Monday, October 11, 2010

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ്.

മനുഷ്യന്‍ സംസാരിക്കുന്ന വാക്കുകള്‍ ചേര്‍ന്നുകൊണ്ടുള്ള വാക്യങ്ങള്‍ തന്നെയാണ് ഖുര്‍ആനിലുള്ളത്. അറബി ഭാഷയേയും ഭാഷാ സാഹിത്യത്തേയും സംബന്ധിച്ച നിയമങ്ങള്‍ തന്നെയാണ് സ്വാഭാവികമായും അതിലും പ്രവര്‍ത്തികുന്നതെന്ന കാര്യത്തിലും സംശയമില്ല. പക്ഷെ അതോടൊപ്പം തന്നെ അതിന്റെ വാചക ഘടനയും വിവരണരീതിയും അറബി സാഹിത്യ ഭണ്ഡാരത്തിലൊന്നും പരിശോധിച്ചാല്‍ കാണാന്‍ കഴിയാത്തവിധം വ്യത്യസ്ഥമാണ്. അന്യാദൃശവും വിസ്മയാവഹമുമായ ഒരു നിസ്തുലത അതിനുണ്ട്. ആശ്ചര്യകരമായ ഈ അവസ്ഥയുടെ ശരിയായ രൂപമെന്താണെന്ന് ഏകദേശം അനുമാനിക്കാന്‍ വേണ്ടി പ്രഗല്ഭ സാഹിത്യകാരന്‍മാരുടെ ചില സാക്ഷ്യം കേള്‍ക്കുക. അവ ഖുര്‍ആനിലും ഇസ്‌ലാമിലും വിശ്വാസമുള്ളവരല്ല. മറിച്ച് ഇസ്‌ലാമിന്റെ കഠിന വിരോധികളുടെ സാക്ഷ്യങ്ങളാണെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. മലയാളികളായ ചില യുക്തിവാദികള്‍ ഖുര്‍ആന്റെ സാഹിത്യശൈലിയെ പരിഹസിക്കാറുണ്ട്. പരിഭാഷവായിച്ച് ഖുര്‍ആനെ വിലയിരുത്തിയവരല്ല ഈ കാര്യത്തില്‍ ആധികാരികമായി പറയാന്‍ യോഗ്യര്‍. ഏതൊരു മഹാനായ കലാകാരനും അദ്ദേഹം ഏത് മേഖലയിലുള്ള ആളാകട്ടെ. താന്‍ മികച്ച് നില്‍ക്കുന്ന മേഖലയില്‍ അമ്പരപ്പിക്കുന്ന ഒരു സൃഷ്ടികണ്ടാല്‍ അതിനെ അവഗണിക്കുകയോ ചെറുതാക്കികാണിക്കുകയോ ചെയ്യാറില്ല, അതിലെ ഉള്ളടക്കത്തോട് അയാള്‍ക്ക് എത്രമാത്രം വിയോജിപ്പുണ്ടെങ്കിലും ശരി. ഈ ബുദ്ധിപരമായ വസ്തുതയെ മുഖവിലക്കെടുത്താണ്. ഇസ്‌ലാം  സ്വീകരിക്കാത്ത സാഹിത്യസാമ്രാട്ടുകളായി ചരിത്രത്തില്‍ അറിയപ്പെടുന്ന ഏതാനും പേരുടെ സാക്ഷ്യം ഇവിടെ നല്‍കുന്നത്.

അവരില്‍ ഒരാളാണ് പ്രസിദ്ധ ഖുറൈശി നേതാവായ വലീദുബ്‌നു മുഗീറത്ത് അദ്ദേഹം പ്രവാചകന്‍ തിരുമേനിയുടെ അടുത്തുവന്നു. നബി തന്റെ സാധാരണ സമ്പ്രദായമനുസരിച്ച് അദ്ദേഹത്തിനു വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തുകേള്‍പ്പിച്ചു. ദിവ്യവചനങ്ങളുടെ വശ്യശക്തി നിമിത്തം അദ്ദേഹം മൗനിയായി. ഒന്നും ഉരിയാടാതെ വീട്ടിലേക്ക് തിരിച്ചു. ഈ വാര്‍ത്ത ആബൂജഹ് ല്‍ അറിഞ്ഞപ്പോള്‍ പരിഭ്രമത്തോടുകൂടി വലീദിന്റെ അടുക്കല്‍ ഓടിയെത്തി. (കഠിനമായ പ്രവാചക വിരോധമുണ്ടായിരുന്ന അബൂജഹ് ലിന് ആരെങ്കിലും പ്രവാചകനില്‍ ആകൃഷ്ടനായി എന്നറിയുന്നത് സഹിക്കാന്‍ കഴിയുമായിരുന്നില്ല.) ഇങ്ങനെ പറഞ്ഞു: "ബഹുമാനപ്പെട്ട പിതൃസഹോദരാ മുഹമ്മദിനെക്കുറിച്ച് താങ്കളുടെ നിലപാട് ഒന്ന് വ്യക്തമാക്കണം. അവന്റെ വാദം സത്യമാണെന്ന് താങ്കള്‍ക്ക് വിശ്വാസമില്ലെന്ന് ജനങ്ങള്‍ക്ക് സമാധാനിക്കാന്‍ ഉപകരിക്കുന്ന ഒരു പ്രസ്താവന താങ്കളിപ്പോള്‍ ചെയ്യണം."

