കാള്‍ ഭാഗ്യവാന്‍മാര്‍ ആണ്" എന്ന് ഒരു വാക്യം ഉണ്ട്. എന്നാല്‍ ഇത് എപ്പോഴും സത്യം ആകുന്നില്ല. ബൈബിളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു എന്ന് ചിന്തിച്ചു എന്നും എപ്പോഴും ഇത് നിത്യസത്യമായി നിലകൊള്ളണം എന്നില്ല. അത്യാവശ്യമില്ലാത്ത കാര്യങ്ങളും അതിന്റേതായ ആവശ്യമില്ലത്തതായ അവതരണങ്ങളും ബൈബിളില്‍ ധാരാളം ഉണ്ട്. ഉദാഹരണമായി ലേവ്യരുടെ പുസ്തകത്തിലെ അനുഷ്ഠാനവിധികളും സംഖ്യയുടെ പുസ്തകത്തിലെ സംഖ്യാനിര്‍ണ്ണയങ്ങളും അമിതമായ ആവര്‍ത്തനങ്ങള്‍ ആണ്.

ദൈവസങ്കല്‍പ്പത്തിലെ മനുഷ്യബുദ്ധിയുടെ പരിമിതി

ബൈബിളില്‍ ഓരോ വ്യക്തികള്‍ക്കും ഗ്രന്ഥകര്ത്താക്കള്‍ക്കും ദൈവം വ്യത്യസ്തനാണ്. ബൈബിളിലെ ഓരോ ഗ്രന്ഥങ്ങളിലും പ്രബോധനങ്ങളിലും വ്യത്യസ്തമായ ദൈവസങ്കല്പങ്ങള്‍ ആണുള്ളത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളും ബൈബിളില്‍ സുലഭമാണ്. വ്യത്യസ്ത ദൈവസങ്കല്പങ്ങള്‍ വ്യത്യസ്ത തെറ്റുകള്‍ സൃഷ്ടിക്കാനും കാരണം ആകുന്നു.

യഹൂദമതം

യഹൂദ മതത്തിന്റെ ശക്തമായ സ്വാധീനവും ചരിത്രവുമാണ് ബൈബിളിലെ പഴയനിയമം മുഴുവനും. അതുകൊണ്ടുതന്നെ ആ മതത്തിലെ ആചാര അനുഷ്ഠാനങ്ങള്‍ ദൈവവിശ്വാസികളുടെ പൊതുസ്വത്തായി. ലേവ്യരുടെ പുസ്തകത്തിലും മറ്റും വിവരിച്ചിരിക്കുന്ന യുക്തിരഹിതം എന്ന് തോന്നുന്ന അനുഷ്ഠാനവിധികള്‍ ദൈവനിവേശിത ഗ്രന്ഥത്തിന്റെ ഭാഗമായി കിടക്കുകയാണ്. അതിലെ ആശയങ്ങളും അനുഷ്ഠാനങ്ങളും അത്യാവശ്യം അറിഞ്ഞിരിക്കേണ്ടവയും അനുഷ്ടിക്കേണ്ടവയും അല്ലാതിരുന്നിട്ടും ബൈബിള്‍ ഭാഗങ്ങള്‍ ആയി. അവയൊക്കെയും വിശുദ്ധമായി കരുതേണ്ടവ ആണെന്ന സങ്കല്‍പ്പവും ഉണ്ടായി. ]]]

ലേഖനം വളരെ വ്യക്തമാണ്. സ്വാഭാവികമായും ചില സംശയങ്ങള്‍ വളരെ ശക്തിയായി നമ്മില്‍ ഉയര്‍ന്ന് വരാമെങ്കിലും. ഉദാഹരണമായി ബൈബില്‍ ദൈവികമാണ് എന്നാവര്‍ത്തിക്കുമ്പോള്‍ തന്നെ അതില്‍ അബദ്ധങ്ങളും തെറ്റുകളും കടന്നിട്ടുണ്ട് എന്ന് അംഗീകരിച്ചാല്‍. ദൈവിക ഗ്രന്ഥത്തില്‍ കലര്‍പ്പുണ്ടായി എന്ന് മാറ്റിപ്പറയുന്നതിന് പകരം. വീണ്ടും അതേ തെറ്റുകളോടുകൂടി നിലനില്‍ക്കുന്ന ഗ്രന്ഥത്തെ ദൈവികമെന്ന് പറയുന്നതെങ്ങനെ.

