Wednesday, October 28, 2009

ഖുര്‍ആന്റെ അടിസ്ഥാനം

ഒരു ഗ്രന്ഥം നല്ലപോലെ ഗ്രഹിക്കാന്‍ അതിന്റെ പ്രമേയവും പ്രതിപാദ്യവും ഉദ്ദേശ്യ-ലക്ഷ്യങ്ങളും വായനക്കാരന്‍ അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. ആ ഗ്രന്ഥത്തിന്റെ പ്രതിപാദനരീതി, സാങ്കേതികഭാഷ, സവിശേഷമായ ആവിഷ്കാര ശൈലി എന്നിവയെക്കുറിച്ചും അയാള്‍ക്കറിവുണ്ടായിരിക്കണം. പ്രത്യക്ഷവാക്യങ്ങള്‍ക്കു പിന്നിലായി, അതിലെ പ്രതിപാദനങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്ന സംഭവങ്ങളും സാഹചര്യങ്ങളും അയാളുടെ ദൃഷ്ടിയിലിരിക്കുകയും വേണം. സാധാരണ നാം വായിച്ചുവരാറുള്ള ഗ്രന്ഥങ്ങളില്‍ ഈ വസ്തുതകളെല്ലാം അയത്ന ലഭ്യമായതുകൊണ്ട് പ്രതിപാദ്യവിഷയത്തിന്റെ ആഴത്തിലിറങ്ങിച്ചെല്ലാന്‍ നമുക്ക് വിശേഷിച്ചൊരു വിഷമവും നേരിടാറില്ല. വിശുദ്ധഖുര്‍ആന്‍ വായിക്കാനാഗ്രഹിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം ഇതൊരു മാര്‍ഗദര്‍ശക ഗ്രന്ഥമാണ് എന്നതാണ്. അത് സമര്‍പിക്കുന്ന ജീവിതവീക്ഷണത്തിനു ചുറ്റും കറങ്ങുന്നതാണ് അതിലെ സൂക്തങ്ങള്‍. ജീവിതവുമായി ബന്ധപ്പെട്ട് എല്ലാരംഗത്തും അത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പിക്കുന്നു. അതിലെ കഥകളും ചരിത്രവും ഉപമകളും അലങ്കാരങ്ങളും ഭൌതികശാസ്ത്രവും എല്ലാം ഇതേ ലക്ഷ്യത്തിന് വേണ്ടിയുള്ളതാണ്. ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ജീവിതവീക്ഷണം പൂര്‍വപ്രവാചകന്‍മാര്‍ സമര്‍പിച്ച അതേ വീക്ഷണം തന്നെയാണ്. അതിനാല്‍ വിശുദ്ധഖുര്‍ആന്‍ അടിസ്ഥാനപരമായി മുന്നോട്ട് വെക്കുന്ന വീക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ഈ വിഷയകമായി, വായനക്കാരന്‍ ഏറ്റവും മുമ്പേ ഖുര്‍ആന്റെ അന്തസ്സത്ത-അതു സമര്‍പ്പിക്കുന്ന അടിസ്ഥാന ആദര്‍ശം- അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. അയാളത് അംഗീകരിക്കട്ടെ, അംഗീകരിക്കാതിരിക്കട്ടെ. ഏതു നിലയ്ക്കും, ഈ ഗ്രന്ഥം മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ പ്രാരംഭബിന്ദു എന്ന നിലയില്‍ ഖുര്‍ആനും അതിന്റെ പ്രബോധകനായ മുഹമ്മദ്നബി തിരുമേനിയും വിവരിച്ചിരിക്കുന്ന അടിസ്ഥാനംതന്നെ അയാള്‍ അടിസ്ഥാനമായി സ്വീകരിക്കേണ്ടതാണ്.

1. അഖില പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവും ഉടമസ്ഥനും വിധികര്‍ത്താവുമായ ഏകദൈവം തന്റെ അനന്തവിസ്തൃത സാമ്രാജ്യത്തിന്റെ ഒരു ഭാഗമായ ഭൂതലത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു. അവന് അറിയുവാനും ചിന്തിക്കുവാനും ഗ്രഹിക്കുവാനുമുള്ള കഴിവുകള്‍ പ്രദാനംചെയ്തു. നന്‍മ- തിന്‍മകള്‍ വിവേചിച്ചറിയാനുള്ള യോഗ്യത നല്കി. ഇഛാസ്വാതന്ത്യ്രവും വിവേചനസ്വാതന്ത്യ്രവും കൈകാര്യാധികാരങ്ങളും നല്കി. അങ്ങനെ, മൊത്തത്തില്‍ ഒരു വിധത്തിലുള്ള സ്വയംഭരണം (അൌീിീാ്യ) നല്കിക്കൊണ്ട് അവനെ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായി നിയോഗിച്ചു.

2. ഈ സമുന്നതപദവിയില്‍ മനുഷ്യരെ നിയോഗിക്കുമ്പോള്‍ ദൈവം ഒരുകാര്യം അവരെ നല്ലപോലെ ധരിപ്പിച്ചിട്ടുണ്ടായിരുന്നു; അതിതാണ്:

നിങ്ങളുടെയും നിങ്ങളുള്‍ക്കൊള്ളുന്ന സമസ്ത ലോകത്തിന്റെയും ഉടമസ്ഥനും ആരാധ്യനും ഭരണാധിപനും ഞാനാകുന്നു. എന്റെ ഈ സാമ്രാജ്യത്തില്‍ നിങ്ങള്‍ സ്വാധികാരികളല്ല; ഞാനല്ലാത്ത ആരുടെയും അടിമകളുമല്ല. നിങ്ങളുടെ ആരാധനയ്ക്കും അനുസരണത്തിനും അടിമത്തത്തിനും അര്‍ഹനായി ഞാന്‍ മാത്രമേയുള്ളൂ. നിങ്ങളെ സ്വാതന്ത്യ്രവും സ്വയംഭരണാധികാരവും നല്കി നിയോഗിച്ചിരിക്കുന്ന ഈ ഭൂതലത്തിലെ ജീവിതം നിങ്ങള്‍ക്കൊരു പരീക്ഷണമാണ്. ഇതിനുശേഷം, നിങ്ങള്‍ എന്റെ സവിധത്തില്‍ മടങ്ങിവരേണ്ടതായുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണിശമായി പരിശോധിച്ച്, ആര്‍ പരീക്ഷയില്‍ വിജയംവരിച്ചുവെന്നും ആരെല്ലാം പരാജിതരായെന്നും അപ്പോള്‍ ഞാന്‍ വിധികല്പിക്കും. നിങ്ങളെ സംബന്ധിച്ചിടത്തോളം, അതിനാല്‍, ശരിയായ കര്‍മനയം ഒന്നുമാത്രമേയുള്ളൂ; എന്നെ നിങ്ങളുടെ ഒരേയൊരു ആരാധ്യനും വിധികര്‍ത്താവുമായംഗീകരിക്കുക; ഞാന്‍ നല്കുന്ന സാന്‍മാര്‍ഗിക നിര്‍ദേശമനുസരിച്ച് മാത്രം ഭൂലോകത്ത് പ്രവര്‍ത്തിക്കുക; നശ്വരമായ ഐഹികജീവിതം പരീക്ഷണാലയമാണെന്നറിഞ്ഞുകൊണ്ട് എന്റെ അന്തിമതീരുമാനത്തില്‍ വിജയികളാവുകയാണ് നിങ്ങളുടെ സാക്ഷാല്‍ ലക്ഷ്യമെന്ന ബോധത്തോടുകൂടി ജീവിതം നയിക്കുക. ഇതിനു വിപരീതമായുള്ള ഏതൊരു ജീവിതനയവും നിങ്ങളെ സംബന്ധിച്ചിടത്തോളം അബദ്ധം മാത്രമാണ്. ആദ്യത്തെ നയമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ (അതു തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്യ്രമുണ്ട്) ഇഹലോകത്ത് നിങ്ങള്‍ക്ക് സമാധാനവും സംതൃപ്തിയും ലഭ്യമാകും; എന്റെയടുത്ത് തിരിച്ചുവരുമ്പോള്‍, അനശ്വര സുഖാനന്ദത്തിന്റെ ഗേഹമായ സ്വര്‍ഗലോകം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. അഥവാ മറ്റൊരു നയമാണ് സ്വീകരിക്കുന്നതെങ്കില്‍ (അത് സ്വീകരിക്കുവാനും നിങ്ങള്‍ക്ക് സ്വാതന്ത്യ്രമുണ്ട്) ഇഹലോകത്ത് നിങ്ങള്‍ക്ക് നാശവും അസ്വാസ്ഥ്യവും അനുഭവിക്കേണ്ടിവരും; ഐഹികലോകം പിന്നിട്ട് പാരത്രികലോകത്ത് വരുമ്പോഴാകട്ടെ ശാശ്വതമായ ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും ഗര്‍ത്തമായ നരകത്തില്‍ തള്ളപ്പെടുകയുംചെയ്യും.

