Monday, October 11, 2010

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ്.

മനുഷ്യന്‍ സംസാരിക്കുന്ന വാക്കുകള്‍ ചേര്‍ന്നുകൊണ്ടുള്ള വാക്യങ്ങള്‍ തന്നെയാണ് ഖുര്‍ആനിലുള്ളത്. അറബി ഭാഷയേയും ഭാഷാ സാഹിത്യത്തേയും സംബന്ധിച്ച നിയമങ്ങള്‍ തന്നെയാണ് സ്വാഭാവികമായും അതിലും പ്രവര്‍ത്തികുന്നതെന്ന കാര്യത്തിലും സംശയമില്ല. പക്ഷെ അതോടൊപ്പം തന്നെ അതിന്റെ വാചക ഘടനയും വിവരണരീതിയും അറബി സാഹിത്യ ഭണ്ഡാരത്തിലൊന്നും പരിശോധിച്ചാല്‍ കാണാന്‍ കഴിയാത്തവിധം വ്യത്യസ്ഥമാണ്. അന്യാദൃശവും വിസ്മയാവഹമുമായ ഒരു നിസ്തുലത അതിനുണ്ട്. ആശ്ചര്യകരമായ ഈ അവസ്ഥയുടെ ശരിയായ രൂപമെന്താണെന്ന് ഏകദേശം അനുമാനിക്കാന്‍ വേണ്ടി പ്രഗല്ഭ സാഹിത്യകാരന്‍മാരുടെ ചില സാക്ഷ്യം കേള്‍ക്കുക. അവ ഖുര്‍ആനിലും ഇസ്‌ലാമിലും വിശ്വാസമുള്ളവരല്ല. മറിച്ച് ഇസ്‌ലാമിന്റെ കഠിന വിരോധികളുടെ സാക്ഷ്യങ്ങളാണെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. മലയാളികളായ ചില യുക്തിവാദികള്‍ ഖുര്‍ആന്റെ സാഹിത്യശൈലിയെ പരിഹസിക്കാറുണ്ട്. പരിഭാഷവായിച്ച് ഖുര്‍ആനെ വിലയിരുത്തിയവരല്ല ഈ കാര്യത്തില്‍ ആധികാരികമായി പറയാന്‍ യോഗ്യര്‍. ഏതൊരു മഹാനായ കലാകാരനും അദ്ദേഹം ഏത് മേഖലയിലുള്ള ആളാകട്ടെ. താന്‍ മികച്ച് നില്‍ക്കുന്ന മേഖലയില്‍ അമ്പരപ്പിക്കുന്ന ഒരു സൃഷ്ടികണ്ടാല്‍ അതിനെ അവഗണിക്കുകയോ ചെറുതാക്കികാണിക്കുകയോ ചെയ്യാറില്ല, അതിലെ ഉള്ളടക്കത്തോട് അയാള്‍ക്ക് എത്രമാത്രം വിയോജിപ്പുണ്ടെങ്കിലും ശരി. ഈ ബുദ്ധിപരമായ വസ്തുതയെ മുഖവിലക്കെടുത്താണ്. ഇസ്‌ലാം  സ്വീകരിക്കാത്ത സാഹിത്യസാമ്രാട്ടുകളായി ചരിത്രത്തില്‍ അറിയപ്പെടുന്ന ഏതാനും പേരുടെ സാക്ഷ്യം ഇവിടെ നല്‍കുന്നത്.

അവരില്‍ ഒരാളാണ് പ്രസിദ്ധ ഖുറൈശി നേതാവായ വലീദുബ്‌നു മുഗീറത്ത് അദ്ദേഹം പ്രവാചകന്‍ തിരുമേനിയുടെ അടുത്തുവന്നു. നബി തന്റെ സാധാരണ സമ്പ്രദായമനുസരിച്ച് അദ്ദേഹത്തിനു വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തുകേള്‍പ്പിച്ചു. ദിവ്യവചനങ്ങളുടെ വശ്യശക്തി നിമിത്തം അദ്ദേഹം മൗനിയായി. ഒന്നും ഉരിയാടാതെ വീട്ടിലേക്ക് തിരിച്ചു. ഈ വാര്‍ത്ത ആബൂജഹ് ല്‍ അറിഞ്ഞപ്പോള്‍ പരിഭ്രമത്തോടുകൂടി വലീദിന്റെ അടുക്കല്‍ ഓടിയെത്തി. (കഠിനമായ പ്രവാചക വിരോധമുണ്ടായിരുന്ന അബൂജഹ് ലിന് ആരെങ്കിലും പ്രവാചകനില്‍ ആകൃഷ്ടനായി എന്നറിയുന്നത് സഹിക്കാന്‍ കഴിയുമായിരുന്നില്ല.) ഇങ്ങനെ പറഞ്ഞു: "ബഹുമാനപ്പെട്ട പിതൃസഹോദരാ മുഹമ്മദിനെക്കുറിച്ച് താങ്കളുടെ നിലപാട് ഒന്ന് വ്യക്തമാക്കണം. അവന്റെ വാദം സത്യമാണെന്ന് താങ്കള്‍ക്ക് വിശ്വാസമില്ലെന്ന് ജനങ്ങള്‍ക്ക് സമാധാനിക്കാന്‍ ഉപകരിക്കുന്ന ഒരു പ്രസ്താവന താങ്കളിപ്പോള്‍ ചെയ്യണം."

അതിന് വലീദിന്റെ മറുപടി : "ഞാനെന്താണ് പറയേണ്ടത്!. കവിതയാകട്ടെ, കാവ്യമാകട്ടെ ജിന്നുകളുടെ പദ്യമാകട്ടെ, അറബി ഭാഷയിലുള്ള ഏതോരു സാഹിത്യവും നിങ്ങളെക്കാള്‍ കൂടുതലായി എനിക്കറിയാം. എന്നാല്‍ ഞാന്‍ ദൈവത്തിന്റെ പേരില്‍ സത്യം ചെയ്തു പറയുന്നു. ഈ മനുഷ്യന്‍ സമര്‍പിക്കുന്ന വചനങ്ങള്‍ക്ക് വിസ്മയാവഹമായ ഒരു മാധുര്യമുണ്ട്. ഒരു പ്രത്യേക തരം ഭംഗിയുണ്ട്. അതിന്റെ കൊമ്പുകളും ചില്ലകളും ഫലങ്ങള്‍ നിറഞ്ഞിരിക്കുന്നു. അതിന്റെ മുരടാകട്ടെ വളരെയധികം പശിമയാര്‍ന്ന മണ്ണില്‍ ഊന്നിനില്‍ക്കുന്നു. തീര്‍ചയായും അത് സര്‍വവചനങ്ങളെക്കാളും ഉന്നതമാണ്. അതിനെ താഴ്തിക്കാണിക്കാന്‍ മറ്റൊരു വചനത്തിനും സാധ്യമല്ല. അതിന്റെ കീഴില്‍ അകപ്പെടുന്ന എല്ലാറ്റിനേയും അതു തകര്‍ത്തുകളയുമെന്നതില്‍ യാതൊരു സംശയവുമില്ല." (ബൈഹഖി, ഹാകിം എന്നിവര്‍ ഉദ്ദരിച്ചത്)

ഖുറൈശികളിലെ മറ്റൊരു നേതാവ് ഉത്ബത്ത്ബ്‌നു റബീഅ പറഞ്ഞതിങ്ങനെ: "ദൈവമാണ് സത്യം അവന്‍(മുഹമ്മദ് നബി) സമര്‍പിക്കുന്ന ആ വചനം വശീകരണ വിദ്യയല്ല, കവിതയല്ല, (ഖുര്‍ആന്‍ കവിതയല്ല) ജ്യോത്സ്യന്‍മാരുടെ സംസാരവുമല്ല." ശത്രുക്കള്‍ ആരോപിച്ചിരുന്ന ചില ആരോപണങ്ങള്‍ ഖണ്ഡിക്കുകയാണ് ഉത്ബ.


ഖുര്‍ആന്‍ സാഹിത്യം പ്രയോഗിച്ചത് കേവലം ആസ്വാദനത്തിന് വേണ്ടിയായിരുന്നില്ല. ഖുര്‍ആന്‍ നല്‍കുന്ന ജീവിത സന്ദേശങ്ങള്‍ ജനമനസ്സുകളിലേക്ക് തറച്ചുകയറി അവിടെ പ്രതികരണം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ്. ആ സാഹിത്യ നിര്‍ത്ധരി ജനമനസുകളിലേക്ക് നിമിഷനേരം കൊണ്ട് ഒഴുകിയിറങ്ങുന്നു. അതേ, ലോകത്തിലെ എറ്റവും കുടുതല്‍ വായിക്കപ്പെടുന്ന ഗ്രന്ഥം. പേര് തന്നെ (ഖുര്‍ആന്‍ ) 'കൂടുതല്‍ വായിക്കപ്പെടുന്നത്' എന്ന പേര് നല്‍കപ്പെട്ട  ഗ്രന്ഥം. അതിന്റെ പാരായണത്തിന് മാത്രമായി ആധുനിക ലോകത്ത് നൂറുകണക്കിന് എഫ്.എം സ്റ്റേഷനുകളും ടെലിവിഷന്‍ ചാനലുകളും. എത്ര കേട്ടാലും മതിവരാത്ത പ്രാസഭംഗി. ഒരോ അധ്യായത്തിനും വ്യത്യസ്ത ടോണുകള്‍. ഇവയൊന്നും പരിഭാഷയില്‍ കൊണ്ടുവരാനാകില്ല. അതിനാല്‍ പരിഭാഷവായിച്ച് അഭിപ്രായം പറയുന്നവര്‍ ഇവിടെ പരിഹാസ്യരാകുന്നതില്‍ അത്ഭുതമില്ല.  

1400 വര്‍ഷത്തിനിടയില്‍ മനുഷ്യനനുകരിക്കാന്‍ സാധിക്കാത്ത ഈ സാഹിത്യം ഖുര്‍ആന്റെ ദൈവികതക്കുള്ള മറ്റൊരു തെളിവാണ്.

ഇസ്രാഈലീ പണ്ഡിതന്‍മാരുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികഗ്രന്ഥമാണെന്നതിന്റെ മൂന്നാമത്തെ തെളിവ് പ്രവാചകന്റെ കാലത്ത് ജീവിച്ചിരുന്ന ജൂതന്‍മാരും ക്രിസ്ത്യാനികളുമായിരുന്ന ഇസ്രഈലി പണ്ഡിതന്‍മാരുടെ സാക്ഷ്യമാണ്. ഒരു പ്രവാചകന്റെയും ദൈവികഗ്രന്ഥത്തിന്റെയും ആഗമനം ജൂതക്രൈസ്തവ പണ്ഡിതന്‍മാര്‍ പ്രതീക്ഷിച്ചിരുന്നു. പ്രവാചകന് ദിവ്യബോധനം ലഭിച്ച ഉടനെ കാര്യമറിയാനായി പത്‌നി ഖദീജ അഭിപ്രായമാരാഞ്ഞ വറഖത്ത് ബ്‌നു നൗഫല്‍ എന്ന് ക്രിസ്തീയ പണ്ഡിതനും ഖദീജയുടെ ബന്ധുവുമായ വയോവൃദ്ധന്‍ ഇക്കാര്യം വ്യക്തമാക്കിയപ്പോഴാണ് ഖദീജയുടെയും പ്രവാചകന്റെയും ആശങ്കനീങ്ങിയത്. മക്കയില്‍ ജൂതക്രൈസ്തവരുടെ സാന്നിദ്ധ്യം ഇല്ലായിരുന്നു എന്ന് തന്നെ പറയാം. പിന്നീട് ഉണ്ടായിരുന്നത് മദീനയിലായിരുന്നു. മൂന്ന് പ്രബല ജൂതഗോത്രങ്ങളുടെ ആ്‌വാസ സ്ഥലമായിരുന്നു മദീന. അവരോട് കൂടെ സഹവസിച്ചിരുന്ന ഔസ് ഖസ്‌റജ് എന്ന രണ്ട് പ്രബല അറബി ഗോത്രങ്ങളുമായി പലപ്പോഴും തര്‍ക്കം നിലനിന്നിരുന്നു. ഈ സന്ദര്‍ഭത്തില്‍ ജൂതന്‍മാര്‍ പറയുമായിരുന്നു. ഞങ്ങളില്‍ ഒരു പ്രവാചകന്‍ വരാനുണ്ട് അദ്ദേഹം വന്നാല്‍ നിങ്ങളെ ഞങ്ങള്‍ തോല്‍പിക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ സ്വഭാവവും രൂപവും അവര്‍ക്ക് ജൂതന്‍മാരില്‍നിന്ന് അറിയാമായിരുന്നു.

മദീനയില്‍നിന്ന് ഹജ്ജിന് വന്ന അറബി ഗോത്രങ്ങള്‍ മക്കക്കാരുടെ നിയന്ത്രണം അവഗണിച്ച് പ്രവാചകനുമായി സന്ധിച്ചു. ജൂതന്‍മാര്‍ ചിത്രീകരിച്ചുകൊടുത്ത മുഴുവന്‍ ലക്ഷണങ്ങളും പ്രവാചകനില്‍ യോജിച്ചതായി അവര്‍ കണ്ടു. ഇതോടെ ജൂതന്‍മാര്‍ സ്വീകരിക്കുന്നതിന് മുമ്പായി തങ്ങള്‍ക്ക് അദ്ദേഹത്തെ പിന്തുടരേണ്ടതുണ്ട് എന്ന് മനസ്സിലാക്കി മുസ്‌ലിംകളായിട്ടാണ് അവര്‍ മദീനയിലേക്ക് മടങ്ങിയത്. അവരുടെ വാഗ്ദാനമനുസരിച്ചാണ് പ്രവാചകന്‍ മദീനയിലേക്ക് പലായനം ചെയ്തത്. മദീനയിലെത്തിയ പ്രവാചകനെ ജൂതന്‍മാര്‍ വരവേറ്റു. പക്ഷെ അവരുടെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞതിനാല്‍ അവരദ്ദേഹത്തെ പെട്ടെന്ന് പിന്‍പറ്റാന്‍ സന്നദ്ധമായില്ല. സത്യത്തില്‍ സ്വന്തം മക്കളെ അറിയുന്ന പ്രകാരം അവര്‍ക്ക് പ്രവാചകന്‍ കൊണ്ടുവന്ന സത്യത്തെ
 തിരിച്ചറിയാന്‍ കഴിയുമായിരുന്നു.('നാം വേദം നല്‍കിയിട്ടുള്ള ജനങ്ങള്‍ ഈ സത്യം അവരുടെ മക്കളെ അറിയുംപ്രകാരം സംശയലേശമന്യേ അറിയുന്നുണ്ട്.' 6:20) പക്ഷെ അഹങ്കാരവും അസൂയയും അവരില്‍ പലരെയും പിന്തിരിച്ചപ്പോള്‍ അവരിലെ സാദാത്തുക്കളായ പണ്ഡിതന്‍മാരും നേതാക്കളും  നേതാക്കളും ഈ സത്യത്തില്‍നിന്ന് മാറിനിന്നില്ല. ആ നല്ല മനുഷ്യര്‍ ഈ ഖുര്‍ആനിന്റെ അനുയായികളായി മാറി. കാരണമായി ഖുര്‍ആന്‍തന്നെ പറഞ്ഞുതരുന്നു.

'നാം ഗ്രന്ഥം (തൗറാത്ത്) നല്‍കിയവര്‍ക്കറിയാം, തീര്‍ചയായും ഇത് (ഖുര്‍ആന്‍ ) നിന്റെ നാഥന്റെ പക്കല്‍നിന്ന് സത്യസമ്മേതം അവതരിപ്പിക്കപ്പെട്ടതാണെന്ന്' (6:114). ഈ വചനത്തിന്റെ പുലര്‍ച നാം ചരിത്രത്തില്‍ കാണുന്നു. ഇന്നും അത് ആവര്‍ത്തികപ്പെട്ടുകൊണ്ടിരിക്കുന്നു.

അത്തരം സത്യസ്‌നേഹികളുടെ വളരെ നീണ്ട ഒരു പട്ടിക ചരിത്രം നമ്മുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു. അബ്‌സീനിയ (ഏത്യോപ്യ)യിലെ ഭരണാധിപനായ നജ്ജാശി, അദ്ദേഹത്തിന്റെ സഹോദരിപുത്രനായ ദൂമഖ്മര്‍, ഫലസ്തീനിലെ റോമന്‍ ഗവര്‍ണറും ബിഷപ്പുമായ ഇബ്‌നു നാത്തൂര്‍,
നജ്‌റാനിലെ ക്രിസ്തീയ ഭരണമേധാവിയുടെ സഹോദരന്‍ കുര്‍സുബ്‌നു അല്‍ഖമ, ബനൂത്വയ്യ് ഗോത്രനേതാവായ അദിയ്യുബ്‌നു ഹാത്തിം, സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതന്‍മാരായ കഅബുല്‍ അഹ്ബാര്‍, വഹബ്‌നു മുനബ്ബഹ്, അബ്ദുല്ലാഹിബ്‌നു സലാം തുടങ്ങിയ പണ്ഡിതനേതാക്കളും അവരോടൊപ്പവും അല്ലാതെയും ധാരാളം വേദക്കാരും ഈ വിശുദ്ധഖുര്‍ആനിന്റെ അനുയായികളായി മാറി.

ജൂതരും ക്രിസ്ത്യാനികളുമായിരുന്ന ഈ ആള്‍ക്കാര്‍ ഖുര്‍ആനില്‍ വിശ്വസിച്ചു എന്നത് ഖുര്‍ആനിന്റെ സത്യസന്ധതക്ക് തെളിവായി ഖുര്‍ആന്‍ തന്നെ സൂചിപ്പിക്കുന്നു :

'ഇസ്രാഈലീ പണ്ഡിതന്‍മാര്‍ ഇത് (ഖുര്‍ആന്‍ ) തിരിച്ചറിയുന്നുവെന്ന പരമാര്‍ത്ഥം ഇവര്‍ക്കൊരു ദൃഷ്ടാന്തമായിട്ടില്ലേ' (26:197)

അങ്ങനെ അവരിലുണ്ടായിരുന്ന യഥാര്‍ഥ പണ്ഡിതന്‍മാരും ദൈവഭയമുള്ളവരും സത്യത്തോടുള്ള സ്‌നേഹം സാമുദായിക പക്ഷപാതിത്വത്തിന് അടിയറ വെക്കാത്തവരും ഒട്ടും സംശയിച്ചു നില്‍ക്കാതെ ഖുര്‍ആനെ ആശ്ലേഷിക്കുകയുണ്ടായി. ഖുര്‍ആന്റെ സന്ദേശങ്ങള്‍ അവരുടെ മുന്നില്‍ സമര്‍പ്പിതമായപ്പോള്‍ തങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്ന അമൂല്യസമ്പത്ത് കയ്യില്‍കിട്ടിയ അനുഭൂതിയാണ് അവര്‍ക്കനുഭവപ്പെട്ടത്. ചരിത്രപരമായ പരമാര്‍ഥം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയതിങ്ങനെ.

'അങ്ങനെ നാം ഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍ ഇതില്‍ (ഖുര്‍ആനില്‍ ) വിശ്വസിക്കുന്നു.' (29:47)

അബ്ദുല്ലാഹിബ്‌നുസലാമിനെ പോലുള്ള ക്രിസ്തീയ പണ്ഡിതരുടെ അനുഭവം ഖുര്‍ആനില്‍ ഇങ്ങനെ വിവരിക്കുന്നു.

'ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍, സത്യബോധത്തിന്റെ ഫലമായി അവരുടെ കണ്ണുകളില്‍ കണ്ണുനീര്‍ വഴിഞ്ഞൊഴുകുന്നതു നിനക്കു കാണാം. അവര്‍ പറഞ്ഞുപോകുന്നു: `നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ നാമം നീ സാക്ഷികളുടെ ഗണത്തില്‍ രേഖപ്പെടുത്തേണമേ!` അവര്‍ പറയുന്നു: `ഞങ്ങളുടെ നാഥന്‍ ഞങ്ങളെ സച്ചരിതരുടെ സമൂഹത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ കൊതിച്ചിരിക്കെ, അല്ലാഹുവിലും ഞങ്ങളിലാഗതമായ സത്യത്തിലും ഞങ്ങള്‍ എന്തിനു വിശ്വസിക്കാതിരിക്കണം?!`' (5:83,84)

എങ്ങനെയാണ് ഇസ്‌റാഈലി പണ്ഡിതന്‍മാര്‍ക്ക് പ്രവാചകനെയും ഖുര്‍ആനെയും ദൈവികഗ്രന്ഥമായി മനസ്സിലാക്കിയത്. എന്ന് ചിന്തിക്കുമ്പോള്‍ അവരുടെ വേദങ്ങളില്‍ ഇവ രണ്ടിനെയും കുറിച്ച വ്യക്തമായ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു എന്ന നിഗമനത്തില്‍ നാം എത്തിച്ചേരും. ഖുര്‍ആനിന്റെ സൂക്തങ്ങള്‍ അത് കേവലം നിഗമനമല്ല സത്യം തന്നെ എന്ന് അതിന്റെ അനുയായികള്‍ക്ക് അറിയിപ്പും നല്‍കുന്നു.
'തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക് നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു.അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിച്ച വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍.'(7:157)

എന്തുകൊണ്ട് ഖുര്‍ആനെക്കുറിച്ച് മാത്രം മറ്റുവേദങ്ങളില്‍ പരാമര്‍ശമുണ്ടാകുന്നു എന്ന് സാധാരണ ചോദിക്കപ്പെടാറുണ്ട്. മറുപടി ഖുര്‍ആന്‍ മനുഷ്യര്‍ക്കാകമാനമുള്ള ദൈവികദര്‍ശനത്തിന്റെ അവസാന പതിപ്പാണ്. മുന്‍കാലത്ത് നല്‍കപ്പെട്ടതെല്ലാം പ്രത്യേക കാലത്തേക്കും ദേശത്തേക്കും മാത്രമായിരുന്നു. സാര്‍വലൗകികവും സാര്‍വകാലികവുമായ ഒരു ദിവ്യസന്ദേശത്തിന്റെ വാഹകനെക്കുറിച്ച മുന്നറിയിപ്പ് അതുകൊണ്ട് പുര്‍വവേദങ്ങളില്‍ അപ്രതീക്ഷിതമല്ല. എല്ലാറ്റിന്റെയും ദാതാവ് ദൈവമായിരിക്കെ അതില്‍ ഒരു മാനക്കേട് തോന്നേണ്ട കാര്യമില്ല. ഖുര്‍ആന്‍ എന്തെങ്കിലും ഒരു പുതിയ വിശ്വാസം കൊണ്ടുവന്നിട്ടില്ല. മനുഷ്യ സമൂഹത്തിന് നല്‍കപ്പെട്ട സന്ദേശങ്ങളുടെ തുടര്‍ചതന്നെയായിരുന്നു ഇതെന്ന് പറയുന്നതില്‍ ആ ഗ്രന്ഥം ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല. ഖുര്‍ആന്‍ പറഞ്ഞു:
 
'പൂര്‍വജനങ്ങളുടെ ഈ കഥകളില്‍, ബുദ്ധിയും വിവേകവുമുള്ളവര്‍ക്ക് പാഠമുണ്ട്. ഖുര്‍ആനില്‍ ഈ പറഞ്ഞുകൊണ്ടിരിക്കുന്നതൊന്നും കെട്ടിച്ചമച്ച വൃത്താന്തങ്ങളല്ല. പ്രത്യുത അതിനുമുമ്പ് അവതീര്‍ണമായിട്ടുള്ള വേദപ്രമാണങ്ങളെയെല്ലാം സത്യപ്പെടുത്തുന്നതും സകല സംഗതികളുടെയും വിശദീകരണവും സത്യവിശ്വാസം കൈക്കൊണ്ട ജനത്തിനുളള സന്മാര്‍ഗവും ദൈവകാരുണ്യവുമാകുന്നു. (12:111)

ഈ സത്യം പൂര്‍വികരായ വേദപണ്ഡിതന്‍മാരില്‍ പലരും മനസ്സിലാക്കി എന്നാണ് നാം പറഞ്ഞുവന്നത്. ജൂതരും ക്രൈസ്തവരുമായിരുന്ന ഈ ആള്‍ക്കാര്‍ ഖുര്‍ആനില്‍ വിശ്വസിച്ചതുതന്നെ, തൗറാത്തിലും ഇഞ്ചീലിലുമുണ്ടായിരുന്ന പ്രവചനങ്ങളുടെ പുലര്‍ചയാണ് ഖുര്‍ആനെന്നതിന് മതിയായ തെളിവാണ്. കാരണം അവര്‍ വേദവും ന്യായപ്രമാണവുമുള്ളവരായിരുന്നു. ഖുറൈശികളെ പോലെ ഗ്രന്ഥരഹിതരായിരുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ഗ്രന്ഥമില്ലാത്ത നിര്‍ഭാഗ്യം ദൂരീകരിക്കാന്‍ ഖുര്‍ആന്‍ ദൈവികമാണെന്ന് അവര്‍ കണ്ടമാനം സമ്മതിച്ചുപൊയതാണ് എന്ന് പറയാമായിരുന്നു. പക്ഷെ അങ്ങനെയൊന്നുമല്ലാതെ തൗറാത്തിനും ഇഞ്ചീലിനും പകരം ഖുര്‍ആനെ അനുധാവനം ചെയ്യാന്‍ അവര്‍ തീരുമാനിച്ചുവെങ്കില്‍ അവരുടെ ഈ അസാമാന്യമായ നെഞ്ചുറപ്പ് ആവശ്യമായ കര്‍മത്തിന് മനഃശാസ്ത്രപരമായും ബുദ്ധിപരമായും അതിന് നമ്മുക്ക് ലഭിക്കുന്ന തൃപ്തികരമായ ന്യയം ഇതാണ്. തങ്ങളുടെ വേദഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ച പ്രവചനങ്ങള്‍ അവര്‍ കണ്ടു. മറുവശത്ത് ഖുര്‍ആനെയും പ്രവാചകനെയും കുറിച്ച് അവര്‍ ചിന്തിച്ചു. അതോടെ അവരുടെ ഹൃദയങ്ങള്‍ വിളിച്ചു പറഞ്ഞു. തങ്ങക്ക് മുമ്പേ അറിവുനല്‍കപ്പെട്ടിരുന്നതിതാ പുലര്‍ന്നു കഴിഞ്ഞുവെന്ന്. അനന്തരം തങ്ങളുടെ സത്യസ്‌നേഹം അതുസ്വീകരിക്കാന്‍ അവരെ നിര്‍ബന്ധിച്ചു.

ദൃക്‌സാക്ഷ്യം: രണ്ടാമത്തെ തെളിവ്

വിശുദ്ധ ഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള രണ്ടാമത്തെ തെളിവ്. ദൃക്‌സാക്ഷിയുടെ തെളിവാണ്. ആ ദൃക്‌സാക്ഷി മുഹമ്മദ് നബിയാണ്. അദ്ദേഹം അത് സമര്‍പിച്ചിട്ടുള്ളത് തന്റേതായിട്ടല്ല. ദൈവത്തിങ്കല്‍ ലഭിച്ച സന്ദേശമായിട്ടാണ്. താന്‍ സമര്‍പിക്കുന്ന വചനങ്ങള്‍ ലോകരക്ഷിതാവായ അല്ലാഹുവിങ്കല്‍നിന്ന് എനിക്ക് അവതരിച്ചുകിട്ടിയതാണെന്നും അല്ലാഹുവിന്റെ പരിശുദ്ധ മലക്കായ ജിബ് രീലിനെ അവന്‍ എന്റെ അടുക്കലേക്കയക്കുകയും ആ മലക്ക് ഈ വചനങ്ങള്‍ എന്നെ കേള്‍പ്പിക്കുകയും ചെയ്യുകയാണ് പതിവെന്നും ഏത്രയോ പ്രാവശ്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്തുത വാക്കും സാക്ഷ്യവും സത്യമാണെന്നുതന്നെ വിശ്വസിക്കണമെന്നുണ്ടോ എന്ന ചോദ്യം ന്യായമാണ്.

ഇതിനുള്ള മറുപടി, എല്ലാവിധ സംശയങ്ങള്‍ക്കും അതീതമായ സത്യസന്ധതയുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത് ഒരു ചരിത്ര സത്യമാണ്. സ്വന്തക്കാരുടെ ദൃഷ്ടിയില്‍ മാത്രമല്ല അന്യരുടെ ദൃഷ്ടിയിലും അദ്ദേഹത്തിന്റെ സത്യസന്ധത സംശയാതീതമായിരുന്നു. അദ്ദേഹത്തെ എതിര്‍ക്കാന്‍ വേണ്ടി അറബികള്‍ അവരുടെ കഴിവില്‍ പെട്ടതെല്ലാം പ്രവര്‍ത്തിക്കുകയും പറയുകയും ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹം സത്യസന്ധനും വിശ്വസ്തനുമാണെന്ന പരമാര്‍ഥം അവര്‍ ഒരിക്കലും നിഷേധിച്ചിട്ടില്ലെന്ന് ലോകത്തിനറിയാവുന്നതാണ്.

പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് സാധാരണക്കാരും പ്രധാനികളുമായ മക്കാനിവാസികളെല്ലാം അദ്ദേഹത്തിന് അല്‍ അമീന്‍ (വിശ്വസ്തന്‍ ) എന്ന നാമം തന്നെ നല്‍കിയിരുന്നു. പ്രവാചകത്വ ലബ്ദിക്ക് ശേഷം ആ വിഷയത്തില്‍ മാത്രം അവര്‍ അദ്ദേഹത്തിന്റെ വാക്ക് വിശ്വസിച്ചില്ല. അദ്ദേഹം അവരുടെ വിശ്വസ്തനായും അവരുടെ അമാനത്തുകള്‍ സൂക്ഷിക്കുന്നവനായും അവരദ്ദേഹത്തെ കണ്ടു. പ്രവാചകന്‍ മദീനയിലേക്ക് ഹിജ്‌റ പോകുമ്പോള്‍ അലിയെ തന്നെ തന്റെ വൈരികള്‍ ഏല്‍പിച്ച മുതലുകള്‍ മടക്കികൊടുക്കാന്‍ ചുമതലപ്പെടുത്തി. പ്രവാചകനോട് കടുത്ത ശത്രുത പുലര്‍ത്തിയിരുന്ന അബൂസുഫ് യാന്‍ , അബൂജഹ് ല്‍ എന്നിവര്‍ പോലും പ്രവാചകനില്‍ അസത്യം ആരോപിച്ചില്ല. ചില സംഭവങ്ങള്‍ കാണുക.

