Monday, February 22, 2010

യേശു ഖുര്‍ആന്‍ സൂക്തങ്ങളില്‍ (1)

യേശുവും ബൈബിളുമൊക്കെ ചര്‍ചയായിക്കൊണ്ടിരിക്കുന്ന സമയമാണിത്. മതവിശ്വാസികളുടെ ബ്ലോഗില്‍ ആരോഗ്യകരമായ രീതിയില്‍ തന്നെ ചര്‍ചമുന്നോട്ട് നീങ്ങുന്നു. ഈ സന്ദര്‍ഭത്തില്‍ എന്താണ് വിശുദ്ധഖുര്‍ആന്‍ ഈ സംവാദത്തില്‍ പറയുന്നതെന്ന് അറിയാന്‍ താല്‍പര്യം കാണുക സ്വാഭാവികമാണ്. ഇസ്‌ലാം മതവിശ്വാസികളും ക്രൈസ്തവമത വിശ്വാസികളും ഈ ഭാഗങ്ങള്‍ പാരായണം ചെയ്യേണ്ടതുണ്ട്. അതിനാല്‍ അധ്യായം ആലുഇംറാനിലെ എതാനും സൂക്തങ്ങള്‍ വ്യാഖ്യാനമില്ലാതെ ഇവിടെ നല്‍കുകയാണ്. 
 
(3:42-43) പിന്നീട് മലക്കുകള്‍ പ്രത്യക്ഷപ്പെട്ട് മര്‍യമിനോട് ഓതിയതോര്‍ക്കുക: 'അല്ലയോ മര്‍യം! അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും വിശുദ്ധയാക്കുകയും ചെയ്തിരിക്കുന്നു. തന്നെ സേവിക്കുന്നതിനുവേണ്ടി അവന്‍ നിന്നെ ലോകനാരികളില്‍ മികച്ചവളായി തെരഞ്ഞെടുത്തിരിക്കുകയാകുന്നു. മര്‍യമേ! നിന്റെ നാഥനെ വണങ്ങുക. അവനെ പ്രണമിക്കുക. അവനെ നമിക്കുന്ന ദാസന്മാരോടൊപ്പം നമിക്കുകയും ചെയ്യുക!'

(44) പ്രവാചകാ, ഇവ മറഞ്ഞ വാര്‍ത്തകളാകുന്നു. ദിവ്യബോധനത്തിലൂടെ നാം അത് നിനക്ക് അറിയിച്ചുതരുന്നു. മര്‍യമിന്റെ രക്ഷാധികാരം ആര്‍ ഏറ്റെടുക്കേണമെന്ന് നിശ്ചയിക്കാന്‍, ക്ഷേത്രപരികര്‍മികള്‍ അവരുടെ നാരായങ്ങള്‍ എറിഞ്ഞപ്പോള്‍43 നീ അവിടെ ഉണ്ടായിരുന്നില്ലല്ലോ. അവര്‍ തര്‍ക്കിച്ചുകൊണ്ടിരുന്നപ്പോഴും നീ ഉണ്ടായിരുന്നില്ല.

