Sunday, March 7, 2010

പ്രവാചകന് ക്ലേശമുണ്ടാവാതിരിക്കാന്‍

വിശുദ്ധഖുര്‍ആനിലെ അഹ്‌സാബ് അധ്യായത്തിലെ 50 സൂക്തം വളരെയേറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സൂക്തങ്ങളിലൊന്നാണ്. ഈ അവസരത്തില്‍ അതിന്റെ ശരിയായ വ്യാഖ്യാനം മനസ്സിലാക്കുന്നത് നന്നായിരിക്കും. മൗദൂദിയുടെ വ്യാഖ്യാന സഹിതം പ്രസ്തുത സൂക്തങ്ങള്‍ ഇവിടെ നല്‍കുന്നു. വ്യാഖ്യാനത്തില്‍നിന്ന് ഒന്നും നീക്കം ചെയ്യുകയോ കൂട്ടിചേര്‍ക്കുകയോ ചെയ്തിട്ടില്ല. തുടര്ന്ന് വായിക്കുക.
അല്ലയോ പ്രവാചകാ, നീ വിവാഹമൂല്യം നല്‍കിയിട്ടുള്ള ഭാര്യമാരെ നാം നിനക്ക് അനുവദിച്ചുതന്നിട്ടുള്ളതാകുന്നു. യുദ്ധാര്‍ജിതമായി അല്ലാഹു സമ്മാനിച്ച സ്ത്രീകളില്‍ നിന്റെ അധീനത്തിലുള്ളവരെയും, നിന്നോടൊപ്പം പലായനം ചെയ്തവരായ, നിന്റെ പിതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും മാതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും നിനക്കനുവദിച്ചുതന്നിരിക്കുന്നു; പ്രവാചകനുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന വിശ്വാസിനിയെയും- പ്രവാചകന്‍ അവളെ വേള്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍. ഈ അനുവാദം നിനക്ക് മാത്രമാകുന്നു. മറ്റു വിശ്വാസികള്‍ക്കില്ല. സാധാരണവിശ്വാസികളുടെമേല്‍, അവരുടെ ഭാര്യമാരുടെയും ദാസികളുടെയും കാര്യത്തില്‍ നാം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളെന്തെന്നു നമുക്കറിയാം. (നിന്നെ ഈ പരിധികളില്‍ നിന്നൊഴിവാക്കിയത്) നിനക്ക് ക്ലേശമുണ്ടാവാതിരിക്കാനത്രെ. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമല്ലോ. (33:50)

***************************************************


അല്ലയോ പ്രവാചകാ, നീ വിവാഹമൂല്യം നല്‍കിയിട്ടുള്ള ഭാര്യമാരെ നാം നിനക്ക് അനുവദിച്ചുതന്നിട്ടുള്ളതാകുന്നു.

(ഒരേസമയം നാലില്‍ കൂടുതല്‍ ഭാര്യമാരെ സ്വീകരിക്കുന്നത് വിലക്കുന്ന മുഹമ്മദ് നബി(സ), സ്വയം ഈ അഞ്ചാം ഭാര്യയെ സ്വീകരിച്ചതെങ്ങനെ എന്ന് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ് യഥാര്‍ഥത്തിലിത്. ഹ. സൈനബിനെ വിവാഹം ചെയ്യുമ്പോള്‍ തിരുമേനിക്ക് വേറെ നാലു ഭാര്യമാരുണ്ടായിരുന്നു എന്നതാണിതിനടിസ്ഥാനം. (1) അദ്ദേഹം ഹിജ്‌റക്ക് മൂന്നുവര്‍ഷം മുമ്പ് വിവാഹം ചെയ്തിരുന്ന സൗദ (2) ഹിജ്‌റക്ക് മൂന്നുവര്‍ഷം മുമ്പ് വിവാഹം ചെയ്യുകയും ഹിജ്‌റ 1-ാം വര്‍ഷം ശവ്വാലില്‍ ദാമ്പത്യജീവിതം തുടങ്ങുകയും ചെയ്ത ഹ. ആഇശ (3) ഹിജ്‌റ മൂന്നാംവര്‍ഷം ശഅബാനില്‍ വിവാഹം ചെയ്ത ഹ. ഹഫ്‌സ. (4) ഹിജ്‌റ നാലാം വര്‍ഷം ശവ്വാലില്‍ തിരുമേനിയുടെ പത്‌നീപദംകൊണ്ടനുഗൃഹീതയായ ഉമ്മുസലമ ഈയടിസ്ഥാനത്തില്‍ ഹ. സൈനബ് തിരുമേനിയുടെ അഞ്ചാമത്തെ പത്‌നിയായിരുന്നു. ഇതേക്കുറിച്ച് സത്യനിഷേധികളും കപടവിശ്വാസികളും ഉന്നയിച്ച വിമര്‍ശനത്തിന് അല്ലാഹു മറുപടി നല്‍കുന്നതിങ്ങനെയാണ്: താങ്കള്‍ വിവാഹമൂല്യം നല്‍കി വേട്ട ഈ അഞ്ചു ഭാര്യമാരെയും നാം താങ്കള്‍ക്ക് അനുവദിച്ചുതന്നിരിക്കുന്നു.' മറ്റു വാക്കുകളില്‍, മറുപടിയുടെ താല്‍പര്യമിതാണ്: സാധാരണ മുസ്‌ലിംകള്‍ക്ക് നാല് എന്ന പരിധി നിശ്ചയിച്ചത് നാമാണ്. താങ്കളെ ആ പരിധിയില്‍നിന്ന് ഒഴിവാക്കിയതും നാം തന്നെ. നമുക്ക് ആ പരിധി നിശ്ചയിക്കാന്‍ അധികാരമുണ്ടെങ്കില്‍ ഈ ഒഴിവാക്കലിന് എന്തുകൊണ്ടധികാരമില്ല?