സീസര്‍ ചക്രവര്‍ത്തി തന്റെ ദര്‍ബാറില്‍ വെച്ച് അബൂസുഫ് യാനോട് ചോദിച്ചു. "പ്രവാചകത്വം വാദിക്കുന്നതിന് മുമ്പ് ഈ വ്യക്തി കളവു പറഞ്ഞതായി നിങ്ങള്‍ വല്ലപ്പോഴും ആരോപിച്ചിട്ടുണ്ടോ. ?" ശത്രുവികാരം മനസ്സിലുണ്ടായിട്ടും അതെ എന്ന് പറയാന്‍ യാതൊരു പഴുതും അദ്ദേഹം കണ്ടില്ല. സീസര്‍ വീണ്ടും ചോദിച്ചു. "ഈ വ്യക്തി വാഗ്ദത്തം ലംഘിക്കാറുണ്ടോ?" അതിന് അബൂസുഫ് യാന്റെ മറുപടി ഇങ്ങനെയായിരുന്നു. "ഇല്ല ഇതുവരേക്കും അദ്ദേഹം അങ്ങനെ ചെയ്തിട്ടില്ല. ഇപ്പോള്‍ അദ്ദേഹവും ഞങ്ങളും ഒരു (ഹുദൈബിയ) സന്ധിയില്‍ ഏര്‍പ്പെട്ടിരിക്കയാണ് അതില്‍ അദ്ദേഹത്തിന്റെ നിലയെന്തായിരിക്കുമെന്ന് നിശ്ചയമില്ല." (ബുഖാരി). ഇസ്‌ലാമിന്റെ ശത്രുക്കളുടെ നേതാവായ അബൂജഹ് ല്‍ പോലും ഒരിക്കല്‍ നബിയോട് സംസാരിക്കുന്നതിനിടയില്‍ പറയുകയുണ്ടായി "താങ്കളെ കളവാക്കുന്നില്ല. പക്ഷെ താങ്കള്‍കൊണ്ടുവന്നത് (ഖുര്‍ആന്‍ )  കള്ളമാണെന്നെത്രേ ഞങ്ങള്‍ കരുതുന്നത്."

ബദ് ര്‍ യുദ്ധാവസരത്തില്‍ അബുജഹ് ലിന്റെ ഒരു സുഹൃത്തായ അഖ്‌നസുബ്‌നു ശുറൈഖ് അബൂജഹ് ലിനോടന്വേഷിച്ചു. "നിങ്ങള്‍ നേര് പറയണം മുഹമ്മദ് സത്യവാനോ അസത്യവാനോ നിങ്ങളുടെ വിശ്വാസമെന്താണ്." അബൂജഹ് ല്‍ മറുപടി പറഞ്ഞു. "ദൈവാമാണ, മുഹമ്മദ് സത്യവാനായ ഒരു മനുഷ്യനാണ്. ആയുഷ്‌കാലത്തൊരിക്കലും അദ്ദേഹം കളവ് പറഞ്ഞിട്ടില്ല." (ഇബ്‌നു ജരീര്‍).

ഖുര്‍ആന്‍ ദിവ്യഗ്രന്ഥമാണെന്നതിനു നബി നല്‍കിയ സാക്ഷ്യം സത്യമാണെന്ന് നാം വിശ്വസിക്കേണ്ടതുണ്ടോ. ഇല്ലേ എന്ന് ഇനി നിങ്ങള്‍ക്ക് തീര്‍ചപ്പെടുത്താം. സത്യസന്ധതയും വിശ്വസ്തതയും ഒരു നിമിഷംപോലും നിത്യജീവിതത്തില്‍ കൈവിടാതെ പാലിച്ച് ജീവിച്ച ഒരു വ്യക്തി ദൈവത്തിന്റെ പേരില്‍ കളവ് പറയുകയോ. ഈ കളവ് ഒന്നോ രണ്ടോ പ്രാവശ്യമല്ല. ഇരുപത്തിമൂന്ന് വര്‍ഷം തുടര്‍ചയായി. തന്റെ ബദ്ധവൈരിയെ സംബന്ധിച്ചുപോലും ഒരിക്കലും കളവ് പറായത്ത ഒരു വ്യക്തി തന്റെ നാഥന്റെ പേരില്‍ ജനങ്ങള്‍ക്കുപാകാരം മാത്രം നല്‍ക്കുന്ന സന്ദേശം നല്‍കുന്നതിന് കളവ് പറയുകയോ. കളവ് പറയല്‍ മഹാപാതകമെന്ന് പഠിപ്പിച്ച് ആളുകളെ അതിനനുസരിച്ച് പരിവര്‍ത്തിപ്പിച്ച ഒരു മഹാന്‍ നിസങ്കോചം കളവ് പറഞ്ഞ് പീഡനങ്ങള്‍ ഏറ്റുവാങ്ങുകയോ. അദ്ദേഹം ദൈവത്തിന്റെ പേരില്‍ ഒരിക്കലും സത്യം പറയാതിരിക്കുകയോ. എന്തൊരാശ്ചര്യം മനഃശാസ്ത്ര പാഠങ്ങളോ അനുഭവസാക്ഷ്യമോ ബുദ്ധിയുടെ വിശകലനമോ വല്ലതും ആശ്ചര്യകരമായ ഇത്തരം അസാധാരണ വാദത്തിന് പിന്തുണ നല്‍കുമോ. സാധാരണഗതിയില്‍ ഇത്തരം വ്യക്തിപറയുന്നതൊക്കെ നാം മുഖവിലക്കെടുക്കുകയാണ് പതിവ്. എന്നാല്‍ അതില്‍ അവസാനിപ്പിച്ച് ചര്‍ച മതിയാക്കാന്‍ നാം ആഗ്രഹിക്കുന്നില്ല. ഖുര്‍ആന്‍ ദൈവികമാണെന്നതിന് മറ്റുള്ള തെളിവുകള്‍ നമ്മുക്ക് പരിശോധിക്കാം.

Monday, August 30, 2010

ഖുര്‍ആന്റെ അമാനുഷികത

ഖുര്‍ആന്‍ ദൈവികമാണ്, ദൈവികമാര്‍ഗനിര്‍ദ്ദേശപത്രികളെന്ന നിലയില്‍ ഇന്ന് നിലവിലുള്ള ഗ്രന്ഥങ്ങളില്‍ ഒന്ന് ഖുര്‍ആനാണ്. ചരിത്രപരമായി ഏറ്റവും ഒടുവിലത്തെ വേദവും ഏറ്റവും അവസാനത്തെ മാര്‍ഗനിര്‍ദ്ദേശപത്രികയുമാണത്.

ഒരു ഗ്രന്ഥം ദൈവികമാണെന്ന് വാദിക്കുന്നത് കൊണ്ടുമാത്രം ദൈവികമായിക്കൊള്ളണം എന്നില്ല. ശരിയായ കാര്യങ്ങളിലെന്ന പോലെ തെറ്റായ കാര്യങ്ങളും വാദിക്കാറുണ്ട്. മതങ്ങളുടെ ചരിത്രത്തില്‍ അതിനുദാഹരണങ്ങള്‍ ഒട്ടും കുറവല്ല. ചിലര്‍ കള്ളപ്രവാചകത്വം വാദിച്ചിട്ടുണ്ട്. അവരുടെ വചനങ്ങള്‍ ദൈവവചനങ്ങളായി പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ട്. മതനേതാക്കളെ ദൈവമായിത്തന്നെ ജനങ്ങള്‍  അംഗീകരിച്ചിട്ടുണ്ട്.  ഈ ചരിത്രയാഥാര്‍ഥ്യങ്ങള്‍ മുന്നിലിരിക്കുമ്പോള്‍ തീര്‍ചയായും ചോദ്യമുന്നയിക്കപ്പെടാം. ഖുര്‍ആന്‍ ദൈവികവചനമാണെന്നതിന് തെളിവെന്ത്?. 

ഒന്നാമത്തെ തെളിവ്:

ഖുര്‍ആന്‍ ദൈവികമാണെന്നത് ഖുര്‍ആന്റെ അനുയായികള്‍ മാത്രം ഉന്നയിച്ച വാദമല്ല. ഖുര്‍ആന്‍ തന്നെ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. വാദം ഇതാണ്. ഞാന്‍ വല്ല മനുഷ്യന്റെയും വചനമല്ല. സര്‍വലോകനാഥനായ ദൈവത്തിന്റെ വചനമാണ്. തന്റെ പ്രത്യേക മലക്കായ ജിബ്രീല്‍ വഴിയായി, തന്റെ അടിമ മുഹമ്മദിന് അവന്‍ എത്തിച്ചുകൊടുത്തതാണത്. എന്നിങ്ങനെ പലതവണ ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു.
ഇത് സര്‍വലോകത്തിന്റെയും റബ്ബ് അവതരിപ്പിച്ച സന്ദേശമാകുന്നു. അതുമായി വിശ്വസ്തനായ ആത്മാവ് നിന്റെ ഹൃദയത്തിന്മേലിറങ്ങി-നീ (ദൈവത്തിന്റെ സൃഷ്ടികള്‍ക്ക് ദൈവത്തിങ്കല്‍നിന്നുള്ള) താക്കീത് നല്‍കുന്ന ആളുകളുടെ ഗണത്തില്‍ ഉള്‍പ്പെടേണ്ടതിന്; തെളിഞ്ഞ അറബി ഭാഷയില്‍. (26:192-203)
ഖുര്‍ആന്‍ ദൈവികമാണെന്ന അതിന്റെ വാദംകൊണ്ട് അത് ദൈവികമാണെന്നതിന് തെളിവാകുമോ എന്ന് ചോദിച്ചാല്‍, അല്ല എന്ന് തന്നെയാണ് എന്റെയും മറുപടി. എന്നാല്‍ 'പ്രാഥമികവും അനിവാര്യവുമായ തെളിവ്' എന്ന നിലപാടതിനുണ്ട്. പ്രസ്തുത വാദത്തിന്റെ അഭാവത്തില്‍ വാദസ്ഥാപനവും വാദത്തിന് തെളിവ് കൊണ്ടുവരലും ഒന്നും സാധ്യമാവുകയില്ല. കാരണം വിശുദ്ധ ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന വാദത്തെ വ്യവസ്ഥാപിതവും ശ്രദ്ധാര്‍ഹവുമാക്കുന്നത് പ്രസ്തുത പ്രസ്ഥാവന തന്നെയാണ്. ആ വാദം ചര്‍ചായോഗ്യമായി തീരുന്നുതും ആ അടിസ്ഥാനത്തിലാണ്.

ഖുര്‍ആന്‍ ദൈവികമാണെന്നതിനെ സംബന്ധിച്ച ചര്‍ചക്ക് അടിസ്ഥാനം ഖുര്‍ആന്‍ സ്വന്തമായി വ്യക്തമായ ഭാഷയില്‍, അങ്ങനെ വാദിക്കുന്നുണ്ടോ ഇല്ലേ എന്നായിരിക്കം. ഉണ്ടെങ്കില്‍ പ്രസ്തുത ചര്‍ച പരിഗണനീയവും പരിശോധനാര്‍ഹവും പഠനാര്‍ഹവുമാണെന്ന് മനസ്സിലാക്കാം. ഇല്ലെങ്കില്‍ നാം അതിന് മിനക്കെടേണ്ടുതുമില്ല. ഇതാണ് പ്രഥമികവും അനിവാര്യവുമായ ഒന്നാമത്തെ തെളിവ് സ്വയം അവകാശവാദം തന്നെയാണ് എന്ന് പറയാന്‍ കാരണം.

ഒന്നുകൂടി വിശദമാക്കാം. ഒരു ഗ്രന്ഥം ദൈവികമാണ് എന്ന് വാദിക്കേണ്ടത് ഒന്നാമതായി ആ ഗ്രന്ഥമോ അതുകൊണ്ടു വന്ന പ്രവാചകനോ ആയിരിക്കണം. അനുയായികളാകരുത്. അനുയായി എന്ന് വെച്ചാല്‍ ആ വാദം അംഗീകരിക്കുന്നവന്‍ മാത്രമാണ്. അതിന് സാക്ഷ്യം വഹിക്കുന്നവനാണ്. മറിച്ച് വാദം അവന്റെ ഉത്തരവാദിത്തമല്ല. വ്യവസ്ഥാപിതമായ ഒരു വാദം മുമ്പില്‍ വന്നുകഴിഞ്ഞാല്‍ മാത്രമേ സാക്ഷ്യത്തിന്റെയും അംഗീകാരത്തിന്റെയും പ്രസക്തിതന്നെ നിലവില്‍ വരികയുള്ളൂ. അതില്ലെങ്കില്‍ പിന്നെ സാക്ഷ്യത്തിന് എന്തര്‍ഥം. ദിവ്യഗ്രന്ഥമാണെന്ന് സ്വയം വാദമില്ലാതെ അതിന് വേണ്ടി തെളിവുകള്‍ ഉന്നയിക്കപ്പെടാം. ജനങ്ങളുടെ വിശ്വാസപരമായ അതിരുകവിച്ചില്‍ കാരണമായി ചരിത്രത്തില്‍ അപ്രകാരം സംഭവിച്ചിട്ടുണ്ട്. ഗ്രന്ഥങ്ങള്‍ വേദങ്ങളാവുകയും മനുഷ്യര്‍ ദൈവമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വയം ഈ അവകാശവാദം ഉന്നയിക്കപ്പെട്ടിട്ടുണ്ടാവില്ല.
 
പ്രാഥമികമായ  തെളിവ് ഈ സ്വയം അവകാശവാദം തന്നെ.

Saturday, May 22, 2010

ബൈബിളില്‍ തെറ്റ് സംഭവിച്ചിട്ടില്ല ?.

 കഴിഞ്ഞ രണ്ട് പോസ്റ്റുകളില്‍ എങ്ങനെയാണ് ബൈബിളില്‍ തെറ്റ് കടന്നുകൂടിയത് എന്ന് വസ്തുനിഷ്ഠമായി വിശദീകരിച്ചു. സത്യത്തില്‍ ബൈബിളില്‍ തെറ്റ് സംഭവിച്ചതായി ക്രിസ്ത്യാനികള്‍ കരുതുന്നുവോ. അപ്രകാരം തെറ്റുണ്ടെന്ന് കരുതുന്ന ഒരു വേദഗ്രന്ഥത്തില്‍ തന്നെയാണോ അവര്‍ വിശ്വസിക്കുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം ഇനി ആതെറ്റ് തിരുത്തുക അസാധ്യമാണന്നതിനാല്‍ അതുമായി സമരസപ്പെടുക എന്ന കാഴ്ചപ്പാടിന് പ്രസക്തിയുണ്ട്. കഴിഞ്ഞ പോസ്റ്റില്‍ ക്ഷമ എന്ന ബ്ലോഗര്‍ അപ്രകാരം ഒരഭിപ്രായം നല്‍കുകയും ചെയ്തു. അതിന്റെ വ്യാപ്തിയെക്കുറിച്ച് എനിക്ക് നല്ല ഉറപ്പില്ല. എന്നുവെച്ചാല്‍ എത്ര ശതമാനം ക്രൈസ്തവരാണ് അപ്രകാരം കരുതുന്നതെന്ന്.

ക്ഷമ പറയുന്നു:
ബൈബിള്‍ "തെറ്റുകള്‍" ഉണ്ട് എന്ന് അംഗീകരിച്ചു കൊണ്ടുതന്നെയാണ് ക്രിസ്ത്യാനികള്‍ അതിനെ "സത്യവേദപുസ്തകം" എന്ന് വിശ്വസ്സിക്കുന്നത് എങ്കില്‍ നിങ്ങളുടെ "തെറ്റില്ലാത്ത ഒരു ദൈവിക ഗ്രന്ഥത്തിന്റെയും ദൈവസങ്കല്‍പത്തിന്റെയും കാലികമായ ഒരു നിയമ നിര്‍ദ്ദേശത്തിന്റെയും പ്രസക്തി" അവര്‍ക്ക് ആവശ്യമില്ല എന്ന് അവര്‍ പ്രഖ്യാപിക്കുകയല്ലേ?
എന്നാല്‍ സന്തോഷ് തന്റെ ബ്ലോഗില്‍ ആവര്‍ത്തിച്ച് പറയുന്നത് മറ്റൊന്നാണ്. ഇത് വരെ  നമ്മുക്ക് ബുദ്ധിപരമായും പ്രായോഗികതലത്തിലും ബോധ്യപ്പെട്ട വസ്തുതകളെ കയ്യൊഴിഞ്ഞ്, ബൈബിളില്‍ തെറ്റുസംഭവിക്കുക അസംഭവ്യമാണെന്നും തെറ്റിദ്ധാരണയോടെ വായിക്കുന്നത് കൊണ്ടാണ് തെറ്റുകള്‍ കണ്ടെത്തുന്നതെന്നും നാം തിരുത്തിമനസ്സിലാക്കണം. ഏതായാലും നമ്മുക്ക് ഈ ലേഖനങ്ങളെ പിന്തുടരാം. തുടര്‍ന്ന് വായിക്കുക: ( [[[...]]] ഈ ചിഹ്നങ്ങള്‍ക്കിടയിലുള്ളതാണ് ലേഖനം)   

[[[ പ്രഭാതം പൊട്ടിവിടരുകയും പ്രഭാതനക്‌ഷത്രം നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദിക്കുകയും ചെയ്യുന്നതുവരെ, ഇരുളില്‍ പ്രകാശിക്കുന്ന ദീപത്തെ എന്നപോലെ പ്രവാചകവചനത്തെ നിങ്ങള്‍ ശ്രദ്‌ധിക്കേണ്ടതാണ്‌. ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്‌ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷികചോദനയാല്‍ രൂപം കൊണ്ടതല്ല; പരിശുദ്‌ധാത്‌മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്‍െറ മനുഷ്യര്‍ സംസാരിച്ചവയാണ്‌. (2 പത്രോസ് 1:19-21)

ബൈബിള്‍ മതഗ്രന്ഥവും വിശുദ്ധഗ്രന്ഥവുമാണ്; അതിനാല്‍ തെറ്റുകള്‍ ഉണ്ടാവുക സ്വാഭാവികമല്ല. എന്നാല്‍ തെറ്റിദ്ധാരണയോടെ വായിക്കുമ്പോള്‍ തെറ്റുകള്‍ കണ്ടെത്തുന്നു. സംശയാസ്പദങ്ങളായ വാക്യങ്ങളെയും  മനസ്സിലാക്കാനാവാത്ത വചനങ്ങളെയും പെട്ടെന്ന് വായിച്ചുവിടുന്നതുകൊണ്ട് ബൈബിളിന്റെ  മുഴുവന്‍ അര്‍ത്ഥവും ഗ്രഹിക്കാത്തവരാണു  അധികവും. സൂക്ഷ്നവായനയില്‍ കണ്ടെത്തുന്ന തെറ്റുകള്‍ക്ക് കാരണമായി നില്‍ക്കുന്ന ഘടകങ്ങളെ പരിശോധിക്കുന്ന ലേഖനത്തിന്റെ മൂന്നാം ഭാഗം.

യേശുവിന്റെ വചനങ്ങള്‍ കാലഘട്ടത്തിനപ്പുറത്ത് വളരുന്നു. അത് വിതയ്ക്കപ്പെട്ട വിളപോലെയാണ്.  വളരുന്ന വചനമാണ്. വചനങ്ങള്‍ കാലത്തിനും ദേശത്തിനും വിധേയമായി പക്വതയിലേക്ക് വളരുന്നവയാണ്. നിത്യമായി എഴുതപ്പെട്ടതാണെങ്കിലും നിത്യതയിലേക്ക് വളരുന്നവയാണ്. മരിച്ച ശരീരമല്ല ഉയിര്‍ക്കുന്നത്‌ എന്നുപറയുന്നത് പോലെ എഴുതപ്പെട്ട വചനമല്ല വായിക്കപ്പെടുന്ന വചനത്തിലെ സന്ദേശം.

ഒരു നൂറ്റാണ്ട് കഴിയുമ്പോള്‍ ഇന്നത്തെ വ്യാഖ്യാനങ്ങള്‍ അന്ന് പ്രസക്തമല്ലാത്തതായിതോന്നും. പുതിയ പുതിയ മുകുളങ്ങള്‍ വചന വൃക്ഷത്തില്‍ തളിരിടുന്നു. വചനം, വചനത്തിലെ അക്ഷരത്തില്‍ മാത്രം ഒതുങ്ങുന്നതല്ല; കാലഘട്ടത്തിനനുസ്സരിച്ചു അവയെ മനസ്സിലാക്കണം. ആധുനിക യുഗത്തിലെ ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രം ബൈബിളില്‍ ഇല്ല എന്നുപറഞ്ഞു ആ ചിന്തയെ ഒഴിവാക്കാന്‍ ആവില്ല.  "വനിതാ പൌരോഹിത്യം" കാലഘട്ടത്തിന്റെ ഒരു ചിന്തയാണ്. ബൈബിളില്‍ വനിതകള്‍ക്ക് പൌരോഹിത്യം കൊടുക്കുന്നതിനെപറ്റി പരാമര്‍ശങ്ങള്‍ ഇല്ല എന്നാ കാരണത്താല്‍ അത് നിഷേധിക്കാന്‍ ആവില്ല. സഭയ്ക്ക് ഒരു തീരുമാനം ഇക്കാര്യത്തില്‍ എടുക്കുവാന്‍ അവകാശം ഉണ്ട്. യേശുവിന്റെ അപ്പോസ്തലന്മാര്‍ എല്ലാം പുരുഷന്മാര്‍ ആയിരുന്നു എന്ന കാരണത്താല്‍ സ്ത്രീകള്‍ക്ക് പൌരോഹിത്യം സാധിക്കില്ല എന്നു ബൈബിള്‍ അടിസ്ഥാനമാക്കി പറയുന്നതില്‍ യുക്തി ഇല്ല.

യേശുവിന്റെ പഠനങ്ങളുടെ പ്രഥമ പാഠങ്ങളില്‍മാത്രം അല്ല ബൈബിള്‍ ഒതുങ്ങേണ്ടത്. ബൈബിള്‍ ചൈതന്യത്തിനു തടസ്സം ആകാത്തവ ഒക്കെയും അനുവദനീയമാകണം. മാറ്റുവാന്‍ ആകാത്ത ചില വിഷയങ്ങള്‍ ബൈബിളില്‍ ഉണ്ട്.

     ഏകദൈവത്തിലുള്ള വിശ്വാസം
     ജ്ഞാനസ്നാനത്തെ സംബന്ധിച്ച പ്രബോധനങ്ങള്‍
     കൈവയ്പ്പ്‌ ശുശ്രൂഷ
     ദൈവികവും മാനുഷികവുമായ നന്മകളിലുള്ള വളര്‍ച്ച
     പരസ്നേഹവും പരസ്നേഹ പ്രവൃത്തികളും
     ദൈവ പരിപാലന
     മരിച്ചവരുടെ ഉയിര്‍പ്പ്
     നിത്യവിധി
     തിന്മയില്‍ നിന്നുള്ള തിരിച്ചുവരവ്‌

ഇവയില്‍ മാറ്റമുണ്ടാക്കുവാന്‍ ആവില്ല. ബാക്കി വിഷയങ്ങളില്‍ ക്രിസ്തുവിന്റെ പഠനങ്ങളുടെ പക്വതയിലേക്ക് വളര്‍ന്നു വേണം ചിന്തിക്കുവാന്‍. ബൈബിള്‍ സത്യങ്ങള്‍ വിശ്വാസ്സിക്ക് വിശ്വാസത്തിലൂടെ മാത്രം അല്ല ലഭിക്കുക. വിശ്വാസി വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുന്നതും യുക്തി ഉപയോഗിക്കുന്നതും പ്രോത്സാഹനജനകമാണ്. ബൈബിള്‍ പഠിക്കുന്നവന്‍ ബൈബിളിനെ ഒരു വിശ്വാസ ഗ്രന്ഥം മാത്രമായി കാണരുത്. വിശ്വാസം വളരുന്നത്‌ വാദപ്രതിവാദത്തിലൂടെയും യുക്തിചിന്തയിലൂടെയും കൂടിയാണ്. ദൈവമാണ് വിശ്വാസം തരുന്നത് എങ്കിലും വളര്‍ത്താനും ആഴപ്പെടുത്താനും ഉള്ള കടമ മനുഷ്യന്റെതാണ്. വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുള്ളവയാണ് വിശ്വസിക്കുവാന്‍ എളുപ്പമുള്ളവയെക്കാള്‍ ബൈബിളില്‍ കൂടുതല്‍ ഉള്ളത്. ഓരോ ഗ്രന്ഥങ്ങളിലും ഓരോ അധ്യായങ്ങളിലും വൈരുദ്ധ്യമായവ കാണാന്‍ ആവുന്നു

വായനക്കാരന്‍ ഉദ്ദേശിക്കുന്നതും മനസ്സിലാക്കുന്നതും ഭാവനകാണുന്നതും അല്ല ബൈബിളില്‍ പലതും. മനുഷ്യബുദ്ധിക്കു നിരക്കാത്തവ ദൈവനിയോഗത്തിന് ചേരുന്നവയാണ് എന്നുകൂടി ബൈബിള്‍ പഠിപ്പിക്കുന്നു. പഠിച്ചുവച്ചതും മനസ്സിലാക്കിയതുമായ പല സത്യങ്ങള്‍ക്കും വിരുദ്ധമായതും വ്യത്യസ്തമായതുമായ അര്‍ത്ഥമാനങ്ങള്‍ കണ്ടെത്തുമ്പോള്‍, ബൈബിളിന്റെ ദൈവനിവേശിതത്വിനോ വിശ്വസനീയതയ്ക്കോ തടസം ഉണ്ടാകുന്നു എന്നു ചിന്തിക്കുവാന്‍ കാരണം ആകുന്നു. ബൈബിളിലെ ചില ഭാഗങ്ങള്‍ ബൈബിളില്‍തന്നെ ഉള്‍പ്പെടുത്താന്‍ ആകുമോ എന്നും ചിന്തിക്കുവാന്‍ തോന്നും. ]]]

ബൈബിളില്‍ ഒരു കാര്യം ഇല്ല എന്നകാരണത്താല്‍ സ്ത്രീകള്‍ക്ക പൗരോഹിത്യം പാടില്ല എന്ന നിലപാടില്‍ നില്‍ക്കേണ്ടതില്ല എന്ന കാഴ്ചപ്പാടാണ് ലേഖകനുള്ളത്. മാറ്റാന്‍ പാടില്ലാത്ത ചിലവിഷയങ്ങള്‍ നമ്മുടെ ശ്രദ്ധയാകര്‍ശിക്കേണ്ടതാണ്. ഏകദൈവത്തിലുള്ള വിശ്വാസം അതില്‍ ഒന്നാമതായി വരുന്നു.  അതില്‍ കൈവെയ്പ്പ് ശുശ്രൂഷ എന്ന ഇനം ഒഴികെ ബാക്കി എനിക്ക് പെട്ടെന്ന് മനസ്സിലാകുന്നതും മനുഷ്യസമൂഹം എക്കാലത്തും പുലര്‍ത്തേണ്ടതുമാണെന്ന കാര്യത്തില്‍ സംശയമില്ല.

Friday, May 21, 2010

ബൈബിളില്‍ തെറ്റായി കരുതപ്പെടുന്നത്.

