Showing posts with label ഇസ്ലാം. Show all posts
Showing posts with label ഇസ്ലാം. Show all posts

Sunday, December 13, 2009

ഖുര്‍ആന്റെ പ്രതിപാദനരീതിയും ക്രോഡീകരണക്രമവും

ഖുര്‍ആന്റെ പ്രതിപാദനരീതി നിലവിലുള്ള ഒരു ഗ്രന്ഥത്തിന്റെയും രൂപത്തിലല്ല. എന്തുകൊണ്ടായിരിക്കാം ഇത്തരമൊരു വ്യത്യസ്ഥ രൂപം ഖുര്‍ആനിന് നല്‍കപ്പെട്ടത്, വിഷയങ്ങള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന, കഥകളും സംഭവങ്ങളും ഇടകലര്‍ന്ന് വരുന്ന പ്രസ്തുത രീതികൊണ്ട് ഖുര്‍ആന്‍ സാധിച്ചതെന്ത് തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു മൗലാനാ മൗദൂദി.

'എന്നാല്‍, ഖുര്‍ആന്റെ പ്രതിപാദനരീതിയും ക്രോഡീകരണക്രമവും ഒട്ടുവളരെ ഉള്ളടക്കവും ശരിയാംവണ്ണം ഗ്രഹിക്കണമെങ്കില്‍ ഖുര്‍ആന്റെ അവതരണ സ്വഭാവത്തെക്കുറിച്ചും നല്ലപോലെ ഗ്രഹിച്ചിരിക്കേണ്ടതുണ്ട്.
അല്ലാഹു ഒരിക്കല്‍ മുഹമ്മദ്‌നബിക്ക് എഴുതി അയച്ചുകൊടുക്കുകയും അത് പ്രസിദ്ധീകരിച്ച് ഒരു സവിശേഷ ജീവിതരീതിയിലേക്ക് ജനങ്ങളെ ക്ഷണിക്കണമെന്നുദ്‌ബോധിപ്പിക്കുകയും ചെയ്തുവെന്നതല്ല, ഒരു ഗ്രന്ഥമെന്ന നിലയില്‍ ഖുര്‍ആന്റെ സ്വഭാവം. പ്രതിപാദ്യവും ഉള്ളടക്കങ്ങളും ഗ്രന്ഥരചനാ സമ്പ്രദായത്തില്‍ ക്രോഡീകരിച്ചുമല്ല അതവതരിച്ചിട്ടുള്ളത്. അതിനാല്‍, ഇതര കൃതികളുടേതായ ക്രമവും ക്രോഡീകരണവും ഇവിടെ കാണാവതല്ല. യഥാര്‍ഥത്തില്‍ ഖുര്‍ആന്റെ അവതരണം ചുവടെ വിവരിക്കുംവിധമാണുണ്ടായത്.

ഈ വിവരണത്തില്‍നിന്ന്, ഖുര്‍ആന്റെ അവതരണം ഒരു പ്രബോധനത്തോടൊപ്പമാണ് ആരംഭിച്ചതെന്ന വസ്തുത വ്യക്തമാകുന്നുണ്ട്. പ്രാരംഭം മുതല്‍ പരിപൂര്‍ത്തിവരെയുള്ള ഇരുപത്തിമൂന്ന് സംവത്സരത്തിനകം ഈ പ്രബോധനം പിന്നിട്ട ഓരോരോ ഘട്ടങ്ങളിലും ഉപഘട്ടങ്ങളിലും അവയുടെ ബഹുവിധമായ ആവശ്യങ്ങള്‍ക്കനുഗുണമായി ഖുര്‍ആന്റെ ഓരോ ഭാഗം അവതരിക്കുകയായിരുന്നു. ഇവ്വിധമൊരു ഗ്രന്ഥത്തില്‍ ഡോക്ടറേറ്റുബിരുദത്തിന്റെ തിസീസിലെന്നപോലുള്ള രചനാരീതി കാണുകയില്ലെന്നത് സ്പഷ്ടമാണ്. പ്രബോധനത്തിന്റെ വികാസ- പരിണാമങ്ങള്‍ക്കൊപ്പം അവതരിച്ചുകൊണ്ടിരുന്ന ഖുര്‍ആന്റെ ചെറുതുംവലുതുമായ ഭാഗങ്ങള്‍ തന്നെ പ്രബന്ധങ്ങളുടെ രൂപത്തില്‍ പ്രകാശനം ചെയ്യപ്പെടുകയായിരുന്നില്ല. പ്രത്യുത, പ്രഭാഷണങ്ങളായി അവതരിക്കുകയും അതേരൂപത്തില്‍ പ്രചരിപ്പിക്കപ്പെടുകയുമാണ് ചെയ്തത്. അതുകൊണ്ടുതന്നെ അവ ശൈലി പ്രഭാഷണശൈലിയിലാണ്. ഈ പ്രഭാഷണങ്ങളാവട്ടെ ഒരു കോളേജ് പ്രഫസറുടെ ലക്ചര്‍ രീതിയിലായിരുന്നില്ല; ഒരു ആദര്‍ശപ്രബോധകന്റെ പ്രഭാഷണങ്ങളായിരുന്നു. അദ്ദേഹത്തിന് ഹൃദയത്തേയും മസ്തിഷ്‌കത്തേയും വിചാരത്തേയും വികാരത്തേയും ഒരേസമയം വശീകരിക്കേണ്ടതുണ്ടായിരുന്നു, ഭിന്നരുചികളേയും ഭിന്ന മനസ്സുകളേയും കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു, പ്രാസ്ഥാനികപ്രവര്‍ത്തനങ്ങള്‍ക്കു മധ്യേ അസംഖ്യം ഭിന്ന പരിതസ്ഥിതികളഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. തന്റെ വാദം, സാധ്യമായ എല്ലാ വശങ്ങളിലൂടെയും ജനമനസ്സില്‍ പ്രതിഷ്ഠിക്കുക, വിചാരഗതികളില്‍ വിപ്ലവാത്മകമായ മാറ്റംവരുത്തുന്ന വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കുക, പ്രതിപ്രവര്‍ത്തനങ്ങളുടെ നട്ടെല്ലൊടിക്കുക, അനുയായികള്‍ക്ക് സംസ്‌കരണ പരിശീലനങ്ങള്‍ നല്‍കുക, അവരില്‍ ആവേശവും ആത്മധൈര്യവും വളര്‍ത്തുക, ശത്രുക്കളെ മിത്രങ്ങളും നിഷേധികളെ വിശ്വാസികളുമായി മാറ്റുക, പ്രതിയോഗികളുടെ വാദമുഖങ്ങളെ തകര്‍ക്കുകയും അവരുടെ ധാര്‍മികശക്തി നശിപ്പിക്കുകയും ചെയ്യുക-അങ്ങനെ ഒരാദര്‍ശത്തിന്റെ പ്രബോധകന്, ഒരു പ്രസ്ഥാനത്തിന്റെ നേതാവിന് അവശ്യം ആവശ്യമായ എല്ലാം അദ്ദേഹത്തിന് ചെയ്യേണ്ടതുണ്ടായിരുന്നു. അതിനാല്‍, ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അല്ലാഹു പ്രവാചകന്നവതരിപ്പിച്ച പ്രഭാഷണങ്ങള്‍ തീര്‍ച്ചയായും ഒരു ആദര്‍ശ പ്രബോധനത്തിന് പോന്നവിധമായിരിക്കും-ആയിരിക്കുകയും വേണം. കോളേജ് ലക്ചററുടെ രീതി അതിലന്വേഷിക്കുന്നത് ശരിയല്ല.