(45-51) മലക്കുകള്‍ അവളോട് പറഞ്ഞതോര്‍ക്കുക: 'അല്ലയോ മര്‍യമേ, നിന്നെ അല്ലാഹു അവങ്കല്‍നിന്നുള്ള ഒരു വചനത്തിന്റെ സുവിശേഷമറിയിക്കുന്നു; അവന്റെ നാമം മസീഹ് ഈസബ്‌നു മര്‍യം എന്നാകും. അവന്‍ ഇഹത്തിലും പരത്തിലും ഏറെ പ്രമുഖനായിരിക്കും. ദൈവത്തിന്റെ ഉറ്റ ദാസന്മാരില്‍ എണ്ണപ്പെട്ടവനുമായിരിക്കും. തൊട്ടിലില്‍തന്നെ അവന്‍ ജനത്തോടു സംസാരിക്കും; പ്രായമായ ശേഷവും. അവന്‍ സച്ചരിതനുമായിരിക്കും.' ഇതു കേട്ടപ്പോള്‍ മര്‍യം പറഞ്ഞു: നാഥാ, എനിക്കെങ്ങനെ കുഞ്ഞുണ്ടാകും. എന്നെയാണെങ്കില്‍ ഒരു പുരുഷന്‍ തൊട്ടിട്ടേയില്ലല്ലോ.' മറുപടി ലഭിച്ചു: അവ്വിധമുണ്ടാവുകതന്നെ ചെയ്യും. അല്ലാഹു ഇച്ഛിക്കുന്നതു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അതു ഭവിക്കട്ടെ എന്നു പറയുകയേ വേണ്ടൂ; ഉടനെ അതു സംഭവിക്കുന്നു.' (മലക്കുകള്‍ തുടര്‍ന്നു പറഞ്ഞു:)  അല്ലാഹു അവന് വേദവും തത്വജ്ഞാനവും തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും. ഇസ്രാഈല്‍ വംശത്തിലേക്കു ദൈവദൂതനായി നിയോഗിക്കുകയും ചെയ്യും.' (അദ്ദേഹം ഇസ്രാഈല്‍ വംശത്തില്‍ ദൂതനായി ചെന്നപ്പോള്‍ പറഞ്ഞു:) ഞാന്‍ നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവുമായി വന്നവനാകുന്നു. ഞാന്‍ നിങ്ങളുടെ മുമ്പില്‍വച്ചു കളിമണ്ണുകൊണ്ട് ഒരു പക്ഷിരൂപമുണ്ടാക്കാം. എന്നിട്ട് അതില്‍ ഊതാം. അപ്പോള്‍ ദൈവഹിതത്താല്‍, അതൊരു പക്ഷിയായിത്തീരും. ദൈവഹിതത്താല്‍, ജന്മനാ അന്ധനായവന്നും പാണ്ഡുരോഗിക്കും രോഗശാന്തി നല്‍കാം. അവന്റെ ഹിതത്താല്‍, ഞാന്‍ മരിച്ചവരെ ജീവിപ്പിക്കാം. നിങ്ങള്‍ ആഹരിക്കുന്നതെന്തെന്നും വീടുകളില്‍ സൂക്ഷിച്ചുവച്ചിട്ടുള്ളതെന്തെന്നും ഞാന്‍ നിങ്ങള്‍ക്കു പറഞ്ഞുതരാം. ഇതില്‍ മതിയായ  ദൃഷ്ടാന്തമുണ്ട്-നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍. തൗറാത്തില്‍നിന്ന് എന്റെ ഈ കാലഘട്ടത്തില്‍ നിലവിലുള്ള ന്യായപ്രമാണങ്ങളെ സത്യപ്പെടുത്തുന്നവനുമായിട്ടാകുന്നു ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. നിങ്ങള്‍ക്കു നിഷിദ്ധമാക്കപ്പെട്ടിരുന്ന ചില കാര്യങ്ങള്‍ അനുവദിക്കുന്നതിനായിട്ടും ഞാന്‍ വന്നു. അറിയുവിന്‍, നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ നിങ്ങളില്‍ വന്നിരിക്കുന്നത്. അതിനാല്‍ അല്ലാഹുവിനോടു ഭക്തിയുള്ളവരായിരിക്കുവിന്‍, എന്നെ അനുസരിപ്പിന്‍. അല്ലാഹു എന്റെ റബ്ബാകുന്നു. നിങ്ങളുടെയും റബ്ബാകുന്നു. അതിനാല്‍ നിങ്ങള്‍ അവന്റെ മാത്രം അടിമത്തം സ്വീകരിപ്പിന്‍, അതാകുന്നു നേരായ മാര്‍ഗം.'

(52-53) ഇസ്രാഈല്‍വംശം നിഷേധിക്കാനും എതിര്‍ക്കാനുമാണൊരുങ്ങുന്നതെന്നു കണ്ടപ്പോള്‍, ഈസാ ചോദിച്ചു: 'ദൈവികസരണിയില്‍ എന്നെ സഹായിക്കാനാരുണ്ട്?' ഹവാരികള്‍ മറുപടി പറഞ്ഞു: 'ഞങ്ങള്‍ അല്ലാഹുവിന്റെ സഹായികളാകുന്നു. ഞങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്‌ലിംകള്‍(അല്ലാഹുവിന്റെ മുമ്പില്‍ അനുസരണത്തോടെ സര്‍വാര്‍പ്പണം ചെയ്തവര്‍) ആണെന്ന് അങ്ങ് സാക്ഷ്യം വഹിച്ചാലും. നാഥാ, നീ അവതരിപ്പിച്ചതില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ദൈവദൂതനെ അനുഗമിക്കുവാന്‍ സന്നദ്ധരാവുകയും ചെയ്തിരിക്കുന്നു. നീ ഞങ്ങളുടെ നാമം സാക്ഷ്യം നല്‍കുന്നവരോടൊപ്പം രേഖപ്പെടുത്തേണമേ!'