ബൈബിളില്‍ തെറ്റുസംഭവിച്ചതെങ്ങനെ എന്ന പോസ്റ്റിന്റെ തുടര്‍ചയാണിത്. ബൈബിള്‍ സത്യങ്ങളും രഹസ്യങ്ങളും എന്ന ലേഖനത്തെ അവലംബിച്ച് പകര്‍ത്തിയെഴുത്ത് എന്ന ബ്ലോഗില്‍ നല്‍കിയ ഈ ലേഖനത്തില്‍ പ്രധാനമായും പലതലക്കെട്ടുകളും ബൈബിളിലെ തെറ്റുകളെക്കുറിച്ചല്ല, മറിച്ച് ബൈബിളിലെ ചില പരാമര്‍ശങ്ങള്‍ ജനങ്ങള്‍ തെറ്റിദ്ധരിച്ചതെങ്ങനെയെന്നും. ചില അബദ്ധങ്ങള്‍ ലേഖകര്‍തന്നെ തെറ്റായി മനസ്സിലാക്കിയതിന്റെ ഫലമാണെന്നും വളരെ വ്യക്തമായി ഉപന്യസിച്ചിരിക്കുന്നു. ഏതൊരു മുസ്‌ലിമും ഇത്രമാത്രമേ പറയുന്നുള്ളൂ. എന്നാല്‍ ഇത്ര കൃത്യമായ വിലയിരുത്തല്‍ ഈ വിഷയത്തില്‍ മുസ്‌ലിംകള്‍ നടത്തിയതായി ശ്രദ്ധയില്‍ പെടാത്തതുകൊണ്ടാണ് ഇതിവിടെ എടുത്ത് ചേര്‍ക്കുന്നത്. മുസ്‌ലിം പണ്ഡിതര്‍ വിലയിരുത്തുന്ന കാര്യവും ഇതിനെ സാധൂകരിക്കുന്നു. പക്ഷെ ഇതേ കാര്യങ്ങള്‍ അവര്‍ പറയുമ്പോള്‍ ആപൂര്‍വം ചില ക്രിസ്ത്യാനികളെങ്കിലും അതിനുള്ള അവകാശത്തെ ചോദ്യം ചെയ്യുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. അതിന് യുക്തിവാദികളെന്ന് പറയുന്ന ഇസ്‌ലാം വിമര്‍ശകര്‍ പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്യുന്നു. ഖുര്‍ആന്‍ വിശകലന വിധേയമാക്കാന്‍ മറ്റുള്ളവര്‍ക്കുള്ള അവകാശവും സ്വാതന്ത്ര്യവും ബൈബിളിനെ അപ്രാകരം ചെയ്യാന്‍ മുസ്‌ലിംകള്‍ക്കുമുണ്ട് എന്നത് മനുഷ്യബുദ്ധിയോട് കാണിക്കുന്ന സ്വാഭാവിക നീതിമാത്രം. തുടര്‍ന്ന് വായിക്കുക :
[[[ ദൈവത്തിന്‍െറ വചനം സജീവവും ഊര്‍ജസ്വലവുമാണ്‌; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്‍െറ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌ (ഹെബ്ര 4:12)

ബൈബിള്‍ മതഗ്രന്ഥവും വിശുദ്ധഗ്രന്ഥവുമാണ്; അതിനാല്‍ തെറ്റുകള്‍ ഉണ്ടാവുക സ്വാഭാവികമല്ല. എന്നാല്‍ തെറ്റിദ്ധാരണയോടെ വായിക്കുമ്പോള്‍ തെറ്റുകള്‍ കണ്ടെത്തുന്നു. സംശയാസ്പദങ്ങളായ വാക്യങ്ങളെയും  മനസ്സിലാക്കാനാവാത്ത വചനങ്ങളെയും പെട്ടെന്ന് വായിച്ചുവിടുന്നതുകൊണ്ട് ബൈബിളിന്റെ  മുഴുവന്‍ അര്‍ത്ഥവും ഗ്രഹിക്കാത്തവരാണു  അധികവും. സൂക്ഷ്നവായനയില്‍ കണ്ടെത്തുന്ന തെറ്റുകള്‍ക്ക് കാരണമായി നില്‍ക്കുന്ന ചില ഘടകങ്ങളെ പരിശോധിക്കുന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം (ആദ്യ ഭാഗം വായിക്കുവാന്‍ ഇവിടെ നോക്കുക)

വ്യാഖ്യാനങ്ങള്‍

മനസ്സിലാക്കാനാവാത്ത സ്വപ്നങ്ങള്‍ക്കും, ദര്‍ശനങ്ങള്‍ക്കും, വൈയക്തികദര്‍ശനങ്ങള്‍ക്കും അമിത പ്രാധാന്യം നല്കിയതും, ബൈബിളില്‍ വൈരുദ്ധ്യങ്ങളും സംശയങ്ങളും ഉണ്ടാക്കി. എസക്കിയെലും ദാനിയേലും യോഹന്നാനും മറ്റും കണ്ട ദര്‍ശനങ്ങള്‍ അതുപോലെ രേഖപ്പെടുത്തിയതും അവയെ വ്യാഖ്യാനിക്കാന്‍ സാധിക്കാതെ വന്നതും ബൈബിളില്‍ തെറ്റുകള്‍ഉണ്ടെന്നു പറയുവാന്‍ കാരണമായി.

മനുഷ്യപ്രകൃതിയോടുള്ള ആദരവ്

ബൈബിള്‍ ഇതിഹാസ്സങ്ങളോ ഭാവനാ ചരിത്രങ്ങളോ അല്ല. പച്ചയായ മനുഷ്യന്റെ വികാരങ്ങളും സംഘട്ടനങ്ങളും ചരിത്രത്തിന്റെ ഗതിവിഗതികളും ആണ് ബൈബിളിന്റെ മൂലഭാഷ. അതുകൊണ്ടുതന്നെ മനുഷ്യന്റെ പാപപ്രകൃതി, പ്രലോഭന ചായ്'വുകള്‍ എന്നിവയെല്ലാം ബൈബിളിന്റെ ഭാഗങ്ങള്‍ ആയി. മനുഷ്യന്‍ തന്റെ ദുഃഖം മറക്കുവാന്‍ മദ്യത്തിലേക്കു തിരിഞ്ഞപ്പോള്‍ ബൈബിളില്‍ എഴുതപ്പെട്ടു : "മദ്യം കഴിച്ചാല്‍ ദുഃഖം മറക്കും" എന്ന്. എന്നാല്‍ ഇത് മദ്യം കഴിച്ചു ദുഃഖം മറക്കുവാനുള്ള ഉപദേശമല്ല, മദ്യം കഴിച്ചു ദുഃഖം മറക്കാനാവും എന്ന ഒരു സത്യം എഴുതിയെന്നെയുള്ളൂ. എല്ലാ സമ്പത്തുകളും മനുഷ്യന്‍ ഉപേക്ഷിക്കേണ്ടി വരും എന്നും, മനുഷ്യന്‍ മരണത്തിനു കീഴടങ്ങേണ്ടി വരും എന്നും ഉള്ള പഠനമാണ് "സകലവും മിഥ്യ" എന്ന ബൈബിള്‍ വാക്യത്തില്‍ അടങ്ങിയിരിക്കുന്നത്. ഈ വാക്യങ്ങളൊക്കെ ബൈബിള്‍ വാക്യങ്ങള്‍ ആയപ്പോള്‍ ബൈബിളില്‍ തെറ്റുകള്‍ ഉണ്ടായി

പാപം ചെയ്‌താല്‍ ‍, തിന്മ പ്രവൃത്തിച്ചാല്‍ ‍, ദൈവത്തെ നിഷേധിച്ചാല്‍ ‍, മനുഷ്യന്‍ നശിക്കും എന്ന ചിന്ത നിത്യനരകത്തിലേക്കുള്ള ചിന്തയെ കൊണ്ടുവന്നു. ഇത് ഒരു ദൈവിക വെളിപാട് ആണ്. അങ്ങനെ നരകം ബൈബിള്‍ ഭാഗമായി. നരകത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് നരക ചിന്തയില്‍ നിന്നുമുള്ള വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് ഉദ്ധരിച്ചപ്പോള്‍ ദൈവ കാരുണ്യത്തിന്റെ പ്രസ്താവനകളും ബൈബിളില്‍ രൂപപ്പെട്ടു. ദൈവ കാരുണ്യത്തെ ചിത്രീകരിക്കുന്ന അനേകം വാക്യങ്ങള്‍ ഉണ്ടായപ്പോള്‍ മനുഷ്യനില്‍ ആശയസംഘട്ടനങ്ങളും ഉണ്ടായി. അതിനാല്‍ വ്യക്തമായ ഒരു കാഴ്ചപ്പാട് ബൈബിളില്‍ നിന്നും കണ്ടെത്തുക ബുദ്ധിമുട്ടായി തീര്‍ന്നു. ഈ ബുദ്ധിമുട്ടുകള്‍ തെറ്റുകള്‍ ഉണ്ടെന്നു സംശയിക്കാന്‍ കാരണമായിത്തീര്‍ന്നു.

ബൈബിളില്‍ കാണുന്ന പല ആപ്തവാക്യങ്ങളും സമഗ്രപഠനത്തിനു വിധേയമാക്കിയാല്‍ മാത്രമേ അവ കൂടുതല്‍ വ്യക്തമാവുകയുള്ളൂ. ഓരോ വാക്യങ്ങളും പെറുക്കി, അറുത്തെടുത്താല്‍ ബൈബിളില്‍ തെറ്റുകള്‍ ഉണ്ട് എന്ന് തോന്നും. ഉദാഹരണമായി "അടുത്തുള്ള അയല്‍ക്കാരനാണ് അകലെയുള്ള സഹോദരനെക്കാള്‍ മെച്ചം" എന്ന ബൈബിള്‍ വാക്യം എപ്പോഴും ശരിയാകണം എന്നില്ല; ചില അവസ്സരങ്ങളില്‍ ശരിയാണ് താനും. ബൈബിളിലെ വാക്യങ്ങള്‍ സത്യമാകുന്നതു ദൈവത്തിന്റെ കാലദൈര്‍ഘ്യത്തിലും ദൈവത്തിന്റെ മനസ്സിലും എല്ലാത്തിനെയും കാണുമ്പോള്‍ മാത്രമാണ്. "പ്രഭാതത്തില്‍ ഉണര്‍ന്നു അവനെ അന്വേഷിക്കുന്നവര്‍ക്ക് കൃപ ലഭിക്കും", എന്നാല്‍ കൃപ ലഭിക്കുവാനുള്ള ഏക മാര്‍ഗ്ഗം അല്ല ഇത്. അതിനാല്‍ കൃപ ലഭിക്കുവാനുള്ള ഏക മാര്‍ഗ്ഗം പ്രഭാതത്തില്‍ ദൈവത്തെ അന്വേഷിക്കലാണ് എന്ന് നമുക്ക് പറയുവാന്‍ സാധിക്കില്ല.

ബൈബിളില്‍ "വാള്‍ ഏറ്റു മരിച്ചവര്‍ വിശപ്പുകൊണ്ട് മരിക്കുന്നവരെക്കാള്‍ ഭാഗ്യവാന്‍മാര്‍ ആണ്" എന്ന് ഒരു വാക്യം ഉണ്ട്. എന്നാല്‍ ഇത് എപ്പോഴും സത്യം ആകുന്നില്ല. ബൈബിളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു എന്ന് ചിന്തിച്ചു എന്നും എപ്പോഴും ഇത് നിത്യസത്യമായി നിലകൊള്ളണം എന്നില്ല. അത്യാവശ്യമില്ലാത്ത കാര്യങ്ങളും അതിന്റേതായ ആവശ്യമില്ലത്തതായ അവതരണങ്ങളും ബൈബിളില്‍ ധാരാളം ഉണ്ട്. ഉദാഹരണമായി ലേവ്യരുടെ പുസ്തകത്തിലെ അനുഷ്ഠാനവിധികളും സംഖ്യയുടെ പുസ്തകത്തിലെ സംഖ്യാനിര്‍ണ്ണയങ്ങളും അമിതമായ ആവര്‍ത്തനങ്ങള്‍ ആണ്.

ദൈവസങ്കല്‍പ്പത്തിലെ മനുഷ്യബുദ്ധിയുടെ പരിമിതി

ബൈബിളില്‍ ഓരോ വ്യക്തികള്‍ക്കും ഗ്രന്ഥകര്ത്താക്കള്‍ക്കും ദൈവം വ്യത്യസ്തനാണ്. ബൈബിളിലെ ഓരോ ഗ്രന്ഥങ്ങളിലും പ്രബോധനങ്ങളിലും വ്യത്യസ്തമായ ദൈവസങ്കല്പങ്ങള്‍ ആണുള്ളത്. അതുകൊണ്ട് തന്നെ വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളും ബൈബിളില്‍ സുലഭമാണ്. വ്യത്യസ്ത ദൈവസങ്കല്പങ്ങള്‍ വ്യത്യസ്ത തെറ്റുകള്‍ സൃഷ്ടിക്കാനും കാരണം ആകുന്നു.

യഹൂദമതം

യഹൂദ മതത്തിന്റെ ശക്തമായ സ്വാധീനവും ചരിത്രവുമാണ് ബൈബിളിലെ പഴയനിയമം മുഴുവനും. അതുകൊണ്ടുതന്നെ ആ മതത്തിലെ ആചാര അനുഷ്ഠാനങ്ങള്‍ ദൈവവിശ്വാസികളുടെ പൊതുസ്വത്തായി. ലേവ്യരുടെ പുസ്തകത്തിലും മറ്റും വിവരിച്ചിരിക്കുന്ന യുക്തിരഹിതം എന്ന് തോന്നുന്ന അനുഷ്ഠാനവിധികള്‍ ദൈവനിവേശിത ഗ്രന്ഥത്തിന്റെ ഭാഗമായി കിടക്കുകയാണ്. അതിലെ ആശയങ്ങളും അനുഷ്ഠാനങ്ങളും അത്യാവശ്യം അറിഞ്ഞിരിക്കേണ്ടവയും അനുഷ്ടിക്കേണ്ടവയും അല്ലാതിരുന്നിട്ടും ബൈബിള്‍ ഭാഗങ്ങള്‍ ആയി. അവയൊക്കെയും വിശുദ്ധമായി കരുതേണ്ടവ ആണെന്ന സങ്കല്‍പ്പവും ഉണ്ടായി. ]]]

ലേഖനം വളരെ വ്യക്തമാണ്. സ്വാഭാവികമായും ചില സംശയങ്ങള്‍ വളരെ ശക്തിയായി നമ്മില്‍ ഉയര്‍ന്ന് വരാമെങ്കിലും. ഉദാഹരണമായി ബൈബില്‍ ദൈവികമാണ് എന്നാവര്‍ത്തിക്കുമ്പോള്‍ തന്നെ അതില്‍ അബദ്ധങ്ങളും തെറ്റുകളും കടന്നിട്ടുണ്ട് എന്ന് അംഗീകരിച്ചാല്‍. ദൈവിക ഗ്രന്ഥത്തില്‍ കലര്‍പ്പുണ്ടായി എന്ന് മാറ്റിപ്പറയുന്നതിന് പകരം. വീണ്ടും അതേ തെറ്റുകളോടുകൂടി നിലനില്‍ക്കുന്ന ഗ്രന്ഥത്തെ ദൈവികമെന്ന് പറയുന്നതെങ്ങനെ.

ബൈബിള്‍ പൂര്‍ണമായും ദൈവികമല്ലാത്തതിരുന്നിട്ടും അതേ പ്രകാരം അതില്‍ പലയഹൂദമത ആചാരങ്ങളും കൂടിചേരുകയും വിശുദ്ധി നഷ്ടപ്പെടുകയും ചെയ്തിട്ടും നാം അതിനെ നമ്മുടെ ജീവിതത്തിനും വിശ്വാസത്തിനും അതിനെ മാനദണ്ഡമാക്കുന്നതെങ്ങനെ. ബൈബിളിലെ ഓരോ വ്യക്തികള്‍ക്കും ഗ്രന്ഥകര്‍ത്താക്കള്‍ക്കും ദൈവം വ്യത്യസ്ഥനാണ്. ഈ വ്യത്യസ്ഥ ദൈവസങ്കല്‍പങ്ങള്‍ വ്യത്യസ്ത തെറ്റുകള്‍ സൃഷ്ടിക്കാനും കാരണമായി എന്ന് തുറന്ന് പറയുമ്പോള്‍, തെറ്റില്ലാത്ത ഒരു ദൈവിക ഗ്രന്ഥത്തിന്റെയും ദൈവസങ്കല്‍പത്തിന്റെയും കാലികമായ ഒരു നിയമ നിര്‍ദ്ദേശത്തിന്റെയും പ്രസക്തി ഊന്നിപ്പറയുകയല്ലേ ചെയ്യുന്നത്. ആ നിലക്ക് മുസ്‌ലിംകളുടെയും ഖുര്‍ആന്റെയും അവകാശവാദം പരിശോധിക്കാന്‍ ബുദ്ധിയും യുക്തിയുമുള്ള മനുഷ്യന് ബാധ്യതയില്ലേ?. ചിന്തിക്കുക!. വികാരം മാറ്റിവെച്ച് വിചാരത്തോടെ.

Wednesday, May 19, 2010

ബൈബിളില്‍ തെറ്റുസംഭവിച്ചതെങ്ങനെ?

വിശുദ്ധഖുര്‍ആനെ ചര്‍ചചെയ്യുന്ന ബ്ലോഗില്‍ സ്വാഭാവികമായും ഇതരവേദഗ്രന്ഥങ്ങളും ചര്‍ചയില്‍ വരും. വിശുദ്ധഖുര്‍ആന്‍ മാത്രമമാണ് അവതരിക്കപ്പെട്ട അതേ മുലഭാഷയില്‍ പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വേദഗ്രന്ഥമെന്ന് തോന്നുന്നു. ഉണ്ടെങ്കില്‍ തന്നെ ലോകത്തെ ഏറ്റവും വലിയ മതത്തിന്റെ വേദഗ്രന്ഥമായ ബൈബിളിനുള്ളത് അതിന്റെ പരിഭാഷമാത്രമാണ്. നിലവിലുള്ള വേദഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങളെല്ലാം മനുഷ്യന്റെ വചനങ്ങളുടെ കലര്‍പ്പില്ലാത്ത പൂര്‍ണമായും ദൈവികവചനങ്ങളുള്‍കൊള്ളുന്ന വേദഗ്രന്ഥങ്ങളാണോ. ഖുര്‍ആനില്‍ വിശ്വസിക്കുന്നവരെല്ലാം  ഖുര്‍ആന് അത്തരമൊരു സവിശേഷത അംഗീകരിച്ചുകൊടുക്കുന്നവരാണ്. അതില്‍ പ്രവാചകന്റെ പോലും വചനമില്ല. എന്നാല്‍ ബൈബിളോ. മുസ്‌ലിംകള്‍ (ഖുര്‍ആന്‍ തന്നെ)പറയുന്നു. അവയില്‍ മനുഷ്യന്റെ വചനങ്ങള്‍ കൂടിചേര്‍ന്നിട്ടുണ്ട് എന്ന്. എന്നാല്‍ ക്രിസ്ത്യാനികളില്‍ ചിലര്‍ക്ക് പറയാനുള്ളതെന്താണെന്ന് കേള്‍ക്കൂ.

തുടര്‍ന്നുള്ള ഭാഗങ്ങള്‍ എടുത്തത്, ഇവിടെ നിന്ന്. വായിക്കുക:
[[[ വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്‌. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്‌തനാവുകയും ചെയ്യുന്നു. (2 തിമോ. 3: 16 -17)

ബൈബിള്‍ മതഗ്രന്ഥവും വിശുദ്ധഗ്രന്ഥവുമാണ്; അതിനാല്‍ തെറ്റുകള്‍ ഉണ്ടാവുക സ്വാഭാവികമല്ല. എന്നാല്‍ തെറ്റിദ്ധാരണയോടെ വായിക്കുമ്പോള്‍ തെറ്റുകള്‍ കണ്ടെത്തുന്നു. സംശയാസ്പദങ്ങളായ വാക്യങ്ങളെയും  മനസ്സിലാക്കാനാവാത്ത വചനങ്ങളെയും പെട്ടെന്ന് വായിച്ചുവിടുന്നതുകൊണ്ട് ബൈബിളിന്റെ  മുഴുവന്‍ അര്‍ത്ഥവും ഗ്രഹിക്കാത്തവരാണു  അധികവും. സൂക്ഷ്നവായനയില്‍ കണ്ടെത്തുന്ന തെറ്റുകള്‍ക്ക് കാരണമായി നില്‍ക്കുന്ന ചില ഘടകങ്ങളെ പരിശോധിക്കുകയാണ് ഇതിലൂടെ..

കൈയ്യെഴുത്തുപ്രതി പകര്‍ത്തിഎഴുതിയതിലെ തെറ്റുകള്‍

ആധുനിക കാലത്തെ പല വിവര്‍ത്തനങ്ങളും ബൈബിളില്‍ വ്യത്യാസങ്ങളും അതുവഴി തെറ്റുകളും ഉണ്ടാക്കുന്നു. പല പദപ്രയോഗങ്ങളും അര്‍ത്ഥങ്ങള്‍ക്ക്‌ വ്യത്യാസം ഉണ്ടാക്കുന്നവയാണ്. ഓരോ ക്രൈസ്തവ വിഭാഗങ്ങളും തങ്ങളുടെ ദൈവശാസ്ത്രത്തിനൊപ്പിച്ചു മാറ്റാവുന്നിടത്തോളം വ്യത്യാസങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കുന്നു. പകര്‍ത്തിയെഴുതുന്നതിലൂടെയും വിവര്‍ത്തനതിലൂടെയും വന്ന തെറ്റുകള്‍  ബൈബിള്‍ തെറ്റുകളായി.

ഭാഷയുടെ പരിമിതി

ഗ്രീക്കിലും ഹീബ്രുവിലും അരമായിക്കിലും എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ മറ്റു ഭാഷകളിലേക്ക് മാറ്റുമ്പോള്‍ ഏറെ തെറ്റുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഭാഷയുടെ പരിമിതി വലിയ പരിമിതി തന്നെയാണ്. ഭാഷാപരിമിതിയും ബൈബിളിന്റെ പരിമിതിയായി.

കാലത്തിന്റെ വ്യത്യാസം

ഓരോ കാലഘട്ടത്തിനും അതിന്റേതായ കാഴ്ചപ്പാടുകളും ദര്‍ശനങ്ങളും ഉണ്ട്. പഴയനിയമ കാലഘട്ടത്തിലെ ചിന്തയില്‍നിന്നും വ്യത്യസ്തമാണ് പുതിയനിയമ കാലഘട്ടം. ആധുനിക കാലഘട്ടം അതില്‍നിന്നും വ്യത്യസ്തമാണ്. കാലഘട്ടത്തിന്റെ വ്യത്യാസങ്ങള്‍ ബൈബിളിന്റെ വ്യത്യാസങ്ങളും കുറവുകളുമായിപ്പോയി.

ശാസ്ത്രീയത

ശാസ്ത്രീയ ജ്ഞാനം കുറവുള്ള കാലഘട്ടത്തോടാണ് ബൈബിള്‍ ആദ്യം സംസാരിച്ചത്. ശാസ്ത്രീയ ജ്ഞാനക്കുറവും ബൈബിള്‍ വിജ്ഞാനീയത്തിന് കുറവ് ഉണ്ടാക്കി.

മനുഷ്യ ബുദ്ധിയുടെ പരിമിതി

മനുഷ്യ ബുദ്ധിക്കു പരിമിതിയുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യബുദ്ധിയുടെ പരിമിതി ബൈബിളിന്റെ പരിമിതിയായിത്തീര്‍ന്നു.

ഗ്രന്ഥകര്‍ത്താക്കളുടെ സ്വകാര്യ സ്വാര്‍ത്ഥത

ഓരോ ഗ്രന്ഥകര്‍ത്താക്കള്‍ക്കും പ്രത്യേക ഉദ്ദേശമുണ്ട്. യാഹൂദര്‍ക്കുവേണ്ടി, യഹൂദരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതിനുവേണ്ടി മത്തായി സുവിശേഷം എഴുതിയപ്പോള്‍ യഹൂദരെ പ്രീണിപ്പിക്കുകകൂടി ലക്ഷ്യമായിരുന്നു. പാവങ്ങളോടും രോഗികളോടും അനാഥരോടും സ്ത്രീകളോടും പക്ഷം പിടിക്കുന്ന ലൂക്കായുടെ സ്വാകാര സ്വാര്‍ത്ഥതയും സുവിശേഷത്തില്‍ ഉണ്ട്. വചനഗ്രന്ഥകര്‍ത്താക്കളുടെ സ്വകാര്യ സ്വാര്‍ത്ഥതകളും അങ്ങനെ ബൈബിളിന്റെഭാഗങ്ങളായി.

കാലഘട്ടത്തിന്റെ വ്യത്യാസം

ആയിരത്തിനാന്നൂറിലധികം വര്‍ഷം കൊണ്ട് രൂപപ്പെട്ട ഒരു ഗ്രന്ഥമാണ്‌ ബൈബിള്‍. സംഭവങ്ങള്‍ നടന്ന ക്രമത്തിലോ സംഭവങ്ങള്‍ നടന്ന സമയത്തോ അല്ല ബൈബിള്‍ എഴുതപ്പെട്ടത്. അതിനാല്‍ ഗ്രന്ഥകര്‍ത്താക്കളുടെ ഓര്‍മ്മക്കുറവിലെ പിശകുകളും ബൈബിളിലുണ്ട്. ബൈബിള്‍ രൂപപ്പെട്ടത് ഓരോരോ സമൂഹങ്ങളിലാണ്‌. സമൂഹങ്ങളുടെ പ്രത്യേകതകള്‍ - ബൌദ്ധിക, സാംസ്കാരിക, ആത്മീയ നിലവാരം - സമൂഹത്തെയും അതുവഴി ഗ്രന്ഥകര്‍ത്താക്കളേയും സ്വാധീനിചിരിക്കുന്നതിനാല്‍ സമൂഹത്തിന്റെ പരിധികളും പരിമിതികളും ബൈബിളില്‍ കടന്നുകൂടി. ഇവയൊക്കെയും ബൈബിളിന്റെഭാഗവുമായി.

ഗ്രന്ഥകര്‍ത്താക്കളുടെ  അമിത തീക്ഷണത

ഗ്രന്ഥകര്‍ത്താക്കളുടെ  അമിത തീക്ഷണതയും ബൈബിളില്‍ തെറ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഉദാഹരണമായി പൗലോസ്‌ തന്റെ ലേഖനങ്ങള്‍ എഴുതുമ്പോള്‍ വിജാതിയരോടുള്ള താല്പര്യം യാഹൂദാചാരത്തിന് മങ്ങലേല്‍പ്പിക്കുന്നതായി  കാണുന്നു. ബ്രഹ്മചര്യം, കന്യാത്വം, സ്ത്രീസമത്വം തുടങ്ങിയ  വിഷയങ്ങളില്‍ പൌലോസിന്റെ ലേഖനങ്ങള്‍ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നു. ഈ പ്രത്യേകതകളും ബൈബിളിലെ ഓരോ തെറ്റുകള്‍ ആയി.

ജനത്തിന്റെയും ഗ്രന്ഥകര്‍ത്താക്കളുടെയും മൌലികവാദം

സത്യദൈവം തങ്ങളുടെ ദൈവമാണെന്നും മറ്റു മനുഷ്യര്‍ വിജാതിയരാണെന്നും, ദൈവപ്രീതിക്ക് കാരണമാവാത്തവര്‍  ആണെന്നും ഉള്ള ചിന്തകള്‍ ബൈബിള്‍ ജനതയ്ക്കും ബൈബിള്‍ ഗ്രന്ഥകര്‍ത്താക്കള്‍ക്കും ഉണ്ടായിട്ടുണ്ട്. വിജാതിയര്‍, സമരിയാക്കാര്‍ തുടങ്ങിയ പദങ്ങളിലൂടെ ഒരുതരം അവജ്ഞയും അവഗണനയും ആ ജനതയോട് ബൈബിള്‍ പുലര്‍ത്തി. ദൈവജനത്തിന്റെയും ഗ്രന്ഥകര്‍ത്താക്കളുടെയും അമിതഭക്തിയും മൌലികവാദവും മറ്റുള്ളവരെ പുശ്ചത്തോടെ വീക്ഷിക്കാനും, അവരുടെ പരാജയം ദൈവം തങ്ങളുടെ കൂടെയുള്ളതിന്റെ തെളിവുകളായും ചിത്രീകരിക്കാന്‍ ഇടവന്നു. ഇതും ബൈബിളിന്റെ ഭാഗമായി.

വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനം
     
ബൈബിളില്‍ ശരിയും, നന്മയും, സത്യവും, പൂര്‍ണ്ണതയും മാത്രമല്ല ഉള്ളത്. ജീവിതത്തിന്റെ വേദനകളിലും അരക്ഷിതാവസ്തയിലും ബൈബിള്‍ കഥാപാത്രങ്ങള്‍ പറയുന്നതും ചിന്തിക്കുന്നതും ബൈബിളില്‍ രേഖപ്പെടുത്തി. ദൈവമില്ലെന്ന തോന്നല്‍, ആകാശത്തിനു താഴെയുള്ളതെല്ലാം മായ, പിശാചിന്റെ സ്വാധീനം ഇവയെല്ലാം സാധാരണ മനുഷ്യന്റെ അനുഭവമായപ്പോള്‍ അതും ബൈബിളില്‍ രേഖപ്പെടുത്തി. ഭൂമിശാസ്ത്രപരമായ അറിവിന്റെ കുറവ്, ജീവികളുടെ സ്വഭാവം, മാധ്യമങ്ങളുടെ അഭാവം, സൃഷ്ട്ടിയെപ്പറ്റിയുള്ള വ്യത്യസ്ത ചിന്തകള്‍ എന്നിവയൊക്കെയും ബൈബിളിനെ പരിമിതപ്പെടുത്തി. പരിമിതികളും പരിധികളും ബൈബിളില്‍ രേഖപ്പെടുത്തിയപ്പോള്‍ ദൈവനിവേശിത ബൈബിളില്‍ തെറ്റുകളുണ്ടെന്നു വിധി എഴുതാന്‍ അത് കാരണമായി. 

(തുടരും...) ]]] 
ഈ ലേഖനത്തിന്റെ ബാക്കി ഭാഗങ്ങള്‍ക്കായി നമ്മുക്ക് കാത്തിരിക്കാം. ഇതിനോടുള്ള നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ പറയുകയും ചെയ്യാം.

Saturday, May 8, 2010

ഖുര്‍ആനിലേക്ക് പുതിയൊരു വാതില്‍


മനുഷ്യകുലത്തിന്റെ സന്മാര്‍ദര്‍ശനത്തിന് അവതീര്‍ണമായതാണ് വിശുദ്ധഖുര്‍ആന്‍ . അത് ആരുടെയും കുത്തകയല്ല. അപ്രകാരം ചിന്തിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തികകയും ചെയ്തിരുന്ന ഒരു കാലഘട്ടം കേരള ചരിത്രത്തില്‍ കഴിഞ്ഞ് പോയിട്ടുണ്ട്. ഇപ്പോഴും ചിലരെങ്കിലും അതേ വിശ്വാസം പേറുന്നവരുണ്ട്. എന്നാല്‍ വിശുദ്ധഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് മരുഷ്യരേ എന്ന് വിളിച്ചുകൊണ്ടാണ്.

ഖുര്‍ആന്‍ അടിസ്ഥാനകാര്യങ്ങളാണ് നല്‍കുന്നത്. വിശുദ്ധഖുര്‍ആന്‍ മനുഷ്യന് നേരിട്ട് നല്‍കുകയല്ല ചെയ്തത്. അപ്രകാരമായിരുന്നെങ്കില്‍ അവ പൂര്‍ണമായി വിശദീകരിക്കുന്ന വിധം ആകേണ്ടിയിരുന്നു. എങ്കില്‍ പോലും അവ്യക്തതകള്‍ അവശേഷിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഗ്രന്ഥം ഒരു പ്രവാചകനിലൂടെയാണ് നമ്മുക്ക് ലഭിക്കുന്നത്. തൗറാത്ത് മോശയിലൂടെ സങ്കീര്‍ത്തനങ്ങള്‍ ദാവീദിലൂടെ ഇഞ്ചീല്‍ ഇസായിലൂടെ (ക്രിസ്ത്യാനികള്‍ പിന്നീട് യേശുവിനെ ദൈവവും ദൈവപുത്രനുമൊക്കെയാക്കി മാറ്റി എന്നത് വാസ്തവം). ഖുര്‍ആന്‍ മുഹമ്മദ് നബിയിലൂടെയും പ്രവാചകമാരുടെ ബാധ്യത വേദഗ്രന്ഥം വിശദീകരിക്കുക എന്നതായിരുന്നു. തങ്ങളുടെ ജീവിതത്തില്‍ അത് പകര്‍ത്തിയാണ് പ്രവാചകന്‍മാര്‍ ആ കാര്യം നിര്‍വഹിച്ചത്. അതുകൊണ്ടുതന്നെ വിശുദ്ധഖുര്‍ആനിന്റെ പൂര്‍ണത് ആ പ്രവാചകത്വം കൂടി ഉള്‍കൊള്ളുമ്പോഴാണ്.