ഖുര്‍ആനില്‍ വിഷയങ്ങളുടെ ഇത്രയേറെ ആവര്‍ത്തനം എന്തുകൊണ്ടാണെന്ന കാര്യവും ഇവിടെവെച്ച് നല്ലപോലെ മനസ്സിലാക്കാവുന്നതാണ്. ഒരു പ്രബോധനത്തിന്റെ, പ്രവര്‍ത്തന നിരതമായ ഒരു പ്രസ്ഥാനത്തിന്റെ സ്വാഭാവികമായ താല്‍പര്യം, അത് ഏത് ഘട്ടത്തെയാണോ തരണംചെയ്തുകൊണ്ടിരിക്കുന്നത് ആ ഘട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം പരാമര്‍ശിക്കുകയെന്നതത്രെ. പ്രസ്ഥാനം ഒരു ഘട്ടത്തെ നേരിടുന്ന കാലമത്രയും അതേ ഘട്ടത്തിന്റെ ആവശ്യങ്ങള്‍തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കണം. അനന്തരഘട്ടങ്ങളില്‍ പറയേണ്ട കാര്യങ്ങളെ സ്പര്‍ശിക്കരുത്. കുറേ മാസങ്ങളോ കുറേയേറെ കൊല്ലങ്ങള്‍തന്നെയോ വേണ്ടിവന്നാലും ശരി. എന്നാല്‍, ഒരേതരം കാര്യങ്ങള്‍ ഒരേ ശൈലിയിലും വാക്യത്തിലുമാണാവര്‍ത്തിക്കപ്പെടുന്നതെങ്കില്‍ കാതുകള്‍ അവ കേട്ടുകേട്ടു മടുക്കും; ആസ്വാദകരില്‍ വിരസത ജനിക്കും. അതിനാല്‍, അതത് ഘട്ടങ്ങളില്‍ ആവര്‍ത്തിച്ച് പറയേണ്ട സംഗതികള്‍തന്നെ ഓരോ പ്രാവശ്യവും പുതിയപുതിയ വാക്യങ്ങളിലും, നവംനവമായ ശൈലികളിലും, പുത്തനായ ഹാവ-ഭാവങ്ങളോടെയും അവതരിപ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അവ ഏറ്റവും പ്രിയങ്കരമായി ഹൃദയങ്ങളില്‍ സ്ഥലംപിടിക്കുകയും പ്രബോധനം ഓരോ ഘട്ടത്തിലും ദൃഢഭദ്രമായി മുന്നോട്ടുനീങ്ങുകയും ചെയ്യൂ. അതേസമയം പ്രബോധനത്തിനടിസ്ഥാനാമായ ആദര്‍ശ-സിദ്ധാന്തങ്ങള്‍ ആദ്യാവസാനം എല്ലാ ഘട്ടങ്ങളിലും ദൃഷ്ടിപഥത്തിലിരിക്കേണ്ടതും ആവശ്യമാണ്; അല്ല, ഓരോ ഘട്ടത്തിലും അതാവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കണം. ഈ കാരണങ്ങളാലാണ്, ഇസ്‌ലാമിക പ്രബോധനത്തിന്റെ ഒരു ഘട്ടത്തില്‍ അവതരിച്ച ഖര്‍ആനികാധ്യായങ്ങളിലെല്ലാം ഒരേതരം വിഷയങ്ങള്‍, വാക്കുകളും ശൈലികളും മാറിമാറി വന്നുകൊണ്ടിരിക്കുന്നത്. അതോടൊപ്പം ദൈവത്തിന്റെ ഏകത്വം, ദിവ്യഗുണങ്ങള്‍, മരണാനന്തരജീവിതം, ദൈവസന്നിധിയിലുള്ള വിചാരണ, രക്ഷാ-ശിക്ഷകള്‍, പ്രവാചകദൗത്യം, ദിവ്യഗ്രന്ഥങ്ങളിലുള്ള വിശ്വാസം, ഭക്തി, ക്ഷമ, ദൈവാര്‍പ്പണം തുടങ്ങി പ്രസ്ഥാനത്തിന്റെ ഒരു ഘട്ടത്തിലും അവഗണിക്കാനരുതാത്ത മൗലികവിഷയങ്ങള്‍ ഖുര്‍ആനിലുടനീളം ആവര്‍ത്തിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ മൗലികവിശ്വാസാദര്‍ശങ്ങള്‍ അല്പമെങ്കിലും ദുര്‍ബലമായാല്‍ പ്രസ്ഥാനം അതിന്റെ ശരിയായ ചൈതന്യത്തോടുകൂടി മുന്നോട്ടുനീങ്ങുക സാധ്യമല്ലെന്നതുതന്നെ കാരണം.'