3. ഈ വസ്തുതകളെല്ലാം വേണ്ടപോലെ ബോധ്യപ്പെടുത്തിക്കൊണ്ടാണ്, പ്രപഞ്ചാധിപന്‍ മനുഷ്യവര്‍ഗത്തിന്ന് ഭൂമിയില്‍ സ്ഥാനം നല്‍കിയത്. ഈ വര്‍ഗത്തിലെ ആദിമ ദമ്പതികള്‍ (ആദം, ഹവ്വ)ക്ക് ഭൂമിയില്‍ തങ്ങളുടെ സന്തതികള്‍ പ്രവര്‍ത്തിക്കേണ്ടതിന്നാധാരമായ മാര്‍ഗനിര്‍ദേശവും നല്‍കുകയുണ്ടായി. ഈ ആദിമ മനുഷ്യര്‍ അജ്ഞതയിലും അന്ധകാരത്തിലുമല്ല ഭൂജാതരായിരുന്നത്. പ്രത്യുത, പൂര്‍ണമായ പ്രകാശത്തിലാണ് ദൈവം ഭൂമിയില്‍ അവരുടെ അധിവാസത്തിനാരംഭം കുറിച്ചത്. യാഥാര്‍ഥ്യത്തെക്കുറിച്ച് തികച്ചും ബോധവാന്‍മാരായിരുന്നു അവര്‍. അവരുടെ ജീവിതനിയമം അവര്‍ക്കറിയിച്ചുകൊടുത്തിരുന്നു. ദൈവികാനുസരണം (ഇസ്ലാം) ആയിരുന്നു അവരുടെ ജീവിതമാര്‍ഗം. ഇതേ കാര്യം, ദൈവത്തിന്റെ ആജ്ഞാനുവര്‍ത്തികളായി-മുസ്ലിംകളായി-ജീവിക്കണമെന്ന വസ്തുത അവര്‍ സ്വസന്താനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. എന്നാല്‍, പിന്നീടുള്ള നൂറ്റാണ്ടുകളില്‍ മനുഷ്യര്‍ ഈ ശരിയായ ജീവിതപഥ(ദീന്‍)ത്തില്‍നിന്ന് വ്യതിചലിച്ച് നാനാവിധമായ അബദ്ധനയങ്ങള്‍ അവലംബിക്കുകയാണുണ്ടായത്. അവര്‍ അശ്രദ്ധയാല്‍ അതിനെ വിനഷ്ടമാക്കുകയും, അന്യായമായി അതിനെ അലങ്കോലപ്പെടുത്തുകയും ചെയ്തു. അവര്‍ ഏകനായ ദൈവത്തിന് പങ്കാളികളെ കല്‍പിച്ചു; മനുഷ്യരും മനുഷ്യേതരരുമായ, ഭൌതികവും ഭാവനാപരവുമായ, ആകാശ-ഭൂമികളിലെ അനേകമനേകം അസ്തിത്വങ്ങളില്‍ അവര്‍ ദിവ്യത്വം ആരോപിച്ചു. ദൈവദത്തമായ യാഥാര്‍ഥ്യജ്ഞാനത്തില്‍ (അല്‍ഇല്‍മ്) അവര്‍ പലതരം ഊഹ-അനുമാനങ്ങളും തത്ത്വശാസ്ത്രങ്ങളും ആദര്‍ശ-സിദ്ധാന്തങ്ങളും കലര്‍ത്തി, അസംഖ്യം മതങ്ങള്‍ പടച്ചുവിട്ടു. ദൈവം നിര്‍ദേശിച്ചുതന്ന നീതിനിഷ്ഠമായ ധാര്‍മിക-നാഗരിക നിയമങ്ങളെ (ശരീഅത്) പരിവര്‍ജിച്ചുകൊണ്ടോ വികൃതമാക്കിക്കൊണ്ടോ സ്വേഛകള്‍ക്കും സ്വാര്‍ഥത്തിനും പക്ഷപാതങ്ങള്‍ക്കും അനുസൃതമായുള്ള ജീവിതനിയമങ്ങള്‍ കെട്ടിച്ചമച്ചു. തദ്ഫലമായി ദൈവത്തിന്റെ ഭൂമിയില്‍ അക്രമവും അനീതിയും നടമാടി.

4. ദൈവം മനുഷ്യന് പരിമിതമായ സ്വാധികാരം നല്‍കിയിരുന്നതിന്റെ വെളിച്ചത്തില്‍, ഈ വഴിതെറ്റിയ മനുഷ്യരെ തന്റെ പ്രകൃത്യതീതമായ ഇടപെടല്‍മൂലം സത്യപഥത്തിലേക്ക് ബലാല്‍ക്കാരം തിരിച്ചുകൊണ്ടുവരിക ഉചിതമായിരുന്നില്ല. മനുഷ്യവര്‍ഗത്തിന്- അവരിലുള്ള വിവിധ ജനസമുദായങ്ങള്‍ക്ക്-ഭൂലോകത്ത് പ്രവര്‍ത്തിക്കാന്‍ അവധി നിശ്ചയിച്ചിരുന്നത് പരിഗണിക്കുമ്പോള്‍, രാജദ്രോഹം പ്രകടമായ ഉടന്‍ മനുഷ്യരെ ദൈവം നശിപ്പിച്ചുകളയുക എന്നതും ശരിയായിരുന്നില്ല. ഇതെല്ലാം വച്ചുകൊണ്ട്, മനുഷ്യാരംഭം മുതല്‍ക്കേ ദൈവം ഏറ്റെടുത്ത ബാധ്യത മനുഷ്യന്റെ സ്വാധികാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭൂലോകത്തെ പ്രവര്‍ത്തനാവധിയുടെ ഇടവേളയില്‍ അവന് ഉചിതമായ മാര്‍ഗദര്‍ശനത്തിനേര്‍പ്പാട് ചെയ്തുകൊണ്ടിരിക്കുക എന്നതായിരുന്നു. ദൈവം സ്വയം ഏറ്റെടുത്ത ഈ ബാധ്യതയുടെ നിര്‍വഹണത്തിനായി അവനില്‍ വിശ്വസിക്കുന്നവരും അവന്റെ പ്രീതിയെ പിന്‍തുടരുന്നവരുമായ ഉത്തമമനുഷ്യരെതന്നെ അവന്‍ ഉപയോഗപ്പെടുത്തിവന്നു. അവരെ തന്റെ പ്രതിനിധികളായി നിശ്ചയിച്ചു; തന്റെ സന്ദേശങ്ങള്‍ അവര്‍ക്കയച്ചുകൊടുത്തു. അവര്‍ക്ക് യാഥാര്‍ഥ്യജ്ഞാനം നല്‍കി; ശരിയായ ജീവിതനിയമം പഠിപ്പിച്ചുകൊടുത്തു. ഏതൊന്നില്‍നിന്ന് മാനവകുലം വ്യതിചലിച്ചുപോയിരുന്നുവോ അതേ സന്‍മാര്‍ഗത്തിലേക്ക് വീണ്ടും അവരെ ക്ഷണിക്കുവാന്‍ ആ മഹാത്മാക്കളെ നിയോഗിക്കുകയും ചെയ്തു.

