Tuesday, January 26, 2010

ഖുര്‍ആനിന്റെ അനുയായികളിലെ ഭിന്നിപ്പ്

   ഖുര്‍ആനെ സംബന്ധിച്ച് പൊതുവേ ജനമനസ്സില്‍ തറച്ചുനില്‍ക്കുന്ന മറ്റൊരു ചോദ്യമിതാണ്: ദൈവികഗ്രന്ഥത്തിന്റെ ആവിര്‍ഭാവത്തിനുശേഷം ഭിന്നിപ്പിലും കക്ഷിമാത്സര്യത്തിലും പെട്ടിരിക്കുന്നവരെയും സ്വമതത്തെ തുണ്ടംതുണ്ടമാക്കിയവരെയും ഖുര്‍ആന്‍ അതികഠിനായി ഭര്‍ത്സിക്കുന്നുണ്ട്; അതേസമയം, ഖുര്‍ആനിക നിയമങ്ങളുടെതന്നെ വ്യാഖ്യാനങ്ങളില്‍ സാരമായ അഭിപ്രായഭിന്നതകള്‍ കാണപ്പെടുകയും ചെയ്യുന്നു. പില്‍ക്കാല പണ്ഡിതന്മാര്‍ക്കിടയില്‍ മാത്രമല്ല, പൂര്‍വികരായ 'ഇമാമു'കള്‍ക്കും 'താബിഇ'കള്‍ക്കും ഇടയില്‍തന്നെ, നബിയുടെ സഖാക്കള്‍ക്കിടയില്‍പോലും! ഇതെത്രത്തോളമെന്നാല്‍, നിയമപ്രധാനമായ ഒരു സൂക്തത്തിനെങ്കിലും സര്‍വാംഗീകൃതമായ ഒരു വ്യാഖ്യാനമുള്ളതായി കാണുന്നില്ല. അപ്പോള്‍ മതഭിന്നതയെ സംബന്ധിച്ച ഖുര്‍ആനികാധിക്ഷേപം ഇവര്‍ക്കെല്ലാം ബാധകമാണോ? അല്ലെങ്കില്‍ ഖുര്‍ആന്‍ വിരോധിച്ച കക്ഷിത്വവും ഭിന്നതയും എവ്വിധമുള്ളതാണ്!

   ഇതൊരു വിപുലമായ പ്രശ്‌നമാണ്. സവിസ്തര ചര്‍ച്ചക്ക് സന്ദര്‍ഭമില്ലാത്തതുകൊണ്ട് ഒരു സാമാന്യവായനക്കാരന്റെ സംശയനിവൃത്തിക്കാവശ്യമായ ചില കാര്യങ്ങള്‍ മാത്രമേ ഞാനിവിടെ സൂചിപ്പിക്കുന്നുള്ളൂ. ദീനില്‍ യോജിച്ചവരും ഇസ്‌ലാമിക സംഘടനയില്‍ ഒന്നിച്ചവരുമായിരിക്കെ, കേവലം നിയമവിധികളുടെ വ്യാഖ്യാനങ്ങളില്‍ സത്യസന്ധമായ ഗവേഷണഫലമായുണ്ടാകാവുന്ന ആരോഗ്യകരമായ അഭിപ്രായഭിന്നതകള്‍ക്ക് ഖുര്‍ആന്‍ ഒരിക്കലും എതിരല്ല. മറിച്ച് വക്രവീക്ഷണത്തില്‍നിന്നുയിര്‍കൊണ്ടതും കക്ഷിമാത്സര്യത്തിലേക്ക് നയിക്കുന്നതുമായ സ്വേഛാ പ്രേരിതമായ ഭിന്നിപ്പിനെയാണത് ഭര്‍ത്സിക്കുന്നത്. ഈ രണ്ടുതരം ഭിന്നതകള്‍ അതതിന്റെ സ്വഭാവത്തില്‍ വ്യത്യസ്തമായതുപോലെ, അനന്തരഫലങ്ങളെ വിലയിരുത്തുമ്പോഴും അവതമ്മില്‍ തീരെ സാമ്യതയില്ല. അതുകൊണ്ടുതന്നെ അവയെ ഒരേ മാനദണ്ഡംകൊണ്ടളക്കാനും പാടുള്ളതല്ല. ആദ്യം പറഞ്ഞ ഭിന്നത ഉദ്ഗമനത്തിന്റെ അന്തസ്സത്തയും ചലനബദ്ധമായ ജീവിതത്തിന്റെ ചൈതന്യവുമാണ്. പ്രത്യുല്‍പന്നമതികളും പ്രതിഭാശാലികളുമടങ്ങിയ ഏതു സമൂഹത്തിലും  അതുണ്ടായിരിക്കും.  ബുദ്ധിയുള്ള മനുഷ്യരുടെയല്ലാത്ത കേവലം പൊങ്ങുതടികളുടേതായ സമൂഹം മാത്രമേ അതില്‍നിന്നൊഴിവാകൂ. പക്ഷേ, അങ്ങനെയല്ല, രണ്ടാമതു പറഞ്ഞ ഭിന്നത. അതേതൊരു ജനവിഭാഗത്തില്‍ തലപൊക്കിയിട്ടുണ്ടെങ്കിലും അവരെ ശിഥിലമാക്കിക്കളഞ്ഞിട്ടുണ്ട്. അത്തരം ഭിന്നതകള്‍ ആരോഗ്യത്തിന്റെ ലക്ഷണമല്ല; രോഗലക്ഷണമാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ ഒരു സമുദായത്തിനും ഗുണപ്രദമായിരിക്കുകയുമില്ല. ഈ ദ്വിവിധമായ ഭിന്നതകളുടെ അന്തരം വ്യക്തമായി മനസ്സിലാക്കപ്പെടേണ്ടതാണ്.

