Friday, May 21, 2010

ബൈബിളില്‍ തെറ്റായി കരുതപ്പെടുന്നത്.

ബൈബിളില്‍ തെറ്റുസംഭവിച്ചതെങ്ങനെ എന്ന പോസ്റ്റിന്റെ തുടര്‍ചയാണിത്. ബൈബിള്‍ സത്യങ്ങളും രഹസ്യങ്ങളും എന്ന ലേഖനത്തെ അവലംബിച്ച് പകര്‍ത്തിയെഴുത്ത് എന്ന ബ്ലോഗില്‍ നല്‍കിയ ഈ ലേഖനത്തില്‍ പ്രധാനമായും പലതലക്കെട്ടുകളും ബൈബിളിലെ തെറ്റുകളെക്കുറിച്ചല്ല, മറിച്ച് ബൈബിളിലെ ചില പരാമര്‍ശങ്ങള്‍ ജനങ്ങള്‍ തെറ്റിദ്ധരിച്ചതെങ്ങനെയെന്നും. ചില അബദ്ധങ്ങള്‍ ലേഖകര്‍തന്നെ തെറ്റായി മനസ്സിലാക്കിയതിന്റെ ഫലമാണെന്നും വളരെ വ്യക്തമായി ഉപന്യസിച്ചിരിക്കുന്നു. ഏതൊരു മുസ്‌ലിമും ഇത്രമാത്രമേ പറയുന്നുള്ളൂ. എന്നാല്‍ ഇത്ര കൃത്യമായ വിലയിരുത്തല്‍ ഈ വിഷയത്തില്‍ മുസ്‌ലിംകള്‍ നടത്തിയതായി ശ്രദ്ധയില്‍ പെടാത്തതുകൊണ്ടാണ് ഇതിവിടെ എടുത്ത് ചേര്‍ക്കുന്നത്. മുസ്‌ലിം പണ്ഡിതര്‍ വിലയിരുത്തുന്ന കാര്യവും ഇതിനെ സാധൂകരിക്കുന്നു. പക്ഷെ ഇതേ കാര്യങ്ങള്‍ അവര്‍ പറയുമ്പോള്‍ ആപൂര്‍വം ചില ക്രിസ്ത്യാനികളെങ്കിലും അതിനുള്ള അവകാശത്തെ ചോദ്യം ചെയ്യുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. അതിന് യുക്തിവാദികളെന്ന് പറയുന്ന ഇസ്‌ലാം വിമര്‍ശകര്‍ പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യുന്നു. ഖുര്‍ആന്‍ വിശകലന വിധേയമാക്കാന്‍ മറ്റുള്ളവര്‍ക്കുള്ള അവകാശവും സ്വാതന്ത്ര്യവും ബൈബിളിനെ അപ്രാകരം ചെയ്യാന്‍ മുസ്‌ലിംകള്‍ക്കുമുണ്ട് എന്നത് മനുഷ്യബുദ്ധിയോട് കാണിക്കുന്ന സ്വാഭാവിക നീതിമാത്രം. തുടര്‍ന്ന് വായിക്കുക :
[[[ ദൈവത്തിന്‍െറ വചനം സജീവവും ഊര്‍ജസ്വലവുമാണ്‌; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്‍െറ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌ (ഹെബ്ര 4:12)