അതിന് വലീദിന്റെ മറുപടി : "ഞാനെന്താണ് പറയേണ്ടത്!. കവിതയാകട്ടെ, കാവ്യമാകട്ടെ ജിന്നുകളുടെ പദ്യമാകട്ടെ, അറബി ഭാഷയിലുള്ള ഏതോരു സാഹിത്യവും നിങ്ങളെക്കാള്‍ കൂടുതലായി എനിക്കറിയാം. എന്നാല്‍ ഞാന്‍ ദൈവത്തിന്റെ പേരില്‍ സത്യം ചെയ്തു പറയുന്നു. ഈ മനുഷ്യന്‍ സമര്‍പിക്കുന്ന വചനങ്ങള്‍ക്ക് വിസ്മയാവഹമായ ഒരു മാധുര്യമുണ്ട്. ഒരു പ്രത്യേക തരം ഭംഗിയുണ്ട്. അതിന്റെ കൊമ്പുകളും ചില്ലകളും ഫലങ്ങള്‍ നിറഞ്ഞിരിക്കുന്നു. അതിന്റെ മുരടാകട്ടെ വളരെയധികം പശിമയാര്‍ന്ന മണ്ണില്‍ ഊന്നിനില്‍ക്കുന്നു. തീര്‍ചയായും അത് സര്‍വവചനങ്ങളെക്കാളും ഉന്നതമാണ്. അതിനെ താഴ്തിക്കാണിക്കാന്‍ മറ്റൊരു വചനത്തിനും സാധ്യമല്ല. അതിന്റെ കീഴില്‍ അകപ്പെടുന്ന എല്ലാറ്റിനേയും അതു തകര്‍ത്തുകളയുമെന്നതില്‍ യാതൊരു സംശയവുമില്ല." (ബൈഹഖി, ഹാകിം എന്നിവര്‍ ഉദ്ദരിച്ചത്)

ഖുറൈശികളിലെ മറ്റൊരു നേതാവ് ഉത്ബത്ത്ബ്‌നു റബീഅ പറഞ്ഞതിങ്ങനെ: "ദൈവമാണ് സത്യം അവന്‍(മുഹമ്മദ് നബി) സമര്‍പിക്കുന്ന ആ വചനം വശീകരണ വിദ്യയല്ല, കവിതയല്ല, (ഖുര്‍ആന്‍ കവിതയല്ല) ജ്യോത്സ്യന്‍മാരുടെ സംസാരവുമല്ല." ശത്രുക്കള്‍ ആരോപിച്ചിരുന്ന ചില ആരോപണങ്ങള്‍ ഖണ്ഡിക്കുകയാണ് ഉത്ബ.


ഖുര്‍ആന്‍ സാഹിത്യം പ്രയോഗിച്ചത് കേവലം ആസ്വാദനത്തിന് വേണ്ടിയായിരുന്നില്ല. ഖുര്‍ആന്‍ നല്‍കുന്ന ജീവിത സന്ദേശങ്ങള്‍ ജനമനസ്സുകളിലേക്ക് തറച്ചുകയറി അവിടെ പ്രതികരണം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. ആ സാഹിത്യ നിര്‍ത്ധരി ജനമനസുകളിലേക്ക് നിമിഷനേരം കൊണ്ട് ഒഴുകിയിറങ്ങുന്നു. അതേ, ലോകത്തിലെ എറ്റവും കുടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം. പേര് തന്നെ (ഖുര്‍ആന്‍ ) 'കൂടുതല്‍ വായിക്കപ്പെടുന്നത്' എന്ന പേര് നല്‍കപ്പെട്ട  ഗ്രന്ഥം. അതിന്റെ പാരായണത്തിന് മാത്രമായി ആധുനിക ലോകത്ത് നൂറുകണക്കിന് എഫ്.എം സ്റ്റേഷനുകളും ടെലിവിഷന്‍ ചാനലുകളും. എത്ര കേട്ടാലും മതിവരാത്ത പ്രാസഭംഗി. ഒരോ അധ്യായത്തിനും വ്യത്യസ്ത ടോണുകള്‍. ഇവയൊന്നും പരിഭാഷയില്‍ കൊണ്ടുവരാനാകില്ല. അതിനാല്‍ പരിഭാഷവായിച്ച് അഭിപ്രായം പറയുന്നവര്‍ ഇവിടെ പരിഹാസ്യരാകുന്നതില്‍ അത്ഭുതമില്ല.  

1400 വര്‍ഷത്തിനിടയില്‍ മനുഷ്യനനുകരിക്കാന്‍ സാധിക്കാത്ത ഈ സാഹിത്യം ഖുര്‍ആന്റെ ദൈവികതക്കുള്ള മറ്റൊരു തെളിവാണ്.

2 comments:

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...