Tuesday, October 13, 2009

ഖുര്‍ആന്‍ ഒരു നിസ്തുല ഗ്രന്ഥം

ദൈവികസന്ദേശങ്ങളുടെ പ്രബോധനത്തിനായി നിയുക്തരായ പ്രവാചകന്‍മാര്‍ക്ക് അവരുടെ പ്രവാചകത്വം ബോധ്യപ്പെടുത്താനാവശ്യമായ ചില ആമാനുഷിക ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെട്ടിരുന്നു. മൂസാനബിക്ക് നല്‍കപ്പെട്ട വടിയും ഇസാനബിക്ക് നല്‍കപ്പെട്ട ചിലപ്രത്യേക കഴിവുകളും ഈ ഇനത്തില്‍ പെടുന്നതാണ്. പ്രവാചകന്‍ മുഹമ്മദ് നബിക്ക് നല്‍കപ്പെട്ട അമാനുഷിക ദൃഷ്ടാന്തം പ്രധാനമായും വിശുദ്ധഖുര്‍ആനാണ്. ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് ഈ ദൈവികസന്ദേശമെത്തിക്കാനുള്ള ചുമതല അതിന്റെ വിശ്വാസികളില്‍ ചുമത്തപ്പെട്ടതിനാല്‍ അവര്‍ക്കുകൂടി ലഭ്യമാകുന്ന ഒരു അമാനുഷിക തെളിവ് മുഹമ്മദ് നബിക്ക് നല്‍കപ്പെട്ടത്. ആ ഖുര്‍ആനിന്റെ സംരക്ഷണം അത് അവതരിപ്പിച്ച അല്ലാഹുതന്നെ ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഖുര്‍ആനിന്റെ ദൈവികത ഉള്‍കൊള്ളുന്നതിലൂടെയാണ് ഒരാള്‍ യഥാര്‍ഥ വിശ്വാസിയാകുന്നത്. അത് മാത്രമാണ് നമ്മുടെ മുമ്പിലുള്ള ഏക തെളിവ്. അത് മനസ്സിലാക്കിയവര്‍ വിശ്വാസികളെക്കാള്‍ യുക്തിവാദികളാണ് എന്ന് തോന്നുന്നു. അതിനാല്‍ അവരുടെ ഒന്നാമത്തെ ഉന്നം വിശുദ്ധഖുര്‍ആന്‍ വെറുമൊരു ചവറാണ് എന്ന് വരുത്തിതീര്‍ക്കലാണ്. ഖുര്‍ആന്‍ വായിക്കുന്നതിന് മുമ്പ് ചിലമുന്നറിവുകള്‍ ഇല്ലാതിരുന്നാല്‍ വിശുദ്ധഖുര്‍ആനിന്റെ യഥാര്‍ഥസന്ദേശം ഗ്രഹിക്കാന്‍ വായനക്കാരന് കഴിയില്ല. ഈ വിഷയകമായി ലോകത്ത് എഴുതപ്പെട്ട ഏറ്റവും ഉപകാരപ്രദവും ഗഹനവുമായ പ്രബന്ധം തഫ്ഹീമുല്‍ ഖുര്‍ആനിന്റെ മുഖവുരയില്‍ ഉള്‍പ്പെടുന്ന ഖുര്‍ആന്‍പഠനത്തിന് ഒരു മുഖവുര എന്ന് പ്രസിദ്ധമായ ലേഖനമാണ്. ഈ ബ്ലോഗില്‍ ഏതാനും പോസ്റ്റുകള്‍ ആ പഠനത്തെ അടിസ്ഥാനമാക്കി എഴുതിയിട്ടുള്ളതാണ്. നെറ്റിലേക്ക് ആവശ്യമായ ചില മാറ്റങ്ങളോടെയായിരിക്കും ഇതില്‍ ചേര്‍ക്കുന്നത്. ആ പഠനത്തില്‍ എന്തെങ്കിലും കുറവുണ്ടായത് കൊണ്ടല്ല. ചിലവിശദീകരണം നെറ്റ് വായനക്കാര്‍ക്ക് ആവശ്യമില്ലാത്തതിനാല്‍ ലേഖനം സംക്ഷിപ്തമാക്കുന്നതിനു വേണ്ടിയാണ് അത് ചെയ്തിട്ടുള്ളത്. ലേഖനങ്ങള്‍ പൂര്‍ണമായി വായിക്കാനാഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

