Friday, November 6, 2009

നാമെന്തിന് കാട്ടുകഴുതകളെപ്പോലെയാകണം

ഖുര്‍ആനിന്റെ കാര്യത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് ജനങ്ങളില്‍ ഒരു പക്ഷത്തിന്റെ നിലപാട് എന്തായിരുന്നുവോ അതേ നിലപാട് സ്വീകരിക്കുന്ന ഒരു വലിയ വിഭാഗത്തെ ഇന്നും ബൂലോഗത്ത് കാണാന്‍ കഴിയും. അവരുടെ അസഹിഷ്ണുതയും വേദഗ്രന്ഥത്തോടുള്ള പുഛമനോഭാവവും ഒരു മനുഷ്യത്വമുള്ള സമൂഹത്തിന് ചേര്‍ന്നതല്ല തന്നെ. വേദഗ്രന്ഥത്തെക്കുറിച്ചോ ദൈവത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ല എന്നതിനേക്കാള്‍ അതിന് നേരെ ഹൃദയത്തെ അടച്ചുപൂട്ടിയിടുന്ന സ്വഭാവവും കണ്ടുവരുന്നു. അതോടൊപ്പം തങ്ങള്‍ വാരിപ്പുണരുന്ന സകല മാറാപ്പുകളും വിശ്വാസികളില്‍ ചാര്‍ത്തുകയും ചെയ്യുന്നു. സത്യത്തില്‍ ഖുര്‍ആന്‍ വിശേഷിപ്പിച്ച സിംഹത്തില്‍ പേടിച്ചോടുന്ന കാട്ടുകഴുതകളെപ്പോലെ ഖുര്‍ആനെക്കുറിച്ച് പറയുന്ന സൈറ്റിലേക്ക് എത്തിനോക്കാന്‍ പോലും അവര്‍ ഭയപ്പെടും. സാമ്പിളിന് ഇവിടെ ക്ളിക്ക് ചെയ്യുക. തുടര്‍ന്ന് വായിക്കുക. തുറന്ന മനസ്സുള്ളവരെ ഇതിലേക്ക് ചര്‍ചക്കായി സ്വാഗതം ചെയ്യുന്നു.


(ഖുര്‍ആന്‍ 74:49-56 വായിക്കുക. നമ്പറിട്ട് നല്‍കിയിരിക്കുന്നത് മൌലാനാ മൌദൂദി നല്‍കിയ വ്യാഖ്യാനക്കുറിപ്പുകള്‍)

ഈ ജനത്തിനെന്തു സംഭവിച്ചു! അവര്‍ ഈ ഉദ്ബോധനത്തില്‍നിന്ന് പിന്തിരിഞ്ഞു പോകുന്നുവല്ലോ; സിംഹത്തെ പേടിച്ചോടുന്ന കാട്ടുകഴുതകളെന്നോണം.1 അല്ല, ഇവരിലോരോരുത്തനും തന്റെ പേരില്‍ തുറന്ന ഏടുകളയക്കണമെന്നിച്ഛിക്കുന്നുവോ?2 ഒരിക്കലുമില്ല. ഇവര്‍ക്ക് പരലോകഭയമില്ല എന്നതത്രെ കാര്യം.3 ഒരിക്കലുമില്ല.4 ഇതോ ഒരു ഉദ്ബോധനമാകുന്നു. ഇഷ്ടമുള്ളവന്‍ അതില്‍നിന്ന് പാഠമുള്‍ക്കൊള്ളട്ടെ. ആരും അതില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയില്ല, അല്ലാഹു അതിച്ഛിച്ചിട്ടുണ്ടെങ്കിലല്ലാതെ.5 അവനത്രെ സൃഷ്ടികളുടെ ഭക്തിയര്‍ഹിക്കുന്നവനും6 (ഭക്തന്‍മാര്‍ക്ക്) പാപമുക്തി നല്‍കാനവകാശമുള്ളവനും.7



1. ഇതൊരു അറബിപ്രയോഗമാണ്. അപകടം മണത്താലുടനെ അന്തംവിട്ടോടുക കാട്ടുകഴുതകളുടെ ഒരു പ്രത്യേകതയാണ്. മറ്റു മൃഗങ്ങള്‍ കാട്ടുകഴുതകളെപ്പോലെ ഓടാറില്ല. അതുകൊണ്ട്, അസാധാരണ മട്ടില്‍ തിരിഞ്ഞുനോക്കാതെ ഓടിയകലുന്നവരെ അറബികള്‍ സിംഹഗന്ധം അല്ലെങ്കില്‍ വേട്ടക്കാരുടെ കാലൊച്ച കേട്ട് ഓടിപ്പോകുന്ന കാട്ടുകഴുതയോട് ഉപമിക്കുന്നു.

