Friday, March 26, 2010

ഖുര്‍ആനും സന്യാസവും

വിശുദ്ധഖുര്‍ആനിലെ അല്‍ ഹദീദ് (57)അധ്യായത്തിലെ രണ്ട് സൂക്തങ്ങള്‍ വ്യാഖ്യാന സഹിതം ഇവിടെ നല്‍കുകയാണ്. ഇപ്പോള്‍ ബ്ലോഗില്‍ ഇസ്്‌ലാമിനോടൊപ്പം ക്രിസ്തുമതവും ചര്‍ചയായിക്കൊണ്ടിരിക്കുകയാണ്. യുക്തിവാദികള്‍ വിമര്‍ശനം വിട്ട് വെറും പരിഹാസത്തിലേക്ക് മാറി. ഇസ്ലം ചര്‍ചചെയ്യുന്ന ബ്ലോഗുകളില്‍ ബൈബിളും ഖുര്‍ആനും മറിച്ച് ക്രൈസ്തവ ബ്ലോഗുകളിലും സമാനമായ ചര്‍ചകള്‍ നടക്കുന്നു. ചര്‍ച എന്നൊക്കെ ഇതിനെ പറയാന്‍ കഴിയുമോ എന്ന് സംശയമുള്ളവരുണ്ട്. പ്രത്യക്ഷത്തിലെങ്കിലും അങ്ങനെ തോന്നുന്നത് കൊണ്ട് ആ പദം പ്രയോഗിച്ചു എന്നുമാത്രം. ഇസ്‌ലാം അവസാന ദര്‍ശനമായതുകൊണ്ടും മുഴുവന്‍ മനുഷ്യര്‍ക്ക് വേണ്ടിയുള്ളതായതിനാലും അന്ന് നിലവിലിരുന്ന വ്യവസ്ഥകളെയും മതങ്ങളെയും ചിന്താധാരകളെയും നിരൂപണം ചെയ്യുകയുണ്ടായിട്ടുണ്ട്. ഒരു ദൈവിക ഗ്രന്ഥത്തിനെ അത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ ആരുടെയും അനുമതി ആവശ്യമില്ല. ബുദ്ധിയുള്ള ചിന്തിക്കുന്ന ഒരു വിഭാഗം അതില്‍ അസ്വസ്തരാകുകയുമില്ല. സന്യാസം  ഒരു പ്രവാചക മതവും പഠിപ്പിച്ചതല്ല.  ഇസ്്‌ലാമിന്റെ സന്യാസത്തോടുള്ള കാഴ്ചപ്പാട് താത്വികമാണ്. എന്നാള്‍ ഒരാള്‍ക്ക് സന്യസിക്കാനുള്ള സ്വാതന്ത്ര്യം ഇസ്‌ലാമിക വ്യവസ്ഥ വകവെച്ചുകൊടുക്കുന്നു. എന്നാല്‍ തങ്ങളുണ്ടാക്കിയ  സന്യാസം അവര്‍ക്ക് പാലിക്കാന്‍ സാധിച്ചതുമില്ല. അത് മറ്റെന്തൊക്കെയോ ആയി രൂപം മാറി. പ്രസ്തത കാര്യം ചരിത്രത്തിന്റെ പിന്‍ബലത്തില്‍ മൗദൂദി വിശദീകരിക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട വ്യാഖ്യാനക്കുറിപ്പ് മാത്രമേ നല്‍കുന്നുള്ളൂ. ചിന്തനീയമായ ഈ പഠനം തുടര്‍ന്ന് വായിക്കുക