അതുകൊണ്ടുതന്നെ പ്രവാചകന് ശേഷം വിശുദ്ധഖുര്‍ആനിന്റെ വ്യാഖ്യാനങ്ങള്‍ പ്രവചാക ചര്യക്കനുസരിച്ച് എഴുതപ്പെട്ട് പോന്നു. ഇത്തരം വ്യാഖ്യാനങ്ങള്‍ക്കുന്നും ദിവ്യത്വമില്ല. അവരുടെ കാലികമായ വീക്ഷണം അതില്‍ കടുന്നുവരാം. ഇതിനെ ആനിലക്ക് തന്നെ കാണണം. ആധുനിക കാലഘട്ടത്തില്‍ എഴുതപ്പെട്ട ഏറ്റവും ശ്രദ്ധേയമാണ ഖുര്‍ആന്‍ വ്യാഖ്യാനമാണ് മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍. ലോക പ്രശ്‌സ്തമായ വ്യാഖ്യാന ഗ്രന്ഥമാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍ മൂലഭാഷ ഉറുദുവാണ്. അനേകം ലോകഭാഷകളിലേക്ക് ഇതിനകം അത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉറുദുവിന്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നതും തഫ്ഹീമാണോ എന്ന് ഞാന്‍ സംശയിക്കുന്നതിന് കാരണം യു.എ.ഇലെ ഉറുദു സംസാരിക്കുന്നവര്‍ ധാരാളമായി പങ്കെടുക്കുന്ന പള്ളികളിലൊക്കെ കാണപ്പെട്ടത് തഫ്ഹീമിന്റെ പതിപ്പുകളായതുകൊണ്ടാണ്.

തഫ്ഹീം പുര്‍ണമായി ഡിജിറ്റല്‍ മീഡിയയിലേക്ക് മാറ്റിയത് ആദ്യമായി മലയാളത്തിലാണ് എന്റെ അറിവ്. അതിന് മുമ്പ് മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണമെന്ന വ്യാഖ്യാന ഗ്രന്ഥത്തെ അധികരിച്ച് ഒരു മലയാളം സോഫ്റ്റ് വെയര്‍ ഇറങ്ങിയിരുന്നു. പക്ഷെ അതിനേര്‍പ്പെടുത്തിയ ഭീമമായ വിലയും കോപ്പിയെടുക്കാനുള്ള സൗകര്യമില്ലായ്മയും അതിന്റെ സാന്നിദ്ധ്യം പോലും അജ്ഞാതമാക്കി. അതിന് വേണ്ടിവന്ന അധ്വോനവും ചെലവും പരിഗണിക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ ആ വിലനിശ്ചയിച്ചതില്‍ അത്ഭുതമൊന്നുമില്ല. ആ സി.ഡി. ഒരു സുഹൃത്തിലൂടെ കയ്യില്‍ കിട്ടുമ്പോള്‍ ഞാന്‍ ആദ്യമായി ചിന്തിച്ചത് തഫ്ഹീമിന്റെ സി.ഡി. ഇറങ്ങിയിട്ടുണ്ടോ എന്നാണ്. നാട്ടില്‍ വന്ന ശേഷം ചിലപുസ്തകങ്ങള്‍ വാങ്ങാന്‍ ഐ.പി.എചിലേക്ക് പുറപ്പെടുമ്പോള്‍ എന്റെ മനസ്സില്‍ അത്തരമൊരു ചിന്തയും കൂടി ഉണ്ടായിരുന്നു. ബന്ധപ്പെടവരോട് അന്വേഷിച്ചപ്പോള്‍ ഇറങ്ങിയിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞു. പിന്നീട് ഏതാനും മാസങ്ങള്‍ ശേഷം എന്നെ ഒരു വിളി തേടിയെത്തി. ഇപ്രകാരം തഫ്ഹീം സോഫ്റ്റ് വെയറിലേക്ക് പകര്‍ത്തുന്ന ഒരു പ്രൊജക്റ്റിന് വേണ്ടി ഒരു മുഴുസമയ കോര്‍ഡിനേറ്ററെ ഐ.പി.എച്ച് തിരക്കുന്ന സന്ദര്‍ഭത്തിലാണ് അത് സംഭവിച്ചത്. തുടര്‍ന്ന് അതിന്റ കണ്‍വീനറായി ചുമതലയേല്‍പ്പിക്കപ്പെട്ട വി.കെ അബ്ദു സാഹിബിനെ ചെന്ന് കാണുകയും അദ്ദേഹം ഞാന്‍ ചെയ്യേണ്ട ജോലിയെക്കുറിച്ച് വിശദീകരിച്ച് തരികയും ചെയ്തു. ഇതിന്റെ വര്‍ക്കുകള്‍ ചെയ്യാന്‍ നാം ഒരു കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവരാണ് ഈ വര്‍ക്ക് ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. പ്രോഗ്രാമര്‍മാര്‍ വിഷയത്തെക്കുറിച്ച അറിവുള്ളവരായിരിക്കില്ല. അതില്‍ ഐ.പി.എച്ചില്‍ നിന്നുള്ള സഹായം അവര്‍ക്ക് നല്‍കുക. പ്രോജക്ട് കോര്‍ഡിനേറ്റര്‍ എന്നതായിരിക്കും എന്റെ സ്ഥാനം. തഫ്ഹീമിനെക്കുറിച്ചുള്ള ധാരണയും കമ്പ്യൂട്ടറിലുള്ള സാമാന്യ പരിചയവും ഉള്ളതുകൊണ്ട് ഒട്ടും ആശങ്കയില്ലാതെ ഞാന്‍ ഏറ്റെടുത്തു. പിന്നീട് രണ്ടുപേരെ കൂടി ഉള്‍പ്പെടുത്തി ഞങ്ങള്‍ മൂന്നുപേരെ കണ്ടന്റ് മാനേജ്‌മെന്റിന് മുഴുസമയ സേവനത്തിനായി നിയോഗിക്കപ്പെട്ടു. അബ്ദുള്‍ ശുക്കൂര്‍ പറവണ്ണ, അബൂദര്‍റ് എടയൂര്‍ എന്നിവരായിരുന്നു ബാക്കി രണ്ടുപേര്‍. ശുക്കൂര്‍ സാഹിബ് 20ലധികം വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് നാട്ടില്‍ സ്ഥിരതാമസമാക്കിയത്. അതിവേഗം മലയാളം ടൈപ്പുചെയ്യാന്‍ അദ്ദേഹത്തിന് കഴിയും. അബൂദര്‍റ് എഡിറ്ററായും. പക്ഷെ പ്രൊജക്റ്റ് തുടങ്ങി അല്‍പം പിന്നിട്ടപ്പോഴാണ്. ഞങ്ങളുടെ യഥാര്‍ഥ ഡ്യൂട്ടിയെക്കുറിച്ചുള്ള ധാരണ ലഭിച്ചത്. പിന്നീട് ജോലിക്കിടയിലെ കൃത്യമായ വിഭജനം സാധ്യമായിരുന്നില്ല. പ്രോഗ്രാമര്‍മാരില്‍നിന്ന് നിര്‍ദ്ദേശം കൃത്യമായി സ്വീകരിക്കുക. പിന്നീട് രണ്ടുപേരോടും കൂടിയാലോചിച്ച് കൂട്ടായി ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ശൈലി. ഞങ്ങളീ പ്രവര്‍ത്തനത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമായിരുന്നു. സംഭവബഹുലമായ ഒന്നരവര്‍ഷത്തെ 100 ലധികം പേരുടെ കഠിനമായ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്റെ കമ്പ്യൂട്ടര്‍ പതിപ്പ്. പക്ഷെ അതിന്റെ പരിമിതി ഇതിന്റെ പ്രവര്‍ത്തരകുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമേ ഇത് ലഭ്യമാകുകയുള്ളൂ എ്ന്നതാണ്. ഈ വലിയ പരിമിതി മറികടക്കുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ തഫ്ഹീമുല്‍ ഖുര്‍ആന്റെ നെറ്റ് പതിപ്പ്. യൂണികോഡായതിനാല്‍ സര്‍ചിനും മറ്റും വളരെ സൗകര്യമായി.

ഇത്തരമൊരു സൗകര്യം ഇതുവരെ നിലവിലില്ലാത്തതുകൊണ്ടാണ് എന്റെ ഈ ബ്ലോഗില്‍ പലപ്പോഴും തഫ്ഹീമിന്റെ വ്യാഖ്യാനങ്ങള്‍ ചേര്‍ത്ത് പോസ്റ്റാക്കിയത്. ഇനി അതിന്റെ ആവശ്യമില്ല. അതുകൊണ്ട് ഖുര്‍ആനിന്റെ മറ്റുവിഷയങ്ങള്‍ ചര്‍ചചെയ്യാം. ലോകത്തിലെ ആര്‍ക്കും ഇനി വിശുദ്ധഖുര്‍ആന്‍ മനസ്സിലാക്കുക എന്നത് അതീവലളിതമായി മാറിയിരിക്കുന്നു. ഈ നെറ്റ് സംവിധാനം പൂര്‍ത്തിയാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഇത് ഈ കാലത്തിനിടയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ അതിന്റെ കമ്പ്യൂട്ടര്‍ വേര്‍ഷനുള്ള പങ്ക് വിസ്മരിക്കാവതല്ല. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അതിവിദഗ്ദനായ  പ്രോഗ്രാമര്‍ കൊടിയത്തൂര്‍ കാരനായ ഷാഹിറിനെ പരാമര്‍ശിക്കാതെ ഈ വിവരണം അപൂര്‍ണമാണ്. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നവരിലൂടെ നിലക്കാത്ത പ്രതിഫലം ഇതിന് വേണ്ടി സാമ്പത്തികവും പ്രചരണപരവുമായ പ്രവര്‍ത്തനങ്ങളിലെല്ലാം പങ്കാളികളായവര്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ദൈവം  അവന്റെ വചനങ്ങള്‍ മനുഷ്യരിലെത്തിക്കാനായി മറ്റൊരു വാതില്‍ കൂടി തുറക്കുകയാണ്. ഇതാ ഇതിലൂടെ.

Wednesday, March 31, 2010

പ്രവാചകനെതിരെയുള്ള ശത്രുത

ഇയ്യിടെയായി പ്രവാചകനെതിരെയുള്ള പരിഹാസവും ആക്ഷേപവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പത്രത്താളുകളെ കറുപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. കര്‍ണാടകയില്‍ കന്നടപ്രഭ എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനവും. കേരളത്തില്‍ തൊടുപുഴയില്‍ ഒരധ്യാപകന്‍ തയ്യാറാക്കിയ ചോദ്യപ്പേപ്പര്‍, അതിന് കുറച്ചു മുമ്പ് പത്തനം തിട്ടയിലെ ചുങ്കപ്പാറയില്‍ പിന്‍വാതു പാലം എന്ന പ്രവാചകനിന്ദ അടങ്ങിയ പുസ്തകം വിതരണം ചെയ്തതുമാണ് ഇപ്പോള്‍ പ്രവാചകന്‍ കൂടുതല്‍ ചര്‍ചചെയ്യപ്പെടാനിടയാക്കിയത്. കേരളത്തിലെ സമാധാനാന്തരീക്ഷം പുലരുന്നതില്‍ കടുത്ത അസംതൃപ്തിയുള്ള ഒരു വിഭാഗം ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന് പുറത്ത് സംഭവിച്ചത് പോലെ എന്നാല്‍ ഇതൊരു വലിയ സാമൂഹ്യപ്രശ്‌നമായി ഉയരാതെ കേരളത്തിലെ സമാധാനം സംരക്ഷിക്കാന്‍ ഗവണ്‍മെന്റിന്റെ സമയോജിതമായ നടപടികൊണ്ട് സാധിച്ചു, ജനങ്ങളുടെ പ്രബുദ്ധത കേരളത്തില്‍ വേണ്ടത്ര വേരോട്ടം ഇനിയും വര്‍ഗീയതക്ക് ലഭിച്ചിട്ടില്ലെന്നും ഇത് തെളിയിച്ചു. കുറച്ചുകൂടി ജാഗ്രത പാലിച്ചിരുന്നെങ്കില്‍ അക്രമാസക്തമായ ഒരു പ്രതികരണം കൂടാതെ പ്രശ്‌നം പരിഹരിക്കാമായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. 

പ്രശ്‌നത്തെ നിസ്സാരവല്‍ക്കരിക്കുവിധം പ്രതികരണം രൂക്ഷമാകുന്നത് അംഗീകരിക്കാനാവില്ല. അതേ പ്രകാരം പ്രതികരണത്തിനെതിരെ മാത്രം പ്രതികരണം വരുന്നതും ആരോഗ്യകരമായ ഒരു സാമൂഹ്യന്തരീക്ഷത്തിന് യോജിച്ചതല്ല. പലപ്പോഴും ഇത്തരം സന്ദര്‍ഭത്തില്‍ ഖുര്‍ആനില്‍നിന്ന് ചില പാഠങ്ങള്‍ വിശ്വാസികള്‍ ഉള്‍കൊള്ളേണ്ടതുണ്ട്.
ആ പ്രശ്‌നത്തെ വിശകലനം ചെയ്യുക എന്നതല്ല ഈ പോസ്റ്റിന്‍െ ഉദ്ദേശ്യം. ഇത്തരം സംഭവങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇതിന്‍െ പത്തിരട്ടി ഗൗരവത്തില്‍ പ്രവാചകന്‍ ജീവിച്ചിരിക്കെത്തന്നെ സംഭവിച്ചിട്ടുണ്ട്. പ്രവാചക ശത്രുക്കള്‍ അദ്ദേഹത്തെ വിളിച്ച വിളിപ്പേരുകള്‍ ഖുര്‍ആനില്‍ തന്നെ രേഖപ്പെട്ടുകിടക്കുന്നുണ്ട്. പ്രവാചകനെ ചതിച്ചുകൊല്ലാന്‍ ഒരു ജൂത സ്ത്രീ വിഷം കലര്‍ത്തിയ ഭക്ഷണം കഴിക്കാന്‍ നല്‍കുകയുണ്ടായി. എന്നാല്‍ അതില്‍നിന്നെല്ലാം അല്ലാഹു അദ്ദേഹത്തെ സംരക്ഷിച്ചു. അദ്ദേഹത്തിന്റ വിരോധികളിലൂടെയാണ് അദ്ദേഹത്തിന് ജനശ്രദ്ധ കൂടുതല്‍ ലഭിച്ചതും കൂടുതല്‍ ജനങ്ങളിലേക്ക് ഈ സന്ദേശം പ്രചരിച്ചതും.

പ്രവാചകനെ ആക്ഷേപിക്കുന്നതോടൊപ്പം തങ്ങള്‍ വിശ്വസിക്കാതിരിക്കുന്നത് തെളിവ് പോരാത്തതുകൊണ്ടാണെന്ന് അവര്‍ നിരന്തരം പറയുകയും കൂടുതല്‍ തെളിവ് ആവശ്യപ്പെടുകയും ചെയ്തു. ചിലരെങ്കിലും ആഗ്രഹിച്ചു അത്തരത്തിലുള്ള ചില ദൃഷ്ടാന്തങ്ങള്‍ ഇറക്കപ്പെട്ടെങ്കില്‍ എന്ന്. എന്നാല്‍ സര്‍വരഹസ്യങ്ങളും അറിയുന്ന അല്ലാഹു പ്രവാചകന് ഇപ്രകാരം ദിവ്യബോധനം നല്‍കി. തുടര്‍ന്ന് വായിക്കുക. 

ഈ ജനം ദൈവത്തിന്റെ പേരില്‍ ദൃഢമായി ആണയിട്ടുകൊണ്ടു പറയുന്നു, തങ്ങളുടെ മുമ്പില്‍ ഒരു അടയാളം (ദിവ്യാത്ഭുതം) പ്രത്യക്ഷമാവുകയാണെങ്കില്‍, തീര്‍ച്ചയായും തങ്ങള്‍ വിശ്വസിച്ചുകൊള്ളാമെന്ന്. പ്രവാചകന്‍ അവരോടു പറയണം: 'ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാകുന്നു.' അടയാളങ്ങള്‍ വന്നുകഴിഞ്ഞാലും അവര്‍ വിശ്വാസികളാവുകയില്ലെന്ന് നിങ്ങളെ എങ്ങനെ ഗ്രഹിപ്പിക്കും? അവരുടെ മനസ്സുകളെയും കണ്ണുകളെയും നാം കറക്കിക്കൊണ്ടിരിക്കുകയാകുന്നു; അവര്‍ ആദ്യവട്ടം ഇതില്‍ (വേദത്തില്‍) വിശ്വസിക്കാതിരുന്നതുപോലെത്തന്നെ. അവരെ തങ്ങളുടെ ധിക്കാരത്തില്‍ വിഹരിക്കാന്‍ വിടുകയും ചെയ്യുന്നു.  നാം മലക്കുകളെത്തന്നെ അവരിലേയ്ക്കിറക്കുകയും മരിച്ചവര്‍ അവരോടു സംസാരിക്കുകയും ലോകത്തുള്ള സകല വസ്തുക്കളും അവരുടെ കണ്‍മുമ്പില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്താല്‍പോലും അവര്‍ വിശ്വസിക്കുമായിരുന്നില്ല- (വിശ്വസിക്കണമെന്നു) ദൈവേഛയുണ്ടായാലല്ലാതെ. പക്ഷേ, അവരില്‍ അധികപേരും അവിവേകം സംസാരിച്ചുകൊണ്ടിരിക്കുകയാകുന്നു. ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്. അവരങ്ങനെ ചെയ്യരുതെന്ന് നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ ഒരിക്കലും അവരതു ചെയ്യുമായിരുന്നില്ല. ശരി, തങ്ങളുടെ കള്ളം ചമയ്ക്കലില്‍ തന്നെ അവരെ വിട്ടേക്കുക. (നാം അവരെ ഇതെല്ലാം ചെയ്യാന്‍ അനുവദിക്കുന്നത് ഇതിനുവേണ്ടിത്തന്നെയാകുന്നു:) പരലോക വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്ക് (മോഹനമായ വഞ്ചനയിലേക്ക്) ആകൃഷ്ടമാക്കുന്നതിനും അവരതില്‍ സംതൃപ്തരാകുന്നതിനും അവന്‍ സമ്പാദിക്കേണ്ട തിന്മകള്‍ സമ്പാദിക്കേണ്ടതിനും. അവസ്ഥ ഇതായിരിക്കെ, അല്ലാഹുവല്ലാത്ത ആരെയെങ്കിലും വിധികര്‍ത്താവായി ഞാന്‍ തേടുകയോ? അവനാവട്ടെ, നിങ്ങള്‍ക്കു തികച്ചും വിശദമായ വേദം അവതരിപ്പിച്ചുതന്നിരിക്കുന്നു. (നിനക്കു മുമ്പ്) വേദം ലഭിച്ചവരോ, ഈ വേദം നിന്റെ റബ്ബിങ്കല്‍നിന്നുള്ള സത്യവും കൊണ്ടവതീര്‍ണമായതു തന്നെയാണെന്നറിയുന്നു. അതിനാല്‍ നീ സന്ദേഹിക്കുന്നവരില്‍ പെട്ടുപോകരുത്. നിന്റെ റബ്ബിന്റെ വചനം സത്യത്താലും നീതിയാലും സമ്പൂര്‍ണമായിരിക്കുന്നു. അവന്റെ അരുളപ്പാടുകള്‍ ഭേദഗതി ചെയ്യുന്നവനായി ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. (6:109-115)
**************************************

ഈ ജനം ദൈവത്തിന്റെ പേരില്‍ ദൃഢമായി ആണയിട്ടുകൊണ്ടു പറയുന്നു, തങ്ങളുടെ മുമ്പില്‍ ഒരു അടയാളം (ദിവ്യാത്ഭുതം) പ്രത്യക്ഷമാവുകയാണെങ്കില്‍, തീര്‍ച്ചയായും തങ്ങള്‍ വിശ്വസിച്ചുകൊള്ളാമെന്ന്.

'അടയാളം'കൊണ്ട് വിവക്ഷിച്ചിട്ടുള്ളത് ദൃഷ്ടിഗോചരമായ അത്ഭുത സംഭവമാണ്. നബിയുടെ സത്യതയേയും പ്രവാചകത്വത്തേയും അംഗീകരിക്കുവാന്‍ മനുഷ്യനെ നിര്‍ബന്ധിക്കുന്ന അമാനുഷിക സംഭവം.

പ്രവാചകന്‍ അവരോടു പറയണം: 'ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാകുന്നു.'

അതായത്, ദൃഷ്ടാന്തങ്ങള്‍ അവതരിപ്പിക്കുവാനോ നിര്‍മിക്കുവാനോ ഉളള ശക്തി എനിക്കു ലഭിച്ചിട്ടില്ല. അതിനധികാരം അല്ലാഹുവിനെയുളളു. അവന്‍ ഇഛിച്ചാല്‍ കാട്ടിത്തരും, അല്ലെങ്കില്‍ കാട്ടിത്തരുന്നതുമല്ല.

അടയാളങ്ങള്‍ വന്നുകഴിഞ്ഞാലും അവര്‍ വിശ്വാസികളാവുകയില്ലെന്ന് നിങ്ങളെ എങ്ങനെ ഗ്രഹിപ്പിക്കും?

മുസ്‌ലിംകളോടാണ് അഭിസംബോധനം. തങ്ങളുടെ വഴിപിഴച്ച സഹോദരന്മാരെ നേര്‍മാര്‍ഗത്തിലേക്കാനയിക്കുന്ന ഏതെങ്കിലുമൊരു ദിവ്യാടയാളം പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കില്‍ എന്നവര്‍ ആഗ്രഹിക്കുകയും ചിലപ്പോഴൊക്കെ അത് വാക്കാല്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അവരുടെ ഇതേ ആശയും അഭിലാഷവും മുന്‍നിറുത്തിയാണ് അല്ലാഹു പറയുന്നത്: നിങ്ങള്‍ക്കെന്തറിയാം? ഇവരുടെ വിശ്വാസം ഒരു ദിവ്യാടയാളത്തെ ആശ്രയിച്ചുനില്‍ക്കുന്നതൊന്നുമല്ല.”

അവരുടെ മനസ്സുകളെയും കണ്ണുകളെയും നാം കറക്കിക്കൊണ്ടിരിക്കുകയാകുന്നു; അവര്‍ ആദ്യവട്ടം ഇതില്‍ (വേദത്തില്‍) വിശ്വസിക്കാതിരുന്നതുപോലെത്തന്നെ.

പ്രഥമഘട്ടത്തില്‍ മുഹമ്മദ്‌നബി(സ)യുടെ പ്രബോധനം കേട്ടിട്ടു വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്നതിന് കാരണമായ അതേ മനഃസ്ഥിതിയാണ് ഇപ്പോഴും അവരില്‍ കുടികൊള്ളുന്നത്. അവരുടെ വീക്ഷണഗതിയില്‍ മാറ്റമൊന്നും വന്നു കഴിഞ്ഞിട്ടില്ല. സത്യം ഗ്രഹിക്കാനും കാണാനും തങ്ങള്‍ക്കു തടസ്സമായിരുന്ന അതേ തലതിരിഞ്ഞ ചിന്താഗതിയും വളഞ്ഞ വീക്ഷണവും ഇപ്പോഴും അവരില്‍ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നുണ്ട്.

അവരെ തങ്ങളുടെ ധിക്കാരത്തില്‍ വിഹരിക്കാന്‍ വിടുകയും ചെയ്യുന്നു.  നാം മലക്കുകളെത്തന്നെ അവരിലേയ്ക്കിറക്കുകയും മരിച്ചവര്‍ അവരോടു സംസാരിക്കുകയും ലോകത്തുള്ള സകല വസ്തുക്കളും അവരുടെ കണ്‍മുമ്പില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്താല്‍പോലും അവര്‍ വിശ്വസിക്കുമായിരുന്നില്ല- (വിശ്വസിക്കണമെന്നു) ദൈവേഛയുണ്ടായാലല്ലാതെ.

അതായത്, അല്ലാഹു മനുഷ്യവംശത്തിന് പ്രത്യേകമായി പ്രദാനം ചെയ്തിട്ടുള്ള സ്വാതന്ത്ര്യവും ഇഛാശക്തിയും ഉപയോഗിച്ചുകൊണ്ട് ഇവര്‍ അസത്യമാര്‍ഗം കൈവെടിഞ്ഞ് സത്യത്തിന്റെ മാര്‍ഗം അംഗീകരിക്കുകയെന്ന പ്രശ്‌നമേ ഉളവാകുന്നില്ല. ഇവരെ സത്യവിശ്വാസികളാക്കുവാന്‍ ഇനി വല്ല മാര്‍ഗവുമുണ്ടെങ്കില്‍ ഇതൊന്നു മാത്രമാണ്; അല്ലാഹു മറ്റെല്ലാ അസ്വതന്ത്ര സൃഷ്ടികളെയും പോലെ ഇവരെയും ജന്മനാ സത്യവാദികളായി സൃഷ്ടിക്കുക. എന്നാല്‍ അല്ലാഹു മനുഷ്യസൃഷ്ടിയില്‍ ദീക്ഷിച്ച യുക്തിക്കും ലക്ഷ്യത്തിനും വിപരീതമത്രെ അത്. അതിനാല്‍ പ്രകൃത്യതീതമായ ഇടപെടല്‍ മൂലം അല്ലാഹു ഇവരെ സത്യവിശ്വാസികളാക്കിവിടുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ അസ്ഥാനത്താണ്.

പക്ഷേ, അവരില്‍ അധികപേരും അവിവേകം സംസാരിച്ചുകൊണ്ടിരിക്കുകയാകുന്നു. ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്.

ജിന്നുവര്‍ഗത്തിലും മനുഷ്യവര്‍ഗത്തിലുമുളള പിശാചുക്കളില്‍നിന്ന് തങ്ങള്‍ക്കെതിരില്‍ ഏകോപിച്ചണിനിരന്നിട്ടുണ്ടെങ്കില്‍ പരിഭ്രമിക്കാനൊന്നുമില്ല. താങ്കള്‍ക്കുമാത്രം അഭിമുഖീകരിക്കേണ്ടിവന്ന ഒരു സ്ഥിതി വിശേഷമല്ല ഇത്. ഏതുകാലത്തും ഒരു പ്രവാചകന്‍ ലോകത്തിനു നേര്‍വഴി കാട്ടുവാനായി എഴുന്നേറ്റപ്പോള്‍ അദ്ദേഹത്തിന്റെ ആ സംരംഭത്തെ പരാജയപ്പെടുത്തുവാന്‍ പൈശാചികശക്തികള്‍ ഒന്നടങ്കം ഒരുമ്പെട്ടിട്ടുണ്ട്.
സത്യപ്രബോധനത്തിനും സത്യപ്രബോധകനുമെതിരായി പൊതുജനങ്ങളെ ഇളക്കിവിടുവാനും പ്രകോപിപ്പിക്കുവാനും അവരുപയോഗിക്കുന്ന സൂത്രോക്തികളും കുതന്ത്രങ്ങളും സംശയാശങ്കകളും മറ്റുമാണ് ഇവിടെ “ മോഹനവാക്യങ്ങള്‍' കൊണ്ടു വിവക്ഷ. അതിനെയെല്ലാം പൊതുവില്‍ വഞ്ചനയെന്നു വിശേഷിപ്പിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ സത്യത്തെ എതിര്‍ക്കുവാനായി സത്യവിരോധികള്‍ പ്രയോഗിക്കാറുള്ള അത്തരം അടവുകള്‍ പ്രത്യക്ഷത്തില്‍ വളരെ ഫലപ്രദമായും വിജയകരമായും കണ്ടേക്കാമെങ്കിലും യാഥാര്‍ഥ്യവും പരിണാമവും കൊണ്ട് നോക്കുമ്പോള്‍ കേവലം വഞ്ചനയല്ലാതെ മറ്റൊന്നുമല്ല. ഇതര ജനങ്ങളെ സംബന്ധിച്ച് മാത്രമല്ല, സ്വന്തത്തെ, സംബന്ധിച്ചിടത്തോളവും അത് വഞ്ചനയാണ്.

അവരങ്ങനെ ചെയ്യരുതെന്ന് നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ ഒരിക്കലും അവരതു ചെയ്യുമായിരുന്നില്ല.

