Wednesday, February 10, 2010

നിങ്ങള്‍ക്ക് വഴികാണിക്കുന്നതാരാകുന്നു?

വിശുദ്ധ ഖുര്‍ആനിലെ അധ്യായം 27 (അന്നംല്) 63 മുതല്‍ 65 വരെ സൂക്തങ്ങള്‍ വ്യാഖ്യാനത്തോടെ ഇവിടെ നല്‍കുകയാണ്. തഫ്ഹീമുല്‍ ഖുര്‍ആനെയാണ് അവലംബിച്ചിരിക്കുന്നത്. ദൈവനിഷേധികള്‍ക്കും ബഹുദൈവാരാധകരോടും ചില ചോദ്യങ്ങളാണ് പ്രധാനമായും ഇതിലെ പരാമര്‍ശങ്ങള്‍. ദൈവവിശ്വാസം മനുഷ്യമനസ്സില്‍ അന്തര്‍ലീനമാണ് എന്നാണ് ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് വ്യക്തമാകുന്ന കാര്യം. ദൈവനിഷേധം സ്വീകരിക്കാന്‍ മനുഷ്യന്‍ തന്റെ മനസ്സിനോട് വല്ലാതെ കലഹിക്കേണ്ടിവരും. ദൈവനിഷേധികള്‍ അത് പുറമെ അംഗീകരിച്ചില്ലെങ്കിലും. അറിയുക ദൈവസ്മരണ കൊണ്ടേ മനഃശാന്തി കൈവരൂ എന്ന് ഖുര്‍ആന്‍ പ്രഖ്യാപനത്തില്‍ അതുകൂടി ഉദ്ദേശിച്ചിട്ടുണ്ടാകാം. സൂക്തങ്ങളും അവയുടെ വിശദീകരണവും വായിക്കുക. അല്‍പം ദീര്‍ഘിച്ചതാണെങ്കിലും ഇത്തരം വായനയെ ഗൗരവത്തിലെടുത്തവര്‍ക്ക് അത് അധികമാകില്ലെന്ന് കരുതുന്നു.
 

(63)     കരയിലെയും കടലിലെയും കൂരിരുട്ടുകളില്‍ നിങ്ങള്‍ക്ക് വഴികാണിക്കുന്നതാരാകുന്നു? തന്റെ കാരുണ്യത്തിനു മുന്നാലെ, കാറ്റുകളെ സുവാര്‍ത്തയുമായി അയക്കുന്നത് ആരാകുന്നു? അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവം അത് ചെയ്യുന്നുണ്ടോ? ഈ ജനം ആരോപിക്കുന്ന പങ്കാളിത്തങ്ങള്‍ക്കെല്ലാം അതീതനും അത്യുന്നതനുമത്രെ അല്ലാഹു.

(64)     സൃഷ്ടി ആരംഭിക്കുന്നതും പിന്നീടത് ആവര്‍ത്തിക്കുന്നതും ആരാകുന്നു? വിണ്ണില്‍ നിന്നും മണ്ണില്‍നിന്നും നിങ്ങള്‍ക്ക് അന്നം തരുന്നതാരാകുന്നു? അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവത്തിന് (ഈ സംഗതികളില്‍) പങ്കുണ്ടോ? പറയുക: 'നിങ്ങള്‍ സത്യവാന്മാരെങ്കില്‍ തെളിവ് ഹാജരാക്കുവിന്‍.'

(65)     അവരോട് പറയുക: 'അല്ലാഹുവല്ലാതെ ആരുംതന്നെ വാനലോകങ്ങളിലും ഭൂമിയിലും അതിഭൗതിക കാര്യങ്ങള്‍ അറിയുന്നില്ല. (നിങ്ങളുടെ ആരാധ്യരാണെങ്കില്‍) എപ്പോഴാണ് തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നുപോലും അറിയാത്തവരാകുന്നു.'

*****************************************

കരയിലെയും കടലിലെയും കൂരിരുട്ടുകളില്‍ നിങ്ങള്‍ക്ക് വഴികാണിക്കുന്നതാരാകുന്നു?

(അന്ധകാരങ്ങളില്‍ താരകങ്ങള്‍ മുഖേന നിങ്ങള്‍ക്ക് വഴി കണ്ടെത്തുന്നതിന് ഏര്‍പ്പാട് ചെയ്തവന്‍ അല്ലാഹുവാണ് എന്നര്‍ഥം. കരയിലും കടലിലും സഞ്ചരിക്കുവാന്‍, ദിശയും മാര്‍ഗവും അറിയാനുള്ള മാധ്യമങ്ങളുണ്ടാക്കി എന്നതും അല്ലാഹുവിന്റെ യുക്തിസമ്പൂര്‍ണമായ ആസൂത്രണങ്ങളില്‍പെട്ടതാണ്. പകല്‍വേളയില്‍ ഭൂമിയുടെ വൈവിധ്യമാര്‍ന്ന അടയാളങ്ങളും ഉദയാസ്തമയദിശകളും അതിന് സഹായിക്കുന്നു. ഇരുണ്ട രാത്രികളില്‍ നക്ഷത്രങ്ങള്‍ അവന് വഴി കാട്ടുന്നു. സൂറ അന്നഹ്‌ലില്‍ ഇതെല്ലാം അല്ലാഹുവിന്റെ ഔദാര്യങ്ങളായി എണ്ണിയിട്ടുണ്ട്. )

സൃഷ്ടി ആരംഭിക്കുന്നതും പിന്നീടത് ആവര്‍ത്തിക്കുന്നതും ആരാകുന്നു?