ഈ മറുപടിയെ സംബന്ധിച്ചിടത്തോളം ഒരുകാര്യം സവിശേഷം ഓര്‍ക്കേണ്ടതുണ്ട്. കാഫിറുകളെയും കപടന്മാരെയും തൃപ്തിപ്പെടുത്താനുള്ളതല്ല ഈ മറുപടി. പ്രത്യുത ഇസ്‌ലാമിന്റെ ശത്രുക്കള്‍ ആശയക്കുഴപ്പത്തിലകപ്പെടുത്താന്‍ ശ്രമിച്ചിരുന്ന മുസ്‌ലിംകളെ തൃപ്തിപ്പെടുത്താനുള്ളതാണ്. ഖുര്‍ആന്‍ ദൈവികവചനമാണെന്നും അല്ലാഹുവിന്റെ വാക്കുകളില്‍തന്നെ ഇറക്കപ്പെടുന്നതാണെന്നും ഏതായാലും അവര്‍ക്ക് ദൃഢബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് ഖുര്‍ആനിലെ സുവ്യക്തമായ ഒരു സൂക്തത്തിലൂടെ അല്ലാഹു വിളംബരംചെയ്തു: ഭാര്യമാരുടെ എണ്ണം സംബന്ധിച്ച പരിധിയില്‍നിന്ന് നബി(സ) തന്നിഷ്ടപ്രകാരം ഒഴിഞ്ഞുമാറിയതല്ല. അദ്ദേഹത്തെ അതില്‍നിന്നൊഴിവാക്കാനുള്ള തീരുമാനം നാം കൈക്കൊണ്ടതാകുന്നു.


യുദ്ധാര്‍ജിതമായി അല്ലാഹു സമ്മാനിച്ച സ്ത്രീകളില്‍ നിന്റെ അധീനത്തിലുള്ളവരെയും, നിന്നോടൊപ്പം പലായനം ചെയ്തവരായ, നിന്റെ പിതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും മാതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും നിനക്കനുവദിച്ചുതന്നിരിക്കുന്നു; പ്രവാചകനുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന വിശ്വാസിനിയെയും- പ്രവാചകന്‍ അവളെ വേള്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍.

(തിരുമേനിക്ക് അഞ്ചു പത്‌നിമാരെ അനുവദിച്ചുകൊടുത്തതിനുപുറമെ ഈ സൂക്തം ഏതാനും ചിലയിനം സ്ത്രീകളെക്കൂടി ഇനിയും വിവാഹം ചെയ്യാന്‍ അനുവാദം നല്‍കുന്നു:

i) തിരുമേനിയുടെ അധീനത്തില്‍ വരുന്ന അടിമസ്ത്രീകള്‍. ഈ അനുവാദമനുസരിച്ച് നബി(സ) ബനൂഖുറൈള യുദ്ധത്തില്‍ പിടിക്കപ്പെട്ട സ്ത്രീകളില്‍നിന്ന് ഹ. റൈഹാനയെയും ബനുല്‍മുസ്തലിഖ് യുദ്ധത്തില്‍ പിടിക്കപ്പെട്ടവരില്‍നിന്ന് ഹ. ജുവൈരിയ്യയെയും ഖൈബര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ടവരില്‍നിന്ന് ഹ. സ്വഫിയ്യയെയും ഈജിപ്തില്‍നിന്ന് മുഖൗഖിസ് തിരുമേനിക്കയച്ചുകൊടുത്ത മാരിയ എന്ന കോപ്റ്റിക് വംശജയെയും തന്റെ സ്ത്രീകളാക്കിയിരുന്നു. ഇവരില്‍ ആദ്യത്തെ മൂന്നുപേരെ അദ്ദേഹം സ്വതന്ത്രകളാക്കി വിവാഹം ചെയ്തു. എന്നാല്‍, ഹ. മാരിയ തിരുമേനിയുമായി ദാമ്പത്യം പങ്കിട്ട ദാസിയായിരുന്നു. അവരെ സ്വതന്ത്രയാക്കി വിവാഹം ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല.