ബൈബിള്‍ മതഗ്രന്ഥവും വിശുദ്ധഗ്രന്ഥവുമാണ്; അതിനാല്‍ തെറ്റുകള്‍ ഉണ്ടാവുക സ്വാഭാവികമല്ല. എന്നാല്‍ തെറ്റിദ്ധാരണയോടെ വായിക്കുമ്പോള്‍ തെറ്റുകള്‍ കണ്ടെത്തുന്നു. സംശയാസ്പദങ്ങളായ വാക്യങ്ങളെയും  മനസ്സിലാക്കാനാവാത്ത വചനങ്ങളെയും പെട്ടെന്ന് വായിച്ചുവിടുന്നതുകൊണ്ട് ബൈബിളിന്റെ  മുഴുവന്‍ അര്‍ത്ഥവും ഗ്രഹിക്കാത്തവരാണു  അധികവും. സൂക്ഷ്നവായനയില്‍ കണ്ടെത്തുന്ന തെറ്റുകള്‍ക്ക് കാരണമായി നില്‍ക്കുന്ന ചില ഘടകങ്ങളെ പരിശോധിക്കുന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം (ആദ്യ ഭാഗം വായിക്കുവാന്‍ ഇവിടെ നോക്കുക)

വ്യാഖ്യാനങ്ങള്‍

മനസ്സിലാക്കാനാവാത്ത സ്വപ്നങ്ങള്‍ക്കും, ദര്‍ശനങ്ങള്‍ക്കും, വൈയക്തികദര്‍ശനങ്ങള്‍ക്കും അമിത പ്രാധാന്യം നല്കിയതും, ബൈബിളില്‍ വൈരുദ്ധ്യങ്ങളും സംശയങ്ങളും ഉണ്ടാക്കി. എസക്കിയെലും ദാനിയേലും യോഹന്നാനും മറ്റും കണ്ട ദര്‍ശനങ്ങള്‍ അതുപോലെ രേഖപ്പെടുത്തിയതും അവയെ വ്യാഖ്യാനിക്കാന്‍ സാധിക്കാതെ വന്നതും ബൈബിളില്‍ തെറ്റുകള്‍ഉണ്ടെന്നു പറയുവാന്‍ കാരണമായി.

മനുഷ്യപ്രകൃതിയോടുള്ള ആദരവ്

ബൈബിള്‍ ഇതിഹാസ്സങ്ങളോ ഭാവനാ ചരിത്രങ്ങളോ അല്ല. പച്ചയായ മനുഷ്യന്റെ വികാരങ്ങളും സംഘട്ടനങ്ങളും ചരിത്രത്തിന്റെ ഗതിവിഗതികളും ആണ് ബൈബിളിന്റെ മൂലഭാഷ. അതുകൊണ്ടുതന്നെ മനുഷ്യന്റെ പാപപ്രകൃതി, പ്രലോഭന ചായ്'വുകള്‍ എന്നിവയെല്ലാം ബൈബിളിന്റെ ഭാഗങ്ങള്‍ ആയി. മനുഷ്യന്‍ തന്റെ ദുഃഖം മറക്കുവാന്‍ മദ്യത്തിലേക്കു തിരിഞ്ഞപ്പോള്‍ ബൈബിളില്‍ എഴുതപ്പെട്ടു : "മദ്യം കഴിച്ചാല്‍ ദുഃഖം മറക്കും" എന്ന്. എന്നാല്‍ ഇത് മദ്യം കഴിച്ചു ദുഃഖം മറക്കുവാനുള്ള ഉപദേശമല്ല, മദ്യം കഴിച്ചു ദുഃഖം മറക്കാനാവും എന്ന ഒരു സത്യം എഴുതിയെന്നെയുള്ളൂ. എല്ലാ സമ്പത്തുകളും മനുഷ്യന്‍ ഉപേക്ഷിക്കേണ്ടി വരും എന്നും, മനുഷ്യന്‍ മരണത്തിനു കീഴടങ്ങേണ്ടി വരും എന്നും ഉള്ള പഠനമാണ് "സകലവും മിഥ്യ" എന്ന ബൈബിള്‍ വാക്യത്തില്‍ അടങ്ങിയിരിക്കുന്നത്. ഈ വാക്യങ്ങളൊക്കെ ബൈബിള്‍ വാക്യങ്ങള്‍ ആയപ്പോള്‍ ബൈബിളില്‍ തെറ്റുകള്‍ ഉണ്ടായി