(ഈ സരളമായവാക്യം അഗാധമായ ഒരാശയപ്രപഞ്ചം ഉള്‍ക്കൊള്ളുന്നുണ്ട്. അതിന്റെ അഗാധതയിലേക്ക് മനുഷ്യന്‍ എത്രത്തോളം ഇറങ്ങിച്ചെല്ലുന്നുവോ, അത്രത്തോളംതന്നെ അവന് ദൈവത്തിന്റെ ആസ്തിക്യത്തിന്റെയും ഏകത്വത്തിന്റെയും സാക്ഷ്യങ്ങള്‍ കണ്ടെത്താനാകും. ഒന്നാമതായി സ്വന്തം സൃഷ്ടി തന്നെ നോക്കുക. ജീവന്‍ എവിടെനിന്ന് എങ്ങനെ വന്നെത്തുന്നു എന്ന് കണ്ടെത്താന്‍ ഇന്നും മനുഷ്യന്റെ ജ്ഞാനത്തിന് സാധിച്ചിട്ടില്ല. നിര്‍ജീവ പദാര്‍ഥങ്ങളുടെ സംഘാതംകൊണ്ടുമാത്രം ജീവന്‍ ഉല്‍ഭവിക്കുക സാധ്യമല്ല എന്നാണ് ഇന്നുവരെയുള്ള അംഗീകൃത ശാസ്ത്രസത്യം. ജീവോല്‍പത്തിക്കാവശ്യമായ ഘടകങ്ങളെല്ലാം കൃത്യമായ അനുപാതത്തില്‍ കണിശമായ ചേര്‍ച്ചയോടെ തികച്ചും യാദൃഛികമായി ഒത്തുകൂടി ജീവന്‍ നിലവില്‍വന്നു എന്ന നാസ്തികരുടെ വാദം ഒരു അശാസ്ത്രീയ സങ്കല്‍പം മാത്രമാണ്. യാദൃഛിക സംഭവ്യതയുടെ നിയമമനുസരിച്ചു ഗണിച്ചുനോക്കിയാല്‍ അങ്ങനെ സംഭവിക്കാനുള്ള സാധ്യത കേവലം പൂജ്യമാണ്. നിര്‍ജീവ പദാര്‍ഥങ്ങളില്‍നിന്ന് ജീവികളെ ഉല്‍പാദിപ്പിക്കാന്‍ ശാസ്ത്ര ഗവേഷണാലയങ്ങളില്‍ ഇന്നുവരെ നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങളെല്ലാം സാധ്യമായ സൂത്രങ്ങളൊക്കെ പ്രയോഗിച്ചിട്ടും പരാജയപ്പെട്ടിട്ടേ ഉള്ളൂ. ആകെക്കൂടി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ള വസ്തു സാങ്കേതികമായി ഡി.എന്‍.എ എന്നു വിളിക്കപ്പെടുന്ന ഒരു ഘടകം മാത്രമാണ്. ജീവകോശങ്ങളില്‍ കണ്ടുവരുന്ന ഒരു പദാര്‍ഥമാണത്. ഇതു തീര്‍ച്ചയായും ജീവന്റെ അടിസ്ഥാന ഘടകം തന്നെ. പക്ഷേ, ഇതിനും സ്വയം ജീവനില്ല. ജീവന്‍ ഇന്നും ഒരു അദ്ഭുത ദൃഷ്ടാന്തമാണ്. ഭൗതികശാസ്ത്രത്തിന് അതു വ്യാഖ്യാനിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു സ്രഷ്ടാവിന്റെ ഉദ്ദേശ്യത്തിന്റെയും കല്‍പനയുടെയും പരിപാടിയുടെയും ഫലമാണ് അതെന്നു മാത്രമേ പറയാനാകൂ.

ഇനിയും നോക്കുക: ജീവന്‍ ഒരൊറ്റ രൂപത്തിലും ഘടനയിലും മാത്രമല്ല ഉള്ളത്. അത് കണക്കറ്റ വിജാതീയ രൂപങ്ങളില്‍ കാണപ്പെടുന്നു. ഇന്നേവരെ ഭൂമുഖത്ത് പത്തുലക്ഷത്തോളം ജീവിവര്‍ഗങ്ങളും രണ്ടുലക്ഷത്തോളം സസ്യവര്‍ഗങ്ങളും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഈ ലക്ഷോപലക്ഷം വര്‍ഗങ്ങള്‍ ഓരോന്നും അവയുടെ ആകാരത്തിലും വര്‍ഗസവിശേഷതകളിലും തികച്ചും സ്പഷ്ടമായ പരസ്പര വ്യതിരിക്തത പുലര്‍ത്തുന്നു. അതിപുരാതന കാലംമുതലേ അവ തങ്ങളുടെ വര്‍ഗരൂപം ഇതേ വിധം തുടര്‍ന്നുവരികയാണ്. ഒരു സ്രഷ്ടാവിന്റെ നിര്‍മാണ കൗശലം എന്നംഗീകരിക്കുകയല്ലാതെ ജീവന്റെ ഈ അതിവിപുലമായ വര്‍ഗീകരണത്തെ വ്യാഖ്യാനിക്കുക ഒരു ഡാര്‍വിന്റെയൊന്നും കഴിവില്‍പെട്ടതല്ല. രണ്ടുവര്‍ഗങ്ങളില്‍ ഒരുവര്‍ഗം സ്വന്തം ഘടനയും സവിശേഷതകളും  ഉപേക്ഷിച്ച്  മറ്റേവര്‍ഗത്തിന്റെ ഘടനാവിശേഷങ്ങളിലേക്ക് പ്രയാണം ചെയ്യുന്നതിനിടയ്ക്കുള്ള ഒരു കണ്ണിയും കാണാന്‍ കഴിയുന്നില്ല. ഫോസില്‍ രേഖകളും അതിനുള്ള തെളിവുകളില്‍നിന്ന് മുക്തമാണ്. നിലവിലുള്ള ജന്തുക്കളില്‍ ഇത്തരം നപുംസകങ്ങള്‍ തീരെയുമില്ല. ഇന്നുവരെ കാണപ്പെട്ടിട്ടുള്ള ഏതു ജന്തുവര്‍ഗവും അതിന്റെ  സമ്പൂര്‍ണമായ വര്‍ഗഘടനയോടുകൂടിത്തന്നെയാണ് കാണപ്പെട്ടിട്ടുള്ളത്. ഏതെല്ലാം ജന്തുക്കളെക്കുറിച്ച് അവ പരിണാമപ്രയാണത്തിലെ നഷ്ടപ്പെട്ട കണ്ണിയാണെന്ന് അപ്പപ്പോള്‍ വാദിക്കപ്പെട്ടുവോ, ആ വാദങ്ങളെയെല്ലാം അല്‍പകാലത്തിനു  ശേഷം  യാഥാര്‍ഥ്യങ്ങള്‍ ഊതിപറത്തിക്കളഞ്ഞിരിക്കുന്നു. ജീവന് ഈ ലക്ഷക്കണക്കിലുള്ള വിജാതീയ രൂപങ്ങള്‍ പ്രദാനം ചെയ്തവന്‍, യുക്തിമാനും ഈ അണ്ഡകടാഹത്തെയാസകലം നിര്‍മിച്ചു പരിപാലിക്കുന്നവനും അജയ്യനുമായ ഒരു സ്രഷ്ടാവ് തന്നെയാണെന്ന യാഥാര്‍ഥ്യത്തിന് ഇളക്കം തട്ടിക്കാന്‍ ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