(54) പിന്നെ, ഇസ്രാഈല്‍വംശം (മസീഹിനെതിരായി) ഗൂഢതന്ത്രങ്ങളിലേര്‍പ്പെട്ടു. അല്ലാഹു അവന്റേതായ ഗൂഢതന്ത്രങ്ങളും ഒരുക്കി. തന്ത്രശാലികളില്‍ ഏറ്റം മികച്ചവന്‍ അല്ലാഹുവത്രെ.

(55-57) അല്ലാഹു ഈവിധം പ്രഖ്യാപിച്ചതോര്‍ക്കുക: (ഇത് അല്ലാഹുവിന്റെ രഹസ്യതന്ത്രം തന്നെയായിരുന്നു). ഈസാ, ഇപ്പോള്‍ ഞാന്‍ നിന്നെ മടക്കിവിളിക്കുന്നതും എന്നിലേക്ക് ഉയര്‍ത്തുന്നതുമാകുന്നു. സത്യനിഷേധികളില്‍നിന്ന് (അവരുടെ സാന്നിധ്യത്തില്‍നിന്നും, വൃത്തികെട്ട ചുറ്റുപാടുകളില്‍ അവരോടൊപ്പം വസിക്കുന്നതില്‍നിന്നും) നിന്നെ ശുദ്ധീകരിക്കുന്നതുമാകുന്നു. നിന്നെ പിന്തുടര്‍ന്നവരെ അന്ത്യനാള്‍വരെ, നിന്നെ നിഷേധിച്ചവരേക്കാള്‍ ഉയര്‍ത്തിവക്കുന്നതുമാകുന്നു. നിങ്ങളൊക്കെയും ഒടുവില്‍ എന്നിലേക്കു മടങ്ങേണ്ടതുണ്ട്. നിങ്ങള്‍ പരസ്പരം ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ ഞാന്‍ അപ്പോള്‍ തീര്‍പ്പുകല്‍പിക്കും. എന്നാല്‍ സത്യനിഷേധികളായവരെ ഞാന്‍ ഇഹത്തിലും പരത്തിലും കഠിനമായി ശിക്ഷിക്കുന്നതാകുന്നു. അവരെ തുണക്കുന്നവരായി ആരുമുണ്ടായിരിക്കുന്നതല്ല. വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് അവരുടെ പ്രതിഫലം പൂര്‍ണമായും നല്‍കപ്പെടും.  (നന്നായറിഞ്ഞുകൊള്ളുക:) അധര്‍മികളെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.

(58-60) പ്രവാചകനെ നാം ഈ കേള്‍പ്പിച്ചുകൊണ്ടിരിക്കുന്നത്, ദൈവിക ദൃഷ്ടാന്തങ്ങളും സാരോപദേശങ്ങളുമാകുന്നു. അല്ലാഹുവിങ്കല്‍ ഈസായുടെ ഉദാഹരണം ആദമിനെപോലെയാകുന്നു. അവന്‍ അദ്ദേഹത്തെ മണ്ണില്‍നിന്നു സൃഷ്ടിച്ചു. എന്നിട്ടതിനോടു പറഞ്ഞു, ഉണ്ടാവുക. അപ്പോഴവന്‍ ഉണ്ടായി. ഇതത്രെ നിന്റെ റബ്ബിങ്കല്‍നിന്നു വിശദീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മൗലിക യാഥാര്‍ഥ്യം. ഈ യാഥാര്‍ഥ്യത്തില്‍ ശങ്കിക്കുന്നവരുടെ കൂട്ടത്തില്‍ നീ പെട്ടുപോകരുത്.  (തുടരും)

11 comments:

  1. 'നിങ്ങള്‍ പരസ്പരം ഭിന്നിച്ചിരുന്ന കാര്യങ്ങളില്‍ ഞാന്‍ അപ്പോള്‍ തീര്‍പ്പുകല്‍പിക്കും. എന്നാല്‍ സത്യനിഷേധികളായവരെ ഞാന്‍ ഇഹത്തിലും പരത്തിലും കഠിനമായി ശിക്ഷിക്കുന്നതാകുന്നു. അവരെ തുണക്കുന്നവരായി ആരുമുണ്ടായിരിക്കുന്നതല്ല. വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് അവരുടെ പ്രതിഫലം പൂര്‍ണമായും നല്‍കപ്പെടും. (നന്നായറിഞ്ഞുകൊള്ളുക:) അധര്‍മികളെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.

    വ്യക്തമായ മുന്നറിയിപ്പുകളും ശാസനകളും നല്‍കപ്പെട്ടിട്ടും ചര്‍ചപോലും ചെയ്യാതെ തള്ളിക്കളയുന്നവനെക്കാള്‍ നിര്‍ഭാഗ്യവാന്‍ ആരാണുള്ളത്. ജൂതന്‍മാര്‍ യേശുവില്‍ വിശ്വസിക്കാതെയും പിന്‍പറ്റാതെയും ശങ്കിച്ചു നിന്നത് പോലെ ക്രിസ്ത്യാനികളും മുഹമ്മദ് നബിയില്‍ സംശയിച്ച് നില്‍ക്കുകയാണോ.

    ReplyDelete
  2. ഇതു കേട്ടപ്പോള്‍ മര്‍യം പറഞ്ഞു: നാഥാ, എനിക്കെങ്ങനെ കുഞ്ഞുണ്ടാകും. എന്നെയാണെങ്കില്‍ ഒരു പുരുഷന്‍ തൊട്ടിട്ടേയില്ലല്ലോ.' മറുപടി ലഭിച്ചു: അവ്വിധമുണ്ടാവുകതന്നെ ചെയ്യും. അല്ലാഹു ഇച്ഛിക്കുന്നതു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അതു ഭവിക്കട്ടെ എന്നു പറയുകയേ വേണ്ടൂ; ഉടനെ അതു സംഭവിക്കുന്നു.'
    ഈ മുകളിൽ പറഞ്ഞതിൽ നിന്നും എന്തു മനസ്സിലാക്കണം.

    ReplyDelete
  3. മുസ്ലിങ്ങള്‍ തന്നെ നബിയില്‍ സംശയിച്ചു നില്‍ക്കുന്ന കാലം ആണിത്...പിന്നെ ക്രിസ്ത്യാനികള്‍ നബിയില്‍ വിശ്വസിക്കണം എന്ന് പറയുന്നതിന് എന്താണ് അര്‍ഥം?

    ReplyDelete
  4. Dear Koothara
    ... കമ്യൂണിസത്തില്‍ വിശ്വസിക്കാത്ത കമ്യൂണിസ്റ്റ്കാരനോ ?...
    (നബിയില്‍ സംശയിക്കുന്ന മുസ്‌ലിം !!! :) )

    കണ്‍ഫ്യൂഷന്‍ ആക്കല്ലെ പ്ലീസ് ...

    ReplyDelete
  5. പ്രിയ പാര്‍ത്ഥന്‍

    മര്‍യമിന്റെ വിവാഹം കഴിയുകയോ പുരുഷസ്പര്‍ഷമേല്‍ക്കുകയോ ചെയ്തിരുന്നില്ല എന്ന് മനസ്സിലാക്കാം. പിന്നീട് ദൈവം ഒരു കാര്യം ഉണ്ടാകണമെന്ന് തീരുമാനിച്ചാല്‍ അവയുടെ ഉണ്‍മക്ക് ദൈവം ഏര്‍പ്പെടുത്തിയ കാര്യകാരണബന്ധങ്ങള്‍ ആവശ്യമില്ല എന്ന് മനസ്സിലാക്കാം.

    ഇനിയും വ്യക്തത വേണമെങ്കില്‍ ഈ വ്യാഖ്യാനം കൂടി വായിച്ച് നോക്കൂ. എന്നിട്ടും തീര്‍ന്നില്ലെങ്കില്‍ വീണ്ടും ചോദിക്കൂ.

