എന്തിന് വേണ്ടിയാണ് ഖുര്‍ആന്‍ അവതരിച്ചത്?

ഖുര്‍അന്‍ മുഴുവന്‍ മനുഷ്യര്‍ക്കുമായി അവതരിപ്പിക്കപ്പെട്ട ദൈവത്തിന്റെ വെളിപാടാണ്. ദിവ്യസന്ദേശങ്ങളുടെ അവസാന പതിപ്പ് ആ നിലക്ക് വായന തുടങ്ങുന്നതിന്റെ ആദ്യപടിയായി. എന്തിന് വേണ്ടിയാണ് ഖുര്‍ആന്‍ അവതരിച്ചത് എന്ന് ഖുര്‍ആന്‍ തന്നെ വിശദാക്കുന്ന ഒരു ഭാഗം വ്യാഖ്യാനമില്ലാതെ എടുത്ത് ചേര്‍ക്കുന്നു. മനുഷ്യജീവിതത്തിന് പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറം ചില കാര്യങ്ങള്‍ക്കൂടിയുണ്ട് എന്ന് കരുതുന്ന മുഴുവന്‍ ആളുകള്‍ക്കും വേണ്ടി ഖുര്‍ആന്‍ പറഞ്ഞുതരുന്നു വായിക്കുക:
(പ്രവാചകന്‍) പറഞ്ഞുകൊടുക്കുക: സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ചവരായ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്. നിശ്ചയം, അല്ലാഹു സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രെ. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ. നിങ്ങളുടെ റബ്ബിങ്കലേക്ക് തിരിച്ചുവരുവിന്‍ ‍. അവന്നു കീഴ്പ്പെട്ടവരാകുവിന്‍ ‍- നിങ്ങളില്‍ ശിക്ഷ ഭവിക്കുകയും പിന്നെ എങ്ങുനിന്നും സഹായം കിട്ടാതാവുകയും ചെയ്യുന്നതിനു മുമ്പായി. നിങ്ങളുടെ റബ്ബിങ്കല്‍ നിന്നവതീര്‍ണമായ വേദത്തിലെ സദ് വചനങ്ങളെ പിന്തുടരുകയും ചെയ്യുവിന്‍ ‍- നിങ്ങള്‍ അറിയാതെ, ആകസ്മികമായി ദൈവികശിക്ഷ വന്നുപതിക്കും മുമ്പായി. യാതൊരാളും ഇപ്രകാരം വിലപിക്കാന്‍ ഇടയാകാതിരിക്കട്ടെ: 'ഞാന്‍, അല്ലാഹുവിനോടുള്ള ബാധ്യതയെ അവഗണിച്ചത്, ഹാ കഷ്ടമായിപ്പോയി, ഞാന്‍ അതിനെ പുച്ഛിക്കുന്നവരുടെ കൂട്ടത്തിലായിരുന്നുവല്ലോ.' അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍: 'കഷ്ടം! അല്ലാഹു എനിക്ക് സന്‍മാര്‍ഗദര്‍ശനമരുളിയിരുന്നുവെങ്കില്‍ ഞാനും ഭക്തന്‍മാരുടെ കൂട്ടത്തിലായേനെ!' അല്ലെങ്കില്‍ ശിക്ഷയെ അഭിമുഖീകരിച്ചുകൊണ്ട് ഇങ്ങനെ പറയാന്‍ ‍: 'എനിക്ക് ഒരവസരവും കൂടി ലഭിച്ചെങ്കില്‍! അങ്ങനെ ഞാനും സല്‍ക്കര്‍മികളില്‍ ഉള്‍പ്പെട്ടെങ്കില്‍!' (അപ്പോള്‍ അവര്‍ക്ക് ഇങ്ങനെ ഉത്തരം ലഭിക്കും:) 'എന്റെ സൂക്തങ്ങള്‍ നിന്റെയടുക്കല്‍ വന്നെത്തിയിട്ടുണ്ടായിരുന്നില്ലേ? എന്നിട്ട് നീയതിനെ തള്ളിപ്പറയുകയും ഗര്‍വോടെ, സത്യനിഷേധികളില്‍ ചേരുകയും ചെയ്തതല്ലേ?' ഇന്ന് അല്ലാഹുവിന്റെ പേരില്‍ കള്ളം ചമച്ചവരുണ്ടല്ലോ, അന്ത്യനാളില്‍ അവരെ മുഖം ഇരുണ്ടവരായിട്ടായിരിക്കും നീ കാണുക. അഹങ്കാരികള്‍ക്ക് നരകത്തില്‍ മതിയായ സ്ഥലമില്ലെന്നോ? നേരെമറിച്ച്, ഇവിടെ ഭക്തന്‍മാരായി വാണവരോ, അവരവലംബിച്ചത് രക്ഷാമാര്‍ഗമാകയാല്‍ അല്ലാഹു രക്ഷ നല്‍കുന്നതാകുന്നു. അവരെ യാതൊരു ദോഷവും ബാധിക്കുകയില്ല. അവര്‍ ദുഃഖിക്കാന്‍ സംഗതിയാവുകയുമില്ല.

(അധ്യായം സുമര്‍ 39 :53-61)

 
powered by Blogger