വിശദാംശങ്ങളുടെ ഗ്രന്ഥമല്ല

ഖുര്‍ആനെപ്പറ്റി, അതൊരു സവിസ്തരമായ സാന്മാര്‍ഗിക പുസ്തകവും നിയമസംഹിതയുമാണെന്ന് ഒരു ശരാശരി വായനക്കാരന്‍ നേരത്തെ ധരിച്ചുവെച്ചിരിക്കുന്നു. പക്ഷേ, അയാളത് വായിച്ചുനോക്കുമ്പോള്‍ സാമൂഹിക-നാഗരിക-രാഷ്ട്രീയ-സാമ്പത്തികാദി ജീവിതമേഖലകളെക്കുറിച്ച സുവിശദമായ നിയമാവലികള്‍ അതില്‍ കാണുന്നില്ലെന്നു മാത്രമല്ല, ഖുര്‍ആന്‍ ആവര്‍ത്തിച്ചൂന്നുന്ന നമസ്‌കാരം, സകാത് മുതലായ നിര്‍ബന്ധ കര്‍മങ്ങളെക്കുറിച്ചുപോലും ആവശ്യമായ വിശദാംശങ്ങളുടെ ഒരു നിയമാവലി അത് സമര്‍പ്പിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇതും വായനക്കാരന്റെ മനസ്സില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഖുര്‍ആന്‍ ഏതര്‍ഥത്തിലുള്ള സാന്മാര്‍ഗിക ഗ്രന്ഥമാണെന്ന് അയാള്‍ ചിന്തിച്ചുപോകുന്നു.