നാം നൂഹിനെയും ഇബ്‌റാഹീമിനെയും നിയോഗിച്ചു. അവരുടെ വംശത്തില്‍ പ്രവാചകത്വവും വേദവും വെച്ചു. പിന്നെ അവരുടെ മക്കളില്‍ ചിലര്‍ സന്മാര്‍ഗം കൈക്കൊണ്ടു. വളരെപ്പേര്‍ ധിക്കാരികളായിപ്പോയി. അനന്തരം തുടര്‍ച്ചയായി നമ്മുടെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. അവര്‍ക്കെല്ലാം ശേഷമായി മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹത്തിനു ഇഞ്ചീല്‍ നല്‍കി. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കനിവും കാരുണ്യവും നിക്ഷേപിച്ചു. അവരാവിഷ്‌കരിച്ച സന്യാസം; അത് നാം അവര്‍ക്ക് വിധിച്ചതായിരുന്നില്ല. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് അവര്‍ അങ്ങനെയൊരു പുതുചര്യയുണ്ടാക്കി.എന്നിട്ടോ അവരത് പാലിക്കേണ്ടവിധം പാലിച്ചുമില്ല.* അവരില്‍ സത്യവിശ്വാസം കൈക്കൊണ്ടവര്‍ക്ക് അര്‍ഹിക്കുന്ന കര്‍മഫലം നാം നല്‍കി. പക്ഷേ, അവരില്‍ അധികമാളുകളും പാപികളാകുന്നു. (57:26-27)
-----------------------------------------------------------------------

*   അതായത്, അവര്‍ ഇരട്ടതെറ്റില്‍ അകപ്പെട്ടു. ഒന്ന്: അവര്‍ തങ്ങളുടെ മേല്‍ അല്ലാഹു കല്‍പ്പിച്ചിട്ടില്ലാത്ത നിയമങ്ങള്‍ ചുമത്തി. രണ്ട്: ദൈവപ്രീതിക്കുള്ള മാര്‍ഗങ്ങളെന്നു കരുതി സ്വയം ചുമത്തിയ നിയമങ്ങള്‍ പാലിക്കാതിരിക്കുകയും ദൈവപ്രീതിക്കു പകരം ദൈവകോപത്തിനു നിമിത്തമാകുന്ന കര്‍മങ്ങള്‍ അനുവര്‍ത്തിച്ചുകളയുകയും ചെയ്തു.

ഈ ഭാഗം പൂര്‍ണമായി ഗ്രഹിക്കുന്നതിന് ക്രൈസ്തവ സന്യാസത്തിന്റെ ചരിത്രത്തിലേക്കൊന്ന് എത്തിനോക്കുന്നത് സഹായകമായിരിക്കും.

ഹ. ഈസാ(അ)ക്കുശേഷം രണ്ടു നൂറ്റാണ്ടുകള്‍ വരെ ക്രൈസ്തവസമൂഹത്തിന് സന്യാസം അപരിചിതമായിരുന്നു. എങ്കിലും തുടക്കം മുതലേ ക്രിസ്ത്യാനിസത്തില്‍ സന്യാസത്തിന്റെ ബീജങ്ങള്‍ ദൃശ്യമായിരുന്നു. സന്യാസത്തിന് ജന്മം നല്‍കുന്ന സങ്കല്‍പങ്ങളെ അതുള്‍ക്കൊള്ളുകയും ചെയ്തിരുന്നു. വിരക്തിയും സുഖവര്‍ജനവും ധാര്‍മികമൂല്യങ്ങളായി അംഗീകരിക്കലും വിവാഹത്തെയും വ്യാവഹാരിക ജീവിതത്തെയും അപേക്ഷിച്ച് ഏകാന്തവും പീഡിതവുമായ ജീവിതം ഏറെ ശ്രേഷ്ഠമാണെന്ന വിശ്വാസവുമാണല്ലോ സന്യാസത്തിന്റെ അടിത്തറ. ഈ രണ്ടു സംഗതികളും ക്രിസ്ത്യാനിസത്തില്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. ബ്രഹ്മചര്യത്തെ 'വിശുദ്ധി'യുടെ പര്യായമായി കരുതുക മൂലം ക്രൈസ്തവസഭയില്‍ മതചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നവര്‍ വിവാഹം ചെയ്യുന്നതും കുടുംബം പുലര്‍ത്തുന്നതും കുടുംബകാര്യങ്ങളുടെ ബദ്ധപ്പാടുകളിലകപ്പെടുന്നതും നന്നല്ല എന്ന വിചാരവുമുണ്ടായിരുന്നു. ഈ ബീജങ്ങളാണ് മൂന്നാം നൂറ്റാണ്ടുവരെ  വളര്‍ന്നു വളര്‍ന്ന് ഒരു മഹാവിപത്തായി രൂപം കൊള്ളുകയും ക്രൈസ്തവതയെയാസകലം ഗ്രസിക്കുകയും ചെയ്തത്. ചരിത്രപരമായി ഇതിന് മൂന്ന് മുഖ്യ കാരണങ്ങളുണ്ടായിരുന്നു:

i) പൗരാണിക ബഹുദൈവത്വ സമൂഹങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ ജഡിക പ്രവണതകളെയും ദുര്‍വൃത്തികളെയും ഭൗതികപ്രമത്തതയെയും വിപാടനം ചെയ്യുന്നതിന് ക്രൈസ്തവ പണ്ഡിതന്മാര്‍ മിതമായ മാര്‍ഗം സ്വീകരിക്കാതെ ആത്യന്തികവും തീവ്രവുമായ നിലപാടു സ്വീകരിച്ചു. ലൈംഗിക സദാചാരത്തെ ഊന്നിപ്പറഞ്ഞപ്പോള്‍ അവര്‍ സ്ത്രീ പുരുഷബന്ധംതന്നെ-അത് നിയമാനുസൃത വിവാഹത്തിലൂടെയായാല്‍ പോലും-മ്ലേഛമാണെന്നുദ്‌ഘോഷിച്ചു. ഭൗതികപ്രേമത്തോടുള്ള എതിര്‍പ്പ് വളര്‍ന്നു വളര്‍ന്ന് ഒടുവില്‍ മതബോധമുള്ള മനുഷ്യന്‍ എന്തെങ്കിലും സ്വത്ത് കൈവശം വയ്ക്കുന്നതേ പാപമാണ് എന്ന നിലപാടോളമെത്തി. തികഞ്ഞ നിസ്വനും ലോകവിരക്തനുമായിരിക്കുക എന്നതായിത്തീര്‍ന്നു ധാര്‍മികതയുടെ മാനദണ്ഡം. ബഹുദൈവ സമൂഹത്തിലെ സുഖാഡംബരഭ്രമത്തെ കര്‍ക്കശവും ആത്യന്തികവുമായി നേരിട്ടതിന്റെ ഫലമായി സുഖവര്‍ജനവും ആത്മപീഡനവും ആഗ്രഹനിഗ്രഹവും ധാര്‍മികതയുടെ ലക്ഷ്യമായും പരിണമിച്ചു. പലതരം അനുഷ്ഠാനങ്ങളിലൂടെ ശരീരത്തെ പീഡിപ്പിക്കുന്നത് ആത്മീയവികാസവും വിശ്വാസദാര്‍ഢ്യവുമായി കരുതപ്പെട്ടു.