Tuesday, January 19, 2010

വിശദാംശങ്ങളുടെ ഗ്രന്ഥമല്ല

ഖുര്‍ആനെപ്പറ്റി, അതൊരു സവിസ്തരമായ സാന്മാര്‍ഗിക പുസ്തകവും നിയമസംഹിതയുമാണെന്ന് ഒരു ശരാശരി വായനക്കാരന്‍ നേരത്തെ ധരിച്ചുവെച്ചിരിക്കുന്നു. പക്ഷേ, അയാളത് വായിച്ചുനോക്കുമ്പോള്‍ സാമൂഹിക-നാഗരിക-രാഷ്ട്രീയ-സാമ്പത്തികാദി ജീവിതമേഖലകളെക്കുറിച്ച സുവിശദമായ നിയമാവലികള്‍ അതില്‍ കാണുന്നില്ലെന്നു മാത്രമല്ല, ഖുര്‍ആന്‍ ആവര്‍ത്തിച്ചൂന്നുന്ന നമസ്‌കാരം, സകാത് മുതലായ നിര്‍ബന്ധ കര്‍മങ്ങളെക്കുറിച്ചുപോലും ആവശ്യമായ വിശദാംശങ്ങളുടെ ഒരു നിയമാവലി അത് സമര്‍പ്പിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇതും വായനക്കാരന്റെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഖുര്‍ആന്‍ ഏതര്‍ഥത്തിലുള്ള സാന്മാര്‍ഗിക ഗ്രന്ഥമാണെന്ന് അയാള്‍ ചിന്തിച്ചുപോകുന്നു.