    'അതായത്, യാതൊരു പുരുഷനും നിന്നെ സ്പര്‍ശിക്കപോലും ചെയ്യാതിരിക്കെ നിനക്ക് കുട്ടി ജനിക്കും. ഈ''കദാലിക' (അവ്വിധം) എന്ന പദം തന്നെയാണ് സകരിയ്യാക്കുള്ള മറുപടിയിലും പ്രയോഗിച്ചിട്ടുള്ളത്. അവിടെ അതിനുള്ള വിവക്ഷ തന്നെ ഇവിടെയുമുണ്ടായിരിക്കേണ്ടതാണ്. തുടര്‍ന്നുള്ള വാചകവും മുമ്പും പിമ്പുമുള്ള വിവരണവും പിന്താങ്ങുന്നത്, പുരുഷസ്പര്‍ശം കൂടാതെതന്നെ കുട്ടിജനിക്കുമെന്ന സന്തോഷവാര്‍ത്തയാണ് മര്‍യമിന് നല്‍കപ്പെട്ടിരുന്നതെന്നും അതേ രൂപത്തിലാണ് ഈസാ(അ) ജനിച്ചതെന്നുമുള്ള അര്‍ഥത്തെയാണ്. ലോകത്ത് സാധാരണ സ്ത്രീകള്‍ക്കുണ്ടാകാറുള്ള അതേ പ്രകൃതിമാര്‍ഗത്തിലൂടെയാണ് മര്‍യമിന് കുട്ടി ജനിക്കാന്‍ പോകുന്നതെങ്കില്‍, ഈസാ (അ) ജനിച്ചത് വാസ്തവത്തില്‍ അതേനിലക്കായിരുന്നുവെങ്കില്‍, നാലാം ഖണ്ഡികമുതല്‍ ആറാം ഖണ്ഡിക വരെയുള്ള നീണ്ട വിവരണം തികച്ചും നിരര്‍ഥകമായിത്തീരുന്നതാണ്. മാത്രമല്ല, ഈസാ(അ)യുടെ ജനനം സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനില്‍ മറ്റു പല സ്ഥലങ്ങളില്‍ കാണുന്ന പരാമര്‍ശങ്ങളും അര്‍ഥശൂന്യമായി ഭവിക്കും. ഈസാ(അ) ദൈവവും ദൈവപുത്രനുമാണെന്ന് ക്രിസ്ത്യാനികള്‍ ധരിക്കാന്‍ കാരണം അദ്ദേഹത്തിന്റെ ജനനം പിതാവില്ലാതെ പ്രകൃത്യതീതമായി സംഭവിച്ചതായിരുന്നു. അവിവാഹിതയായ ഒരു യുവതിക്ക് കുട്ടി ജനിക്കുകയെന്ന സംഭവം പരസ്യമായി നടന്നതുകൊണ്ടുതന്നെയാണ്, ജൂതന്മാര്‍ മര്‍യമിന്റെ പേരില്‍ അപവാദം ചുമത്തിയതും. ഇങ്ങനെ ഒരു സംഭവമേ നടന്നില്ലായിരുന്നുവെങ്കില്‍ പ്രസ്തുത രണ്ടുവിഭാഗത്തിന്റെയും അഭിപ്രായങ്ങളെ നിഷ്പ്രയാസം ഖണ്ഡിക്കാമായിരുന്നു. 'നിങ്ങള്‍ക്ക് തെറ്റുപറ്റിയതാണ്; മര്‍യം വിവാഹിതയായിരുന്നു; ഇന്ന ആളായിരുന്നു ഭര്‍ത്താവ്; അയാളുടെ ബീജത്തില്‍നിന്നാണ് ഈസാ(അ) ജനിച്ചത്''എന്നു പറഞ്ഞാല്‍ മതിയായിരുന്നു. അങ്ങനെ നിഷ്പ്രയാസം അവരുടെ വായടച്ചുകളയാമായിരുന്നു. ഈ സംക്ഷിപ്തവും ഖണ്ഡിതവുമായ കാര്യം പറയുന്നതിനു പകരം ഇത്ര നീണ്ട മുഖവുരകള്‍ കെട്ടിപ്പടുക്കുകയും വളഞ്ഞും തിരിഞ്ഞുമുള്ള വിവരണരീതി സ്വീകരിക്കുകയും''ഇന്നവന്റെ മകന്‍ ഈസാ' എന്നുപറയുന്നതിനു പകരം,''മര്‍യമിന്റെ മകന്‍ ഈസാ' എന്നു പറയുകയും ചെയ്യേണ്ട ആവശ്യമെന്തായിരുന്നു? സംഗതി വ്യക്തമാകുന്നതിനു പകരം കൂടുതല്‍ സങ്കീര്‍ണമായിത്തീരുകയാണല്ലോ അതുകൊണ്ടുണ്ടാവുക? അതിനാല്‍, വിശുദ്ധ ഖുര്‍ആന്‍ ദൈവവാക്യമാണെന്ന് സമ്മതിക്കുകയും അതേസമയത്ത് ഈസാ(അ)യുടെ ജനനം സാധാരണപോലെ മാതാപിതാക്കളുടെ സംയോഗം വഴി സംഭവിച്ചതാണെന്ന് സ്ഥാപിക്കുവാന്‍ പാടുപെടുകയും ചെയ്യുന്നവര്‍ വാസ്തവത്തില്‍ അല്ലാഹുവിന് തന്റെ ഇംഗിതവും ഉദ്ദേശ്യവും പ്രകടിപ്പിക്കാന്‍ ഈ മാന്യന്മാര്‍ക്കുള്ളത്രപോലും കഴിവില്ലെന്നാണ് സ്ഥാപിക്കുന്നത് (നഊദുബില്ലാഹ്). (Thafheem)