'പൊതുവേ നാം വായിച്ചു പരിചയിച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ ഒരു നിര്‍ണിതവിഷയത്തെക്കുറിച്ച അറിവുകളും അഭിപ്രായങ്ങളം വാദങ്ങളും തെളിവുകളുമെല്ലാം ഗ്രന്ഥരചനാപരമായ സവിശേഷക്രമത്തില്‍ തുടരെ വിവരിച്ചിരിക്കും. ഇക്കാരണത്താല്‍, ഖുര്‍ആനെക്കുറിച്ച് അപരിചിതനായ ഒരാള്‍ ആദ്യമായത് വായിക്കാനുദ്യമിക്കുമ്പോള്‍, ഒരു ഗ്രന്ഥമെന്ന നിലയില്‍ സാധാരണ ഗ്രന്ഥങ്ങളുടെ സമ്പ്രദായംതന്നെ അതിലും സ്വീകരിച്ചിരിക്കുമെന്നാണ് സ്വാഭാവികമായും പ്രതീക്ഷിക്കുക. അതായത്, ആദ്യമായി പ്രതിപാദ്യം എന്തെന്ന് നിര്‍ണയിച്ചിരിക്കും; തുടര്‍ന്ന്, മുഖ്യവിഷയം വിവിധ അധ്യായങ്ങളും ഉപശീര്‍ഷകങ്ങളുമായി വിഭജിച്ച് യഥാക്രമം ഓരോ പ്രശ്‌നവും ചര്‍ച്ചചെയ്തിരിക്കും; അതേപോലെ, ബഹുമുഖമായ ജീവിതത്തിന്റെ ഓരോ വകുപ്പും ഓരോ മേഖലയും വേറിട്ടെടുത്ത് തല്‍സംബന്ധമായ നിയമനിര്‍ദേശങ്ങളെല്ലാം ക്രമത്തില്‍ പ്രതിപാദിച്ചിരിക്കും-ഇതൊക്കെയാവും അയാളുടെ പ്രതീക്ഷ. പക്ഷേ, വായിച്ചുതുടങ്ങുമ്പോള്‍ ഇതിനെല്ലാം തീരെ വിപരീതമായി, തനിക്കിതുവരെ അന്യവും അപരിചിതവുമായ മറ്റൊരു പ്രതിപാദനരീതിയാണ് ഖുര്‍ആനില്‍ അയാള്‍ കണ്ടുമുട്ടുന്നത്. ഇവിടെ വിശ്വാസപരമായ പ്രശ്‌നങ്ങള്‍, ധാര്‍മിക-സദാചാര നിര്‍ദേശങ്ങള്‍, ശരീഅത്‌വിധികള്‍, ആദര്‍ശപ്രബോധനം, സദുപദേശങ്ങള്‍, ഗുണപാഠങ്ങള്‍, ആക്ഷേപ-വിമര്‍ശനങ്ങള്‍, താക്കീത്, ശുഭവൃത്താന്തം, സാന്ത്വനം, തെളിവുകള്‍, സാക്ഷ്യങ്ങള്‍, ചരിത്രകഥകള്‍, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലേക്ക് സൂചനകള്‍ എന്നിവയെല്ലാം ഇടവിട്ട്, മാറിമാറി വരുന്നു; ഒരേ വിഷയം ഭിന്നരീതികളില്‍, വ്യത്യസ്ത വാക്കുകളില്‍ ആവര്‍ത്തിക്കപ്പെടുന്നു; വിഷയങ്ങള്‍ ഒന്നിനു ശേഷം മറ്റൊന്നും തുടര്‍ന്ന് മൂന്നാമതൊന്നും പൊടുന്നനെയാണ് ആരംഭിക്കുന്നത്. എന്നല്ല, ഒരു വിഷയത്തിനു മധ്യത്തിലൂടെ, പെട്ടെന്ന്, മറ്റൊരു വിഷയം കടന്നുവരുന്നു; സംബോധകനും സംബോധിതരും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയും സംഭാഷണമുഖം ഭിന്ന ഭാഗങ്ങളിലേക്കു തിരിയുകയും ചെയ്യുന്നു; വിഷയാധിഷ്ഠിതമായുള്ള അധ്യായങ്ങളുടെയും ശീര്‍ഷകങ്ങളുടെയും ഒരടയാളം പോലും ഒരിടത്തും കാണ്‍മാനില്ല. ചരിത്രമാണ് വിവരിക്കുന്നതെങ്കില്‍ ചരിത്രാഖ്യാനരീതിയിലല്ല; തത്ത്വശാസ്ത്രമോ ദൈവശാസ്ത്രമോ ആണ് പ്രതിപാദ്യമെങ്കില്‍ പ്രകൃത ശാസ്ത്രങ്ങളുടെ ഭാഷയിലല്ല പ്രതിപാദനം. മനുഷ്യനെയും ഇതര സൃഷ്ടിജാലങ്ങളെയും കുറിച്ച പരാമര്‍ശം പദാര്‍ഥ-ശാസ്ത്രവിവരണരീതിയിലോ, നാഗരിക -രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക കാര്യങ്ങളുടെ പ്രതിപാദനം സാമൂഹിക വിജ്ഞാനീയങ്ങള്‍ പ്രതിപാദിക്കുന്ന വിധത്തിലോ അല്ല. നിയമവിധികളും നിയമങ്ങളുടെ മൗലികതത്ത്വങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത് നിയമപണ്ഡിതന്മാരുടെതില്‍നിന്ന് തീരെ ഭിന്നമായ ഭാഷയിലാണ്. ധര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍നിന്ന് വ്യതിരിക്തമായ വിധത്തിലത്രേ ധാര്‍മിക ശിക്ഷണങ്ങള്‍ പ്രകാശനം ചെയ്തിരിക്കുന്നത്. ഇങ്ങനെ, തനിക്ക് ചിരപരിചിതമായ 'ഗ്രന്ഥസങ്കല്പ'ത്തിനു വിപരീതമായി ഇതെല്ലാം കാണുമ്പോള്‍ അനുവാചകന്‍ അമ്പരന്നുപോകുന്നു. ക്രമാനുസൃതം ക്രോഡീകരിക്കപ്പെടാത്ത ശിഥില ശകലങ്ങളുടെ സമാഹാരമാണിതെന്നും, ചെറുതും വലുതുമായി ഒട്ടനേകം ഭിന്ന വിഷയങ്ങളടങ്ങിയ ഈ കൃതി ആദ്യാവസാനം അന്യോന്യബന്ധമില്ലാത്ത വാചകങ്ങള്‍ തുടരെ എഴുതപ്പെട്ടത് മാത്രമാണെന്നും അയാള്‍ ധരിച്ചുവശാകുന്നു. പ്രതികൂല വീക്ഷണകോണില്‍നിന്നു നോക്കുന്നവര്‍ ഇതേ അടിത്തറയില്‍ പല വിമര്‍ശനങ്ങളും സംശയങ്ങളും കെട്ടിപ്പൊക്കുന്നു. അനുകൂല വീക്ഷണഗതിക്കാരാകട്ടെ, അര്‍ഥവും ആശയപ്പൊരുത്തവും അവഗണിച്ചുകൊണ്ട് സംശയനിവൃത്തിക്ക് കുറുക്കുവഴികളാരായുന്നു. പ്രത്യക്ഷത്തില്‍ കാണുന്ന 'ക്രമരാഹിത്യ'ത്തിനു വളഞ്ഞ വ്യാഖ്യാനങ്ങള്‍ നല്കി സ്വയം സംതൃപ്തിയടയുന്നു, ചിലപ്പോളവര്‍. വേറെചിലപ്പോള്‍ കൃത്രിമമാര്‍ഗേണ വാക്യങ്ങള്‍ക്ക് പരസ്പരബന്ധം കണ്ടുപിടിച്ച് വിചിത്ര നിഗമനങ്ങളിലെത്തിച്ചേരുന്നു. ചിലപ്പോള്‍ 'ശാകലികത്വം' ഒരു സിദ്ധാന്തമായിത്തന്നെ അവര്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഫലമോ? ഓരോ സൂക്തവും അതിനുമുമ്പും പിമ്പുമുള്ള സൂക്തങ്ങളുമായി ബന്ധമറ്റ്, രചയിതാവിന്റെ ഉദ്ദേശ്യത്തിനു വിപരീതമായ അര്‍ഥ കല്പനകള്‍ക്കിരയായി ഭവിക്കുന്നു!'.

അതോടൊപ്പം സൂക്തങ്ങള്‍ തമ്മില്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ധരിക്കുന്നതും ശരിയല്ല. അതിസൂക്ഷമമായ അത്ഭുതകരമായ ചിലബന്ധങ്ങള്‍ വിഷയങ്ങളും സൂക്തങ്ങളും മാറിമാറി വരുമ്പോള്‍ അവയിലുള്ളതായി മനസ്സിലാക്കി അതിനനുസരിച്ച് മൗദൂദി സാഹിബ് സൂചിപ്പിച്ച വിധം അതിര് കവിയാതെ എഴുതപ്പെട്ട മലയാളം ഖുര്‍ആന്‍ വ്യാഖ്യാനമാണ് ടി.കെ ഉബൈദ് സാഹിബിന്റെ ഖുര്‍ആന്‍ ബോധനം എന്ന വ്യാഖ്യാനഗ്രന്ഥം.