2. അതായത് ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നു, മുഹമ്മദിനെ അല്ലാഹു യഥാര്‍ഥത്തില്‍ ദൈവദൂതനായി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍, മക്കയിലെ ഓരോ പ്രമാണിയുടെയും നാട്ടുകാരണവരുടെയും പേരില്‍ അവന്‍ ഇപ്രകാരം ഒരെഴുത്തുകൂടി കൊടുത്തയക്കേണ്ടതാണ്: 'മുഹമ്മദ് നമ്മുടെ പ്രവാചകനാണ്. അദ്ദേഹത്തെ നിങ്ങള്‍ അംഗീകരിച്ച് പിന്‍പറ്റിക്കൊള്ളണം.' ഇങ്ങനെയുള്ള ലിഖിതം അല്ലാഹുതന്നെ എഴുതി അയച്ചതാണെന്ന് അവര്‍ക്ക് ബോധ്യമാവുകയും വേണം. മക്കയിലെ അവിശ്വാസികളുടെ ഈ വാദം സൂറ അല്‍അന്‍ആം 124-ാം സൂക്തത്തില്‍ ഉദ്ധരിച്ചതിങ്ങനെയാണ്: "ദൈവദൂത•ാര്‍ക്ക് ലഭിച്ചിട്ടുള്ളതെന്താണോ അതുപോലുള്ളതുതന്നെ ഞങ്ങള്‍ക്കും ലഭിക്കുവോളം ഞങ്ങള്‍ വിശ്വസിക്കുന്നതല്ല.'' സൂറ ബനീഇസ്രാഈല്‍ 93-ാം സൂക്തത്തില്‍ അവരുടെ ആവശ്യം ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: "നീ മാനത്തേക്ക് കയറിപ്പോയി അവിടെനിന്ന് ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടുവരുക.''