ബൈബിള്‍ പൂര്‍ണമായും ദൈവികമല്ലാത്തതിരുന്നിട്ടും അതേ പ്രകാരം അതില്‍ പലയഹൂദമത ആചാരങ്ങളും കൂടിചേരുകയും വിശുദ്ധി നഷ്ടപ്പെടുകയും ചെയ്തിട്ടും നാം അതിനെ നമ്മുടെ ജീവിതത്തിനും വിശ്വാസത്തിനും അതിനെ മാനദണ്ഡമാക്കുന്നതെങ്ങനെ. ബൈബിളിലെ ഓരോ വ്യക്തികള്‍ക്കും ഗ്രന്ഥകര്‍ത്താക്കള്‍ക്കും ദൈവം വ്യത്യസ്ഥനാണ്. ഈ വ്യത്യസ്ഥ ദൈവസങ്കല്‍പങ്ങള്‍ വ്യത്യസ്ത തെറ്റുകള്‍ സൃഷ്ടിക്കാനും കാരണമായി എന്ന് തുറന്ന് പറയുമ്പോള്‍, തെറ്റില്ലാത്ത ഒരു ദൈവിക ഗ്രന്ഥത്തിന്റെയും ദൈവസങ്കല്‍പത്തിന്റെയും കാലികമായ ഒരു നിയമ നിര്‍ദ്ദേശത്തിന്റെയും പ്രസക്തി ഊന്നിപ്പറയുകയല്ലേ ചെയ്യുന്നത്. ആ നിലക്ക് മുസ്‌ലിംകളുടെയും ഖുര്‍ആന്റെയും അവകാശവാദം പരിശോധിക്കാന്‍ ബുദ്ധിയും യുക്തിയുമുള്ള മനുഷ്യന് ബാധ്യതയില്ലേ?. ചിന്തിക്കുക!. വികാരം മാറ്റിവെച്ച് വിചാരത്തോടെ.

Wednesday, May 19, 2010

ബൈബിളില്‍ തെറ്റുസംഭവിച്ചതെങ്ങനെ?

വിശുദ്ധഖുര്‍ആനെ ചര്‍ചചെയ്യുന്ന ബ്ലോഗില്‍ സ്വാഭാവികമായും ഇതരവേദഗ്രന്ഥങ്ങളും ചര്‍ചയില്‍ വരും. വിശുദ്ധഖുര്‍ആന്‍ മാത്രമമാണ് അവതരിക്കപ്പെട്ട അതേ മുലഭാഷയില്‍ പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വേദഗ്രന്ഥമെന്ന് തോന്നുന്നു. ഉണ്ടെങ്കില്‍ തന്നെ ലോകത്തെ ഏറ്റവും വലിയ മതത്തിന്റെ വേദഗ്രന്ഥമായ ബൈബിളിനുള്ളത് അതിന്റെ പരിഭാഷമാത്രമാണ്. നിലവിലുള്ള വേദഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങളെല്ലാം മനുഷ്യന്റെ വചനങ്ങളുടെ കലര്‍പ്പില്ലാത്ത പൂര്‍ണമായും ദൈവികവചനങ്ങളുള്‍കൊള്ളുന്ന വേദഗ്രന്ഥങ്ങളാണോ. ഖുര്‍ആനില്‍ വിശ്വസിക്കുന്നവരെല്ലാം  ഖുര്‍ആന് അത്തരമൊരു സവിശേഷത അംഗീകരിച്ചുകൊടുക്കുന്നവരാണ്. അതില്‍ പ്രവാചകന്റെ പോലും വചനമില്ല. എന്നാല്‍ ബൈബിളോ. മുസ്‌ലിംകള്‍ (ഖുര്‍ആന്‍ തന്നെ)പറയുന്നു. അവയില്‍ മനുഷ്യന്റെ വചനങ്ങള്‍ കൂടിചേര്‍ന്നിട്ടുണ്ട് എന്ന്. എന്നാല്‍ ക്രിസ്ത്യാനികളില്‍ ചിലര്‍ക്ക് പറയാനുള്ളതെന്താണെന്ന് കേള്‍ക്കൂ.