ചുരുക്കത്തില്‍ പറഞ്ഞുവരുന്നത്, ഖുര്‍ആന്‍ വായിക്കുമ്പോള്‍ സാമ്പ്രദായിക ഗ്രന്ഥങ്ങളെ പോലെ കാണരുതെന്നും, ഖുര്‍ആന് തുല്യം ഖുര്‍ആന്‍ മാത്രമേ ഉള്ളൂ എന്നുമാണ്. ഇതിന് വല്ല പ്രയോജനവുമുണ്ടോ?. തീര്‍ച്ചയായും ഉണ്ട്. കാരണം ഇത് അവതരിപ്പിച്ചത് മനുഷ്യരുടെ സ്രഷ്ടാവായ അല്ലാഹുവാണ്.

Friday, October 9, 2009

പ്രതിക്രിയാനിയമത്തിലെ യുക്തിശൂന്യത !!!

ഖുര്‍ആന്‍ ഒരു സമഗ്രജീവിത ദര്‍ശനമാണ് അവതരിപ്പിക്കുന്നത്. സാമ്പത്തിക-സാമൂഹിക-സാംസാകാരിക-ധാര്‍മിക നിയമങ്ങള്‍ക്ക് പുറമെ മനുഷ്യന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട രാഷ്ട്രനിയമങ്ങളും ക്രിമിനല്‍ നിയമങ്ങളും അത് നല്‍കിയിരിക്കുന്നു. അതോടൊപ്പം മനസ്സിലാക്കേണ്ട സംഗതി ലോകവസാനം വരെ ഉണ്ടാകാനിടയുള്ള മുഴുവന്‍ കാര്യങ്ങള്‍ക്കും നേരത്തെത്തന്നെ വിശദാംശങ്ങളോടെ നിയമം നിര്‍മിക്കപ്പെട്ടിട്ടില്ല എന്നതാണ്. വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ സച്ചരിതരായ പ്രവാചക ശിഷ്യരുടെയും മാതൃകയുള്‍കൊണ്ട് പണ്ഡിതന്‍മാര്‍ക്ക് നിയമം ആവിഷ്‌കരിക്കാവുന്നതാണ്. ഇത് കേവലം യുക്തിയുടെ പിന്‍ബലത്തിലല്ലാത്തതിനാല്‍ എങ്കില്‍ പിന്നെ എന്തിന് കാലഹരണപ്പെട്ട ഖുര്‍ആന്‍ എന്ന് ചോദിക്കുന്നത് അജ്ഞത മാത്രമാണ് സൂചിപ്പിക്കുന്നത്. ഖുര്‍ആന്‍ നല്‍കിയ നിയമങ്ങളില്‍ ദീക്ഷിച്ച അടിസ്ഥാന മൂല്യങ്ങളും നടപടിക്രമങ്ങളും പണ്ഡിതന്‍മാര്‍ ക്രോഡീകരിച്ചിട്ടുണ്ട്. അതനുസരിച്ചായിരിക്കും പുതിയ നിയമങ്ങള്‍ നിര്‍മിക്കുക. ഖുര്‍ആന്‍ നല്‍കിയ ക്രിമിനല്‍ നിയമങ്ങളില്‍ ഏറ്റവും യുക്തിഭദ്രമായ നിയമമത്രേ പ്രതിക്രിയാനിയമം. യുക്തിവാദികള്‍ അതില്‍ തന്നെ പിടികൂടി ഇസ്്‌ലാമിനെ അവഹേളിക്കുന്നതിന്റെ സാമ്പിള്‍ ഈ പോസ്റ്റിന്റെ അവസാനത്തില്‍ ചേര്‍ത്തത് വായിക്കുക. അതിന് മുമ്പ് ആ വിഷയം സൂചിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തവും അതിന് ആധുനിക ഇസ്ലാം ചിന്തകനും ലോകപണ്ഡിതനുമായ മൗലാനാ മൗദൂദി നല്‍കിയ വ്യാഖ്യാനവും നല്‍കുന്നു. മൗദൂദി ഈ ആയത്തിന് വിശദീകരണം നല്‍കാതെ രക്ഷപ്പെട്ടിരിക്കുന്നു എന്ന ആരോപണമുന്നയിച്ചത് കൊണ്ടാണ് അത് ഇവിടെ മുഴുവനായി ചേര്‍ക്കേണ്ടിവന്നത്. നമ്പറിട്ട് നല്‍കിയിരിക്കുന്നത് മൗദൂദിയുടെ വ്യാഖ്യാനക്കുറിപ്പുകള്‍.

'വിശ്വാസികളേ, നിങ്ങള്‍ക്കായി കൊലപാതകങ്ങളില്‍ പ്രതിക്രിയാനിയമം176 രേഖപ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്രനായ മനുഷ്യന്‍ കൊലക്കുറ്റം ചെയ്താല്‍ ആ സ്വതന്ത്രനോടുതന്നെ പ്രതിക്രിയ ചെയ്യേണ്ടതാകുന്നു. അടിമയാണ് കൊലയാളിയെങ്കില്‍ ആ അടിമതന്നെ കൊല്ലപ്പെടേണ്ടതാകുന്നു. സ്ത്രീയാണ് കുറ്റം ചെയ്യുന്നതെങ്കില്‍ ആ സ്ത്രീയോടുതന്നെ പ്രതിക്രിയ ചെയ്യണം.177 എന്നാല്‍ ഒരു കൊലയാളിയോട് അയാളുടെ സഹോദരന്‍ ദയ കാണിക്കാന്‍ തയാറായാല്‍,178 അപ്പോള്‍ ന്യായമായ നഷ്ടപരിഹാരത്തിന്മേല്‍ ഒത്തുതീരേണ്ടതാകുന്നു. കൊലയാളി നല്ല നിലയില്‍ ആ നഷ്ടപരിഹാരം നല്‍കേണ്ടതുമാകുന്നു.179 നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ഒരു ഇളവും അനുഗ്രഹവുമാണിത്. എന്നിട്ടും വല്ലവനും അതിക്രമം കാണിക്കുകയാണെങ്കില്‍180 അവനു നോവുന്ന ശിക്ഷയുണ്ട്. ബുദ്ധിയും ബോധവുമുള്ളവരേ, പ്രതിക്രിയാനിയമത്തില്‍ നിങ്ങള്‍ക്ക് ജീവിതമാണുള്ളത്.181 ഈ നിയമത്തിന്റെ ലംഘനം നിങ്ങള്‍ സൂക്ഷിക്കുമെന്നു പ്രതീക്ഷിക്കട്ടെ.' (2:178,179)