5. ഈ ദൈവിക പ്രവാചകന്‍മാര്‍ വിവിധ രാജ്യങ്ങളിലും ജനസമുദായങ്ങളിലും ആഗതരായിക്കൊണ്ടിരുന്നു. അവരുടെ ആഗമനത്തിന്റെ സുവര്‍ണശൃംഖല സഹസ്രാബ്ദങ്ങളോളം തുടര്‍ന്നു. അങ്ങനെ, ആയിരമായിരം പ്രവാചകന്‍മാര്‍ നിയോഗിതരായി. അവരുടെയെല്ലാം 'ദീന്‍' ഒന്നുതന്നെയായിരുന്നു-പ്രഥമ ദിവസംതൊട്ട് മനുഷ്യന്നറിയിക്കപ്പെട്ടിരുന്ന ശരിയായ ജീവിതനയം തന്നെ. അവരെല്ലാം ഒരേ സന്‍മാര്‍ഗത്തെ-പ്രാരംഭത്തില്‍ മനുഷ്യന് നിര്‍ദേശിച്ചുകൊടുത്തിരുന്ന ശാശ്വതമായ ധാര്‍മിക-നാഗരിക തത്ത്വങ്ങളെ-പിന്‍പറ്റിയവരായിരുന്നു. അവരുടെയെല്ലാം ദൌത്യവും ഒന്നുതന്നെയായിരുന്നു. അതെ, സത്യദീനിലേക്കും സന്‍മാര്‍ഗത്തിലേക്കും സമസൃഷ്ടികളെ ക്ഷണിക്കുക, ഈ ക്ഷണം സ്വീകരിച്ച് മുന്നോട്ട് വരുന്നവരെ സംഘടിപ്പിക്കുക, അവരെ ദൈവികനിയമത്തിന് വിധേയരും ലോകത്ത് ദൈവികനിയമത്തിന് വിധേയമായി ഒരു സാമൂഹികവ്യവസ്ഥ സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരും ദൈവികനിയമത്തിന്റെ ലംഘനത്തെ തടയുവാന്‍ സദാ സന്നദ്ധരുമായ ഒരു സമുദായമായി വാര്‍ത്തെടുക്കുക. പ്രവാചകന്‍മാര്‍ അവരവരുടെ കാല-ദേശങ്ങളില്‍ ഈ മഹത്തായ ദൌത്യം ഏറ്റവും ഭംഗിയായി നിറവേറ്റിപ്പോന്നു. പക്ഷേ, സംഭവിച്ചത് എല്ലായ്പ്പോഴും മറ്റൊന്നായിരുന്നു. മനുഷ്യരില്‍ വലിയൊരു വിഭാഗം പ്രവാചകപ്രബോധനം കൈക്കൊള്ളാന്‍ മുന്നോട്ടുവന്നതേയില്ല; അത് കൈയേറ്റ് ഇസ്ലാമികസമുദായം എന്ന നിലപാട് അംഗീകരിച്ചവര്‍തന്നെ കാലാന്തരത്തില്‍ സത്യപഥത്തില്‍നിന്ന് വ്യതിചലിച്ചുപോവുകയും ചെയ്തു. അവരില്‍ ചില ജനവിഭാഗങ്ങള്‍ ദൈവികസന്‍മാര്‍ഗത്തെ തീരെ കളഞ്ഞുകുളിച്ചപ്പോള്‍ വേറെ ചിലര്‍ ദൈവികനിര്‍ദേശങ്ങളെ മാറ്റിമറിക്കുകയും സ്വയംകൃതാദര്‍ശങ്ങളുടെ സങ്കലനംകൊണ്ട് അതിനെ വികൃതമാക്കുകയും ചെയ്തു.

6. അവസാനമായി, പ്രപഞ്ചാധിപന്‍, മുഹമ്മദ് നബിയെ പൂര്‍വപ്രവാചകന്‍മാര്‍ നിര്‍വഹിച്ചുപോന്നിരുന്ന അതേ ദൌത്യനിര്‍വഹണത്തിനായി അറേബ്യയില്‍ നിയോഗിച്ചു. തിരുമേനിയുടെ സംബോധന പൂര്‍വപ്രവാചകന്‍മാരുടെ വഴിപിഴച്ച അനുയായികളോടും മനുഷ്യവര്‍ഗത്തോട് പൊതുവിലുമായിരുന്നു. അവരെയെല്ലാം ശരിയായ ജീവിതനയത്തിലേക്ക് ക്ഷണിക്കുക, അവര്‍ക്കെല്ലാം വീണ്ടും ദൈവികസന്‍മാര്‍ഗനിര്‍ദേശം എത്തിച്ചുകൊടുക്കുക, ആ ബോധനവും മാര്‍ഗദര്‍ശനവും അംഗീകരിക്കുന്നവരെ ഒരു സംഘടിതസമൂഹമായി വാര്‍ത്തെടുക്കുക-ഇതായിരുന്നു അവിടത്തെ ദൌത്യം. ഈ നവസമൂഹം സ്വന്തം ജീവിതവ്യവസ്ഥ ദൈവികസന്‍മാര്‍ഗത്തില്‍ കെട്ടിപ്പടുക്കാനും അതേ മാര്‍ഗമവലംബിച്ച് ലോകസംസ്കരണത്തിന് പ്രയത്നിക്കുവാനും ബാധ്യസ്ഥമായിരുന്നു. ഈ പ്രബോധനത്തിന്റെയും മാര്‍ഗദര്‍ശനത്തിന്റെയും ആധാരഗ്രന്ഥമത്രേ മുഹമ്മദ് നബി തിരുമേനിക്ക് അല്ലാഹു അവതരിപ്പിച്ച വിശുദ്ധഖുര്‍ആന്‍.

16 comments:

  1. ഇതു താങ്കൾ മുസ്ലിമായി തുടരുന്നതിനു കണ്ടു പിടിച്ച ന്യായീകരണം ആണോ? (സ്വയം തൃപ്തിപ്പെടുത്താനുള്ള ശ്രമം!!)

    താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങൽ ഒന്നു കൂടെ വിവരിച്ചാൽ നന്നായിരുന്നു..
    1)“എന്റെ ഈ സാമ്രാജ്യത്തില്‍ നിങ്ങള്‍ സ്വാധികാരികളല്ല; ഞാനല്ലാത്ത ആരുടെയും അടിമകളുമല്ല. നിങ്ങളുടെ ആരാധനയ്ക്കും അനുസരണത്തിനും അടിമത്തത്തിനും അര്‍ഹനായി ഞാന്‍ മാത്രമേയുള്ളൂ.“
    അടിമയായ ഭർതൃമതിയെ ബലാത്സംഘം ചെയ്യാൻ പോലും അള്ളാഹു അനുവധിച്ചിരിക്കുന്നു എന്നു മറന്നു പോയോ?
    2) “പ്രത്യുത, പൂര്‍ണമായ പ്രകാശത്തിലാണ് ദൈവം ഭൂമിയില്‍ അവരുടെ അധിവാസത്തിനാരംഭം കുറിച്ചത്. യാഥാര്‍ഥ്യത്തെക്കുറിച്ച് തികച്ചും ബോധവാന്‍മാരായിരുന്നു അവര്‍. അവരുടെ ജീവിതനിയമം അവര്‍ക്കറിയിച്ചുകൊടുത്തിരുന്നു. ദൈവികാനുസരണം (ഇസ്ലാം) ആയിരുന്നു അവരുടെ ജീവിതമാര്‍ഗം. ഇതേ കാര്യം, ദൈവത്തിന്റെ ആജ്ഞാനുവര്‍ത്തികളായി-മുസ്ലിംകളായി-ജീവിക്കണമെന്ന വസ്തുത അവര്‍ സ്വസന്താനങ്ങളെ പഠിപ്പിക്കുകയും ചെയ്തു.“ : അപ്പോൾ മുഹമ്മദിനു മുൻപേ ഖുറാനിലെ ആയത്തുകൾ മനുഷ്യർക്കു അറിയാമായിരുന്നോ? എങ്കിൽ “മുഹമ്മദ് റസൂൽ അല്ലാഹ്” എന്നു ഏതു നേരവും വിളിച്ചു കൂവണോ?
    3) “മനുഷ്യവര്‍ഗത്തിന്- അവരിലുള്ള വിവിധ ജനസമുദായങ്ങള്‍ക്ക്-ഭൂലോകത്ത് പ്രവര്‍ത്തിക്കാന്‍ അവധി നിശ്ചയിച്ചിരുന്നത് പരിഗണിക്കുമ്പോള്‍, രാജദ്രോഹം പ്രകടമായ ഉടന്‍ മനുഷ്യരെ ദൈവം നശിപ്പിച്ചുകളയുക എന്നതും ശരിയായിരുന്നില്ല.“ : ഇതെന്താ? മലർന്നു കിടന്നു തുപ്പുന്നതു പോലെ ഉണ്ടല്ലോ?
    4)"അവരെയെല്ലാം ശരിയായ ജീവിതനയത്തിലേക്ക് ക്ഷണിക്കുക, അവര്‍ക്കെല്ലാം വീണ്ടും ദൈവികസന്‍മാര്‍ഗനിര്‍ദേശം എത്തിച്ചുകൊടുക്കുക, ആ ബോധനവും മാര്‍ഗദര്‍ശനവും അംഗീകരിക്കുന്നവരെ ഒരു സംഘടിതസമൂഹമായി വാര്‍ത്തെടുക്കുക-ഇതായിരുന്നു അവിടത്തെ ദൌത്യം." : എന്നിട്ടു കാര്യങ്ങൽ അങ്ങനെ ഒക്കെ നടക്കുന്നുണ്ടോ?
    ഗൾഫ് ഇങ്ങനെ കഷണം കഷണമായി കിടക്കണോ? ഇറാൻ-ഇറാക്ക്, ഇറാക്ക്-കുവൈറ്റ് യുദ്ധങ്ങൾ നടന്നുതും മുസ്ലിങ്ങൾ തമ്മിലാണു. ഇസ്ലാമിക് റവലൂഷൻ കഴിഞ്ഞു പേർഷ്യയുടെ അവസ്ഥ എന്താണു? സോമാലിയ പോലുള്ള ദരിദ്ര രാജ്യങ്ങളും ഇസ്ലാമിൽ വിശ്വസിക്കുന്നവരാണു.

    ReplyDelete
  2. 2007 മുതല്‍ ഞാനിപ്പം ബ്ലോഗെഴുതും എന്ന് പറഞ്ഞ് ആകെകൂടി ജബ്ബാര്‍മാഷുടെ ഖുര്‍ആന്‍ വിമര്‍ശനത്തിലേക്ക് വഴികാട്ടിയായ താങ്കള്‍ ജബ്ബാര്‍മാഷിന്റെ അപരനോ. ഏതായാലും താങ്ങളുടെ ശൈലി അദ്ദേഹത്തിന്റേത് തന്നെ. ഒട്ടും മാന്യമല്ല എന്ന് ചുരുക്കം. സഹൃദയാ..
    താങ്കളെപ്പോലുള്ളവര്‍ ഇസ്്‌ലാമിനെക്കുറിച്ച് പേറുന്ന അജ്ഞതയുടെ ആഴം വായനക്കാരില്‍ ചിലര്‍ക്കെങ്കിലും വ്യക്തമാക്കുന്നതിന് വേണ്ടിയാണ്, ഒരു നിലക്കും ചര്‍ചക്കുപകരിക്കാത്ത താങ്കളുടെ അഭിപ്രായം ഇവിടെ പ്രസിദ്ധീകരിച്ചത്. ദയവായി തുര്‍ന്ന് വരുന്ന പോസ്റ്റുകളും അഭിപ്രായങ്ങളും വായിക്കുക. എങ്ങനെയാണ് മാന്യമായി ചര്‍ചയില്‍ പങ്കെടുക്കേണ്ടത് എന്നതിന്റെ ബാലപാഠമെങ്കിലും മനസ്സിലാക്കാന്‍ (താങ്കളെപ്പോലുള്ള ഇസ്്‌ലാം വിരോധികളായ യുക്തിവാദികള്‍ക്ക്) അതുപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  3. സുഹൃത്തേ,
    കൊടകരപ്പുരാണം പോലുള്ള ബ്ലോഗ്ഗുകൾ കാരണം ആണു എനിക്കു ബ്ലോഗ്ഗിനോടു താല്പര്യം ഉണ്ടായത്. ബ്ലോഗ്ഗ് എഴുതണം എന്ന ആഗ്രഹത്തോടെ അക്കൌണ്ട് തുറന്നു. പേപ്പറും പേനയും എടുത്ത് എഴുതാനിരുന്നപ്പോൾ തോന്നിയ വികാരം ആണ് “About Me" -യിൽ കൊടുത്തത്.
    ഒരു ദൈവത്തേയും ന്യായീകരിക്കേണ്ട ആവശ്യം എനിക്ക് ഇല്ലാത്തതിനാൽ ഞാൻ ആ വഴി തിരഞ്ഞെടുത്തില്ല.
    വായിൽ വരുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ എഴുതിയാൽ എനിക്കും താങ്കളെ പോലെ നൂറ് നൂറ് ബ്ലോഗ്ഗ് എഴുതാൻ പറ്റും..
    ലോക ചരിത്രത്തിലുള്ള താല്പര്യം കാരണം രണ്ടാം ലോക യുദ്ധത്തേയും ഷാ രാജവംശത്തേയും പേർഷ്യയുടെ ചരിത്രത്തേയും ഒക്കെ തിരഞ്ഞു വരുന്ന വഴിക്കു ഒരു ചങ്ങായീടെ ബ്ലോഗ്ഗിൽ എത്തി. അവിടെ കണ്ട കാഴ്ച്ച, അഞ്ചിൽ ഒന്നു ജനസംഖ്യയുല്ല ഒരു ജനത ജനസംഖ്യയുടെ അറുന്നൂറിൽ ഒന്നു മാത്രമുള്ള ഒരു മതത്തെ ഭയത്തോടെ കാണുന്നതായിരുന്നു.
    ആ ബ്ലോഗ്ഗിൽ നിന്ന് അതിന്റെ കാരണം തേടിപ്പോയി. അപ്പോൾ, ഖുറാനിലും അലി ദാഷ്തിയിലും ജബ്ബാർ മാഷിന്റെ ബ്ലോഗ്ഗിലും തന്മൂലം താങ്കളുടെ ബ്ലോഗ്ഗിലും ഒക്കെ എത്തിപ്പെട്ടു.
    (സത്യം പറയാമല്ലോ, ഖുറാൻ വായിച്ചപ്പോൾ അതിൽ വിശ്വസിക്കുന്ന ജനതയോടു സഹതാപമാണു തോന്നിയത്. കുത്തു വാക്കുകളും കുനിഷ്ഠുകളും നിറഞ്ഞ ഒരു പുസ്തകം. അതിനെ ന്യായീകരിക്കാൻ തുനിയുന്ന താങ്കളെപ്പോലുള്ളവരെക്കുരിച്ച് എന്തായിരിക്കും സ്വാഭാവികമായും തോന്നുക?
    “ഒരു തെരുവിന്റെ കഥ”, “ഖസാഖിന്റെ ഇതിഹാസം“ തുടങ്ങിയ പുസ്തകങ്ങളുടെ രചനാ രീതിയെ ആരാധിക്കുന്ന എനിക്ക് അല്ലാഹുവിനെ/മുഹമ്മദിനെ എങ്ങനെ കാണാൻ കഴിയും എന്നാലോചിക്കാമല്ലോ?)
    എന്റെ ഭാഷ കണക്കിലെടുക്കേണ്ട. എന്റെ ചോദ്യങ്ങൾ തികച്ചും അസാംഗത്യം ഇല്ലാത്തതാണെങ്കിൽ താങ്കൾക്കു തന്നെ മറുപടി തന്നു കൂടെ?
    “ദയവായി തുര്‍ന്ന് വരുന്ന പോസ്റ്റുകളും അഭിപ്രായങ്ങളും വായിക്കുക.“.. തുടർന്നു വരുന്ന പോസ്റ്റുകൾ തെറികൾ ആയിരിക്കില്ല എന്ന് കരുതട്ടേ?