ഇതാണ് സൃഷ്ട്യുല്‍പത്തിയുടെ സ്ഥിതി. ഇനി സൃഷ്ടിയുടെ ആവര്‍ത്തനത്തെകുറിച്ചാലോചിക്കുക: ഓരോ ജീവിയുടെയും സസ്യത്തിന്റെയും ആകാരത്തിലും ഘടനയിലും അദ്ഭുതാവഹമായ യന്ത്രവ്യവസ്ഥയാണ് ദൈവം നിക്ഷേപിച്ചിട്ടുള്ളത്. ഓരോ വര്‍ഗത്തിലെയും എണ്ണമറ്റ അംഗങ്ങള്‍ അതേ രൂപവും ഘടനയും കണിശമായി പിന്തുടരുന്നു. കീടങ്ങളുടെപോലും കോടിക്കണക്കിലുള്ള ആ നിര്‍മാണ ശാലകളില്‍ ഒരു വിസ്മൃതിയും ഉണ്ടാകുന്നില്ല. ഒരു വര്‍ഗത്തിന്റെ വംശോല്‍പാദനശാലയില്‍ ഒരിക്കലും മറ്റൊരു വര്‍ഗത്തിന്റെ സന്തതി ഉല്‍പാദിപ്പിക്കപ്പെടുന്നില്ല. ആധുനിക പ്രജനനശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങള്‍ ഇവ്വിഷയകമായി അമ്പരപ്പിക്കുന്ന വസ്തുതകളാണ് വെളിപ്പെടുത്തുന്നത്. ഓരോ ധാന്യമുളയിലും അതിന്റെ വര്‍ഗശൃംഖല ഭാവിതലമുറകളിലേക്കു വ്യാപിപ്പിക്കുന്നതിനാവശ്യമായ സമ്പൂര്‍ണമായ ഏര്‍പ്പാടുകളുണ്ട്. അതുമൂലം വരുംതലമുറ അതിന്റെ വര്‍ഗപരമായ സവിശേഷതകള്‍ മുഴുവനായും വഹിക്കുന്നു. അതിലെ ഓരോ അംഗവും മറ്റംഗങ്ങളില്‍നിന്ന് തന്റേതായ രൂപത്തിലും സ്വഭാവത്തിലും വ്യതിരിക്തവുമായിരിക്കും.  ഈ വര്‍ഗസ്ഥിരതയുടെയും പ്രജനനത്തിന്റെയും മാധ്യമങ്ങള്‍ ഓരോ മുളയിലും ഒരു കോശത്തിന്റെ ഒരു ഭാഗത്ത് സ്ഥിതി ചെയ്യുന്നു. ശക്തിയേറിയ ഭൂതക്കണ്ണാടിയിലൂടെ മാത്രമേ അത് കാണാന്‍ കഴിയൂ. ഈ ചെറിയ എഞ്ചിനീയര്‍ തികഞ്ഞ കൃത്യതയോടെ മുളയുടെ ചലനങ്ങളെ സ്വന്തം വര്‍ഗഗുണങ്ങളുടെ മാര്‍ഗത്തിലൂടെ നയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഒരു ഗോതമ്പു വിത്തില്‍നിന്ന് ഇന്നുവരെയുണ്ടായ ഓരോ മുളയും ഗോതമ്പുചെടിതന്നെയായത്. ഏത് കാലാവസ്ഥയിലും ഭൂപ്രകൃതിയിലും അത് അങ്ങനെതന്നെ തുടരുന്നു. ഇത് തന്നെയാണ് മനുഷ്യന്റെയും മറ്റു ജന്തുക്കളുടെയും അവസ്ഥയും. അവയിലൊരു വര്‍ഗവും മുഴുവനായി ഒറ്റയടിക്ക് സൃഷ്ടിക്കപ്പെട്ടതല്ല. പ്രത്യുത, സങ്കല്‍പാതീതമാംവണ്ണം വിപുലമായ തോതില്‍ നാനാവശത്തും സൃഷ്ടിയുടെ ആവര്‍ത്തനപ്രക്രിയ അതിഗംഭീരമായ തോതില്‍ അനുസ്യൂതം തുടരുകയാണ്. ഓരോ വര്‍ഗവും സ്വവര്‍ഗത്തില്‍ എണ്ണമറ്റ അംഗങ്ങളെ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരാള്‍ പ്രജനനത്തിന്റെയും വംശവര്‍ധനയുടെയും അതിസൂക്ഷ്മ ബീജത്തെ നിരീക്ഷിക്കുന്നുവെന്നു വെക്കുക. അതു തന്റെ നിസ്സാരമായ ഉണ്‍മയുടെ തന്നെ ഒരു ഭാഗത്ത് സ്വന്തം വര്‍ഗത്തിന്റെ വ്യതിരിക്തതകളും പൈതൃകഗുണങ്ങളുമഖിലം സൂക്ഷിച്ചുവെച്ചിരിക്കുന്നു. അതിസൂക്ഷ്മവും ലഘുവുമാണ് അതുള്‍ക്കൊള്ളുന്ന അവയവ വ്യവസ്ഥ. അതിസമര്‍ഥമാണ് അതിന്റെ പ്രക്രിയ. ഈ വ്യവസ്ഥയും പ്രക്രിയയും വഴിയാണ് ഓരോ വംശബീജവും അതിന്റെ വര്‍ഗാംഗങ്ങള്‍ക്ക് അസ്തിത്വം നല്‍കുന്നത്. ഇതെല്ലാം കാണുന്ന ഒരാള്‍ക്ക് അതിസൂക്ഷ്മവും സങ്കീര്‍ണവുമായ ഈ പ്രക്രിയകളൊക്കെ സ്വയം നിലവില്‍ വരികയും അതിനുപുറമെ വിജാതീയ വര്‍ഗങ്ങളിലെ കോടാനുകോടി അംഗങ്ങളോരോന്നും സ്വയം ശരിയായി പ്രവര്‍ത്തിക്കുക കൂടി ചെയ്യുക സാധ്യമാണെന്ന് ഒരു നിമിഷം പോലും സങ്കല്‍പിക്കാനാവുകയില്ല. ഇതിന്റെ ആരംഭത്തിന് അഭിജ്ഞനായ ഒരു നിര്‍മാതാവുണ്ടാവുകതന്നെ വേണം. അനുനിമിഷം ഇവ ശരിയായ രീതിയില്‍ ചരിച്ചുകൊണ്ടിരിക്കുന്നതിന് യുക്തിമാനും ശക്തനും അജയ്യനുമായ ഒരു നിയന്താവും വേണം; ഒരു നിമിഷംപോലും ഈ പ്രവര്‍ത്തനശാലയുടെ മേല്‍നോട്ടം വിസ്മരിക്കാത്ത ഒരു മേലധികാരി.