തുടര്‍ന്നുള്ള ഭാഗങ്ങള്‍ എടുത്തത്, ഇവിടെ നിന്ന്. വായിക്കുക:
[[[ വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്‌. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്‌തനാവുകയും ചെയ്യുന്നു. (2 തിമോ. 3: 16 -17)

ബൈബിള്‍ മതഗ്രന്ഥവും വിശുദ്ധഗ്രന്ഥവുമാണ്; അതിനാല്‍ തെറ്റുകള്‍ ഉണ്ടാവുക സ്വാഭാവികമല്ല. എന്നാല്‍ തെറ്റിദ്ധാരണയോടെ വായിക്കുമ്പോള്‍ തെറ്റുകള്‍ കണ്ടെത്തുന്നു. സംശയാസ്പദങ്ങളായ വാക്യങ്ങളെയും  മനസ്സിലാക്കാനാവാത്ത വചനങ്ങളെയും പെട്ടെന്ന് വായിച്ചുവിടുന്നതുകൊണ്ട് ബൈബിളിന്റെ  മുഴുവന്‍ അര്‍ത്ഥവും ഗ്രഹിക്കാത്തവരാണു  അധികവും. സൂക്ഷ്നവായനയില്‍ കണ്ടെത്തുന്ന തെറ്റുകള്‍ക്ക് കാരണമായി നില്‍ക്കുന്ന ചില ഘടകങ്ങളെ പരിശോധിക്കുകയാണ് ഇതിലൂടെ..

കൈയ്യെഴുത്തുപ്രതി പകര്‍ത്തിഎഴുതിയതിലെ തെറ്റുകള്‍

ആധുനിക കാലത്തെ പല വിവര്‍ത്തനങ്ങളും ബൈബിളില്‍ വ്യത്യാസങ്ങളും അതുവഴി തെറ്റുകളും ഉണ്ടാക്കുന്നു. പല പദപ്രയോഗങ്ങളും അര്‍ത്ഥങ്ങള്‍ക്ക്‌ വ്യത്യാസം ഉണ്ടാക്കുന്നവയാണ്. ഓരോ ക്രൈസ്തവ വിഭാഗങ്ങളും തങ്ങളുടെ ദൈവശാസ്ത്രത്തിനൊപ്പിച്ചു മാറ്റാവുന്നിടത്തോളം വ്യത്യാസങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കുന്നു. പകര്‍ത്തിയെഴുതുന്നതിലൂടെയും വിവര്‍ത്തനതിലൂടെയും വന്ന തെറ്റുകള്‍  ബൈബിള്‍ തെറ്റുകളായി.

ഭാഷയുടെ പരിമിതി

ഗ്രീക്കിലും ഹീബ്രുവിലും അരമായിക്കിലും എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ മറ്റു ഭാഷകളിലേക്ക് മാറ്റുമ്പോള്‍ ഏറെ തെറ്റുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഭാഷയുടെ പരിമിതി വലിയ പരിമിതി തന്നെയാണ്. ഭാഷാപരിമിതിയും ബൈബിളിന്റെ പരിമിതിയായി.

കാലത്തിന്റെ വ്യത്യാസം

ഓരോ കാലഘട്ടത്തിനും അതിന്റേതായ കാഴ്ചപ്പാടുകളും ദര്‍ശനങ്ങളും ഉണ്ട്. പഴയനിയമ കാലഘട്ടത്തിലെ ചിന്തയില്‍നിന്നും വ്യത്യസ്തമാണ് പുതിയനിയമ കാലഘട്ടം. ആധുനിക കാലഘട്ടം അതില്‍നിന്നും വ്യത്യസ്തമാണ്. കാലഘട്ടത്തിന്റെ വ്യത്യാസങ്ങള്‍ ബൈബിളിന്റെ വ്യത്യാസങ്ങളും കുറവുകളുമായിപ്പോയി.