3. അതായത്, അവരുടെ ഈ ആവശ്യം പൂര്‍ത്തീകരിച്ചുകൊടുത്തില്ല എന്നതല്ല അവര്‍ വിശ്വസിക്കാതിരിക്കുന്നതിന്റെ യഥാര്‍ഥ കാരണം; മറിച്ച്, അവര്‍ക്ക് പരലോകഭയമില്ല. ഈ ലോകത്തെ എല്ലാമായി ധരിച്ചുവച്ചിരിക്കുകയാണവര്‍. ഈ ഭൌതിക ജീവിതത്തിനു ശേഷം തങ്ങളുടെ കര്‍മങ്ങള്‍ വിചാരണ ചെയ്യപ്പെടുന്ന ഒരു പാരത്രിക ജീവിതമുണ്ടെന്ന് അവര്‍ കരുതുന്നില്ല. ഈ ധാരണ ഈ ലോകത്ത് അവരെ നിശ്ചിന്തരും ഉത്തരവാദിത്വശൂന്യരുമാക്കിയിരിക്കുന്നു. സത്യാസത്യ വ്യത്യാസം അവര്‍ക്ക് നിരര്‍ഥകമായി തോന്നുന്നു. ഈ ലോകത്ത് ആചരിച്ചാല്‍ സദ്ഫലം മാത്രം അനുഭവപ്പെടുന്ന ഒരു സത്യവും അവര്‍ക്കു കാണാനാവുന്നില്ല. ആചരിച്ചാല്‍ ദുഷ്ഫലം മാത്രം അനുഭവപ്പെടുന്ന ഒരു തിന്‍മയുമില്ല അവരുടെ ദൃഷ്ടിയില്‍. അതുകൊണ്ട് സാക്ഷാല്‍ സത്യമേത്, മിഥ്യയേത് എന്നൊക്കെ ചിന്തിച്ച് തലപുണ്ണാക്കുന്നത് നിഷ്ഫലമാണെന്നാണവരുടെ വിചാരം. ഈ വിഷയം അവധാനപൂര്‍വമായ ചിന്തയ്ക്ക് വിധേയമാവുകയാണെങ്കില്‍ അതാവുക, നിലവിലുള്ള ഭൌതികജീവിതം ക്ഷണികമാണെന്നു കരുതുകയും യഥാര്‍ഥവും ശാശ്വതവുമായ ജീവിതം, സത്യത്തിന്റെ ഫലം അനിവാര്യമായി നന്‍മയും അസത്യത്തിന്റെ ഫലം അനിവാര്യമായി തിന്‍മയും മാത്രമായി പ്രകടമാകുന്ന പാരത്രിക ജീവിതം ആണെന്നംഗീകരിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അത്തരക്കാര്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ബുദ്ധിപരമായ തെളിവുകളും വിശുദ്ധമായ അധ്യാപനങ്ങളും കണ്ട് വിശ്വാസം കൈക്കൊള്ളുകയും വിശുദ്ധ ഖുര്‍ആന്‍ അബദ്ധമാണെന്നു വിശേഷിപ്പിച്ച വിശ്വാസങ്ങളിലും കര്‍മങ്ങളിലും അടങ്ങിയിട്ടുള്ള യഥാര്‍ഥ അബദ്ധങ്ങളെന്താണെന്ന് സ്വന്തം ചിന്താശക്തിയുപയോഗിച്ച് കണ്ടെത്തുകയും ചെയ്യും. എന്നാല്‍, പരലോക നിഷേധികള്‍ക്കാകട്ടെ, സത്യാന്വേഷണത്തിനുള്ള സന്‍മനസ്സേ ഉണ്ടാകുന്നതല്ല. അവര്‍ സത്യവിശ്വാസത്തില്‍നിന്ന് ഓടിയൊളിക്കുന്നതിനുവേണ്ടി പുതിയ പുതിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടേയിരിക്കും. അവരുടെ ഏതെങ്കിലും ആവശ്യം നിവര്‍ത്തിച്ചുകൊടുത്താല്‍ തന്നെ അവര്‍ നിഷേധത്തിന് മറ്റൊരുപായം ചികഞ്ഞെടുത്തു കൊണ്ടുവരും. അതാണ് സൂറ അല്‍അന്‍ആം 7-ാം സൂക്തത്തില്‍ അല്ലാഹു ഇപ്രകാരം പ്രസ്താവിച്ചത്: "ഓ പ്രവാചകരേ, നാം താങ്കള്‍ക്ക് കടലാസില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥം ഇറക്കിത്തരുകയും ജനം സ്വകരങ്ങള്‍ കൊണ്ട് അത് തൊട്ടുനോക്കുകയും ചെയ്താല്‍പോലും, ഇതൊരു തെളിഞ്ഞ ആഭിചാരം മാത്രം എന്നുതന്നെയായിരിക്കും സത്യം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ പറയുക.''

4. അവരുടെ ഇത്തരം യാതൊരാവശ്യവും ഒരിക്കലും പൂര്‍ത്തീകരിക്കപ്പെടാന്‍ പോകുന്നില്ല എന്നര്‍ഥം.