ii) ക്രിസ്ത്യാനിസം അതിന്റെ വിജയകാലത്തേക്കു പ്രവേശിക്കുകയും സാമാന്യജനങ്ങള്‍ അതു സ്വീകരിച്ചുതുടങ്ങുകയും ചെയ്തപ്പോള്‍ മതത്തിന്റെ വികസനത്തിലും പ്രചാരത്തിലും വ്യഗ്രതപൂണ്ട സഭ, സാമാന്യജനങ്ങള്‍ക്ക് സ്വീകാര്യമായ എല്ലാ തിന്മകളെയും സ്വന്തം വൃത്തത്തിലേക്ക് കൂട്ടിച്ചേര്‍ത്തു. പഴയ പൂജാവിഗ്രഹങ്ങളുടെ സ്ഥാനം പുണ്യവാളന്മാര്‍ ഏറ്റെടുത്തു. ഹോറസി(Horus)ന്റെയും ഐസിസിന്റെയും പ്രതിഷ്ഠകളുടെ സ്ഥാനത്ത് മിശിഹായുടെയും മേരിയുടെയും വിഗ്രഹങ്ങള്‍ പൂജിക്കപ്പെട്ടുതുടങ്ങി. ഭോഗമഹോത്സവ(Saturnalia)ത്തിനു പകരമായി ക്രിസ്മസ് ആഘോഷമാരംഭിച്ചു. പുരാതനകാലത്തെ മന്ത്രവും മാരണവും ഉറുക്കും ശകുനം നോക്കലും അദൃശ്യപ്രവചനവും ജ്യോത്സ്യവും എല്ലാം ക്രൈസ്തവ സിദ്ധന്മാരും സ്വന്തമാക്കി. അങ്ങനെ വൃത്തിഹീനനും നഗ്നനുമായി ഏതെങ്കിലും കാട്ടിലോ ഗുഹയിലോ കഴിയുന്നവരെ ദൈവവുമായി നേരിട്ടു ബന്ധമുള്ള പുണ്യാളന്മാരായി ബഹുജനം കരുതി. സഭയില്‍ പുണ്യാളത്തിന്റെ അംഗീകൃത സങ്കല്‍പമായി അതു പരിണമിച്ചു. അത്തരം ആളുകളുടെ ദിവ്യസിദ്ധികള്‍ വിവരിക്കുന്ന പുണ്യാളചരിത്രകൃതികള്‍ ക്രൈസ്തവ സഭയിലെങ്ങും ധാരാളമായി പ്രചരിച്ചു.