ii) അദ്ദേഹത്തോടൊപ്പം ഹിജ്‌റ ചെയ്ത അദ്ദേഹത്തിന്റെ പിതൃസഹോദര പുത്രിമാരും പിതൃസഹോദരീ പുത്രിമാരും മാതൃസഹോദര പുത്രിമാരും മാതൃസഹോദരീ പുത്രിമാരും സൂക്തത്തില്‍ 'അദ്ദേഹത്തോടൊപ്പം' എന്ന് പറഞ്ഞവരും. അവര്‍ ഹിജ്‌റ ചെയ്തത് അദ്ദേഹത്തിന്റെ കൂടെയായിരുന്നു എന്ന അര്‍ഥത്തിലല്ല. ദീനുല്‍ ഇസ്‌ലാമിനുവേണ്ടി ദൈവിക സരണിയില്‍ പലായനം ചെയ്തവരായിരിക്കണം എന്ന അര്‍ഥത്തിലാണ്. ഇത്തരം ബന്ധുക്കളില്‍നിന്ന് തനിക്കിഷ്ടമുള്ളവരെ വിവാഹം ചെയ്യാന്‍ അദ്ദേഹത്തിന് അനുവാദം നല്‍കപ്പെട്ടു. അങ്ങനെ ഈ അനുവാദമനുസരിച്ചാണ് ഹിജ്‌റ 7-ാം ആണ്ടില്‍ ഹ. ഉമ്മുഹബീബയെ തിരുമേനി വിവാഹം ചെയ്തത്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം തന്റെ പിതൃസഹോദരീ സഹോദരന്മാരുടെയും മാതൃസഹോദരീ സഹോദരന്മാരുടെയും പെണ്‍മക്കള്‍ വിവാഹം ചെയ്യാന്‍ അനുവദിക്കപ്പെട്ടവരാണെന്നുകൂടി ഈ സൂക്തം സ്പഷ്ടമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇസ്‌ലാമിക ശരീഅത്ത് ജൂത-ക്രൈസ്തവ നിയമങ്ങളില്‍നിന്ന് ഭിന്നമാകുന്നു. ക്രൈസ്തവ നിയമപ്രകാരം പുരുഷന്റെ ഏഴ് തലമുറവരെ വംശബന്ധമുള്ള സ്ത്രീയെ വിവാഹം ചെയ്യാന്‍ പാടില്ല. ജൂത നിയമപ്രകാരമാകട്ടെ സ്വന്തം സഹോദരിയുടെ പെണ്‍മക്കളെയും വിവാഹം ചെയ്യാവുന്നതാണ്.

iii) തിരുമേനിക്ക് സ്വയം സമര്‍പ്പിക്കുന്ന സ്ത്രീകള്‍. അതായത്, വിവാഹമൂല്യമില്ലാതെ, തിരുമേനിയുടെ ഭാര്യയാകാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന സ്ത്രീകളില്‍ തിരുമേനി സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. ഈ അനുവാദപ്രകാരമാണ് ഹിജ്‌റ 7-ാം വര്‍ഷം ശവ്വാലില്‍ അദ്ദേഹം ഹ. മൈമൂനയെച762 ഭാര്യയായി സ്വീകരിച്ചത്. എന്നാല്‍ വിവാഹമൂല്യം നല്‍കാതെ അവരെ അനുഭവിക്കാന്‍ തിരുമേനി ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് ആരും ആശിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യാതെതന്നെ അവിടുന്ന് അവര്‍ക്ക് വിവാഹമൂല്യം നല്‍കുകയുണ്ടായി. തിരുമേനിയുടെ ഭാര്യമാരില്‍ സ്വയം സമര്‍പ്പിക്കപ്പെട്ട ആരുമുണ്ടായിരുന്നില്ലെന്ന് ചില വ്യാഖ്യാതാക്കള്‍ പറയുന്നുണ്ട്. പക്ഷേ, അതിന്നര്‍ഥം തനിക്ക് സ്വയം സമര്‍പ്പിക്കപ്പെട്ട സ്ത്രീകളെ, വിവാഹമൂല്യം നല്‍കാതെ അവിടുന്ന് സ്വീകരിച്ചിട്ടില്ലെന്നാണ്.


ഈ അനുവാദം നിനക്ക് മാത്രമാകുന്നു. മറ്റു വിശ്വാസികള്‍ക്കില്ല.

(ഈ വാക്യത്തിന്റെ ബന്ധം അടുത്ത വാക്യത്തോടാണ് എന്ന് കരുതുകയാണെങ്കില്‍ ആശയമിതായിരിക്കും: സ്വയം സമര്‍പ്പിക്കുന്ന സ്ത്രീകളെ വിവാഹമൂല്യമില്ലാതെ നികാഹ് ചെയ്യുകയെന്നത് മറ്റു മുസ്‌ലിംകള്‍ക്കൊന്നും അനുവദനീയമല്ല. ഇതിന്റെ ബന്ധം മുകളിലുള്ള മുഴുവന്‍ വചനത്തോടുമാണെന്നു വെക്കുകയാണെങ്കില്‍ സാരം ഇപ്രകാരമായിരിക്കും: നാലിലധികം ഭാര്യമാരെ വേള്‍ക്കാനുള്ള അനുവാദവും തിരുമേനി(സ)ക്ക് മാത്രമുള്ളതാണ്. സാധാരണ മുസ്‌ലിംകള്‍ക്കൊന്നും അതില്ല. സമുദായത്തിലെ മറ്റംഗങ്ങള്‍ക്കൊന്നും ബാധകമാകാത്തതും തിരുമേനി(സ)ക്ക് മാത്രം ബാധകമാകുന്നതുമായ ചില വിധികളുണ്ട് എന്നുകൂടി ഈ സൂക്തത്തില്‍നിന്ന് വ്യക്തമാകുന്നു. ഖുര്‍ആനും സുന്നത്തും പരിശോധിച്ചുനോക്കിയാല്‍ ഇത്തരം പല വിധികളും കാണാം. ഉദാഹരണമായി തഹജ്ജുദ് നമസ്‌കാരം നബി(സ)ക്ക് നിര്‍ബന്ധമായിരുന്നു. മറ്റെല്ലാവര്‍ക്കും അത് ഐഛികമാണ്. തിരുമേനിക്കും കുടുംബത്തിനും സകാത്ത് സ്വീകരിക്കല്‍ നിഷിദ്ധമാണ്. മറ്റാര്‍ക്കും നിഷിദ്ധമല്ല. തിരുമേനിയുടെ അനന്തരസ്വത്തുക്കള്‍ വീതിക്കപ്പെടാവതല്ലായിരുന്നു. മറ്റെല്ലാവരുടെയും അനന്തര സ്വത്തുക്കള്‍ക്ക് സൂറതുന്നിസാഇല്‍ പറഞ്ഞ വിധികള്‍ ബാധകമാണ്. തിരുമേനിക്ക് നാലിലധികം ഭാര്യമാര്‍ അനുവദിക്കപ്പെട്ടു. ഭാര്യമാരോട് തുല്യത പാലിക്കല്‍ അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നില്ല. തനിക്ക് സ്വയം സമര്‍പ്പിക്കപ്പെടുന്ന സ്ത്രീയെ വിവാഹമൂല്യമില്ലാതെ വിവാഹം ചെയ്യാന്‍ അദ്ദേഹത്തിന്നനുവാദമുണ്ടായിരുന്നു. തിരുമേനിയുടെ മരണശേഷം സമുദായത്തിലെ മറ്റാരും അവിടത്തെ വിധവകളെ വിവാഹം ചെയ്യുന്നത് നിഷിദ്ധമാക്കപ്പെട്ടു. ഇത്തരം സവിശേഷതകളൊന്നുംതന്നെ തിരുമേനിയല്ലാത്ത മറ്റൊരു മുസ്‌ലിമിനും സിദ്ധിച്ചിട്ടില്ല. ജൂത-ക്രൈസ്തവ സ്ത്രീകളെ വിവാഹം ചെയ്യുന്നത് വിലക്കപ്പെട്ടു എന്നൊരു പ്രത്യേകത കൂടി നബി(സ)ക്ക് ഉണ്ടായിരുന്നതായി മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്. സമുദായത്തിലെ മറ്റംഗങ്ങള്‍ക്ക് അതനുവദനീയമാണ്.)