5. അതായത്, ഒരുവന്‍ സന്‍മാര്‍ഗബോധം ഉള്‍ക്കൊള്ളുക എന്നത് അവന്റെ ഇച്ഛയെ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന കാര്യമല്ല; മറിച്ച്, അവന് സന്‍മാര്‍ഗബോധമുള്‍ക്കൊള്ളാന്‍ ഉതവിയേകണമെന്ന് അല്ലാഹു ഇച്ഛിക്കുമ്പോഴേ ആര്‍ക്കും സന്‍മാര്‍ഗബോധമുണ്ടാകൂ. ഈ യാഥാര്‍ഥ്യം മറ്റു വാക്കുകളില്‍ ഇങ്ങനെ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നു: അടിമയുടെ ഒരു കര്‍മവും അവന്റെ ഇച്ഛകൊണ്ടുമാത്രം പ്രത്യക്ഷമാകുന്നില്ല. അടിമയുടെ ഇച്ഛ ദൈവേച്ഛയുമായി യോജിക്കുമ്പോഴേ ഏതു കര്‍മവും പ്രാവര്‍ത്തിക രൂപം പ്രാപിക്കൂ. വളരെ സങ്കീര്‍ണമായ ഒരു വിഷയമാണിത്. ഇത് മനസ്സിലാകാത്തതുമൂലം മനുഷ്യബുദ്ധി തപ്പിത്തടഞ്ഞു വീഴേണ്ടിവന്നിട്ടുള്ളത് കുറച്ചൊന്നുമല്ല. സംക്ഷിപ്തവാക്കുകളില്‍ അതിങ്ങനെ മനസ്സിലാക്കാവുന്നതാണ്: ഭൌതികലോകത്ത് ഓരോ വ്യക്തിക്കും അയാളാഗ്രഹിക്കുന്നതെല്ലാം ചെയ്യാനുള്ള കഴിവ് ലഭിച്ചിരുന്നുവെങ്കില്‍ പ്രപഞ്ചസംവിധാനമാകെ താറുമാറായിപ്പോകുമായിരുന്നു. ദൈവേച്ഛ മറ്റെല്ലാ ഇച്ഛകള്‍ക്കും ഉപരിയായി നില്‍ക്കുന്നതുകൊണ്ടുമാത്രമാണ് ഈ പ്രപഞ്ചവ്യവസ്ഥ ഇവ്വിധം നിലനില്‍ക്കുന്നത്. മനുഷ്യന്‍ എന്തു കര്‍മം ചെയ്യാനാഗ്രഹിച്ചാലും, ആ മാനുഷിക കര്‍മം പ്രാവര്‍ത്തികമാകട്ടെ എന്ന് അല്ലാഹു ഇച്ഛിക്കുമ്പോഴേ അതു ചെയ്യാന്‍ കഴിയൂ. സന്‍മാര്‍ഗത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും കാര്യവും ഇതുതന്നെയാണ്. തനിക്ക് സന്‍മാര്‍ഗം സിദ്ധിക്കണമെന്ന് മനുഷ്യന്‍ സ്വയം ഇച്ഛിച്ചാല്‍ മാത്രം പോരാ, അവന്റെ അഭിലാഷം സഫലമാകട്ടെ എന്ന് അല്ലാഹു വിധിക്കുമ്പോഴേ അവന് സന്‍മാര്‍ഗം ലഭിക്കൂ. ഇതേപ്രകാരം ദുര്‍മാര്‍ഗാഭിലാഷവും അടിമയുടെ ഭാഗത്തുനിന്നു മാത്രമുണ്ടായാല്‍ പോരാ. പ്രത്യുത, അവന്റെ ഉള്ളിലുള്ള ദുര്‍മാര്‍ഗാഭിനിവേശം കണ്ട് അല്ലാഹു വിധിക്കണം, അവന്‍ അബദ്ധസരണികളില്‍ വഴിതെറ്റിപ്പോകട്ടെ എന്ന്. അപ്പോള്‍ അവന് എത്തിപ്പെടാന്‍ അല്ലാഹു അവസരം സൃഷ്ടിച്ചുകൊടുത്ത സരണികളില്‍ അവന്‍ വഴിപിഴച്ചു പ്രത്യക്ഷപ്പെടുന്നു. ഉദാഹരണമായി, ഒരുവന്‍ മോഷ്ടാവാകണമെന്നാഗ്രഹിച്ചാല്‍, ഏതെങ്കിലും വീട്ടില്‍ നുഴഞ്ഞുകടന്ന് ഉദ്ദേശിച്ച വസ്തു മോഷ്ടിച്ചു കൊണ്ടുവരാന്‍ അവന്റെ ആ ആഗ്രഹം മാത്രം പോരാ. മറിച്ച്, അല്ലാഹു അവന്റെ അപാരമായ ജ്ഞാനത്തിനും താല്‍പര്യങ്ങള്‍ക്കും അനുസൃതമായി ആ മനുഷ്യന്റെ ഈ അഭിലാഷം എപ്പോള്‍, ഏതളവില്‍, ഏതു രൂപത്തില്‍ പൂര്‍ത്തീകരിക്കാന്‍ സന്ദര്‍ഭമേകുന്നുവോ, അത്രത്തോളമേ അത് പൂര്‍ത്തീകരിക്കാനാവൂ.