വസ്തുതയുടെ ഒരു വശം നമ്മുടെ കാഴ്ചപ്പാടില്‍ തീരെ പെടാതിരുന്നതാണ് ഈ ചിന്താക്കുഴപ്പങ്ങള്‍ക്കെല്ലാം കാരണമായിരിക്കുന്നത്. ദൈവം ഒരു ഗ്രന്ഥം അവതരിപ്പിക്കുക മാത്രമല്ല ചെയ്തിട്ടുള്ളത്; ആ ഗ്രന്ഥത്തിന്റെ വക്താവും പ്രയോക്താവുമായി ഒരു പ്രവാചകനെ നിയോഗിക്കുകയും ചെയ്തിരിക്കുന്നു എന്നതാണാവശം. ജനങ്ങള്‍ക്ക് ഒരു പ്ലാന്‍ നല്‍കി, തദനുസൃതമായ കെട്ടിടം അവര്‍തന്നെ നിര്‍മിച്ചുകൊള്ളണമെന്നായിരുന്നു ദൈവഹിതമെങ്കില്‍ തീര്‍ച്ചയായും നിര്‍മാണത്തിന്റെ എല്ലാ വിശദാംശങ്ങളും അവര്‍ക്കു ലഭിക്കേണ്ടതുണ്ടായിരുന്നു. പക്ഷേ, നിര്‍മാണസംബന്ധമായ നിര്‍ദേശങ്ങള്‍ക്കൊപ്പം ഔദ്യോഗികമായിത്തന്നെ ഒരു എഞ്ചിനീയറെക്കൂടി നിശ്ചയിച്ചുതരുകയും നിര്‍ദിഷ്ടപദ്ധതിയനുസരിച്ച് അദ്ദേഹം കെട്ടിടനിര്‍മാണം ഭംഗിയായി പൂര്‍ത്തീകരിച്ചുതരുകയും ചെയ്തിട്ടുണ്ടെന്നിരിക്കട്ടെ; എഞ്ചിനീയറെയും അദ്ദേഹത്താല്‍ നിര്‍മിതമായ കെട്ടിടത്തെയും അവഗണിച്ചുകൊണ്ട്, രൂപരേഖയില്‍തന്നെ ശാഖാപരമായ വിശദാംശങ്ങള്‍ അന്വേഷിക്കുന്നതും അതവിടെയില്ലെന്നുകണ്ട് ആ രൂപരേഖയുടെ അപൂര്‍ണതയെ പഴിക്കുന്നതും തെറ്റാണ്. ഖുര്‍ആന്‍ ശാഖോപശാഖകളുടെ ഗ്രന്ഥമല്ല; മൗലികതത്ത്വങ്ങളുടെ ഗ്രന്ഥമാണ്. ഇസ്‌ലാമിക വ്യവസ്ഥിതിയുടെ ധൈഷണികവും ധാര്‍മികവുമായ അടിത്തറകളെ പൂര്‍ണവ്യക്തതയോടെ ഉന്നയിക്കുകയും ബുദ്ധിപരമായ സമര്‍ഥനംകൊണ്ടും വൈകാരികമായ സമീപനംകൊണ്ടും അവയെ മേല്‍ക്കുമേല്‍ ഭദ്രമാക്കുകയുമാണ് അതിന്റെ സാക്ഷാല്‍ കൃത്യം. അതിനപ്പുറം, ഇസ്‌ലാമിക ജീവിതത്തിന്റെ പ്രായോഗികരൂപത്തെ സംബന്ധിച്ചേടത്തോളം ഖുര്‍ആന്‍ നല്‍കുന്ന മാര്‍ഗദര്‍ശനം ഓരോ ജീവിതത്തെയുംപറ്റി സവിസ്തരം നിയമ-ചട്ടങ്ങള്‍ പഠിപ്പിച്ചുകൊണ്ടല്ല; പ്രത്യുത, ജീവിതത്തിന്റെ ഓരോ മേഖലയുടെയും നാലതിരുകള്‍ നിര്‍ണയിക്കുകയും ചില പ്രത്യേകസ്ഥാനങ്ങളില്‍ പ്രകടമാംവണ്ണം നാഴികക്കല്ലുകള്‍ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ആ ജീവിതമേഖലകള്‍ ദൈവഹിതാനുസാരം എങ്ങനെ സംവിധാനിക്കപ്പെടണമെന്നു നിര്‍ദേശിച്ചുതരുകയാണതു ചെയ്യുന്നത്. ഈ നിര്‍ദ്ദേശാനുസൃതമായി ഇസ്‌ലാമികജീവിതത്തിന് പ്രാവര്‍ത്തികരൂപം നല്‍കുക പ്രവാചകന്റെ കര്‍ത്തവ്യമായിരുന്നു. അതായത്, ഖുര്‍ആന്‍ അവതരിപ്പിച്ച മൗലികതത്ത്വങ്ങളെ പ്രയോഗവല്‍ക്കരിച്ചുകൊണ്ട് വൈയക്തിക സ്വഭാവ-ചര്യകളുടെയും സാമൂഹിക-രാഷ്ട്രീയ സംവിധാനത്തിന്റെയും സമൂര്‍ത്തമാതൃകകള്‍ സമര്‍പ്പിക്കുകയായിരുന്നു പ്രവാചകന്റെ ദൗത്യം. അതിനുവേണ്ടിയായിരുന്നു, അവിടന്ന് നിയോഗിതനായതുതന്നെ. (ഖുര്‍ആന്‍ പഠനത്തിനൊരു മുഖവുര)

5 Response to "വിശദാംശങ്ങളുടെ ഗ്രന്ഥമല്ല"

പള്ളിക്കുളം.. said...

ഇങ്ങനെ ഒരു അടിസ്ഥാന ബോധം ഖുർ‌ആനെ സമീപിക്കുമ്പോൾ വളരെ ആവശ്യമാകുന്നു.

ഒരു പോസ്റ്റിൽ “ ഖുർ‌ആൻ എന്തുകൊണ്ട് പാരസെറ്റമോൾ ഉണ്ടാക്കുന്ന വിദ്യ പറഞ്ഞു കൊടുത്തില്ല “ എന്നു ചോദിക്കുന്നതു കേട്ടു?
:)

റ്റോംസ് കോനുമഠം said...

നല്ല വായനയ്ക്ക് ഒരു പാട് നന്ദി.
ആശംസ്കള്‍..!!

CKLatheef said...

പ്രിയ പള്ളിക്കുളം

താങ്കള്‍ പറഞ്ഞത് സത്യം. അവസാനം ഒരാള്‍ പറഞ്ഞത്. സൂര്യഗ്രഹണം എന്താണെന്ന് ദൈവം ഖുര്‍ആനിലൂടെ പറഞ്ഞുകൊടുക്കാത്തത് ഖുര്‍ആന്‍ സമ്പര്‍ണമല്ല ദൈവത്തിന് വിവരമില്ല എന്നതിന്റെയൊക്കെ തെളിവായിട്ടാണ്. ഇതെല്ലാം വേദഗ്രന്ഥം എന്താണെന്ന് സ്വയം തീരുമാനിക്കുന്നതിന്റെ ഭാഗമാണ്. എന്താണോ ഖുര്‍ആന്‍ ആ നിലക്ക് അതിനെ മനസ്സിലാക്കാന്‍ ശ്രമം നടത്തുന്നില്ല.