ശാസ്ത്രീയത

ശാസ്ത്രീയ ജ്ഞാനം കുറവുള്ള കാലഘട്ടത്തോടാണ് ബൈബിള്‍ ആദ്യം സംസാരിച്ചത്. ശാസ്ത്രീയ ജ്ഞാനക്കുറവും ബൈബിള്‍ വിജ്ഞാനീയത്തിന് കുറവ് ഉണ്ടാക്കി.

മനുഷ്യ ബുദ്ധിയുടെ പരിമിതി

മനുഷ്യ ബുദ്ധിക്കു പരിമിതിയുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യബുദ്ധിയുടെ പരിമിതി ബൈബിളിന്റെ പരിമിതിയായിത്തീര്‍ന്നു.

ഗ്രന്ഥകര്‍ത്താക്കളുടെ സ്വകാര്യ സ്വാര്‍ത്ഥത

ഓരോ ഗ്രന്ഥകര്‍ത്താക്കള്‍ക്കും പ്രത്യേക ഉദ്ദേശമുണ്ട്. യാഹൂദര്‍ക്കുവേണ്ടി, യഹൂദരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതിനുവേണ്ടി മത്തായി സുവിശേഷം എഴുതിയപ്പോള്‍ യഹൂദരെ പ്രീണിപ്പിക്കുകകൂടി ലക്ഷ്യമായിരുന്നു. പാവങ്ങളോടും രോഗികളോടും അനാഥരോടും സ്ത്രീകളോടും പക്ഷം പിടിക്കുന്ന ലൂക്കായുടെ സ്വാകാര സ്വാര്‍ത്ഥതയും സുവിശേഷത്തില്‍ ഉണ്ട്. വചനഗ്രന്ഥകര്‍ത്താക്കളുടെ സ്വകാര്യ സ്വാര്‍ത്ഥതകളും അങ്ങനെ ബൈബിളിന്റെഭാഗങ്ങളായി.

കാലഘട്ടത്തിന്റെ വ്യത്യാസം

ആയിരത്തിനാന്നൂറിലധികം വര്‍ഷം കൊണ്ട് രൂപപ്പെട്ട ഒരു ഗ്രന്ഥമാണ്‌ ബൈബിള്‍. സംഭവങ്ങള്‍ നടന്ന ക്രമത്തിലോ സംഭവങ്ങള്‍ നടന്ന സമയത്തോ അല്ല ബൈബിള്‍ എഴുതപ്പെട്ടത്. അതിനാല്‍ ഗ്രന്ഥകര്‍ത്താക്കളുടെ ഓര്‍മ്മക്കുറവിലെ പിശകുകളും ബൈബിളിലുണ്ട്. ബൈബിള്‍ രൂപപ്പെട്ടത് ഓരോരോ സമൂഹങ്ങളിലാണ്‌. സമൂഹങ്ങളുടെ പ്രത്യേകതകള്‍ - ബൌദ്ധിക, സാംസ്കാരിക, ആത്മീയ നിലവാരം - സമൂഹത്തെയും അതുവഴി ഗ്രന്ഥകര്‍ത്താക്കളേയും സ്വാധീനിചിരിക്കുന്നതിനാല്‍ സമൂഹത്തിന്റെ പരിധികളും പരിമിതികളും ബൈബിളില്‍ കടന്നുകൂടി. ഇവയൊക്കെയും ബൈബിളിന്റെഭാഗവുമായി.

ഗ്രന്ഥകര്‍ത്താക്കളുടെ  അമിത തീക്ഷണത

ഗ്രന്ഥകര്‍ത്താക്കളുടെ  അമിത തീക്ഷണതയും ബൈബിളില്‍ തെറ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഉദാഹരണമായി പൗലോസ്‌ തന്റെ ലേഖനങ്ങള്‍ എഴുതുമ്പോള്‍ വിജാതിയരോടുള്ള താല്പര്യം യാഹൂദാചാരത്തിന് മങ്ങലേല്‍പ്പിക്കുന്നതായി  കാണുന്നു. ബ്രഹ്മചര്യം, കന്യാത്വം, സ്ത്രീസമത്വം തുടങ്ങിയ  വിഷയങ്ങളില്‍ പൌലോസിന്റെ ലേഖനങ്ങള്‍ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നു. ഈ പ്രത്യേകതകളും ബൈബിളിലെ ഓരോ തെറ്റുകള്‍ ആയി.