പാപം ചെയ്‌താല്‍ ‍, തിന്മ പ്രവൃത്തിച്ചാല്‍ ‍, ദൈവത്തെ നിഷേധിച്ചാല്‍ ‍, മനുഷ്യന്‍ നശിക്കും എന്ന ചിന്ത നിത്യനരകത്തിലേക്കുള്ള ചിന്തയെ കൊണ്ടുവന്നു. ഇത് ഒരു ദൈവിക വെളിപാട് ആണ്. അങ്ങനെ നരകം ബൈബിള്‍ ഭാഗമായി. നരകത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് നരക ചിന്തയില്‍ നിന്നുമുള്ള വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് ഉദ്ധരിച്ചപ്പോള്‍ ദൈവ കാരുണ്യത്തിന്റെ പ്രസ്താവനകളും ബൈബിളില്‍ രൂപപ്പെട്ടു. ദൈവ കാരുണ്യത്തെ ചിത്രീകരിക്കുന്ന അനേകം വാക്യങ്ങള്‍ ഉണ്ടായപ്പോള്‍ മനുഷ്യനില്‍ ആശയസംഘട്ടനങ്ങളും ഉണ്ടായി. അതിനാല്‍ വ്യക്തമായ ഒരു കാഴ്ചപ്പാട് ബൈബിളില്‍ നിന്നും കണ്ടെത്തുക ബുദ്ധിമുട്ടായി തീര്‍ന്നു. ഈ ബുദ്ധിമുട്ടുകള്‍ തെറ്റുകള്‍ ഉണ്ടെന്നു സംശയിക്കാന്‍ കാരണമായിത്തീര്‍ന്നു.

ബൈബിളില്‍ കാണുന്ന പല ആപ്തവാക്യങ്ങളും സമഗ്രപഠനത്തിനു വിധേയമാക്കിയാല്‍ മാത്രമേ അവ കൂടുതല്‍ വ്യക്തമാവുകയുള്ളൂ. ഓരോ വാക്യങ്ങളും പെറുക്കി, അറുത്തെടുത്താല്‍ ബൈബിളില്‍ തെറ്റുകള്‍ ഉണ്ട് എന്ന് തോന്നും. ഉദാഹരണമായി "അടുത്തുള്ള അയല്‍ക്കാരനാണ് അകലെയുള്ള സഹോദരനെക്കാള്‍ മെച്ചം" എന്ന ബൈബിള്‍ വാക്യം എപ്പോഴും ശരിയാകണം എന്നില്ല; ചില അവസ്സരങ്ങളില്‍ ശരിയാണ് താനും. ബൈബിളിലെ വാക്യങ്ങള്‍ സത്യമാകുന്നതു ദൈവത്തിന്റെ കാലദൈര്‍ഘ്യത്തിലും ദൈവത്തിന്റെ മനസ്സിലും എല്ലാത്തിനെയും കാണുമ്പോള്‍ മാത്രമാണ്. "പ്രഭാതത്തില്‍ ഉണര്‍ന്നു അവനെ അന്വേഷിക്കുന്നവര്‍ക്ക് കൃപ ലഭിക്കും", എന്നാല്‍ കൃപ ലഭിക്കുവാനുള്ള ഏക മാര്‍ഗ്ഗം അല്ല ഇത്. അതിനാല്‍ കൃപ ലഭിക്കുവാനുള്ള ഏക മാര്‍ഗ്ഗം പ്രഭാതത്തില്‍ ദൈവത്തെ അന്വേഷിക്കലാണ് എന്ന് നമുക്ക് പറയുവാന്‍ സാധിക്കില്ല.