വസ്തുതയുടെ ഒരു വശം നമ്മുടെ കാഴ്ചപ്പാടില്‍ തീരെ പെടാതിരുന്നതാണ് ഈ ചിന്താക്കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായിരിക്കുന്നത്. ദൈവം ഒരു ഗ്രന്ഥം അവതരിപ്പിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്; ആ ഗ്രന്ഥത്തിന്റെ വക്താവും പ്രയോക്താവുമായി ഒരു പ്രവാചകനെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു എന്നതാണാവശം. ജനങ്ങള്‍ക്ക് ഒരു പ്ലാന്‍ നല്‍കി, തദനുസൃതമായ കെട്ടിടം അവര്‍തന്നെ നിര്‍മിച്ചുകൊള്ളണമെന്നായിരുന്നു ദൈവഹിതമെങ്കില്‍ തീര്‍ച്ചയായും നിര്‍മാണത്തിന്റെ എല്ലാ വിശദാംശങ്ങളും അവര്‍ക്കു ലഭിക്കേണ്ടതുണ്ടായിരുന്നു. പക്ഷേ, നിര്‍മാണസംബന്ധമായ നിര്‍ദേശങ്ങള്‍ക്കൊപ്പം ഔദ്യോഗികമായിത്തന്നെ ഒരു എഞ്ചിനീയറെക്കൂടി നിശ്ചയിച്ചുതരുകയും നിര്‍ദിഷ്ടപദ്ധതിയനുസരിച്ച് അദ്ദേഹം കെട്ടിടനിര്‍മാണം ഭംഗിയായി പൂര്‍ത്തീകരിച്ചുതരുകയും ചെയ്തിട്ടുണ്ടെന്നിരിക്കട്ടെ; എഞ്ചിനീയറെയും അദ്ദേഹത്താല്‍ നിര്‍മിതമായ കെട്ടിടത്തെയും അവഗണിച്ചുകൊണ്ട്, രൂപരേഖയില്‍തന്നെ ശാഖാപരമായ വിശദാംശങ്ങള്‍ അന്വേഷിക്കുന്നതും അതവിടെയില്ലെന്നുകണ്ട് ആ രൂപരേഖയുടെ അപൂര്‍ണതയെ പഴിക്കുന്നതും തെറ്റാണ്. ഖുര്‍ആന്‍ ശാഖോപശാഖകളുടെ ഗ്രന്ഥമല്ല; മൗലികതത്ത്വങ്ങളുടെ ഗ്രന്ഥമാണ്. ഇസ്‌ലാമിക വ്യവസ്ഥിതിയുടെ ധൈഷണികവും ധാര്‍മികവുമായ അടിത്തറകളെ പൂര്‍ണവ്യക്തതയോടെ ഉന്നയിക്കുകയും ബുദ്ധിപരമായ സമര്‍ഥനംകൊണ്ടും വൈകാരികമായ സമീപനംകൊണ്ടും അവയെ മേല്‍ക്കുമേല്‍ ഭദ്രമാക്കുകയുമാണ് അതിന്റെ സാക്ഷാല്‍ കൃത്യം. അതിനപ്പുറം, ഇസ്‌ലാമിക ജീവിതത്തിന്റെ പ്രായോഗികരൂപത്തെ സംബന്ധിച്ചേടത്തോളം ഖുര്‍ആന്‍ നല്‍കുന്ന മാര്‍ഗദര്‍ശനം ഓരോ ജീവിതത്തെയുംപറ്റി സവിസ്തരം നിയമ-ചട്ടങ്ങള്‍ പഠിപ്പിച്ചുകൊണ്ടല്ല; പ്രത്യുത, ജീവിതത്തിന്റെ ഓരോ മേഖലയുടെയും നാലതിരുകള്‍ നിര്‍ണയിക്കുകയും ചില പ്രത്യേകസ്ഥാനങ്ങളില്‍ പ്രകടമാംവണ്ണം നാഴികക്കല്ലുകള്‍ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ആ ജീവിതമേഖലകള്‍ ദൈവഹിതാനുസാരം എങ്ങനെ സംവിധാനിക്കപ്പെടണമെന്നു നിര്‍ദേശിച്ചുതരുകയാണതു ചെയ്യുന്നത്. ഈ നിര്‍ദ്ദേശാനുസൃതമായി ഇസ്‌ലാമികജീവിതത്തിന് പ്രാവര്‍ത്തികരൂപം നല്‍കുക പ്രവാചകന്റെ കര്‍ത്തവ്യമായിരുന്നു. അതായത്, ഖുര്‍ആന്‍ അവതരിപ്പിച്ച മൗലികതത്ത്വങ്ങളെ പ്രയോഗവല്‍ക്കരിച്ചുകൊണ്ട് വൈയക്തിക സ്വഭാവ-ചര്യകളുടെയും സാമൂഹിക-രാഷ്ട്രീയ സംവിധാനത്തിന്റെയും സമൂര്‍ത്തമാതൃകകള്‍ സമര്‍പ്പിക്കുകയായിരുന്നു പ്രവാചകന്റെ ദൗത്യം. അതിനുവേണ്ടിയായിരുന്നു, അവിടന്ന് നിയോഗിതനായതുതന്നെ. (ഖുര്‍ആന്‍ പഠനത്തിനൊരു മുഖവുര)