176. ഖിസാസ്: വധത്തിനുള്ള പ്രതിക്രിയ. അതായത്, ഒരുവന്‍ അപരനോട് ചെയ്തത് അവനോടും ചെയ്യുക എന്നാല്‍ ഘാതകന്‍ ഏതുവിധത്തില്‍ മറ്റൊരുവനെ കൊന്നുവോ അതേവിധത്തില്‍ ഘാതകനെയും കൊല്ലണമെന്ന് അതിനര്‍ഥമില്ല. പ്രത്യുത, ഒരാളുടെ ജീവന്‍ നഷ്ടപ്പെടുത്തിയതിന് പകരം ഘാതകന്റെ ജീവനും നഷ്ടപ്പെടുത്തണമെന്നേ അതുകൊണ്ടുദ്ദേശിക്കുന്നുള്ളൂ.

177. ഒരു സമുദായത്തിലെയോ ഗോത്രത്തിലെയോ ആളുകള്‍ തങ്ങളില്‍ നിന്ന് വധിക്കപ്പെട്ട ആളുടെ ജീവന് എത്ര വിലമതിച്ചിരുന്നുവോ അതേ വിലയ്ക്കുള്ള ജീവന്‍ ഘാതകന്റെ സമുദായത്തില്‍നിന്നോ ഗോത്രത്തില്‍നിന്നോ ഹനിക്കുക എന്ന സമ്പ്രദായമാണ് അനിസ്‌ലാമിക കാലത്ത് നടപ്പുണ്ടായിരുന്നത്. വധിക്കപ്പെട്ടവന് പകരം ഘാതകനെ മാത്രം കൊല്ലുന്നതുകൊണ്ട് അവരുടെ രോഷം അടങ്ങിയിരുന്നില്ല. ഒരാള്‍ക്ക് പകരം പത്തോ നൂറോ ആളുകളോട് പ്രതികാരം ചെയ്യുവാന്‍ അവര്‍ മുതിര്‍ന്നിരുന്നു. തങ്ങളുടെ കക്ഷിയിലെ ഒരുന്നത വ്യക്തി മറുവിഭാഗത്തിലെ ഒരു സാധാരണക്കാരന്റെ കൈയാല്‍ വധിക്കപ്പെടുന്നപക്ഷം ഘാതകനെ വധിക്കുന്നതുകൊണ്ട് അവര്‍ തൃപ്തിയടഞ്ഞിരുന്നില്ല. പ്രത്യുത, വധിക്കപ്പെട്ടവന്ന് പകരമായി ഘാതകന്റെ ഗോത്രത്തിലെ അതുപോലുള്ളൊരു ഉന്നത വ്യക്തി വധിക്കപ്പെടണമെന്നോ അല്ലെങ്കില്‍ കുറെ വ്യക്തികള്‍ വധിക്കപ്പെടണമെന്നോ ആയിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്. ഇനി, വധിക്കപ്പെട്ടവന്‍ അവരുടെ ദൃഷ്ടിയില്‍ നിസ്സാരനും ഘാതകന്‍ വലിയ സ്ഥാനമാനങ്ങളുള്ളവനുമാണെങ്കില്‍ വധിക്കപ്പെട്ടവന്ന് പകരം ആ ഘാതകനെ കൊല്ലുന്നതവര്‍ക്ക് അസഹ്യമായിരുന്നു. ഇത് പഴയ 'ജാഹിലിയ്യാ' കാലത്ത് മാത്രം നടപ്പുണ്ടായിരുന്ന അവസ്ഥയല്ല. ഇക്കാലത്ത് ഏറ്റവും പരിഷ്‌കൃതരെന്ന് ഗണിക്കപ്പെടുന്ന ചില രാഷ്ട്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളില്‍പോലും ചിലപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്; 'ഞങ്ങളില്‍ ഒരു വ്യക്തി വധിക്കപ്പെടുന്നപക്ഷം ഘാതകന്റെ സമുദായത്തിലെ അമ്പതു വ്യക്തികളെ ഞങ്ങള്‍ കൊല്ലു'മെന്ന്. ഒരു വ്യക്തിയെ കൊന്നതിന് ഘാതകന്റെ സമുദായത്തിലെ ഇത്ര തടവുകാരെ വെടിവെച്ചു കൊന്നുവെന്ന് പലപ്പോഴും കേള്‍ക്കാം. ഒരു 'പരിഷ്‌കൃത' ജനത ഈ ഇരുപതാം നൂറ്റാണ്ടില്‍ തങ്ങളുടെ ഒരു വ്യക്തിയെ
(സര്‍, ലീസ്‌റ്റേക്ക്) വധിച്ചതിന് പകരം ഈജിപ്ഷ്യന്‍ ജനതയോടാകമാനം പ്രതികാരം ചെയ്യുകയുണ്ടായി. മറുവശത്ത് ഘാതകന്‍, ഭരണകര്‍ത്താക്കളുടെയും വധിക്കപ്പെട്ടവന്‍, ഭരണീയരുടെയും സമുദായത്തില്‍ പെട്ടവരാണെങ്കില്‍ വധശിക്ഷ വിധിക്കാതെ ഒഴിഞ്ഞുമാറുകയെന്ന നയം ഇന്നത്തെ നാമമാത്ര പരിഷ്‌കൃത രാഷ്ട്രങ്ങളിലെ കോടതികള്‍ പോലും അനുവര്‍ത്തിച്ചുവരാറുണ്ട്. ഈ തകരാറുകളുടെ പഴുതടച്ചുകളയാനുള്ള വിധിയാണ് ഈ വാക്യത്തില്‍ അല്ലാഹു നല്‍കിയിരിക്കുന്നത്. അവന്‍ അരുള്‍ ചെയ്യുന്നു: 'കൊന്നവനാര്, കൊല്ലപ്പെട്ടവനാര് എന്ന് പരിഗണിക്കാതെ കൊല്ലപ്പെട്ടവന് പകരം കൊന്നവനെ മാത്രം വധിക്കേണ്ടതാണ്.'

