എല്ലാം ഒരു കണക്കനുസരിച്ചുസൃഷ്ടിച്ചു

പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.

തന്റെ ദാസന്ന്, അദ്ദേഹം ലോകര്‍ക്കൊക്കെയും മുന്നറിയിപ്പുകാരനായിരിക്കാന്‍ (സത്യാസത്യങ്ങള്‍ മാറ്റുരച്ച് വേര്‍തിരിക്കുന്ന) ഈ ഫുര്‍ഖാന്‍ അവതരിപ്പിച്ചു കൊടുത്തവന്‍ അളവറ്റ അനുഗ്രഹമുടയവനത്രെ. ആകാശ-ഭൂമികളുടെ പരമാധിപത്യം അവന്റേതാകുന്നു. അവന്‍ ആരെയും പുത്രനായി വരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന്ന് യാതൊരു പങ്കാളിയുമില്ല.സകല വസ്തുക്കളെയും അവന്‍ തന്നെ സൃഷ്ടിക്കുകയും അവയ്ക്കു കൃത്യമായ പരിമാണം നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.* ഈ ജനം അവനെ വെടിഞ്ഞ് ഇതര ദൈവങ്ങളെ വരിച്ചു. അവരോ, യാതൊന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല, അവര്‍ തന്നെ സൃഷ്ടിക്കപ്പെടുന്നവരാകുന്നു. തങ്ങള്‍ക്കു വല്ല ഗുണമോ ദോഷമോ ചെയ്യാനുള്ള അധികാരവും അവയ്ക്കില്ല. മരണമേകാനോ ജീവിതമേകാനോ, മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനോ ഒന്നും കഴിവുമില്ല. (25:1-3)

* ഇതിനെ 'സകല വസ്തുക്കള്‍ക്കും ഓരോ പ്രത്യേക പരിമാണം വയ്ക്കുകയും ചെയ്തു' അല്ലെങ്കില്‍ 'സകല വസ്തുക്കള്‍ക്കും കൃത്യമായ കണക്ക് നിശ്ചയിക്കുകയും ചെയ്തു' എന്നും തര്‍ജമ ചെയ്യാവുന്നതാകുന്നു. എങ്ങനെ തര്‍ജമ ചെയ്താലും അതിന്റെ ആശയം പൂര്‍ണമായി ഉള്‍ക്കൊള്ളുകയില്ല. വിവക്ഷയിതാണ്: പ്രപഞ്ചത്തിലെ സര്‍വ വസ്തുക്കള്‍ക്കും അസ്തിത്വം നല്‍കുക മാത്രമല്ല അല്ലാഹു ചെയ്തിട്ടുള്ളത്. ഓരോ വസ്തുവിന്നും അതിന്റെ രൂപവും ജഡവും ശക്തിയും കഴിവുകളും ഗുണവിശേഷങ്ങളും കര്‍മങ്ങളും കര്‍മമാര്‍ഗ്ഗങ്ങളും നിലനില്‍പ്പിന്റെ കാലവും വളര്‍ച്ചയുടെയും വികാസത്തിന്റെയും നിയമങ്ങളും അസ്തിത്വത്തോടു ബന്ധപ്പെട്ട മറ്റെല്ലാ വിശദാംശങ്ങളും നിശ്ചയിച്ചു നല്‍കിയിട്ടുള്ളതും അവന്‍ തന്നെയാകുന്നു. എന്നിട്ടവന്‍ ഓരോ വസ്തുവും അതിന്റെ വൃത്തത്തില്‍ അതാതിന്റെ പ്രവൃത്തികള്‍ നടത്തേണ്ടതിന്നായി അസ്തിത്വലോകത്ത് കാരണങ്ങളും നിമിത്തങ്ങളും ഉപാധികളും സന്ദര്‍ഭങ്ങളും സംവിധാനിക്കുകയും ചെയ്തിരിക്കുന്നു.

തൗഹീദിനെ അതിന്റെ സമ്പൂര്‍ണ അധ്യാപനങ്ങളോടെ അവതരിപ്പിക്കുകയാണ് ഈയൊരു സൂക്തത്തില്‍. ഏതാനും പദങ്ങളില്‍ ഇത്രയും വിപുലമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സൂക്തം വിശുദ്ധ ഖുര്‍ആനിലെ മഹത്തായ സൂക്തങ്ങളിലൊന്നാണ്. അതിന്റെ ആശയസീമകളെ ഉള്‍ക്കൊള്ളാന്‍ ഒരു മുഴുഗ്രന്ഥം പോലും പര്യാപ്തമാവുകയില്ല. ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്:

'അബ്ദുല്‍ മുത്തലിബിന്റെ വംശത്തില്‍ ഒരു കുഞ്ഞ് സംസാരിച്ചു തുടങ്ങിയാല്‍ അവനെ ഈ സൂക്തം പഠിപ്പിക്കുക നബി (സ)യുടെ സമ്പ്രദായമായിരുന്നു'

തൗഹീദിന്റെ പൂര്‍ണസങ്കല്‍പം മനുഷ്യമനസ്സില്‍ പതിയുവാന്‍ ഏറ്റവും ഉല്‍കൃഷ്ടമായ ഒരുപാധിയാണ് ഈ സൂക്തമെന്നാണിതില്‍ നിന്നും വ്യക്തമാകുന്നത്. എല്ലാ മുസ്‌ലിംകളും തങ്ങളുടെ കുട്ടികള്‍ക്ക് വിവേചനബോധം വന്നുതുടങ്ങിയാല്‍ പ്രാഥമികമായി ഈ സൂക്തം അവരുടെ മനസ്സുകളില്‍ കൊത്തിവെക്കുവാന്‍ ശ്രമിക്കേണ്ടതാണ്.

No Response to "എല്ലാം ഒരു കണക്കനുസരിച്ചുസൃഷ്ടിച്ചു"

Post a Comment

 
powered by Blogger