    ReplyDelete
  4. ഞാൻ മുൻപെഴുതിയ കമന്റിൽ അല്പം തെറ്റ് കടന്ന് കൂടിയിരിക്കുന്നു.
    "ആ ബ്ലോഗ്ഗിൽ നിന്ന് അതിന്റെ കാരണം തേടിപ്പോയി. അപ്പോൾ, ഖുറാനിലും അലി ദാഷ്തിയിലും ജബ്ബാർ മാഷിന്റെ ബ്ലോഗ്ഗിലും തന്മൂലം താങ്കളുടെ ബ്ലോഗ്ഗിലും ഒക്കെ എത്തിപ്പെട്ടു."
    എന്നത്:
    "ആ ബ്ലോഗ്ഗിൽ നിന്ന് അതിന്റെ കാരണം തേടിപ്പോയി. അപ്പോൾ, ഖുറാന്റെ എതിരാളികളിലും അലി ദാഷ്തിയിലും ജബ്ബാർ മാഷിന്റെ ബ്ലോഗ്ഗിലും തന്മൂലം താങ്കളുടെ ബ്ലോഗ്ഗിലും ഒക്കെ എത്തിപ്പെട്ടു."
    ആയി വായിക്കുക..

    ReplyDelete
  5. go and read at least sagar's website.. it might give you some light :)

    ReplyDelete
  6. സഹൃദയാ

    ആദ്യമായി ഇതുവരെ താങ്കള്‍ ബ്ലോഗ് തുടങ്ങാതിരുന്നതിന് നന്ദി പറയുന്നു. താങ്കളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഒട്ടും പോസിറ്റീവല്ല എന്നറിഞ്ഞുകൊണ്ടും. അതിലുള്ള ദ്വയാര്‍ഥ പ്രയോഗങ്ങളും ദുസ്സൂചനകളും മനസ്സിലാക്കികൊണ്ടും തന്നെയാണിവ പ്രസിദ്ധീകരിക്കുന്നത്. ഈ ആവേശവും മാനസ്സികാവസ്ഥയും ആര്‍ക്കും നല്ലതല്ല സഹൃദയാ... . അതു പ്രസരിക്കുന്ന നെഗറ്റീവ് എനര്‍ജി താങ്കളുടെ ശരീരത്തിനും സമൂഹത്തിനും ദോശമേ വരുത്തൂ. അല്‍പം ശാന്തമാകുമ്പോള്‍ താങ്കളെഴുതിയ വരികള്‍ ഒന്നുകൂടി വായിച്ചു നോക്കൂ. അതില്‍ ഒരു സഹൃദയനെ താങ്കള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടോ. മറഞ്ഞിരിക്കുന്നത് എന്തും വിളിച്ചുപറയാനുള്ള ധൈര്യം താങ്കള്‍ക്ക് നല്‍കുന്നുണ്ട് എന്ന കാര്യം മറക്കുന്നില്ല. ഞാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിച്ചത് ഞാനെഴുതിയ ഈ വരികള്‍ക്ക് തെളിവായി മാത്രം.

    'ഇങ്ങനെ, തനിക്ക് ചിരപരിചിതമായ 'ഗ്രന്ഥസങ്കല്പ'ത്തിനു വിപരീതമായി ഇതെല്ലാം കാണുമ്പോള്‍ അനുവാചകന്‍ അമ്പരന്നുപോകുന്നു.'

    ReplyDelete
  7. മുക്കുവാ..

    എല്ലാവരെയും പോലെ എനിക്കും വെളിച്ചം ആവശ്യമുണ്ട്. ഞാനത് ഖുര്‍ആനില്‍ കണ്ടെത്തി. മറ്റുള്ളവര്‍ക്ക് അതുകാണിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നു. വെളിച്ചം കണ്ടെത്തുന്നതിന് തടസ്സമാകാനിടയുള്ള ചില കാര്യങ്ങളാണ് പോസ്റ്റിന്റെ ചര്‍ചാവിഷയം. ഇതിനപ്പുറമുള്ള ഏത് വെളിച്ചമാണ് നിങ്ങള്‍ എനിക്ക് ഉദ്ദേശിക്കുന്നത് എന്ന് അറിയാന്‍ തീര്‍ച്ചയായും താല്‍പര്യമുണ്ട്. ഒന്നുകൂടി വ്യക്തമാക്കാമെങ്കില്‍ താങ്കളോട്് ഞാന്‍ നന്ദിയുള്ളവനായിരിക്കും

    നന്ദി അരീകോടന്‍ മാഷ്.

    ReplyDelete
  8. നല്ല ജോലി-
    ആശംസകള്‍-

    ഓഫ്- വേര്‍ഡ് വേരിഫികാഷന്‍ എടുത്തു കളഞ്ഞുകൂടെ

    ReplyDelete
  9. നന്ദി കാട്ടിപ്പരുത്തി. വെരിഫിക്കേഷന്‍ എടുത്ത് കളഞ്ഞിട്ടുണ്ട്

    ReplyDelete
  10. സുഹൃത്തെ,
    ഞാന്‍ മനപ്പൂര്‍വം ദ്വയാര്‍ദ്ധ പ്രയോഗം ഒന്നും നടത്തിയിട്ടില്ല. ചില ആധുനികോത്തര islamists ഖുറാന്‍ നിര്‍വചിക്കുന്നത് പോലെ താങ്കള്‍ക്കും എന്‍റെ വാക്കുകളില്‍ പല അര്‍ഥങ്ങള്‍ കണ്ടു പിടിക്കാന്‍ കഴിയും.
    ഞാന്‍ അക്കമിട്ടു പറഞ്ഞ കാര്യങ്ങള്‍ താങ്കള്‍ നിഷേധിക്കുന്നുണ്ടോ ? കാര്യ കാരണ സഹിതം പറഞ്ഞാല്‍ മനസ്സിലാക്കാം. (സത്യം പറഞ്ഞാല്‍ നെഗറ്റീവ് എനര്‍ജി വമിക്കുമോ, മറിച്ചാണെങ്കില്‍ പോസിറ്റീവ് എനെര്‍ജിയും?)
    (Off topic: മറഞ്ഞിരിക്കുന്നതിന്റെ കാരണം താങ്കളും മതങ്ങളോടുള്ള എതിര്‍പ്പും മൂലവും അല്ല. അന്ധ വിശ്വാസികളായ സുഹൃത്തുക്കളെ ശത്രുക്കള്‍ ആക്കേണ്ട എന്ന് വിചാരിച്ചാണ്.
    പിന്നെ, താങ്കളുടെ അഭ്യര്‍ഥന മാനിച്ചു ഞാന്‍ മറ്റൊരു പേര് ആലോചിച്ചു കൊണ്ടിരിക്കുന്നു.)