Thursday, January 7, 2010

ഊഹങ്ങളെ പിന്‍പറ്റുന്നവര്‍

സത്യനിഷേധികളായ ആളുകള്‍ പലപ്പോഴും അമാനുഷിക ദൃഷ്ടാന്തങ്ങള്‍ കാണിക്കാന്‍ പ്രവാചകന്‍മാരെ പിന്‍പറ്റാമെന്ന് അവര്‍ അണയിട്ട് പറഞ്ഞിരുന്നു. ഇത് കേള്‍ക്കുമ്പോള്‍ വിശ്വാസികളും അത്തരമൊന്ന് ആഗ്രഹിച്ചു. അവരോട് നിഷേധികളുടെ യഥാര്‍ഥ അവസ്ഥ വിശദീകരിക്കുകയാണിവിടെ തുടര്‍ന്ന് വായിക്കുക. അധ്യായം (6) അല്‍അന്‍ആം:

നാം മലക്കുകളെത്തന്നെ അവരിലേയ്ക്കിറക്കുകയും മരിച്ചവര്‍ അവരോടു സംസാരിക്കുകയും ലോകത്തുള്ള സകല വസ്തുക്കളും അവരുടെ കണ്‍മുമ്പില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്താല്‍പോലും അവര്‍ വിശ്വസിക്കുമായിരുന്നില്ല- (വിശ്വസിക്കണമെന്നു) ദൈവേഛയുണ്ടായാലല്ലാതെ.1 പക്ഷേ, അവരില്‍ അധികപേരും അവിവേകം സംസാരിച്ചുകൊണ്ടിരിക്കുകയാകുന്നു. ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്.2 അവരങ്ങനെ ചെയ്യരുതെന്ന് നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ ഒരിക്കലും അവരതു ചെയ്യുമായിരുന്നില്ല.3 ശരി, തങ്ങളുടെ കള്ളം ചമയ്ക്കലില്‍ തന്നെ അവരെ വിട്ടേക്കുക. (നാം അവരെ ഇതെല്ലാം ചെയ്യാന്‍ അനുവദിക്കുന്നത് ഇതിനുവേണ്ടിത്തന്നെയാകുന്നു:) പരലോക വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്ക് (മോഹനമായ വഞ്ചനയിലേക്ക്) ആകൃഷ്ടമാക്കുന്നതിനും അവരതില്‍ സംതൃപ്തരാകുന്നതിനും അവന്‍ സമ്പാദിക്കേണ്ട തിന്മകള്‍ സമ്പാദിക്കേണ്ടതിനും. അവസ്ഥ ഇതായിരിക്കെ, അല്ലാഹുവല്ലാത്ത ആരെയെങ്കിലും വിധികര്‍ത്താവായി ഞാന്‍ തേടുകയോ? അവനാവട്ടെ, നിങ്ങള്‍ക്കു തികച്ചും വിശദമായ വേദം അവതരിപ്പിച്ചുതന്നിരിക്കുന്നു. (നിനക്കു മുമ്പ്) വേദം ലഭിച്ചവരോ, ഈ വേദം നിന്റെ റബ്ബിങ്കല്‍നിന്നുള്ള സത്യവും കൊണ്ടവതീര്‍ണമായതു തന്നെയാണെന്നറിയുന്നു. അതിനാല്‍ നീ സന്ദേഹിക്കുന്നവരില്‍ പെട്ടുപോകരുത്. നിന്റെ റബ്ബിന്റെ വചനം സത്യത്താലും നീതിയാലും സമ്പൂര്‍ണമായിരിക്കുന്നു. അവന്റെ അരുളപ്പാടുകള്‍ ഭേദഗതി ചെയ്യുന്നവനായി ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. (6:111-115)

