Tuesday, October 13, 2009

ഖുര്‍ആന്‍ ഒരു നിസ്തുല ഗ്രന്ഥം

ദൈവികസന്ദേശങ്ങളുടെ പ്രബോധനത്തിനായി നിയുക്തരായ പ്രവാചകന്‍മാര്‍ക്ക് അവരുടെ പ്രവാചകത്വം ബോധ്യപ്പെടുത്താനാവശ്യമായ ചില ആമാനുഷിക ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെട്ടിരുന്നു. മൂസാനബിക്ക് നല്‍കപ്പെട്ട വടിയും ഇസാനബിക്ക് നല്‍കപ്പെട്ട ചിലപ്രത്യേക കഴിവുകളും ഈ ഇനത്തില്‍ പെടുന്നതാണ്. പ്രവാചകന്‍ മുഹമ്മദ് നബിക്ക് നല്‍കപ്പെട്ട അമാനുഷിക ദൃഷ്ടാന്തം പ്രധാനമായും വിശുദ്ധഖുര്‍ആനാണ്. ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് ഈ ദൈവികസന്ദേശമെത്തിക്കാനുള്ള ചുമതല അതിന്റെ വിശ്വാസികളില്‍ ചുമത്തപ്പെട്ടതിനാല്‍ അവര്‍ക്കുകൂടി ലഭ്യമാകുന്ന ഒരു അമാനുഷിക തെളിവ് മുഹമ്മദ് നബിക്ക് നല്‍കപ്പെട്ടത്. ആ ഖുര്‍ആനിന്റെ സംരക്ഷണം അത് അവതരിപ്പിച്ച അല്ലാഹുതന്നെ ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഖുര്‍ആനിന്റെ ദൈവികത ഉള്‍കൊള്ളുന്നതിലൂടെയാണ് ഒരാള്‍ യഥാര്‍ഥ വിശ്വാസിയാകുന്നത്. അത് മാത്രമാണ് നമ്മുടെ മുമ്പിലുള്ള ഏക തെളിവ്. അത് മനസ്സിലാക്കിയവര്‍ വിശ്വാസികളെക്കാള്‍ യുക്തിവാദികളാണ് എന്ന് തോന്നുന്നു. അതിനാല്‍ അവരുടെ ഒന്നാമത്തെ ഉന്നം വിശുദ്ധഖുര്‍ആന്‍ വെറുമൊരു ചവറാണ് എന്ന് വരുത്തിതീര്‍ക്കലാണ്. ഖുര്‍ആന്‍ വായിക്കുന്നതിന് മുമ്പ് ചിലമുന്നറിവുകള്‍ ഇല്ലാതിരുന്നാല്‍ വിശുദ്ധഖുര്‍ആനിന്റെ യഥാര്‍ഥസന്ദേശം ഗ്രഹിക്കാന്‍ വായനക്കാരന് കഴിയില്ല. ഈ വിഷയകമായി ലോകത്ത് എഴുതപ്പെട്ട ഏറ്റവും ഉപകാരപ്രദവും ഗഹനവുമായ പ്രബന്ധം തഫ്ഹീമുല്‍ ഖുര്‍ആനിന്റെ മുഖവുരയില്‍ ഉള്‍പ്പെടുന്ന ഖുര്‍ആന്‍പഠനത്തിന് ഒരു മുഖവുര എന്ന് പ്രസിദ്ധമായ ലേഖനമാണ്. ഈ ബ്ലോഗില്‍ ഏതാനും പോസ്റ്റുകള്‍ ആ പഠനത്തെ അടിസ്ഥാനമാക്കി എഴുതിയിട്ടുള്ളതാണ്. നെറ്റിലേക്ക് ആവശ്യമായ ചില മാറ്റങ്ങളോടെയായിരിക്കും ഇതില്‍ ചേര്‍ക്കുന്നത്. ആ പഠനത്തില്‍ എന്തെങ്കിലും കുറവുണ്ടായത് കൊണ്ടല്ല. ചിലവിശദീകരണം നെറ്റ് വായനക്കാര്‍ക്ക് ആവശ്യമില്ലാത്തതിനാല്‍ ലേഖനം സംക്ഷിപ്തമാക്കുന്നതിനു വേണ്ടിയാണ് അത് ചെയ്തിട്ടുള്ളത്. ലേഖനങ്ങള്‍ പൂര്‍ണമായി വായിക്കാനാഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

