Saturday, May 22, 2010

ബൈബിളില്‍ തെറ്റ് സംഭവിച്ചിട്ടില്ല ?.

 കഴിഞ്ഞ രണ്ട് പോസ്റ്റുകളില്‍ എങ്ങനെയാണ് ബൈബിളില്‍ തെറ്റ് കടന്നുകൂടിയത് എന്ന് വസ്തുനിഷ്ഠമായി വിശദീകരിച്ചു. സത്യത്തില്‍ ബൈബിളില്‍ തെറ്റ് സംഭവിച്ചതായി ക്രിസ്ത്യാനികള്‍ കരുതുന്നുവോ. അപ്രകാരം തെറ്റുണ്ടെന്ന് കരുതുന്ന ഒരു വേദഗ്രന്ഥത്തില്‍ തന്നെയാണോ അവര്‍ വിശ്വസിക്കുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം ഇനി ആതെറ്റ് തിരുത്തുക അസാധ്യമാണന്നതിനാല്‍ അതുമായി സമരസപ്പെടുക എന്ന കാഴ്ചപ്പാടിന് പ്രസക്തിയുണ്ട്. കഴിഞ്ഞ പോസ്റ്റില്‍ ക്ഷമ എന്ന ബ്ലോഗര്‍ അപ്രകാരം ഒരഭിപ്രായം നല്‍കുകയും ചെയ്തു. അതിന്റെ വ്യാപ്തിയെക്കുറിച്ച് എനിക്ക് നല്ല ഉറപ്പില്ല. എന്നുവെച്ചാല്‍ എത്ര ശതമാനം ക്രൈസ്തവരാണ് അപ്രകാരം കരുതുന്നതെന്ന്.

ക്ഷമ പറയുന്നു:
ബൈബിള്‍ "തെറ്റുകള്‍" ഉണ്ട് എന്ന് അംഗീകരിച്ചു കൊണ്ടുതന്നെയാണ് ക്രിസ്ത്യാനികള്‍ അതിനെ "സത്യവേദപുസ്തകം" എന്ന് വിശ്വസ്സിക്കുന്നത് എങ്കില്‍ നിങ്ങളുടെ "തെറ്റില്ലാത്ത ഒരു ദൈവിക ഗ്രന്ഥത്തിന്റെയും ദൈവസങ്കല്‍പത്തിന്റെയും കാലികമായ ഒരു നിയമ നിര്‍ദ്ദേശത്തിന്റെയും പ്രസക്തി" അവര്‍ക്ക് ആവശ്യമില്ല എന്ന് അവര്‍ പ്രഖ്യാപിക്കുകയല്ലേ?
എന്നാല്‍ സന്തോഷ് തന്റെ ബ്ലോഗില്‍ ആവര്‍ത്തിച്ച് പറയുന്നത് മറ്റൊന്നാണ്. ഇത് വരെ  നമ്മുക്ക് ബുദ്ധിപരമായും പ്രായോഗികതലത്തിലും ബോധ്യപ്പെട്ട വസ്തുതകളെ കയ്യൊഴിഞ്ഞ്, ബൈബിളില്‍ തെറ്റുസംഭവിക്കുക അസംഭവ്യമാണെന്നും തെറ്റിദ്ധാരണയോടെ വായിക്കുന്നത് കൊണ്ടാണ് തെറ്റുകള്‍ കണ്ടെത്തുന്നതെന്നും നാം തിരുത്തിമനസ്സിലാക്കണം. ഏതായാലും നമ്മുക്ക് ഈ ലേഖനങ്ങളെ പിന്തുടരാം. തുടര്‍ന്ന് വായിക്കുക: ( [[[...]]] ഈ ചിഹ്നങ്ങള്‍ക്കിടയിലുള്ളതാണ് ലേഖനം)   

[[[ പ്രഭാതം പൊട്ടിവിടരുകയും പ്രഭാതനക്‌ഷത്രം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദിക്കുകയും ചെയ്യുന്നതുവരെ, ഇരുളില്‍ പ്രകാശിക്കുന്ന ദീപത്തെ എന്നപോലെ പ്രവാചകവചനത്തെ നിങ്ങള്‍ ശ്രദ്‌ധിക്കേണ്ടതാണ്‌. ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്‌ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷികചോദനയാല്‍ രൂപം കൊണ്ടതല്ല; പരിശുദ്‌ധാത്‌മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്‍െറ മനുഷ്യര്‍ സംസാരിച്ചവയാണ്‌. (2 പത്രോസ് 1:19-21)

