ദൈവം ഇഛിക്കുന്നതേ സംഭവിക്കൂ എന്ന് നാം പറഞ്ഞുകഴിഞ്ഞു. ദൈവത്തിന്റെ ഇഛയും പ്രീതിയും തമ്മിലുള്ള ബന്ധം എന്ത്. പ്രസ്തുത സൂക്തം ഉള്‍കൊള്ളുന്ന ഖുര്‍ആനിലെ ഭാഗവും ദൈവപ്രീതിയെയും ഇഛയെയും കുറിച്ച വിശദീകരണവും മൗദൂദിയുടെ വാക്കുകളില്‍:
ഈ ജനം ദൈവത്തിന്റെ പേരില്‍ ദൃഢമായി ആണയിട്ടുകൊണ്ടു പറയുന്നു, തങ്ങളുടെ മുമ്പില്‍ ഒരു അടയാളം (ദിവ്യാത്ഭുതം) പ്രത്യക്ഷമാവുകയാണെങ്കില്‍, തീര്‍ച്ചയായും തങ്ങള്‍ വിശ്വസിച്ചുകൊള്ളാമെന്ന്. പ്രവാചകന്‍ അവരോടു പറയണം: 'ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാകുന്നു.'അടയാളങ്ങള്‍ വന്നുകഴിഞ്ഞാലും അവര്‍ വിശ്വാസികളാവുകയില്ലെന്ന് നിങ്ങളെ എങ്ങനെ ഗ്രഹിപ്പിക്കും? അവരുടെ മനസ്സുകളെയും കണ്ണുകളെയും നാം കറക്കിക്കൊണ്ടിരിക്കുകയാകുന്നു; അവര്‍ ആദ്യവട്ടം ഇതില്‍ (വേദത്തില്‍) വിശ്വസിക്കാതിരുന്നതുപോലെത്തന്നെ. അവരെ തങ്ങളുടെ ധിക്കാരത്തില്‍ വിഹരിക്കാന്‍ വിടുകയും ചെയ്യുന്നു. നാം മലക്കുകളെത്തന്നെ അവരിലേയ്ക്കിറക്കുകയും മരിച്ചവര്‍ അവരോടു സംസാരിക്കുകയും ലോകത്തുള്ള സകല വസ്തുക്കളും അവരുടെ കണ്‍മുമ്പില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്താല്‍പോലും അവര്‍ വിശ്വസിക്കുമായിരുന്നില്ല- (വിശ്വസിക്കണമെന്നു) ദൈവേഛയുണ്ടായാലല്ലാതെ. പക്ഷേ, അവരില്‍ അധികപേരും അവിവേകം സംസാരിച്ചുകൊണ്ടിരിക്കുകയാകുന്നു. ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്. അവരങ്ങനെ ചെയ്യരുതെന്ന് നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ ഒരിക്കലും അവരതു ചെയ്യുമായിരുന്നില്ല.* ശരി, തങ്ങളുടെ കള്ളം ചമയ്ക്കലില്‍ തന്നെ അവരെ വിട്ടേക്കുക. (നാം അവരെ ഇതെല്ലാം ചെയ്യാന്‍ അനുവദിക്കുന്നത് ഇതിനുവേണ്ടിത്തന്നെയാകുന്നു:) പരലോക വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്ക് (മോഹനമായ വഞ്ചനയിലേക്ക്) ആകൃഷ്ടമാക്കുന്നതിനും അവരതില്‍ സംതൃപ്തരാകുന്നതിനും അവന്‍ സമ്പാദിക്കേണ്ട തിന്മകള്‍ സമ്പാദിക്കേണ്ടതിനും. അവസ്ഥ ഇതായിരിക്കെ, അല്ലാഹുവല്ലാത്ത ആരെയെങ്കിലും വിധികര്‍ത്താവായി ഞാന്‍ തേടുകയോ? അവനാവട്ടെ, നിങ്ങള്‍ക്കു തികച്ചും വിശദമായ വേദം അവതരിപ്പിച്ചുതന്നിരിക്കുന്നു. (നിനക്കു മുമ്പ്) വേദം ലഭിച്ചവരോ, ഈ വേദം നിന്റെ റബ്ബിങ്കല്‍നിന്നുള്ള സത്യവും കൊണ്ടവതീര്‍ണമായതു തന്നെയാണെന്നറിയുന്നു. അതിനാല്‍ നീ സന്ദേഹിക്കുന്നവരില്‍ പെട്ടുപോകരുത്. നിന്റെ റബ്ബിന്റെ വചനം സത്യത്താലും നീതിയാലും സമ്പൂര്‍ണമായിരിക്കുന്നു. അവന്റെ അരുളപ്പാടുകള്‍ ഭേദഗതി ചെയ്യുന്നവനായി ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. (16:109-115)
* മുമ്പ് നാം നല്‍കിയ വിശദീകരണങ്ങള്‍ക്ക് പുറമെ ഒരു സംഗതികൂടി ഇവിടെ പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ ഇഛയും അവന്റെ പ്രീതിയും ഒന്നല്ല. അവ തമ്മില്‍ വമ്പിച്ച അന്തരമുണ്ട്. ഈ സംഗതി അവഗണിച്ചതുമൂലം ജനങ്ങളെ പൊതുവില്‍ വളരെ തെറ്റുദ്ധാരണകള്‍ പിടികൂടിയിരിക്കുന്നു. ഏതൊരു സംഗതിയും പ്രകടമാവുന്നത് ദൈവത്തിന്റെ ഇഛയും അനുമതിയുമനുസരിച്ചാണെന്നു പറഞ്ഞാല്‍ അതില്‍ അവന്റെ പ്രീതിയും തൃപ്തിയുമുണ്ടെന്നര്‍ഥമില്ല. ആ സംഭവത്തിന്റെ ആവിര്‍ഭാവത്തിന് അവന്റെ മഹത്തായ സ്‌കീമില്‍ പഴുതു വെച്ചിട്ടുണ്ടെന്നും ആ കാര്യത്തിന്റെ കാരണങ്ങള്‍ അതില്‍ സജ്ജീകൃതമായിട്ടുണ്ടെന്നും മാത്രമേ അതുകൊണ്ടു വരികയുള്ളൂ. വാസ്തവത്തില്‍ ദൈവാനുമതിയും ദൈവേഛയും കൂടാതെ ലോകത്തൊന്നും സംഭവിക്കുന്നില്ല. മോഷ്ടാവിന്റെ മോഷണം, കൊലയാളിയുടെ കൊല, അക്രമിയുടെ അക്രമം, അവിശ്വാസിയുടെ അവിശ്വാസം, മുശ്‌രികിന്റെ ശിര്‍ക്ക് ഇങ്ങനെയാതൊന്നും തന്നെ ദൈവാനുമതിയോടെ അല്ലാതെ സംഭവ്യമല്ല. അപ്രകാരം തന്നെയാണ് വിശ്വാസിയുടെ വിശ്വാസത്തിന്റെയും'ഭക്തന്റെ'ഭക്തിയുടെയും സ്ഥിതി. യാതൊന്നും ദൈവേഛക്കതീതമായി നടക്കുകയില്ല. രണ്ടുതരം സംഭവങ്ങളിലും ദൈവേഛ തുല്യനിലയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ആദ്യം പറഞ്ഞ തരത്തില്‍പ്പെട്ട സംഭവങ്ങളില്‍ ദൈവപ്രീതിയില്ല. രണ്ടാമത് പറഞ്ഞതില്‍ ദൈവത്തിന്റെ ഇഛയോടൊപ്പം അവന്റെ ഇഷ്ടവും പ്രീതിയും സമ്മേളിക്കുന്നുണ്ട്. അന്തിമവിശകലനത്തില്‍ ഏതോ മഹത്തായൊരു നന്മക്കുവേണ്ടിയായിരിക്കും ദൈവേഛ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇരുട്ട്- വെളിച്ചം, ഗുണം-ദോഷം, നന്മ-തിന്മ എന്നീ വിരുദ്ധ ശക്തികളുടെ പരസ്പര സംഘട്ടനത്തില്‍ കൂടിയാണ് ആ മഹത്തായ നന്മയുടെ മാര്‍ഗം തെളിഞ്ഞുവരിക. അതിനാല്‍ തന്റെ മഹത്തായ യുക്തിതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ അനുസരണത്തിനും നിഷേധത്തിനും ദൈവം ഒരേ സമയത്ത് കൃത്യനിര്‍വ്വഹണാവസരം നല്‍കുന്നു. ഇബ്‌റാഹീമിസത്തിനും നംറൂദിസത്തിനും മൂസായിസത്തിനും ഫിര്‍ഔനിസത്തിനും മനുഷ്യത്വത്തിനും പൈശാചികതയ്ക്കും ഒപ്പം പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നു. ദൈവം വിവേചനാധികാരം നല്‍കിയ തന്റെ സൃഷ്ടികള്‍ക്ക്, ജിന്ന്- മനുഷ്യവര്‍ഗ്ഗങ്ങള്‍ക്ക്, നന്മതിന്മകളിലേതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. ഈ കര്‍മലോകത്ത് നന്മയെ ഇഷ്ടപ്പെടുന്നവന് അതിന്റെതായ പ്രവര്‍ത്തനമാര്‍ഗം സ്വീകരിക്കാം. തിന്മയെ ഇഷ്ടപ്പെടുന്നവനും അങ്ങനെതന്നെ. ദൈവിക താല്‍പര്യങ്ങള്‍ അനുവദിക്കുന്നിടത്തോളം ആ രണ്ടു തരം പ്രവര്‍ത്തനങ്ങള്‍ക്കും കാര്യകാരണലോകത്ത് അനുകൂലമായ പിന്തുണയും കിട്ടും. പക്ഷേ, ദൈവത്തിന്റെ പ്രീതിയും ഇഷ്ടവും സുകൃതവാന്മാര്‍ക്ക് മാത്രമുള്ളതാണ്. ദൈവദാസന്മാര്‍ തങ്ങളുടെ വിവേചനസ്വാതന്ത്ര്യമുപയോഗിച്ചുകൊണ്ട് നന്മ തെരഞ്ഞുടുക്കുകയും തിന്മ തെരഞ്ഞുടുക്കാതിരിക്കുകയും വേണം- ഇതാണ് ദൈവത്തിന് ഇഷ്ടകരം.
ഇതോടൊപ്പം മറ്റൊരു സംഗതികൂടി ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. സത്യവിരോധികളുടെ എതിര്‍ നടപടികളെ സംബന്ധിച്ച പ്രതിപാദനം വരുമ്പോള്‍ അത് തന്റെ ഇഛാനുസൃതം തന്നെയാണുണ്ടാവുന്നതെന്ന് അല്ലാഹു പറയുക പതിവാണ്. നബിയെയും നബി മുഖേന സത്യവിശ്വാസികളെയും ഒരു കാര്യം തെര്യപ്പെടുത്തലാണ് ആ പ്രസ്താവനയുടെ ഉദ്ദേശ്യം: യാതൊരെതിര്‍പ്പും കൂടാതെ ദൈവത്തിന്റെ ആജ്ഞാനിരോധങ്ങള്‍ നടപ്പില്‍വരുത്തുകയെന്ന മലക്കുകളുടെ പ്രവര്‍ത്തന സ്വഭാവത്തില്‍നിന്നു വ്യത്യസ്തമാണ് നിങ്ങളുടെ പ്രവര്‍ത്തനരീതി. ദുഷ്ടജനങ്ങള്‍ക്കും രാജ്യദ്രോഹികള്‍ക്കുമെതിരെ അല്ലാഹുവിന് പ്രിയങ്കരമായ ജീവിത വ്യവസ്ഥയെ വിജയിപ്പിക്കാന്‍ സമരം നടത്തലാണ് നിങ്ങളുടെ സാക്ഷാല്‍ ജോലി. ദൈവദ്രോഹമാര്‍ഗം സ്വീകരിച്ചിട്ടുള്ള ജനതയ്ക്ക് അല്ലാഹു തന്റെ ഇഛാനുസാരം ഇവിടെ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയിരുന്നു. അത് പ്രകാരം തന്നെ അനുസരണത്തിന്റെയും അടിമത്തത്തിന്റെയും മാര്‍ഗം സ്വീകരിച്ച നിങ്ങള്‍ക്കും പൂര്‍ണമായ പ്രവര്‍ത്തന സന്ദര്‍ഭം നല്‍കിയിരിക്കുന്നു. ദൈവത്തിന്റെ പ്രീതിയും പിന്തുണയും