'പൊതുവേ നാം വായിച്ചു പരിചയിച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ ഒരു നിര്‍ണിതവിഷയത്തെക്കുറിച്ച അറിവുകളും അഭിപ്രായങ്ങളം വാദങ്ങളും തെളിവുകളുമെല്ലാം ഗ്രന്ഥരചനാപരമായ സവിശേഷക്രമത്തില്‍ തുടരെ വിവരിച്ചിരിക്കും. ഇക്കാരണത്താല്‍, ഖുര്‍ആനെക്കുറിച്ച് അപരിചിതനായ ഒരാള്‍ ആദ്യമായത് വായിക്കാനുദ്യമിക്കുമ്പോള്‍, ഒരു ഗ്രന്ഥമെന്ന നിലയില്‍ സാധാരണ ഗ്രന്ഥങ്ങളുടെ സമ്പ്രദായംതന്നെ അതിലും സ്വീകരിച്ചിരിക്കുമെന്നാണ് സ്വാഭാവികമായും പ്രതീക്ഷിക്കുക. അതായത്, ആദ്യമായി പ്രതിപാദ്യം എന്തെന്ന് നിര്‍ണയിച്ചിരിക്കും; തുടര്‍ന്ന്, മുഖ്യവിഷയം വിവിധ അധ്യായങ്ങളും ഉപശീര്‍ഷകങ്ങളുമായി വിഭജിച്ച് യഥാക്രമം ഓരോ പ്രശ്‌നവും ചര്‍ച്ചചെയ്തിരിക്കും; അതേപോലെ, ബഹുമുഖമായ ജീവിതത്തിന്റെ ഓരോ വകുപ്പും ഓരോ മേഖലയും വേറിട്ടെടുത്ത് തല്‍സംബന്ധമായ നിയമനിര്‍ദേശങ്ങളെല്ലാം ക്രമത്തില്‍ പ്രതിപാദിച്ചിരിക്കും-ഇതൊക്കെയാവും അയാളുടെ പ്രതീക്ഷ. പക്ഷേ, വായിച്ചുതുടങ്ങുമ്പോള്‍ ഇതിനെല്ലാം തീരെ വിപരീതമായി, തനിക്കിതുവരെ അന്യവും അപരിചിതവുമായ മറ്റൊരു പ്രതിപാദനരീതിയാണ് ഖുര്‍ആനില്‍ അയാള്‍ കണ്ടുമുട്ടുന്നത്. ഇവിടെ വിശ്വാസപരമായ പ്രശ്‌നങ്ങള്‍, ധാര്‍മിക-സദാചാര നിര്‍ദേശങ്ങള്‍, ശരീഅത്‌വിധികള്‍, ആദര്‍ശപ്രബോധനം, സദുപദേശങ്ങള്‍, ഗുണപാഠങ്ങള്‍, ആക്ഷേപ-വിമര്‍ശനങ്ങള്‍, താക്കീത്, ശുഭവൃത്താന്തം, സാന്ത്വനം, തെളിവുകള്‍, സാക്ഷ്യങ്ങള്‍, ചരിത്രകഥകള്‍, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലേക്ക് സൂചനകള്‍ എന്നിവയെല്ലാം ഇടവിട്ട്, മാറിമാറി വരുന്നു; ഒരേ വിഷയം ഭിന്നരീതികളില്‍, വ്യത്യസ്ത വാക്കുകളില്‍ ആവര്‍ത്തിക്കപ്പെടുന്നു; വിഷയങ്ങള്‍ ഒന്നിനു ശേഷം മറ്റൊന്നും തുടര്‍ന്ന് മൂന്നാമതൊന്നും പൊടുന്നനെയാണ് ആരംഭിക്കുന്നത്. എന്നല്ല, ഒരു വിഷയത്തിനു മധ്യത്തിലൂടെ, പെട്ടെന്ന്, മറ്റൊരു വിഷയം കടന്നുവരുന്നു; സംബോധകനും സംബോധിതരും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയും സംഭാഷണമുഖം ഭിന്ന ഭാഗങ്ങളിലേക്കു തിരിയുകയും ചെയ്യുന്നു; വിഷയാധിഷ്ഠിതമായുള്ള അധ്യായങ്ങളുടെയും ശീര്‍ഷകങ്ങളുടെയും ഒരടയാളം പോലും