സാധാരണവിശ്വാസികളുടെമേല്‍, അവരുടെ ഭാര്യമാരുടെയും ദാസികളുടെയും കാര്യത്തില്‍ നാം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളെന്തെന്നു നമുക്കറിയാം. (നിന്നെ ഈ പരിധികളില്‍ നിന്നൊഴിവാക്കിയത്) നിനക്ക് ക്ലേശമുണ്ടാവാതിരിക്കാനത്രെ.

(അല്ലാഹു നബി(സ)യെ പൊതുനിയമത്തില്‍നിന്ന് ഒഴിവാക്കിയതിന്റെ ഗുണമാണിത്. 'യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാന്‍' എന്നതിന്റെ താല്‍പര്യം-നഊദുബില്ലാഹ്- അവിടത്തെ ജഡികാസക്തി നാലു ഭാര്യമാരെക്കൊണ്ട് തൃപ്തിപ്പെടാത്തവണ്ണം ശക്തിമത്തായിരുന്നുവെന്നും നാലുപേര്‍ മാത്രമായാല്‍ അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടാവുമെന്നും അതുകൊണ്ടാണ് വളരെ ഭാര്യമാരെ അനുവദിച്ചുകൊടുത്തത് എന്നുമല്ല. പക്ഷപാതിത്വത്തിന്റെ ആന്ധ്യം ബാധിച്ച ഒരാള്‍ക്ക് മാത്രമേ ഈ വാക്യത്തിന് അങ്ങനെ അര്‍ഥം കല്‍പിക്കാനാകൂ. അതായത്, പ്രവാചകന്‍ തന്റെ 25-ാം വയസ്സില്‍ നാല്‍പതുകാരിയായ ഒരു വിധവയെയാണ് വിവാഹം ചെയ്തത്. 25 വര്‍ഷക്കാലം അദ്ദേഹം അവരോടൊപ്പം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിച്ചു. പിന്നെ അവര്‍ മരിച്ചശേഷം അദ്ദേഹം വിവാഹം ചെയ്തത് വൃദ്ധയായ സൗദയെയായിരുന്നു. നാലു വര്‍ഷക്കാലം അവര്‍ മാത്രമേ അവിടത്തെ ഭാര്യാപദത്തിലുണ്ടായിരുന്നുള്ളൂ. ഇതാണ് വസ്തുതയെങ്കില്‍ 53 വയസ്സുകഴിഞ്ഞപ്പോള്‍ തിരുമേനിക്ക് ലൈംഗികാസക്തി ശക്തിപ്പെട്ടുവെന്നും അദ്ദേഹത്തിന് ധാരാളം ഭാര്യമാര്‍ അനിവാര്യമായിത്തീര്‍ന്നുവെന്നും സാമാന്യബുദ്ധിയും മനസ്സാക്ഷിയുമുള്ള വല്ലവര്‍ക്കും സങ്കല്‍പിക്കാനാകുമോ? 'ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍' എന്നതിന്റെ ആശയം മനസ്സിലാക്കാന്‍ നാം, അല്ലാഹു അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുള്ള ഗുരുതരമായ ദൗത്യത്തെ വീക്ഷിക്കേണ്ടിയിരിക്കുന്നു. എതൊരു ചുറ്റുപാടിലാണോ അദ്ദേഹം ആ ഗുരുതരമായ ദൗത്യനിര്‍വഹണത്തിന് കല്‍പിക്കപ്പെട്ടിട്ടുള്ളത്, ആ ചുറ്റുപാടും മനസ്സിലാക്കേണ്ടതുണ്ട്. പക്ഷപാതിത്വമില്ലാതെ ഈ രണ്ടു യാഥാര്‍ഥ്യങ്ങളും മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും ഭാര്യമാരുടെ കാര്യത്തില്‍ തിരുമേനിക്ക് നല്‍കപ്പെട്ട വിശാലമായ അനുവാദത്തിന്റെ ആവശ്യകതയും അത് നാലില്‍ പരിമിതമാകുന്നത് എന്തു വിഷമമാണ് സൃഷ്ടിക്കുകയെന്നും സ്വയം ബോധ്യപ്പെടുന്നതാണ്.

