Friday, February 12, 2010

ഖുര്‍ആന്റെ ക്രോഡീകരണം

   അല്‍പം ചിന്തിക്കുന്നപക്ഷം, നബിതിരുമേനി ഖുര്‍ആന്‍ അവതരിച്ച ക്രമത്തില്‍ തന്നെ അത് ക്രോഡീകരിക്കാതിരുന്നതെന്തുകൊണ്ട് എന്ന പ്രശ്‌നവും ഇതേ വിവരണംകൊണ്ട് പരിഹൃതമാവുന്നുണ്ട്.

   ഇരുപത്തിമൂന്ന് വര്‍ഷക്കാലം ഖുര്‍ആന്‍ അവതരിച്ചുകൊണ്ടിരുന്നത് പ്രബോധനം ആരംഭിക്കുകയും വികസിക്കുകയും ചെയ്ത ക്രമത്തിലാണെന്ന് മുകളിലെ വിവരണത്തില്‍നിന്ന് മനസ്സിലായിക്കഴിഞ്ഞുവല്ലോ. പ്രബോധനത്തിന്റെ വളര്‍ച്ചക്കനുസരിച്ചുള്ള ഈ ക്രമം പ്രസ്ഥാനം പരിപൂര്‍ണത പ്രാപിച്ചശേഷവും ഉചിതമായിരിക്കയിെല്ലന്ന് അതിനാല്‍ സ്പഷ്ടമാണ്. അനന്തര സ്ഥിതിവിശേഷങ്ങള്‍ക്കനുഗുണമായ മറ്റൊരു ക്രമീകരണമാണ് പ്രബോധന പരിപൂര്‍ത്തിക്കുശേഷം ആവശ്യമായിട്ടുളളത്. ഖുര്‍ആന്റെ പ്രഥമ സംബോധിതര്‍ ഇസ്‌ലാമിനെക്കുറിച്ച് തീരെ അജ്ഞരും അപരിചിതരുമായിരുന്നതുകൊണ്ട് പ്രാരംഭ ബിന്ദുവില്‍നിന്നുതന്നെ അധ്യാപനം തുടങ്ങേണ്ടതുണ്ടായിരുന്നു. പ്രബോധന പരിപൂര്‍ത്തിക്ക് ശേഷമാവട്ടെ, അവര്‍ ഖുര്‍ആനില്‍ വിശ്വസിച്ച് ഒരു പാര്‍ട്ടിയായി രൂപംകൊണ്ട ജനമായിത്തീര്‍ന്നിരുന്നു. പ്രവാചകന്‍ താത്വികമായും പ്രായോഗികമായും സമ്പൂര്‍ണമാക്കി തങ്ങളെ വഹിപ്പിച്ച ബാധ്യത തുടര്‍ന്ന് നിര്‍വഹിക്കുവാന്‍ അവര്‍ ബാധ്യസ്ഥരുമായിരുന്നു. അതിനാല്‍, ഇപ്പോള്‍ പ്രഥമവും പ്രധാനവുമായ ആവശ്യം, വിശ്വാസികളുടെ ഈ സമൂഹം സ്വന്തം ബാധ്യതകളും ജീവിത നിയമങ്ങളും പൂര്‍വപ്രവാചകരുടെ  സമുദായങ്ങളില്‍ പ്രകടമായിരുന്ന വൈകല്യങ്ങളും നല്ലപോലെ അറിഞ്ഞിരിക്കുകയും, അങ്ങനെ ഇസ്‌ലാമിനെക്കുറിച്ച് അപരിചിതമായ ലോകത്തിന് ദൈവികനിര്‍ദേശം എത്തിച്ചുകൊടുക്കാന്‍ മുന്നോട്ടു വരുകയും ചെയ്യുക എന്നതായിത്തീര്‍ന്നു.