    ReplyDelete
  6. 'മുസ്ലിങ്ങള്‍ തന്നെ നബിയില്‍ സംശയിച്ചു നില്‍ക്കുന്ന കാലം ആണിത്...പിന്നെ ക്രിസ്ത്യാനികള്‍ നബിയില്‍ വിശ്വസിക്കണം എന്ന് പറയുന്നതിന് എന്താണ് അര്‍ഥം?'

    @കൂതറ

    മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനും ദാസനുമാണ് എന്ന് സാക്ഷ്യം വഹിക്കുന്നതിലൂടെയാണ് ഒരാള്‍ മുസ്‌ലിമാകുക എന്ന് മനസ്സിലാക്കാന്‍ താങ്കള്‍ക്ക് എത്രവര്‍ഷം കൂടി വേണ്ടിവരും?.

    ReplyDelete
  7. CKLatheef:
    യേശുവിന്റെ ജനനത്തെക്കുറിച്ച് ആർക്കും അർത്ഥശങ്കക്കിടയില്ലാത്തവിധം താങ്കൾ വിവരിച്ചിരിക്കുന്നു. എന്നിട്ടും പലരും പറയുന്നത്, ഈസാ ദൈവപുത്രനല്ലെന്നും, വെറും പ്രവാചകൻ മാത്രമാണെന്നുമാണ്. യേശുവിനെ ദൈവപുത്രനായിക്കണ്ടതാണ് ക്രിസ്ത്യാനികൾ ചെയ്ത ഏറ്റവും വലിയ തെറ്റ് എന്നാണ് ഖുർ‌ആൻ അടിസ്ഥാനപ്പെടുത്തി വിമർശനങ്ങൾ വായിക്കാനിടവന്നിട്ടുള്ളത്. ബ്ലോഗിൽ തപ്പിയാൽ നിരവധി പോസ്റ്റുകൾ കാണാം.
    യേശു ദൈവപുത്രനാണെന്ന് സമ്മതിച്ചതിൽ സന്തോഷം ഉണ്ട്.