ബൈബിള്‍ മതഗ്രന്ഥവും വിശുദ്ധഗ്രന്ഥവുമാണ്; അതിനാല്‍ തെറ്റുകള്‍ ഉണ്ടാവുക സ്വാഭാവികമല്ല. എന്നാല്‍ തെറ്റിദ്ധാരണയോടെ വായിക്കുമ്പോള്‍ തെറ്റുകള്‍ കണ്ടെത്തുന്നു. സംശയാസ്പദങ്ങളായ വാക്യങ്ങളെയും  മനസ്സിലാക്കാനാവാത്ത വചനങ്ങളെയും പെട്ടെന്ന് വായിച്ചുവിടുന്നതുകൊണ്ട് ബൈബിളിന്റെ  മുഴുവന്‍ അര്‍ത്ഥവും ഗ്രഹിക്കാത്തവരാണു  അധികവും. സൂക്ഷ്നവായനയില്‍ കണ്ടെത്തുന്ന തെറ്റുകള്‍ക്ക് കാരണമായി നില്‍ക്കുന്ന ഘടകങ്ങളെ പരിശോധിക്കുന്ന ലേഖനത്തിന്റെ മൂന്നാം ഭാഗം.

യേശുവിന്റെ വചനങ്ങള്‍ കാലഘട്ടത്തിനപ്പുറത്ത് വളരുന്നു. അത് വിതയ്ക്കപ്പെട്ട വിളപോലെയാണ്.  വളരുന്ന വചനമാണ്. വചനങ്ങള്‍ കാലത്തിനും ദേശത്തിനും വിധേയമായി പക്വതയിലേക്ക് വളരുന്നവയാണ്. നിത്യമായി എഴുതപ്പെട്ടതാണെങ്കിലും നിത്യതയിലേക്ക് വളരുന്നവയാണ്. മരിച്ച ശരീരമല്ല ഉയിര്‍ക്കുന്നത്‌ എന്നുപറയുന്നത് പോലെ എഴുതപ്പെട്ട വചനമല്ല വായിക്കപ്പെടുന്ന വചനത്തിലെ സന്ദേശം.

ഒരു നൂറ്റാണ്ട് കഴിയുമ്പോള്‍ ഇന്നത്തെ വ്യാഖ്യാനങ്ങള്‍ അന്ന് പ്രസക്തമല്ലാത്തതായിതോന്നും. പുതിയ പുതിയ മുകുളങ്ങള്‍ വചന വൃക്ഷത്തില്‍ തളിരിടുന്നു. വചനം, വചനത്തിലെ അക്ഷരത്തില്‍ മാത്രം ഒതുങ്ങുന്നതല്ല; കാലഘട്ടത്തിനനുസ്സരിച്ചു അവയെ മനസ്സിലാക്കണം. ആധുനിക യുഗത്തിലെ ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രം ബൈബിളില്‍ ഇല്ല എന്നുപറഞ്ഞു ആ ചിന്തയെ ഒഴിവാക്കാന്‍ ആവില്ല.  "വനിതാ പൌരോഹിത്യം" കാലഘട്ടത്തിന്റെ ഒരു ചിന്തയാണ്. ബൈബിളില്‍ വനിതകള്‍ക്ക് പൌരോഹിത്യം കൊടുക്കുന്നതിനെപറ്റി പരാമര്‍ശങ്ങള്‍ ഇല്ല എന്നാ കാരണത്താല്‍ അത് നിഷേധിക്കാന്‍ ആവില്ല. സഭയ്ക്ക് ഒരു തീരുമാനം ഇക്കാര്യത്തില്‍ എടുക്കുവാന്‍ അവകാശം ഉണ്ട്. യേശുവിന്റെ അപ്പോസ്തലന്മാര്‍ എല്ലാം പുരുഷന്മാര്‍ ആയിരുന്നു എന്ന കാരണത്താല്‍ സ്ത്രീകള്‍ക്ക് പൌരോഹിത്യം സാധിക്കില്ല എന്നു ബൈബിള്‍ അടിസ്ഥാനമാക്കി പറയുന്നതില്‍ യുക്തി ഇല്ല.