   വിശുദ്ധഖുര്‍ആന്‍ എവ്വിധമുള്ള ഗ്രന്ഥമാണെന്ന് മനസ്സിലായിക്കഴിഞ്ഞാല്‍, ഓരോ വിഷയം ഓരോ സ്ഥലത്തായി സ്വരൂപിക്കുകയെന്നത് അതിന്റെ പ്രകൃതിയുമായി  പൊരുത്തപ്പെടുന്നതല്ലെന്ന്  സ്വയംതന്നെ വ്യക്തമാവുന്നതാണ്. മദീനാകാലത്തെ പ്രതിപാദനങ്ങള്‍ മക്കാജീവിതാധ്യാപനങ്ങള്‍ക്ക് മധ്യേയും 'മക്കീ'കാലഘട്ടത്തിലെ പ്രമേയങ്ങള്‍ 'മദനീ' ശിക്ഷണങ്ങള്‍ക്കിടയിലും പ്രാരംഭകാല പ്രഭാഷണങ്ങള്‍ പില്‍ക്കാല പ്രബോധനങ്ങള്‍ക്ക് നടുവിലും മറിച്ചും മാറിമാറി വന്നുകൊണ്ടിരിക്കണമെന്നാണ് ഖുര്‍ആന്റെ പ്രകൃതി താല്‍പര്യപ്പെടുന്നത്. അങ്ങനെ, സമ്പൂര്‍ണ ഇസ്‌ലാമിന്റെ സമഗ്രമായൊരു ചിത്രം അനുവാചകദൃഷ്ടിയില്‍ തെളിഞ്ഞുവരണം; ഒരിക്കലും ഒരിടത്തും അത് അപൂര്‍ണമോ ഭാഗികമോ ആവരുത്. ഖുര്‍ആനിക പ്രബോധനം അതിന്റെ സമ്പൂര്‍ണതക്ക് ശേഷം ഇതാണാവശ്യപ്പെടുന്നത്.
  
ഇനി, ഖുര്‍ആന്‍ അവതരണക്രമത്തില്‍ ക്രോഡീകരിച്ചാല്‍തന്നെ പില്‍ക്കാലത്തെ ജനങ്ങള്‍ക്കത് പ്രയോജനപ്രദമാകണമെങ്കില്‍ ഓരോ സൂക്തവും അവതരിച്ച കാലവും തിയ്യതിയും അവതരണ പശ്ചാത്തലവും പരിതഃസ്ഥിതിയും രേഖപ്പെടുത്തി, ഖുര്‍ആന്റെ അഭേദ്യമായ ഒരനുബന്ധമായി പ്രസിദ്ധീകരിക്കേണ്ടിവരുമായിരുന്നു. ഇതാകട്ടെ, ദിവ്യവചനങ്ങളുടെ ഒരു സമാഹാരം  എന്നെന്നേക്കുമായി  ക്രോഡീകരിച്ചു സുരക്ഷിതമാക്കിവച്ചതുകൊണ്ട് അല്ലാഹു ഉദ്ദേശിച്ചതെന്തോ അതിനുതന്നെ വിരുദ്ധമായിട്ടുള്ളതാണ്. അന്യവചനങ്ങളുടെ യാതൊരു കലര്‍പ്പും പങ്കാളിത്തവുമില്ലാതെ ദിവ്യവചനങ്ങള്‍ തനതായ സംക്ഷിപ്ത രൂപത്തില്‍ ക്രോഡീകരിക്കപ്പെടണമെന്നാണ് അല്ലാഹു ഉദ്ദശിച്ചിരുന്നത്. കുട്ടികളും വൃദ്ധരും, സ്ത്രീകളും പുരുഷന്മാരും നഗരവാസികളും ഗ്രാമീണരും പണ്ഡിതരും പാമരരുമെല്ലാം അതുവായിക്കണം; എല്ലാ കാലത്തും എല്ലാദേശത്തും എല്ലാതരം പരിതഃസ്ഥിതികളിലും അതു വായിക്കപ്പെടണം; ധൈഷണികമായും വൈജ്ഞാനികമായും ഭിന്നവിതാനങ്ങളിലുള്ള മനുഷ്യര്‍, തങ്ങളില്‍നിന്ന് ദൈവം എന്താഗ്രഹിക്കുന്നു, എന്താഗ്രഹിക്കുന്നില്ല എന്നെങ്കിലും അതുമുഖേന അറിഞ്ഞിരിക്കണം-ഇതായിരുന്നു അല്ലാഹുവിന്റെ ഇംഗിതം. ദിവ്യവചനങ്ങളുടെ ഇത്തരമൊരു സമാഹാരത്തോടൊപ്പം ഒരു നീണ്ട ചരിത്രവും എഴുതിപ്പിടിപ്പിക്കേണ്ടിവന്നാല്‍, അനിവാര്യമായി അതും വായിക്കണമെന്നുവന്നാല്‍, പ്രസ്തുത ദൈവികാഭീഷ്ടംതന്നെ വിഫലമായിത്തീരുമെന്ന് വ്യക്തമാണ്.