    ReplyDelete
  8. പ്രിയ പാര്‍ഥന്‍ ,

    യേശു ദൈവപുത്രനാകട്ടെ പ്രവാചകനാകട്ടെ താങ്കള്‍ക്ക് എന്താണ് കാര്യം:). യേശു ദൈവപുത്രനാണെന്ന് ഞാന്‍ പറഞ്ഞുവെന്നോ.:) യേശുദൈവപുത്രനാണെന്ന് പറഞ്ഞത് ഏറ്റവും വലിയ പാതകമായി പറഞ്ഞത് ഖുര്‍ആന്‍ തന്നെയാണ്. ഇവിടെ വായിക്കുക:

    കാരുണികനായ തമ്പുരാന്‍ പുത്രനെ വരിച്ചിട്ടുണ്ട് എന്നു വാദിക്കുന്നുണ്ടല്ലോ-അതിമൂഢമായ വര്‍ത്തമാനമാകുന്നു നിങ്ങള്‍ ജല്‍പിച്ചിട്ടുള്ളത്. ജനം കാരുണികനായ തമ്പുരാന്ന് പുത്രനുണ്ടെന്നു വാദിച്ചതുമൂലം ആകാശം പൊട്ടിപ്പൊളിയുകയും ഭൂമി പിളര്‍ന്നുപോവുകയും പര്‍വതങ്ങള്‍ തകര്‍ന്നുവീഴുകയും ചെയ്യാവുന്നതാണ്. ആരെയെങ്കിലും പുത്രനായി വരിക്കുക കാരുണികനായ തമ്പുരാന്ന് ചേര്‍ന്നതേയല്ല. (19:88-90)

    ReplyDelete
  9. പ്രിയ ലത്തീഫ്,
    സഹതാപം തോന്നുന്നു താങ്കളോട്.
    ഖുർആനിലുള്ള ഒരു ആയത്ത് ശരിയാണെന്നു സമർത്ഥിക്കാൻ താങ്കൾ തന്നെ എഴുതിയ ഒരു കാര്യത്തിനെ താങ്കൾക്ക് വീണ്ടും വളച്ചൊടിക്കാം. അതാണല്ലോ താങ്കളുടെ മതചിന്തയുടെ അടിസ്ഥാന തത്ത്വം.

    താങ്കളുടെ വരികൾ തന്നെ വായിക്കൂ :

    1- ഇതു കേട്ടപ്പോള്‍ മര്‍യം പറഞ്ഞു: നാഥാ, എനിക്കെങ്ങനെ കുഞ്ഞുണ്ടാകും. എന്നെയാണെങ്കില്‍ ഒരു പുരുഷന്‍ തൊട്ടിട്ടേയില്ലല്ലോ.' മറുപടി ലഭിച്ചു: അവ്വിധമുണ്ടാവുകതന്നെ ചെയ്യും. അല്ലാഹു ഇച്ഛിക്കുന്നതു സൃഷ്ടിക്കുന്നു. അവന്‍ ഒരു കാര്യം തീരുമാനിച്ചാല്‍ അതു ഭവിക്കട്ടെ എന്നു പറയുകയേ വേണ്ടൂ; ഉടനെ അതു സംഭവിക്കുന്നു.'

    2-'അതായത്, യാതൊരു പുരുഷനും നിന്നെ സ്പര്‍ശിക്കപോലും ചെയ്യാതിരിക്കെ നിനക്ക് കുട്ടി ജനിക്കും.

    3- പുരുഷസ്പര്‍ശം കൂടാതെതന്നെ കുട്ടിജനിക്കുമെന്ന സന്തോഷവാര്‍ത്തയാണ് മര്‍യമിന് നല്‍കപ്പെട്ടിരുന്നതെന്നും അതേ രൂപത്തിലാണ് ഈസാ(അ) ജനിച്ചതെന്നുമുള്ള അര്‍ഥത്തെയാണ്.

    ഇത്രയൊക്കെ കേട്ടാൽ ആ സൃഷ്ടിയുടെ കർതൃത്ത്വം ദൈവം നേരിട്ടുള്ള ഇടപാടുതന്നെ എന്നു വിശ്വസിക്കുവാനല്ലെ കൂടുതൽ സാധ്യത. അത് അല്ല എന്നു സ്ഥാപിക്കാൻ ഒരു ഖുർആൻ വചനം എടുത്ത് പെയിന്റടിച്ചാൽ ഇല്ലാതാകുന്നില്ല.
    ലോകത്തിലെ എല്ലാം സംവദിച്ച് പരിപാലിക്കാൻ കഴിയുന്ന ഒരു ദൈവത്തിനെ ഒരു കുഞ്ഞിന്റെ ജനനത്തിൽ മാത്രം മാറ്റി നിർത്തുന്നത് വേറെ എന്തോ പരിപാലിക്കാൻ വേണ്ടിയല്ലെ എന്ന സംശയം ദൃഢപ്പെടുന്നു.