ജനത്തിന്റെയും ഗ്രന്ഥകര്‍ത്താക്കളുടെയും മൌലികവാദം

സത്യദൈവം തങ്ങളുടെ ദൈവമാണെന്നും മറ്റു മനുഷ്യര്‍ വിജാതിയരാണെന്നും, ദൈവപ്രീതിക്ക് കാരണമാവാത്തവര്‍  ആണെന്നും ഉള്ള ചിന്തകള്‍ ബൈബിള്‍ ജനതയ്ക്കും ബൈബിള്‍ ഗ്രന്ഥകര്‍ത്താക്കള്‍ക്കും ഉണ്ടായിട്ടുണ്ട്. വിജാതിയര്‍, സമരിയാക്കാര്‍ തുടങ്ങിയ പദങ്ങളിലൂടെ ഒരുതരം അവജ്ഞയും അവഗണനയും ആ ജനതയോട് ബൈബിള്‍ പുലര്‍ത്തി. ദൈവജനത്തിന്റെയും ഗ്രന്ഥകര്‍ത്താക്കളുടെയും അമിതഭക്തിയും മൌലികവാദവും മറ്റുള്ളവരെ പുശ്ചത്തോടെ വീക്ഷിക്കാനും, അവരുടെ പരാജയം ദൈവം തങ്ങളുടെ കൂടെയുള്ളതിന്റെ തെളിവുകളായും ചിത്രീകരിക്കാന്‍ ഇടവന്നു. ഇതും ബൈബിളിന്റെ ഭാഗമായി.

വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനം
     
ബൈബിളില്‍ ശരിയും, നന്മയും, സത്യവും, പൂര്‍ണ്ണതയും മാത്രമല്ല ഉള്ളത്. ജീവിതത്തിന്റെ വേദനകളിലും അരക്ഷിതാവസ്തയിലും ബൈബിള്‍ കഥാപാത്രങ്ങള്‍ പറയുന്നതും ചിന്തിക്കുന്നതും ബൈബിളില്‍ രേഖപ്പെടുത്തി. ദൈവമില്ലെന്ന തോന്നല്‍, ആകാശത്തിനു താഴെയുള്ളതെല്ലാം മായ, പിശാചിന്റെ സ്വാധീനം ഇവയെല്ലാം സാധാരണ മനുഷ്യന്റെ അനുഭവമായപ്പോള്‍ അതും ബൈബിളില്‍ രേഖപ്പെടുത്തി. ഭൂമിശാസ്ത്രപരമായ അറിവിന്റെ കുറവ്, ജീവികളുടെ സ്വഭാവം, മാധ്യമങ്ങളുടെ അഭാവം, സൃഷ്ട്ടിയെപ്പറ്റിയുള്ള വ്യത്യസ്ത ചിന്തകള്‍ എന്നിവയൊക്കെയും ബൈബിളിനെ പരിമിതപ്പെടുത്തി. പരിമിതികളും പരിധികളും ബൈബിളില്‍ രേഖപ്പെടുത്തിയപ്പോള്‍ ദൈവനിവേശിത ബൈബിളില്‍ തെറ്റുകളുണ്ടെന്നു വിധി എഴുതാന്‍ അത് കാരണമായി. 

(തുടരും...) ]]] 
ഈ ലേഖനത്തിന്റെ ബാക്കി ഭാഗങ്ങള്‍ക്കായി നമ്മുക്ക് കാത്തിരിക്കാം. ഇതിനോടുള്ള നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ പറയുകയും ചെയ്യാം.

Saturday, May 8, 2010

ഖുര്‍ആനിലേക്ക് പുതിയൊരു വാതില്‍


മനുഷ്യകുലത്തിന്റെ സന്മാര്‍ദര്‍ശനത്തിന് അവതീര്‍ണമായതാണ് വിശുദ്ധഖുര്‍ആന്‍ . അത് ആരുടെയും കുത്തകയല്ല. അപ്രകാരം ചിന്തിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തികകയും ചെയ്തിരുന്ന ഒരു കാലഘട്ടം കേരള ചരിത്രത്തില്‍ കഴിഞ്ഞ് പോയിട്ടുണ്ട്. ഇപ്പോഴും ചിലരെങ്കിലും അതേ വിശ്വാസം പേറുന്നവരുണ്ട്. എന്നാല്‍ വിശുദ്ധഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് മരുഷ്യരേ എന്ന് വിളിച്ചുകൊണ്ടാണ്.

