Tuesday, January 26, 2010

ഖുര്‍ആനിന്റെ അനുയായികളിലെ ഭിന്നിപ്പ്

   ഖുര്‍ആനെ സംബന്ധിച്ച് പൊതുവേ ജനമനസ്സില്‍ തറച്ചുനില്‍ക്കുന്ന മറ്റൊരു ചോദ്യമിതാണ്: ദൈവികഗ്രന്ഥത്തിന്റെ ആവിര്‍ഭാവത്തിനുശേഷം ഭിന്നിപ്പിലും കക്ഷിമാത്സര്യത്തിലും പെട്ടിരിക്കുന്നവരെയും സ്വമതത്തെ തുണ്ടംതുണ്ടമാക്കിയവരെയും ഖുര്‍ആന്‍ അതികഠിനായി ഭര്‍ത്സിക്കുന്നുണ്ട്; അതേസമയം, ഖുര്‍ആനിക നിയമങ്ങളുടെതന്നെ വ്യാഖ്യാനങ്ങളില്‍ സാരമായ അഭിപ്രായഭിന്നതകള്‍ കാണപ്പെടുകയും ചെയ്യുന്നു. പില്‍ക്കാല പണ്ഡിതന്മാര്‍ക്കിടയില്‍ മാത്രമല്ല, പൂര്‍വികരായ 'ഇമാമു'കള്‍ക്കും 'താബിഇ'കള്‍ക്കും ഇടയില്‍തന്നെ, നബിയുടെ സഖാക്കള്‍ക്കിടയില്‍പോലും! ഇതെത്രത്തോളമെന്നാല്‍, നിയമപ്രധാനമായ ഒരു സൂക്തത്തിനെങ്കിലും സര്‍വാംഗീകൃതമായ ഒരു വ്യാഖ്യാനമുള്ളതായി കാണുന്നില്ല. അപ്പോള്‍ മതഭിന്നതയെ സംബന്ധിച്ച ഖുര്‍ആനികാധിക്ഷേപം ഇവര്‍ക്കെല്ലാം ബാധകമാണോ? അല്ലെങ്കില്‍ ഖുര്‍ആന്‍ വിരോധിച്ച കക്ഷിത്വവും ഭിന്നതയും എവ്വിധമുള്ളതാണ്!

   ഇതൊരു വിപുലമായ പ്രശ്‌നമാണ്. സവിസ്തര ചര്‍ച്ചക്ക് സന്ദര്‍ഭമില്ലാത്തതുകൊണ്ട് ഒരു സാമാന്യവായനക്കാരന്റെ സംശയനിവൃത്തിക്കാവശ്യമായ ചില കാര്യങ്ങള്‍ മാത്രമേ ഞാനിവിടെ സൂചിപ്പിക്കുന്നുള്ളൂ. ദീനില്‍ യോജിച്ചവരും ഇസ്‌ലാമിക സംഘടനയില്‍ ഒന്നിച്ചവരുമായിരിക്കെ, കേവലം നിയമവിധികളുടെ വ്യാഖ്യാനങ്ങളില്‍ സത്യസന്ധമായ ഗവേഷണഫലമായുണ്ടാകാവുന്ന ആരോഗ്യകരമായ അഭിപ്രായഭിന്നതകള്‍ക്ക് ഖുര്‍ആന്‍ ഒരിക്കലും എതിരല്ല. മറിച്ച് വക്രവീക്ഷണത്തില്‍നിന്നുയിര്‍കൊണ്ടതും കക്ഷിമാത്സര്യത്തിലേക്ക് നയിക്കുന്നതുമായ സ്വേഛാ പ്രേരിതമായ ഭിന്നിപ്പിനെയാണത് ഭര്‍ത്സിക്കുന്നത്. ഈ രണ്ടുതരം ഭിന്നതകള്‍ അതതിന്റെ സ്വഭാവത്തില്‍ വ്യത്യസ്തമായതുപോലെ, അനന്തരഫലങ്ങളെ വിലയിരുത്തുമ്പോഴും അവതമ്മില്‍ തീരെ സാമ്യതയില്ല. അതുകൊണ്ടുതന്നെ അവയെ ഒരേ മാനദണ്ഡംകൊണ്ടളക്കാനും പാടുള്ളതല്ല. ആദ്യം പറഞ്ഞ ഭിന്നത ഉദ്ഗമനത്തിന്റെ അന്തസ്സത്തയും ചലനബദ്ധമായ ജീവിതത്തിന്റെ ചൈതന്യവുമാണ്. പ്രത്യുല്‍പന്നമതികളും പ്രതിഭാശാലികളുമടങ്ങിയ ഏതു സമൂഹത്തിലും  അതുണ്ടായിരിക്കും.  ബുദ്ധിയുള്ള മനുഷ്യരുടെയല്ലാത്ത കേവലം പൊങ്ങുതടികളുടേതായ സമൂഹം മാത്രമേ അതില്‍നിന്നൊഴിവാകൂ. പക്ഷേ, അങ്ങനെയല്ല, രണ്ടാമതു പറഞ്ഞ ഭിന്നത. അതേതൊരു ജനവിഭാഗത്തില്‍ തലപൊക്കിയിട്ടുണ്ടെങ്കിലും അവരെ ശിഥിലമാക്കിക്കളഞ്ഞിട്ടുണ്ട്. അത്തരം ഭിന്നതകള്‍ ആരോഗ്യത്തിന്റെ ലക്ഷണമല്ല; രോഗലക്ഷണമാണ്. അതിന്റെ പ്രത്യാഘാതങ്ങള്‍ ഒരു സമുദായത്തിനും ഗുണപ്രദമായിരിക്കുകയുമില്ല. ഈ ദ്വിവിധമായ ഭിന്നതകളുടെ അന്തരം വ്യക്തമായി മനസ്സിലാക്കപ്പെടേണ്ടതാണ്.