തിരുമേനിയെ ചുമതപ്പെടുത്തിയ ദൗത്യം ഇതായിരുന്നു: ഒരു നിരക്ഷര ജനത്തെ, ഇസ്‌ലാമികവീക്ഷണത്തില്‍ മാത്രമല്ല, സാധാരണ സാംസ്‌കാരിക നാഗരിക വീക്ഷണത്തില്‍പോലും പ്രാകൃതരായ ഒരു ജനത്തെ എല്ലാ ജീവിത മണ്ഡലങ്ങളിലും പഠിപ്പിച്ച് പരിശീലിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള സംസ്‌കാരവും പരിഷ്‌കാരവും പരിശുദ്ധിയും നേടിയ സമൂഹമാക്കി മാറ്റുക. ഈ ലക്ഷ്യം സാധിക്കാന്‍ പുരുഷന്മാര്‍ക്ക് മാത്രം ശിക്ഷണം നല്‍കിയാല്‍ പോരാ, സ്ത്രീകള്‍ക്കുകൂടി ശിക്ഷണം നല്‍കേണ്ടത് അത്രതന്നെ ആവശ്യമായിരുന്നു. പക്ഷേ, ഏതൊരു സംസ്‌കാരത്തിന്റെയും നാഗരികതയുടെയും തത്ത്വങ്ങള്‍ പഠിപ്പിക്കാനാണോ അദ്ദേഹം നിയുക്തനായത്, ആ തത്ത്വങ്ങളുടെ വെളിച്ചത്തില്‍ സ്ത്രീപുരുഷന്മാരുടെ സ്വതന്ത്രമായ കൂടിക്കലരല്‍ വിലക്കപ്പെട്ടതായിരുന്നു. ഈ നിയമം ലംഘിക്കാതെ സ്ത്രീകള്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കാന്‍ അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു. അതുകൊണ്ട് സ്ത്രീകളില്‍ പ്രവര്‍ത്തനം നടത്തുന്നതിന് വ്യത്യസ്ത പ്രായക്കാരും മാനസിക യോഗ്യതയുള്ളവരുമായ പല സ്ത്രീകളെ ഭാര്യമാരാക്കുകയും അവര്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കി തന്റെ സഹായത്തിന്നൊരുക്കുകയും എന്നിട്ട് അവര്‍ വഴി പട്ടണവാസികള്‍, ഗ്രാമീണര്‍, യുവജനങ്ങള്‍, മധ്യവയസ്‌കര്‍, വൃദ്ധകള്‍ മുതലായ എല്ലാ വിഭാഗം സ്ത്രീജനങ്ങളെയും ദീന്‍ പഠിപ്പിക്കുകയും സംസ്‌കാര നാഗരികതകളുടെ പുതിയ മൂല്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയും മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ.

കൂടാതെ പഴയ ജാഹിലീവ്യവസ്ഥ അവസാനിപ്പിച്ച് പകരം ഇസ്‌ലാമിക ജീവിതവ്യവസ്ഥ സ്ഥാപിക്കേണ്ട ചുമതലയും നബി(സ)ക്കുണ്ടായിരുന്നു. ഈ ദൗത്യനിര്‍വഹണത്തില്‍ ജാഹിലീ വ്യവസ്ഥയുടെ ധ്വജവാഹകരോട് സമരം ചെയ്യാതെ കഴിയുമായിരുന്നില്ല. തങ്ങളുടെ സവിശേഷ പാരമ്പര്യങ്ങള്‍ മുറുകെപ്പിടിച്ചിരുന്ന ഗോത്രജീവിതരീതി നടമാടുന്ന ഒരു സമൂഹത്തിലായിരുന്നു ഈ സമരം നടത്തേണ്ടത്. ഈ സാഹചര്യത്തില്‍ വ്യത്യസ്ത ഗോത്രങ്ങളുമായി വിവാഹബന്ധം സ്ഥാപിച്ച് ധാരാളം ബന്ധുക്കളെ സമ്പാദിക്കേണ്ടതും ഒരുപാട് ശത്രുക്കളെ ഇല്ലായ്മ ചെയ്യേണ്ടതും അദ്ദേഹത്തിന്നത്യന്താപേക്ഷിതമായിത്തീര്‍ന്നു. അതുകൊണ്ട് അദ്ദേഹം വിവാഹം ചെയ്ത സ്ത്രീകളുടെ തെരഞ്ഞെടുപ്പില്‍, അവരുടെ വൈയക്തിക ഗുണങ്ങള്‍ക്ക് പുറമെ ഈ താല്‍പര്യവും ഏറിയും കുറഞ്ഞും ഉള്‍പ്പെട്ടിരുന്നു. ഹ. ഹഫ്‌സയോടൊപ്പം ഹ:ആഇശയെയും വിവാഹംചെയ്തുകൊണ്ട് ഹ. അബൂബക്കറിനോടും ഉമറിനോടും (റ) ഉള്ള ബന്ധം അവിടുന്ന് കൂടുതല്‍ ആഴവും ഉറപ്പുമുള്ളതാക്കി. അബൂജഹ്‌ലുമായുംച5 ഖാലിദുബ്‌നുല്‍ വലീദുമായും ബന്ധമുള്ള കുടുംബത്തിലെ വനിതയായിരുന്നു ഹ. ഉമ്മുസലമ ഉമ്മു ഹബീബ(റ)യാവട്ടെ അബൂസുഫ്‌യാന്റെ പുത്രിയായിരുന്നു. ഈ വിവാഹങ്ങള്‍ ആ കുടുംബങ്ങളുടെ ശത്രുതയുടെ രൂക്ഷത വലിയൊരളവോളം കുറയ്ക്കുകയുണ്ടായി. എന്നല്ല, ഉമ്മുഹബീബയെ നബി(സ) വിവാഹം ചെയ്തശേഷം അബൂസുഫ്‌യാന്‍ ഒരിക്കലും അദ്ദേഹത്തിന്നെതിരായി വന്നിട്ടില്ല. ഹ. സ്വഫിയ്യയും ജുവൈരിയ്യയും റൈഹാനയും ജൂത കുടുംബങ്ങളില്‍നിന്നുള്ളവരായിരുന്നു. പ്രവാചകന്‍ അവരെ സ്വതന്ത്രകളാക്കി വിവാഹം ചെയ്തതോടെ അദ്ദേഹത്തിന്നെതിരായ ജൂതന്മാരുടെ പ്രവര്‍ത്തനങ്ങള്‍ തണുത്തുപോയി. കാരണം, അക്കാലത്തെ അറബി പാരമ്പര്യമനുസരിച്ച് ഒരു പുരുഷന്‍ ഒരു കുടുംബത്തില്‍നിന്നുള്ള സ്ത്രീയെ വിവാഹം ചെയ്താല്‍ അയാള്‍ ആ കുടുംബത്തിന്റെ മാത്രമല്ല, ആ കുടുംബമുള്‍ക്കൊള്ളുന്ന ഗോത്രത്തിന്റെ മുഴുവന്‍ മരുമകനായി ഗണിക്കപ്പെട്ടിരുന്നു. മരുമക്കളോട് യുദ്ധം ചെയ്യുന്നതാകട്ടെ വളരെ അപമാനകരവുമായിരുന്നു.