    ഒരു വാക്കിന്റെ തരംഗത്തിൽ ലോകത്തിലെ എന്തും സൃഷ്ടിക്കാൻ കാഴിവുള്ള ദൈവത്തിന് ഒരു കുഞ്ഞിനെ സൃഷ്ടിക്കാൻ ലിംഗ-യോനീ സംഗമം വേണ്ടിവരും എന്ന നിർബ്ബന്ധബുദ്ധി വേണോ.

    ReplyDelete
  10. പ്രിയ പാര്‍ത്ഥന്‍ ,

    താങ്കള്‍ക്ക് എന്നോട് സഹതാപവും ഇത്തരം സംശയവുമൊക്കെ തോന്നുന്നത് ഇസ്‌ലാമിലെ ദൈവവീക്ഷണത്തെക്കുറിച്ച് യഥാവിധി മനസ്സിലാക്കാന്‍ സാധിക്കാത്തത് കൊണ്ടാണ്. ദൈവത്തിന് മഴവര്‍ഷിപ്പിക്കാന്‍ മേഘമോ, കുട്ടികളെ ജനിപ്പിക്കാന്‍ ലിംഗയോനീസംഗമമോ വേണ്ട. എങ്കിലും ദൈവം കാര്യങ്ങള്‍ നടക്കുന്നതിന് ചില കാരണങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അതെന്തിനാണ് എന്ന് ചോദിച്ചാല്‍ എനിക്ക് പറയാന്‍ അറിയില്ല. എന്നാല്‍ ചില സന്ദര്‍ഭത്തില്‍ കാര്യകാരണബന്ധത്തിനപ്പുറം കാര്യങ്ങള്‍ നടക്കട്ടെ എന്ന് ദൈവം തീരുമാനിക്കും അതാണ് നാം അത്ഭുത പ്രതിഭാസങ്ങള്‍ എന്ന് വിളിക്കുന്നത്. യഥാര്‍ഥത്തില്‍ അതില്‍ അത്രമാത്രം അത്ഭുതമൊന്നുമില്ല. പക്ഷെ നാം പരിചയിച്ചു ശീലിച്ച നിയമത്തില്‍ നിന്ന് മാറി സംഭവിക്കുന്നതിനാല്‍ നാം അത്ഭുതപ്പെടുന്നു എന്ന് മാത്രം. ഞാനിപ്പോള്‍ ടൈപ്പുചെയ്തുകൊണ്ടിരിക്കുന്ന മാറ്റര്‍ ഏതാനും നിമിഷങ്ങള്‍ക്കകം ലോകത്തിലെ വിവിധഭാഗങ്ങളിരിക്കുന്ന ജനങ്ങള്‍ക്ക് വായിക്കാന്‍ കഴിയും. ഇത് 20 വര്‍ഷം മുമ്പുള്ള ഒരാള്‍ക്ക് അത്ഭുതപ്പെടുത്തുന്നതും വിശ്വസിക്കാന്‍ പ്രയാസവുമായ സംഗതിയായിരിക്കും. എന്നാല്‍ നാം ഇപ്പോള്‍ ഇതിനെക്കുറിച്ച് ചിന്തിക്കുന്നു പോലുമില്ല.

    ഇപ്രകാരം തന്നെ നാം ഇവിടെ സൂചിപ്പിച്ച കാര്യവും. യേശു പിതാവില്ലാതെയാണ് ജനിച്ചത്. ആദമിനാകട്ടെ മാതാവും പിതാവും ഉണ്ടായിരുന്നില്ല. അതിനാല്‍ ഒരാളുടെ അത്ഭുത ജനനം അയാളില്‍ ദിവ്യത്വം ആരോപിക്കാന്‍ മാത്രമുള്ള കാര്യമല്ല എന്നാണ് പറഞ്ഞത്. എവിടെയാണ് ഞാന്‍ ഖുര്‍ആന്‍ വചനത്തിന് പെയിന്റടിച്ചത്. എന്തിനാണ് താങ്കള്‍ക്കെന്നോട് സഹതാപം തോന്നിയത്.

    ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...