ഈ വേദം നാം നിനക്ക് അവതരിപ്പിച്ചുതന്നു. അത് സകല സംഗതികളും കണിശമായി വിവരിച്ചുതരുന്നതാണ്. അല്ലാഹുവിനോട് അനുസരണമുള്ളവര്‍ക്ക് അത് സന്മാര്‍ഗ ദര്‍ശകവും അനുഗ്രഹദായകവും ശുഭവൃത്താന്തവും ആകുന്നു.(16:89)

മനുഷ്യരാഷിക്ക് മറ്റൊരു ഗ്രന്ഥം ഈ വിഷയത്തില്‍ (മനുഷ്യനാവശ്യമായ നിയമനിര്‍മാണത്തിന്) ആവശ്യമില്ലാത്ത വിധം സമ്പൂര്‍ണമാണ് ഖുര്‍ആന്‍ . അതിന്റെ വിശദീകരണം ഞാന്‍ മനസ്സിലാക്കിയതനുസരിച്ച്. ആരാധനാകാര്യങ്ങളില്‍ വളരെ കുറവാണ് ഖുര്‍ആന്റെ പരാമര്‍ശങ്ങള്‍. അത് പരിഹരിക്കപ്പെടുന്നത് ഇവിടെ മൗദൂദി പരാമര്‍ശിച്ച പോലെ പ്രവാചകചര്യയിലൂടെയാണ്. പിന്നീട് അധികം വിശദീകരണമില്ലാത്തത് രാഷ്ട്രവുമായി ബന്ധപ്പെട്ട വിഷയത്തിലാണ്. അതിന് കാരണം സാഹചര്യത്തിന്റെയും സന്ദര്‍ഭത്തിന്റെയും തേട്ടമനുസരിച്ച് വലിയ മാറ്റം ആവശ്യമായി വരുന്നവയാണ് അവ എന്നതുകൊണ്ടാണ്. ഇവിടെയും പ്രവാചകചര്യക്ക് വലിയ സ്ഥാനമുണ്ട് അദ്ദേഹം ഖുര്‍ആനിനെ എങ്ങനെ ഉപയോഗപ്പെടുത്തി, അത് മാതൃകയാണ്. എന്നാല്‍ മനുഷ്യന്റെ നിത്യജീവിതത്തില്‍ ആവശ്യമുള്ള ശാശ്വതസ്വഭാവമുള്ള ധാര്‍മിക സദാചാര നിയമങ്ങളും വ്യക്തിനിയമങ്ങളും പരസ്പര ഇടപാടുകളും സ്വഭാവമര്യാധകളും സവിസ്തരമായി ഖുര്‍ആനിലുണ്ട്. ഇതിലൂടെ ഇത്തരം നിയമങ്ങളുടെ മാറ്റം ഇല്ലാതിരിക്കാനും ജനങ്ങള്‍ അതുമൂലമുള്ള പ്രയാസങ്ങള്‍ ഇല്ലാതിരിക്കാനും വേണ്ടിയാണത്. അതേ പ്രകാരം മനുഷ്യന് കണ്ടെത്താന്‍കഴിയുന്ന വിവരങ്ങളെക്കുറിച്ചുള്ള സൂചനകള്‍ മാത്രമാണുള്ളത്.

ഖുര്‍ആന്‍ സന്‍മാര്‍ഗദര്‍ശനവും മനുഷ്യജീവിതത്തിന് ആവശ്യമായ നിയമസംഹിത രൂപപ്പെടുത്തിയെടുക്കാവുന്ന അടിസ്ഥാനാദര്‍ശങ്ങളുള്ള ഗ്രന്ഥവുമാണ്. അതിനപ്പുറം പ്രസ്തുത സൂക്തത്തിന് അര്‍ഥം നല്‍കുന്നത് ശരിയാകില്ല. അതിനാല്‍ പാരസെറ്റമോള്‍ ഉണ്ടാക്കാന്‍ ഖുര്‍ആന്‍ പരതുന്നവനാണ് വിഢി. അതില്ലാത്തത് ഖുര്‍ആനിന്റെ ഒരു കുറവേ അല്ല.