ഖുര്‍ആന്‍ അടിസ്ഥാനകാര്യങ്ങളാണ് നല്‍കുന്നത്. വിശുദ്ധഖുര്‍ആന്‍ മനുഷ്യന് നേരിട്ട് നല്‍കുകയല്ല ചെയ്തത്. അപ്രകാരമായിരുന്നെങ്കില്‍ അവ പൂര്‍ണമായി വിശദീകരിക്കുന്ന വിധം ആകേണ്ടിയിരുന്നു. എങ്കില്‍ പോലും അവ്യക്തതകള്‍ അവശേഷിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഗ്രന്ഥം ഒരു പ്രവാചകനിലൂടെയാണ് നമ്മുക്ക് ലഭിക്കുന്നത്. തൗറാത്ത് മോശയിലൂടെ സങ്കീര്‍ത്തനങ്ങള്‍ ദാവീദിലൂടെ ഇഞ്ചീല്‍ ഇസായിലൂടെ (ക്രിസ്ത്യാനികള്‍ പിന്നീട് യേശുവിനെ ദൈവവും ദൈവപുത്രനുമൊക്കെയാക്കി മാറ്റി എന്നത് വാസ്തവം). ഖുര്‍ആന്‍ മുഹമ്മദ് നബിയിലൂടെയും പ്രവാചകമാരുടെ ബാധ്യത വേദഗ്രന്ഥം വിശദീകരിക്കുക എന്നതായിരുന്നു. തങ്ങളുടെ ജീവിതത്തില്‍ അത് പകര്‍ത്തിയാണ് പ്രവാചകന്‍മാര്‍ ആ കാര്യം നിര്‍വഹിച്ചത്. അതുകൊണ്ടുതന്നെ വിശുദ്ധഖുര്‍ആനിന്റെ പൂര്‍ണത് ആ പ്രവാചകത്വം കൂടി ഉള്‍കൊള്ളുമ്പോഴാണ്.

അതുകൊണ്ടുതന്നെ പ്രവാചകന് ശേഷം വിശുദ്ധഖുര്‍ആനിന്റെ വ്യാഖ്യാനങ്ങള്‍ പ്രവചാക ചര്യക്കനുസരിച്ച് എഴുതപ്പെട്ട് പോന്നു. ഇത്തരം വ്യാഖ്യാനങ്ങള്‍ക്കുന്നും ദിവ്യത്വമില്ല. അവരുടെ കാലികമായ വീക്ഷണം അതില്‍ കടുന്നുവരാം. ഇതിനെ ആനിലക്ക് തന്നെ കാണണം. ആധുനിക കാലഘട്ടത്തില്‍ എഴുതപ്പെട്ട ഏറ്റവും ശ്രദ്ധേയമാണ ഖുര്‍ആന്‍ വ്യാഖ്യാനമാണ് മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍. ലോക പ്രശ്‌സ്തമായ വ്യാഖ്യാന ഗ്രന്ഥമാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍ മൂലഭാഷ ഉറുദുവാണ്. അനേകം ലോകഭാഷകളിലേക്ക് ഇതിനകം അത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉറുദുവിന്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നതും തഫ്ഹീമാണോ എന്ന് ഞാന്‍ സംശയിക്കുന്നതിന് കാരണം യു.എ.ഇലെ ഉറുദു സംസാരിക്കുന്നവര്‍ ധാരാളമായി പങ്കെടുക്കുന്ന പള്ളികളിലൊക്കെ കാണപ്പെട്ടത് തഫ്ഹീമിന്റെ പതിപ്പുകളായതുകൊണ്ടാണ്.