ബൈബിളില്‍ "വാള്‍ ഏറ്റു മരിച്ചവര്‍ വിശപ്പുകൊണ്ട് മരിക്കുന്നവരെക്കാള്‍ ഭാഗ്യവാന്‍മാര്‍ ആണ്" എന്ന് ഒരു വാക്യം ഉണ്ട്. എന്നാല്‍ ഇത് എപ്പോഴും സത്യം ആകുന്നില്ല. ബൈബിളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു എന്ന് ചിന്തിച്ചു എന്നും എപ്പോഴും ഇത് നിത്യസത്യമായി നിലകൊള്ളണം എന്നില്ല. അത്യാവശ്യമില്ലാത്ത കാര്യങ്ങളും അതിന്റേതായ ആവശ്യമില്ലത്തതായ അവതരണങ്ങളും ബൈബിളില്‍ ധാരാളം ഉണ്ട്. ഉദാഹരണമായി ലേവ്യരുടെ പുസ്തകത്തിലെ അനുഷ്ഠാനവിധികളും സംഖ്യയുടെ പുസ്തകത്തിലെ സംഖ്യാനിര്‍ണ്ണയങ്ങളും അമിതമായ ആവര്‍ത്തനങ്ങള്‍ ആണ്.

ദൈവസങ്കല്‍പ്പത്തിലെ മനുഷ്യബുദ്ധിയുടെ പരിമിതി

ബൈബിളില്‍ ഓരോ വ്യക്തികള്‍ക്കും ഗ്രന്ഥകര്ത്താക്കള്‍ക്കും ദൈവം വ്യത്യസ്തനാണ്. ബൈബിളിലെ ഓരോ ഗ്രന്ഥങ്ങളിലും പ്രബോധനങ്ങളിലും വ്യത്യസ്തമായ ദൈവസങ്കല്പങ്ങള്‍ ആണുള്ളത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളും ബൈബിളില്‍ സുലഭമാണ്. വ്യത്യസ്ത ദൈവസങ്കല്പങ്ങള്‍ വ്യത്യസ്ത തെറ്റുകള്‍ സൃഷ്ടിക്കാനും കാരണം ആകുന്നു.

യഹൂദമതം

യഹൂദ മതത്തിന്റെ ശക്തമായ സ്വാധീനവും ചരിത്രവുമാണ് ബൈബിളിലെ പഴയനിയമം മുഴുവനും. അതുകൊണ്ടുതന്നെ ആ മതത്തിലെ ആചാര അനുഷ്ഠാനങ്ങള്‍ ദൈവവിശ്വാസികളുടെ പൊതുസ്വത്തായി. ലേവ്യരുടെ പുസ്തകത്തിലും മറ്റും വിവരിച്ചിരിക്കുന്ന യുക്തിരഹിതം എന്ന് തോന്നുന്ന അനുഷ്ഠാനവിധികള്‍ ദൈവനിവേശിത ഗ്രന്ഥത്തിന്റെ ഭാഗമായി കിടക്കുകയാണ്. അതിലെ ആശയങ്ങളും അനുഷ്ഠാനങ്ങളും അത്യാവശ്യം അറിഞ്ഞിരിക്കേണ്ടവയും അനുഷ്ടിക്കേണ്ടവയും അല്ലാതിരുന്നിട്ടും ബൈബിള്‍ ഭാഗങ്ങള്‍ ആയി. അവയൊക്കെയും വിശുദ്ധമായി കരുതേണ്ടവ ആണെന്ന സങ്കല്‍പ്പവും ഉണ്ടായി. ]]]

ലേഖനം വളരെ വ്യക്തമാണ്. സ്വാഭാവികമായും ചില സംശയങ്ങള്‍ വളരെ ശക്തിയായി നമ്മില്‍ ഉയര്‍ന്ന് വരാമെങ്കിലും. ഉദാഹരണമായി ബൈബില്‍ ദൈവികമാണ് എന്നാവര്‍ത്തിക്കുമ്പോള്‍ തന്നെ അതില്‍ അബദ്ധങ്ങളും തെറ്റുകളും കടന്നിട്ടുണ്ട് എന്ന് അംഗീകരിച്ചാല്‍. ദൈവിക ഗ്രന്ഥത്തില്‍ കലര്‍പ്പുണ്ടായി എന്ന് മാറ്റിപ്പറയുന്നതിന് പകരം. വീണ്ടും അതേ തെറ്റുകളോടുകൂടി നിലനില്‍ക്കുന്ന ഗ്രന്ഥത്തെ ദൈവികമെന്ന് പറയുന്നതെങ്ങനെ.