മുക്കുവന്‍ said...

ഖുറാന്‍ തെറ്റില്ല.. അതില്‍ ഒന്ന് കൂട്ടാനോ കുറക്കാനൊ ഇല്ലാ.. പരിപൂര്‍ണ്ണമാണ് എന്നൊക്കെ ഇവിടെ കുറെ ബ്ലോഗില്‍ പല തവണ വായിച്ചതാണെ!

ഇപ്പോള്‍ ഒരു ചില്ലറ മാറ്റം വന്നപോലെ?

നിന്നെപ്പോലെ നിന്റെ അയല്‍കാരനെ സ്നേഹിച്ചാ‍ല്‍ എന്തിനാണാവോ സകാ‍ത്ത്?

ബുദ്ദിയുള്ളവന്‍ ഇല്ലാത്തവനെ ഭരിക്കും.. അങ്ങനെ ഭരിക്കുമ്പോള്‍, ബുദ്ദിയുള്ളവന്‍ പണക്കാരനും, ഇല്ലാത്തവന്‍ പാവപ്പെട്ടവനുമാകുന്നു.. അങ്ങനെ പണക്കാരനായവന്‍, പാവപ്പെട്ടവനെ സഹായിക്കാന്‍ എല്ലാ സമൂഹങ്ങളും അവരുടെ പ്രമാണങ്ങണും അനുശാസിക്കുന്നുണ്ട്.... അത് ദൈവം പറഞ്ഞതണു എന്ന് പറഞ്ഞു നടക്കുന്നത് കഷ്ടം എന്നേ എനിക്ക് പറയാനുള്ളൂ...

CKLatheef said...

അതുകൊണ്ടാണ് പാരസെറ്റാമോളിന്റെ കൂട്ട് ഖുര്‍ആനില്‍ കാണാന്‍ കഴിയില്ല എന്ന് ഒരു മഹാന്‍ ഇയ്യിടെ പറഞ്ഞുവെച്ചത് അല്ലേ മുക്കുവാ.:)

അയല്‍കാരന് തന്റെ പട്ടിണിക്കിടക്കുന്ന അയല്‍വാസിയെ സ്‌നേഹിക്കുകയും അദ്ദേഹത്തിന്റെ പ്രയാസങ്ങള്‍ക്ക് താങ്ങാകാന്‍ സാധിക്കുകയുമാണെങ്കിലും സകാത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല. അതറിയണമെങ്കില്‍ സകാത്തിനെ കുറിച്ച് അല്‍പം കുടി മനസ്സിലാക്കിയാല്‍ മതി. അയല്‍വാസിയും പാവപ്പെട്ടവന്‍ അവനെ സ്‌നേഹിക്കുന്ന അദ്ദേഹത്തിന്റെ അയല്‍വാസിയും പാവപ്പെട്ടവനാണെങ്കില്‍ സ്‌നേഹം കൊണ്ട് മാത്രം കാര്യമായില്ലല്ലോ.

അതെ. ഇസ്‌ലാമിലെ ന്യായ പ്രമാണങ്ങള്‍ ദൈവദത്തമാണ് എന്ന് മനസ്സിലാക്കിക്കോളൂ. എന്ന് വെച്ച് ഇത്തരം കാര്യങ്ങളില്‍ മറ്റുസമൂഹങ്ങളിലൊന്നും നിലനില്‍കുന്നില്ല എന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ.

ആളുകള്‍ കഷ്ടം, കഷ്ടം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതിന് വലിയ അര്‍ഥമില്ല എന്നാണ് താങ്കളുടെ ഈ പറച്ചില്‍ സൂചിപ്പിക്കുന്നത്. താങ്കളുടെ ബുദ്ധിക്ക് അതുള്‍കൊള്ളാന്‍ കഴിഞ്ഞില്ല എന്ന് മാത്രമേ അതുകൊണ്ട് ഞാന്‍ മനസ്സിലാക്കുന്നുള്ളൂ.

Post a Comment

 
powered by Blogger