178. 'സഹോദരന്‍' എന്ന പദം പ്രയോഗിച്ചതില്‍ വിട്ടുവീഴ്ച ചെയ്യുന്നതിനുള്ള പരോക്ഷമായ ഒരു ശുപാര്‍ശയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതായത്, ഘാതകനോട് നിങ്ങള്‍ക്ക് പിതാവിനെ കൊന്നവനോടെന്നപോലുള്ള അമര്‍ഷവും വെറുപ്പും ഉണ്ടായിരുന്നാലും മനുഷ്യരെന്ന നിലക്ക് നിങ്ങള്‍ സഹോദരങ്ങളാണ്. അതിനാല്‍, അപരാധിയായ സഹോദരന്റെ നേര്‍ക്കുള്ള പ്രതികാര വികാരം അടക്കിവെക്കുകയാണ് മനുഷ്യത്വത്തിന് കൂടുതല്‍ അനുയോജ്യം. ഈ വാക്യത്തില്‍നിന്ന് മറ്റൊരു സംഗതികൂടി മനസ്സിലാകുന്നുണ്ട്: ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങളില്‍ കൊലപാതകക്കേസുപോലും ഒത്തുതീരാവുന്നതാണ്. ഘാതകന് മാപ്പുനല്‍കാന്‍ വധിക്കപ്പെട്ടവന്റെ പിന്‍ഗാമികള്‍ക്ക് അവകാശമുണ്ട്. അവര്‍ മാപ്പു ചെയ്താല്‍ ഘാതകനെ വധിക്കണമെന്ന് ശഠിക്കാന്‍ കോടതിക്കനുവാദമില്ല. എന്നാല്‍ താഴെ വാക്യത്തില്‍ വിവരിക്കുന്നതുപോലെ വധിക്കപ്പെട്ടവന്റെ അവകാശികള്‍ മാപ്പു ചെയ്യുന്നപക്ഷം ഘാതകന്‍ അവര്‍ക്ക് പ്രായശ്ചിത്തം നല്‍കേണ്ടതുണ്ട്.

179. ന്യായം എന്നര്‍ഥം കൊടുത്ത മഅ്‌റൂഫ് എന്ന വാക്ക് ഖുര്‍ആനില്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യന് പൊതുവെ പരിചയമുള്ള ശരിയായ കര്‍മനയമാണ് അതുെകാണ്ടുള്ള വിവക്ഷ. തന്റെ വ്യക്തിപരമായ താല്‍പര്യം ഏതെങ്കിലും പ്രത്യേക വശത്തിലൂടെ അതുമായി ബന്ധപ്പെട്ടിട്ടില്ലാത്ത ഏതൊരാളും അതാണ് സത്യമെന്നും നീതിയെന്നും ഉചിതമായ കര്‍മനയമെന്നും സമ്മതിച്ചു പറയുന്നതാണ്. പൊതു സമ്പ്രദായ(Common Law)ത്തിനും ഇസ്‌ലാമിന്റെ സാങ്കേതികഭാഷയില്‍ ഉര്‍ഫ്, മഅ്‌റൂഫ് എന്നിങ്ങനെ പറയാറുണ്ട്. ശരീഅത്ത് പ്രത്യേക വ്യവസ്ഥ നിശ്ചയിച്ചിട്ടില്ലാത്ത എല്ലാ വിഷയങ്ങളിലും അത് പരിഗണനീയവുമാണ്.

180. ഉദാഹരണമായി, വധിക്കപ്പെട്ടവന്റെ അവകാശികള്‍ പിഴ വസൂലാക്കിയതിന് ശേഷം വീണ്ടും പ്രതികാരത്തിന് ശ്രമിക്കുക; അല്ലെങ്കില്‍ ഘാതകന്‍ പിഴ അടക്കുന്നതില്‍ വൈമനസ്യം കാണിക്കുകയും വധിക്കപ്പെട്ടവന്റെ അവകാശികള്‍ തന്നോട് കാണിച്ച ഔദാര്യത്തിന് നന്ദികേട് കാണിക്കുകയും ചെയ്യുക.

181. ഇത് മറ്റൊരു ജാഹിലിയ്യാ സമ്പ്രദായത്തിന്റെ ഖണ്ഡനമാണ്. മുമ്പെന്നപോലെ ഇന്നും എത്രയോ മസ്തിഷ്‌കങ്ങളില്‍ അത് സ്ഥലംപിടിച്ചതായി കാണപ്പെടുന്നുണ്ട്. 'ജാഹിലിയ്യാ'ക്കളില്‍ ഒരു വിഭാഗം പ്രതികാര നടപടിയില്‍ അതിര്‍കവിഞ്ഞിരുന്നതുപോലെ മറ്റൊരു വിഭാഗം വിട്ടുവീഴ്ചയുടെ വശത്തിലും അതിര്‍കവിഞ്ഞിരുന്നു. അവര്‍ വധശിക്ഷക്കെതിരായി നടത്തിയ പ്രചാരവേലയുടെ ഫലമായി വെറുക്കപ്പെടേണ്ട ഒരു ദുഷ്‌കൃത്യമാണതെന്ന് വളരെ പേര്‍ ധരിച്ചു തുടങ്ങി; ലോകത്ത് എത്രയോ രാഷ്ട്രങ്ങള്‍ വധശിക്ഷാ നിയമം റദ്ദ് ചെയ്തു. അതിെനക്കുറിച്ചാണ് ബുദ്ധിയും വിവേകവുമുള്ളവരെ അഭിസംബോധനചെയ്തുകൊണ്ട് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നത്, പ്രതിക്രിയാ നിയമത്തില്‍ സമൂഹത്തിന്റെ ജീവിതമാണ് നിലകൊള്ളുന്നതെന്ന് മനുഷ്യജീവനെ മാനിക്കാത്തവരുടെ ജീവനെ മാനിക്കുന്ന സമൂഹം തങ്ങളുടെ മടിത്തട്ടില്‍ സര്‍പ്പത്തെ വളര്‍ത്തുകയാണ്. ഒരു ഘാതകന്റെ ജീവനെ രക്ഷിച്ചുകൊണ്ട് എത്രയോ നിരപരാധികളുടെ ജീവന്‍ അപകടത്തിലാക്കുകയാണവര്‍.'

ഇതോടൊപ്പം ഒരു യുക്തിവാദി നേതാവിന്റെ ആരോപണങ്ങള്‍കൂടി വായിക്കുക.