iii) ദീനിന്റെ അതിരുകള്‍ നിര്‍ണയിക്കുന്ന വിശദമായ ശരീഅത്തോ (നിയമസംഹിത) വ്യക്തമായ സുന്നത്തോ (പ്രവാചകന്റെ ചര്യ) ക്രൈസ്തവസഭയുടെ പക്കലുണ്ടായിരുന്നില്ല. മൂസാ(അ)യുടെ ശരീഅത്തിനെ അവര്‍ തള്ളിക്കളഞ്ഞിരുന്നു. ഇന്‍ജീലില്‍നിന്ന് (പുതിയ നിയമം) മാത്രമായി സമ്പൂര്‍ണ മാര്‍ഗദര്‍ശനം ലഭിച്ചതുമില്ല. അതുകൊണ്ട് ക്രൈസ്തവ പണ്ഡിതന്മാര്‍ കുറച്ചൊക്കെ ഇതര തത്ത്വശാസ്ത്രങ്ങളാലും രീതികളാലും സ്വാധീനിക്കപ്പെട്ടും കുറച്ചൊക്കെ സ്വന്തം അഭിമതങ്ങളനുസരിച്ചും പലതരം ബിദ്അത്തുകള്‍ (പുത്തന്‍ ആചാരങ്ങള്‍) ദീനില്‍ കൂട്ടിച്ചേര്‍ത്തു. ഈ ബിദ്അത്തുകളുടെ കൂട്ടത്തിലൊന്നാണ് സന്യാസം. ബൗദ്ധഭിക്ഷുക്കളില്‍നിന്നും ഹൈന്ദവയോഗികളില്‍നിന്നും സന്യാസികളില്‍നിന്നും പൗരാണിക ഈജിപ്ഷ്യന്‍ ഫഖീറുകളില്‍ (Anchorites) നിന്നും ഇറാനിലെ മാനവികളില്‍നിന്നും പ്ലാറ്റോവിന്റെയും പ്ലാറ്റോണിസത്തിന്റെയും പൗരസ്ത്യ ശിഷ്യരില്‍നിന്നുമാണ് ക്രൈസ്തവാചാര്യന്മാര്‍ അതിന്റെ തത്ത്വശാസ്ത്രവും രീതിയും സ്വീകരിച്ചത്. അതിനെ അവര്‍ ആത്മസംസ്‌കരണോപാധിയും ആത്മീയോല്‍ക്കര്‍ഷമാധ്യമവും ദൈവസാമീപ്യമാര്‍ഗവുമൊക്കെയായി അംഗീകരിക്കുകയായിരുന്നു. ഈ അബദ്ധമനുവര്‍ത്തിച്ചത് സാധാരണക്കാരായിരുന്നില്ല. മൂന്നാം നൂറ്റാണ്ടു മുതല്‍ ആറാം നൂറ്റാണ്ടു (ഖുര്‍ആന്റെ അവതരണകാലം) വരെ പശ്ചിമദേശത്തും പൗരസ്ത്യദേശത്തും ക്രിസ്ത്യാനിസത്തിന്റെ മഹാപണ്ഡിതന്മാരും പുണ്യാത്മാക്കളായ ആചാര്യന്‍മാരുമായിരുന്ന സെന്റ് അഥനേഷ്യസ്, സെന്റ് ബസീല്‍, സെന്റ് ഗ്രിഗറി, സെന്റ് ക്രൈന്‍സ്റ്റം, സെന്റ് അംബ്രോസ്, സെന്റ് ജെറോം, സെന്റ് അഗസ്റ്റിന്‍, സെന്റ് ബെനഡിക്ട്, ഗ്രിഗറി ദ ഗ്രേറ്റ് തുടങ്ങിയവരൊക്കെത്തന്നെ സ്വയം സന്യാസിമാരും സന്യാസത്തിന്റെ ധ്വജവാഹകരുമായിരുന്നു. അവരുടെ പരിശ്രമങ്ങളുടെ ഫലമായാണ് സഭയില്‍ പൗരോഹിത്യത്തിന് പ്രചാരം സിദ്ധിച്ചത്.