6. അതായത്, നിങ്ങള്‍ അല്ലാഹുവിന്റെ അപ്രീതിയില്‍നിന്ന് മുക്തരാകണമെന്ന് ഉപദേശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്, അല്ലാഹുവിന് അതുകൊണ്ട് അത്യാവശ്യമുള്ളതുകൊണ്ടോ നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ അവന് വല്ല നഷ്ടവും നേരിടാനുള്ളതുകൊണ്ടോ അല്ല. അല്ലാഹുവിന്റെ ദാസന്‍മാര്‍ അവന്റെ പ്രീതി കാംക്ഷിക്കുക എന്നതും അവന്റെ പ്രീതിക്കെതിരെ ചരിക്കാതിരിക്കുക എന്നതും അല്ലാഹുവിന്റെ അവകാശമായതിന്റെ പേരിലാണ് അവന്‍ നിങ്ങള്‍ക്ക് സദുപദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

7. അതായത്, ഒരുവന്‍ എത്രയൊക്കെ ദൈവധിക്കാരം ചെയ്തിട്ടുള്ളവനായാലും തന്റെ ദുര്‍ന്നടപടിയില്‍നിന്ന് വിരമിക്കുന്നത് ഏതു സന്ദര്‍ഭത്തിലാണെങ്കിലും തന്റെ കാരുണ്യത്തിന്റെ ചിറക് അവനിലേക്ക് നീട്ടുകയെന്നത് അല്ലാഹുവിനുമാത്രം ഭൂഷണമായിട്ടുള്ളതാണ്. തന്റെ ദാസന്‍മാരോട് ഒരു നിലയ്ക്കും പൊറുത്തുകൂടെന്നോ, അവരെ ശിക്ഷിക്കാതെ വിട്ടയച്ചുകൂടെന്നോ ഉള്ള യാതൊരു പ്രതികാര വികാരവും അല്ലാഹു അവരോടു പുലര്‍ത്തുന്നില്ല.

3 comments:

  1. "ഇതേപ്രകാരം ദുര്‍മാര്‍ഗാഭിലാഷവും അടിമയുടെ ഭാഗത്തുനിന്നു മാത്രമുണ്ടായാല്‍ പോരാ. പ്രത്യുത, അവന്റെ ഉള്ളിലുള്ള ദുര്‍മാര്‍ഗാഭിനിവേശം കണ്ട് അല്ലാഹു വിധിക്കണം, അവന്‍ അബദ്ധസരണികളില്‍ വഴിതെറ്റിപ്പോകട്ടെ എന്ന്. അപ്പോള്‍ അവന് എത്തിപ്പെടാന്‍ അല്ലാഹു അവസരം സൃഷ്ടിച്ചുകൊടുത്ത സരണികളില്‍ അവന്‍ വഴിപിഴച്ചു പ്രത്യക്ഷപ്പെടുന്നു."

    സാമാന്യ ബുദ്ധിയുമായി ഒരു വിധത്തിലും ഒത്തുപോകുന്നില്ലല്ലോ സുഹൃത്തേ ഇപ്പറഞ്ഞതോന്നും. അപ്പോള്‍ ദൈവം തന്നെ ആണു എല്ലാത്തിനും മൂല കാരണം എങ്കില്‍ പിന്നെ എന്തിനു തെറ്റ് ചെയ്തവനെ അന്തിമ വിധി നാളില്‍ നരഗത്തിലെ തീയില്‍ വെറുതെ ഇരിക്കുന്നൂ. പാവം! ഒരുത്തന്‍ വെടക്കായി പോകാനുള്ള എല്ലാ സൌകരിയങ്ങളും ചെയ്തു കൊടുത്തിട്ട് അവനെ തപ്പി ലോക്കപ്പിലിട്ടു ഇടിക്കുന്ന പോലീസു കരനെപോലെ ആണോ ദൈവം?