ഈ യാഥാര്‍ഥ്യങ്ങള്‍ ബഹുദൈവവിശ്വാസിയുടെ ശിര്‍ക്കിനെയെന്ന പോലെ നാസ്തികന്റെ ദൈവനിഷേധത്തെയും കടപുഴക്കുന്നു. ഇത്തരം ദൈവികകാര്യങ്ങളില്‍ ഏതെങ്കിലും മലക്കിനോ ജിന്നിനോ പുണ്യവാളനോ പങ്കുണ്ടെന്ന് ഏതൊരു വിഡ്ഢിക്കാണ് കരുതാനാവുക? അതുപോലെ യുക്തിപൂര്‍ണവും വ്യവസ്ഥാപിതവുമായ ഈ തൊഴില്‍ശാലയഖിലം യാദൃഛികമായി നിലവില്‍വരികയും  സ്വയം ചലിച്ചുകൊണ്ടിരിക്കുകയുമാണെന്ന് പറയാന്‍ പക്ഷപാതമുക്തനായ ഏതൊരു സാമാന്യബുദ്ധിക്കാണ് സാധിക്കുക?)


വിണ്ണില്‍ നിന്നും മണ്ണില്‍നിന്നും നിങ്ങള്‍ക്ക് അന്നം തരുന്നതാരാകുന്നു?

(അന്നം നല്‍കുക എന്നതും ഈ സംക്ഷിപ്ത വാക്യത്തിന്റെ ഒറ്റവായനയിലൂടെ ഒരാള്‍ക്ക് പെട്ടെന്ന് ഗ്രാഹ്യമാകുന്നത്ര ലളിതമായ കാര്യമല്ല. ഈ ഭൂമിയില്‍ ലക്ഷക്കണക്കിന് ജീവികളും സസ്യങ്ങളുമുണ്ട്. ഓരോ വര്‍ഗത്തിലും കോടാനുകോടി അംഗങ്ങളുമുണ്ട്. ഓരോന്നിന്റെയും ഭക്ഷണാവശ്യം വ്യത്യസ്തമാണ്. സ്രഷ്ടാവ് ഓരോന്നിന്റെയും അന്നം ഓരോന്നിനും കൈയെത്തുംവണ്ണം സുലഭമായി സജ്ജീകരിച്ചുവെച്ചിരിക്കുന്നു. ഒരു വര്‍ഗത്തിലേയും അംഗങ്ങള്‍ക്ക് ഇവിടെ അന്നം തടയപ്പെട്ടിട്ടില്ല. ഈ സംവിധാനത്തിനായി ആകാശത്തിലെയും ഭൂമിയിലെയും വിവിധ ശക്തികള്‍ കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. താപം, പ്രകാശം, വായു, വെള്ളം, ഭൂമിയിലെ വിവിധ ധാതുക്കള്‍ എന്നിവ തികച്ചും ഉചിതമായ അനുപാതത്തില്‍ പരസ്പരം സഹകരിക്കുന്നില്ലെങ്കില്‍ അണുഅളവ് അന്നംപോലും ഉണ്ടായിത്തീരുക സാധ്യമല്ല.
യുക്തിബന്ധുരമായ ഈ സംവിധാനം ബോധപൂര്‍വമായ ഒരാസൂത്രണമോ പ്ലാനോ ഇല്ലാതെ യാദൃഛികമായി ഉണ്ടായതാണെന്ന് ആര്‍ക്കാണ് സങ്കല്‍പിക്കാനാവുക? ഈ സംവിധാനത്തില്‍ ഏതെങ്കിലും മലക്കിനോ ജിന്നിനോ പുണ്യാത്മാവിനോ കൈയുണ്ടെന്ന് ബുദ്ധിയും ബോധവുമുള്ള ആര്‍ക്കാണ് വിചാരിക്കാനാവുക?)