ക്രിസ്ത്യാനികളില്‍ സന്യാസത്തിന് തുടക്കം കുറിച്ചത് ഈജിപ്തിലാണെന്ന് ചരിത്രത്തില്‍നിന്ന് മനസ്സിലാകുന്നു. സെന്റ് ആന്റണി (ക്രി. 250-350)യായിരുന്നു അതിന്റെ ഉപജ്ഞാതാവ്. ഇദ്ദേഹം പ്രഥമ ക്രൈസ്തവ സന്യാസിയായി അംഗീകരിക്കപ്പെട്ടിരുന്നു. ഫയ്യൂം പ്രദേശത്തെ പസ്ഫിര്‍ (ഇന്ന് ദൈറുല്‍ മയ്മൂന്‍ എന്നറിയപ്പെടുന്നു) എന്ന സ്ഥലത്ത് ഇദ്ദേഹം ഒന്നാമത്തെ  ക്രൈസ്തവ സന്യാസാശ്രമം സ്ഥാപിച്ചു. അനന്തരം ചെങ്കടല്‍തീരത്ത് (ഇന്ന് ദൈര്‍ മാര്‍ അന്റോണിയോസ് എന്നറിയപ്പെടുന്ന സ്ഥലത്ത്) മറ്റൊരാശ്രമവും കൂടി സ്ഥാപിച്ചു. ക്രൈസ്തവ സന്യാസത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നത് ഇദ്ദേഹത്തിന്റെ ലേഖനങ്ങളില്‍നിന്നും മാര്‍ഗദര്‍ശനങ്ങളില്‍ നിന്നുമാകുന്നു. ഇതിനുശേഷം അതിന്റെ പരമ്പര ഒരു വെള്ളപ്പൊക്കമെന്നോണം ഈജിപ്തിലെങ്ങും പരന്നു. സകലയിടത്തും സന്യാസികളുടെയും സന്യാസിനികളുടെയും മഠങ്ങള്‍ ഉയര്‍ന്നുവന്നു. അവയില്‍ ചിലതില്‍ ഒരേസമയം മൂവായിരത്തോളം സന്യാസിമാര്‍ പാര്‍ത്തിരുന്നു. ക്രി. 325-ല്‍ ഈജിപ്തില്‍തന്നെ പ്രത്യക്ഷപ്പെട്ട  മറ്റൊരു  ക്രൈസ്തവ പുണ്യാളനായ പാഖൂമിയൂസ് സന്യാസികള്‍ക്കും സന്യാസിനികള്‍ക്കുമായി പത്തു വന്‍ മഠങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. അനന്തരം ഈ പ്രവണത സിറിയയിലും ഫലസ്തീനിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും പ്രചരിച്ചുകൊണ്ടിരുന്നു. ആദ്യഘട്ടത്തില്‍ ക്രൈസ്തവസഭയില്‍ സന്യാസസംബന്ധമായി സങ്കീര്‍ണമായ ആശയക്കുഴപ്പങ്ങളുളവായിരുന്നു. ഏകാന്തതയെയും  പീഡാനുഭവങ്ങളെയും ദാരിദ്ര്യത്തെയും മാതൃകാപരമായ ആത്മീയജീവിതത്തിന്റെ ഭാഗങ്ങളായി അവരംഗീകരിച്ചിരുന്നുവെങ്കിലും സന്യാസികളെപ്പോലെ വിവാഹവും സന്താനപ്രജനനവും സ്വത്ത് കൈവശം വയ്ക്കലും പാപങ്ങളായി കാണാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ സെന്റ് അഥനേഷ്യസ് (മരണം 373), സെന്റ് ബസില്‍ (മരണം 379), സെന്റ് ആഗസ്റ്റിന്‍ (മരണം 609) തുടങ്ങിയവരുടെ സ്വാധീനത്താല്‍ സന്യാസത്തിന്റെ വളരെയേറെ നിയമങ്ങള്‍ സഭാചട്ടങ്ങളുടെ ഭാഗമായിത്തീര്‍ന്നു. (തുടരും)

4 comments:

  1. ആത്മീയതയെന്നാൽ ലൌകിക കാര്യങ്ങളുടെ തിരസ്കാരമാണെന്ന സങ്കല്പത്തിൽ നിന്നാണ് ഇത്തരം മനുഷ്യപ്രകൃതി വിരുദ്ധമായ ആശയങ്ങൾ ഉണ്ടാവുന്നത്. ഒരു മനുഷ്യന് ലിംഗം എത്ര പ്രധാനമാണോ അത്രയും പ്രധാനമാണ് ലൈംഗികതയും.
    ലൌകികതയും ആത്മീയതയും വളരെ മനോഹരമായി സമന്വയിക്കുന്നതാണ് ഇസ്ലാമിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

    ലേഖനം തുടരുക. നിഗമനങ്ങളുടെ അവലംബങ്ങൾ നൽകുന്നത് നന്നായിരിക്കും.

    ReplyDelete
  2. @Pallikkulam.

    വ്യക്തമായ ചരിത്രത്തിന്റെയും കാണപ്പെടുന്ന വസ്തുതകളുടെയും പിന്‍ബലത്തോടെയാണ് ഈ നൂറ്റാണ്ടിലെ തന്നെ മഹാപണ്ഡിതരിലൊരാളായ മൗദൂദി തന്റെ നിഗമനങ്ങളും വാദങ്ങളും അവതരിപ്പിക്കുന്നത്. ഉദ്ദരിക്കപ്പെടുന്ന ചരിത്രശകലങ്ങള്‍ക്കൊക്കെ അവലംബം നല്‍കുക പ്രായോഗികമല്ലല്ലോ. അതും ഇതുപോലെ ഒരു വ്യാഖ്യാനഗ്രന്ഥത്തില്‍. എങ്കിലും തുടര്‍ന്നുള്ള ഭാഗങ്ങളില്‍ സാധ്യമായ ലിങ്കുകള്‍ നല്‍കാന്‍ ശ്രമിക്കാം. ഈ ലേഖനത്തിലും ആവശ്യമായ സ്ഥലത്ത് അത്തരം ലിങ്കുകള്‍ നല്‍കിയിട്ടുണ്ട്. ശ്രദ്ധിക്കുക.