മുമ്പ് നാം നല്‍കിയ വിശദീകരണങ്ങള്‍ക്ക് പുറമെ ഒരു സംഗതികൂടി ഇവിടെ പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ ഇഛയും അവന്റെ പ്രീതിയും ഒന്നല്ല. അവ തമ്മില്‍ വമ്പിച്ച അന്തരമുണ്ട്. ഈ സംഗതി അവഗണിച്ചതുമൂലം ജനങ്ങളെ പൊതുവില്‍ വളരെ തെറ്റുദ്ധാരണകള്‍ പിടികൂടിയിരിക്കുന്നു. ഏതൊരു സംഗതിയും പ്രകടമാവുന്നത് ദൈവത്തിന്റെ ഇഛയും അനുമതിയുമനുസരിച്ചാണെന്നു പറഞ്ഞാല്‍ അതില്‍ അവന്റെ പ്രീതിയും തൃപ്തിയുമുണ്ടെന്നര്‍ഥമില്ല. ആ സംഭവത്തിന്റെ ആവിര്‍ഭാവത്തിന് അവന്റെ മഹത്തായ സ്‌കീമില്‍ പഴുതു വെച്ചിട്ടുണ്ടെന്നും ആ കാര്യത്തിന്റെ കാരണങ്ങള്‍ അതില്‍ സജ്ജീകൃതമായിട്ടുണ്ടെന്നും മാത്രമേ അതുകൊണ്ടു വരികയുള്ളൂ. വാസ്തവത്തില്‍ ദൈവാനുമതിയും ദൈവേഛയും കൂടാതെ ലോകത്തൊന്നും സംഭവിക്കുന്നില്ല. മോഷ്ടാവിന്റെ മോഷണം, കൊലയാളിയുടെ കൊല, അക്രമിയുടെ അക്രമം, അവിശ്വാസിയുടെ അവിശ്വാസം, മുശ്‌രികിന്റെ ശിര്‍ക്ക് ഇങ്ങനെയാതൊന്നും തന്നെ ദൈവാനുമതിയോടെ അല്ലാതെ സംഭവ്യമല്ല. അപ്രകാരം തന്നെയാണ് വിശ്വാസിയുടെ വിശ്വാസത്തിന്റെയും'ഭക്തന്റെ'ഭക്തിയുടെയും സ്ഥിതി. യാതൊന്നും ദൈവേഛക്കതീതമായി നടക്കുകയില്ല. രണ്ടുതരം സംഭവങ്ങളിലും ദൈവേഛ തുല്യനിലയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ആദ്യം പറഞ്ഞ തരത്തില്‍പ്പെട്ട സംഭവങ്ങളില്‍ ദൈവപ്രീതിയില്ല. രണ്ടാമത് പറഞ്ഞതില്‍ ദൈവത്തിന്റെ ഇഛയോടൊപ്പം അവന്റെ ഇഷ്ടവും പ്രീതിയും സമ്മേളിക്കുന്നുണ്ട്. അന്തിമവിശകലനത്തില്‍ ഏതോ മഹത്തായൊരു നന്മക്കുവേണ്ടിയായിരിക്കും ദൈവേഛ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇരുട്ട്- വെളിച്ചം, ഗുണം-ദോഷം, നന്മ-തിന്മ എന്നീ വിരുദ്ധ ശക്തികളുടെ പരസ്പര സംഘട്ടനത്തില്‍ കൂടിയാണ് ആ മഹത്തായ നന്മയുടെ മാര്‍ഗം തെളിഞ്ഞുവരിക. അതിനാല്‍ തന്റെ മഹത്തായ യുക്തിതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ അനുസരണത്തിനും നിഷേധത്തിനും ദൈവം ഒരേ സമയത്ത് കൃത്യനിര്‍വ്വഹണാവസരം നല്‍കുന്നു. ഇബ്‌റാഹീമിസത്തിനും നംറൂദിസത്തിനും മൂസായിസത്തിനും ഫിര്‍ഔനിസത്തിനും മനുഷ്യത്വത്തിനും പൈശാചികതയ്ക്കും ഒപ്പം പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നു. ദൈവം വിവേചനാധികാരം നല്‍കിയ തന്റെ സൃഷ്ടികള്‍ക്ക്, ജിന്ന്- മനുഷ്യവര്‍ഗ്ഗങ്ങള്‍ക്ക്, നന്മതിന്മകളിലേതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. ഈ കര്‍മലോകത്ത് നന്മയെ ഇഷ്ടപ്പെടുന്നവന് അതിന്റെതായ പ്രവര്‍ത്തനമാര്‍ഗം സ്വീകരിക്കാം. തിന്മയെ ഇഷ്ടപ്പെടുന്നവനും അങ്ങനെതന്നെ. ദൈവിക താല്‍പര്യങ്ങള്‍ അനുവദിക്കുന്നിടത്തോളം ആ രണ്ടു തരം പ്രവര്‍ത്തനങ്ങള്‍ക്കും കാര്യകാരണലോകത്ത് അനുകൂലമായ പിന്തുണയും കിട്ടും. പക്ഷേ, ദൈവത്തിന്റെ പ്രീതിയും ഇഷ്ടവും സുകൃതവാന്മാര്‍ക്ക് മാത്രമുള്ളതാണ്. ദൈവദാസന്മാര്‍ തങ്ങളുടെ വിവേചനസ്വാതന്ത്ര്യമുപയോഗിച്ചുകൊണ്ട് നന്മ തെരഞ്ഞുടുക്കുകയും തിന്മ തെരഞ്ഞുടുക്കാതിരിക്കുകയും വേണം- ഇതാണ് ദൈവത്തിന് ഇഷ്ടകരം.
ഇതോടൊപ്പം മറ്റൊരു സംഗതികൂടി ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. സത്യവിരോധികളുടെ എതിര്‍ നടപടികളെ സംബന്ധിച്ച പ്രതിപാദനം വരുമ്പോള്‍ അത് തന്റെ ഇഛാനുസൃതം തന്നെയാണുണ്ടാവുന്നതെന്ന് അല്ലാഹു പറയുക പതിവാണ്. നബിയെയും നബി മുഖേന സത്യവിശ്വാസികളെയും ഒരു കാര്യം തെര്യപ്പെടുത്തലാണ് ആ പ്രസ്താവനയുടെ ഉദ്ദേശ്യം: യാതൊരെതിര്‍പ്പും കൂടാതെ ദൈവത്തിന്റെ ആജ്ഞാനിരോധങ്ങള്‍ നടപ്പില്‍വരുത്തുകയെന്ന മലക്കുകളുടെ പ്രവര്‍ത്തന സ്വഭാവത്തില്‍നിന്നു വ്യത്യസ്തമാണ് നിങ്ങളുടെ പ്രവര്‍ത്തനരീതി. ദുഷ്ടജനങ്ങള്‍ക്കും രാജ്യദ്രോഹികള്‍ക്കുമെതിരെ അല്ലാഹുവിന് പ്രിയങ്കരമായ ജീവിത വ്യവസ്ഥയെ വിജയിപ്പിക്കാന്‍ സമരം നടത്തലാണ് നിങ്ങളുടെ സാക്ഷാല്‍ ജോലി. ദൈവദ്രോഹമാര്‍ഗം സ്വീകരിച്ചിട്ടുള്ള ജനതയ്ക്ക് അല്ലാഹു തന്റെ ഇഛാനുസാരം ഇവിടെ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയിരുന്നു. അത് പ്രകാരം തന്നെ അനുസരണത്തിന്റെയും അടിമത്തത്തിന്റെയും മാര്‍ഗം സ്വീകരിച്ച നിങ്ങള്‍ക്കും പൂര്‍ണമായ പ്രവര്‍ത്തന സന്ദര്‍ഭം നല്‍കിയിരിക്കുന്നു. ദൈവത്തിന്റെ പ്രീതിയും പിന്തുണയും സഹായവും മാര്‍ഗനിര്‍ദ്ദേശവും നിങ്ങളോടൊപ്പമാണ്. കാരണം, അവനിഷ്ടപ്പെടുന്ന മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങളാണ് എന്നുവെച്ച് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ അല്ലാഹു തന്റെ പ്രകൃത്യതീതമായ ഇടപെടല്‍ മൂലം വിശ്വസിപ്പിക്കുമെന്ന് നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല. തങ്ങളുടെ ഹൃദയ മസ്തിഷ്‌കങ്ങളും കായിക ശേഷിയും മറ്റു സകല ഉപകരണങ്ങളും ഉപയോഗിച്ച് സത്യമാര്‍ഗത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുവാന്‍ തീരുമാനിച്ചിരിക്കുന്ന ജിന്ന്- മനുഷ്യവര്‍ഗങ്ങളിലെ പിശാചുക്കളെ അല്ലാഹു നിര്‍ബന്ധപൂര്‍വം ആ മാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിക്കുമെന്ന് നിങ്ങള്‍ കാത്തിരിക്കേണ്ടതില്ല. നിങ്ങള്‍ യഥാര്‍ഥമായും സത്യധര്‍മങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചവരെങ്കില്‍ അസത്യപൂജകന്മാരുമായി ഉഗ്രസംഘട്ടനം നടത്തി നിങ്ങളുടെ സത്യസന്ധതയും ധര്‍മബോധവും തെളിയിക്കേണ്ടിവരും. അമാനുഷിക കൃത്യങ്ങളുടെ ശക്തികൊണ്ട് അസത്യത്തെ തുടച്ചുമാറ്റുകയും സത്യത്തെ വിജയിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ പിന്നെ നിങ്ങളെക്കൊണ്ടാവശ്യമെന്തായിരുന്നു? ലോകത്തൊരു ചെകുത്താനുമുണ്ടാകാത്തവിധിത്തില്‍, ഒരു ശിര്‍ക്കും, കുഫ്‌റും പ്രകടമാവാത്ത തരത്തില്‍ അല്ലാഹുവിന് പ്രപഞ്ചവ്യവസ്ഥ സംവിധാനിക്കാമായിരുന്നില്ലേ?

ശരി, തങ്ങളുടെ കള്ളം ചമയ്ക്കലില്‍ തന്നെ അവരെ വിട്ടേക്കുക. (നാം അവരെ ഇതെല്ലാം ചെയ്യാന്‍ അനുവദിക്കുന്നത് ഇതിനുവേണ്ടിത്തന്നെയാകുന്നു:) പരലോക വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്ക് (മോഹനമായ വഞ്ചനയിലേക്ക്) ആകൃഷ്ടമാക്കുന്നതിനും അവരതില്‍ സംതൃപ്തരാകുന്നതിനും അവന്‍ സമ്പാദിക്കേണ്ട തിന്മകള്‍ സമ്പാദിക്കേണ്ടതിനും. അവസ്ഥ ഇതായിരിക്കെ, അല്ലാഹുവല്ലാത്ത ആരെയെങ്കിലും വിധികര്‍ത്താവായി ഞാന്‍ തേടുകയോ? അവനാവട്ടെ, നിങ്ങള്‍ക്കു തികച്ചും വിശദമായ വേദം അവതരിപ്പിച്ചുതന്നിരിക്കുന്നു.

സംബോധകന്‍ നബിതിരുമേനിയാണ്. മുസ്‌ലിംകളോടാണ് സംബോധന. ഉദ്ദേശ്യമിതാണ്: അല്ലാഹു തന്റെ ഗ്രന്ഥത്തില്‍ ഈ യാഥാര്‍ഥ്യങ്ങളെല്ലാം വളരെ വ്യക്തമായി വിവരിച്ചു തന്നിരിക്കുന്നു. പ്രകൃത്യതീതമായ ഇടപെടല്‍ കൂടാതെ, പ്രകൃതിപരമായ മാര്‍ഗേണയാവണം സത്യത്തെ വിജയിപ്പിക്കുക എന്നവന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. ആ സ്ഥിതിക്ക് അല്ലാഹുവിന്റെ പ്രസ്തുത തീരുമാനത്തില്‍ പുനഃപരിശോധന നടത്തിക്കുവാന്‍, അതേ ഒരമാനുഷിക സംഭവം കാണിച്ച് ഇവരെ ആശ്വസിപ്പിക്കുവാന്‍ മറ്റേതെങ്കിലും ഒരധികാര ശക്തിയെ ഞാന്‍ അന്വേഷിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?

(നിനക്കു മുമ്പ്) വേദം ലഭിച്ചവരോ, ഈ വേദം നിന്റെ റബ്ബിങ്കല്‍നിന്നുള്ള സത്യവും കൊണ്ടവതീര്‍ണമായതു തന്നെയാണെന്നറിയുന്നു. അതിനാല്‍ നീ സന്ദേഹിക്കുന്നവരില്‍ പെട്ടുപോകരുത്.

അതായത്, സംഭവങ്ങളെ വ്യാഖ്യാനിക്കുവാന്‍ ഇപ്പോള്‍ കണ്ടുപിടിക്കപ്പെട്ടിരിക്കുന്ന പുതിയൊരു കാര്യമല്ലിത്. ഖുര്‍ആന്‍ പ്രതിപാദിച്ചിരിക്കുന്നത് തികച്ചും പരമാര്‍ഥമാണെന്നും യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലാത്ത ശാശ്വതയാഥാര്‍ഥ്യമാണതെന്നും ദൈവഗ്രന്ഥങ്ങളെപ്പറ്റി അറിവുള്ളവരും പ്രവാചകദൗത്യത്തെക്കുറിച്ച് പരിചയമുള്ളവരുമായ വേദക്കാര്‍ക്കെല്ലാം നന്നായറിയുന്നതാണ്.

നിന്റെ റബ്ബിന്റെ വചനം സത്യത്താലും നീതിയാലും സമ്പൂര്‍ണമായിരിക്കുന്നു. അവന്റെ അരുളപ്പാടുകള്‍ ഭേദഗതി ചെയ്യുന്നവനായി ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. 

(വ്യാഖ്യാനം: തഫ്ഹീമുല്‍ ഖുര്‍ആന്‍ )
 

Sunday, March 28, 2010

സന്യാസത്തിന്റെ പ്രത്യേകതകള്‍

ഖുര്‍ആനും സന്യാസവും എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമാണിത്. ദൈവത്തിനാവശ്യം മനുഷ്യന്‍ കൂറെ കഷ്ടപ്പെടുക എന്നതല്ല. മനുഷ്യന് ആരാധനാകര്‍മങ്ങളിലുടെ ആത്മീയമായ ശക്തിയാണ് ദൈവം ഉദ്ദേശിക്കുന്നത്. എന്നാല്‍ ആത്മീയത എന്നാല്‍ അതിന്റെ പൂര്‍ണത സന്യാസമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. ആ പുതുതായുണ്ടായ സന്യാസത്തിന്റെ പ്രത്യേകതകള്‍ മൗദൂദി ഖുര്‍ആന്‍ സൂക്തങ്ങളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്നു. ക്രൈസ്തവമതത്തില്‍ സന്യാസം രൂപം കൊണ്ടതും അതില്‍ ചില പുണ്യാളന്‍മാര്‍ സഹിച്ച ത്യാഗവും മറ്റുമാണ് ഇവിടെ വിശദീകരിക്കുന്നത്. പലതും അവിശ്വസനീയമായി തോന്നാമെങ്കിലും സംഭവം സത്യമായിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. പലതും ക്രൂരതയായി നമ്മുക്ക് തോന്നുമെങ്കിലും ആ മഹത്തുക്കള്‍ ശരീരത്തെയും മനസ്സിനെയും അവര്‍ വിശ്വസിക്കുന്ന ദൈവത്തിന് വേണ്ടി അങ്ങനെ മെരുക്കിയെടുത്തു എന്ന് വേണം പറയാന്‍. മൗദൂദി അവലംബിച്ച ചരിത്രഗ്രന്ഥമല്ല ഇവിടെ ലിങ്കായി നല്‍കിയിരിക്കുന്നത് എന്നത് പറയേണ്ടതില്ല. ഗൂഗിളില്‍ സര്‍ചിയപ്പോള്‍ ലഭിച്ച ഏതാനും ലിങ്കുകളാണ്. പലതിലും വളരെ ചുരുക്കിയാണ് വിവരിച്ചിരിക്കുന്നത്. മൗദൂദി പറഞ്ഞ ചില സംഭവങ്ങള്‍ അവയില്‍ അതുകൊണ്ടുതന്നെ കാണാന്‍ കഴിയുന്നില്ല. സമാന സംഭവങ്ങള്‍ കാണുകയും ചെയ്യുന്നു. വായിക്കുക:

i) കര്‍ക്കശമായ അനുഷ്ഠാനങ്ങളുടെ പുതിയ പുതിയ രീതികളിലൂടെ സ്വദേഹത്തെ പീഡിപ്പിക്കുക. ഇക്കാര്യത്തില്‍ ഓരോ സന്യാസിയും മറ്റുള്ളവരെ കവച്ചുവയ്ക്കാന്‍ മത്സരിക്കുകയായിരുന്നു. ക്രൈസ്തവ പുണ്യാളചരിതങ്ങളില്‍ ഇത്തരം ആളുകളുടെ യോഗ്യതകള്‍ വര്‍ണിച്ചിട്ടുള്ളതിന്റെ സ്വഭാവം ഏതാണ്ടിങ്ങനെയാണ്. അലക്‌സാണ്ട്‌റിയയിലെ സെന്റ് മക്കാരിയോസ് സദാ തന്റെ ശരീരത്തില്‍ എണ്‍പതു പൗണ്ട് ഭാരം ചുമന്നിരുന്നു. ആറുമാസക്കാലത്തോളം അദ്ദേഹം ഒരു ചതുപ്പുനിലത്താണ് അന്തിയുറങ്ങിയത്. വിഷപ്രാണികള്‍ അദ്ദേഹത്തിന്റെ നഗ്നശരീരത്തില്‍ കടിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യന്‍ സെന്റ് യൂസിപിയൂസ് ഗുരുവര്യനെയും കവച്ചുവയ്ക്കുന്ന പീഡനങ്ങളാണേറ്റിരുന്നത്. നൂറ്റമ്പത് പൗണ്ട് ഭാരവും ചുമന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ നടപ്പ്. മൂന്നു വര്‍ഷത്തോളം ഒരു വരണ്ട കിണറ്റിലായിരുന്നു ഉറക്കം. സെന്റ് സാബിനൂസ്, മാസം  മുഴുവന്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത് ദുര്‍ഗന്ധം വമിക്കുന്ന ചോളം മാത്രമായിരുന്നു ആഹരിച്ചിരുന്നത്. സെന്റ് ബസാരിയോന്‍ നാല്‍പതുനാള്‍ മുള്ളുനിറഞ്ഞ പുല്ലില്‍ കിടന്നു. നാല്‍പതാണ്ടോളം അദ്ദേഹം ഭൂമിയില്‍ പുറം തൊടീച്ചിട്ടില്ല. സെന്റ് പാഖൂമിയോസ് പതിനഞ്ചാണ്ടാണ് (അമ്പതാണ്ടാണെന്നും പ്രസ്താവമുണ്ട്) ഭൂമിയില്‍ പുറം തൊടീക്കാതെ കഴിച്ചുകൂട്ടിയത്. സെന്റ് ജോണ്‍ മൂന്നു വര്‍ഷത്തോളം ആരാധനയില്‍ നില്‍പായിരുന്നു. ഇക്കാലത്ത് അദ്ദേഹം ഇരുന്നിട്ടേയില്ല. വിശ്രമത്തിന് ഒരു പാറയില്‍ ചാരുകയായിരുന്നു. ഞായറാഴ്ചതോറും അദ്ദേഹത്തിനു വേണ്ടി കൊണ്ടുവന്നിരുന്ന നിവേദ്യം മാത്രമായിരുന്നു ആഹാരം. പ്രമുഖ ക്രൈസ്തവ പുണ്യവാളന്മാരില്‍പ്പെട്ട സൈമണ്‍ സ്റ്റൈലൈറ്റ്  (390-449) ഓരോ ഈസ്റ്ററിനു മുമ്പും നാല്‍പതുനാള്‍ ഉപവസിക്കുമായിരുന്നു. ഒരിക്കല്‍ ഒരാണ്ടുകാലം അദ്ദേഹം ഒരു ജലസംഭരണിയില്‍ നിന്നു. പലപ്പോഴും മഠം വിട്ടുപോയി ഒരു കിണറ്റില്‍ വസിക്കാറുണ്ടായിരുന്നു. അവസാനകാലത്ത് ഉത്തര സിറിയയിലെ സൈമണ്‍ കോട്ടയ്ക്കടുത്ത് 60 അടി ഉയരമുള്ള സ്തംഭമുണ്ടാക്കിച്ചു. അതിന്റെ മുകള്‍ത്തലപ്പിന് മൂന്നടി മാത്രമായിരുന്നു വിസ്തീര്‍ണം. ഈ സ്തംഭത്തിനു മുകളിലാണദ്ദേഹം മൂന്നുവര്‍ഷം കഴിച്ചുകൂട്ടിയത്. വെയിലും മഴയും മഞ്ഞും തണുപ്പുമൊക്കെ അദ്ദേഹത്തെ കടന്നുപോയിക്കൊണ്ടിരുന്നു. അദ്ദേഹം താഴെ ഇറങ്ങിയില്ല. ശിഷ്യന്‍ കയറില്‍ കെട്ടിയാണ് ഭക്ഷണമെത്തിച്ചിരുന്നതും വിസര്‍ജ്യങ്ങള്‍ ശുചീകരിച്ചിരുന്നതും. പിന്നീട് അദ്ദേഹം ഒരു കയറില്‍ തന്നെ സ്തംഭവുമായി കൂട്ടിക്കെട്ടി. അങ്ങനെ കയര്‍ അദ്ദേഹത്തിന്റെ മാംസവുമായി ഒട്ടിപ്പിടിച്ചു. അവിടെ വ്രണമായി. വ്രണത്തില്‍ കീടങ്ങള്‍ നിറഞ്ഞു. വ്രണത്തില്‍നിന്ന് കീടങ്ങള്‍ വീണുപോകുമ്പോള്‍, ദൈവം നിനക്ക് തന്നത് തിന്നുകൊള്ളുക എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം അതിനെയെടുത്ത് വ്രണത്തില്‍തന്നെ വയ്ക്കുമായിരുന്നു. ദൂരദിക്കുകളില്‍നിന്ന് സാധാരണ ക്രിസ്ത്യാനികള്‍ ഇദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ ക്രൈസ്തവ പുണ്യവാളന്റെ ഏറ്റവും ഉല്‍കൃഷ്ടമായ മാതൃകയാണ് അദ്ദേഹമെന്ന് സാധാരണക്കാര്‍ വിധിച്ചു.

ഈ കാലഘട്ടത്തിലെ ക്രൈസ്തവ പുണ്യവാളന്മാര്‍ക്ക് ഉണ്ടായിരുന്നതായി വര്‍ണിക്കപ്പെട്ടിട്ടുള്ള മഹത്ത്വങ്ങള്‍ ഇതുപോലുള്ള ഉദാഹരണങ്ങളാല്‍ നിറഞ്ഞതാണ്. ഒരു പുണ്യവാളന്‍ പ്രസിദ്ധനായത് 30 വര്‍ഷം മൗനവ്രതമനുഷ്ഠിച്ചതിന്റെ പേരിലാണ്. അദ്ദേഹം മിണ്ടുന്നതു കണ്ടിട്ടേയില്ല. മറ്റൊരാള്‍ തന്നെ ഒരു പാറയുമായി കൂട്ടിക്കെട്ടി. ഇനിയൊരാള്‍ വനത്തില്‍ ഇലയും പുല്ലും തിന്ന് അലഞ്ഞുതിരിഞ്ഞ് കഴിഞ്ഞുകൂടി. വേറൊരാള്‍ സദാ വലിയൊരു ഭാരവും ചുമന്നാണ് നടന്നത്. ചില മഹാന്മാര്‍ സ്വന്തം കൈകാലുകള്‍ ചങ്ങലകളില്‍ ബന്ധിച്ചു. ചില പുണ്യവാളന്മാര്‍ കാലിത്തൊഴുത്തിലോ പൊട്ടക്കിണറുകളിലോ പഴയ കല്ലറകളിലോ പാര്‍ത്തു. ചില മഹാന്മാര്‍ സദാ ദിഗംബരരായി വാണു. വളര്‍ന്നു നീണ്ട സ്വന്തം മുടികൊണ്ട് നഗ്നത മറച്ചുകൊണ്ട് അവര്‍ മണ്ണിലലഞ്ഞുനടന്നു. ഇത്തരം ഔലിയാക്കളുടെ കറാമത്തുകള്‍ (അദ്ഭുതസിദ്ധികള്‍ സര്‍വത്ര പ്രചരിച്ചിരുന്നു. മരണാനന്തരം അവരുടെ അസ്ഥികള്‍ മഠങ്ങളില്‍ സൂക്ഷിച്ചുപോന്നു. ഇത്തരം അസ്ഥികളുടെ നല്ലൊരു ലൈബ്രറി സീനാ പര്‍വതത്തിനു താഴെയുള്ള സെന്റ് കാഥറിന്‍ മഠത്തില്‍ എനിക്കുതന്നെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ചില പുണ്യവാളന്മാരുടെ അസ്ഥികള്‍ ക്രമപ്പെടുത്തിവച്ചിരിക്കുന്നു. ചിലരുടെ കൈകാലുകളുടെ അസ്ഥികള്‍ മാത്രമേയുള്ളൂ. ഒരു പുണ്യാളന്റെ പൂര്‍ണമായ അസ്ഥികൂടം ഒരു ഗ്ലാസ് അലമാരയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ii) സദാ അഴുക്കില്‍ കുളിച്ചു നടക്കുക ഇതിന്റെ മറ്റൊരു സവിശേഷതയായിരുന്നു. ശുചിത്വത്തില്‍നിന്ന് അവര്‍ സൂക്ഷ്മതയോടെ അകന്നുനിന്നു. കുളിക്കുകയോ ശരീരത്തില്‍ വെള്ളം തൊടുകയോ ചെയ്യുന്നത് അവരുടെ വീക്ഷണത്തില്‍ ദൈവബോധത്തിന് എതിരായിരുന്നു. ശരീരത്തിന്റെ ശുചിത്വത്തെ അവര്‍ ആത്മാവിന്റെ മാലിന്യമായി കരുതി. മരണം വരെ കാലുകഴുകിയിട്ടില്ല എന്ന സെന്റ് ആന്റണിയുടെ മഹത്ത്വം സെന്റ് അഥനേഷ്യസ് വളരെ ആദരപൂര്‍വമാണ് വര്‍ണിച്ചിട്ടുള്ളത്. സെന്റ് അബ്രഹാം അമ്പത് വര്‍ഷക്കാലം മുഖമോ കാലോ കഴുകിയിട്ടില്ല. പ്രശസ്ത സന്യാസിനിയായ സില്‍വിയ കന്യക ജീവിതകാലം മുഴുവന്‍ വിരലുകളല്ലാത്ത ശരീരഭാഗങ്ങളിലൊന്നും വെള്ളം തൊടീച്ചിട്ടില്ല. 130 സന്യാസികളുടെ കഥ രേഖപ്പെടുത്തിയ ഒരു പുസ്തകത്തില്‍, അവര്‍ ഒരിക്കലും കാലു കഴുകിയിട്ടില്ലെന്നും കുളിയെന്നു കേട്ടാല്‍തന്നെ അവരുടെ ശരീരത്തിന് വിറയല്‍ ബാധിച്ചിരുന്നുവെന്നും പ്രസ്താവിച്ചിരുന്നു.

iii) ഈ റുഹ്ബാനിയ്യത്ത് വൈവാഹിക ജീവിതം തികച്ചും നിഷിദ്ധമാക്കി. ദാമ്പത്യബന്ധം പൊട്ടിച്ചെറിയുന്നതില്‍ അതികര്‍ക്കശമായ നിലപാടാണ് കൈക്കൊണ്ടത്. നാലും അഞ്ചും നൂറ്റാണ്ടുകളിലെ മതലേഖനങ്ങളിലെല്ലാംതന്നെ അവിവാഹിത ജീവിതം മഹത്തായ ഒരു ധര്‍മമാണെന്നും ഭാര്യാഭര്‍ത്താക്കളായാല്‍ പോലും ലൈംഗികബന്ധം പൂര്‍ണമായി വര്‍ജിക്കുകയാണ് സദാചാരശുദ്ധിയെന്നുമുള്ള സങ്കല്‍പം മുഴച്ചുകാണാം. മനുഷ്യന്‍ അവന്റെ മനസ്സിനെ, ശാരീരികസുഖത്തിനുവേണ്ടിയുള്ള യാതൊരു താല്‍പര്യവും അവശേഷിക്കാത്തവിധം കീഴടക്കുന്നതിലാണ് ആത്മീയജീവിതത്തിന്റെ സമ്പൂര്‍ണതയെന്നു കരുതപ്പെട്ടിരുന്നു. അഭിലാഷങ്ങളിലൂടെ മൃഗീയത ശക്തി പ്രാപിക്കുമെന്നതിനാല്‍ അതിനെ നിഗ്രഹിക്കേണ്ടത് അവരുടെ ദൃഷ്ടിയില്‍ അനിവാര്യമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം സുഖവും പാപവും ഒരേ അര്‍ഥത്തിലുള്ള പദങ്ങളായിരുന്നു. സന്തോഷം പോലും അവര്‍ ദൈവവിസ്മൃതിയുടെ പര്യായമായി കരുതി. സെന്റ് ബസീല്‍ പുഞ്ചിരിയും മന്ദഹാസവും വരെ വിലക്കപ്പെട്ടതായി വിധിച്ചു. ഈ സങ്കല്‍പപ്രകാരം സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള വിവാഹബന്ധം തികച്ചും മ്ലേഛമായി കരുതപ്പെട്ടു. സന്യാസി വിവാഹം ചെയ്യുന്നതുപോകട്ടെ, സ്ത്രീരൂപം ദര്‍ശിക്കാന്‍ പോലും പാടുണ്ടായിരുന്നില്ല. വിവാഹിതനാണെങ്കില്‍ ഭാര്യയെ ഉപേക്ഷിച്ചു വരണം. ദൈവരാജ്യത്തു പ്രവേശനം കിട്ടണമെങ്കില്‍ എന്നെന്നും കന്യകയായി വാഴണമെന്ന് പുരുഷന്മാരെപ്പോലെ സ്ത്രീകളും ധരിച്ചുവശായി. വിവാഹിതയാണെങ്കില്‍ ഭര്‍ത്താവില്‍നിന്നകന്നു കഴിയണം. സെന്റ് ജെറോമിനെപ്പോലുള്ള പ്രമുഖ ക്രൈസ്തവ പണ്ഡിതന്മാര്‍ പറയുന്നു: യേശുവിനുവേണ്ടി സന്യാസം സ്വീകരിച്ചു ജീവിതകാലമത്രയും കന്യകയായി കഴിയുന്ന സ്ത്രീ യേശുവിന്റെ മണവാട്ടിയാകുന്നു. അവളുടെ അമ്മയ്ക്ക് ദൈവത്തിന്റെ അമ്മായിയമ്മ അഥവാ യേശുവിന്റെ ശ്വശുര എന്ന ശ്രേഷ്ഠതയുണ്ട്. സെന്റ് ജെറോം മറ്റൊരിടത്ത് പ്രസ്താവിക്കുന്നു: സദാചാരശുദ്ധിയെന്ന കോടാലികൊണ്ട് ദാമ്പത്യബന്ധമാകുന്ന മരത്തടി മുറിച്ചുമാറ്റുക സന്യാസം സ്വീകരിക്കുന്നവന്റെ പ്രഥമ കര്‍ത്തവ്യമാകുന്നു. ഇത്തരം അധ്യാപനങ്ങള്‍ മൂലം മതവികാരം വിജൃംഭിക്കുന്ന ക്രിസ്ത്യന്‍ പുരുഷനിലും സ്ത്രീയിലും ഉളവായിരുന്ന ഒന്നാമത്തെ പ്രതികരണം ഇതാണ്: സന്തുഷ്ടമായ കുടുംബജീവിതം ഉടനെ അവസാനിപ്പിക്കുക. ക്രിസ്തുമതത്തില്‍ വിവാഹമോചനം നിഷിദ്ധമായതിനാല്‍ വിവാഹബന്ധമുള്ളവര്‍ പരസ്പരം അകന്നു കഴിയുകയേ അതിനു നിവൃത്തിയുണ്ടായിരുന്നുള്ളൂ. രണ്ടു കുട്ടികളുടെ  അച്ഛനായിരുന്ന സെന്റ് നൈറ്റസ് സന്യാസം സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തില്‍ നിന്നകന്നു വിലപിച്ചു കഴിയുകയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. സെന്റ് അമോന്‍ വിവാഹിതനായ പ്രഥമരാത്രിയില്‍ തന്നെ ദാമ്പത്യബന്ധം മ്ലേച്ഛമാണെന്ന് തന്റെ മണവാട്ടിയെ ഉപദേശിച്ചു. അങ്ങനെ ജീവിതം മുഴുവന്‍ പരസ്പരം അകന്നുകഴിയാന്‍ ഇരുവരും ഒന്നിച്ചു തീരുമാനിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞ് പ്രഥമ രാത്രിയില്‍തന്നെ ഭാര്യയെ ഉപേക്ഷിച്ച് ഓടിപ്പോവുകയാണ് സെന്റ് അബ്രഹാം ചെയ്തത്. സെന്റ് അലക്‌സിസും ഇപ്രകാരം ചെയ്യുകയുണ്ടായി. ഇത്തരം സംഭവങ്ങളാല്‍ നിറഞ്ഞുകിടക്കുകയാണ് ക്രൈസ്തവ മഹച്ചരിതമാലകള്‍.