അല്ലാഹുവിനോടൊപ്പം മറ്റേതെങ്കിലും ദൈവത്തിന് (ഈ സംഗതികളില്‍) പങ്കുണ്ടോ? പറയുക: 'നിങ്ങള്‍ സത്യവാന്മാരെങ്കില്‍ തെളിവ് ഹാജരാക്കുവിന്‍.'


( ഈ സംഗതികളില്‍ മറ്റു വല്ലവര്‍ക്കും പങ്കുണ്ടെന്നതിന് തെളിവു കാണിക്കുവിന്‍. ഇല്ലെങ്കില്‍ പിന്നെ, ഇതൊക്കെ അല്ലാഹുവിന്റേത് മാത്രമാണെങ്കില്‍ ആരാധനയും വിധേയത്വവുമര്‍ഹിക്കുന്നത് അവനല്ലാത്തവരാണെന്നതിനു, അല്ലെങ്കില്‍ അവനോടൊപ്പം മറ്റു ചിലരും കൂടി ഇത് അര്‍ഹിക്കുന്നുണ്ട് എന്നതിന് തെളിവ് കാണിച്ചുതരുവിന്‍ എന്നു സാരം.)

അവരോട് പറയുക: 'അല്ലാഹുവല്ലാതെ ആരുംതന്നെ വാനലോകങ്ങളിലും ഭൂമിയിലും അതിഭൗതിക കാര്യങ്ങള്‍ അറിയുന്നില്ല.

(സ്രഷ്ടാവ്, പരിപാലകന്‍, അന്നദാതാവ് എന്നീ നിലകളില്‍ അല്ലാഹു മാത്രമാണ്  ഏകദൈവം  (ഒരേയൊരു  ദൈവവും ആരാധനാര്‍ഹനുമായിട്ടുള്ളവന്‍) എന്നതിന്റെ തെളിവുകളാണല്ലോ മുകളില്‍ പറഞ്ഞത്. ദിവ്യത്വത്തിന്റെ മറ്റൊരു ഗുണമായ ജ്ഞാനത്തിലും അല്ലാഹു പങ്കാളികളില്ലാത്തവനാണ് എന്നാണിവിടെ പറയുന്നത്. പ്രപഞ്ചത്തിലുള്ള സകല സൃഷ്ടികളുടെയും- അത് മലക്കുകളാവട്ടെ, ജിന്നുകളാവട്ടെ, പ്രവാചകന്‍മാരാകട്ടെ, പുണ്യവാളന്‍മാരാകട്ടെ- ജ്ഞാനം പരിമിതമാണ്. എല്ലാവര്‍ക്കും ചിലതൊക്കെ അജ്ഞാതമായിട്ടുണ്ട്. എല്ലാം അറിയുന്നവന്‍ അല്ലാഹു മാത്രമാണ്. അവന്നറിയാത്തതായി യാതൊന്നുമില്ല. അവന്‍ ത്രികാലജ്ഞനാണ്.

ഇന്ദ്രിയഗോചരമല്ലാത്ത അജ്ഞേയമായ കാര്യങ്ങള്‍ എന്നാണ് അതിന്റെ സാങ്കേതികമായ ആശയം. ചില ആളുകള്‍ക്ക് അറിയാവുന്നതും മറ്റുചില ആളുകള്‍ക്ക് അജ്ഞാതവുമായ ഒരുപാട് കാര്യങ്ങള്‍ ഈ ലോകത്തുണ്ട്. മനുഷ്യവര്‍ഗത്തിന് തീരെ അജ്ഞാതമായ കുറേ സംഗതികളും ഈ ലോകത്തുണ്ട്. അവ ഇന്നുവരെ ആരും അറിഞ്ഞിട്ടില്ല. നാളെ ആരും അറിയുകയുമില്ല. ഇതുതന്നെയാണ് മലക്കുകളുടെയും ജിന്നുകളുടെയും മറ്റു സൃഷ്ടികളുടെയും അവസ്ഥയും. അവര്‍ക്കും അറിയുന്നതും അറിയാത്തതുമായ നിരവധി കാര്യങ്ങളുണ്ട്. നിരവധി കാര്യങ്ങള്‍ അജ്ഞേയമായതും ഉണ്ട്. ഇങ്ങനെയുള്ള എല്ലാവിധ അദൃശ്യകാര്യങ്ങളും കേവലം ഒരു സത്ത മാത്രം അറിയുന്നു. അത് അല്ലാഹുവാണ്. അവന്‍ യാതൊന്നും അറിയാതെയില്ല. എല്ലാറ്റിനും സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നവനാണവന്‍.