1. അതായത്, അല്ലാഹു മനുഷ്യവംശത്തിന് പ്രത്യേകമായി പ്രദാനം ചെയ്തിട്ടുള്ള സ്വാതന്ത്ര്യവും ഇഛാശക്തിയും ഉപയോഗിച്ചുകൊണ്ട് ഇവര്‍ അസത്യമാര്‍ഗം കൈവെടിഞ്ഞ് സത്യത്തിന്റെ മാര്‍ഗം അംഗീകരിക്കുകയെന്ന പ്രശ്‌നമേ ഉളവാകുന്നില്ല. ഇവരെ സത്യവിശ്വാസികളാക്കുവാന്‍ ഇനി വല്ല മാര്‍ഗവുമുണ്ടെങ്കില്‍ ഇതൊന്നു മാത്രമാണ്; അല്ലാഹു മറ്റെല്ലാ അസ്വതന്ത്ര സൃഷ്ടികളെയും പോലെ ഇവരെയും ജന്മനാ സത്യവാദികളായി സൃഷ്ടിക്കുക. എന്നാല്‍ അല്ലാഹു മനുഷ്യസൃഷ്ടിയില്‍ ദീക്ഷിച്ച യുക്തിക്കും ലക്ഷ്യത്തിനും വിപരീതമത്രെ അത്. അതിനാല്‍ പ്രകൃത്യതീതമായ ഇടപെടല്‍ മൂലം അല്ലാഹു ഇവരെ സത്യവിശ്വാസികളാക്കിവിടുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ അസ്ഥാനത്താണ്.

2. ജിന്നുവര്‍ഗത്തിലും മനുഷ്യവര്‍ഗത്തിലുമുളള പിശാചുക്കളില്‍നിന്ന് തങ്ങള്‍ക്കെതിരില്‍ ഏകോപിച്ചണിനിരന്നിട്ടുണ്ടെങ്കില്‍ പരിഭ്രമിക്കാനൊന്നുമില്ല. താങ്കള്‍ക്കുമാത്രം അഭിമുഖീകരിക്കേണ്ടിവന്ന ഒരു സ്ഥിതി വിശേഷമല്ല ഇത്. ഏതുകാലത്തും ഒരു പ്രവാചകന്‍ ലോകത്തിനു നേര്‍വഴി കാട്ടുവാനായി എഴുന്നേറ്റപ്പോള്‍ അദ്ദേഹത്തിന്റെ ആ സംരംഭത്തെ പരാജയപ്പെടുത്തുവാന്‍ പൈശാചികശക്തികള്‍ ഒന്നടങ്കം ഒരുമ്പെട്ടിട്ടുണ്ട്.
സത്യപ്രബോധനത്തിനും സത്യപ്രബോധകനുമെതിരായി പൊതുജനങ്ങളെ ഇളക്കിവിടുവാനും പ്രകോപിപ്പിക്കുവാനും അവരുപയോഗിക്കുന്ന സൂത്രോക്തികളും കുതന്ത്രങ്ങളും സംശയാശങ്കകളും മറ്റുമാണ് ഇവിടെ “ മോഹനവാക്യങ്ങള്‍' കൊണ്ടു വിവക്ഷ. അതിനെയെല്ലാം പൊതുവില്‍ വഞ്ചനയെന്നു വിശേഷിപ്പിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ സത്യത്തെ എതിര്‍ക്കുവാനായി സത്യവിരോധികള്‍ പ്രയോഗിക്കാറുള്ള അത്തരം അടവുകള്‍ പ്രത്യക്ഷത്തില്‍ വളരെ ഫലപ്രദമായും വിജയകരമായും കണ്ടേക്കാമെങ്കിലും യാഥാര്‍ഥ്യവും പരിണാമവും കൊണ്ട് നോക്കുമ്പോള്‍ കേവലം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. ഇതര ജനങ്ങളെ സംബന്ധിച്ച് മാത്രമല്ല, സ്വന്തത്തെ, സംബന്ധിച്ചിടത്തോളവും അത് വഞ്ചനയാണ്.