സഭാവ്യവസ്ഥയുടെ മൂന്നു നൂറ്റാണ്ടോളം സ്വന്തം പരിധിയില്‍ ഈ ആത്യന്തിക സങ്കല്‍പങ്ങള്‍ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരുന്നു. അക്കാലത്ത് പുരോഹിതന് (അച്ചന്‍) ബ്രഹ്മചര്യം അനിവാര്യമായിരുന്നില്ല. പൗരോഹിത്യപ്പട്ടം നേടുന്നതിനു മുമ്പുതന്നെ വിവാഹിതനായിരുന്നുവെങ്കില്‍ അയാള്‍ക്ക് ഭാര്യയോടൊത്തു ജീവിക്കാം. പുരോഹിതനായി നിശ്ചയിക്കപ്പെട്ട ശേഷം വിവാഹം ചെയ്യുന്നതേ നിഷിദ്ധമായിരുന്നുള്ളൂ. വിവാഹമുക്തയെയോ വിധവയെയോ വിവാഹം ചെയ്തവരെ പുരോഹിതന്മാരായി നിശ്ചയിക്കാന്‍ പാടുണ്ടായിരുന്നില്ല. രണ്ടു ഭാര്യമാരുള്ളവരുടെയും വീട്ടില്‍ വെപ്പാട്ടികളെ പുലര്‍ത്തുന്നവരുടെയും കാര്യവും അപ്രകാരംതന്നെ. നാലാം നൂറ്റാണ്ടായപ്പോഴേക്കും ക്രമേണയായി, മതചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്ന വ്യക്തി വിവാഹിതനാകുന്നത് തീരെ അനാശാസ്യമാണെന്ന ചിന്ത സഭയില്‍ ശക്തി പ്രാപിച്ചു. ക്രി. 362-ല്‍ ഗന്‍ഗ്രാ കൗണ്‍സിലിന്റെ (THE COUNCIL OF GANGRA) അവസാന സമ്മേളനം നടന്നു. അതില്‍ ഇത്തരം ചിന്തകള്‍ മതവിരുദ്ധമാണെന്ന തീരുമാനമുണ്ടായി. പക്ഷേ, കുറച്ചു കാലത്തിനു ശേഷം 376-ല്‍ നടന്ന സിനഡ് (Synod) എല്ലാ പാതിരിമാരെയും ദാമ്പത്യബന്ധങ്ങളില്‍നിന്ന് അകന്നുനില്‍ക്കാന്‍ ഉപദേശിക്കുകയാണുണ്ടായത്. അടുത്ത വര്‍ഷം പോപ്പ് സൈറീസ്യസ് (Siricius) എല്ലാ പുരോഹിതന്മാരോടുമായി, വിവാഹം ചെയ്യാന്‍ ഉദ്ദേശിക്കുന്നവരോ വിവാഹിതരായിക്കൊണ്ട്  ഭാര്യമാരുമായി ബന്ധപ്പെട്ടു കഴിയുന്നവരോ ആയ പാതിരിമാര്‍ സ്ഥാനത്യാഗം ചെയ്യണമെന്ന് കല്‍പിച്ചു. സെന്റ് ജേറോം, സെന്റ് അഗസ്റ്റിന്‍, സെന്റ് അംബ്രാസ് തുടങ്ങിയ പ്രമുഖ ക്രൈസ്തവ  പണ്ഡിതന്മാര്‍ ഈ തീരുമാനത്തെ സഹര്‍ഷം പിന്താങ്ങുകയുണ്ടായി. ചില്ലറ എതിര്‍പ്പുകള്‍ക്കുശേഷം പാശ്ചാത്യ സഭയില്‍ ഇത് കര്‍ശനമായി നടപ്പാക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ നേരത്തെ വിവാഹിതരായിരിക്കുന്നവര്‍ പുരോഹിതരായി നിശ്ചയിക്കപ്പെട്ട ശേഷവും തങ്ങളുടെ ഭാര്യമാരുമായി 'അവിഹിത' ബന്ധങ്ങള്‍ പുലര്‍ത്തുന്നതു സംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതിനു വേണ്ടി നിരവധി കൗണ്‍സിലുകള്‍ ചേരുകയുണ്ടായിട്ടുണ്ട്. ഒടുവില്‍ അവരെ സംസ്‌കരിക്കുന്നതിന് ഇങ്ങനെ ഒരു ചട്ടമുണ്ടാക്കി. അവര്‍ തുറന്ന സ്ഥലത്ത് ഉറങ്ങണം. ഭാര്യയുമായി തനിച്ചാവാന്‍ അവസരമുണ്ടാകരുത്. അവര്‍ കണ്ടുമുട്ടുന്നത് ചുരുങ്ങിയത് മറ്റു രണ്ടാളുടെയെങ്കിലും സാന്നിധ്യത്തിലാവണം. സെന്റ് ഗ്രിഗ്രറി ഒരു പുരോഹിതനെ പ്രശംസിച്ചുകൊണ്ടെഴുതുന്നു: നാല്‍പതാണ്ട് അദ്ദേഹം സ്വന്തം ഭാര്യയില്‍നിന്നകന്ന് ജീവിച്ചു. മരണവേളയില്‍ ഭാര്യ അടുത്തുവന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: 'സ്ത്രീ! ദൂരെ മാറിപ്പോവുക!'

iv) ഈ സന്യാസത്തിന്റെ ഏറ്റവും വേദനാജനകമായ വശം ഇതായിരുന്നു: മനുഷ്യന്‍ തന്റെ മാതാപിതാക്കളോടും മക്കളോടും സഹോദരീ സഹോദരന്മാരോടുമുള്ള ബന്ധം വരെ ഛേദിച്ചുകളയുന്നു. ക്രൈസ്തവ പുണ്യവാളന്‍മാരുടെ ദൃഷ്ടിയില്‍ മക്കളെ മാതാപിതാക്കളും മാതാപിതാക്കളെ മക്കളും സഹോദരന്മാരെ സഹോദരികളും സ്‌നേഹിക്കുന്നതുവരെ പാപമായിരുന്നു. ഇത്തരം ബന്ധങ്ങളെല്ലാം മുറിച്ചുകളയേണ്ടത് അവരെ സംബന്ധിച്ചിടത്തോളം ആത്മീയോല്‍ക്കര്‍ഷത്തിന് ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ക്രൈസ്തവ പുണ്യവാള ചരിതങ്ങളില്‍ അത്തരം മനസ്സലിയിക്കുന്ന എത്രയോ സംഭവങ്ങളുണ്ട്. അവ വായിക്കുന്നവര്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ പ്രയാസമായിരിക്കും. ഇവാഗ്രിയസ് (Evagrius) എന്ന പുണ്യവാളന്‍ വര്‍ഷങ്ങളോളം മരുഭൂമിയില്‍ അനുഷ്ഠാനങ്ങളുമായി കഴിഞ്ഞുകൂടി. ഒരുനാള്‍ ആകസ്മികമായി അദ്ദേഹത്തിന് സ്വന്തം മാതാപിതാക്കളുടെ കത്തു കിട്ടി. വര്‍ഷങ്ങളായി തങ്ങളില്‍നിന്നകന്നു കഴിയുന്ന പുത്രനെക്കുറിച്ചുള്ള പിടച്ചിലായിരുന്നു അതില്‍. ആ കത്തു വായിച്ചാല്‍ തന്നില്‍ മനുഷ്യസ്‌നേഹ വികാരം ഉണര്‍ന്നുപോയെങ്കിലോ എന്നദ്ദേഹം പേടിച്ചുപോയി. അദ്ദേഹം കത്തു തുറക്കാതെ കത്തിച്ചുകളഞ്ഞു. സെന്റ് തിയോഡോറിന്റെ മാതാവും സഹോദരിയും ഒരുപാട് പുരോഹിതന്മാരുടെ ശുപാര്‍ശക്കത്തുകളുമായാണ് സന്യാസിമഠത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നത്. മകനെ, സഹോദരനെ ഒരുനോക്കു കാണുക മാത്രമായിരുന്നു അവരുടെ ആഗ്രഹം. പക്ഷേ, അദ്ദേഹം അവരുടെ മുമ്പില്‍ വരാന്‍ പോലും കൂട്ടാക്കിയില്ല. സെന്റ് മാര്‍ക്യൂസിനെ കാണാന്‍ മാതാവ് അദ്ദേഹത്തിന്റെ മഠത്തില്‍ ചെന്നു. അവര്‍ മഠാധിപനെ (abbot) പ്രീതിപ്പെടുത്തുകയും പുത്രനോട് മാതാവിന്റെ മുമ്പില്‍ വരാന്‍ കല്‍പിക്കാന്‍ സമ്മതിപ്പിക്കുകയും ചെയ്തതാണ്. പക്ഷേ, മകന്‍ ഒരു നിലയ്ക്കും മാതാവിനെ കാണാന്‍ ഇഷ്ടപ്പെട്ടില്ല. ഒടുവില്‍ അദ്ദേഹം ആചാര്യന്റെ കല്‍പന പ്രാവര്‍ത്തികമാക്കിയത് വേഷം മാറി കണ്ണുകെട്ടിക്കൊണ്ട് അവരുടെ മുന്നില്‍ വന്നിട്ടാണ്. അങ്ങനെ പുത്രന്‍ മാതാവിനെയോ മാതാവ് പുത്രനെയോ പരസ്പരം തിരിച്ചറിയാത്ത നിലയില്‍ തമ്മില്‍ കാണാന്‍! മറ്റൊരു പുണ്യാളനായ സെന്റ് പോയ്മനും (St. Poemen) ആറു സഹോദരന്മാരും ഈജിപ്ഷ്യന്‍ മരുഭൂമിയിലെ ഒരു സന്യാസിമഠത്തിലാണ് പാര്‍ത്തിരുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം അവരുടെ വൃദ്ധമാതാവ് അവരെപ്പറ്റി അറിയുകയും ഒരു നോക്കുകാണാന്‍ മഠത്തിലെത്തുകയും ചെയ്തു. അമ്മയെ ദൂരെനിന്നു കണ്ട മക്കള്‍ ഉടനെ ഓടി സ്വന്തം മുറിയില്‍ കയറി വാതിലടച്ചു. അമ്മ പുറത്തിരുന്ന് കരയാന്‍ തുടങ്ങി. അവര്‍തേങ്ങിത്തേങ്ങി പറയുന്നുണ്ടായിരുന്നു: ''ഈ കിളവി ഇത്രയും ദൂരം യാത്രചെയ്തു വന്നത് നിങ്ങളെ ഒരുനോക്കു കാണാന്‍ മാത്രമാണ്. ഞാനൊന്നു കണ്ടതുകൊണ്ട് നിങ്ങള്‍ക്കെന്തു കുറവു പറ്റാന്‍? ഞാന്‍ നിങ്ങളുടെ അമ്മയല്ലേ?'' പക്ഷേ, പുണ്യവാളന്മാര്‍ വാതില്‍ തുറന്നില്ല. അവര്‍ വിളിച്ചുപറഞ്ഞു: ''ഞങ്ങള്‍ നിങ്ങളെ ദൈവത്തിന്റെ സന്നിധിയില്‍ വെച്ചു കണ്ടുമുട്ടുന്നതായിരിക്കും.'' ഇതിനേക്കാള്‍ ദാരുണമാണ് സെന്റ് സൈമണ്‍ സ്റ്റെലിറ്റസിന്റെ കഥ. അദ്ദേഹം 27 വര്‍ഷം മാതാപിതാക്കളെ വെടിഞ്ഞ് അപ്രത്യക്ഷനായി. ആ ദുഃഖത്താല്‍ പിതാവ് മരിച്ചുപോയി. ജീവിച്ചിരുന്ന മാതാവ് മകന്റെ ദിവ്യത്വത്തെക്കുറിച്ച് ദൂരദൂരം പരന്ന കീര്‍ത്തികളിലൂടെ അവന്‍ എവിടെയാണെന്നു മനസ്സിലാക്കി. അവര്‍ അക്ഷമയോടെ മകന്റെ മഠത്തില്‍ പാഞ്ഞെത്തി. എന്നാല്‍, അവിടെ സ്ത്രീകള്‍ക്കു പ്രവേശനമുണ്ടായിരുന്നില്ല. പുത്രന്‍ തന്നെ അകത്തേക്കു വിളിച്ചോ അല്ലെങ്കില്‍ പുറത്തേക്കു വന്നോ ഒന്നു കാണാന്‍ അനുവദിക്കണമെന്ന് അവര്‍ ഒരായിരം വട്ടം കെഞ്ചിനോക്കി. പക്ഷേ, ആ ദിവ്യപുരുഷന്‍ അതെല്ലാം നിസ്സങ്കോചം നിഷേധിക്കുകയായിരുന്നു. മൂന്നു രാപകലുകള്‍ അങ്ങനെ അവര്‍ മഠത്തിന്റെ പടിക്കല്‍  ചടഞ്ഞുകൂടി. ഒടുവില്‍ അവിടെക്കിടന്നുതന്നെ ജീവന്‍ വെടിഞ്ഞു. അപ്പോള്‍ പുണ്യാളന്‍ പുറത്തുവന്ന് മാതാവിന്റെ മൃതദേഹത്തില്‍ കണ്ണീര്‍ തൂകിക്കൊണ്ട് അവരുടെ പാപമുക്തിക്കുവേണ്ടി പ്രാര്‍ഥിച്ചു.

ഈ വിധമുള്ള ഹൃദയശൂന്യത തന്നെയാണ് പുണ്യാളന്മാര്‍ സ്വന്തം മക്കളോടും സഹോദരിമാരോടും അനുവര്‍ത്തിച്ചിരുന്നത്. മൂഷ്യസിന്റെ (Mutius) കഥ ഒരാള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അയാള്‍ ഒരു സന്തുഷ്ടനായിരുന്നു. പെട്ടെന്ന് അയാളില്‍ ആത്മീയചിന്തയുണര്‍ന്നു. തന്റെ ഏഴുവയസ്സു പ്രായമുള്ള കുഞ്ഞിനെയും കൂട്ടി അയാള്‍ ഒരു സന്യാസിമഠത്തിലെത്തി. അവിടെ അയാളുടെ ആത്മീയോല്‍ക്കര്‍ഷത്തിന് പുത്രസ്‌നേഹം മനസ്സില്‍നിന്നും തുടച്ചുനീക്കേണ്ടത് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് ആദ്യം പുത്രനെ അയാളില്‍നിന്നു വേര്‍പ്പെടുത്തി. അനന്തരം അയാളുടെ കണ്‍മുമ്പില്‍ വെച്ച് ആ പാവം കുഞ്ഞിന്റെ മേല്‍ നാനാവിധ പീഡനങ്ങള്‍ ഏല്‍പിച്ചുകൊണ്ടിരുന്നു. അയാള്‍ അതെല്ലാം നിസ്സംഗനായി നോക്കിക്കൊണ്ടിരുന്നു. പിന്നെ മഠത്തിലെ ആത്മീയാചാര്യന്‍ അയാളോടു കല്‍പിച്ചു, അയാളുടെ കൈകൊണ്ടുതന്നെ മകനെ എടുത്തുകൊണ്ടുപോയി പുഴയിലെറിയണമെന്ന്. അയാള്‍ ഈ കല്‍പന നടപ്പാക്കാന്‍ തയ്യാറാവുകയും കുഞ്ഞിനെ പുഴയിലെറിയാന്‍ തുടങ്ങുകയും ചെയ്ത സന്ദര്‍ഭത്തില്‍ സന്യാസിമാര്‍ കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. അതിനുശേഷമാണ് അയാള്‍ യഥാര്‍ഥത്തില്‍ പുണ്യാളപദവി പ്രാപിച്ചതായി അംഗീകരിക്കപ്പെട്ടത്.

ക്രൈസ്തവ സന്യാസത്തിന്റെ ഇവ്വിഷയകമായ കാഴ്ചപ്പാട് ഇതായിരുന്നു: ദൈവത്തിന്റെ സ്‌നേഹം കാംക്ഷിക്കുന്നവന്‍ ഈ ലോകത്ത് അവനെ തന്റെ മാതാപിതാക്കളോടും സഹോദരീ സഹോദരന്മാരോടും പുത്രകളത്രാദികളോടും ബന്ധിപ്പിക്കുന്ന മാനവിക സ്‌നേഹത്തിന്റെ സകല ചങ്ങലകളും പൊട്ടിച്ചെറിയണം. സെന്റ് ജെറോം പറയുന്നു: നിന്റെ അരുമമകള്‍ കഴുത്തില്‍ കൈയിട്ടു നിന്നെ പുണര്‍ന്നാലും നിന്റെ അമ്മ മുലപ്പാലിന്റെ പേരു പറഞ്ഞ് നിന്നെ തടഞ്ഞാലും നിന്റെ അപ്പന്‍ നിന്നെ തടയുന്നതിനായി നിന്റെ മുന്നില്‍ കിടന്നാലും നീ അവരെയെല്ലാം വെടിഞ്ഞ് അച്ഛന്റെ ശരീരം ചുറ്റിക്കടന്ന്, ഒരു തുള്ളി ബാഷ്പം വീഴ്ത്താതെ കുരിശു പതാകയുടെ നേരെ ഓടിവരുക. ഇക്കാര്യത്തില്‍ കരുണയില്ലായ്മയാകുന്നു ദൈവഭക്തി. സെന്റ് ഗ്രിഗറി എഴുതി: ഒരു യുവസന്യാസിക്ക് അമ്മയപ്പന്മാരോടുള്ള സ്‌നേഹം മനസ്സില്‍നിന്ന് തുടച്ചുമാറ്റാനായില്ല. ഒരു രാത്രി അയാള്‍ ആരുമറിയാതെ ഓടിപ്പോയി അവരെ കണ്ടുവന്നു. മഠത്തിലെത്തിയപാടെ അയാള്‍ മരിച്ചുപോയി എന്നതായിരുന്നു ദൈവം ആ കുറ്റത്തിനു നല്‍കിയ ശിക്ഷ. അയാളുടെ ശരീരം മണ്ണില്‍ കുഴിച്ചുമൂടിയപ്പോള്‍ ഭൂമി അതു സ്വീകരിച്ചില്ല. പലവട്ടം അയാളുടെ ശവമടക്കിയെങ്കിലും അപ്പോഴൊക്കെ ഭൂമി അതിനെ പുറന്തള്ളിക്കളഞ്ഞു. അവസാനം സെന്റ് ബെനഡിക്ട് അയാളുടെ മാറിടത്തില്‍ അനുഗ്രഹം നിക്ഷേപിച്ചപ്പോഴാണ് ഭൂമി അയാളെ സ്വീകരിച്ചത്. സ്വന്തം അമ്മയോടുള്ള സ്‌നേഹം മനസ്സില്‍നിന്ന് കഴുകിക്കളയാന്‍ കഴിയാതിരുന്ന മറ്റൊരു സന്യാസി മരണാനന്തരം മൂന്നുദിവസം ദണ്ഡനത്തിനു വിധേയനാവുകയുണ്ടായി. വേറൊരു പുണ്യവാളനെ പ്രകീര്‍ത്തിച്ചുകൊണ്ടെഴുതിയിട്ടുള്ളതിങ്ങനെയാണ്: ''അദ്ദേഹം തന്റെ ബന്ധുക്കളോടല്ലാതെ ആരോടും നിര്‍ദയമായി പെരുമാറിയിട്ടില്ല.''

v) തങ്ങളുടെ ഉറ്റബന്ധുക്കളോട് നിര്‍ദയമായും സങ്കുചിതമായും പെരുമാറിക്കൊണ്ടുള്ള ഈയാളുകളുടെ പരിശീലനം മൂലം അവരുടെ മാനുഷിക വികാരങ്ങള്‍ മരിച്ചുപോയി.  അതിന്റെ ഫലമായി അവരോട് മതപരമായി അഭിപ്രായവ്യത്യാസങ്ങള്‍ പുലര്‍ത്തിയവരെ അതികഠിനമായ അക്രമമര്‍ദനങ്ങളിലൂടെ നേരിടാന്‍ അവര്‍ ഒട്ടും മടിച്ചില്ല. നാലാം നൂറ്റാണ്ടുവരെ ക്രൈസ്തവതയില്‍ ഏതാണ്ട് 80/90 വിഭാഗങ്ങള്‍ ഉളവായിക്കഴിഞ്ഞിരുന്നു. സെന്റ് അഗസ്റ്റിന്‍ തന്റെ കാലത്തെ 88 ഗ്രൂപ്പുകളെ എണ്ണിയിട്ടുണ്ട്. ഈ ഗ്രൂപ്പുകള്‍ പരസ്പരം രൂക്ഷമായ വിദ്വേഷം പുലര്‍ത്തിയിരുന്നു. ഈ വിദ്വേഷാഗ്നി ആളിക്കത്തിക്കാനും അതില്‍ എതിര്‍ഗ്രൂപ്പുകളെ ചാമ്പലാക്കാനും ശ്രമിച്ചിരുന്നതും പ്രധാനമായും സന്യാസിമാരായിരുന്നു. ഈ കക്ഷിസംഘട്ടനത്തിന്റെ വലിയൊരു വേദിയായിരുന്നു അലക്‌സാണ്ട്‌റിയ. അവിടെ ആദ്യം ആരിയന്‍ (Arian) വിഭാഗത്തിന്റെ ബിഷപ്പ് അഥനേഷ്യസിന്റെ കക്ഷിയെ ആക്രമിച്ചു. അവരുടെ മഠങ്ങളില്‍നിന്ന് കന്യാസ്ത്രീകളെ പിടിച്ചു പുറത്താക്കി. അവരെ നഗ്നരാക്കി മുള്‍മരങ്ങളോടു ചേര്‍ത്തുകെട്ടി. സ്വന്തം വിശ്വാസത്തില്‍നിന്നു പശ്ചാത്തപിച്ചു മടങ്ങുന്നതിനു വേണ്ടി അവരുടെ ശരീരത്തില്‍ അടയാളമിട്ടിരുന്നു. പിന്നീട് കത്തോലിക്കാ വിഭാഗത്തിന് ആധിപത്യം കിട്ടിയപ്പോള്‍ അവര്‍ ആരിയന്‍ വിഭാഗത്തോടും ഇതൊക്കെത്തന്നെയാണ് ചെയ്തത്. എത്രത്തോളമെന്നാല്‍, അരിയൂസി(Arius)നെത്തന്നെ വിഷം കൊടുത്തു കൊന്നതായി അനുമാനിക്കപ്പെടുന്നുണ്ട്. അലക്‌സാണ്ട്‌റിയയില്‍തന്നെ ഒരിക്കല്‍ സെന്റ് സിറിലിന്റെ (St. Syril) ശിഷ്യന്മാരായ സന്യാസിമാര്‍ വമ്പിച്ച കലാപം സൃഷ്ടിക്കുകയുണ്ടായി. അവര്‍ എതിര്‍ ഗ്രൂപ്പിലെ ഒരു സന്യാസിയെ പിടിച്ചു തങ്ങളുടെ ചര്‍ച്ചില്‍ കൊണ്ടുപോയി കൊന്നുകളഞ്ഞു. ശവശരീരം വെട്ടിനുറുക്കി ദഹിപ്പിച്ചു. റോമിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ക്രി. 366-ല്‍ പോപ്പ് ലിബറസ് (Liberous) മരിച്ചതിനെത്തുടര്‍ന്ന് രണ്ടു ഗ്രൂപ്പുകള്‍ മാര്‍പ്പാപ്പാസ്ഥാനത്തേക്ക് താന്താങ്ങളുടെ സ്ഥാനാര്‍ഥികളെ നിറുത്തി. ഇരുവരും തമ്മില്‍ രക്തരൂഷിതമായ സംഘട്ടനം നടന്നു. ഒരൊറ്റ ദിവസം തന്നെ ചര്‍ച്ചില്‍നിന്ന് 137 ശവങ്ങള്‍ നീക്കം ചെയ്യേണ്ടിവന്നു.

vi) ഈ സംസാരവിരക്തിയും സന്യാസവും ബ്രഹ്മചര്യവുമൊന്നും ഭൗതികവിഭവങ്ങള്‍ സംഭരിക്കുന്നതില്‍ കുറവു വരുത്തിയില്ല. 5-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ചക്രവര്‍ത്തിമാരെപ്പോലെ സ്വന്തം കൊട്ടാരത്തിലാണ് റോമാ ബിഷപ്പ് വസിച്ചിരുന്നത്. അദ്ദേഹത്തിന്റെ വാഹനം പട്ടണത്തിലേക്ക് പുറപ്പെടുമ്പോള്‍ അവയുടെ ധാടിയും മോടിയും സീസറിന്റെ വാഹനങ്ങളുടേതില്‍നിന്ന് ഒട്ടും കുറവായിരുന്നില്ല. സെന്റ് ജെറോം തന്റെ കാലത്തെ (നാലാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം) കുറിച്ച് ഇങ്ങനെ പരാതിപ്പെട്ടിട്ടുണ്ട്: ''പല ബിഷപ്പുമാരുടെയും സല്‍ക്കാരം ഗവര്‍ണര്‍മാരുടെ സല്‍ക്കാരങ്ങളെ നാണിപ്പിക്കുന്നതാണ്.'' ചര്‍ച്ചുകളിലേക്കും മഠങ്ങളിലേക്കുമുള്ള സമ്പത്തിന്റെ ഈ ഒഴുക്ക് ഏഴാം നൂറ്റാണ്ട് (ഖുര്‍ആന്റെ അവതരണകാലം) ആയപ്പോഴേക്കും വളര്‍ന്നുവളര്‍ന്നു പ്രചണ്ഡരൂപം പ്രാപിച്ചുകഴിഞ്ഞിരുന്നു. ഇത് സാധാരണക്കാരില്‍ ഇങ്ങനെയുള്ള ധാരണ വളര്‍ത്തി: ഒരാള്‍ ഒരു വന്‍പാപം ചെയ്തുപോയാല്‍ അതിനു പ്രായശ്ചിത്തമായി ഏതെങ്കിലും പുണ്യവാളന്റെ സന്നിധാനത്തിലേക്ക് വഴിപാട് നേരുകയോ അല്ലെങ്കില്‍ ഒരു മഠത്തിലോ ചര്‍ച്ചിലോ സംഭാവന സമര്‍പ്പിക്കുകയോ ചെയ്താല്‍ മതി. അങ്ങനെ ഏതൊന്നില്‍നിന്നുള്ള ഓടിപ്പോക്കാണോ സന്യാസിമാരുടെ മുഖ്യ സവിശേഷത, അതുതന്നെ അവരുടെ കാല്‍ക്കീഴില്‍ വന്നുകൊണ്ടിരുന്നു. ഈ തരംതാഴ്ചയ്ക്ക് സവിശേഷമായി ആക്കംകൂട്ടിയ സംഗതി ഇതായിരുന്നു: സന്യാസിമാരുടെ അസാധാരണ സാധനകളും ആത്മീയയോഗ്യതകളും കണ്ട ജനത്തിന് അവരില്‍ അപാരമായ വിശ്വാസമുളവായപ്പോള്‍ ഭൗതികപ്രമത്തരായ പലരും സന്യാസിക്കുപ്പായമിട്ട് അവരുടെ കൂട്ടത്തില്‍ ചേരുകയും ഭൗതികവിരക്തന്റെ വേഷം ധരിച്ച് ഭൗതികവിഭവങ്ങള്‍ നേടാനുള്ള ഏര്‍പ്പാടുകള്‍ വികസിപ്പിക്കുകയും ചെയ്തു. നേര്‍ക്കുനേരെ സമ്പത്തു തേടി പ്രവര്‍ത്തിക്കുന്ന വന്‍കിടക്കാര്‍ പോലും അവരുടെ മുമ്പില്‍ അടിയറവു പറഞ്ഞിരുന്നു.

vii) സദാചാരക്കാര്യത്തിലും പ്രകൃതിയോടു പടവെട്ടിയ സന്യാസം പലവട്ടം തോറ്റുപോയി. തോറ്റപ്പോള്‍ വഷളാംവണ്ണം തോറ്റു. മഠങ്ങളില്‍ ആത്മനിയന്ത്രണത്തിന് ചില പരിശീലനങ്ങള്‍ ഇങ്ങനെയുമുണ്ടായിരുന്നു: സന്യാസിമാരും സന്യാസിനിമാരും ഒരേ സ്ഥലത്തു വസിക്കുക. ചിലപ്പോള്‍ അല്‍പം കൂടുതല്‍ പരിശീലിക്കുന്നതിനുവേണ്ടി അവര്‍ ഒരേ മെത്തയില്‍ അന്തിയുറങ്ങി. സെന്റ് ഇവാഗ്രിയസ് (St. Evagrious) എന്ന പ്രശസ്ത സന്യാസി ഫലസ്തീനിലെ ചില സന്യാസിമാരുടെ ആത്മനിയന്ത്രണത്തെ ഏറെ പ്രശംസിക്കുന്നു. അവര്‍ സ്ത്രീകളോടൊപ്പം കുളിച്ചിരുന്നു. പരസ്പര ആലിംഗനം ചെയ്യുന്നതുകൊണ്ടുപോലും പ്രകൃതിവാസനക്ക് അവരെ ജയിക്കാനാവാത്തത്ര വികാരനിയന്ത്രണമുള്ളവരായിരുന്നു അവര്‍. കുളി സന്യാസത്തില്‍ അനഭിലഷണീയമാണെങ്കിലും ആത്മനിയന്ത്രണ പരിശീലനാര്‍ഥം ഇത്തരം കുളികളും നടക്കാറുണ്ടായിരുന്നു. ഒടുവില്‍ ഇതേ ഫലസ്തീനികളെക്കുറിച്ച് നിസ്സായിലെ സെന്റ് ഗ്രിഗറി (മരണം 347) എഴുതി: ''അത് ദുര്‍വൃത്തിയുടെ കൂടാരമായിത്തീര്‍ന്നു. മനുഷ്യപ്രകൃതി അതിനോട് യുദ്ധം ചെയ്യുന്നവരോട് പ്രതികാരം വീട്ടാതിരിക്കില്ല. സന്യാസം അതിനോട് സമരംചെയ്ത് ഒടുവില്‍ അധാര്‍മികതയുടെ ഏതു ഗര്‍ത്തത്തിലാണാപതിച്ചതെന്ന് ചൂണ്ടിക്കാട്ടുന്ന കഥകള്‍ എട്ടുമുതല്‍ 11 വരെ നൂറ്റാണ്ടുകളിലെ ക്രിസ്തുമത ചരിത്രത്തെ ഏറ്റവും മോശമായ മട്ടില്‍ മലിനമാക്കിയിട്ടുള്ളതായി കാണാം.'' പത്താം നൂറ്റാണ്ടിലെ ഒരു ഇറ്റാലിയന്‍ ബിഷപ്പ് എഴുതുന്നു. ''മതചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നവരെ ദുര്‍നടപ്പിന്റെ പേരില്‍ ശിക്ഷിക്കാനുള്ള നിയമം സഭ പ്രായോഗികമായി നടപ്പാക്കുകയാണെങ്കില്‍ കുട്ടികള്‍ മാത്രമേ ശിക്ഷയില്‍നിന്നു മുക്തരാകൂ. അവിഹിത സന്തതികളെ കൂടി ദൈവിക സേവനങ്ങളില്‍നിന്നു മാറ്റിനിറുത്താനുള്ള നിയമം നടപ്പാക്കുകയാണെങ്കില്‍ പള്ളിയുടെ പരിപാലകരില്‍ ഒറ്റ കുട്ടിയും ബാക്കിയാവില്ല. മധ്യനൂറ്റാണ്ടുകളില്‍ വിരചിതമായ ഗ്രന്ഥങ്ങളില്‍ സന്യാസിമഠങ്ങള്‍ സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിത്തീര്‍ന്നുവെന്ന പരാതികള്‍ മുഴച്ചുകാണാം. അതിന്റെ നാലു ചുവരുകള്‍ക്കകത്ത് നവജാതശിശുക്കളുടെ കൊല പതിവായിരുന്നു. പാതിരിമാരും സഭയുടെ വൈദിക പ്രവര്‍ത്തകരും വിവാഹം നിഷിദ്ധമായ രക്തബന്ധുക്കളായ സ്ത്രീകളുമായി വരെ അവിഹിതബന്ധം പുലര്‍ത്തിപ്പോന്നു. മഠങ്ങളില്‍ പ്രകൃതിവിരുദ്ധ ബീജങ്ങള്‍ വ്യാപിച്ചു. ചര്‍ച്ചിലെ കുമ്പസാരച്ചടങ്ങ് (Confession) ദുര്‍നടപ്പിന്റെ മാധ്യമമായിത്തീര്‍ന്നു."