    ReplyDelete
  11. സഹൃദയന്‍.. ഈ മാറ്റത്തെ സ്വാഗതം ചെയ്യുന്നു. ഇവിടെ ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കണം എന്നുതന്നെയാണ് ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ചിലയുക്തിവാദികളെങ്കിലും തെറ്റായി ധരിക്കുന്നത്, അല്‍പം ആക്ഷേപവും പരിഹാസവുമൊക്കെ കലര്‍ത്തി ചോദിച്ചാലെ മറ്റുള്ളവര്‍ പ്രതികരിക്കൂ എന്നാണ്. എന്നാല്‍ അത്തരം ആളുകളെ അവഗണിക്കാനാണ് ഖുര്‍ആന്റെ കല്‍പന. താങ്കള്‍ ഇതുവരെ ഉന്നയിച്ച അഭിപ്രായങ്ങളില്‍ മറുപടി പറയാനുള്ള കാര്യങ്ങള്‍ പരിശോധനക്കെടുക്കുകയാണ്. അതിനുമുമ്പ് ഒരു തെറ്റിദ്ധാരണ നീക്കേണ്ടതുണ്ട്. ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണ് എന്ന വിശ്വാസം എപ്പോഴും നിലനിര്‍ത്തികൊണ്ടേ വിശ്വാസികള്‍ക്ക് സംസാരിക്കാന്‍ കഴിയൂ. കാരണം ഖുര്‍ആന്‍ ദൈവികമാണെന്നത് കേവല വിശ്വാസമല്ല എന്നതുകൊണ്ടുതന്നെ. ഖുര്‍ആന്റെ ഏറ്റവും സ്വീകാര്യയോഗ്യമായ വ്യാഖ്യാനം ഏറ്റവും ആധുനികമായ വ്യാഖ്യാനമായിരിക്കും. പൗരാണിക വ്യാഖ്യാനത്തിന് പ്രത്യേക ദിവ്യത്വമൊന്നുമില്ല. അവര്‍ അന്നത്തെ ശാസ്ത്രീയ അറിവ് വെച്ച് വ്യാഖ്യാനിച്ചതിനാല്‍ ആ കാലഘട്ടത്തിലെ ശാസ്ത്ര അറിവ് അതിന്റെ വ്യാഖ്യാനത്തില്‍ ചേര്‍ത്തിരിക്കും. ഖുര്‍ആന്‍ ഒരു ശാസ്ത്രഗ്രന്ഥമല്ല. എന്നാല്‍ പ്രപഞ്ചവുമായും ഭൗതിക ജീവിതവുമായി ബന്ധപ്പെട്ട് ഭാഗത്ത് അത്തരം ചില പരാമര്‍ശങ്ങള്‍ ഉണ്ട്. അതിന്റെ ഉദ്ദേശമാകട്ടേ. ദൈവത്തിന്റെ സൃഷ്ടിവൈഭവം എടുത്തുകാണിക്കുകയോ. അതുമല്ലങ്കില്‍ ദൈവം മനുഷ്യന് നല്‍കിയ അനുഗ്രങ്ങള്‍ സൂചിപ്പിക്കുകയും ആ നാഥനെ വഴിപ്പെടാന്‍ ആവശ്യപ്പെടുകയുമാണ്. അതിനപ്പുറമുള്ള അവകാശവാദങ്ങള്‍ക്ക് വലിയ വിലകല്‍പിക്കുന്ന കൂട്ടത്തിലല്ല ഞാന്‍. അതോടൊപ്പം മനസ്സിലാക്കേണ്ടത്, അങ്ങനെ ഖുര്‍ആന്‍ നല്‍കിയിട്ടുള്ള ഭൗതിക പ്രതിഭാസങ്ങളെക്കുറിച്ചുള്ള വിവരങ്ങളില്‍ ഏതെങ്കിലും തെറ്റായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല എന്നതാണ്.

    ReplyDelete
  12. 1. അടിമസ്ത്രീകളുമായുള്ള ബന്ധം ഈ പോസ്റ്റിന്റെ വിഷയമല്ല. മറ്റൊരു പോസ്റ്റില്‍ അത് ചര്‍ചചെയ്യാം, കാലിക പ്രസക്തമല്ലെങ്കിലും.

    2. ഖുര്‍ആനിലെ ആയത്തുകള്‍(സൂക്തങ്ങള്‍) മുഹമ്മദ് നബിക്കുമുമ്പുള്ള പ്രവാചകന്‍മാരും
    അവരുടെ അനുയായികളും അറിഞ്ഞിരിക്കില്ല. പക്ഷേ ഖുര്‍ആന്‍ മുന്നോട്ട് വെക്കുന്ന ആദര്‍ശമായിരുന്നു സകല പ്രവാചകന്‍മാരും അവരവരുടെ അനുയായികളെ പഠിപ്പിച്ചത്. അഥവാ ദൈവം ഏകനാണെന്നും. പ്രവാചകന്‍മാരിലൂടെ നല്‍കപ്പെട്ട സന്ദേശം പാലിക്കപ്പെടേണ്ടതുണ്ടെന്നും, മരണ ശേഷം തങ്ങളുടെ കര്‍മങ്ങള്‍ക്ക് രക്ഷാശിക്ഷകള്‍ നല്‍കപ്പെടുമെന്നു. (ഏകദൈവത്വം, പ്രവാചകത്വം, മരണാനന്തരജീവിതം). മുഹമ്മദീയ സമുദായത്തോട് മുഹമ്മദ് ദൈവദൂതനാണ് എന്ന് പ്രഖ്യാപിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു.

    3. മലര്‍ന്ന് കിടന്നുതുപ്പുന്നത് പോലെ എന്ന് ഉദ്ദേശിച്ചത് ഏതിനെ എന്ന് വ്യക്തമായില്ല. വിശദീകരിച്ചാല്‍ മറുപടി നല്‍കാം.

    4. കാര്യങ്ങള്‍ അപ്രകാരം പ്രവാചകന്‍ ചെയ്തുകാണിച്ചു തന്നിട്ടുണ്ട്. പിന്നീട് പ്രയോഗവല്‍ക്കരണത്തിലെ കഴിവ് നഷ്്ടപ്പെട്ടപ്പോള്‍ അതില്‍ സ്വാഭാവികമായും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ പൂര്‍ണമായി വിജയിക്കാനായില്ല എന്നത് നേര്. ഇന്ന് മുസ്‌ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍ ഇസ്‌ലാമനെ പിന്തുടരുന്ന രാജ്യങ്ങളാണ് എന്ന അഭിപ്രായം എനിക്കില്ല. അവര്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ക്കും ഇസ്‌ലാമിന് പങ്ക് ഇല്ല. ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിന് ഇസ്‌ലാമിനുള്ള കഴിവ് അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ മുസ്‌ലിം ഭൂരിപക്ഷരാജ്യങ്ങളില്‍ ദാരിദ്ര്യത്തിനുള്ള കാരണം വേറെത്തന്നെ പഠിക്കേണ്ടതുണ്ട്.

    ReplyDelete
  13. “ഒരു തെരുവിന്റെ കഥ”, “ഖസാഖിന്റെ ഇതിഹാസം“ തുടങ്ങിയ പുസ്തകങ്ങളുടെ രചനാ രീതിയെ ആരാധിക്കുന്ന എനിക്ക് അല്ലാഹുവിനെ/മുഹമ്മദിനെ എങ്ങനെ കാണാൻ കഴിയും എന്നാലോചിക്കാമല്ലോ?)

    ഖുര്‍ആനെ വേറിട്ട് കാണാന്‍ താങ്കള്‍ പഠിക്കേണ്ടിയിരിക്കുന്നു. ഖുര്‍ആനിന്റെ സാഹിത്യഭംഗിയോ, അതുള്‍ക്കൊള്ളുന്ന ദര്‍ശനങ്ങളുടെ ലാളിത്യവും സമഗ്രതയും മനസ്സിലാക്കാനോ താങ്കള്‍ക്കായിട്ടില്ല. മാത്രമല്ല ഭീതിപ്പെടുത്തുന്ന തെറ്റിദ്ധാരണയും താങ്കളില്‍ നിലനില്‍ക്കുന്നതുകൊണ്ട് അല്ലാഹുവിനെയും മുഹമ്മദിനെയും താങ്കള്‍ എങ്ങനെകാണുന്നു എന്ന് മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല.