സമൂഹത്തെ ക്രിയാത്മകമായി സംസ്‌കരിക്കുകയും ജാഹിലീ ആചാരങ്ങള്‍ തുടച്ചുനീക്കുകയും ചെയ്യുക എന്നതും അദ്ദേഹത്തിന്റെ നിര്‍ബന്ധ കടമകളില്‍ പെട്ടതായിരുന്നു. അതുകൊണ്ട് ഈ സൂറയില്‍ നേരത്തെ വിശദീകരിച്ചതുപോലെ, ഒരു വിവാഹം ആ ലക്ഷ്യത്തിനുവേണ്ടിയും തിരുമേനി ചെയ്യേണ്ടിവന്നു.

ഈ നന്മകളെല്ലാം നബി(സ)ക്ക് വിവാഹകാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുക എന്നതിന്റെ താല്‍പര്യങ്ങളായിരുന്നു. താന്‍ ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വത്തിന്റെ പൂര്‍ത്തീകരണാര്‍ഥം അദ്ദേഹത്തിന് എത്ര വിവാഹങ്ങള്‍ വേണമെങ്കിലും ചെയ്യുന്നതിന് യാതൊരു തടസ്സവുമുണ്ടായിരുന്നില്ല.

ബഹുഭാര്യത്വം ചില പ്രത്യേക വൈയക്തികാവശ്യങ്ങളുടെ പേരില്‍ മാത്രം അനുവദനീയമായതാണെന്നും ഇതനുവദനീയമാകുന്നതിന് അതില്‍പരം അര്‍ഥമൊന്നുമില്ലെന്നും ഉള്ള ചിലരുടെ ധാരണ തെറ്റാണെന്നുകൂടി ഈ വിവരണത്തില്‍നിന്ന് വ്യക്തമാകുന്നു. നബി(സ) ഒന്നിലധികം വിവാഹം ചെയ്തതിന്റെ കാരണം, ആദ്യ ഭാര്യ വന്ധ്യയായതോ രോഗിണിയായതോ ആണ്‍കുട്ടികളെ പ്രസവിക്കാതിരുന്നതോ അല്ലെങ്കില്‍ കുറേ അനാഥക്കുട്ടികളെ പരിപാലിക്കേണ്ട പ്രശ്‌നമുണ്ടായതോ ഒന്നുമല്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. ഇത്തരം വൈയക്തികമായ ആവശ്യങ്ങളുടെ പേരിലൊന്നുമല്ലാതെ, അദ്ദേഹത്തിന്റെ വിവാഹങ്ങളെല്ലാം പ്രബോധനപരവും ശിക്ഷണപരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടിയോ സമൂഹസംസ്‌കരണത്തിന് വേണ്ടിയോ രാഷ്ട്രീയ സാമൂഹിക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയോ ആയിരുന്നു. അപ്പോള്‍ പ്രശ്‌നമിതാണ്: ബഹുഭാര്യത്വത്തെ ഇന്ന് പറയപ്പെട്ടുകൊണ്ടിരിക്കുന്ന ഏതാനും ചില ആവശ്യങ്ങളിന്മേല്‍ അല്ലാഹു പരിമിതമാക്കിയിട്ടില്ല. അല്ലാഹുവിന്റെ റസൂലാകട്ടെ, അതൊന്നുമല്ലാത്ത മറ്റു നിരവധി താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് ബഹുഭാര്യത്വം കൈക്കൊണ്ടത്. എന്നിരിക്കെ, ഇക്കാര്യത്തില്‍ സ്വന്തം വക കുറേ നിയന്ത്രണങ്ങളുന്നയിക്കുവാനും അതെല്ലാം ശരീഅത്തിന്നനുസൃതമാണെന്ന് മുകളില്‍ കയറിനിന്ന് വാദിക്കാനും മറ്റു വല്ലവര്‍ക്കും എന്തവകാശമാണുള്ളത്? വാസ്തവത്തില്‍ ഈ നിയന്ത്രണങ്ങളുടെയെല്ലാം വേര്, ബഹുഭാര്യത്വം സ്വയം ഒരു തിന്മയാണ് എന്ന പാശ്ചാത്യന്‍ സങ്കല്‍പമാകുന്നു. ഈ സങ്കല്‍പത്തെ അധികരിച്ച് ഇങ്ങനെ ഒരു വീക്ഷണമുണ്ടായി: ബഹുഭാര്യത്വം നിഷിദ്ധമാണ്. ഇനി വല്ലപ്പോഴും അതനുവദനീയമാകുന്നുവെങ്കില്‍തന്നെ രൂക്ഷവും ഒഴിച്ചുകൂടാത്തതുമായ അത്യാവശ്യ സാഹചര്യത്തില്‍ മാത്രമേ അനുവദനീയമാകൂ. ഈ ഇറക്കുമതി ചെയ്യപ്പെട്ട സങ്കല്‍പത്തെ ഇസ്‌ലാമിന്റെ മൂശക്ക് കൃത്രിമമായി പാകമാക്കുവാന്‍ എത്രതന്നെ ശ്രമിച്ചാലും ഖുര്‍ആനുമായും സുന്നത്തുമായും അതൊട്ടുംതന്നെ പൊരുത്തപ്പെടുകയില്ല.