ബൈബിള്‍ പൂര്‍ണമായും ദൈവികമല്ലാത്തതിരുന്നിട്ടും അതേ പ്രകാരം അതില്‍ പലയഹൂദമത ആചാരങ്ങളും കൂടിചേരുകയും വിശുദ്ധി നഷ്ടപ്പെടുകയും ചെയ്തിട്ടും നാം അതിനെ നമ്മുടെ ജീവിതത്തിനും വിശ്വാസത്തിനും അതിനെ മാനദണ്ഡമാക്കുന്നതെങ്ങനെ. ബൈബിളിലെ ഓരോ വ്യക്തികള്‍ക്കും ഗ്രന്ഥകര്‍ത്താക്കള്‍ക്കും ദൈവം വ്യത്യസ്ഥനാണ്. ഈ വ്യത്യസ്ഥ ദൈവസങ്കല്‍പങ്ങള്‍ വ്യത്യസ്ത തെറ്റുകള്‍ സൃഷ്ടിക്കാനും കാരണമായി എന്ന് തുറന്ന് പറയുമ്പോള്‍, തെറ്റില്ലാത്ത ഒരു ദൈവിക ഗ്രന്ഥത്തിന്റെയും ദൈവസങ്കല്‍പത്തിന്റെയും കാലികമായ ഒരു നിയമ നിര്‍ദ്ദേശത്തിന്റെയും പ്രസക്തി ഊന്നിപ്പറയുകയല്ലേ ചെയ്യുന്നത്. ആ നിലക്ക് മുസ്‌ലിംകളുടെയും ഖുര്‍ആന്റെയും അവകാശവാദം പരിശോധിക്കാന്‍ ബുദ്ധിയും യുക്തിയുമുള്ള മനുഷ്യന് ബാധ്യതയില്ലേ?. ചിന്തിക്കുക!. വികാരം മാറ്റിവെച്ച് വിചാരത്തോടെ.

7 comments:

  1. ലത്തീഫ്, എന്റെ ബ്ലോഗിലേക്ക് ഒരു ലിങ്ക് കൂടി നല്‍കാമായിരുന്നു.

    >> ആദ്യ ഭാഗം വായിക്കുവാന്‍ ഇവിടെ നോക്കുക <<

    ReplyDelete
  2. >>>എങ്കിലും ബൈബിള്‍ താളുകള്‍ മറിച്ചുനോക്കിയാല്‍ വൈരുദ്ധ്യങ്ങളും, തെറ്റുകളും, അവ്യക്തതകളും മ്ലേച്ചതകളും, ക്രൂരതകളും, അപര്യാപ്തതകളും കണ്ടെത്തുവാന്‍ സാധിക്കും. ദൈവവചനങ്ങള്‍ക്കുള്ളില്‍ ഇവയൊക്കെ എങ്ങനെ കടന്നു വന്നു, എന്താണ് ഇവയുടെ ലക്ഷ്യവും അര്‍ത്ഥവും എന്നൊക്കെയുള്ള അന്വേഷണം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ബൈബിള്‍ ശരിക്കും വ്യാഖ്യാനിക്കുവാന്‍ ഇന്നുവരെയും ആര്‍ക്കും സാധിച്ചിട്ടില്ല. എങ്കിലും ബൈബിളിലെ "പോരയ്മകളിലെക്കുള്ള" ഒരു അന്വേഷണം, "ബൈബിള്‍ - സത്യങ്ങളും രഹസ്യങ്ങളും" എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി ഇവിടെ ആരംഭിക്കുന്നു.