യേശുവിന്റെ പഠനങ്ങളുടെ പ്രഥമ പാഠങ്ങളില്‍മാത്രം അല്ല ബൈബിള്‍ ഒതുങ്ങേണ്ടത്. ബൈബിള്‍ ചൈതന്യത്തിനു തടസ്സം ആകാത്തവ ഒക്കെയും അനുവദനീയമാകണം. മാറ്റുവാന്‍ ആകാത്ത ചില വിഷയങ്ങള്‍ ബൈബിളില്‍ ഉണ്ട്.

     ഏകദൈവത്തിലുള്ള വിശ്വാസം
     ജ്ഞാനസ്നാനത്തെ സംബന്ധിച്ച പ്രബോധനങ്ങള്‍
     കൈവയ്പ്പ്‌ ശുശ്രൂഷ
     ദൈവികവും മാനുഷികവുമായ നന്മകളിലുള്ള വളര്‍ച്ച
     പരസ്നേഹവും പരസ്നേഹ പ്രവൃത്തികളും
     ദൈവ പരിപാലന
     മരിച്ചവരുടെ ഉയിര്‍പ്പ്
     നിത്യവിധി
     തിന്മയില്‍ നിന്നുള്ള തിരിച്ചുവരവ്‌

ഇവയില്‍ മാറ്റമുണ്ടാക്കുവാന്‍ ആവില്ല. ബാക്കി വിഷയങ്ങളില്‍ ക്രിസ്തുവിന്റെ പഠനങ്ങളുടെ പക്വതയിലേക്ക് വളര്‍ന്നു വേണം ചിന്തിക്കുവാന്‍. ബൈബിള്‍ സത്യങ്ങള്‍ വിശ്വാസ്സിക്ക് വിശ്വാസത്തിലൂടെ മാത്രം അല്ല ലഭിക്കുക. വിശ്വാസി വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുന്നതും യുക്തി ഉപയോഗിക്കുന്നതും പ്രോത്സാഹനജനകമാണ്. ബൈബിള്‍ പഠിക്കുന്നവന്‍ ബൈബിളിനെ ഒരു വിശ്വാസ ഗ്രന്ഥം മാത്രമായി കാണരുത്. വിശ്വാസം വളരുന്നത്‌ വാദപ്രതിവാദത്തിലൂടെയും യുക്തിചിന്തയിലൂടെയും കൂടിയാണ്. ദൈവമാണ് വിശ്വാസം തരുന്നത് എങ്കിലും വളര്‍ത്താനും ആഴപ്പെടുത്താനും ഉള്ള കടമ മനുഷ്യന്റെതാണ്. വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുള്ളവയാണ് വിശ്വസിക്കുവാന്‍ എളുപ്പമുള്ളവയെക്കാള്‍ ബൈബിളില്‍ കൂടുതല്‍ ഉള്ളത്. ഓരോ ഗ്രന്ഥങ്ങളിലും ഓരോ അധ്യായങ്ങളിലും വൈരുദ്ധ്യമായവ കാണാന്‍ ആവുന്നു

വായനക്കാരന്‍ ഉദ്ദേശിക്കുന്നതും മനസ്സിലാക്കുന്നതും ഭാവനകാണുന്നതും അല്ല ബൈബിളില്‍ പലതും. മനുഷ്യബുദ്ധിക്കു നിരക്കാത്തവ ദൈവനിയോഗത്തിന് ചേരുന്നവയാണ് എന്നുകൂടി ബൈബിള്‍ പഠിപ്പിക്കുന്നു. പഠിച്ചുവച്ചതും മനസ്സിലാക്കിയതുമായ പല സത്യങ്ങള്‍ക്കും വിരുദ്ധമായതും വ്യത്യസ്തമായതുമായ അര്‍ത്ഥമാനങ്ങള്‍ കണ്ടെത്തുമ്പോള്‍, ബൈബിളിന്റെ ദൈവനിവേശിതത്വിനോ വിശ്വസനീയതയ്ക്കോ തടസം ഉണ്ടാകുന്നു എന്നു ചിന്തിക്കുവാന്‍ കാരണം ആകുന്നു. ബൈബിളിലെ ചില ഭാഗങ്ങള്‍ ബൈബിളില്‍തന്നെ ഉള്‍പ്പെടുത്താന്‍ ആകുമോ എന്നും ചിന്തിക്കുവാന്‍ തോന്നും. ]]]