3. മുമ്പ് നാം നല്‍കിയ വിശദീകരണങ്ങള്‍ക്ക് പുറമെ ഒരു സംഗതികൂടി ഇവിടെ പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ ഇഛയും അവന്റെ പ്രീതിയും ഒന്നല്ല. അവ തമ്മില്‍ വമ്പിച്ച അന്തരമുണ്ട്. ഈ സംഗതി അവഗണിച്ചതുമൂലം ജനങ്ങളെ പൊതുവില്‍ വളരെ തെറ്റുദ്ധാരണകള്‍ പിടികൂടിയിരിക്കുന്നു. ഏതൊരു സംഗതിയും പ്രകടമാവുന്നത് ദൈവത്തിന്റെ ഇഛയും അനുമതിയുമനുസരിച്ചാണെന്നു പറഞ്ഞാല്‍ അതില്‍ അവന്റെ പ്രീതിയും തൃപ്തിയുമുണ്ടെന്നര്‍ഥമില്ല. ആ സംഭവത്തിന്റെ ആവിര്‍ഭാവത്തിന് അവന്റെ മഹത്തായ സ്‌കീമില്‍ പഴുതു വെച്ചിട്ടുണ്ടെന്നും ആ കാര്യത്തിന്റെ കാരണങ്ങള്‍ അതില്‍ സജ്ജീകൃതമായിട്ടുണ്ടെന്നും മാത്രമേ അതുകൊണ്ടു വരികയുള്ളൂ. വാസ്തവത്തില്‍ ദൈവാനുമതിയും ദൈവേഛയും കൂടാതെ ലോകത്തൊന്നും സംഭവിക്കുന്നില്ല. മോഷ്ടാവിന്റെ മോഷണം, കൊലയാളിയുടെ കൊല, അക്രമിയുടെ അക്രമം, അവിശ്വാസിയുടെ അവിശ്വാസം, മുശ്‌രികിന്റെ ശിര്‍ക്ക് ഇങ്ങനെയാതൊന്നും തന്നെ ദൈവാനുമതിയോടെ അല്ലാതെ സംഭവ്യമല്ല. അപ്രകാരം തന്നെയാണ് വിശ്വാസിയുടെ വിശ്വാസത്തിന്റെയും'ഭക്തന്റെ'ഭക്തിയുടെയും സ്ഥിതി. യാതൊന്നും ദൈവേഛക്കതീതമായി നടക്കുകയില്ല. രണ്ടുതരം സംഭവങ്ങളിലും ദൈവേഛ തുല്യനിലയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ആദ്യം പറഞ്ഞ തരത്തില്‍പ്പെട്ട സംഭവങ്ങളില്‍ ദൈവപ്രീതിയില്ല. രണ്ടാമത് പറഞ്ഞതില്‍ ദൈവത്തിന്റെ ഇഛയോടൊപ്പം അവന്റെ ഇഷ്ടവും പ്രീതിയും സമ്മേളിക്കുന്നുണ്ട്. അന്തിമവിശകലനത്തില്‍ ഏതോ മഹത്തായൊരു നന്മക്കുവേണ്ടിയായിരിക്കും ദൈവേഛ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇരുട്ട്- വെളിച്ചം, ഗുണം-ദോഷം, നന്മ-തിന്മ എന്നീ വിരുദ്ധ ശക്തികളുടെ പരസ്പര സംഘട്ടനത്തില്‍ കൂടിയാണ് ആ മഹത്തായ നന്മയുടെ മാര്‍ഗം തെളിഞ്ഞുവരിക. അതിനാല്‍ തന്റെ മഹത്തായ യുക്തിതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ അനുസരണത്തിനും നിഷേധത്തിനും ദൈവം ഒരേ സമയത്ത് കൃത്യനിര്‍വ്വഹണാവസരം നല്‍കുന്നു. ഇബ്‌റാഹീമിസത്തിനും നംറൂദിസത്തിനും മൂസായിസത്തിനും ഫിര്‍ഔനിസത്തിനും മനുഷ്യത്വത്തിനും പൈശാചികതയ്ക്കും ഒപ്പം പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നു. ദൈവം വിവേചനാധികാരം നല്‍കിയ തന്റെ സൃഷ്ടികള്‍ക്ക്, ജിന്ന്- മനുഷ്യവര്‍ഗ്ഗങ്ങള്‍ക്ക്, നന്മതിന്മകളിലേതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. ഈ കര്‍മലോകത്ത് നന്മയെ ഇഷ്ടപ്പെടുന്നവന് അതിന്റെതായ പ്രവര്‍ത്തനമാര്‍ഗം സ്വീകരിക്കാം. തിന്മയെ ഇഷ്ടപ്പെടുന്നവനും അങ്ങനെതന്നെ. ദൈവിക താല്‍പര്യങ്ങള്‍ അനുവദിക്കുന്നിടത്തോളം ആ രണ്ടു തരം പ്രവര്‍ത്തനങ്ങള്‍ക്കും കാര്യകാരണലോകത്ത് അനുകൂലമായ പിന്തുണയും കിട്ടും. പക്ഷേ, ദൈവത്തിന്റെ പ്രീതിയും ഇഷ്ടവും സുകൃതവാന്മാര്‍ക്ക് മാത്രമുള്ളതാണ്. ദൈവദാസന്മാര്‍ തങ്ങളുടെ വിവേചനസ്വാതന്ത്ര്യമുപയോഗിച്ചുകൊണ്ട് നന്മ തെരഞ്ഞുടുക്കുകയും തിന്മ തെരഞ്ഞുടുക്കാതിരിക്കുകയും വേണം- ഇതാണ് ദൈവത്തിന് ഇഷ്ടകരം.