    ബൈബിളിനെ തൊടരുത് വിമര്‍ശിക്കരുത് എന്ന് പറയുന്നവര്‍ പക്വതയോടെ ഈ ലേഖനങ്ങള്‍ വായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. യുക്തിക്ക് നിരക്കാത്തത് എന്നുതോന്നിക്കുന്ന, ആദ്യ വായനയില്‍ തെറ്റുകള്‍ ഉണ്ടെന്നു ചിന്തിപ്പിക്കുന്ന, കുറെ വചനങ്ങളുടെ പഠനമാണ്‌ ഈ ലേഖനങ്ങള്‍. ഒളിച്ചുവച്ച് ഒന്നും പഠിക്കാതിരിക്കരുത്. ബൈബിള്‍ വള്ളിപുള്ളി കൂടാതെ വായനയ്ക്കും പഠനത്തിനും വിധേയമാക്കണം. യഥാര്‍ത്ഥ ബൈബിള്‍ വിജ്ഞാനിയത്തിലേക്ക് വരുവാന്‍ വസ്തുനിഷ്ടവും സത്യസന്ധവുമായ പഠനം ആവശ്യമാണ്‌. വചനഭക്തികൊണ്ട് അന്ധരാകരുത്; വചനയുക്തികൊണ്ട് അഹങ്കാരികളും ആകരുത്.
    <<<

    താങ്കള്‍ ഇവിടെ ആദ്യഭാഗം എന്ന് വിശേഷിപ്പിച്ച പേജ് മൂന്ന് ലേഖനങ്ങള്‍ ശേഷം നല്‍കിയതാണ് എന്ന് കരുതുന്നു. അതില്‍ പ്രകാശിപ്പിച്ച മുകളിലെ വരികള്‍ താങ്കളിലെ അന്വേഷകനെ കാണിക്കുന്നു. അഭിനന്ദനങ്ങള്‍...

    ReplyDelete
  3. >> താങ്കള്‍ ഇവിടെ ആദ്യഭാഗം എന്ന് വിശേഷിപ്പിച്ച പേജ് മൂന്ന് ലേഖനങ്ങള്‍ ശേഷം നല്‍കിയതാണ് എന്ന് കരുതുന്നു. അതില്‍ പ്രകാശിപ്പിച്ച മുകളിലെ വരികള്‍ താങ്കളിലെ അന്വേഷകനെ കാണിക്കുന്നു. അഭിനന്ദനങ്ങള്‍... <<

    ലത്തീഫ്, ആദ്യഭാഗം എന്നാല്‍ ഞാന്‍ ലിങ്ക് നല്‍കിയ പേജ് ആണ് എന്നല്ല ഉദ്ദേശിച്ചത്, ആദ്യഭാഗങ്ങളിലേക്കുള്ള വഴി ആ ലിങ്കിലുള്ള പേജില്‍ ഉണ്ട് എന്നാണ്. ആ പേജ് രണ്ടാമത്തെ ലേഖനത്തോടൊപ്പം തന്നെ ബ്ലോഗില്‍ ചേര്‍ത്തതാണ്; ഈ വിഷയത്തിലെ എല്ലാ ലേഖനങ്ങള്‍ക്കും ഉള്ള ഒരു ആമുഖം എന്ന നിലയില്‍ . തുടര്‍ച്ചയായി വരുന്ന ഓരോ ലേഖങ്ങളും ഒരുമിച്ചു ക്രമമായി എഴുതുവാനും ഓരോ ലേഖനത്തിലേക്കുള്ള പ്രത്യേകം ലിങ്കുകള്‍ ഒരുമിച്ചു നല്‍കുവാനും ഉള്ള സൗകര്യം ആ പേജില്‍ ലഭിക്കും എന്നുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഒരുപക്ഷെ മുകളിലെ കമന്റില്‍ ചേര്‍ത്ത ലിങ്ക് വഴിയാവാം താങ്കള്‍ ആ പേജില്‍ എത്തിയത് എന്ന് കരുതുന്നു. അതുകൊണ്ടാണ് ആ പേജ് ഒരു പുതിയ പേജ് ആയി താങ്കള്‍ക്കു തോന്നിയത്.