   ഖുര്‍ആന്റെ നിലവിലുള്ള ക്രോഡീകരണക്രമത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ആ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളെപ്പറ്റി യാതൊന്നും അറിഞ്ഞുകൂടെന്നതാണ് പരമാര്‍ഥം. കേവലം ചരിത്ര-സാമൂഹികശാസ്ത്ര വിദ്യാര്‍ഥികള്‍ക്കുവേണ്ടി അവതീര്‍ണമായൊരു ഗ്രന്ഥമാണിതെന്നുവരെ അവര്‍ ധരിച്ചുവെച്ചതായി തോന്നുന്നു.

   ഖുര്‍ആന്റെ ക്രമത്തെ സംബന്ധിച്ച് വായനക്കാര്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുത, പില്‍ക്കാലക്കാരല്ല അതിന്റെ കര്‍ത്താക്കളെന്നതാണ്. പ്രത്യുത, നബിതിരുമേനി തന്നെയാണ് അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം ഖുര്‍ആന്‍ ഇന്നത്തെ രൂപത്തില്‍ ക്രോഡീകരിച്ചത്. ഒരധ്യായം അവതരിക്കുമ്പോള്‍ തന്നെ തിരുമേനി തന്റെ എഴുത്തുകാരില്‍ ഒരാളെ വിളിപ്പിച്ച് അത് എഴുതിവെപ്പിക്കുകയും ഇന്ന അധ്യായം ഇന്ന അധ്യായത്തിന്റെ പിറകില്‍ അല്ലെങ്കില്‍ മുമ്പില്‍ ചേര്‍ക്കണമെന്ന് നിര്‍ദേശിക്കുകയും പതിവായിരുന്നു. ഒരു സ്വതന്ത്ര അധ്യായമായിരിക്കാന്‍ ഉദ്ദേശിക്കപ്പെടാതെ വല്ല ഭാഗവുമാണവതരിക്കുന്നതെങ്കില്‍ അത് ഇന്ന അധ്യായത്തില്‍ ഇന്ന സ്ഥലത്ത് രേഖപ്പെടുത്തണമെന്ന് അവിടന്ന് നിര്‍ദേശം നല്‍കും. അനന്തരം അതേ ക്രമമനുസരിച്ച് തിരുമേനി തന്നെ നമസ്‌കാരത്തിലും മറ്റു സന്ദര്‍ഭങ്ങളിലും ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നു. അതേക്രമത്തില്‍ അവിടത്തെ സഖാക്കളും അത് ഹൃദിസ്ഥമാക്കി. ഇതായിരുന്നു ഖുര്‍ആന്റെ ക്രോഡീകരണത്തിന് സ്വീകരിച്ചുവന്ന സമ്പ്രദായം. ആകയാല്‍, വിശുദ്ധഖുര്‍ആന്റെ അവതരണം പൂര്‍ത്തിയായിട്ടുണ്ടെന്നത് ഒരു അംഗീകൃത ചരിത്രയാഥാര്‍ഥ്യമാണ്. അതിന്റെ അവതാരകനായ  അല്ലാഹു തന്നെയാണ് അതിന്റെ സമാഹര്‍ത്താവും. അത് ഹൃദയത്തില്‍ ഏറ്റുവാങ്ങിയ പ്രവാചകന്റെ കൈയായിത്തന്നെയാണ് അത് ക്രോഡീകരിക്കപ്പെട്ടത്. ഇതിലൊന്നും ആര്‍ക്കും കൈകടത്താന്‍ കഴിയുമായിരുന്നില്ല. (അവലംബം: ഖുര്‍ആന്‍ പഠനത്തിനൊരു മഖവുര)

6 comments:

 1. "ഒരധ്യായം അവതരിക്കുമ്പോള്‍ തന്നെ തിരുമേനി തന്റെ എഴുത്തുകാരില്‍ ഒരാളെ വിളിപ്പിച്ച് അത് എഴുതിവെപ്പിക്കുകയും ഇന്ന അധ്യായം ഇന്ന അധ്യായത്തിന്റെ പിറകില്‍ അല്ലെങ്കില്‍ മുമ്പില്‍ ചേര്‍ക്കണമെന്ന് നിര്‍ദേശിക്കുകയും പതിവായിരുന്നു".

  അങ്ങനെ എഴുതി വെച്ചതാണല്ലോ ഖുറാന്റെ അസ്സൽ. ആ അസ്സലുകൾ ഇപ്പോൾ എവിടെയാണ്?

  ReplyDelete
 2. ലതീഫ് സാഹിബ് ഈ ബ്ളോഗ് മറന്നോ?