സ്രഷ്ടാവ്, പരിപാലകന്‍, അന്നദാതാവ് എന്നീ നിലപാടുകള്‍ സമര്‍ഥിക്കാന്‍ സ്വീകരിച്ച ചോദ്യരീതിയല്ല ഈ യാഥാര്‍ഥ്യം സമര്‍ഥിക്കാന്‍ സ്വീകരിച്ചിട്ടുള്ളത്. ആ ഗുണങ്ങളുടെ ലക്ഷണങ്ങള്‍ ഓരോ മനുഷ്യനും കാണത്തക്കവിധം പ്രകടമായതുകൊണ്ടാണത്. എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടിരിക്കുന്നവന്‍ അല്ലാഹു മാത്രമാണെന്ന കാര്യം മക്കയിലെ ബഹുദൈവവിശ്വാസികള്‍ വരെ പണ്ടേ വിശ്വസിച്ചിരുന്നതും ഇപ്പോഴും വിശ്വസിച്ചുവരുന്നതുമാണ്. അതിനാല്‍ അവിടത്തെ സമര്‍ഥനശൈലി ഇങ്ങനെയായിരുന്നു: ഈ കാര്യങ്ങളെല്ലാം അല്ലാഹു തനിച്ചു നടത്തിക്കൊണ്ടിരിക്കുന്നു, അതിലൊന്നും അവന്നു പങ്കുകാരാരുമില്ല എന്നാണെങ്കില്‍ പിന്നെ ഇതരന്‍മാരെ അവന്റെ പങ്കാളികളാക്കുന്നതും ഇബാദത്തിനര്‍ഹരാക്കുന്നതും എന്തടിസ്ഥാനത്തിലാണ്? എന്നാല്‍ ജ്ഞാനം എന്ന ഗുണം അങ്ങനെ അടയാളങ്ങളിലൂടെ ചൂണ്ടിക്കാണിച്ചു സമര്‍ഥിക്കാവുന്ന ഒന്നല്ല. അഗാധമായ ചിന്തയിലൂടെ മാത്രമേ ഇക്കാര്യം ഗ്രഹിക്കാനാകൂ. അതുകൊണ്ടാണ് ഇവിടെ സംവാദശൈലി ഉപേക്ഷിച്ച് പ്രബോധനശൈലി സ്വീകരിച്ചത്. ചിന്തിക്കുന്ന ബുദ്ധിശാലികള്‍ ആര്‍ക്കെങ്കിലും, സര്‍വജ്ഞനായി അല്ലാഹുവല്ലാതെ മറ്റാരെങ്കിലും ഉണ്ടെന്ന് കരുതാനാവുമോ? പ്രപഞ്ചത്തെ സംബന്ധിച്ച് ത്രികാല ജ്ഞാനം ഉള്ളവരെന്ന് മറ്റാരെയെങ്കിലും വിശേഷിപ്പിക്കാനാകുമോ? സര്‍വജ്ഞനായി അല്ലാഹു മാത്രമേയുള്ളൂ. മറ്റാരും ഉണ്ടാവുക സാധ്യമല്ല. എങ്കില്‍ പിന്നെ, യാഥാര്‍ഥ്യങ്ങള്‍ പൂര്‍ണമായി അറിവില്ലാത്തവര്‍ക്ക് മറ്റു സൃഷ്ടികളുടെ ആര്‍ത്തത്രാണരാകാനും കാര്യങ്ങള്‍ സാധിച്ചുകൊടുക്കാനും ക്ലേശങ്ങളകറ്റാനും സാധ്യമാകുമെന്ന് കരുതുന്നത് ബുദ്ധിപൂര്‍വകമാണോ?