ഒരിടത്തും കാണ്‍മാനില്ല. ചരിത്രമാണ് വിവരിക്കുന്നതെങ്കില്‍ ചരിത്രാഖ്യാനരീതിയിലല്ല; തത്ത്വശാസ്ത്രമോ ദൈവശാസ്ത്രമോ ആണ് പ്രതിപാദ്യമെങ്കില്‍ പ്രകൃത ശാസ്ത്രങ്ങളുടെ ഭാഷയിലല്ല പ്രതിപാദനം. മനുഷ്യനെയും ഇതര സൃഷ്ടിജാലങ്ങളെയും കുറിച്ച പരാമര്‍ശം പദാര്‍ഥ-ശാസ്ത്രവിവരണരീതിയിലോ, നാഗരിക -രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക കാര്യങ്ങളുടെ പ്രതിപാദനം സാമൂഹിക വിജ്ഞാനീയങ്ങള്‍ പ്രതിപാദിക്കുന്ന വിധത്തിലോ അല്ല. നിയമവിധികളും നിയമങ്ങളുടെ മൗലികതത്ത്വങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത് നിയമപണ്ഡിതന്മാരുടെതില്‍നിന്ന് തീരെ ഭിന്നമായ ഭാഷയിലാണ്. ധര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍നിന്ന് വ്യതിരിക്തമായ വിധത്തിലത്രേ ധാര്‍മിക ശിക്ഷണങ്ങള്‍ പ്രകാശനം ചെയ്തിരിക്കുന്നത്. ഇങ്ങനെ, തനിക്ക് ചിരപരിചിതമായ 'ഗ്രന്ഥസങ്കല്പ'ത്തിനു വിപരീതമായി ഇതെല്ലാം കാണുമ്പോള്‍ അനുവാചകന്‍ അമ്പരന്നുപോകുന്നു. ക്രമാനുസൃതം ക്രോഡീകരിക്കപ്പെടാത്ത ശിഥില ശകലങ്ങളുടെ സമാഹാരമാണിതെന്നും, ചെറുതും വലുതുമായി ഒട്ടനേകം ഭിന്ന വിഷയങ്ങളടങ്ങിയ ഈ കൃതി ആദ്യാവസാനം അന്യോന്യബന്ധമില്ലാത്ത വാചകങ്ങള്‍ തുടരെ എഴുതപ്പെട്ടത് മാത്രമാണെന്നും അയാള്‍ ധരിച്ചുവശാകുന്നു. പ്രതികൂല വീക്ഷണകോണില്‍നിന്നു നോക്കുന്നവര്‍ ഇതേ അടിത്തറയില്‍ പല വിമര്‍ശനങ്ങളും സംശയങ്ങളും കെട്ടിപ്പൊക്കുന്നു. അനുകൂല വീക്ഷണഗതിക്കാരാകട്ടെ, അര്‍ഥവും ആശയപ്പൊരുത്തവും അവഗണിച്ചുകൊണ്ട് സംശയനിവൃത്തിക്ക് കുറുക്കുവഴികളാരായുന്നു. പ്രത്യക്ഷത്തില്‍ കാണുന്ന 'ക്രമരാഹിത്യ'ത്തിനു വളഞ്ഞ വ്യാഖ്യാനങ്ങള്‍ നല്കി സ്വയം സംതൃപ്തിയടയുന്നു, ചിലപ്പോളവര്‍. വേറെചിലപ്പോള്‍ കൃത്രിമമാര്‍ഗേണ വാക്യങ്ങള്‍ക്ക് പരസ്പരബന്ധം കണ്ടുപിടിച്ച് വിചിത്ര നിഗമനങ്ങളിലെത്തിച്ചേരുന്നു. ചിലപ്പോള്‍ 'ശാകലികത്വം' ഒരു സിദ്ധാന്തമായിത്തന്നെ അവര്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഫലമോ? ഓരോ സൂക്തവും അതിനുമുമ്പും പിമ്പുമുള്ള സൂക്തങ്ങളുമായി ബന്ധമറ്റ്, രചയിതാവിന്റെ ഉദ്ദേശ്യത്തിനു വിപരീതമായ അര്‍ഥ കല്പനകള്‍ക്കിരയായി ഭവിക്കുന്നു!'.