ബൈബിളില്‍ ഒരു കാര്യം ഇല്ല എന്നകാരണത്താല്‍ സ്ത്രീകള്‍ക്ക പൗരോഹിത്യം പാടില്ല എന്ന നിലപാടില്‍ നില്‍ക്കേണ്ടതില്ല എന്ന കാഴ്ചപ്പാടാണ് ലേഖകനുള്ളത്. മാറ്റാന്‍ പാടില്ലാത്ത ചിലവിഷയങ്ങള്‍ നമ്മുടെ ശ്രദ്ധയാകര്‍ശിക്കേണ്ടതാണ്. ഏകദൈവത്തിലുള്ള വിശ്വാസം അതില്‍ ഒന്നാമതായി വരുന്നു.  അതില്‍ കൈവെയ്പ്പ് ശുശ്രൂഷ എന്ന ഇനം ഒഴികെ ബാക്കി എനിക്ക് പെട്ടെന്ന് മനസ്സിലാകുന്നതും മനുഷ്യസമൂഹം എക്കാലത്തും പുലര്‍ത്തേണ്ടതുമാണെന്ന കാര്യത്തില്‍ സംശയമില്ല.

4 comments:

  1. >> വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുള്ളവയാണ് വിശ്വസിക്കുവാന്‍ എളുപ്പമുള്ളവയെക്കാള്‍ ബൈബിളില്‍ കൂടുതല്‍ ഉള്ളത്. ഓരോ ഗ്രന്ഥങ്ങളിലും ഓരോ അധ്യായങ്ങളിലും വൈരുദ്ധ്യമായവ കാണാന്‍ ആവുന്നു <<

    ഖുര്‍ ആനിനു ഈ തത്വം ബാധകമാകുമോ എന്നറിയാന്‍ ആഗ്രഹമുണ്ട്....

    ReplyDelete
  2. ഇത്തവണയും ലത്തീഫ് ലിങ്ക് നല്‍കാന്‍ മറന്നു

    ബൈബിള്‍ : തെറ്റുകളും വ്യാഖ്യാനങ്ങളും
    .

    ReplyDelete
  3. @Yukthi

    >> വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുള്ളവയാണ് വിശ്വസിക്കുവാന്‍ എളുപ്പമുള്ളവയെക്കാള്‍ ബൈബിളില്‍ കൂടുതല്‍ ഉള്ളത്. ഓരോ ഗ്രന്ഥങ്ങളിലും ഓരോ അധ്യായങ്ങളിലും വൈരുദ്ധ്യമായവ കാണാന്‍ ആവുന്നു <<

    'ഖുര്‍ ആനിനു ഈ തത്വം ബാധകമാകുമോ എന്നറിയാന്‍ ആഗ്രഹമുണ്ട്....'

    ഈ പ്രസ്താവന ബൈബിളിന് മാത്രമേ ശരിയാകൂ.

    ഉല്‍ബോധനം ഉള്‍ക്കൊള്ളുന്നവര്‍ക്ക് വേണ്ടി എളുപ്പമാക്കിയിരിക്കുന്നു.(54:17) എന്നാണ് ഖുര്‍ആന്‍ പറയുന്നത്. മാത്രമല്ല. മൊത്തത്തിലെടുത്താല്‍ പോലും അതില്‍ വൈരുദ്ധ്യം കാണാന്‍ കഴിയില്ലെന്നും പറയുന്നു (4:82).

    ReplyDelete
  4. @Santhosh

    ലേഖനം വള്ളിപുള്ളിമാറ്റാതെ നല്‍കുന്നത് കൊണ്ടാണ് ഓരോപ്രവാശ്യവും ലിങ്ക് നല്‍കണമെന്ന് തോന്നാത്തത്. ആദ്യലേഖനത്തിന് താങ്കളുടെ ബ്ലോഗിലേക്ക് ലിങ്ക് നല്‍കുകയും ചെയ്തിരിക്കുന്നു.

    ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...