  ReplyDelete
 3. അതില്‍ കുറച്ചു ആടുതിന്നു പോയില്ലേ? ബാക്കിയുള്ളത് ഖലീഫമാര്‍ കത്തിച്ചു കളയുകയും ചെയ്തു. പിന്നെന്തു ചെയ്യും. മെക്കയില്‍ ഇന്നേ വരെ മറ്റൊരു ശക്തിയും ആക്രമിച്ചു കീഴടക്കിയിട്ടില്ല. എന്നിട്ടും പുരാതന എഴുത്ത് കോപ്പികള്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കില്‍, മുസ്ലീമുകളെ നിങ്ങള്‍ ലജ്ജിക്കണം .

  ReplyDelete
 4. ഇസ്്‌ലാം പഠനത്തിന് ഉസ്താദായി യുക്തിവാദി ജബ്ബാറിനെ തെരഞ്ഞെടുത്താല്‍ ഇതല്ല ഇതിനപ്പുറം വിഢിത്തവും പറഞ്ഞു പോകും. ഖുര്‍ആന്‍ കത്തിച്ചുകളഞ്ഞതിനെക്കുറിച്ച് ചിലത് പറയാനുണ്ട്. അതിന് മുമ്പ് ഇതുകൂടി വായിക്കുക.

  ReplyDelete
 5. sajan said..

  >>> അതില്‍ കുറച്ചു ആടുതിന്നു പോയില്ലേ? ബാക്കിയുള്ളത് ഖലീഫമാര്‍ കത്തിച്ചു കളയുകയും ചെയ്തു. പിന്നെന്തു ചെയ്യും. മെക്കയില്‍ ഇന്നേ വരെ മറ്റൊരു ശക്തിയും ആക്രമിച്ചു കീഴടക്കിയിട്ടില്ല. എന്നിട്ടും പുരാതന എഴുത്ത് കോപ്പികള്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കില്‍, മുസ്ലീമുകളെ നിങ്ങള്‍ ലജ്ജിക്കണം .<<<

  കേട്ടാല്‍ തോന്നും ഖുര്‍ആനില്‍ വിശ്വസിക്കുന്നതിന് ആകെ തടസ്സം യഥാര്‍ഥ പകര്‍പ്പെടുത്തതിന് ശേഷം അപ്രസക്തമായ കോപ്പികള്‍ കത്തിച്ചുകളഞ്ഞതാണ് ഏക കാരണമെന്ന്. സുവിശേഷങ്ങള്‍ കത്തിച്ചു കളഞ്ഞതും ഇതും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട് അവ താരതമ്യപ്പെടുത്തുമ്പോള്‍ മാത്രമേ അത് ലജ്ജിക്കാന്‍ മാത്രമുള്ളതല്ല എന്ന് സാജനെപ്പോലുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയൂ.