സഹായവും മാര്‍ഗനിര്‍ദ്ദേശവും നിങ്ങളോടൊപ്പമാണ്. കാരണം, അവനിഷ്ടപ്പെടുന്ന മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങളാണ് എന്നുവെച്ച് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ അല്ലാഹു തന്റെ പ്രകൃത്യതീതമായ ഇടപെടല്‍ മൂലം വിശ്വസിപ്പിക്കുമെന്ന് നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല. തങ്ങളുടെ ഹൃദയ മസ്തിഷ്‌കങ്ങളും കായിക ശേഷിയും മറ്റു സകല ഉപകരണങ്ങളും ഉപയോഗിച്ച് സത്യമാര്‍ഗത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുവാന്‍ തീരുമാനിച്ചിരിക്കുന്ന ജിന്ന്- മനുഷ്യവര്‍ഗങ്ങളിലെ പിശാചുക്കളെ അല്ലാഹു നിര്‍ബന്ധപൂര്‍വം ആ മാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിക്കുമെന്ന് നിങ്ങള്‍ കാത്തിരിക്കേണ്ടതില്ല. നിങ്ങള്‍ യഥാര്‍ഥമായും സത്യധര്‍മങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചവരെങ്കില്‍ അസത്യപൂജകന്മാരുമായി ഉഗ്രസംഘട്ടനം നടത്തി നിങ്ങളുടെ സത്യസന്ധതയും ധര്‍മബോധവും തെളിയിക്കേണ്ടിവരും. അമാനുഷിക കൃത്യങ്ങളുടെ ശക്തികൊണ്ട് അസത്യത്തെ തുടച്ചുമാറ്റുകയും സത്യത്തെ വിജയിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ പിന്നെ നിങ്ങളെക്കൊണ്ടാവശ്യമെന്തായിരുന്നു? ലോകത്തൊരു ചെകുത്താനുമുണ്ടാകാത്തവിധിത്തില്‍, ഒരു ശിര്‍ക്കും, കുഫ്‌റും പ്രകടമാവാത്ത തരത്തില്‍ അല്ലാഹുവിന് പ്രപഞ്ചവ്യവസ്ഥ സംവിധാനിക്കാമായിരുന്നില്ലേ?
Subscribe to:
Post Comments (Atom)
അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം
വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...
-
ഖുര്‍ആന്‍ ഒരു സമഗ്രജീവിത ദര്‍ശനമാണ് അവതരിപ്പിക്കുന്നത്. സാമ്പത്തിക-സാമൂഹിക-സാംസാകാരിക-ധാര്‍മിക നിയമങ്ങള്‍ക്ക് പുറമെ മനുഷ്യന്റെ നിത്യജീവിതവുമ...
-
ഖുര്‍ആന്‍ ദൈവികമാണ്, ദൈവികമാര്‍ഗനിര്‍ദ്ദേശപത്രികളെന്ന നിലയില്‍ ഇന്ന് നിലവിലുള്ള ഗ്രന്ഥങ്ങളില്‍ ഒന്ന് ഖുര്‍ആനാണ്. ചരിത്രപരമായി ഏറ്റവും ഒടുവ...
-
ഒരു ഗ്രന്ഥം നല്ലപോലെ ഗ്രഹിക്കാന്‍ അതിന്റെ പ്രമേയവും പ്രതിപാദ്യവും ഉദ്ദേശ്യ-ലക്ഷ്യങ്ങളും വായനക്കാരന് അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. ആ ഗ്രന്ഥത്ത...
No comments:
Post a Comment