ദിവ്യത്വവും അതിഭൗതികജ്ഞാനവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ദിവ്യത്വം ആരോപിക്കപ്പെട്ടവരെക്കുറിച്ചെല്ലാം, അവര്‍ സര്‍വജ്ഞരാണെന്നും അവര്‍ക്കജ്ഞാതമായി യാതൊന്നുമില്ലെന്നും ഉള്ള ഒരു വിശ്വാസം പണ്ടുമുതലേ മനുഷ്യര്‍ പുലര്‍ത്തിപ്പോന്നിട്ടുണ്ട്. ഭാഗധേയങ്ങള്‍ നന്നാക്കുകയും ചീത്തയാക്കുകയും ചെയ്യുക, പ്രാര്‍ഥനകള്‍ കേള്‍ക്കുക, ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക, ആര്‍ത്തന്‍മാര്‍ക്കു തുണയേകുക തുടങ്ങിയ കാര്യങ്ങള്‍ സര്‍വജ്ഞനായ ഒരസ്തിത്വത്തിനു മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന യാഥാര്‍ഥ്യം മനുഷ്യമനസ്സിനു ബോധ്യപ്പെട്ടിരിക്കുന്നു. ഈയടിസ്ഥാനത്തില്‍ മനുഷ്യന്‍ ആരില്‍ ദൈവിക ഗുണങ്ങള്‍ ആരോപിക്കുന്നുവോ അവനെ അനിവാര്യമായും സര്‍വജ്ഞനായി സങ്കല്‍പിക്കുന്നു. കാരണം, ദിവ്യത്വവും സര്‍വജ്ഞതയും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്ന് അവന്റെ ബുദ്ധി നിസ്സംശയം സാക്ഷ്യം വഹിക്കുന്നു. ഇപ്പോള്‍ മുകളില്‍ പറഞ്ഞ പ്രകാരം സ്രഷ്ടാവും പരിപാലകനും അന്നദാതാവും ആര്‍ത്തത്രാണനും അല്ലാഹു മാത്രമാണെങ്കില്‍, അവനെ കൂടാതെ മറ്റാര്‍ക്കും അധികാരങ്ങളൊന്നുമില്ലെങ്കില്‍ അവന്‍ സര്‍വജ്ഞന്‍ കൂടിയാണെന്ന യാഥാര്‍ഥ്യം സ്വയം വ്യക്തമാകുന്നു. ഏതെങ്കിലും ജിന്നിനോ മലക്കിനോ പ്രവാചകനോ പുണ്യവാളനോ വായുവിലും വെള്ളത്തിലും ഭൂഗര്‍ഭത്തിലും ഉപരിതലത്തിലും ഏതേതു ജീവികള്‍ എവിടെവിടെ ജീവിക്കുന്നു എന്ന് അറിവുണ്ടെന്ന് സങ്കല്‍പിക്കുവാന്‍ ബുദ്ധിയും ബോധവുമുള്ള ആര്‍ക്കെങ്കിലും സാധിക്കുമോ? ഉപരിലോകത്തിലെ കണക്കറ്റ ഗോളങ്ങളുടെ കൃത്യമായ എണ്ണം എത്രയാണെന്നറിയുന്നവര്‍ ആരാണുള്ളത്? ഓരോ ഗോളത്തിലും ഏതെല്ലാം തരം ജീവികളുണ്ടെന്ന് ആര്‍ക്കറിയാം? ആ ജീവികളോരോന്നും എവിടെയെല്ലാം കഴിയുന്നുവെന്നും അവയുടെ ആവശ്യങ്ങളെന്തൊക്കെയെന്നും വല്ലവര്‍ക്കും അറിയാമോ? എന്നാല്‍ അല്ലാഹു ഇതെല്ലാം അനിവാര്യമായി അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്തുകൊണ്ടെന്നാല്‍ അവനാണവയെ സൃഷ്ടിച്ചത്. അവയുടെ കാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതും അവന്‍ തന്നെ. അവയുടെ ആഹാരത്തിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തവനും അവനാണ്. എന്നാല്‍ അവനല്ലാത്ത മറ്റാര്‍ക്കെങ്കിലും ഈ അപാരമായ ജ്ഞാനം ആര്‍ജിക്കാനാകുന്നതെങ്ങനെയാണ്? ഈ വസ്തുക്കളുടെ നിലനില്‍പ്പിന്നാധാരമായ സ്രഷ്ടാവിനോടും അന്നദാതാവിനോടും മാത്രം ബന്ധപ്പെട്ട കാര്യമാണത്.

കൂടാതെ ഏതെങ്കിലും ഒരു സൃഷ്ടി ഭൂമിയെക്കുറിച്ചു മാത്രമെങ്കിലും; ഭൂമിയില്‍ തന്നെ കേവലം മനുഷ്യനെക്കുറിച്ചെങ്കിലും അതിഭൗതികജ്ഞാനിയായിരിക്കുക എന്നത് പരിശോധനാര്‍ഹമായ കാര്യംപോലുമല്ല. സൃഷ്ടി-സ്ഥിതി-സംഹാരാദി കാര്യങ്ങളില്‍ ദൈവത്തിന്റെ അവസ്ഥയെന്തോ, ആ അവസ്ഥയുമായി സമന്വയിപ്പിക്കുമ്പോള്‍ പരിഗണനാര്‍ഹമല്ല എന്നാണ് പറയുന്നത്. ഈ ലോകത്ത് ഇന്നോളം ഉണ്ടായിട്ടുള്ളവരും ഇനി ഉണ്ടാകാനിരിക്കുന്നവരുമായ മനുഷ്യരില്‍ ഓരോരുത്തരും മാതാക്കളുടെ ഗര്‍ഭാശയത്തില്‍ രൂപപ്പെടാന്‍ തുടങ്ങിയതു മുതല്‍ അന്ത്യനിമിഷം വരെ ഏതെല്ലാം അവസ്ഥകളെയും രൂപങ്ങളെയും പിന്നിട്ടു എന്ന് അറിയാന്‍ കഴിയുന്നവര്‍ ആരാണുള്ളത്? അതൊക്കെ ഏതെങ്കിലും ഒരാള്‍ക്ക് അറിയാനാകുന്നതെങ്ങനെയാണ്? അയാള്‍ ഈ എണ്ണമറ്റ സൃഷ്ടികളുടെ സ്രഷ്ടാവാണോ? പിതാക്കളുടെ ശുക്ലത്തില്‍ അവരുടെ ബീജങ്ങള്‍ക്ക് ഉണ്‍മയേകിയതയാളാണോ? ഗര്‍ഭാശയങ്ങളില്‍ അവരെ രൂപപ്പെടുത്തിയതയാളാണോ? അവര്‍ ജീവനോടെ പ്രസവിക്കപ്പെടാന്‍ ഏര്‍പ്പാടുകള്‍ ചെയ്തതയാളാണോ? അവരില്‍ ആരുടെയെങ്കിലും ഭാഗധേയം നിര്‍ണയിച്ചതയാളാണോ? അവരുടെ ജനിമൃതികളുടെയും രോഗാരോഗ്യങ്ങളുടെയും സന്തോഷസന്താപങ്ങളുടെയും ഉത്ഥാനപതനങ്ങളുടെയും വിധി നിര്‍ണയത്തിനുത്തരവാദി അയാളായിരുന്നുവോ? എപ്പോള്‍, എങ്ങനെയാണയാള്‍ അതിനൊക്കെ ഉത്തരവാദിയായത്? തന്റെ ജനനത്തിനു മുമ്പോ പിമ്പോ? തന്റെ ഈ ഉത്തരവാദിത്വം മനുഷ്യരില്‍ മാത്രം പരിമിതമായതെങ്ങനെ? ഈ വക സംഗതികളാണെങ്കില്‍, ആകാശഭൂമികളുള്‍പ്പെടെയുള്ള പ്രപഞ്ചസംവിധാനത്തിന്റെ അഭേദ്യമായ ഭാഗമാണല്ലോ. അതുകൊണ്ട് മുഴുവന്‍ പ്രപഞ്ചത്തെയും സൃഷ്ടിച്ചു പരിപാലിക്കുന്നവനാരോ, അവന്നു മാത്രമേ മനുഷ്യന്റെയും ജനിമൃതികളുടെയും ക്ഷേമക്ഷാമങ്ങളുടെയും മറ്റു ഭാഗധേയങ്ങളുടെയും ഉത്തരവാദിത്വമേറ്റെടുക്കാന്‍ കഴിയൂ.