ഖുര്‍ആന്‍ ഇവിടെ, റുഹ്ബാനിയ്യത്ത് എന്ന ബിദ്അത്ത് ആവിഷ്‌കരിക്കുകയും എന്നിട്ടതിനോടുള്ള ബാധ്യത പൂര്‍ത്തീകരിക്കാതിരിക്കുകയും ചെയ്യുന്നതിനെ പരാമര്‍ശിച്ചുകൊണ്ട് ക്രിസ്ത്യാനിസത്തിലെ ഏതു വീഴ്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് ഈ വിശദീകരണങ്ങളില്‍നിന്ന് ശരിക്കും മനസ്സിലാക്കാവുന്നതാണ്.

Friday, March 26, 2010

ഖുര്‍ആനും സന്യാസവും

വിശുദ്ധഖുര്‍ആനിലെ അല്‍ ഹദീദ് (57)അധ്യായത്തിലെ രണ്ട് സൂക്തങ്ങള്‍ വ്യാഖ്യാന സഹിതം ഇവിടെ നല്‍കുകയാണ്. ഇപ്പോള്‍ ബ്ലോഗില്‍ ഇസ്്‌ലാമിനോടൊപ്പം ക്രിസ്തുമതവും ചര്‍ചയായിക്കൊണ്ടിരിക്കുകയാണ്. യുക്തിവാദികള്‍ വിമര്‍ശനം വിട്ട് വെറും പരിഹാസത്തിലേക്ക് മാറി. ഇസ്ലം ചര്‍ചചെയ്യുന്ന ബ്ലോഗുകളില്‍ ബൈബിളും ഖുര്‍ആനും മറിച്ച് ക്രൈസ്തവ ബ്ലോഗുകളിലും സമാനമായ ചര്‍ചകള്‍ നടക്കുന്നു. ചര്‍ച എന്നൊക്കെ ഇതിനെ പറയാന്‍ കഴിയുമോ എന്ന് സംശയമുള്ളവരുണ്ട്. പ്രത്യക്ഷത്തിലെങ്കിലും അങ്ങനെ തോന്നുന്നത് കൊണ്ട് ആ പദം പ്രയോഗിച്ചു എന്നുമാത്രം. ഇസ്‌ലാം അവസാന ദര്‍ശനമായതുകൊണ്ടും മുഴുവന്‍ മനുഷ്യര്‍ക്ക് വേണ്ടിയുള്ളതായതിനാലും അന്ന് നിലവിലിരുന്ന വ്യവസ്ഥകളെയും മതങ്ങളെയും ചിന്താധാരകളെയും നിരൂപണം ചെയ്യുകയുണ്ടായിട്ടുണ്ട്. ഒരു ദൈവിക ഗ്രന്ഥത്തിനെ അത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ ആരുടെയും അനുമതി ആവശ്യമില്ല. ബുദ്ധിയുള്ള ചിന്തിക്കുന്ന ഒരു വിഭാഗം അതില്‍ അസ്വസ്തരാകുകയുമില്ല. സന്യാസം  ഒരു പ്രവാചക മതവും പഠിപ്പിച്ചതല്ല.  ഇസ്്‌ലാമിന്റെ സന്യാസത്തോടുള്ള കാഴ്ചപ്പാട് താത്വികമാണ്. എന്നാള്‍ ഒരാള്‍ക്ക് സന്യസിക്കാനുള്ള സ്വാതന്ത്ര്യം ഇസ്‌ലാമിക വ്യവസ്ഥ വകവെച്ചുകൊടുക്കുന്നു. എന്നാല്‍ തങ്ങളുണ്ടാക്കിയ  സന്യാസം അവര്‍ക്ക് പാലിക്കാന്‍ സാധിച്ചതുമില്ല. അത് മറ്റെന്തൊക്കെയോ ആയി രൂപം മാറി. പ്രസ്തത കാര്യം ചരിത്രത്തിന്റെ പിന്‍ബലത്തില്‍ മൗദൂദി വിശദീകരിക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട വ്യാഖ്യാനക്കുറിപ്പ് മാത്രമേ നല്‍കുന്നുള്ളൂ. ചിന്തനീയമായ ഈ പഠനം തുടര്‍ന്ന് വായിക്കുക

നാം നൂഹിനെയും ഇബ്‌റാഹീമിനെയും നിയോഗിച്ചു. അവരുടെ വംശത്തില്‍ പ്രവാചകത്വവും വേദവും വെച്ചു. പിന്നെ അവരുടെ മക്കളില്‍ ചിലര്‍ സന്മാര്‍ഗം കൈക്കൊണ്ടു. വളരെപ്പേര്‍ ധിക്കാരികളായിപ്പോയി. അനന്തരം തുടര്‍ച്ചയായി നമ്മുടെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. അവര്‍ക്കെല്ലാം ശേഷമായി മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹത്തിനു ഇഞ്ചീല്‍ നല്‍കി. അദ്ദേഹത്തെ പിന്‍പറ്റിയവരുടെ ഹൃദയങ്ങളില്‍ നാം കനിവും കാരുണ്യവും നിക്ഷേപിച്ചു. അവരാവിഷ്‌കരിച്ച സന്യാസം; അത് നാം അവര്‍ക്ക് വിധിച്ചതായിരുന്നില്ല. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് അവര്‍ അങ്ങനെയൊരു പുതുചര്യയുണ്ടാക്കി.എന്നിട്ടോ അവരത് പാലിക്കേണ്ടവിധം പാലിച്ചുമില്ല.* അവരില്‍ സത്യവിശ്വാസം കൈക്കൊണ്ടവര്‍ക്ക് അര്‍ഹിക്കുന്ന കര്‍മഫലം നാം നല്‍കി. പക്ഷേ, അവരില്‍ അധികമാളുകളും പാപികളാകുന്നു. (57:26-27)
-----------------------------------------------------------------------

*   അതായത്, അവര്‍ ഇരട്ടതെറ്റില്‍ അകപ്പെട്ടു. ഒന്ന്: അവര്‍ തങ്ങളുടെ മേല്‍ അല്ലാഹു കല്‍പ്പിച്ചിട്ടില്ലാത്ത നിയമങ്ങള്‍ ചുമത്തി. രണ്ട്: ദൈവപ്രീതിക്കുള്ള മാര്‍ഗങ്ങളെന്നു കരുതി സ്വയം ചുമത്തിയ നിയമങ്ങള്‍ പാലിക്കാതിരിക്കുകയും ദൈവപ്രീതിക്കു പകരം ദൈവകോപത്തിനു നിമിത്തമാകുന്ന കര്‍മങ്ങള്‍ അനുവര്‍ത്തിച്ചുകളയുകയും ചെയ്തു.

ഈ ഭാഗം പൂര്‍ണമായി ഗ്രഹിക്കുന്നതിന് ക്രൈസ്തവ സന്യാസത്തിന്റെ ചരിത്രത്തിലേക്കൊന്ന് എത്തിനോക്കുന്നത് സഹായകമായിരിക്കും.

ഹ. ഈസാ(അ)ക്കുശേഷം രണ്ടു നൂറ്റാണ്ടുകള്‍ വരെ ക്രൈസ്തവസമൂഹത്തിന് സന്യാസം അപരിചിതമായിരുന്നു. എങ്കിലും തുടക്കം മുതലേ ക്രിസ്ത്യാനിസത്തില്‍ സന്യാസത്തിന്റെ ബീജങ്ങള്‍ ദൃശ്യമായിരുന്നു. സന്യാസത്തിന് ജന്മം നല്‍കുന്ന സങ്കല്‍പങ്ങളെ അതുള്‍ക്കൊള്ളുകയും ചെയ്തിരുന്നു. വിരക്തിയും സുഖവര്‍ജനവും ധാര്‍മികമൂല്യങ്ങളായി അംഗീകരിക്കലും വിവാഹത്തെയും വ്യാവഹാരിക ജീവിതത്തെയും അപേക്ഷിച്ച് ഏകാന്തവും പീഡിതവുമായ ജീവിതം ഏറെ ശ്രേഷ്ഠമാണെന്ന വിശ്വാസവുമാണല്ലോ സന്യാസത്തിന്റെ അടിത്തറ. ഈ രണ്ടു സംഗതികളും ക്രിസ്ത്യാനിസത്തില്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. ബ്രഹ്മചര്യത്തെ 'വിശുദ്ധി'യുടെ പര്യായമായി കരുതുക മൂലം ക്രൈസ്തവസഭയില്‍ മതചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കുന്നവര്‍ വിവാഹം ചെയ്യുന്നതും കുടുംബം പുലര്‍ത്തുന്നതും കുടുംബകാര്യങ്ങളുടെ ബദ്ധപ്പാടുകളിലകപ്പെടുന്നതും നന്നല്ല എന്ന വിചാരവുമുണ്ടായിരുന്നു. ഈ ബീജങ്ങളാണ് മൂന്നാം നൂറ്റാണ്ടുവരെ  വളര്‍ന്നു വളര്‍ന്ന് ഒരു മഹാവിപത്തായി രൂപം കൊള്ളുകയും ക്രൈസ്തവതയെയാസകലം ഗ്രസിക്കുകയും ചെയ്തത്. ചരിത്രപരമായി ഇതിന് മൂന്ന് മുഖ്യ കാരണങ്ങളുണ്ടായിരുന്നു:

i) പൗരാണിക ബഹുദൈവത്വ സമൂഹങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ ജഡിക പ്രവണതകളെയും ദുര്‍വൃത്തികളെയും ഭൗതികപ്രമത്തതയെയും വിപാടനം ചെയ്യുന്നതിന് ക്രൈസ്തവ പണ്ഡിതന്മാര്‍ മിതമായ മാര്‍ഗം സ്വീകരിക്കാതെ ആത്യന്തികവും തീവ്രവുമായ നിലപാടു സ്വീകരിച്ചു. ലൈംഗിക സദാചാരത്തെ ഊന്നിപ്പറഞ്ഞപ്പോള്‍ അവര്‍ സ്ത്രീ പുരുഷബന്ധംതന്നെ-അത് നിയമാനുസൃത വിവാഹത്തിലൂടെയായാല്‍ പോലും-മ്ലേഛമാണെന്നുദ്‌ഘോഷിച്ചു. ഭൗതികപ്രേമത്തോടുള്ള എതിര്‍പ്പ് വളര്‍ന്നു വളര്‍ന്ന് ഒടുവില്‍ മതബോധമുള്ള മനുഷ്യന്‍ എന്തെങ്കിലും സ്വത്ത് കൈവശം വയ്ക്കുന്നതേ പാപമാണ് എന്ന നിലപാടോളമെത്തി. തികഞ്ഞ നിസ്വനും ലോകവിരക്തനുമായിരിക്കുക എന്നതായിത്തീര്‍ന്നു ധാര്‍മികതയുടെ മാനദണ്ഡം. ബഹുദൈവ സമൂഹത്തിലെ സുഖാഡംബരഭ്രമത്തെ കര്‍ക്കശവും ആത്യന്തികവുമായി നേരിട്ടതിന്റെ ഫലമായി സുഖവര്‍ജനവും ആത്മപീഡനവും ആഗ്രഹനിഗ്രഹവും ധാര്‍മികതയുടെ ലക്ഷ്യമായും പരിണമിച്ചു. പലതരം അനുഷ്ഠാനങ്ങളിലൂടെ ശരീരത്തെ പീഡിപ്പിക്കുന്നത് ആത്മീയവികാസവും വിശ്വാസദാര്‍ഢ്യവുമായി കരുതപ്പെട്ടു.

ii) ക്രിസ്ത്യാനിസം അതിന്റെ വിജയകാലത്തേക്കു പ്രവേശിക്കുകയും സാമാന്യജനങ്ങള്‍ അതു സ്വീകരിച്ചുതുടങ്ങുകയും ചെയ്തപ്പോള്‍ മതത്തിന്റെ വികസനത്തിലും പ്രചാരത്തിലും വ്യഗ്രതപൂണ്ട സഭ, സാമാന്യജനങ്ങള്‍ക്ക് സ്വീകാര്യമായ എല്ലാ തിന്മകളെയും സ്വന്തം വൃത്തത്തിലേക്ക് കൂട്ടിച്ചേര്‍ത്തു. പഴയ പൂജാവിഗ്രഹങ്ങളുടെ സ്ഥാനം പുണ്യവാളന്മാര്‍ ഏറ്റെടുത്തു. ഹോറസി(Horus)ന്റെയും ഐസിസിന്റെയും പ്രതിഷ്ഠകളുടെ സ്ഥാനത്ത് മിശിഹായുടെയും മേരിയുടെയും വിഗ്രഹങ്ങള്‍ പൂജിക്കപ്പെട്ടുതുടങ്ങി. ഭോഗമഹോത്സവ(Saturnalia)ത്തിനു പകരമായി ക്രിസ്മസ് ആഘോഷമാരംഭിച്ചു. പുരാതനകാലത്തെ മന്ത്രവും മാരണവും ഉറുക്കും ശകുനം നോക്കലും അദൃശ്യപ്രവചനവും ജ്യോത്സ്യവും എല്ലാം ക്രൈസ്തവ സിദ്ധന്മാരും സ്വന്തമാക്കി. അങ്ങനെ വൃത്തിഹീനനും നഗ്നനുമായി ഏതെങ്കിലും കാട്ടിലോ ഗുഹയിലോ കഴിയുന്നവരെ ദൈവവുമായി നേരിട്ടു ബന്ധമുള്ള പുണ്യാളന്മാരായി ബഹുജനം കരുതി. സഭയില്‍ പുണ്യാളത്തിന്റെ അംഗീകൃത സങ്കല്‍പമായി അതു പരിണമിച്ചു. അത്തരം ആളുകളുടെ ദിവ്യസിദ്ധികള്‍ വിവരിക്കുന്ന പുണ്യാളചരിത്രകൃതികള്‍ ക്രൈസ്തവ സഭയിലെങ്ങും ധാരാളമായി പ്രചരിച്ചു.

iii) ദീനിന്റെ അതിരുകള്‍ നിര്‍ണയിക്കുന്ന വിശദമായ ശരീഅത്തോ (നിയമസംഹിത) വ്യക്തമായ സുന്നത്തോ (പ്രവാചകന്റെ ചര്യ) ക്രൈസ്തവസഭയുടെ പക്കലുണ്ടായിരുന്നില്ല. മൂസാ(അ)യുടെ ശരീഅത്തിനെ അവര്‍ തള്ളിക്കളഞ്ഞിരുന്നു. ഇന്‍ജീലില്‍നിന്ന് (പുതിയ നിയമം) മാത്രമായി സമ്പൂര്‍ണ മാര്‍ഗദര്‍ശനം ലഭിച്ചതുമില്ല. അതുകൊണ്ട് ക്രൈസ്തവ പണ്ഡിതന്മാര്‍ കുറച്ചൊക്കെ ഇതര തത്ത്വശാസ്ത്രങ്ങളാലും രീതികളാലും സ്വാധീനിക്കപ്പെട്ടും കുറച്ചൊക്കെ സ്വന്തം അഭിമതങ്ങളനുസരിച്ചും പലതരം ബിദ്അത്തുകള്‍ (പുത്തന്‍ ആചാരങ്ങള്‍) ദീനില്‍ കൂട്ടിച്ചേര്‍ത്തു. ഈ ബിദ്അത്തുകളുടെ കൂട്ടത്തിലൊന്നാണ് സന്യാസം. ബൗദ്ധഭിക്ഷുക്കളില്‍നിന്നും ഹൈന്ദവയോഗികളില്‍നിന്നും സന്യാസികളില്‍നിന്നും പൗരാണിക ഈജിപ്ഷ്യന്‍ ഫഖീറുകളില്‍ (Anchorites) നിന്നും ഇറാനിലെ മാനവികളില്‍നിന്നും പ്ലാറ്റോവിന്റെയും പ്ലാറ്റോണിസത്തിന്റെയും പൗരസ്ത്യ ശിഷ്യരില്‍നിന്നുമാണ് ക്രൈസ്തവാചാര്യന്മാര്‍ അതിന്റെ തത്ത്വശാസ്ത്രവും രീതിയും സ്വീകരിച്ചത്. അതിനെ അവര്‍ ആത്മസംസ്‌കരണോപാധിയും ആത്മീയോല്‍ക്കര്‍ഷമാധ്യമവും ദൈവസാമീപ്യമാര്‍ഗവുമൊക്കെയായി അംഗീകരിക്കുകയായിരുന്നു. ഈ അബദ്ധമനുവര്‍ത്തിച്ചത് സാധാരണക്കാരായിരുന്നില്ല. മൂന്നാം നൂറ്റാണ്ടു മുതല്‍ ആറാം നൂറ്റാണ്ടു (ഖുര്‍ആന്റെ അവതരണകാലം) വരെ പശ്ചിമദേശത്തും പൗരസ്ത്യദേശത്തും ക്രിസ്ത്യാനിസത്തിന്റെ മഹാപണ്ഡിതന്മാരും പുണ്യാത്മാക്കളായ ആചാര്യന്‍മാരുമായിരുന്ന സെന്റ് അഥനേഷ്യസ്, സെന്റ് ബസീല്‍, സെന്റ് ഗ്രിഗറി, സെന്റ് ക്രൈന്‍സ്റ്റം, സെന്റ് അംബ്രോസ്, സെന്റ് ജെറോം, സെന്റ് അഗസ്റ്റിന്‍, സെന്റ് ബെനഡിക്ട്, ഗ്രിഗറി ദ ഗ്രേറ്റ് തുടങ്ങിയവരൊക്കെത്തന്നെ സ്വയം സന്യാസിമാരും സന്യാസത്തിന്റെ ധ്വജവാഹകരുമായിരുന്നു. അവരുടെ പരിശ്രമങ്ങളുടെ ഫലമായാണ് സഭയില്‍ പൗരോഹിത്യത്തിന് പ്രചാരം സിദ്ധിച്ചത്.

ക്രിസ്ത്യാനികളില്‍ സന്യാസത്തിന് തുടക്കം കുറിച്ചത് ഈജിപ്തിലാണെന്ന് ചരിത്രത്തില്‍നിന്ന് മനസ്സിലാകുന്നു. സെന്റ് ആന്റണി (ക്രി. 250-350)യായിരുന്നു അതിന്റെ ഉപജ്ഞാതാവ്. ഇദ്ദേഹം പ്രഥമ ക്രൈസ്തവ സന്യാസിയായി അംഗീകരിക്കപ്പെട്ടിരുന്നു. ഫയ്യൂം പ്രദേശത്തെ പസ്ഫിര്‍ (ഇന്ന് ദൈറുല്‍ മയ്മൂന്‍ എന്നറിയപ്പെടുന്നു) എന്ന സ്ഥലത്ത് ഇദ്ദേഹം ഒന്നാമത്തെ  ക്രൈസ്തവ സന്യാസാശ്രമം സ്ഥാപിച്ചു. അനന്തരം ചെങ്കടല്‍തീരത്ത് (ഇന്ന് ദൈര്‍ മാര്‍ അന്റോണിയോസ് എന്നറിയപ്പെടുന്ന സ്ഥലത്ത്) മറ്റൊരാശ്രമവും കൂടി സ്ഥാപിച്ചു. ക്രൈസ്തവ സന്യാസത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നത് ഇദ്ദേഹത്തിന്റെ ലേഖനങ്ങളില്‍നിന്നും മാര്‍ഗദര്‍ശനങ്ങളില്‍ നിന്നുമാകുന്നു. ഇതിനുശേഷം അതിന്റെ പരമ്പര ഒരു വെള്ളപ്പൊക്കമെന്നോണം ഈജിപ്തിലെങ്ങും പരന്നു. സകലയിടത്തും സന്യാസികളുടെയും സന്യാസിനികളുടെയും മഠങ്ങള്‍ ഉയര്‍ന്നുവന്നു. അവയില്‍ ചിലതില്‍ ഒരേസമയം മൂവായിരത്തോളം സന്യാസിമാര്‍ പാര്‍ത്തിരുന്നു. ക്രി. 325-ല്‍ ഈജിപ്തില്‍തന്നെ പ്രത്യക്ഷപ്പെട്ട  മറ്റൊരു  ക്രൈസ്തവ പുണ്യാളനായ പാഖൂമിയൂസ് സന്യാസികള്‍ക്കും സന്യാസിനികള്‍ക്കുമായി പത്തു വന്‍ മഠങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. അനന്തരം ഈ പ്രവണത സിറിയയിലും ഫലസ്തീനിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലും പ്രചരിച്ചുകൊണ്ടിരുന്നു. ആദ്യഘട്ടത്തില്‍ ക്രൈസ്തവസഭയില്‍ സന്യാസസംബന്ധമായി സങ്കീര്‍ണമായ ആശയക്കുഴപ്പങ്ങളുളവായിരുന്നു. ഏകാന്തതയെയും  പീഡാനുഭവങ്ങളെയും ദാരിദ്ര്യത്തെയും മാതൃകാപരമായ ആത്മീയജീവിതത്തിന്റെ ഭാഗങ്ങളായി അവരംഗീകരിച്ചിരുന്നുവെങ്കിലും സന്യാസികളെപ്പോലെ വിവാഹവും സന്താനപ്രജനനവും സ്വത്ത് കൈവശം വയ്ക്കലും പാപങ്ങളായി കാണാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ സെന്റ് അഥനേഷ്യസ് (മരണം 373), സെന്റ് ബസില്‍ (മരണം 379), സെന്റ് ആഗസ്റ്റിന്‍ (മരണം 609) തുടങ്ങിയവരുടെ സ്വാധീനത്താല്‍ സന്യാസത്തിന്റെ വളരെയേറെ നിയമങ്ങള്‍ സഭാചട്ടങ്ങളുടെ ഭാഗമായിത്തീര്‍ന്നു. (തുടരും)

Sunday, March 7, 2010

പ്രവാചകന് ക്ലേശമുണ്ടാവാതിരിക്കാന്‍

വിശുദ്ധഖുര്‍ആനിലെ അഹ്‌സാബ് അധ്യായത്തിലെ 50 സൂക്തം വളരെയേറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സൂക്തങ്ങളിലൊന്നാണ്. ഈ അവസരത്തില്‍ അതിന്റെ ശരിയായ വ്യാഖ്യാനം മനസ്സിലാക്കുന്നത് നന്നായിരിക്കും. മൗദൂദിയുടെ വ്യാഖ്യാന സഹിതം പ്രസ്തുത സൂക്തങ്ങള്‍ ഇവിടെ നല്‍കുന്നു. വ്യാഖ്യാനത്തില്‍നിന്ന് ഒന്നും നീക്കം ചെയ്യുകയോ കൂട്ടിചേര്‍ക്കുകയോ ചെയ്തിട്ടില്ല. തുടര്ന്ന് വായിക്കുക.
അല്ലയോ പ്രവാചകാ, നീ വിവാഹമൂല്യം നല്‍കിയിട്ടുള്ള ഭാര്യമാരെ നാം നിനക്ക് അനുവദിച്ചുതന്നിട്ടുള്ളതാകുന്നു. യുദ്ധാര്‍ജിതമായി അല്ലാഹു സമ്മാനിച്ച സ്ത്രീകളില്‍ നിന്റെ അധീനത്തിലുള്ളവരെയും, നിന്നോടൊപ്പം പലായനം ചെയ്തവരായ, നിന്റെ പിതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും മാതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും നിനക്കനുവദിച്ചുതന്നിരിക്കുന്നു; പ്രവാചകനുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന വിശ്വാസിനിയെയും- പ്രവാചകന്‍ അവളെ വേള്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍. ഈ അനുവാദം നിനക്ക് മാത്രമാകുന്നു. മറ്റു വിശ്വാസികള്‍ക്കില്ല. സാധാരണവിശ്വാസികളുടെമേല്‍, അവരുടെ ഭാര്യമാരുടെയും ദാസികളുടെയും കാര്യത്തില്‍ നാം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളെന്തെന്നു നമുക്കറിയാം. (നിന്നെ ഈ പരിധികളില്‍ നിന്നൊഴിവാക്കിയത്) നിനക്ക് ക്ലേശമുണ്ടാവാതിരിക്കാനത്രെ. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമല്ലോ. (33:50)

***************************************************


അല്ലയോ പ്രവാചകാ, നീ വിവാഹമൂല്യം നല്‍കിയിട്ടുള്ള ഭാര്യമാരെ നാം നിനക്ക് അനുവദിച്ചുതന്നിട്ടുള്ളതാകുന്നു.