    "ഉദാഹരണമായി, ഒരുവന്‍ മോഷ്ടാവാകണമെന്നാഗ്രഹിച്ചാല്‍, ഏതെങ്കിലും വീട്ടില്‍ നുഴഞ്ഞുകടന്ന് ഉദ്ദേശിച്ച വസ്തു മോഷ്ടിച്ചു കൊണ്ടുവരാന്‍ അവന്റെ ആ ആഗ്രഹം മാത്രം പോരാ. മറിച്ച്, അല്ലാഹു അവന്റെ അപാരമായ ജ്ഞാനത്തിനും താല്‍പര്യങ്ങള്‍ക്കും അനുസൃതമായി ആ മനുഷ്യന്റെ ഈ അഭിലാഷം എപ്പോള്‍, ഏതളവില്‍, ഏതു രൂപത്തില്‍ പൂര്‍ത്തീകരിക്കാന്‍ സന്ദര്‍ഭമേകുന്നുവോ, അത്രത്തോളമേ അത് പൂര്‍ത്തീകരിക്കാനാവൂ."

    നോക്കണേ ദൈവത്തിന്റെ ഓരോ ഉടായിപ്പുകള്‍! അങ്ങനെയെങ്കില്‍ കക്കുകയും മോട്ടിക്കുകയും ചെയ്യുന്നവരെ കല്ലെറിഞ്ഞു കൊല്ലുക, അവരുടെ കൈ വെട്ടുക തുടങ്ങിയ ശിക്ഷകള്‍ ചില ഇസ്ലാമിക രാജ്യങ്ങളില്‍ എന്തിനു ഏര്‍പ്പെടുതിയിരിക്കുന്നൂ. അവര്‍ ദൈവന്റിന്റെ ആഗ്രഹമല്ലേ പൂര്‍ത്തികരിച്ചത്, അതിനു അനുമോദിക്കുകയല്ലേ വേണ്ടത്!!

    ReplyDelete
  2. നല്ല ഉദ്യമം,
    അല്ലാഹു അനുഗ്രഹിക്കട്ടെ.

    ReplyDelete
  3. പ്രിയപ്പെട്ട ബൈജു..

    സ്വാഗതം, അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. താങ്കള്‍ വിധിവിശ്വാസവുമായി ദൈവത്തിന്റെ ഇഛയുമായി ബന്ധപ്പെട്ട കാര്യത്തിലാണ് അഭിപ്രായം പറഞ്ഞിരിക്കുന്നത്. അഭിപ്രായം പ്രസക്തം തന്നെ. താങ്കള്‍ ദൈവവിശ്വാസിയല്ലെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല. ദൈവത്തിന്റെ സൃഷ്ടിപ്പിനെക്കുറിച്ചോ, സന്‍മാര്‍ഗദര്‍ശനത്തെക്കുറിച്ചോ, ആ മാര്‍ഗദര്‍ശനം വേണ്ടെന്നുവെച്ച് അന്ധകാരം അലങ്കാരമാക്കിയവര്‍ക്ക് ശിക്ഷനല്‍കുന്നതിനെക്കുറിച്ചോ എന്തിന് വേവലാതിപ്പെടണ്.

    സര്‍വശക്തനായ, സമ്പൂര്‍ണനും യുക്തിമാനുമായ ദൈവത്തിന്റെ ബോധപൂര്‍വമായ ഒരു സൃഷ്്ടിപ്പാണ് ഈ പ്രപഞ്ചം എന്നംഗീകരിക്കുന്നവര്‍ക്കേ ഇതില്‍ ഏതെങ്കിലും തരത്തില്‍ വ്യാകുലപ്പെടേണ്ടതുള്ളൂ. അതിനാല്‍ ഈ വിഷയത്തില്‍ ഞാനെന്ത് മറുപടി പറഞ്ഞാലും നില്‍ക്കുന്നിടത്ത് നിന്ന് ഒരടി മുന്നോട്ട് നീങ്ങാന്‍ താങ്കള്‍ക്കാവില്ല. എങ്കിലും ദൈവവിശ്വാസികള്‍ക്ക് വേണ്ടി നിങ്ങളുടെ അഭിപ്രായത്തെ ഞാന്‍ വിശകലനം ചെയ്യും. (ദൈവം ഇഛിച്ചാല്‍)

    ഈ വിഷയകമായി എന്റെ ബ്ലോഗുകളില്‍ നടന്നിട്ടുള്ള പോസ്റ്റുകളും അഭിപ്രായങ്ങളും വായിക്കാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

    ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...