തഫ്ഹീം പുര്‍ണമായി ഡിജിറ്റല്‍ മീഡിയയിലേക്ക് മാറ്റിയത് ആദ്യമായി മലയാളത്തിലാണ് എന്റെ അറിവ്. അതിന് മുമ്പ് മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണമെന്ന വ്യാഖ്യാന ഗ്രന്ഥത്തെ അധികരിച്ച് ഒരു മലയാളം സോഫ്റ്റ് വെയര്‍ ഇറങ്ങിയിരുന്നു. പക്ഷെ അതിനേര്‍പ്പെടുത്തിയ ഭീമമായ വിലയും കോപ്പിയെടുക്കാനുള്ള സൗകര്യമില്ലായ്മയും അതിന്റെ സാന്നിദ്ധ്യം പോലും അജ്ഞാതമാക്കി. അതിന് വേണ്ടിവന്ന അധ്വോനവും ചെലവും പരിഗണിക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ ആ വിലനിശ്ചയിച്ചതില്‍ അത്ഭുതമൊന്നുമില്ല. ആ സി.ഡി. ഒരു സുഹൃത്തിലൂടെ കയ്യില്‍ കിട്ടുമ്പോള്‍ ഞാന്‍ ആദ്യമായി ചിന്തിച്ചത് തഫ്ഹീമിന്റെ സി.ഡി. ഇറങ്ങിയിട്ടുണ്ടോ എന്നാണ്. നാട്ടില്‍ വന്ന ശേഷം ചിലപുസ്തകങ്ങള്‍ വാങ്ങാന്‍ ഐ.പി.എചിലേക്ക് പുറപ്പെടുമ്പോള്‍ എന്റെ മനസ്സില്‍ അത്തരമൊരു ചിന്തയും കൂടി ഉണ്ടായിരുന്നു. ബന്ധപ്പെടവരോട് അന്വേഷിച്ചപ്പോള്‍ ഇറങ്ങിയിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞു. പിന്നീട് ഏതാനും മാസങ്ങള്‍ ശേഷം എന്നെ ഒരു വിളി തേടിയെത്തി. ഇപ്രകാരം തഫ്ഹീം സോഫ്റ്റ് വെയറിലേക്ക് പകര്‍ത്തുന്ന ഒരു പ്രൊജക്റ്റിന് വേണ്ടി ഒരു മുഴുസമയ കോര്‍ഡിനേറ്ററെ ഐ.പി.എച്ച് തിരക്കുന്ന സന്ദര്‍ഭത്തിലാണ് അത് സംഭവിച്ചത്. തുടര്‍ന്ന് അതിന്റ കണ്‍വീനറായി ചുമതലയേല്‍പ്പിക്കപ്പെട്ട വി.കെ അബ്ദു സാഹിബിനെ ചെന്ന് കാണുകയും അദ്ദേഹം ഞാന്‍ ചെയ്യേണ്ട ജോലിയെക്കുറിച്ച് വിശദീകരിച്ച് തരികയും ചെയ്തു. ഇതിന്റെ വര്‍ക്കുകള്‍ ചെയ്യാന്‍ നാം ഒരു കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവരാണ് ഈ വര്‍ക്ക് ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. പ്രോഗ്രാമര്‍മാര്‍ വിഷയത്തെക്കുറിച്ച അറിവുള്ളവരായിരിക്കില്ല. അതില്‍ ഐ.പി.എച്ചില്‍ നിന്നുള്ള സഹായം അവര്‍ക്ക് നല്‍കുക. പ്രോജക്ട് കോര്‍ഡിനേറ്റര്‍ എന്നതായിരിക്കും എന്റെ സ്ഥാനം. തഫ്ഹീമിനെക്കുറിച്ചുള്ള ധാരണയും കമ്പ്യൂട്ടറിലുള്ള സാമാന്യ പരിചയവും ഉള്ളതുകൊണ്ട് ഒട്ടും ആശങ്കയില്ലാതെ ഞാന്‍ ഏറ്റെടുത്തു. പിന്നീട് രണ്ടുപേരെ കൂടി ഉള്‍പ്പെടുത്തി ഞങ്ങള്‍ മൂന്നുപേരെ കണ്ടന്റ് മാനേജ്‌മെന്റിന് മുഴുസമയ സേവനത്തിനായി നിയോഗിക്കപ്പെട്ടു. അബ്ദുള്‍ ശുക്കൂര്‍ പറവണ്ണ, അബൂദര്‍റ് എടയൂര്‍ എന്നിവരായിരുന്നു ബാക്കി രണ്ടുപേര്‍. ശുക്കൂര്‍ സാഹിബ് 20ലധികം വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് നാട്ടില്‍ സ്ഥിരതാമസമാക്കിയത്. അതിവേഗം മലയാളം ടൈപ്പുചെയ്യാന്‍ അദ്ദേഹത്തിന് കഴിയും. അബൂദര്‍റ് എഡിറ്ററായും. പക്ഷെ പ്രൊജക്റ്റ് തുടങ്ങി അല്‍പം പിന്നിട്ടപ്പോഴാണ്. ഞങ്ങളുടെ യഥാര്‍ഥ ഡ്യൂട്ടിയെക്കുറിച്ചുള്ള ധാരണ ലഭിച്ചത്. പിന്നീട് ജോലിക്കിടയിലെ കൃത്യമായ വിഭജനം സാധ്യമായിരുന്നില്ല. പ്രോഗ്രാമര്‍മാരില്‍നിന്ന് നിര്‍ദ്ദേശം കൃത്യമായി സ്വീകരിക്കുക. പിന്നീട് രണ്ടുപേരോടും കൂടിയാലോചിച്ച് കൂട്ടായി ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ശൈലി. ഞങ്ങളീ പ്രവര്‍ത്തനത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമായിരുന്നു. സംഭവബഹുലമായ ഒന്നരവര്‍ഷത്തെ 100 ലധികം പേരുടെ കഠിനമായ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്റെ കമ്പ്യൂട്ടര്‍ പതിപ്പ്. പക്ഷെ അതിന്റെ പരിമിതി ഇതിന്റെ പ്രവര്‍ത്തരകുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമേ ഇത് ലഭ്യമാകുകയുള്ളൂ എ്ന്നതാണ്. ഈ വലിയ പരിമിതി മറികടക്കുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ തഫ്ഹീമുല്‍ ഖുര്‍ആന്റെ നെറ്റ് പതിപ്പ്. യൂണികോഡായതിനാല്‍ സര്‍ചിനും മറ്റും വളരെ സൗകര്യമായി.