    അസാമാന്യ സാഹിത്യാഭിരുചിയുള്ള അറബികളെ അമ്പരപ്പിക്കാന്‍ ഖുര്‍ആനിന് കഴിഞ്ഞിട്ടുണ്ട്. മുഹമ്മദിനെ വധിക്കാന്‍ പുറപ്പെട്ട് വന്ന ഉമര്‍ എന്ന മഹാനെ ഇസ്ലാമിലേക്ക് നയിക്കാന്‍ അതിന്റെ ഏതാനും സൂക്തങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. മനോഹരമായ അതിന്റെ പാരായണം പള്ളിക്കുമുമ്പില്‍ നിന്ന് ശ്രവിച്ച വിദേശി തനിക്ക് എങ്ങനെ ഇസ്്‌ലാം സ്വീകരിക്കാന്‍ കഴിയും എന്നന്വേഷിച്ച സംഭവം ഞാന്‍ ദുബായിലായിരുന്നപ്പോള്‍ എന്റെ തൊട്ടടുത്തുള്ള പള്ളിയില്‍ നടന്നതാണ്. താങ്കള്‍ സൂചിപ്പിച്ച പുസ്തകങ്ങളും ഖുര്‍ആനും തമ്മില്‍ ഒരു താരതമ്യവുമില്ല. 1400 വര്‍ഷമായി മാറ്റത്തിരുത്തലുകളില്ലാതെ നിലനില്‍ക്കുന്നതും, 23 വര്‍ഷം കൊണ്ടു ചരിത്രഗതിയെ മാറ്റുകയും, ആടുമേച്ചുനടന്ന കാട്ടറബികളെ അന്നത്തെ സാമ്രാജ്യശക്തികള്‍ ഭയപ്പെടുകയും പേടിച്ചോടുകയും ചെയ്യത്തക്കവിധം കരുത്തുനല്‍കിയ ദിവ്യഗ്രന്ഥം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും പിന്തുടരപ്പെടുകയും ചെയ്യുന്ന ഗ്രന്ഥം. മഹാത്മാ ഗാന്ധിയെ അതിശയിപ്പിച്ച ഭരണപാടവം ഉമര്‍ എന്ന ഭരണാധികാരിക്ക് നല്‍കിയ ഗ്രന്ഥം. ലോകത്ത് ഇന്നും 120 കോടി ജനങ്ങള്‍ ദിനേന പലതവണ പാരായണം ചെയ്യുന്ന ഗ്രന്ഥം. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍
    ആദ്യവസാനം മനഃപാഠമാക്കിയ ഗ്രന്ഥം. ചുരുക്കത്തില്‍ ഇത്രകൂടി ഖുര്‍ആനെക്കുറിച്ച് അറിയുക. ബാക്കി പിന്നീടാകാം.

    ReplyDelete
  14. പ്രിയപ്പെട്ട ലത്തീഫ്,
    എനിക്കു ഒരു ഇസ്ലാം ഉൾപ്പെടെ ഒരു മതത്തോടും പ്രത്യേക അനിഷ്ടമോ മമതയോ ഇല്ല. പക്ഷേ, മതത്തിനു വേണ്ടി എന്ന പേരിൽ സ്വച്ഛന്ദമായ സമൂഹത്തെ മുഴുവൻ ഭയവിഹ്വലർ ആക്കാൻ ചിലർ ഇറങ്ങിപ്പുറപ്പെടുമ്പോൾ അതിനെ ആ വാൾ കൊണ്ടു തന്നെ നേരിടുന്നതാണു കൂടുതൽ ഫലപ്രദം എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതിനാലാണു comments പലപ്പോഴും നിർദ്ദയം ആകുന്നത്.

    പഠിക്കുന്ന സമയത്ത് ഒരു സുഹൃത്ത് ഇസ്രായേൽ മുസ്ലിങ്ങളോടു കാണിക്കുന്ന ക്രൂരതയ്ക്കെതിരെ പ്രവർത്തിക്കണം എന്നാഹ്വാനം ചെയ്തു കൊണ്ട് പലപ്പോഴും ഹോസ്റ്റലിൽ സംസാരിക്കാറുണ്ടായിരുന്നു. ചിലരെങ്കിലും ആ വാദങ്ങൾ ഒക്കെ ശരിയാണു എന്ന രീതിയിൽ പ്രതികരിക്കും. ഞാൻ ആ സുഹൃത്തിനെ പലപ്പോഴും ഇങ്ങനെയുള്ള സംസാരത്തിൽ നിന്നു മാന്യമായി പിൻതിരിക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം വിടുന്ന ഭാവം ഇല്ല. പിന്നീടു, പ്രതിരോധത്തിനു പകരം ആക്രമണം തന്നെ എനിക്കു എടുക്കേണ്ടി വന്നു. യേശുവിനെ ക്രൂശിച്ചിട്ടും(?) കൃസ്ത്യാനികളും ജൂതരും സാഹോദര്യത്തോടെ കഴിയുന്നതും കൃസ്ത്യാനികളേയും ജൂതരേയും ശത്രുക്കളായിക്കാണാനും ആക്രമിക്കാനും പ്രേരിപ്പിക്കുന്ന ഖുറാൻ സൂക്തങ്ങളേയും ഒക്കെ പ്രതിരോധിക്കാനാവാതെ മേല്പറഞ്ഞ സുഹൃത്തിനു തന്റെ ഉദ്യമത്തിൽ നിന്നു പിന്മാറേണ്ടി വന്നു.

    കാലഘട്ടത്തിനനുസരിച്ചു മാറാത്തതാണു ഇസ്ലാമിന്റെ മറ്റുള്ളവരിൽ നിന്നു ഒറ്റപ്പെടുത്തുന്ന സംഗതി.
    “ഖുര്‍ആന്റെ ഏറ്റവും സ്വീകാര്യയോഗ്യമായ വ്യാഖ്യാനം ഏറ്റവും ആധുനികമായ വ്യാഖ്യാനമായിരിക്കും. പൗരാണിക വ്യാഖ്യാനത്തിന് പ്രത്യേക ദിവ്യത്വമൊന്നുമില്ല.“ ഈ ഒരു കാഴ്ച്ചപ്പാടാണു ഏറ്റവും അനിവാര്യമായിട്ടുള്ളത്.

    അതിനു ആദ്യ പടി ആയി ചെയ്യേണ്ടതു, കാലപ്പഴക്കത്താൽ ജീർണിച്ച മൊല്ലാക്കമാരെ മദ്രസകളിൽ നിന്ന് മാറ്റി ശാസ്ത്ര-സാമൂഹ്യ വിദ്യാഭ്യാസം ആർജ്ജിച്ചിട്ടുള്ളതും മതഭ്രാന്തന്മാർ അല്ലാത്തതുമായവരെ നിയമിക്കുകയാണ്. പത്തു വയസ്സിനു ശേഷമേ കുട്ടികളെ മത പഠനത്തിനയക്കാവൂ (എല്ലാ മതവും). അവർ സ്വന്തം ബുദ്ധി ഉപയോഗിച്ചല്ല കാര്യങ്ങളെ മനസ്സിലാക്കുന്നത്. ഒരു പത്രത്തിന്റെ എഡിറ്റോറിയൽ വായിച്ചിട്ട് അത് മാത്രമാണു ശരി എന്ന് വിശ്വസ്സിക്കുന്നത് പോലെയാണു കുട്ടികൾ മത ഗ്രന്ഥങ്ങൽ മനസ്സിലാക്കുന്നത്. (ഒരു കൊച്ചു കുട്ടിയോടു അയൽ പക്കത്ത് താമസ്സിക്കുന്നവർ കൊള്ളില്ല അവരോടു സംസാരിക്കരുത് എന്ന് പറഞ്ഞ് നോക്കൂ. അവൻ അതിന്റെ കാര്യ കാരണങ്ങൾ അന്വേഷിക്കാതെ അക്ഷരം പ്രതി അനുസ്സരിക്കും. പിന്നീടു അയൽക്കാരനിൽ നിന്നുണ്ടാവുന്ന നിസ്സാര തെറ്റുകൾ പോലും അവന്റെ ആ ചിന്തയ്ക്ക് കരുത്ത് പകരുന്ന ഉൾപ്രേരകങ്ങളാവുന്നതും കാണാൻ കഴിയും.)
    ശാസ്ത്രത്തിന്റെ മുന്നേറ്റത്തിലൂടെ കണ്ടു പിടിച്ച പലതും ഖുറാനിലുണ്ടെന്ന് സമർത്ഥിച്ചു സ്വയം അപഹാസ്യരാകുന്ന വിദ്യാസമ്പന്നർ, സ്വന്തം സമൂഹത്തെ ശാസ്ത്ര ബോധം ഉള്ളവരാക്കി തീർക്കുന്നതല്ലേ ഉത്തമം.