അതോടൊപ്പം സൂക്തങ്ങള്‍ തമ്മില്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ധരിക്കുന്നതും ശരിയല്ല. അതിസൂക്ഷമമായ അത്ഭുതകരമായ ചിലബന്ധങ്ങള്‍ വിഷയങ്ങളും സൂക്തങ്ങളും മാറിമാറി വരുമ്പോള്‍ അവയിലുള്ളതായി മനസ്സിലാക്കി അതിനനുസരിച്ച് മൗദൂദി സാഹിബ് സൂചിപ്പിച്ച വിധം അതിര് കവിയാതെ എഴുതപ്പെട്ട മലയാളം ഖുര്‍ആന്‍ വ്യാഖ്യാനമാണ് ടി.കെ ഉബൈദ് സാഹിബിന്റെ ഖുര്‍ആന്‍ ബോധനം എന്ന വ്യാഖ്യാനഗ്രന്ഥം.

ചുരുക്കത്തില്‍ പറഞ്ഞുവരുന്നത്, ഖുര്‍ആന്‍ വായിക്കുമ്പോള്‍ സാമ്പ്രദായിക ഗ്രന്ഥങ്ങളെ പോലെ കാണരുതെന്നും, ഖുര്‍ആന് തുല്യം ഖുര്‍ആന്‍ മാത്രമേ ഉള്ളൂ എന്നുമാണ്. ഇതിന് വല്ല പ്രയോജനവുമുണ്ടോ?. തീര്‍ച്ചയായും ഉണ്ട്. കാരണം ഇത് അവതരിപ്പിച്ചത് മനുഷ്യരുടെ സ്രഷ്ടാവായ അല്ലാഹുവാണ്.

4 comments:

  1. ഒരു ഗ്രന്ഥം ഒരാള്‍ക്ക് ഏത്ര തവണ പൂര്‍ണമായി വായിക്കാനാവും?. അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പുസ്തകം എത്രതവണ വായിച്ചിട്ടുണ്ട്?. സങ്കല്‍പിച്ചു നോക്കുക ഒരു ഗ്രന്ഥം ഒരുദിവസം എത്ര തവണവായിക്കാന്‍ കഴിയും?. ഖുര്‍ആനല്ലാത്ത മറ്റേത് ഗ്രന്ഥത്തിനും ഇതിനൊക്കെ നമുക്ക് വിരലിലെണ്ണാവുന്ന ഒരു സംഖ്യമാത്രമേ പറയാന്‍ കാണൂ. എന്നാല്‍ ഖുര്‍ആനിന്റെ ഒരു സാദാ അനുയായി പോലും ദിവസം 5 സമയങ്ങളിലായി 17 തവണ പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. ഒരാള്‍ തന്റെ ജീവിതത്തില്‍ എത്രയോ തവണ പൂര്‍ണമായി വായിച്ചുതീര്‍ക്കുന്നു. ലോകത്ത് ലക്ഷക്കണക്കിന് ആളുകള്‍ 600 ലധികം പേജ് വരുന്ന ബ്രഹത്ഗ്രന്ഥം പൂര്‍ണമായി മനഃപാഠമാക്കിയവരാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നതും ചര്‍ചചെയ്യപ്പെടുന്നതും മനഃപാഠമാക്കപ്പെടുന്നതും ഖുര്‍ആനാണ്. ഈ പ്രത്യേകതകള്‍ ഇതിന് ലഭിച്ചതില്‍ ഒരു പങ്ക് അതിന്റെ അതുല്യമായ ഘടനക്കുകൂടി അവകാശപ്പെട്ടതാണ്. സാധാരണ ഗ്രന്ഥങ്ങളെ പോലെ ഒരു വിഷയം നല്‍കുകയും അതിലെ മുഴുവന്‍ കാര്യങ്ങളും ആ അധ്യായത്തില്‍ തന്നെ പറയുകയും ചെയ്തിരുന്നെങ്കില്‍ അര്‍ഥമറിയുന്നവര്‍ക്ക് വീണ്ടും വീണ്ടും ആ അധ്യായത്തിന്റെ പാരായണം വിരസതയുണ്ടാക്കുമായിരുന്നു. പക്ഷേ ഖുര്‍ആന്‍ വായന ഒരിക്കലും ആവര്‍ത്തനം കൊണ്ട് മടുപ്പുണ്ടാക്കുന്നില്ല.
    ഖുര്‍ആന്‍ എന്ന പദത്തിന്റെ അര്‍ഥം തന്നെ വായിക്കപ്പെടുന്നത്, അധികമായ വായന എന്നൊക്കെയാണ്.

    ReplyDelete
  2. ea jabbar said..
    'ഖുര്‍ ആനില്‍ ചിതറിക്കിടക്കുന്ന വാക്യങ്ങള്‍ക്കു പരസ്പര ബന്ധമില്ല. തൊട്ടടുത്തു കിടക്കുന്ന വാചകങ്ങള്‍ പോലും തമ്മില്‍ ബന്ധമില്ല.ഒരു വിഷയത്തെക്കുറിച്ചും സമഗ്രമായ വിവരങ്ങള്‍ ഗ്രന്ഥത്തിലില്ല. തലക്കെട്ടുകള്‍ വിഷയവുമായോ അധ്യായങ്ങളുമായോ പുലബന്ധം പോലുമില്ലാത്തത്. എവിടെനിന്നൊക്കെയോ ശേഖരിച്ചെടുത്ത കുറേ വാചകങ്ങള്‍ യാതൊരു ക്രമവും മാനദണ്ഡവുമില്ലാതെ കൂട്ടിത്തുന്നി ഉണ്ടാക്കിയ ഒരു പുസ്തകമാണ് ഖുര്‍ ആന്‍! അതു വായിച്ചു വിമര്‍ശിക്കുന്നവര്‍ക്കു മാത്രം സമഗ്രത വേണം എന്നു പറയുന്നത് മൌഡ്യമാണ്. ഗ്രന്ഥം തയ്യാറാക്കുമ്പോഴാണു സമഗ്രതാബോധം വേണ്ടിയിരുന്നത്.'