    ReplyDelete
  4. ലത്തീഫ്, സന്തോഷ്‌ ഒരു ക്രിസ്തുമതവിശ്വാസി ആണ്, കൂടാതെ ഈ ലേഖനങ്ങള്‍ക്ക് അവലംബം ആക്കിയിരിക്കുന്ന പുസ്തകം ഒരു കത്തോലിക്ക പുരോഹിതന്റെതാണ് എന്നും സന്തോഷ്‌ പറയുന്നു. അപ്പോള്‍ ഈ ലേഖനങ്ങളുടെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ സ്വാഭാവികമായും ക്രിസ്തുമത വിശ്വാസങ്ങള്‍ക്ക് യോജിച്ച തരത്തിലുള്ള വിശദീകരണങ്ങള്‍ ആയിരിക്കുമല്ലോ ഉണ്ടാവുക. ബൈബിള്‍ "തെറ്റുകള്‍" ഉണ്ട് എന്ന് അംഗീകരിച്ചു കൊണ്ടുതന്നെയാണ് ക്രിസ്ത്യാനികള്‍ അതിനെ "സത്യവേദപുസ്തകം" എന്ന് വിശ്വസ്സിക്കുന്നത് എങ്കില്‍ നിങ്ങളുടെ "തെറ്റില്ലാത്ത ഒരു ദൈവിക ഗ്രന്ഥത്തിന്റെയും ദൈവസങ്കല്‍പത്തിന്റെയും കാലികമായ ഒരു നിയമ നിര്‍ദ്ദേശത്തിന്റെയും പ്രസക്തി" അവര്‍ക്ക് ആവശ്യമില്ല എന്ന് അവര്‍ പ്രഖ്യാപിക്കുകയല്ലേ?

    ReplyDelete
  5. @ക്ഷമ,

    ബ്ലോഗില്‍ നമ്മുക്ക് ഇത്രയൊക്കെയേ ചെയ്യാന്‍ കഴിയൂ. അതേ ആവശ്യമുള്ളൂ. ഞാനും നിങ്ങളും സന്തോഷും മാത്രമല്ലല്ലോ ഇതിലെ വായനക്കാര്‍ അവര്‍ കാര്യങ്ങള്‍ തീരുമാനിച്ചുകൊള്ളട്ടേ. ഇക്കാര്യത്തില്‍ ആരും വെപ്രാളപ്പെടേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. നാം പറയാനുള്ളത് പറയുന്നു. സൗഹാര്‍ദ്ദപരമായ സമീപനം മാത്രം സ്വീകരിക്കുക. സൗഹാര്‍ദ്ദത്തോടുകൂടി തന്നെ നമ്മുക്ക് വിയോജിക്കുകയും അഭിപ്രായം തുറന്ന് പറയുകയും ചെയ്യാം. നിങ്ങള്‍ക്ക് ഖുര്‍ആനെയും ഇതുപോലെ നിരൂപണം നടത്താം. 'ഇതാ തെറ്റില്ലാത്ത ഒരു വേദഗ്രന്ഥം' എന്ന് ഞാന്‍ പറഞ്ഞാലും അത് നിങ്ങള്‍ ഉള്‍കൊള്ളേണ്ടതില്ല. അതിന്റെ ക്രോഡീകരണവും അവതരണവും എങ്ങനെയായിരുന്നെന്ന് പഠിക്കാം അതിലെ ഉള്ളടക്കത്തെ തലനാരിഴകീറി പരിശോധിക്കാം.