  ReplyDelete
 6. പലപ്പോഴായി അവതരിച്ച സൂക്തങ്ങള്‍ ഇന്ന സൂക്തത്തിന് ശേഷം ഇന്ന സൂക്തമെന്നും അതേ പ്രകാരം ഇന്ന അധ്യായത്തിന് ശേഷം ഇന്ന അധ്യായമെന്നുമൊക്കെ തരം തിരിച്ച് കൃത്യമായി എഴുതിവെക്കാന്‍ പ്രവാചകന്‍ ഇരുപതിൽ പരം എഴുത്തുകാരെ ചുമതലപ്പെടുത്തിയിരുന്നു. പക്ഷേ അവർ തമ്മിൽ യാതൊരു ഏകോപനവുമുണ്ടായിരുന്നില്ല. അവതരിച്ച ഖുര്ആുന്‍ സൂക്തങ്ങൾ രണ്ടു ചട്ടകള്ക്കു ള്ളില്‍ ക്രമീകരിച്ച് മുസ്ഹഫാക്കി രൂപപ്പെടുത്തി സൂക്ഷിച്ചിരുന്നുവെങ്കിൽ അത് ഖുറാന്റെ അസ്സൽ ആകുമായിരുന്നു. നിർഭാഗ്യ വശാൽ അതിനുള്ള ദീർഘ ദൃഷ്ടി അല്ലാഹുവിനോ പ്രവാചകനോ ഇല്ലാതെ പോയി. തൽഫലമായി അന്ന് പ്രധാനമായും ഖുര്ആണനെ അവലംബിച്ചിരുന്നത് എഴുതപ്പെട്ട ഏടുകളേക്കാള്‍ അതിന്റെ അനുയായികളുടെ മനഃപാഠത്തെയായിരുന്നു. അവരുടെ മരണം മൂലം ധാരാളം ഖുറാൻ വാക്യങ്ങൾ നഷ്ടപ്പെട്ടു. മാത്രമല്ല വ്യാജ സൂക്തങ്ങൾ അതിൽ കടന്നു കൂടുകയും ചെയ്തു. പല വാക്കുകളും സൗകര്യാര്ഥം് ആളുകള്‍ മാറ്റി ഉപയോഗിച്ചിരുന്നു. അതുകൊണ്ടാണ് യഥാർത്ഥ ഖുറാൻ തിരിച്ചറിയുന്ന ജോലി 'പര്വമതം അതിന്റെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനേക്കാള്‍ പ്രയാസകരമായി' സൈദുബ്‌നുഥാബിത് കണ്ടത്. ഒരു വാക്യം ദൈവികമാണോ അല്ലയോ എന്ന് തീരുമാനിക്കാൻ യതൊരു മാർഗവും ഉണ്ടായിരുന്നില്ല. അവസാനം വളരെ ദുഃർബ്ബലമായ മാനദണ്ഡമാണ് അദ്ദേഹം സ്വീകരിച്ചത്. ഇതനുസരിച്ച് അബൂഹുസൈമത്തുല്‍ അന്സാഎരി മരിച്ച് പോയിരുന്നുവെങ്കിൽ സൂക്തം 128:9 എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരുന്നു. ഇപ്രകാരം ക്രോഡീകരിക്കപ്പെട്ട ഖുറാനെ സ്വാഭാവികമായും അബൂബക്കറും ഉമറും അവഗണിച്ചു. പക്ഷേ ഉസ്മാൻ അതിനെ വീണ്ടും തിരുത്തുവാൻ സൈദുബ്‌നുഥാബിതിനെ വീണ്ടും ഏൽപിച്ചു. തനിക്കു തെറ്റു പറ്റിയിട്ടില്ലെന്നും നബി അനുവദിച്ച ഉച്ചാരണ രീതികൾ നിരോധിക്കുന്നത് പ്രവാചക നിന്ദയാണെന്നും പറയുവാനുള്ള ചങ്കൂറ്റം സൈതിന് ഇല്ലാതെ പോയി. ഖുറാൻ വീണ്ടും തിരുത്തപ്പെട്ടു. അങ്ങനെ തിരുത്തിയ പ്രതിയാണ് ഇന്നു നമ്മുടെ കയ്യിലുള്ളത്. ഇത് അസ്സൽ അല്ല. അസ്സൽ തൽപര കക്ഷികൾ നശിപ്പിച്ചു. അവ ഇനി നിലനിര്ത്തു്ന്നത് അവർക്ക് ദോശമല്ലാതെ നന്മവരുത്തില്ല എന്നത് വ്യക്തമാണ്. അങ്ങനെയാണ് ഔദ്യോഗിക രൂപമല്ലാത്തവയെല്ലാം കരിച്ചു കളയാന്‍ ഉത്തരവിട്ടത്. അബൂബക്കറോ ഉമറോ അത് ചെയ്തിരുന്നില്ല. മാനവ രാശിക്കുവേണ്ടി അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം പ്രവാചകൻ തയ്യാറാക്കിയ ഖുറാൻ നശിപ്പിക്കുന്നവനേക്കാൾ വലിയ അക്രമി ആരുണ്ട്? ആരാണ് അവർക്ക് അതിന് അധികാരം കൊടുത്തത്? പാരായണം ഏകീകരിച്ചതിനും ന്യായമില്ല. കാരണം ഏഴുരൂപത്തിലുള്ള പാരായണം പ്രവാചകന്‍ തന്നെ അംഗീകരിച്ചതായിരുന്നു. അത് നിരോധിക്കാൻ ആർക്കും അധികാരമില്ല. എന്നിട്ടും ഉസ്മാൻ ഈ മഹാ പാതകങ്ങൾ ചെയ്തു.
  ഇത്രയും പറഞ്ഞതിൽ നിന്നും ഖുറാൻ സംരക്ഷിക്കുന്നതിൽ അല്ലാഹു ദയനീയമായി പരാജയപ്പെട്ടു എന്നു വ്യക്തമാണ്. ഇനി ഖുറാന് എന്തെങ്കിലും അമാനുഷികതയുണ്ടെങ്കിൽ, അതിനുത്തരവാദി സൈദുബ്‌നുസാബിത് ആണ്.

  ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...