    പ്രമുഖനായ യുക്തിവാദി നേതാവിന് ഖുര്‍ആന്‍ വായിച്ചപ്പോള്‍ തോന്നിയ കാര്യങ്ങളാണിത്. അദ്ദേഹം ഖുര്‍ആനിനെ വായിക്കുന്നത് അതിലെ തെറ്റുകള്‍ കണ്ടെത്താനാണ്. ശരികണ്ടെത്താന്‍ ധാരാളമാളുകളുണ്ടല്ലോ എന്നാണ് അദ്ദേഹം തന്നെ പറയുന്നത്. അദ്ദേഹത്തിന്‍െ അഭിപ്രായം മൊത്തത്തിലെടുത്താല്‍ എന്തുകൊണ്ട് ഖുര്‍ആന്‍ മറ്റുപുസ്തകങ്ങളെപ്പോലെ ആയില്ല എന്ന കാര്യമാണ് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത്. ഖുര്‍ആന്‍ ഒരു മാര്‍ഗദര്‍ശക ഗ്രന്ഥമാണ്. സത്യമാര്‍ഗം അന്വേഷിച്ച് ഖുര്‍ആനെ സമീപിക്കുന്ന ആരെയും ഖുര്‍ആന്‍ നിരാശപ്പെടുത്തുകയില്ല. ഖുര്‍ആനിന്റെ ഘടന ഒരു വിജയമോ, പരാജയമോ, വിജമായിരുന്നുവെന്നതിന് ചരിത്രം സാക്ഷി. പിന്നെ യുക്തിവാദികള്‍ക്കെന്ത്?.

    ReplyDelete
  3. ea jabbar said..
    'സര്‍വ്വജ്ഞാനിയും സര്‍വ്വ ശക്തനുമായ ഒരു ദൈവം തന്റെ സൃഷ്ടികള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കാന്‍ ഉദ്ദേശിച്ച് ഒരു വേദം അയച്ചു കൊടുത്തതാണെങ്കില്‍ അത് ഇങ്ങനെയല്ല അവതരിപ്പിക്കേണ്ടിയിരുന്നത്. വൈരുദ്ധ്യങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി, എല്ലാ കാലത്തേക്കും പ്രസക്തമായ പൊതു നിര്‍ദ്ദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി മൂസാ നബിക്കു കൊടുത്തപോലെ ഒറ്റഗ്രന്ഥമായി കൊടുത്തയച്ചിരുന്നുവെങ്കില്‍ ഇത്രയൊന്നും ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. അവതരണക്രമത്തിലോ വിഷയാടിസ്ഥാനത്തിലോ ക്രമപ്പെടുത്തി ക്രോഡീകരിക്കാന്‍പോലും കഴിയാതെയാണു ഖുര്‍ ആന്‍ ഗ്രന്ഥരൂപത്തിലാക്കിയത്.'

    യുക്തിവാദികള്‍ പറയുന്നത് കേട്ടാല്‍ തോന്നും ഖുര്‍ആന്‍ മറ്റുപുസ്തകങ്ങളെപ്പോലെ ഒറ്റയടിക്ക് അല്ലെങ്കില്‍ മൂസാനബിക്ക് ലഭിച്ച തൗറാത്തിനെപോലെ അവതരിപ്പിക്കുകയും. വിഷയങ്ങള്‍ വേറെവേറെ എടുത്ത് ഓരോ അധ്യായങ്ങളിലായി വിവരിക്കുകയും (തൗറാത്ത് ആ രൂപത്തിലാണോ എന്നത് വേറെ കാര്യം) ചെയ്തിരുന്നെങ്കില്‍ അവര്‍ വിശ്വസിക്കുമായിരുന്നു എന്ന്. എന്നിട്ട് അവര്‍ തൗറാത്തില്‍ വിശ്വസിച്ചുവോ. ഖുര്‍ആനിനെ അതിന്റെ പ്രത്യേകതകളോടെ സ്വീകരിക്കാതെ അതിങ്ങനെയാകണം അങ്ങിനെയാകണം എന്ന് സ്വന്തം യുക്തി ഉപയോഗിച്ച് കൂടുതല്‍ ചിന്തിക്കാതെ പറയുന്നവരെയാണ് യുക്തിവാദികള്‍ എന്ന് വിളിക്കുന്നത്.