(ഒരേസമയം നാലില്‍ കൂടുതല്‍ ഭാര്യമാരെ സ്വീകരിക്കുന്നത് വിലക്കുന്ന മുഹമ്മദ് നബി(സ), സ്വയം ഈ അഞ്ചാം ഭാര്യയെ സ്വീകരിച്ചതെങ്ങനെ എന്ന് വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ് യഥാര്‍ഥത്തിലിത്. ഹ. സൈനബിനെ വിവാഹം ചെയ്യുമ്പോള്‍ തിരുമേനിക്ക് വേറെ നാലു ഭാര്യമാരുണ്ടായിരുന്നു എന്നതാണിതിനടിസ്ഥാനം. (1) അദ്ദേഹം ഹിജ്‌റക്ക് മൂന്നുവര്‍ഷം മുമ്പ് വിവാഹം ചെയ്തിരുന്ന സൗദ (2) ഹിജ്‌റക്ക് മൂന്നുവര്‍ഷം മുമ്പ് വിവാഹം ചെയ്യുകയും ഹിജ്‌റ 1-ാം വര്‍ഷം ശവ്വാലില്‍ ദാമ്പത്യജീവിതം തുടങ്ങുകയും ചെയ്ത ഹ. ആഇശ (3) ഹിജ്‌റ മൂന്നാംവര്‍ഷം ശഅബാനില്‍ വിവാഹം ചെയ്ത ഹ. ഹഫ്‌സ. (4) ഹിജ്‌റ നാലാം വര്‍ഷം ശവ്വാലില്‍ തിരുമേനിയുടെ പത്‌നീപദംകൊണ്ടനുഗൃഹീതയായ ഉമ്മുസലമ ഈയടിസ്ഥാനത്തില്‍ ഹ. സൈനബ് തിരുമേനിയുടെ അഞ്ചാമത്തെ പത്‌നിയായിരുന്നു. ഇതേക്കുറിച്ച് സത്യനിഷേധികളും കപടവിശ്വാസികളും ഉന്നയിച്ച വിമര്‍ശനത്തിന് അല്ലാഹു മറുപടി നല്‍കുന്നതിങ്ങനെയാണ്: താങ്കള്‍ വിവാഹമൂല്യം നല്‍കി വേട്ട ഈ അഞ്ചു ഭാര്യമാരെയും നാം താങ്കള്‍ക്ക് അനുവദിച്ചുതന്നിരിക്കുന്നു.' മറ്റു വാക്കുകളില്‍, മറുപടിയുടെ താല്‍പര്യമിതാണ്: സാധാരണ മുസ്‌ലിംകള്‍ക്ക് നാല് എന്ന പരിധി നിശ്ചയിച്ചത് നാമാണ്. താങ്കളെ ആ പരിധിയില്‍നിന്ന് ഒഴിവാക്കിയതും നാം തന്നെ. നമുക്ക് ആ പരിധി നിശ്ചയിക്കാന്‍ അധികാരമുണ്ടെങ്കില്‍ ഈ ഒഴിവാക്കലിന് എന്തുകൊണ്ടധികാരമില്ല?

ഈ മറുപടിയെ സംബന്ധിച്ചിടത്തോളം ഒരുകാര്യം സവിശേഷം ഓര്‍ക്കേണ്ടതുണ്ട്. കാഫിറുകളെയും കപടന്മാരെയും തൃപ്തിപ്പെടുത്താനുള്ളതല്ല ഈ മറുപടി. പ്രത്യുത ഇസ്‌ലാമിന്റെ ശത്രുക്കള്‍ ആശയക്കുഴപ്പത്തിലകപ്പെടുത്താന്‍ ശ്രമിച്ചിരുന്ന മുസ്‌ലിംകളെ തൃപ്തിപ്പെടുത്താനുള്ളതാണ്. ഖുര്‍ആന്‍ ദൈവികവചനമാണെന്നും അല്ലാഹുവിന്റെ വാക്കുകളില്‍തന്നെ ഇറക്കപ്പെടുന്നതാണെന്നും ഏതായാലും അവര്‍ക്ക് ദൃഢബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് ഖുര്‍ആനിലെ സുവ്യക്തമായ ഒരു സൂക്തത്തിലൂടെ അല്ലാഹു വിളംബരംചെയ്തു: ഭാര്യമാരുടെ എണ്ണം സംബന്ധിച്ച പരിധിയില്‍നിന്ന് നബി(സ) തന്നിഷ്ടപ്രകാരം ഒഴിഞ്ഞുമാറിയതല്ല. അദ്ദേഹത്തെ അതില്‍നിന്നൊഴിവാക്കാനുള്ള തീരുമാനം നാം കൈക്കൊണ്ടതാകുന്നു.


യുദ്ധാര്‍ജിതമായി അല്ലാഹു സമ്മാനിച്ച സ്ത്രീകളില്‍ നിന്റെ അധീനത്തിലുള്ളവരെയും, നിന്നോടൊപ്പം പലായനം ചെയ്തവരായ, നിന്റെ പിതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും മാതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും നിനക്കനുവദിച്ചുതന്നിരിക്കുന്നു; പ്രവാചകനുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന വിശ്വാസിനിയെയും- പ്രവാചകന്‍ അവളെ വേള്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍.

(തിരുമേനിക്ക് അഞ്ചു പത്‌നിമാരെ അനുവദിച്ചുകൊടുത്തതിനുപുറമെ ഈ സൂക്തം ഏതാനും ചിലയിനം സ്ത്രീകളെക്കൂടി ഇനിയും വിവാഹം ചെയ്യാന്‍ അനുവാദം നല്‍കുന്നു:

i) തിരുമേനിയുടെ അധീനത്തില്‍ വരുന്ന അടിമസ്ത്രീകള്‍. ഈ അനുവാദമനുസരിച്ച് നബി(സ) ബനൂഖുറൈള യുദ്ധത്തില്‍ പിടിക്കപ്പെട്ട സ്ത്രീകളില്‍നിന്ന് ഹ. റൈഹാനയെയും ബനുല്‍മുസ്തലിഖ് യുദ്ധത്തില്‍ പിടിക്കപ്പെട്ടവരില്‍നിന്ന് ഹ. ജുവൈരിയ്യയെയും ഖൈബര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ടവരില്‍നിന്ന് ഹ. സ്വഫിയ്യയെയും ഈജിപ്തില്‍നിന്ന് മുഖൗഖിസ് തിരുമേനിക്കയച്ചുകൊടുത്ത മാരിയ എന്ന കോപ്റ്റിക് വംശജയെയും തന്റെ സ്ത്രീകളാക്കിയിരുന്നു. ഇവരില്‍ ആദ്യത്തെ മൂന്നുപേരെ അദ്ദേഹം സ്വതന്ത്രകളാക്കി വിവാഹം ചെയ്തു. എന്നാല്‍, ഹ. മാരിയ തിരുമേനിയുമായി ദാമ്പത്യം പങ്കിട്ട ദാസിയായിരുന്നു. അവരെ സ്വതന്ത്രയാക്കി വിവാഹം ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല.

ii) അദ്ദേഹത്തോടൊപ്പം ഹിജ്‌റ ചെയ്ത അദ്ദേഹത്തിന്റെ പിതൃസഹോദര പുത്രിമാരും പിതൃസഹോദരീ പുത്രിമാരും മാതൃസഹോദര പുത്രിമാരും മാതൃസഹോദരീ പുത്രിമാരും സൂക്തത്തില്‍ 'അദ്ദേഹത്തോടൊപ്പം' എന്ന് പറഞ്ഞവരും. അവര്‍ ഹിജ്‌റ ചെയ്തത് അദ്ദേഹത്തിന്റെ കൂടെയായിരുന്നു എന്ന അര്‍ഥത്തിലല്ല. ദീനുല്‍ ഇസ്‌ലാമിനുവേണ്ടി ദൈവിക സരണിയില്‍ പലായനം ചെയ്തവരായിരിക്കണം എന്ന അര്‍ഥത്തിലാണ്. ഇത്തരം ബന്ധുക്കളില്‍നിന്ന് തനിക്കിഷ്ടമുള്ളവരെ വിവാഹം ചെയ്യാന്‍ അദ്ദേഹത്തിന് അനുവാദം നല്‍കപ്പെട്ടു. അങ്ങനെ ഈ അനുവാദമനുസരിച്ചാണ് ഹിജ്‌റ 7-ാം ആണ്ടില്‍ ഹ. ഉമ്മുഹബീബയെ തിരുമേനി വിവാഹം ചെയ്തത്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം തന്റെ പിതൃസഹോദരീ സഹോദരന്മാരുടെയും മാതൃസഹോദരീ സഹോദരന്മാരുടെയും പെണ്‍മക്കള്‍ വിവാഹം ചെയ്യാന്‍ അനുവദിക്കപ്പെട്ടവരാണെന്നുകൂടി ഈ സൂക്തം സ്പഷ്ടമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇസ്‌ലാമിക ശരീഅത്ത് ജൂത-ക്രൈസ്തവ നിയമങ്ങളില്‍നിന്ന് ഭിന്നമാകുന്നു. ക്രൈസ്തവ നിയമപ്രകാരം പുരുഷന്റെ ഏഴ് തലമുറവരെ വംശബന്ധമുള്ള സ്ത്രീയെ വിവാഹം ചെയ്യാന്‍ പാടില്ല. ജൂത നിയമപ്രകാരമാകട്ടെ സ്വന്തം സഹോദരിയുടെ പെണ്‍മക്കളെയും വിവാഹം ചെയ്യാവുന്നതാണ്.

iii) തിരുമേനിക്ക് സ്വയം സമര്‍പ്പിക്കുന്ന സ്ത്രീകള്‍. അതായത്, വിവാഹമൂല്യമില്ലാതെ, തിരുമേനിയുടെ ഭാര്യയാകാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന സ്ത്രീകളില്‍ തിരുമേനി സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. ഈ അനുവാദപ്രകാരമാണ് ഹിജ്‌റ 7-ാം വര്‍ഷം ശവ്വാലില്‍ അദ്ദേഹം ഹ. മൈമൂനയെച762 ഭാര്യയായി സ്വീകരിച്ചത്. എന്നാല്‍ വിവാഹമൂല്യം നല്‍കാതെ അവരെ അനുഭവിക്കാന്‍ തിരുമേനി ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് ആരും ആശിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യാതെതന്നെ അവിടുന്ന് അവര്‍ക്ക് വിവാഹമൂല്യം നല്‍കുകയുണ്ടായി. തിരുമേനിയുടെ ഭാര്യമാരില്‍ സ്വയം സമര്‍പ്പിക്കപ്പെട്ട ആരുമുണ്ടായിരുന്നില്ലെന്ന് ചില വ്യാഖ്യാതാക്കള്‍ പറയുന്നുണ്ട്. പക്ഷേ, അതിന്നര്‍ഥം തനിക്ക് സ്വയം സമര്‍പ്പിക്കപ്പെട്ട സ്ത്രീകളെ, വിവാഹമൂല്യം നല്‍കാതെ അവിടുന്ന് സ്വീകരിച്ചിട്ടില്ലെന്നാണ്.


ഈ അനുവാദം നിനക്ക് മാത്രമാകുന്നു. മറ്റു വിശ്വാസികള്‍ക്കില്ല.

(ഈ വാക്യത്തിന്റെ ബന്ധം അടുത്ത വാക്യത്തോടാണ് എന്ന് കരുതുകയാണെങ്കില്‍ ആശയമിതായിരിക്കും: സ്വയം സമര്‍പ്പിക്കുന്ന സ്ത്രീകളെ വിവാഹമൂല്യമില്ലാതെ നികാഹ് ചെയ്യുകയെന്നത് മറ്റു മുസ്‌ലിംകള്‍ക്കൊന്നും അനുവദനീയമല്ല. ഇതിന്റെ ബന്ധം മുകളിലുള്ള മുഴുവന്‍ വചനത്തോടുമാണെന്നു വെക്കുകയാണെങ്കില്‍ സാരം ഇപ്രകാരമായിരിക്കും: നാലിലധികം ഭാര്യമാരെ വേള്‍ക്കാനുള്ള അനുവാദവും തിരുമേനി(സ)ക്ക് മാത്രമുള്ളതാണ്. സാധാരണ മുസ്‌ലിംകള്‍ക്കൊന്നും അതില്ല. സമുദായത്തിലെ മറ്റംഗങ്ങള്‍ക്കൊന്നും ബാധകമാകാത്തതും തിരുമേനി(സ)ക്ക് മാത്രം ബാധകമാകുന്നതുമായ ചില വിധികളുണ്ട് എന്നുകൂടി ഈ സൂക്തത്തില്‍നിന്ന് വ്യക്തമാകുന്നു. ഖുര്‍ആനും സുന്നത്തും പരിശോധിച്ചുനോക്കിയാല്‍ ഇത്തരം പല വിധികളും കാണാം. ഉദാഹരണമായി തഹജ്ജുദ് നമസ്‌കാരം നബി(സ)ക്ക് നിര്‍ബന്ധമായിരുന്നു. മറ്റെല്ലാവര്‍ക്കും അത് ഐഛികമാണ്. തിരുമേനിക്കും കുടുംബത്തിനും സകാത്ത് സ്വീകരിക്കല്‍ നിഷിദ്ധമാണ്. മറ്റാര്‍ക്കും നിഷിദ്ധമല്ല. തിരുമേനിയുടെ അനന്തരസ്വത്തുക്കള്‍ വീതിക്കപ്പെടാവതല്ലായിരുന്നു. മറ്റെല്ലാവരുടെയും അനന്തര സ്വത്തുക്കള്‍ക്ക് സൂറതുന്നിസാഇല്‍ പറഞ്ഞ വിധികള്‍ ബാധകമാണ്. തിരുമേനിക്ക് നാലിലധികം ഭാര്യമാര്‍ അനുവദിക്കപ്പെട്ടു. ഭാര്യമാരോട് തുല്യത പാലിക്കല്‍ അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നില്ല. തനിക്ക് സ്വയം സമര്‍പ്പിക്കപ്പെടുന്ന സ്ത്രീയെ വിവാഹമൂല്യമില്ലാതെ വിവാഹം ചെയ്യാന്‍ അദ്ദേഹത്തിന്നനുവാദമുണ്ടായിരുന്നു. തിരുമേനിയുടെ മരണശേഷം സമുദായത്തിലെ മറ്റാരും അവിടത്തെ വിധവകളെ വിവാഹം ചെയ്യുന്നത് നിഷിദ്ധമാക്കപ്പെട്ടു. ഇത്തരം സവിശേഷതകളൊന്നുംതന്നെ തിരുമേനിയല്ലാത്ത മറ്റൊരു മുസ്‌ലിമിനും സിദ്ധിച്ചിട്ടില്ല. ജൂത-ക്രൈസ്തവ സ്ത്രീകളെ വിവാഹം ചെയ്യുന്നത് വിലക്കപ്പെട്ടു എന്നൊരു പ്രത്യേകത കൂടി നബി(സ)ക്ക് ഉണ്ടായിരുന്നതായി മുഫസ്സിറുകള്‍ പറഞ്ഞിട്ടുണ്ട്. സമുദായത്തിലെ മറ്റംഗങ്ങള്‍ക്ക് അതനുവദനീയമാണ്.)


സാധാരണവിശ്വാസികളുടെമേല്‍, അവരുടെ ഭാര്യമാരുടെയും ദാസികളുടെയും കാര്യത്തില്‍ നാം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളെന്തെന്നു നമുക്കറിയാം. (നിന്നെ ഈ പരിധികളില്‍ നിന്നൊഴിവാക്കിയത്) നിനക്ക് ക്ലേശമുണ്ടാവാതിരിക്കാനത്രെ.

(അല്ലാഹു നബി(സ)യെ പൊതുനിയമത്തില്‍നിന്ന് ഒഴിവാക്കിയതിന്റെ ഗുണമാണിത്. 'യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാന്‍' എന്നതിന്റെ താല്‍പര്യം-നഊദുബില്ലാഹ്- അവിടത്തെ ജഡികാസക്തി നാലു ഭാര്യമാരെക്കൊണ്ട് തൃപ്തിപ്പെടാത്തവണ്ണം ശക്തിമത്തായിരുന്നുവെന്നും നാലുപേര്‍ മാത്രമായാല്‍ അദ്ദേഹത്തിന് വളരെ ബുദ്ധിമുട്ടാവുമെന്നും അതുകൊണ്ടാണ് വളരെ ഭാര്യമാരെ അനുവദിച്ചുകൊടുത്തത് എന്നുമല്ല. പക്ഷപാതിത്വത്തിന്റെ ആന്ധ്യം ബാധിച്ച ഒരാള്‍ക്ക് മാത്രമേ ഈ വാക്യത്തിന് അങ്ങനെ അര്‍ഥം കല്‍പിക്കാനാകൂ. അതായത്, പ്രവാചകന്‍ തന്റെ 25-ാം വയസ്സില്‍ നാല്‍പതുകാരിയായ ഒരു വിധവയെയാണ് വിവാഹം ചെയ്തത്. 25 വര്‍ഷക്കാലം അദ്ദേഹം അവരോടൊപ്പം സന്തുഷ്ടമായ ദാമ്പത്യജീവിതം നയിച്ചു. പിന്നെ അവര്‍ മരിച്ചശേഷം അദ്ദേഹം വിവാഹം ചെയ്തത് വൃദ്ധയായ സൗദയെയായിരുന്നു. നാലു വര്‍ഷക്കാലം അവര്‍ മാത്രമേ അവിടത്തെ ഭാര്യാപദത്തിലുണ്ടായിരുന്നുള്ളൂ. ഇതാണ് വസ്തുതയെങ്കില്‍ 53 വയസ്സുകഴിഞ്ഞപ്പോള്‍ തിരുമേനിക്ക് ലൈംഗികാസക്തി ശക്തിപ്പെട്ടുവെന്നും അദ്ദേഹത്തിന് ധാരാളം ഭാര്യമാര്‍ അനിവാര്യമായിത്തീര്‍ന്നുവെന്നും സാമാന്യബുദ്ധിയും മനസ്സാക്ഷിയുമുള്ള വല്ലവര്‍ക്കും സങ്കല്‍പിക്കാനാകുമോ? 'ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍' എന്നതിന്റെ ആശയം മനസ്സിലാക്കാന്‍ നാം, അല്ലാഹു അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുള്ള ഗുരുതരമായ ദൗത്യത്തെ വീക്ഷിക്കേണ്ടിയിരിക്കുന്നു. എതൊരു ചുറ്റുപാടിലാണോ അദ്ദേഹം ആ ഗുരുതരമായ ദൗത്യനിര്‍വഹണത്തിന് കല്‍പിക്കപ്പെട്ടിട്ടുള്ളത്, ആ ചുറ്റുപാടും മനസ്സിലാക്കേണ്ടതുണ്ട്. പക്ഷപാതിത്വമില്ലാതെ ഈ രണ്ടു യാഥാര്‍ഥ്യങ്ങളും മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും ഭാര്യമാരുടെ കാര്യത്തില്‍ തിരുമേനിക്ക് നല്‍കപ്പെട്ട വിശാലമായ അനുവാദത്തിന്റെ ആവശ്യകതയും അത് നാലില്‍ പരിമിതമാകുന്നത് എന്തു വിഷമമാണ് സൃഷ്ടിക്കുകയെന്നും സ്വയം ബോധ്യപ്പെടുന്നതാണ്.

തിരുമേനിയെ ചുമതപ്പെടുത്തിയ ദൗത്യം ഇതായിരുന്നു: ഒരു നിരക്ഷര ജനത്തെ, ഇസ്‌ലാമികവീക്ഷണത്തില്‍ മാത്രമല്ല, സാധാരണ സാംസ്‌കാരിക നാഗരിക വീക്ഷണത്തില്‍പോലും പ്രാകൃതരായ ഒരു ജനത്തെ എല്ലാ ജീവിത മണ്ഡലങ്ങളിലും പഠിപ്പിച്ച് പരിശീലിപ്പിച്ച് ഉന്നത നിലവാരത്തിലുള്ള സംസ്‌കാരവും പരിഷ്‌കാരവും പരിശുദ്ധിയും നേടിയ സമൂഹമാക്കി മാറ്റുക. ഈ ലക്ഷ്യം സാധിക്കാന്‍ പുരുഷന്മാര്‍ക്ക് മാത്രം ശിക്ഷണം നല്‍കിയാല്‍ പോരാ, സ്ത്രീകള്‍ക്കുകൂടി ശിക്ഷണം നല്‍കേണ്ടത് അത്രതന്നെ ആവശ്യമായിരുന്നു. പക്ഷേ, ഏതൊരു സംസ്‌കാരത്തിന്റെയും നാഗരികതയുടെയും തത്ത്വങ്ങള്‍ പഠിപ്പിക്കാനാണോ അദ്ദേഹം നിയുക്തനായത്, ആ തത്ത്വങ്ങളുടെ വെളിച്ചത്തില്‍ സ്ത്രീപുരുഷന്മാരുടെ സ്വതന്ത്രമായ കൂടിക്കലരല്‍ വിലക്കപ്പെട്ടതായിരുന്നു. ഈ നിയമം ലംഘിക്കാതെ സ്ത്രീകള്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കാന്‍ അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു. അതുകൊണ്ട് സ്ത്രീകളില്‍ പ്രവര്‍ത്തനം നടത്തുന്നതിന് വ്യത്യസ്ത പ്രായക്കാരും മാനസിക യോഗ്യതയുള്ളവരുമായ പല സ്ത്രീകളെ ഭാര്യമാരാക്കുകയും അവര്‍ക്ക് നേരിട്ട് ശിക്ഷണം നല്‍കി തന്റെ സഹായത്തിന്നൊരുക്കുകയും എന്നിട്ട് അവര്‍ വഴി പട്ടണവാസികള്‍, ഗ്രാമീണര്‍, യുവജനങ്ങള്‍, മധ്യവയസ്‌കര്‍, വൃദ്ധകള്‍ മുതലായ എല്ലാ വിഭാഗം സ്ത്രീജനങ്ങളെയും ദീന്‍ പഠിപ്പിക്കുകയും സംസ്‌കാര നാഗരികതകളുടെ പുതിയ മൂല്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാന്‍ ശ്രമിക്കുകയും മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ.

കൂടാതെ പഴയ ജാഹിലീവ്യവസ്ഥ അവസാനിപ്പിച്ച് പകരം ഇസ്‌ലാമിക ജീവിതവ്യവസ്ഥ സ്ഥാപിക്കേണ്ട ചുമതലയും നബി(സ)ക്കുണ്ടായിരുന്നു. ഈ ദൗത്യനിര്‍വഹണത്തില്‍ ജാഹിലീ വ്യവസ്ഥയുടെ ധ്വജവാഹകരോട് സമരം ചെയ്യാതെ കഴിയുമായിരുന്നില്ല. തങ്ങളുടെ സവിശേഷ പാരമ്പര്യങ്ങള്‍ മുറുകെപ്പിടിച്ചിരുന്ന ഗോത്രജീവിതരീതി നടമാടുന്ന ഒരു സമൂഹത്തിലായിരുന്നു ഈ സമരം നടത്തേണ്ടത്. ഈ സാഹചര്യത്തില്‍ വ്യത്യസ്ത ഗോത്രങ്ങളുമായി വിവാഹബന്ധം സ്ഥാപിച്ച് ധാരാളം ബന്ധുക്കളെ സമ്പാദിക്കേണ്ടതും ഒരുപാട് ശത്രുക്കളെ ഇല്ലായ്മ ചെയ്യേണ്ടതും അദ്ദേഹത്തിന്നത്യന്താപേക്ഷിതമായിത്തീര്‍ന്നു. അതുകൊണ്ട് അദ്ദേഹം വിവാഹം ചെയ്ത സ്ത്രീകളുടെ തെരഞ്ഞെടുപ്പില്‍, അവരുടെ വൈയക്തിക ഗുണങ്ങള്‍ക്ക് പുറമെ ഈ താല്‍പര്യവും ഏറിയും കുറഞ്ഞും ഉള്‍പ്പെട്ടിരുന്നു. ഹ. ഹഫ്‌സയോടൊപ്പം ഹ:ആഇശയെയും വിവാഹംചെയ്തുകൊണ്ട് ഹ. അബൂബക്കറിനോടും ഉമറിനോടും (റ) ഉള്ള ബന്ധം അവിടുന്ന് കൂടുതല്‍ ആഴവും ഉറപ്പുമുള്ളതാക്കി. അബൂജഹ്‌ലുമായുംച5 ഖാലിദുബ്‌നുല്‍ വലീദുമായും ബന്ധമുള്ള കുടുംബത്തിലെ വനിതയായിരുന്നു ഹ. ഉമ്മുസലമ ഉമ്മു ഹബീബ(റ)യാവട്ടെ അബൂസുഫ്‌യാന്റെ പുത്രിയായിരുന്നു. ഈ വിവാഹങ്ങള്‍ ആ കുടുംബങ്ങളുടെ ശത്രുതയുടെ രൂക്ഷത വലിയൊരളവോളം കുറയ്ക്കുകയുണ്ടായി. എന്നല്ല, ഉമ്മുഹബീബയെ നബി(സ) വിവാഹം ചെയ്തശേഷം അബൂസുഫ്‌യാന്‍ ഒരിക്കലും അദ്ദേഹത്തിന്നെതിരായി വന്നിട്ടില്ല. ഹ. സ്വഫിയ്യയും ജുവൈരിയ്യയും റൈഹാനയും ജൂത കുടുംബങ്ങളില്‍നിന്നുള്ളവരായിരുന്നു. പ്രവാചകന്‍ അവരെ സ്വതന്ത്രകളാക്കി വിവാഹം ചെയ്തതോടെ അദ്ദേഹത്തിന്നെതിരായ ജൂതന്മാരുടെ പ്രവര്‍ത്തനങ്ങള്‍ തണുത്തുപോയി. കാരണം, അക്കാലത്തെ അറബി പാരമ്പര്യമനുസരിച്ച് ഒരു പുരുഷന്‍ ഒരു കുടുംബത്തില്‍നിന്നുള്ള സ്ത്രീയെ വിവാഹം ചെയ്താല്‍ അയാള്‍ ആ കുടുംബത്തിന്റെ മാത്രമല്ല, ആ കുടുംബമുള്‍ക്കൊള്ളുന്ന ഗോത്രത്തിന്റെ മുഴുവന്‍ മരുമകനായി ഗണിക്കപ്പെട്ടിരുന്നു. മരുമക്കളോട് യുദ്ധം ചെയ്യുന്നതാകട്ടെ വളരെ അപമാനകരവുമായിരുന്നു.

സമൂഹത്തെ ക്രിയാത്മകമായി സംസ്‌കരിക്കുകയും ജാഹിലീ ആചാരങ്ങള്‍ തുടച്ചുനീക്കുകയും ചെയ്യുക എന്നതും അദ്ദേഹത്തിന്റെ നിര്‍ബന്ധ കടമകളില്‍ പെട്ടതായിരുന്നു. അതുകൊണ്ട് ഈ സൂറയില്‍ നേരത്തെ വിശദീകരിച്ചതുപോലെ, ഒരു വിവാഹം ആ ലക്ഷ്യത്തിനുവേണ്ടിയും തിരുമേനി ചെയ്യേണ്ടിവന്നു.

ഈ നന്മകളെല്ലാം നബി(സ)ക്ക് വിവാഹകാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കുക എന്നതിന്റെ താല്‍പര്യങ്ങളായിരുന്നു. താന്‍ ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വത്തിന്റെ പൂര്‍ത്തീകരണാര്‍ഥം അദ്ദേഹത്തിന് എത്ര വിവാഹങ്ങള്‍ വേണമെങ്കിലും ചെയ്യുന്നതിന് യാതൊരു തടസ്സവുമുണ്ടായിരുന്നില്ല.

ബഹുഭാര്യത്വം ചില പ്രത്യേക വൈയക്തികാവശ്യങ്ങളുടെ പേരില്‍ മാത്രം അനുവദനീയമായതാണെന്നും ഇതനുവദനീയമാകുന്നതിന് അതില്‍പരം അര്‍ഥമൊന്നുമില്ലെന്നും ഉള്ള ചിലരുടെ ധാരണ തെറ്റാണെന്നുകൂടി ഈ വിവരണത്തില്‍നിന്ന് വ്യക്തമാകുന്നു. നബി(സ) ഒന്നിലധികം വിവാഹം ചെയ്തതിന്റെ കാരണം, ആദ്യ ഭാര്യ വന്ധ്യയായതോ രോഗിണിയായതോ ആണ്‍കുട്ടികളെ പ്രസവിക്കാതിരുന്നതോ അല്ലെങ്കില്‍ കുറേ അനാഥക്കുട്ടികളെ പരിപാലിക്കേണ്ട പ്രശ്‌നമുണ്ടായതോ ഒന്നുമല്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. ഇത്തരം വൈയക്തികമായ ആവശ്യങ്ങളുടെ പേരിലൊന്നുമല്ലാതെ, അദ്ദേഹത്തിന്റെ വിവാഹങ്ങളെല്ലാം പ്രബോധനപരവും ശിക്ഷണപരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടിയോ സമൂഹസംസ്‌കരണത്തിന് വേണ്ടിയോ രാഷ്ട്രീയ സാമൂഹിക ലക്ഷ്യങ്ങള്‍ക്കുവേണ്ടിയോ ആയിരുന്നു. അപ്പോള്‍ പ്രശ്‌നമിതാണ്: ബഹുഭാര്യത്വത്തെ ഇന്ന് പറയപ്പെട്ടുകൊണ്ടിരിക്കുന്ന ഏതാനും ചില ആവശ്യങ്ങളിന്മേല്‍ അല്ലാഹു പരിമിതമാക്കിയിട്ടില്ല. അല്ലാഹുവിന്റെ റസൂലാകട്ടെ, അതൊന്നുമല്ലാത്ത മറ്റു നിരവധി താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് ബഹുഭാര്യത്വം കൈക്കൊണ്ടത്. എന്നിരിക്കെ, ഇക്കാര്യത്തില്‍ സ്വന്തം വക കുറേ നിയന്ത്രണങ്ങളുന്നയിക്കുവാനും അതെല്ലാം ശരീഅത്തിന്നനുസൃതമാണെന്ന് മുകളില്‍ കയറിനിന്ന് വാദിക്കാനും മറ്റു വല്ലവര്‍ക്കും എന്തവകാശമാണുള്ളത്? വാസ്തവത്തില്‍ ഈ നിയന്ത്രണങ്ങളുടെയെല്ലാം വേര്, ബഹുഭാര്യത്വം സ്വയം ഒരു തിന്മയാണ് എന്ന പാശ്ചാത്യന്‍ സങ്കല്‍പമാകുന്നു. ഈ സങ്കല്‍പത്തെ അധികരിച്ച് ഇങ്ങനെ ഒരു വീക്ഷണമുണ്ടായി: ബഹുഭാര്യത്വം നിഷിദ്ധമാണ്. ഇനി വല്ലപ്പോഴും അതനുവദനീയമാകുന്നുവെങ്കില്‍തന്നെ രൂക്ഷവും ഒഴിച്ചുകൂടാത്തതുമായ അത്യാവശ്യ സാഹചര്യത്തില്‍ മാത്രമേ അനുവദനീയമാകൂ. ഈ ഇറക്കുമതി ചെയ്യപ്പെട്ട സങ്കല്‍പത്തെ ഇസ്‌ലാമിന്റെ മൂശക്ക് കൃത്രിമമായി പാകമാക്കുവാന്‍ എത്രതന്നെ ശ്രമിച്ചാലും ഖുര്‍ആനുമായും സുന്നത്തുമായും അതൊട്ടുംതന്നെ പൊരുത്തപ്പെടുകയില്ല.

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...