“എന്നാല്‍ ഒരടിമയെ ഒരു സ്വതന്ത്രനോ, അല്ലെങ്കില്‍ മറിച്ചോ ഒരു സ്ത്രീയെ ഒരു പുരുഷനോ, അല്ലെങ്കില്‍ മറിച്ചോവധിച്ചുവെങ്കിലോ? ഇതിനെപ്പറ്റിയൊന്നും ഇവിടെ വിവരിക്കുന്നില്ല. അതുകൊണ്ട് പണ്ഡിതന്മാര്‍ക്കിടയില്‍ ഇതിന്റ്റെ വിശദീകരണത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണാം. ആ അഭിപ്രായങ്ങളുംന്‍ തെളിവികളും ന്യായങ്ങളും ഉദ്ധരിക്കുന്ന പക്ഷം അതു കുറേ ദീര്‍ഘിച്ചു പോക്മെന്നതിനാല്‍ ഇവിടെ അതിലേക്കു പ്രവേശിക്കുന്നില്ല.” (ഖുര്‍ ആന്‍ വിവരണം) ഈ ഖുര്‍ ആന്‍വാക്യത്തിന്റെ യഥാര്‍ത്ഥ വിവക്ഷയെന്തെന്നോ ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ എന്തെല്ലാമെന്നോ വിവരിക്കാതെ മുജാഹിദ് പണ്ഡിതന്‍ ഒഴിഞ്ഞു മാറുന്നത് ശ്രദ്ധേയമാണ്. ജമാ അത്ത് ഗുരു മൌദൂദിയാകട്ടെ തന്റെ’തഫ്ഹീം’ല്‍ ഈ വാക്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ചാടിക്കടന്നു പോവുകയാണു ചെയ്തിട്ടുള്ളത്. ഇക്കാലത്തു മനുഷ്യരോടു പറയാന്‍ കൊള്ളാത്ത കാര്യമാണ് ഇവിടെ’അല്ലാഹു’വെളിപ്പെടുത്തിയിട്ടുള്ളതെന്ന തിരിച്ചറിവു തന്നെയായിരിക്കാം ഇവരുടെ ഉരുണ്ടുകളിക്കു കാരണം! എല്ലാ മനുഷ്യജീവനും തുല്യ വിലയാണുള്ളതെന്ന ആധുനിക മനുഷ്യാവകാശ തത്വം ഇസ്ലാമിനു സ്വീകാര്യമല്ല എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ഒരു കുറ്റവും ചെയ്യാത്ത നിരപരാധികളായ മനുഷ്യരെ വെറും പ്രതികാരക്രിയയിലെ ‘സമത്വപാലന’ത്തിന്റെ പേരില്‍ കൊല ചെയ്യണമെന്ന പ്രാകൃത ഗോത്രനീതിയാണിവിടെ ദൈവത്തിന്റെ വെളിപാടെന്ന പേരില്‍ ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. കുറ്റം ചെയ്തവരും അതിനു കൂട്ടു നിന്നവരും പ്രേരിപ്പിച്ചവരും ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്കു ഉചിതമായ ശിക്ഷ നല്‍കുകയും ‍അവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുക എന്നതാണു ആധുനിക സമൂഹം അംഗീകരിച്ചിട്ടുള്ള നീതിനിര്‍വ്വഹണരീതി. കുറ്റം ചെയ്തവര്‍ക്കു ‘തുല്യ നഷ്ടം’ വരുത്തുന്നതിനായി അയാളുടെ കുടുംബാംഗങ്ങളെ വധിക്കുക, സ്വത്തുക്കള്‍ നശിപ്പിക്കുക മുതലായ സമ്പ്രദായങ്ങള്‍ അപരിഷ്കൃത സമൂഹങ്ങളില്‍ മുന്‍പു കാലത്തുണ്ടായിരുന്നു.അത്തരം മനുഷ്യത്വരഹിതവും അയുക്തികവുമായ ഗോത്രാചാരങ്ങളെ ശരിവെക്കാന്‍ മാത്രം ബുദ്ധിശൂന്യതയും നെറികേടും, നീതിമാനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തില്‍നിന്നു പ്രതീക്ഷിക്കാവതല്ല! ഖുര്‍ ആന്റെ ഈ ഉപദേശം ഇക്കാലത്തു നടപ്പിലാക്കിയാല്‍ എങ്ങനെയിരിക്കുമെന്നതിന് ഒരു ഉദാഹരണം നോക്കാം. ഒരു കൊള്ളക്കാരന്‍ ഒരു വീട്ടില്‍ കയറി കൊള്ള നടത്തുന്നതിനിടെ വീട്ടമ്മയായ സ്ത്രീയെയും അവരുടെ രണ്ടു വയസ്സായ കുഞ്ഞിനെയും കൊലപ്പെടുത്തിയെന്നു സങ്കല്‍പ്പിക്കുക. അല്ലാഹു ഉപദേശിച്ചതനുസരിച്ച് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ ചെയ്യേണ്ടത് ആ കൊലയാളിയുടെ കുടുംബത്തില്‍ ചെന്ന് അയാളുടെ ഭാര്യയെയും തുല്യ പ്രായത്തിലുള്ള കുഞ്ഞിനേയും തെരഞ്ഞു പിടിച്ച് കൊല്ലുകയാണ്! കൊല്ലപ്പെട്ടത് ഒരു സ്ത്രീയും കുഞ്ഞു മായതുകൊണ്ട് പകരം കൊലയാളിയായ പുരുഷനെ കൊല്ലുന്നത് നീതിയല്ല. എന്തുകൊണ്ടെന്നാല്‍ പുരുഷന്റെ മൂല്യവും സ്ത്രീയുടെ മൂല്യവും തുല്യമല്ലല്ലോ!! ഖുര്‍ ആന്റെ കര്‍ത്താവു നീതിമാനായ ഒരു ദൈവമായിരുന്നെങ്കില്‍ ഈ വാക്യം ഇപ്രകാരമായിരുന്നേനെ: “ഹേ വിശ്വാസികളേ, കുറ്റം ചെയ്യാത്തവരെ പ്രതികാരത്തിന്റെ പേരില്‍ ഇനി മേല്‍ നിങ്ങള്‍ ഹിംസിക്കരുത്. എല്ലാ മനുഷ്യരും തുല്യരാണ്. അതിനാല്‍ കുറ്റവാളികളെ മാത്രം ശിക്ഷിക്കുക.”

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...