4 comments:

  1. ഞാന്‍ മുമ്പ് പലതവണ സൂചിപ്പിച്ച പോലെ അധികവായന ഉദ്ദേശിച്ചാണ് ഇത്തരം വ്യാഖ്യാനങ്ങള്‍ നല്‍കുന്നത്. ഇതില്‍ പ്രകടിപ്പിക്കപ്പെടുന്ന മുഴുവന്‍ കാര്യങ്ങളോടും ഞാന്‍ യോജിക്കുന്നു എന്നര്‍ഥമില്ല. ഞാന്‍ ചര്‍ച ചെയ്യാനുദ്ദേശിക്കുന്ന വിഷയങ്ങളില്‍ ആധുനിക കാലഘട്ടത്തിലെ ഒരു പണ്ഡിതന്റെ ചിന്തകള്‍ കൂടി പരിഗണിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെ ഇതിലെ ഏതെങ്കിലും വാചകങ്ങള്‍ മുറിച്ചെടുത്ത് ചര്‍ചക്ക് വെച്ചാല്‍ അതിന് മറുപടി പറയാന്‍ എനിക്ക് ബാധ്യതയില്ല. ഈ ബ്ലോഗിന്‍ കമന്റ് മോഡറേഷന്‍ വെക്കാനുള്ള കാരണവും വിശാലമായ ചര്‍ച ഇതില്‍ ഉദ്ദേശിക്കപ്പെടാത്തതുകൊണ്ടാണ്. എങ്കിലും ഇതിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ ഉള്ള പ്രസക്തമായ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്. ആവശ്യമെങ്കില്‍ ഞാനതിനോട് പ്രതികരിക്കുകയും ചെയ്യും.

    ReplyDelete
  2. മൌദൂദിയുടെ വ്യാഖ്യാനത്തോട് പൂർണ്ണമായി യോജിപ്പില്ലെന്ന് സഹോദരൻ ലത്വീഫ് തന്നെ വ്യക്തമാക്കുന്നു.

    മുസ്ലിം ഉമ്മത്തിന് ബഹുഭാര്യത്വം അനുവദനീയമാക്കപ്പെട്ട കാരണങ്ങൾക്കുള്ളിൽ നിന്നു കൊണ്ട് മാത്രം നബി(സ)യുടെ വിവാഹങ്ങൾ വിലയിരുത്തുന്നത് ശരിയല്ല.

    അല്ലാഹുവിന്റെ റസൂലിന്റെ പ്രത്യേകതകളും അല്ലാഹു മുത്ത് റസൂലിന് പ്രത്യേകമായി അനുവദിച്ച് കൊടുത്തിട്ടുള്ള കാര്യങ്ങളും പഠിക്കാൻ ശ്രമിച്ചാൽ മനസ്സിലാവുന്നതാണത്.

    വിമർശകർ വിമർശനത്തിനു മാത്രമായി തുനിഞ്ഞിറങ്ങുമ്പോൾ അവർക്ക് അടിക്കാനുള്ള വടി കൊടുക്കുന്നതും ഇസ്‌ലാമിനെ തന്റെ യുക്തിക്കും ബുദ്ധിക്കും മാത്രം അവലംബമാക്കി രചനകൾ നടത്തിയ മൌദൂദി പോലുള്ളവരാണ് ( അനുയായിയായ ലതീഫിനു പോലും അതിനാലാവാം അഭിപ്രയങ്ങളിൽ സ്വീകാര്യത ഉണ്ടാകാത്തത് )

    മൌദൂദിയുടെ മറ്റ് പല വീക്ഷണങ്ങളും നിലപാടുകളും ഇന്ന് ജമാ‌അത്തെ ഇസ്‌ലാമി മറച്ച വെക്കുന്നതും അതു കൊണ്ട് തന്നെയാവാം.