ഇതോടൊപ്പം മറ്റൊരു സംഗതികൂടി ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. സത്യവിരോധികളുടെ എതിര്‍ നടപടികളെ സംബന്ധിച്ച പ്രതിപാദനം വരുമ്പോള്‍ അത് തന്റെ ഇഛാനുസൃതം തന്നെയാണുണ്ടാവുന്നതെന്ന് അല്ലാഹു പറയുക പതിവാണ്. നബിയെയും നബി മുഖേന സത്യവിശ്വാസികളെയും ഒരു കാര്യം തെര്യപ്പെടുത്തലാണ് ആ പ്രസ്താവനയുടെ ഉദ്ദേശ്യം: യാതൊരെതിര്‍പ്പും കൂടാതെ ദൈവത്തിന്റെ ആജ്ഞാനിരോധങ്ങള്‍ നടപ്പില്‍വരുത്തുകയെന്ന മലക്കുകളുടെ പ്രവര്‍ത്തന സ്വഭാവത്തില്‍നിന്നു വ്യത്യസ്തമാണ് നിങ്ങളുടെ പ്രവര്‍ത്തനരീതി. ദുഷ്ടജനങ്ങള്‍ക്കും രാജ്യദ്രോഹികള്‍ക്കുമെതിരെ അല്ലാഹുവിന് പ്രിയങ്കരമായ ജീവിത വ്യവസ്ഥയെ വിജയിപ്പിക്കാന്‍ സമരം നടത്തലാണ് നിങ്ങളുടെ സാക്ഷാല്‍ ജോലി. ദൈവദ്രോഹമാര്‍ഗം സ്വീകരിച്ചിട്ടുള്ള ജനതയ്ക്ക് അല്ലാഹു തന്റെ ഇഛാനുസാരം ഇവിടെ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയിരുന്നു. അത് പ്രകാരം തന്നെ അനുസരണത്തിന്റെയും അടിമത്തത്തിന്റെയും മാര്‍ഗം സ്വീകരിച്ച നിങ്ങള്‍ക്കും പൂര്‍ണമായ പ്രവര്‍ത്തന സന്ദര്‍ഭം നല്‍കിയിരിക്കുന്നു. ദൈവത്തിന്റെ പ്രീതിയും പിന്തുണയും സഹായവും മാര്‍ഗനിര്‍ദ്ദേശവും നിങ്ങളോടൊപ്പമാണ്. കാരണം, അവനിഷ്ടപ്പെടുന്ന മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങളാണ് എന്നുവെച്ച് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ അല്ലാഹു തന്റെ പ്രകൃത്യതീതമായ ഇടപെടല്‍ മൂലം വിശ്വസിപ്പിക്കുമെന്ന് നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല. തങ്ങളുടെ ഹൃദയ മസ്തിഷ്‌കങ്ങളും കായിക ശേഷിയും മറ്റു സകല ഉപകരണങ്ങളും ഉപയോഗിച്ച് സത്യമാര്‍ഗത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുവാന്‍ തീരുമാനിച്ചിരിക്കുന്ന ജിന്ന്- മനുഷ്യവര്‍ഗങ്ങളിലെ പിശാചുക്കളെ അല്ലാഹു നിര്‍ബന്ധപൂര്‍വം ആ മാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിക്കുമെന്ന് നിങ്ങള്‍ കാത്തിരിക്കേണ്ടതില്ല. നിങ്ങള്‍ യഥാര്‍ഥമായും സത്യധര്‍മങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചവരെങ്കില്‍ അസത്യപൂജകന്മാരുമായി ഉഗ്രസംഘട്ടനം നടത്തി നിങ്ങളുടെ സത്യസന്ധതയും ധര്‍മബോധവും തെളിയിക്കേണ്ടിവരും. അമാനുഷിക കൃത്യങ്ങളുടെ ശക്തികൊണ്ട് അസത്യത്തെ തുടച്ചുമാറ്റുകയും സത്യത്തെ വിജയിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ പിന്നെ നിങ്ങളെക്കൊണ്ടാവശ്യമെന്തായിരുന്നു? ലോകത്തൊരു ചെകുത്താനുമുണ്ടാകാത്തവിധിത്തില്‍, ഒരു ശിര്‍ക്കും, കുഫ്‌റും പ്രകടമാവാത്ത തരത്തില്‍ അല്ലാഹുവിന് പ്രപഞ്ചവ്യവസ്ഥ സംവിധാനിക്കാമായിരുന്നില്ലേ?