5 comments:

 1. വിശുദ്ധഖുര്‍ആന് ഒരു സൂക്തത്തിന് പോലും യോജിച്ച ഒരര്‍ഥമില്ല എന്ന് അതിശയോക്തി കലര്‍ന്ന ആരോപണങ്ങള്‍ സാധാരണമാണ്. അതിന്റെ കാരണങ്ങളെക്കുറിച്ച ചെറിയ ഒരു വിശദീകരണമാണ് മൗദൂദി ഈ ലേഖനത്തിലൂടെ നല്‍കുന്നത്. അദ്ദേഹം അവസാനിപ്പിച്ചടത്ത് നിന്ന് ആവശ്യമെങ്കില്‍ ചര്‍ചയാകാം. കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ മാത്രം ഇവിടെ ചര്‍ചയില്‍ പങ്കെടുക്കുക. നിങ്ങളുടെ ആശങ്കകളും മുന്‍ധാരണകളില്‍ നിന്നുള്ള സംശയങ്ങളും യുക്തിവാദികളും വിശ്വാസികളും എന്ന ബ്ലോഗില്‍ ഖുര്‍ആനെക്കുറിച്ചുള്ള ചര്‍ചയില്‍ ചേര്‍ക്കുക. സഹകരണം പ്രതീക്ഷിക്കുന്നു.

  ReplyDelete
 2. >>>ഖുര്‍ആനിക നിയമങ്ങളുടെതന്നെ വ്യാഖ്യാനങ്ങളില്‍ സാരമായ അഭിപ്രായഭിന്നതകള്‍ കാണപ്പെടുകയും ചെയ്യുന്നു. പില്‍ക്കാല പണ്ഡിതന്മാര്‍ക്കിടയില്‍ മാത്രമല്ല, പൂര്‍വികരായ 'ഇമാമു'കള്‍ക്കും 'താബിഇ'കള്‍ക്കും ഇടയില്‍തന്നെ <<<


  തനിക്ക് അറിവില്ലാത്ത കാര്യങ്ങളിൽ അറിവുണ്ടെന്ന് നടിച്ച് വിശുദ്ധ് ഖുർ‌ആനെയും മഹത്തുക്കളായ പണ്ഡിത്ന്മാരെയും ഇമാമുകളെയും കുതിര കയറുന്ന ഈ പരിപാടി നിറുത്തൂ സഹോദരാ..

  ഏത് വിഡ്ഡിയാണ് ഇങ്ങിനെ ജല്പിക്കുന്നത്.

  ReplyDelete
 3. പ്രിയ ദുല്‍ഫുഖാര്‍

  താങ്കളുടെ അഭിപ്രായ പ്രകടനത്തിന് നന്ദി. പുര്‍വികരായ ഇമാമുകള്‍ക്കിടയിലോ താബിഇകള്‍ക്കിടയിലോ ഖുര്‍ആനിക നിയമങ്ങളുടെതന്നെ വ്യാഖ്യാനങ്ങളില്‍ സാരമായതോ അല്ലാത്തതോ ആയ ഒരഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നില്ല എന്ന് വിശ്വസിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും തടസ്സമൊന്നുമില്ല. പക്ഷെ ആ വിശ്വാസത്തിനെതിരായി വല്ലതും പറയുന്നത് അറിവില്ലായ്മയായി അംഗീകരിച്ചു തരാന്‍ പ്രയാസമുണ്ട്.

  താങ്കള്‍ക്ക് വലിയ പരിചയമില്ലാത്ത, ആധുനിക കാലഘട്ടത്തിലെ ലോകമുസ്‌ലിംകളില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ, ഇസ്‌ലാമിക പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവും ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ധൈഷണിക തലത്തില്‍ മുഖ്യാവലംബവുമായ വ്യക്തിത്വമാണ് ഈ 'വിഡ്ഢി' എന്ന് മാത്രം ഇപ്പോള്‍ മനസ്സിലാക്കുക.

  ReplyDelete
 4. ഖുര്‍ആന്‍ പരിഭാഷ മലയാളം Visit http://www.hudainfo.com/Translation.asp

  വിശുദ്ധ ഖുര്‍ആന്‍ മലയാളം പരിഭാഷ ഓഡിയോ സൌജന്യ ഡൌണ്‍ലോഡ് - http://www.hudainfo.com/QuranMP3.htm

  ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...