ഈ അടിസ്ഥാനത്തില്‍, അതിഭൗതികജ്ഞാനം അല്ലാഹുവിന്നല്ലാതെ മറ്റാര്‍ക്കുമില്ല എന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാകുന്നു. അല്ലാഹു താനിഛിക്കുന്ന ചില വ്യക്തികള്‍ക്ക് തന്റെ വിജ്ഞാനത്തിന്റെ ചില വശങ്ങള്‍ തുറന്നുകൊടുത്തേക്കാം. ചില അതിഭൗതിക കാര്യങ്ങള്‍ അറിയിച്ചുകൊടുത്തേക്കാം. പക്ഷേ, അതിഭൗതിക ജ്ഞാനത്തില്‍ സാകല്യേന മറ്റാര്‍ക്കും പങ്കില്ല. 'ആലിമുല്‍ഗൈബ്' -അതിഭൗതികജ്ഞന്‍- എന്ന ഗുണം അല്ലാഹുവിന്റേതു മാത്രമാണ്.

(അതിഭൗതിക യാഥാര്‍ഥ്യങ്ങളുടെ താക്കോലുകള്‍ അവന്റെ പക്കലാകുന്നു. അവനല്ലാതാരും അതറിയുന്നില്ല. -ഖുര്‍ആന്‍ )

(പുനരുത്ഥാനനിമിഷം സംബന്ധിച്ച ജ്ഞാനം അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. അവനത്രെ മഴ പെയ്യിക്കുന്നത്. ഗര്‍ഭാശയങ്ങളിലുള്ളത് അറിയുന്നു. നാളെ താന്‍ എന്തു നേടാന്‍ പോകുന്നു എന്ന് യാതൊരാളും അറിയുന്നില്ല. താന്‍ ഏതു മണ്ണില്‍ മരിക്കുമെന്നും യാതൊരുവനും അറിയുന്നില്ല-ഖുര്‍ആന്‍ ).

(സൃഷ്ടികളുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ ജ്ഞാനത്തില്‍നിന്ന് യാതൊന്നും തന്നെ അവര്‍ക്ക് അറിയാവതല്ല- അവന്‍ അവരെ അറിയിക്കണമെന്നുദ്ദേശിച്ചതല്ലാതെ-ഖുര്‍ആന്‍).

(നിങ്ങളുടെ ആരാധ്യരാണെങ്കില്‍) എപ്പോഴാണ് തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നുപോലും അറിയാത്തവരാകുന്നു.'

(നിങ്ങള്‍ അതിഭൗതിക ജ്ഞാനമുള്ളവരാണെന്നു കരുതുകയും തദടിസ്ഥാനത്തില്‍ ദിവ്യത്വത്തില്‍ പങ്കാളിത്തം കല്‍പിക്കുകയും ചെയ്യുന്ന ദൈവേതരന്‍മാരുണ്ടല്ലോ, കേവലം നിസ്സഹായരായ അവരൊന്നും സ്വന്തം ഭാവിയെക്കുറിച്ചുപോലും അറിവുള്ളവരല്ല. അല്ലാഹു തങ്ങളെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍പിക്കുന്ന പുനരുത്ഥാനവേള എപ്പോഴാണെന്ന് അവര്‍ക്കജ്ഞാതമാണ്.)

2 comments:

  1. ദൈവത്തെ നിഷേധിക്കുന്നവര്‍ ലോകചരിത്രത്തില്‍ തുലോം വിരളമത്രെ. ഇപ്പോഴും അങ്ങിനെത്തന്നെ സ്രഷ്ടാവായ ദൈവത്തിന് പുറമെ നൂറായിരം ദൈവങ്ങളെ സങ്കല്‍പിക്കുന്ന ബഹുദൈവത്വമാണ് എന്നും എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പ്രവാചകന്‍ മൂസായെ എതിര്‍ത്ത ഫിര്‍ഔനും ഇബ്‌റാഹീം പ്രവാചകനെ എതിര്‍ത്ത നംറൂദും ദൈവനിഷേധികളായിരുന്നില്ല എന്ന വ്യാഖ്യാനമാണ് എനിക്ക് കൂടുതല്‍ നന്നായി തോന്നുന്നത്. ഏകദൈവത്വം എന്ന സങ്കല്‍പം പലപ്പോഴും ബഹുദൈവത്വത്തിലേക്ക് വഴിമാറുന്ന കാഴ്ച നാം കാണുന്നു. വേദഗ്രന്ഥങ്ങളിലൊന്നും അടിസ്ഥാനപരമായി ബഹുദൈവത്വം കാണാന്‍ കഴിയില്ല. അതുകൊണ്ടായിരിക്കുമോ നിങ്ങള്‍ തെളിവ് കൊണ്ടുവരൂ എന്ന് ഖുര്‍ആന്‍ ബഹുദൈവത്വം വാദിക്കുന്നവരോട് ചോദിക്കാന്‍ കാരണം.

    ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...