    ReplyDelete
  4. ഖുര്‍ആന്‍ ഇന്നുകാണുന്നരൂപത്തില്‍ ക്രോഡീകരിച്ചത്‌ അത്‌ അവതരിപ്പിച്ച അല്ലാഹുതന്നെയാണ്‌. ഓരോ റമളാനിലും അതുവരെ അവതരിച്ചവ പ്രവാചകന്‍ ജിബ്‌ രീലിന്‌ ഓതിക്കേള്‍പ്പിക്കുകയായിരുന്നു പതിവ്‌. പ്രവാചകന്‍ മരിക്കുന്നതിന്‌ തൊട്ടുമുമ്പുള്ള റമളാനില്‍ രണ്ട്‌ തവണ ഇപ്രകാരം പാഠം നോക്കുകയുണ്ടായി. ഓരോ സൂക്തവും അവതരിക്കുമ്പോള്‍ ഇന്ന അദ്ധ്യായത്തില്‍ ഇന്ന സുക്തത്തിന്‌ ശേഷം ചേര്‍ക്കണമെന്ന്‌ പ്രവാചകന്‍ നിര്‍ദ്ദേശിക്കുകയും. എഴുതാന്‍ ഏല്‍പിക്കുന്നവര്‍ അപ്രകാരം എഴുതിവെക്കുകയും ചെയ്യുമായിരുന്നു. അതോടൊപ്പം അവരില്‍ ധാരാളമാളുകള്‍ അത്‌ മനഃപാഠമാക്കുകയും ചെയ്യുമായിരുന്നു. ഖുര്‍ആന്‍ ഇന്ന്‌ കാണുന്നവിധം ക്രോഡീകരിക്കപ്പെട്ടതില്‍ പ്രവാചകന്‌ പോലും പങ്കില്ല. അനുചരന്‍മാരെ സംബന്ധിച്ചിടത്തോളം. പലരായി എഴുതിവെച്ചത്‌ ഒത്തുനോക്കുകയും അതൊരൊറ്റ ഗ്രന്ഥത്തില്‍ ഉള്‍കൊള്ളിക്കുകയും ചെയ്യേണ്ട പണിയേ ഭാക്കിയുണ്ടായിരുന്നുള്ളൂ. മുമ്പ്‌ അവതരിച്ച ഏതെങ്കിലും സൂക്തം നിലവിലുള്ള ഖുര്‍ആനില്‍ ഇല്ലെങ്കില്‍ അത്‌ അല്ലാഹുവിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്‌ നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്‌. അതിനാല്‍ ഖുര്‍ആന്‍ പൂര്‍ണമായി സംരക്ഷിക്കപ്പെടുകയും ഇന്ന്‌ വരെ അതേ അവസ്ഥയില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ വാഗ്‌ദാനമനുസരിച്ച അന്ത്യദിനം വരെ അത്‌ സംരക്ഷിക്കപ്പെടുകയും ചെയ്യും. പിന്നെ വിവിധ രൂപത്തിലുള്ള വ്യാഖ്യാനത്തെ സംബന്ധിച്ചാണ്‌. അതൊക്കെ സംഭവിച്ചാലും ഖുര്‍ആന്‍ അവതരിച്ച ഭാഷ സജീവമായി നിലനില്‍ക്കുന്നതിനാല്‍ ഭാഷയറിയുന്ന ആര്‍ക്കും ഒത്തുനോക്കാന്‍ യാതൊരു പ്രയാസവുമില്ല. ഭാഷയറിയാത്തവര്‍ അവരുടെ യുക്തിയും ബുദ്ധിയും ഉപയോഗിച്ച്‌ ഒരു പരിഭാഷ തെരെഞ്ഞെടുക്കാവുന്നതാണ്‌.

    ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...