ഇത്തരമൊരു സൗകര്യം ഇതുവരെ നിലവിലില്ലാത്തതുകൊണ്ടാണ് എന്റെ ഈ ബ്ലോഗില്‍ പലപ്പോഴും തഫ്ഹീമിന്റെ വ്യാഖ്യാനങ്ങള്‍ ചേര്‍ത്ത് പോസ്റ്റാക്കിയത്. ഇനി അതിന്റെ ആവശ്യമില്ല. അതുകൊണ്ട് ഖുര്‍ആനിന്റെ മറ്റുവിഷയങ്ങള്‍ ചര്‍ചചെയ്യാം. ലോകത്തിലെ ആര്‍ക്കും ഇനി വിശുദ്ധഖുര്‍ആന്‍ മനസ്സിലാക്കുക എന്നത് അതീവലളിതമായി മാറിയിരിക്കുന്നു. ഈ നെറ്റ് സംവിധാനം പൂര്‍ത്തിയാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഇത് ഈ കാലത്തിനിടയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ അതിന്റെ കമ്പ്യൂട്ടര്‍ വേര്‍ഷനുള്ള പങ്ക് വിസ്മരിക്കാവതല്ല. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അതിവിദഗ്ദനായ  പ്രോഗ്രാമര്‍ കൊടിയത്തൂര്‍ കാരനായ ഷാഹിറിനെ പരാമര്‍ശിക്കാതെ ഈ വിവരണം അപൂര്‍ണമാണ്. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നവരിലൂടെ നിലക്കാത്ത പ്രതിഫലം ഇതിന് വേണ്ടി സാമ്പത്തികവും പ്രചരണപരവുമായ പ്രവര്‍ത്തനങ്ങളിലെല്ലാം പങ്കാളികളായവര്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ദൈവം  അവന്റെ വചനങ്ങള്‍ മനുഷ്യരിലെത്തിക്കാനായി മറ്റൊരു വാതില്‍ കൂടി തുറക്കുകയാണ്. ഇതാ ഇതിലൂടെ.

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...