    ലത്തീഫിനെപ്പോലെ സ്വതന്ത്രമായി ചിന്തിക്കുന്നവർക്ക് ഒരു പുതിയ സമൂഹത്തെ തന്നെ സൃഷ്ടിച്ചെടുക്കാൻ കഴിയും. ഓരോ മതാനുഭാവിയും ആ മതത്തിന്റെ പ്രതിനിധിയാണു. അവരിലൂടെ മറ്റുള്ളവർ ആ മതത്തെ തന്നെയാണ് കാണുന്നത് എന്ന ബോധം ഓരോ മതാനുഭാവിയുടേയും ഉത്തര വാദിത്വമാണ്. അറിവില്ലായ്മ മൂലം, മതത്തിന്റെ പേരിൽ സങ്കുചിത മനോഭാവം വച്ചു പുലർത്തുന്നവരെ correct ചെയ്യേണ്ട ഉത്തവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയല്ല വേണ്ടത്.

    “ഇന്ന് മുസ്‌ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങള്‍ ഇസ്‌ലാമനെ പിന്തുടരുന്ന രാജ്യങ്ങളാണ് എന്ന അഭിപ്രായം എനിക്കില്ല. അവര്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ക്കും ഇസ്‌ലാമിന് പങ്ക് ഇല്ല.“ ഇത് വെറും ഒഴിവു കഴിവു മാത്രമായേ കാണാൻ കഴിയൂ. ഇതിനൊക്കെ എതിരെ ശബ്ദം ഉയർത്തി, സ്വന്തം മതത്തെ ജീർണ്ണതയിൽ നിന്ന് രക്ഷിക്കാൻ ഓരോ ഇസ്ലാമും ബാധ്യസ്തനാണ്.

    തങ്ങൾ സാറിന്റെയും ഭാനുമതി ടീച്ചറിന്റേയും ഗ്രേസ്സി ടീച്ചറിന്റേയും ഒക്കെ സ്നേഹ വായ്പ് അനുഭവിച്ചിട്ടുള്ള എന്നോടു, ഏത് മതമാണു നല്ലത് എന്ന് ചോദിച്ചാൽ ഉത്തരം തരാൻ പറ്റില്ല. അവരെ ഒന്നും മതത്തിന്റെ പേരിൽ അല്ല കണ്ടിട്ടുള്ളത്. എന്നാൽ അവരെ അതതു മതത്തിന്റെ representative ആയി കണ്ടാൽ അവരുടെ എല്ലാവരുടേയും മതം നല്ലതാണെന്നും പറയേണ്ടി വരും.

    Off Topic: ഗ്രേസ്സി ടീച്ചർ കുട്ടികൾ പഠിക്കാനായി ഭയങ്കരമായി തല്ലിയിരുന്നതിനാൽ, ചിലരൊക്കെ ടീച്ചറെ ശത്രു ആയിട്ടാണ് കണ്ടിരുന്നത്. SSLC book വാങ്ങിയ ശേഷം അവരിൽ ചിലർ ടീച്ചറെ ചുറ്റും കൂടി നിന്ന് തെറി വിളിച്ചു. അമ്പത്തി മൂന്നുകാരിയായ ടീച്ചർ സ്റ്റാഫ് റൂമിൽ ചെന്നിരുന്ന് ഏങ്ങലടിച്ചു കരഞ്ഞത് നാണക്കേടു കൊണ്ടല്ല എന്നു സുവ്യക്തം. ഇതൊക്കെ ആണു ഞാൻ ഉദ്ദേശിച്ച സെന്റിമെന്റ്സ്.

    ReplyDelete
  15. പ്രിയപ്പെട്ട സഹൃദയന്‍

    ആദ്യമായി ദൈവത്തിന് നന്ദിപറയുന്നു. പിന്നീട് താങ്കള്‍ക്കും. താങ്കള്‍ ആദ്യം നല്‍കിയ കമന്റുകളില്‍ ഒന്നുപോലും എനിക്ക് യോജിക്കാവുന്നവ ഉണ്ടായിരുന്നില്ല. ഒരു വാചകം അംഗീകരിക്കാവുന്നതായിരുന്നു. താങ്കള്‍ അതുതിരുത്തിയതോടെ അതിനോടും യോജിക്കാന്‍ പറ്റാതായി. ഇപ്പോഴത്തെ താങ്കളുടെ അഭിപ്രായങ്ങളോട് 90 ശതമാനവും യോജിക്കാവുന്ന പരുവത്തിലായി. അതിനാണ് ഞാന്‍ ദൈവത്തിന് നന്ദിപറഞ്ഞത്. അല്ലാതെ താങ്കളെന്നെ പുകഴ്തിയതുകൊണ്ടല്ല. വിയോജിക്കുന്ന 10 ശതമാനത്തില്‍ പെട്ടതാണ് ഈ വാചകം.

    'കൃസ്ത്യാനികളേയും ജൂതരേയും ശത്രുക്കളായിക്കാണാനും ആക്രമിക്കാനും പ്രേരിപ്പിക്കുന്ന ഖുറാൻ സൂക്തങ്ങളേയും ഒക്കെ പ്രതിരോധിക്കാനാവാതെ..'

    എല്ലാമതവിശ്വാസികളെയും സഹോദരന്‍മാരായാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണ് ലോകത്തുള്ളവരെല്ലാം എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ഇന്ന് നിലവിലുള്ള ഏതെങ്കിലും മതത്തെ അതു ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചിട്ടില്ല. ജൂതന്‍മാര്‍ക്ക് പ്രവാചകനോടുള്ള അരിശത്തിന് ഒരു കാരണം ക്രിസ്ത്യാനികളുമായുള്ള നല്ലബന്ധമായിരുന്നു എന്നകാര്യം ഞാന്‍ മുമ്പ് സൂചിപ്പിച്ചിട്ടുള്ളതാണ്. ആരെങ്കലും തെറ്റായി ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്നെങ്കില്‍ അവര്‍ക്ക് തന്നെയാണ് അതിന്റെ ഉത്തരവാദിത്തം. ഹിന്ദുമതത്തെ ലോകത്തെ ഏറ്റവും അക്രമോത്സുക മതമായി പ്രതിനിധീകരിക്കുന്ന വര്‍ഗീയ ഫാസിസ്റ്റ് സംഘടനകള്‍ ഉള്ളതിനാല്‍ താങ്കള്‍ സൂചിപ്പിച്ച ടീച്ചര്‍മാരെ താങ്കള്‍ വെറുക്കുന്നില്ലെങ്കില്‍ ഈ മതത്തിലും അത്തരം തീവ്രവാദികളുണ്ടെന്ന പേരില്‍ അവരിലെ നല്ലവരെയും ഇസ്്‌ലാമിനെയും പ്രതിക്കൂട്ടില്‍ കയറ്റാതിരിക്കുന്നതല്ലേ നീതി.

    പിന്നീട് താങ്കള്‍ സൂചിപ്പിച്ച രാജ്യങ്ങളെ അപ്രകാരം തന്നെ കാണാനെ എനിക്ക് കഴിയൂ. കാരണം അവരും ഇസ്ലാമും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതാണെന്ന് നിങ്ങളെക്കാള്‍ എനിക്കറിയാമെന്ന് തോന്നുന്നു. ബുഷും ക്രിസ്തുമതവും തമ്മിലുള്ള ബന്ധമേ അവര്‍ക്ക് ഇസ്്‌ലാമുമായുള്ളു. ഒരു പക്ഷേ അതുപോലുമില്ല. കാരണം മിതവാദികളായ ഇസ്‌ലാമിസ്റ്റുകളെ അവര്‍ ഏറ്റവും വലിയ ശത്രുക്കളായി കാണുകയും. ഭൂരിപക്ഷത്തിന് യാതൊരു പ്രാധാന്യവും നല്‍കാത്ത അത്തരം ഭരണാധികാരികള്‍ക്ക് ഇസ്ല്‌ലാമുമായി ബന്ധമില്ല എന്നത് ഒഴിവുകഴിവായി കാണരുത്.

    സഹൃദയാ താങ്കള്‍ പേര് മാറ്റേണ്ടതില്ല എന്നാണ് ഇപ്പോള്‍ എനിക്ക് തോന്നുന്നത്. ഇത് സഹൃദയത്വമല്ലെങ്കില്‍ പിന്നെ ഏതാണ് സഹൃദയത്വം.

    ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...