    താങ്കളുടെ നല്ല ലക്ഷ്യത്തോടെയുള്ള ശ്രമത്തിന് ആശംസകൾ

    ഒരു അപേക്ഷ ( പ്രവാചകർ (സ) തങ്ങളെ പറ്റി എഴുതുമ്പോൾ , അദ്ധേഹം, തിരുമേനി തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നത് ഉചിതമല്ലെന്നാണ് പണ്ഡിത വീക്ഷണം. കൂടാതെ ഖുർ‌ആൻ നബി(സ) തങ്ങളെ ‘നീ’ എന്ന അർത്ഥത്തിൽ സംബോധന ചെയ്തിട്ടില്ല എന്നത് കൂടി ഓർമ്മിപ്പിക്കട്ടെ.

    ReplyDelete
  3. പ്രിയ ബശീര്‍,

    ഏതൊരു പണ്ഡിതന്റെയും അഭിപ്രായത്തില്‍ കൊള്ളേണ്ടതും തള്ളേണ്ടതുമുണ്ടാകും. ഒരു പോസ്റ്റാകുമ്പോള്‍ അതില്‍ ഏത് ഭാഗവും കഷ്ണിചെടുത്ത് ചര്‍ച ചെയ്യാനുള്ള ഒരു പ്രവണതയുണ്ട്. മറ്റുള്ളവരുടെ ആശങ്ങള്‍ എടുത്ത് ചേര്‍ക്കുമ്പോള്‍ അതിനോട് തത്വത്തിലെങ്കിലും പൂര്‍ണമായും യോജിക്കുന്നു എന്ന് തന്നെയാണ് അര്‍ഥമാക്കുന്നത്. ബഹുഭാര്യത്വത്തിന്റെ കാര്യത്തില്‍ ഇന്ന് നിലനില്‍ക്കുന്ന രണ്ട് തീവ്രനിലപാടുകളില്‍ മധ്യമ നിലപാടാണ് ഇസ്‌ലാമിന്‍േത്. മൗദൂദി ഇത് പറയുമ്പോള്‍ അന്നത്തെ സാഹചര്യം അതില്‍ പ്രതിഫലിച്ചിരിക്കാം. എങ്കിലും പ്രവാചകന്റെ ബഹുഭാര്യത്വത്തിന്റെ കാര്യത്തില്‍ താങ്കളുടെ വീക്ഷണവും തള്ളിക്കളയേണ്ടതല്ല.

    മൗദൂദി അടിക്കാനുള്ള വടികൊടുക്കുകയല്ല ചെയ്തിട്ടുള്ളത് എന്ന് അദ്ദേഹത്തിന്റെ വ്യാഖ്യാനം വായിക്കുമ്പോള്‍ താങ്കള്‍ക്ക് ബോധ്യമാകേണ്ടതായിരുന്നു. ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ യുക്തിക്ക് സ്ഥാനമില്ല എന്ന് കരുതുന്നത് മൗഢ്യമാണ്. മൗദൂദി യുക്തിക്കും ബുദ്ധിക്കും മാത്രം അവലംബമാക്കിയല്ല രചനനടത്തിയിരിക്കുന്നത്. അതും അദ്ദേഹം പരിഗണിച്ചിട്ടുണ്ടെന്ന് മാത്രം. ജമാഅത്തെ ഇസ്‌ലാമി മൗദൂദിയുടെ ഒരാശയവും മറച്ചുവെക്കുന്നതായി എനിക്കറിയില്ല.

    അവസാന ഖണ്ഡികയെക്കുറിച്ച് എന്താണ് പറയേണ്ടതന്നറിയില്ല. ഏതാ പണ്ഡിതനാണ് അപ്രകാരം പറഞ്ഞത്. തിരുമേനി (സ) എന്ന് പറഞ്ഞാല്‍ പ്രശ്‌നമുണ്ടോ. അറബിയില്‍ 'ക' എന്ന 'ളമീര്‍' ക്രിയയുടെ കൂടെ ഉപയോഗിച്ചാല്‍ നീ, താങ്കള്‍ എന്നൊക്കെയല്ലേ അര്‍ഥം. അത്തരം നൂറ് കണക്കിന് സ്ഥലങ്ങള്‍ ഖുര്‍ആനിലുണ്ടല്ലോ. (പ്രവാചനുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ ബഹുമാന സൂചകമായ വാക്കുകള്‍ ഉപയോഗിക്കണം എന്ന നിര്‍ദ്ദേശം തീര്‍ചയായും സ്വീകരിക്കപ്പെടണം)

    ഞാനിവിടെ നല്‍കിയ സൂക്തത്തിന് ഇതിനേക്കാള്‍ വ്യക്തമായി നല്‍കപ്പെട്ട വ്യാഖ്യാനം വല്ലതുമുണ്ടെങ്കില്‍ താങ്കള്‍ ബ്ലോഗില്‍ നല്‍കുകയാണെങ്കില്‍ തീര്‍ചയായും ഞാനെന്റെ പോസ്റ്റില്‍ നിന്ന് ലിങ്ക് നല്‍കി വായനാ സൗകര്യം നല്‍കുന്നതാണ്.

    അഭിപ്രായവും നിര്‍ദ്ദേശവും നല്‍കിയതിന് നന്ദി.

    ReplyDelete
  4. ബൂ ലോഗത്തിൽ തുറന്ന മനസ്സോടെ വിഷയങ്ങൾ പഠിക്കാനും അതിൽ അഭിപ്രായം രേഖപ്പെടുത്താനും സംശയങ്ങൾ സദുദ്ദേശത്തോടെ ചോദിക്കാനും ആഗ്രഹിക്കുന്നവർക്കു സഹായകരമായ പോസ്റ്റാണിതു....

    ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...