പ്രവാചകാ, നീ ഭൂവാസികളില്‍ ഭൂരിപക്ഷത്തിന്റെ ഇംഗിതമനുസരിച്ചു നടക്കുകയാണെങ്കില്‍, അവര്‍ നിന്നെ ദൈവികസരണിയില്‍നിന്നു വ്യതിചലിപ്പിക്കുന്നതാകുന്നു. അവരോ, കേവലം ഊഹങ്ങളെ പിന്‍പറ്റുകയും അനുമാനങ്ങള്‍ നടത്തുകയുമാണ് ചെയ്യുന്നത്.1 വാസ്തവത്തില്‍, നിന്റെ നാഥന്‍തന്നെയാകുന്നു, അവന്റെ മാര്‍ഗത്തില്‍നിന്നു തെറ്റിയവരാരെന്നും സന്മാര്‍ഗം പ്രാപിച്ചവരാരെന്നും ഏറ്റവും അറിയുന്നവന്‍.(6:116-117)


1. അതായത്, ഭൂലോകത്തുള്ള 'ഭൂരിപക്ഷം ജനങ്ങളും വിജ്ഞാനത്തിനു പകരം അനുമാനത്തെയും ഊഹാപോഹത്തെയുമാണ് പിന്തുടരുന്നത്. അവരുടെ വിശ്വാസാദര്‍ശങ്ങള്‍, പ്രത്യയശാസ്ത്രങ്ങള്‍, ജീവിത തത്വങ്ങള്‍, നിയമങ്ങള്‍ എല്ലാം തന്നെ അനുമാനാധിഷ്ഠിതങ്ങളാണ്. ദൈവിക പദ്ധതി, അതായത് ദൈവപ്രീതിക്കൊത്ത് ജീവിപ്പാനുള്ള പദ്ധതി ഒന്നുമാത്രമാണ് ശരിയായ വിജ്ഞാനത്തില്‍ അധിഷ്ഠിതമായിരിക്കുന്നത്. തികച്ചും വിശ്വാസയോഗ്യമായ ഒരു കേന്ദ്രത്തില്‍നിന്നു വിശ്വാസയോഗ്യമായ മാര്‍ഗേണ നമുക്കു ലഭിച്ചിട്ടുണ്ട്, ആ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍. അതില്‍ സംശയത്തിന് യാതൊരു പഴുതുമില്ല. വല്ലവരും തങ്ങളുടെ ഊഹങ്ങളെ ആസ്പദമാക്കി നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു പദ്ധതിയല്ല അത്. തികച്ചും ദൈവനിര്‍ദ്ദിഷ്ടമാണ്. അതിനാല്‍ ഒരു സത്യാന്വേഷിയെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഭൂരിപക്ഷം ചരിക്കുന്ന മാര്‍ഗ്ഗമേതെന്ന് നോക്കേണ്ട ആവശ്യമില്ല. അല്ലാഹു നിര്‍ദേശിച്ച ജീവിത പന്ഥാവേതെന്ന് നോക്കിയാല്‍ മതി. ദൈവിക മാര്‍ഗം കണ്ടെത്തിയാല്‍ അതില്‍ സ്ഥിരചിത്തനായി മുന്നോട്ടു പോകണം- ആ മാര്‍ഗത്തില്‍ ചരിക്കുവാന്‍ താനൊരുത്തനെയുള്ളൂവെന്നു കണ്ടാലും ശരി.

(തഫ്ഹീമുല്‍ ഖുര്‍ആനില്‍ നിന്ന്)

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...