    ആര് എന്ത് വിശ്വസിക്കുന്നു എന്നത് കാര്യമാക്കേണ്ടതില്ല. ഇതുകൊണ്ട് ആരെങ്കിലും ബൈബിളിനെ തള്ളിപ്പറയണമെന്നും ഇല്ല. നാം ജനിച്ചതിന് ശേഷം നാം കാണുന്ന ചില കാര്യങ്ങളെ ചിന്തിച്ചും ബുദ്ധിഉപയോഗിച്ചും സ്വീകരിക്കാനുള്ള അവകാശം നാമാര്‍ക്കും വകവെച്ചുകൊടുക്കാതിരിക്കുക. അപ്രകാരം നമ്മുടെ പൂര്‍വികര്‍ സങ്കുചിതരായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ ക്രിസ്തുമതമോ ഇസ്‌ലാം മതമോ ഉണ്ടാകുമായിരുന്നില്ല. ഒരു സംസ്‌കാരവും ആളുകള്‍ സ്വീകരിക്കുമായിരുന്നില്ല. ഒരു നാഗരികതയും കൈമാറ്റം ചെയ്യപ്പെടുമായിരുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അസ്ഥിത്വം ഉണ്ടാകുമായിരുന്നില്ല. എല്ലാവരും ലക്ഷ്യം വെക്കുന്നത് മനുഷ്യബുദ്ധിയെയും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയുമാണ്. അതിനാല്‍ നിര്‍ഭയനായി നിലകൊള്ളുക. ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ ഭയാശങ്കതോന്നുന്നെങ്കില്‍ അറിഞ്ഞുകൊള്ളുക ദുര്‍ബലമായ ഒരു വിശ്വാസമാണ് നിങ്ങളെ ഭരിക്കുന്നത്.

    അഭിപ്രായത്തിനും ചിന്തകള്‍ പങ്കുവെച്ചതിനും നന്ദി.

    ReplyDelete
  6. ഒന്നാമത്തെ ലേഖനത്തില്‍ വളരെ കൃത്യമായി ബൈബിളില്‍ തെറ്റ് സംഭവിക്കാനിടയായ സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്തു അതിനോട് ഞാന്‍ യോജിക്കുന്നു. രണ്ടാമത്തെ ലേഖനത്തില്‍: തെറ്റ് സംഭവിച്ചതായി നമ്മുക്ക് തോന്നുന്ന ചിലഭാഗങ്ങളും ഉണ്ട്, അവ യഥാര്‍ഥത്തില്‍ തെറ്റായികൊള്ളണമെന്നില്ല. സന്ദര്‍ഭത്തില്‍നിന്ന വായിക്കാത്തത് കൊണ്ടും പശ്ചാതലത്തെക്കുറിച്ച് ശരിയായ ധാരണയില്ലാത്തതുകൊണ്ട് നമ്മുക്ക് ശരിയായ രൂപത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയാത്തതിനാല്‍ തെറ്റായി വായനക്കാരന് തോന്നുന്നതാണ്. അതും അംഗീകരിക്കുന്നു. ഇനിയും ചിലവ പുര്‍ണമായി മനസ്സിലാകാത്തത് കൊണ്ട് തെറ്റായി മനസ്സിലാക്കുന്നവ. ഇതിലും വേദഗ്രന്ഥം നിസ്സഹായമാണ്. ഈ വിശയത്തില്‍ മുന്നാമത്തെ ലേഖനം നമ്മുക്ക് തുടര്‍ന്ന് വായിക്കാം.

    ReplyDelete
  7. >> ഇതിലും വേദഗ്രന്ഥം നിസ്സഹായമാണ് <<

    നിസ്സഹായന്‍ ആകുന്നതു വേദഗ്രന്ഥമോ? അത് വായിക്കുന്ന മനുഷ്യനോ?

    ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...