    ReplyDelete
  3. ലത്തീഫെ, താങ്കള്‍ക്കു ഖുര്‍ ആന്‍ വെളിച്ചം പകര്‍ന്നു നല്‍കണം എന്നുണ്ടെങ്കില്‍ അത് ഖുര്‍ ആനില്‍ നിന്ന് മാത്രം ആവുക, അല്ലാതെ ക്രിസ്തീയ വിശ്വാസ്സങ്ങള്‍ കുഴിച്ചുനോക്കി ആവരുത്.

    ദയവായി താങ്കളുടെ സന്യാസത്തിന്റെ പ്രത്യേകതകള്‍, ഖുര്‍ആനും സന്യാസവും എന്നീ ലേഖനങ്ങളുടെ ക്രിസ്തീയ വിരുദ്ധമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുകയോ ലേഖനങ്ങള്‍ മുഴുവനായും പിന്‍വലിക്കുകയോ ചെയ്യേണ്ടതാണ്. കാരണം ഈ ലേഖനങ്ങളിലെ പരാമര്‍ശങ്ങള്‍ ക്രൈസ്തവര്‍ പുണ്യാവാന്മാര്‍ എന്ന് വിശ്വസ്സിക്കുന്നവരെക്കുരിച്ചും ക്രൈസ്തവ പുരോഹിതന്മാര്‍ സന്ന്യാസ്സിനികള്‍ എന്നിവരെക്കുറിച്ചും സമൂഹത്തില്‍ മോശമായ കാഴ്ചപ്പാടുകള്‍ വളര്‍ത്തുവാന്‍ ഇടയാക്കും.

    ReplyDelete
  4. സന്തോഷ്,
    “ ക്രിസ്ത്യാനികളില്‍ സന്യാസത്തിന് തുടക്കം കുറിച്ചത് ഈജിപ്തിലാണെന്ന് ചരിത്രത്തില്‍നിന്ന് മനസ്സിലാകുന്നു. സെന്റ് ആന്റണി (ക്രി. 250-350)യായിരുന്നു അതിന്റെ ഉപജ്ഞാതാവ്.“
    ഈ പരാമർശം പറയുന്നത് സന്യാസത്തിന് ക്രിസ്തുവിന്റെ മതവുമായി യാതൊരു ബന്ധവുമില്ല്ലായിരുന്നു എന്നാണ്. അങ്ങനെയിരിക്കെ അടിസ്ഥാനപരമായി ലത്തീഫ് ക്രിസ്തുമത വിശ്വാസത്തെ ഇകഴ്ത്തിക്കാണിച്ചിട്ടില്ല. ക്രിസ്തുവിനു ശേഷം രണ്ടര നൂറ്റാണ്ടുകൾക്കു ശേഷം ക്രിസ്തുമതത്തിൽ ഉണ്ടായ ‘കളവത്കരണത്തെ’ യാണ് ലത്തീഫ് തുറന്നു കാട്ടുന്നത്. ‘പുണ്യാളന്മാർ’ എന്നൊരു വിഭാഗം തന്നെ ക്രൈസ്തവതയിലെ ഒരു ഏച്ചുകെട്ടലായിരുന്നു എന്നാണ് ലേഖനം വായിക്കുമ്പോൾ അനുഭവപ്പെടുന്നത്.

    ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...